ഈറൻമേഘം: ഭാഗം 28

ഈറൻമേഘം: ഭാഗം 28

 എഴുത്തുകാരി: Angel Kollam

ജോയൽ സ്വപ്നയുടെ മുഖത്തേക്ക് നോക്കി.. എന്ത് മറുപടിയാണ് താനവളോട് പറയേണ്ടതെന്നറിയാതെ ജോയൽ കുഴങ്ങി.. ഇതുപോലൊരു പ്രശ്നവുമായി… അല്ല.. ഇതുപോലൊരു തീരുമാനവുമായി തന്റെ മുന്നിൽ ഇതിന് മുൻപ് ആരും വന്നിട്ടില്ല.. ഒരു ഇരുപത്കാരിയായ പെൺകുട്ടിയുടെ വായിൽ നിന്നാണ് താൻ അൽപ്പം മുൻപ് കേട്ട വാക്കുകൾ വന്നതെന്ന് പോലും വിശ്വസിക്കാൻ ജോയലിന് പ്രയാസം തോന്നി.. ഏറെനേരം ആലോചനയോടെ ഇരുന്നിട്ടും ജോയൽ അവളോട് പറഞ്ഞു.. “സ്വപ്നാ.. തന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും.. തന്നെ പീഡിപ്പിച്ചവന് ശിക്ഷ കിട്ടണമെന്ന തന്റെ ആഗ്രഹവും ന്യായമാണ്.. പക്ഷേ വിവാഹശേഷം എങ്ങനെ അവനെ ശിക്ഷിക്കാനാണ് താൻ ഉദ്ദേശിക്കുന്നത്?” “ഇനിയൊരു പെണ്ണിന് കൂടി അവന്റെ പീഡനം ഏൽക്കേണ്ടി വരരുത്..

അവനെ ഞാൻ കൊന്ന് കളയും.. പറ്റുമെങ്കിൽ വിവാഹരാത്രിയിൽ തന്നെ..” അവളുടെ സ്വരത്തിൽ അശോകിനോടുള്ള വെറുപ്പ് നിറഞ്ഞ് നിന്നിരുന്നു.. “സ്വപ്നാ.. ഒരാളെ കൊല്ലുന്നത് അത്ര എളുപ്പമുള്ള കാര്യമാണെന്നാണോ കരുതുന്നത്.. നീ അവനെ ഇല്ലാതാക്കിയാൽ നിന്നെ പോലീസ് അറെസ്റ്റ്‌ ചെയ്യും.. നിന്റെ അച്ഛന്റെ സ്വഭാവം അനുസരിച്ച് എനിക്കിങ്ങനെയൊരു മകളില്ലയെന്ന് പറഞ്ഞു അച്ഛൻ നിന്നെ കൈ ഒഴിയും.. നിനക്ക് വേണ്ടി കേസ് നടത്താനോ വക്കീലിനെ നിയമിക്കാനോ പോലും ആരും തയ്യാറായില്ലെന്ന് വരും.. അവനെ കൊന്ന കുറ്റത്തിന് നിനക്ക് ശിക്ഷ ലഭിക്കും.. അവന്റെ വീട്ടുകാർ സമ്പന്നരായത് കൊണ്ട് സമർത്ഥരായ വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിപ്പിക്കും.. ചിലപ്പോൾ നിനക്ക് ജീവപര്യന്തം ജയിൽശിക്ഷ വരെ ലഭിച്ചേക്കാം..”

