ആത്മിക : ഭാഗം 41

ആത്മിക : ഭാഗം 41

എഴുത്തുകാരി: ശിവ നന്ദ

ഡയറി എടുത്തപ്പോൾ തന്നെ അതിൽ നിന്നും രണ്ട് ഫോട്ടോസ് താഴെ വീണു.ആദ്യത്തേത് ആൽബിയും ടീനയും ജെറിയും കിച്ചനും ഒരുമിച്ചുള്ള ഫോട്ടോ ആയിരുന്നു.രണ്ടാമത്തേത് അവരോടൊപ്പം അമ്മുവും കൂടി ഉള്ളതായിരുന്നു..അത് ആൽബിയുടെ ബര്ത്ഡേയ്ക്ക് എടുത്തത് ആണെന്ന് അമ്മുവിന് മനസിലായി..ഫോട്ടോസ് രണ്ടും തിരികെ വെക്കാനായി ഡയറി തുറന്നതും ആൽബി വന്നത് പിടിച്ച് വാങ്ങിയതും ഒരുമിച്ചായിരുന്നു.. “എന്താടി???” “അത് ഞാൻ…പൊൻകുരിശ്..” വലംകൈ മുന്നിലേക്ക് നീട്ടി പിടിച്ച് അവൾ പറഞ്ഞതും ദേഷ്യത്തോടെ ആൽബിയാ പൊൻകുരിശ് വാങ്ങി. “കുരിശ് തരാൻ വന്നാൽ തന്നിട്ട് തിരിച്ച് പോകണം..അല്ലാതെ ആവശ്യമില്ലാത്തത് ഒന്നും എടുത്ത് നോക്കരുത്”

“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ..ഡയറി കണ്ടപ്പോൾ അറിയാതൊന്ന് എടുത്ത് പോയി” “മറ്റുള്ളവരുടെ ഡയറി അവരുടെ അനുവാദമില്ലാതെ എടുക്കുന്നത് നല്ല പ്രവർത്തി ആണോടി???” “ആ ഡയറിയിൽ എന്റെ ഫോട്ടോയും ഉണ്ടല്ലോ..അത് എന്റെ അനുവാദം ചോദിച്ചിട്ടാണോ വെച്ചത്???” അവളുടെ മറുചോദ്യം കേട്ട് ആൽബിക്ക് നന്നായി ദേഷ്യം വന്നെങ്കിലും അവനത് പണിപ്പെട്ട് അടക്കി.. “ഇച്ചൻ എന്നിൽനിന്നും എന്തോ മറയ്ക്കുന്നുണ്ട്..എന്താണെങ്കിലും എന്നോട് തുറന്ന് പറഞ്ഞൂടെ??” “ഞാൻ എന്ത് മറയ്ക്കുന്നെന്ന?? നീ ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചുകൂട്ടാതെ പോകാൻ നോക്ക്” “അങ്ങനെ പറഞ്ഞുവിടാൻ നോക്കണ്ട ഇച്ചാ…എനിക്ക് അറിഞ്ഞേ പറ്റു..

എന്തിനാ എന്റെ മുന്നിൽ ഈ നാടകം?? ഇനിയെങ്കിലും അത് അറിഞ്ഞില്ലെങ്കിൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതായി പോകും” “എനിക്ക് ഒന്നും മനസിലാകുന്നില്ല അമ്മു..നീ എന്തൊക്കെയാ പറയുന്നത്??” “ഇച്ചന്റെ പ്രണയം ടീനുചേച്ചി അല്ല” അവളുടെ ദൃഢവാക്കുകൾ കേൾക്കെ ആൽബി അവളെ രൂക്ഷമായി നോക്കി.അതിൽ അമ്മു ഒന്ന് പേടിച്ചെങ്കിലും പിന്മാറാൻ അവൾ തയാറല്ലായിരുന്നു. “ഞാനൊരു സാധാരണ പെണ്ണാണ് ഇച്ചാ..തന്റെ നേർക്ക് വീഴുന്ന ഓരോ നോട്ടത്തിന്റെയും അർത്ഥം മനസിലാക്കാൻ കഴിവുള്ള പെണ്ണ്..എന്നിട്ടും ഇച്ചൻ പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു..പക്ഷെ ഇനിയും എനിക്കെന്റെ മനസാക്ഷിയെ വഞ്ചിക്കാൻ കഴിയില്ല” “നീയെന്താ പറഞ്ഞ് വരുന്നത്??

ഞാൻ നിന്നോട് കള്ളം പറഞ്ഞതാണെന്നോ?? ടീനുവിന്റെയും എന്റെയും പ്രണയം ഞാൻ കെട്ടിച്ചമച്ച കഥ ആണെന്നോ?? എങ്കിൽ നീ പോയി ടീനുവിനോട് ചോദിക്ക്..അവൾ കൂടെപ്പിറപ്പായി കരുതുന്നവൾ തന്നെ അവളുടെ പ്രണയത്തിന് അവകാശം പറഞ്ഞെന്ന് അവളും അറിയട്ടെ” “വേണ്ട ഇച്ചാ…ഇച്ചൻ പറഞ്ഞ് പഠിപ്പിച്ചത് മാത്രമേ ടീനുചേച്ചിയും പറയു..അതുകൊണ്ട് നിങ്ങളുടെ പ്രണയകഥ ഞാൻ വിശ്വസിക്കണമെങ്കിൽ അതെനിക് നേരിട്ട് ബോധ്യപ്പെടണം..” “നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല അമ്മു…ഒരുകാര്യം നീ ഓർക്കണം..പിടിച്ചുവാങ്ങുന്നതല്ല പ്രണയം”

“പിടിച്ചുവാങ്ങാൻ ഞാൻ വന്നിട്ടില്ല…അതുപോലെ അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തി കളയാനും എനിക്ക് പറ്റില്ല..എനിക്ക് ഉറപ്പാണ്..ഈ ഹൃദയത്തിൽ ഞാൻ ഉണ്ട്…വാക്കുകൾ കൊണ്ട് എന്നെ അകറ്റുമ്പോഴും മനസ്സുകൊണ്ട് എന്നെ ചേർത്ത് പിടിക്കുന്നുണ്ട്..ഇല്ലെന്ന് പറയാൻ പറ്റുമോ ഇച്ചന്??” “അമ്മു…നീ ഒരുപാട് അതിരുകടക്കുന്നു…ഇനിയും എന്നെ ദേഷ്യംപിടിപ്പിക്കാതെ നീ പോ” “ഈ ദേഷ്യം പോലും ഒരു മൂടുപടം ആണ്..ഉള്ളിലുള്ളത് ആരും അറിയാതിരിക്കാനുള്ള തന്ത്രം..പക്ഷെ എന്തിന് വേണ്ടി?? ആർക്ക് വേണ്ടി?? അത് മാത്രം അറിഞ്ഞാൽ മതി എനിക്ക്..അത് അറിയാതെ ഞാൻ പോവില്ല” “നിനക്ക് ഭ്രാന്ത് ആണ്..

ഈ ഭ്രാന്ത് നിന്റെ ഭാവി ഇല്ലാതാക്കും..ഇപ്പോൾ തന്നെ ഒരു അർത്ഥവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമയം കളയുവാ നീ..അതുകൊണ്ട് ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക് അമ്മു..എല്ലാം മനസ്സിൽ നിന്ന് കളഞ്ഞിട്ട് സമാധാനമായിട്ടിരുന്ന് പഠിക്ക്..നിന്റെ ലക്ഷ്യത്തിലേക്ക് എത്താൻ നോക്ക്…അല്ലാതെ നിനക്ക് വിധിച്ചിട്ടില്ലാത്ത സ്നേഹത്തിന് വേണ്ടി നീ പഠിത്തം കളയാതെ” “എന്നെ കുറിച്ച് ഇത്രയും ശ്രദ്ധയുള്ള ആള് എന്തിനാ എന്നെ വേദനിപ്പിക്കുന്ന?? ഇച്ചൻ മനസ്സ് തുറക്കാതെ ഞാനിനി ബുക്ക്‌ തുറക്കില്ല…” അതും കൂടി കേട്ടതോടെ ആൽബിക്ക് സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു..