“സാറെന്റെ മനസ്സ് മാറ്റാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്.. എനിക്കറിയാം ” “നിന്റെ പ്രായത്തിന്റെ പക്വതയില്ലായ്‌മയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിന്നെ പ്രേരിപ്പിച്ചത്.. അശോകിന് ശിക്ഷ കിട്ടണമെന്ന് നിന്നെപ്പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നുണ്ട്.. പക്ഷേ അതിന് വേണ്ടി അവനെ തന്നെ വിവാഹം ചെയ്തിട്ട്, ആദ്യരാത്രിയിൽ തന്നെ അവനെ ഇല്ലാതാക്കാമെന്നുള്ള നിന്റെ മണ്ടൻ തീരുമാനത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല.. കാരണം നിന്റെ ഭാവിയാണ് എനിക്കും സുഹാസിനും മുഖ്യം.. നീ ഒരു കൊലപാതകിയെന്ന ലേബലിൽ അറിയപ്പെടുന്നത് കാണാൻ നിന്നെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല ” “ഞാൻ പിന്നെ എന്ത് വേണമെന്നാണ് സാർ പറയുന്നത്? കേസിന് പോയാൽ എന്താ സംഭവിക്കുകയെന്ന് സാറിനോട് ഞാൻ പറഞ്ഞല്ലോ.. ഈ നാട്ടിൽ സാധാരണക്കാർക്ക് നീതി ലഭിക്കുമെന്ന വിശ്വാസമൊന്നും എനിക്കില്ല ”

“എന്ന് കരുതി നിയമം കൈയിലെടുക്കാനുള്ള അവകാശവും നമുക്കില്ല ” “എനിക്കറിയാമായിരുന്നു സാറിന്റെ മുന്നിലെത്തിയാൽ സാർ ഇതുപോലെ ഓരോന്നൊക്കെ പറഞ്ഞിട്ട് എന്റെ മനസ്സ് മാറ്റാൻ ശ്രമിക്കുമെന്ന്.. എങ്കിലും ഞാൻ വന്നത് സാറിന് എന്നെ മനസിലാക്കാൻ കഴിഞ്ഞാലോ എന്ന് കരുതിയിട്ടാണ്… പക്ഷേ സാറെന്നെ നിരാശപ്പെടുത്തി.. ദൈവം എല്ലാം കാണുന്നുണ്ട്.. അതുകൊണ്ട് ദൈവം അവന് ശിക്ഷ കൊടുക്കും.. അതാണോ സാറിന്റെ ചിന്ത…അവനെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും എന്നെ അവൻ പിച്ചിചീന്തിയില്ലേ സാർ? അപ്പോൾ ദൈവം അവന് ശിക്ഷ കൊടുക്കുന്നത് വരെ കാത്തിരിക്കുന്നതിലും നല്ലത് അവനുള്ള ശിക്ഷ ഞാൻ തന്നെ കൊടുക്കുന്നതല്ലേ?” “സ്വപ്നാ.. ദൈവം അവന് ശിക്ഷ കൊടുക്കുന്നത് വരെ കാത്തിരിക്കാനൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. ഇതൊക്കെയാണ് ഞാൻ ചിന്തിക്കുന്നതെന്ന് നീ ഊഹിച്ചു പറയുന്നതല്ലേ..

അവന് ശിക്ഷ കൊടുക്കാൻ ഏറ്റവും യോഗ്യതയുള്ളവൾ നീയാണ്.. പക്ഷേ അങ്ങനെയൊരു മൃഗത്തിനെ കൊന്നതിന്റെ പേരിൽ നിനക്കൊരിക്കലും ജയിലിൽ കിടക്കേണ്ടി വരരുത്.. നീ അവനെ വിവാഹം ചെയ്ത്.. അവന്റെ വീട്ടിൽ പോയി അവനെ ഇല്ലായ്മ ചെയ്താൽ തെളിവുകളെല്ലാം നിനക്കെതിരാകും.. പോലീസ് നിന്നെ അറെസ്റ്റ്‌ ചെയ്യും.. ഒരു തെളിവുമില്ലാതെ അവനെ ഇല്ലാതാക്കാൻ ഞാൻ നിന്നെ സഹായിക്കാം.. അത് അവനെപ്പോലുള്ള മൃഗങ്ങൾ ഇനിയും ഈ നാട്ടിൽ ജീവിച്ചിരിക്കരുതെന്നുള്ള ആഗ്രഹമുള്ളത് കൊണ്ടാണ്.. കാരണം എനിക്ക് ഒരു പെങ്ങളുണ്ട്.. ഞാൻ സംരക്ഷിക്കുമെന്ന് കരുതി കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.. നിന്നെപ്പോലൊരു വിധി നാളെ അവർക്കുണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്..” സ്വപ്നയുടെ മിഴികൾ തിളങ്ങി.. ജോയൽ ഒരു നിമിഷം നിശബ്ദനായിരുന്നിട്ട് തുടർന്ന് പറഞ്ഞു..