കൈയിൽ ഇരുന്ന ഡയറി നിലത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മുഷ്ടിചുരുട്ടി അവൻ ഭിത്തിയിൽ ആഞ്ഞിടിച്ചു..അമ്മു അവന്റെ കൈയിൽ പിടിച്ചതും അവൻ അവളെ പിന്നോക്കം തള്ളി.. “കരണകുറ്റിനോക്കി ഒരെണ്ണം തന്ന് നിന്നെ നേരെയാക്കാൻ അറിയാൻ വയ്യാഞ്ഞിട്ട് അല്ല…ഒരു പെണ്ണിനെ തല്ലി ആണത്തം കാണിക്കാൻ ആൽബിക്ക് താല്പര്യമില്ല..അതുകൊണ്ട് ഇനി മേലാൽ പ്രേമം ആണ് കോപ്പാണെന്നും പറഞ്ഞ് എന്റെ കൺവെട്ടത് വന്നേക്കരുത്..” “ഇച്ചാ….” “മിണ്ടരുത് നീ..എന്നുമുതലാടി നിന്റെ ജീവിതലക്ഷ്യം ഞാൻ ആയത്?? നടക്കാത്ത സ്വപ്നത്തിന് വേണ്ടിയാണോ നീ പഠിത്തം വേണ്ടെന്ന് വെക്കുന്നത്??

എന്നിട്ട് നീ എന്ത് നേടും?? എന്നെയോ??? ” ഒന്നിനും മറുപടിയില്ലാതെ തലകുമ്പിട്ട് നിൽക്കുന്നവളെ കാൺകെ ആൽബിക്ക് ദേഷ്യം ഇരച്ചുകയറി..അവളുടെ കൈയിൽ പിടിച്ച് അവൻ വാതിലിന് പുറത്തേക്ക് ഇറക്കി.. “മര്യാദക്ക് പോയി വല്ലതും പഠിച്ച് ഒരു നിലയ്ക്ക് എത്താൻ നോക്ക്..അതിന് ശേഷം നിനക്ക് മനസിലാകും ഈ പ്രേമം ഒന്നുമല്ല ജീവിതമെന്ന്” തനിക്ക് മുന്നിൽ കൊട്ടിയടക്കപെട്ട വാതിൽ നോക്കി അമ്മു നിന്നു..താൻ പറഞ്ഞതൊക്കെ കുറച്ച് കൂടിപ്പോയെന്ന് അമ്മുവിന് തോന്നാൻ തുടങ്ങി..ഒരുതരം നിർവികാരതയോടെ അമ്മു അവളുടെ മുറിയിലേക്ക് പോയി. ****

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മുവാണെന്ന് കരുതി ദേഷ്യത്തോടെ എഴുന്നേറ്റ ആൽബിയുടെ മുന്നിൽ ചിരിയോടെ നിൽക്കുന്ന ടീനയെ കണ്ട് അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി. “ഇതാ നീ ചോദിച്ച റിപ്പോർട്ട്‌” ഫയൽ ആൽബിയുടെ നേരെ നീട്ടിയപ്പോൾ താല്പര്യമില്ലാത്തത് പോലെ അവനത് വാങ്ങി. “എന്തേ ഇപ്പോൾ അത് തുറന്ന് നോക്കണ്ടേ?? രാവിലെ തന്നെ ഇത് കിട്ടിയേ പറ്റാത്തോളെന്ന് പറഞ്ഞ് ജെറിയെ പറഞ്ഞ് വിട്ടതാണെന്നാണല്ലോ അവൻ പറഞ്ഞത്” “ടീനു…എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്” “കുറേ നാളായിട്ട് നീയിത് പറയുന്നു..