“നീ എന്തായാലും ആ വിവാഹ തീരുമാനത്തിൽ മാറ്റമുള്ളതായി തത്കാലം ആരെയും അറിയിക്കണ്ട.. പക്ഷേ വിവാഹത്തിന് കുറച്ച് സമയം കൂടി ആവശ്യപ്പെടണം.. അറ്റ്ലീസ്റ്റ് ഒരു മാസം സമയമെങ്കിലും.. ” “എന്താ സാറിന്റെ പ്ലാൻ?” “അവൻ എപ്പോളും തനിച്ചാണോ നടക്കുന്നത്? അതോ കൂട്ടുകാരും കൂടെ കാണുമോ?” “അശോകിന് കൂട്ടുകാരാണ് എല്ലാം.. രാത്രിയിൽ ഒരുപാട് വൈകുന്നത് വരെ കൂട്ടുകാരുടെ വീട്ടിൽ പോയി മദ്യപിച്ചിരിക്കുന്ന ശീലമുണ്ട്.. പക്ഷേ തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോകുന്നത് തനിയെയായിരിക്കും.. എപ്പോളും കൂട്ടുകാരെ കൂടെ കൊണ്ട് നടക്കുന്ന ശീലമൊന്നും അവനില്ല ” “അവനിതു പോലെ മദ്യപിക്കുന്ന കാര്യമൊക്കെ നിനക്ക് നേരത്തേ അറിയാമായിരുന്നോ?” “ഉം.. അറിയാമായിരുന്നു.. പക്ഷേ കല്യാണം കഴിഞ്ഞാൽ എല്ലാ ദുശീലങ്ങളും നിർത്തിക്കോളാമെന്ന് അവനെനിക്ക് വാക്ക് തന്നിരുന്നു.. ഞാൻ അത് വിശ്വസിക്കുകയും ചെയ്തു”

“അവനാളത്ര നല്ലവല്ലെന്ന് സുഹാസ് നിനക്ക് മുന്നറിയിപ്പ് തന്നതായിരുന്നില്ലേ?” “ഞാൻ ഒരു കർണാടക സ്വദേശിയെ പ്രണയിക്കുന്നതിൽ സുഹാസ് ചേട്ടന് എതിർപ്പുള്ളത് കൊണ്ടായിരിക്കും അങ്ങനെയൊക്കെ പറയുന്നതെന്നാണ് ഞാൻ കരുതിയത്.. കാരണം ആ സമയത്ത് എനിക്ക് ചേട്ടനേക്കാൾ വിശ്വാസം അശോകിനെയായിരുന്നു” “സ്വപ്നാ.. ഞാൻ തന്നെ കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത്.. താൻ മാത്രമല്ല മിക്കവാറും എല്ലാ ആളുകളും ഇങ്ങനെയൊക്കെ തന്നെയാണ്.. പ്രണയിക്കുമ്പോൾ തങ്ങളുടെ പങ്കാളിയെ കണ്ണടച്ച് വിശ്വസിക്കും.. നമുക്ക് നന്മ മാത്രം വരണമെന്ന് ആഗ്രഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ വാക്ക് പോലും കേൾക്കില്ല.. ”