പക്ഷെ ഇതുവരെ കാര്യം എന്താണെന്ന് മാത്രം പറഞ്ഞില്ല” “ഞാൻ പറഞ്ഞല്ലോ ഇവിടെ വെച്ച് എനിക്ക് പറയാൻ പറ്റില്ല..സ്വസ്ഥമായിട്ട് സംസാരിക്കണം..നമുക്ക് രണ്ട് ദിവസത്തേക്ക് എങ്ങോട്ടെങ്കിലും ഒന്ന് പോയാലോ” “അത്രക്ക് സീരിയസ് ആണോടാ??” “മ്മ്മ്..ഇനിയും നിന്നോട് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ നിന്നെയും എനിക്ക് നഷ്ടമാകും” “ആൽബി..നീയെന്താ ഈ പറയുന്ന…ലോകം അവസാനിച്ചാലും ദേ ഇതുപോലെ നിന്നെ ചേർത്ത് പിടിച്ചേക്കും ഞാൻ” അവന്റെ കൈകോർത്തുകൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു..അവളുടെ നെറുകയിൽ മുത്തികൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു. “എങ്ങോട്ട് പോകാനാ നിന്റെ പ്ലാൻ??”

“അത്…” ആൽബി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ അവന് ഒരു കാൾ വന്നു..സംസാരിച്ചതിന് ശേഷം അവന്റെ മുഖത്ത് നല്ല സന്തോഷമായിരുന്നു.. “എടി കിച്ചുവാ വിളിച്ചത്” “എന്തിന്??” “നമുക്ക് എല്ലാവർക്കും കൂടി ട്രിപ്പ്‌ പോയാലോന്ന്” “ആഹാ..അത് കൊള്ളാലോ..നമ്മൾ പോകാൻ പ്ലാൻ ചെയ്തപ്പോൾ തന്നെ ചെക്കൻ അത് മണത്തറിഞ്ഞോ” “ദേവു പ്രെഗ്നന്റ് അല്ലേ..ഈ സമയത്ത് അവളെ സന്തോഷിപ്പിക്കണമെന്നും അവളുടെ ആഗ്രഹങ്ങളൊക്കെ സാധിച്ച് കൊടുക്കണമെന്നും അവന്റെ അമ്മ പറഞ്ഞത്രേ..അവളോട് ചോദിച്ചപ്പോൾ അവൾക് ട്രിപ്പ്‌ പോകാൻ തോന്നുന്നെന്ന്..

ഈ സ്റ്റേജിൽ അവളുമായി ഒറ്റക്ക് പോകാൻ അവനൊരു പേടി..അതാ എല്ലാവർക്കും കൂടി പോകാമെന്നു പ്ലാൻ ചെയ്തത്” “അപ്പോൾ ഇന്ന് വൈകിട്ട് തന്നെ പോകാലോ..” “മ്മ്മ് പോകാം..നീ ചെന്ന് എല്ലാം പാക്ക് ചെയ്യ്..അവിടെ ചെന്നിട്ട് വേണം എന്റെ മനസ്സിലുള്ള ഭാരം മുഴുവൻ നിനക്ക് തരാൻ” “ഓഓഓ അതിനാണല്ലോ മോൻ ഇത്രയും ഉത്സാഹം കാണിക്കുന്നത്..ഞാൻ എന്തായാലും അമ്മുവിനോട് ചെന്ന് എല്ലാം റെഡി ആക്കാൻ പറയട്ടെ” പോകാൻ തിരിഞ്ഞവളെ ആൽബി കൈയിൽ പിടിച്ച് നിർത്തി. “എന്താടാ??” “നീ എന്തിനാ അമ്മുവിനോട് പറയുന്ന??” “പിന്നെ പറയണ്ടേ…നേരത്തെ പറഞ്ഞാൽ അല്ലേ അവൾക് എല്ലാം എടുത്തുവെക്കാൻ പറ്റു” “നമ്മൾ പോകുന്നതിന് അമ്മു എന്ത് എടുത്തുവെക്കാനാ??”

“നമ്മുടെ കൂടെ അവളും വരുന്നില്ലേ??” “ഇല്ല…” “അതെന്താ?? അമ്മുവിന് മൂന്ന് ദിവസം അവധി അല്ലേ” “അവധി കോളേജിന് അല്ലേ..അവൾക് ഇവിടിരുന്ന് പഠിക്കാലോ” “അപ്പോൾ ജെറിയോ??” “അവനും വരുന്നില്ല..അവനുംകൂടി വന്നാൽ ഓഫീസിലെ കാര്യം ആര് നോക്കും??” “എന്ത് ക്രൂരനാടാ നീ…അവർക്ക് കുറച്ച് റസ്റ്റ്‌ വേണ്ടേ..അല്ലെങ്കിൽ തന്നെ ദേവു ഉള്ള ട്രിപ്പിന് അമ്മു വരാതിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..നീ വരണ്ടെന്ന് പറഞ്ഞാലും ദേവു അവളെ കൊണ്ട് പോകും…പിന്നെ രണ്ട് ദിവസം ഓഫീസിൽ അത്ര വലിയ പണിയൊന്നുമില്ലാത്തത് കൊണ്ട് ജെറിയും വരും” “പക്ഷെ ടീനു…

ഞാൻ ഈ ട്രിപ്പിന് വരുന്നത് അടിച്ചുപൊളിക്കാൻ അല്ല” “അറിയാം…നിനക്ക് എന്നോട് സംസാരിക്കണം..അതിന് അവരൊന്നും ഒരു തടസ്സം ആകില്ലടാ…ഈ ട്രിപ്പിലൂടെ നീയും അമ്മുവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതും മാറട്ടെ” “അതങ്ങനെ മാറില്ല ടീനു..എല്ലാം കേട്ട് കഴിയുമ്പോൾ നിനക്ക് അത് മനസിലാകും” “അതെന്തെങ്കിലും ആകട്ടെ..ഞാൻ എന്തായാലും അമ്മുവിന്റെ അടുത്തേക്ക് പോകുവാ” “ഹ്മ്മ്..നീ ജെറിയോട് ഇങ്ങോട്ടൊന്ന് വരാൻ പറ” ടീന താഴെ വന്ന് കത്രീനാമ്മയോട് ട്രിപ്പിന്റെ കാര്യം പറഞ്ഞിട്ട് ജെറിയെ ആൽബിയുടെ അടുത്തേക്ക് പറഞ്ഞ് വിട്ടു..അതിന് ശേഷം അമ്മുവിന്റെ മുറിയിൽ ചെല്ലുമ്പോൾ അവൾ കിടക്കുവായിരുന്നു. “അമ്മൂസേ….ഇതെന്താ ഈ സമയത്തൊരു ഉറക്കം”

“ഏയ്..ഞാൻ വെറുതെ കിടന്നതാ ചേച്ചി” കട്ടിലിൽ ചമ്രംപിടഞ്ഞ് ഇരുന്നുകൊണ്ട് അവൾ ടീനുവിനെ കണ്ണിമചിമ്മാതെ നോക്കി..ആൽബിയുടെ ഓരോ വാക്കുകളും അവളുടെ മനസിലൂടെ കടന്നുപോയി. “എന്താടാ ഇങ്ങനെ നോക്കുന്ന??” “ഞാനൊരു കാര്യം ചോദിച്ചാൽ ചേച്ചി എന്നോട് സത്യം പറയുമോ??” “നിന്റെ എല്ലാ ചോദ്യത്തിനുള്ള ഉത്തരം ഞാൻ പറയാം..അതിന് മുൻപ് ഞാൻ പറയാൻ വന്നത് നീ കേൾക്ക്” അവൾ എന്തെന്ന് ചോദിച്ചതും ട്രിപ്പിന്റെ കാര്യം ടീന പറഞ്ഞു..ആദ്യം അമ്മു എതിർത്തെങ്കിലും ദേവുവും കിച്ചനും കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവസാനം അവൾ സമ്മതിച്ചു.. “ചേച്ചി…” “ഇപ്പോൾ ട്രിപ്പിനെ കുറിച്ച് മാത്രം നീ ചിന്തിക്ക്..അത് കഴിഞ്ഞ് വന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം.. പോരേ” അമ്മു നിർവികാരതയോടെ തലയാട്ടി..