“എനിക്കറിയാം സാർ.. ഞാൻ സുഹാസ് ചേട്ടന്റെ വാക്കുകൾ വിശ്വസിച്ചിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.. ഇപ്പോൾ ഞാൻ മാറി ചിന്തിച്ചിട്ട് കാര്യമില്ലല്ലോ.. സാർ ഇന്നലെ പറഞ്ഞത് പോലെ ആ ശനിയാഴ്ച എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് കരുതി ഞാൻ മറക്കാം.. അതിന് അവൻ ഇല്ലാതാകണം… അതിന് സാറെന്നെ സഹായിക്കാമെന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ടാണോ?” “ആത്മാർത്ഥമായിട്ടാണ്.. പക്ഷേ ഇക്കാര്യത്തിൽ എനിക്ക് തനിച്ചൊന്നും ചെയ്യാൻ കഴിയില്ല.. അറിഞ്ഞിടത്തോളം ഈ അശോകിന്റെ അച്ഛൻ ഒരു വമ്പൻ സ്രാവാണ്.. നമുക്ക് എവിടെയെങ്കിലും പാളിപ്പോയാൽ നമ്മുടെയെല്ലാവരുടെയും ഭാവി അവർ നശിപ്പിക്കും.. ഞാൻ സുഹാസിനോട് കൂടി ഇതിനെപറ്റി സംസാരിക്കട്ടെ.. തത്കാലം നമ്മൾ മൂന്നുപേരും അല്ലാതെ നാലാമതൊരാൾ ഇതൊന്നും അറിയണ്ട ”

“എന്താണ് സാറിന്റെ പ്ലാൻ?” “ഞാൻ സുഹാസിനോട്‌ കൂടി സംസാരിച്ചിട്ട് നിന്നെ വിവരം അറിയിക്കാം.. അതുവരെ നീ അൽപ്പം ക്ഷമയോടെ കൂടെയിരിക്ക്.. പിന്നെ ഞാൻ സുഹാസിനെ ഫോണിൽ വിളിച്ചോളാം.. നീ ഒരു കാരണവശാലും എന്നെ വിളിക്കാൻ പാടില്ല.. സുഹാസിനെയും ഫോൺ വിളിച്ചു ഇതിനെപ്പറ്റി ഒന്നും സംസാരിക്കരുത്.” “ശരി.. അപ്പോൾ ഞാൻ പോട്ടേ ” “അടുത്ത തിങ്കളാഴ്ചത്തേക്ക് ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിട്ടിട്ട് പൊയ്ക്കോ.. ഇന്നിപ്പോൾ കേസ് ഫയൽ എടുക്കാതെ അല്ലേ സംസാരിച്ചത്.. എന്നെങ്കിലും ഒരിക്കൽ നീയെന്നെ എന്തിന് കാണാൻ വന്നുവെന്നൊരു ചോദ്യം ഉണ്ടായാൽ കൗൺസിലിങ്ന് വന്നതാണെന്ന് പറയാമല്ലോ ” “എങ്കിൽ പിന്നെ ഇന്നിപ്പോൾ പോയി കേസ് ഫയൽ എടുത്തേക്കാം.. ഇന്നത്തെ വിസിറ്റും സാറിന് എഴുതാമല്ലോ.. ചിലപ്പോൾ ഒരാഴ്ച തികയുന്നതിനു മുൻപ് എനിക്കവനെ കൊല്ലേണ്ടി വന്നാലോ?” സ്വപ്നയുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു..

അവൾ റിസപ്ഷനിൽ പോയി തന്റെ പേരിൽ ഫയൽ ഓപ്പൺ ചെയ്തു.. റിസപ്ഷനിലുള്ള ഒരു പെൺകുട്ടി സ്വപ്നയെ ജോയലിന്റെ കാബിനിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഫയൽ അവന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “സാർ… ഇതാ ഈ കുട്ടിയുടെ കേസ് ഫയൽ ” “താങ്ക്യൂ ” ജോയൽ ആ കേസ് ഫയൽ വാങ്ങിയിട്ട് സ്വപ്നയോട് പറഞ്ഞു.. “ഞങ്ങളുടെ ഹോസ്പിറ്റലിലെ റൂൾ അനുസരിച്ചു കേസ് ഫയൽ രോഗികളുടെ കയ്യിൽ കൊടുത്ത് വിടില്ല” ” ഇട്സ് ഓക്കേ സാർ ” ജോയൽ ആ കേസ് ഷീറ്റ് തുറന്നിട്ടു അതിന്റെ ഒന്നാമത്തെ പേജിൽ എഴുതി.. ‘പോസ്റ്റ്‌ ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ ‘.. കുറച്ചു കാര്യങ്ങൾ കൂടി ആ ഫയലിൽ എഴുതിയിട്ട് അവൻ ആ കേസ് ഫയൽ അടച്ചു വച്ചു.. സ്വപ്നയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