ടീന എല്ലാം പാക്ക് ചെയ്യാനായി അവളുടെ വീട്ടിലേക്ക് പോയതും അമ്മു ബാഗ് എടുത്ത് രണ്ട് മൂന്ന് ഡ്രസ്സ്‌ എടുത്തു വെച്ചു..അതിന് പുറത്തായി അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും.. “ഡീ..” അലറിവിളിച്ചുകൊണ്ട് ജെറി മുറിയിലേക്ക് വന്ന് വാതിൽ അടച്ചതും എന്താ കാര്യമെന്ന് അറിയാതെ അമ്മു വായുംതുറന്ന് നിന്നുപോയി. “എന്താടാ???” “നിനക്ക് പഠിക്കാൻ വയ്യേടി?? ” “ആര് പറഞ്ഞു??” “ഇച്ചായൻ..എന്നെയിനി പറയാൻ ഒന്നും ബാക്കി ഇല്ല..ഓരോന്ന് പറഞ്ഞ് ഞാൻ ആണ് നിന്റെ മനസ്സ് മാറ്റുന്നതെന്ന്..നിനക്ക് എന്താ അമ്മു??” “എനിക്ക് എന്താണെന്ന് നിനക്ക് അറിയില്ലേ ജെറി..”

“നേരിട്ട് ചെന്നു ചോദിച്ചാൽ ഇച്ചായൻ പിടിതരില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്..എന്നിട്ട് എന്തൊക്കെയാ നീ ഇച്ചായനോട് പറഞ്ഞത്..ഇനി പഠിക്കില്ലെന്നോ…ഒരു വാശിക്ക് കളയാനുള്ളതാണോടി നിന്റെ പഠനം..പ്രണയം മൂത്ത് വട്ടായതാ നിനക്ക്” “ഹ്മ്മ് വട്ട്..ഭ്രാന്ത്‌…ആ ഭ്രാന്തിലേക്ക് പോകാതിരിക്കാൻ വേണ്ടിയാ ഞാൻ ഇച്ചനോട്‌ ചോദിച്ചത്…എനിക്ക് പറ്റുന്നില്ല ജെറി…മനസ്സ് നീറിപുകയുവാ…എല്ലാം മറന്ന് പഠിക്കാൻ തുടങ്ങിയതല്ലെടാ ഞാൻ..വീണ്ടും ഓരോ കാരണങ്ങൾ ഇച്ചനെ എന്നിലേക്ക് എത്തിക്കുവല്ലേ…അത് കണ്ടില്ലെന്ന് നടിച്ച് പഠിത്തത്തിലേക്ക് മാത്രം ശ്രദ്ധിക്കാൻ എനിക്ക് കഴിയുന്നില്ലടാ..നീയെങ്കിലും എന്നെയൊന്ന് മനസിലാക്ക്” അവന്റെ നെഞ്ചിലേക്ക് വീണ് അവൾ കരഞ്ഞപ്പോൾ വീണ്ടും കുറ്റപ്പെടുത്താൻ അവന് തോന്നിയില്ല..

“അമ്മൂസേ…കരയാതെടി…ഞാൻ കൂടെ ഉണ്ടെന്ന് പറഞ്ഞതല്ലേ…ഇച്ചായന്റെ മനസ്സിലെന്താണെന്ന് ഞാൻ കണ്ടുപിടിച്ച് തരില്ലേടി..അതിന് നീ നിന്റെ പഠിത്തം ഉഴപ്പുന്നത് എന്തിനാ?? പരീക്ഷ വരാറായി..അറിയുമോ അത്” അവളുടെ മുടിയിൽ തഴുകി അവൻ പറയുമ്പോൾ എല്ലാം മൂളികേട്ടുകൊണ്ട് അവൾ നിന്നു. “പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം..ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നത് എല്ലാം തെറ്റാണെങ്കിൽ അതിന്റെ പേരിൽ തളർന്ന് പോകാതെ നീ പഠിച്ച് മുന്നേറണം..അല്ലാതെ ഇവിടെ ഒതുങ്ങിക്കൂടാൻ പറ്റില്ല..നഷ്ടപ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമായിട്ട് ഞാനൊരുത്തൻ മതിയടി ഇവിടെ..

ആ വാക്ക് നീ എനിക്ക് തരണം” വാക്കുകൾ ഇടറിപോകുന്നവന്റെ കണ്ണിലേക്ക് അമ്മു നോക്കി..എതിർക്കാൻ അവൾക്ക് കഴിഞ്ഞില്ല..വാക്ക് കൊടുക്കുമ്പോൾ തിരികെ അവനും ഒരു വാക്ക് കൊടുത്തിരുന്നു. “ഇച്ചായനും ടീനൂച്ചിയും പ്രണയത്തിൽ ആണെങ്കിൽ എത്രയും പെട്ടെന്ന് അവരുടെ കല്യാണം നടക്കണം..അല്ലാതെ ഇനിയും കാത്തിരിപ്പിന്റെ വേദനയിൽ നീ ഉരുകുന്നത് എനിക്ക് കാണാൻ പറ്റില്ല.” 💞💞💞💞💞💞💞💞💞 കിച്ചന്റെ തറവാട്ടിലേക്ക് ആയിരുന്നു അവരുടെ യാത്ര.അവിടെ ആരും താമസമില്ലാത്തതിനാൽ ഇടയ്ക്കൊക്കെ ആൽബിയും ജെറിയും ടീനയും കിച്ചന്റെ കൂടെ അവിടെ പോകാറുണ്ടായിരുന്നു..

അവിടുത്തെ ശാന്തമായ അന്തരീക്ഷം ജെറി ഒരുപാട് ഇഷ്ടപ്പെടുന്നത് ആണ്..അത് അമ്മുവിനോട് പറഞ്ഞപ്പോൾ ഇപ്പോൾ താനും അതുപോലൊരു സ്ഥലമാണ് ആഗ്രഹിക്കുന്നതെന്ന് അവൾക്കും തോന്നി..കാറിൽ കയറിയപ്പോൾ മുതൽ ദേവുവിന്റെ നോട്ടം അമ്മുവിലായിരുന്നു..താൻ ദുഃഖിച്ചിരുന്നാൽ അത് ദേവുവിനെയും സങ്കടത്തിലാക്കുമെന്ന് അറിയാവുന്നത് കൊണ്ട് അമ്മു ജെറിയുടെ കൂടെ തല്ലുകൂടാനും ടീനയുമായി തമാശ പറയാനും ഒക്കെ തുടങ്ങി..അതൊക്കെ അവൾ മനഃപൂർവം ചെയ്യുന്നത് ആണെന്ന് മനസിലായെങ്കിലും കുറേ കഴിഞ്ഞപ്പോൾ ദേവുവും ആ കളിചിരികളിൽ പങ്കുചേർന്നു.

അപ്പോഴും മൗനത്തെ കൂട്ടുപിടിച്ച രണ്ട് പേരുണ്ടായിരുന്നു…ആൽബിയും കിച്ചനും… നഗരത്തിരക്കുകൾ എത്തിനോക്കാത്ത ആ കുഞ്ഞു പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിൽ കിച്ചൻ കാർ ഒതുക്കി.പുറത്തേക്ക് ഇറങ്ങിയതും തന്റെ മുടിയിഴകളെ തഴുകിപോയ കാറ്റിന്റെ തണുപ്പിൽ അമ്മു കണ്ണടച്ച് ശ്വാസം ഉള്ളിലേക്ക് എടുത്തു..വല്ലാത്തൊരു ഫ്രഷ്‌നെസ്സ് അവൾക്ക് തോന്നി..കണ്ണ് തുറന്നതും മുന്നിലുള്ള ചെറിയ ക്ഷേത്രം അവൾ കണ്ടു. “നമുക്ക് ആ അമ്പലത്തിലേക്ക് ഒന്ന് പോയാലോ” “ഹോ..വന്നിറങ്ങിയില്ല..അതിന് മുൻപേ അവളുടെ ഭക്തി ഉണർന്നു” ജെറി കളിയാക്കിയതും കിച്ചൻ അവൾക്ക് സപ്പോർട്ടിന് എത്തി.

അങ്ങനെ അവർ ആറു പേരും ആ ക്ഷേത്രത്തിൽ കയറി..കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ എല്ലാത്തിനുമുള്ള ഉത്തരം തനിക് കിട്ടണമെന്ന് മാത്രമേ അമ്മുവിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. വലം വെച്ചിട്ട് വരുമ്പോഴാണ് കിച്ചനും ദേവുവും ഒരു മുത്തശ്ശിയുടെ അടുത്ത് നിൽക്കുന്നത് അമ്മു കണ്ടത്..അവളും അവരുടെ അടുത്തേക്ക് ചെന്നു..അവൾക്ക് പിറകെ ജെറിയും..ടീനയും ആൽബിയും ആൽമരത്തിന്റെ തണലിൽ ഇരിക്കുവായിരുന്നു. “അമ്മു..ഇത് കാവ്മുത്തശ്ശി..എന്റെ കുട്ടിക്കാലം മുതൽക്കേ ഇവിടെ ഉള്ളതാ..” കിച്ചൻ അത് പറഞ്ഞതും ജെറിക്ക് സംശയമായി. “കാവ്മുത്തശ്ശിയോ??”

“അതേ കുഞ്ഞേ..ഇവിടുത്തെ കാവാണ് എന്റെ ലോകം..എപ്പോഴും കാവിൽ കാണുന്ന മുത്തശ്ശി എല്ലാവർക്കും കാവ്മുത്തശ്ശി ആയി” മുത്തശ്ശിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുനിൽകുന്ന അമ്മുവിനെ അവർ ചിരിയോടെ നോക്കി..അവളുടെ നെറുകയിൽ തലോടി കൈയിലിരുന്ന ഭസ്മം അവളുടെ നെറ്റിയിൽ ചാർത്തി…ബാക്കി അവൾക് പിറകെ നിന്ന ആളിനും തൊട്ടുകൊടുത്തു.. അതാരെന്ന് തിരിഞ്ഞുനോക്കിയ അമ്മു കാണുന്നത് ആൽബിയെ ആണ്..മുത്തശ്ശിയുടെ പ്രവർത്തിയിൽ ഞെട്ടിനിൽകുവാണ് അവൻ..കാരണം അവർ രണ്ടുപേർക്കും മാത്രമേ കാവ്മുത്തശ്ശി ഭസ്മം തൊട്ടുകൊടുത്തോളു…എല്ലാവരുടെയും മുഖഭാവം കണ്ട് ആ മുത്തശ്ശി ഉറക്കെ ചിരിച്ചു… “ലോകത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ ഉള്ളൂ..ആ ശക്തി ചേർത്തുവെച്ചതൊന്നും ആരാലും പിരിക്കാൻ കഴിയില്ല…”…. (തുടരും )

ആത്മിക:  ഭാഗം 40

Share this story