“സ്വപ്നാ.. തനിക്കു ഉറങ്ങാനൊക്കെ പറ്റുന്നുണ്ടോ?” “കഴിഞ്ഞ രണ്ടുദിവസം ഞാൻ ഉറങ്ങിയില്ല.. പക്ഷേ ഇന്ന് ഞാൻ സമാധാനത്തോടെ ഉറങ്ങും.. അവനെ ഇല്ലാതാക്കാൻ സഹായിക്കാമെന്ന് സാർ എനിക്ക് വാക്ക് തന്നതല്ലേ?” “താൻ സമാധാനമായിട്ട് വീട്ടിൽ പോയി ഉറങ്ങിക്കോ.. എന്തെങ്കിലും പ്രശ്‍നം ഉണ്ടെങ്കിൽ സുഹാസിനെയും കൂട്ടി വന്നാൽ മതി.. നമുക്ക് വേറൊരു ഡോക്ടറിനെ കൺസൾട്ട് ചെയ്യാം ” “ശരി.. ” ജോയൽ ഫോണെടുത്ത് സുഹാസിനെ വിളിച്ചു.. അവർ ക്യാന്റീനിൽ നിന്ന് തിരിച്ചെത്തി.. സുഹാസിന്റെ മുഖത്ത് ആശങ്കയായിരുന്നു.. ജോയൽ അവന്റെ നേർക്ക് പേടിക്കാനൊന്നുമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു.. സ്വപ്നയെ കാറിൽ കൊണ്ടിരുത്തിയിട്ട് സുഹാസ് ജോയലിന്റെ ക്യാബിനിലേക്ക് ധൃതിയിൽ വന്നു.. “എന്താ അച്ചായാ.. അവൾ പറഞ്ഞത്?”

“നീ ടെൻഷൻ ആകാതെയിരിക്ക്.. അവളിപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.. അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു മുറിവുണ്ടായതിന്റെ ആഘാതത്തിലാണ് അവൾ.. ഈ അവസ്ഥയിൽ നമ്മളെന്ത് പറഞ്ഞാലും അവൾക്ക് മനസിലാകില്ല.. നീ ഒരു ഡോക്ടർ ആയത് കൊണ്ട് കൂടുതൽ വിശദമാക്കി ഞാൻ പറയണ്ടല്ലോ ” ജോയൽ സ്വപ്നയുടെ കേസ് ഫയൽ സുഹാസിന്റെ നേർക്ക് നീട്ടി.. പിന്നീട് താനും സ്വപ്നയും തമ്മിലുണ്ടായ സംഭാഷണം അവനോട് പറഞ്ഞു… സുഹാസ് ഞെട്ടലോടെ ചോദിച്ചു.. “അച്ചായനെന്താ ഈ പറയുന്നത്.. അവനെ കൊല്ലാൻ അവളെ സഹായിക്കാമെന്ന് അച്ചായനെന്തിനാ അവൾക്ക് വാക്ക് കൊടുത്തത്?” “സുഹാസ്.. അവൾ രണ്ടു ദിവസമായി നേരെ ചൊവ്വേ ഭക്ഷണം കഴിച്ചിട്ട്, നന്നായിട്ട് ഉറങ്ങിയിട്ട്.. ഈ സ്ഥിതി തുടർന്നാൽ അവളെ ഒരു മുഴുഭ്രാന്തിയായിട്ട് നിനക്ക് കാണേണ്ടി വരും..

തത്കാലം അവളുടെ മനസൊന്നു ശാന്തമാകട്ടെ.. അടുത്ത തിങ്കളാഴ്ച റിവ്യൂവിന് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്.. അപ്പോൾ അവളുടെ മനസികാവസ്ഥയ്ക്ക് കുറച്ചു കൂടെ മാറ്റം സംഭവിച്ചിട്ടുണ്ടാകും… അപ്പോൾ ഞാൻ അവളോട് സംസാരിക്കാം.. ഇപ്പോൾ അവളെ സമാധാനിപ്പിക്കാൻ അവളോടൊപ്പം നിൽക്കുകയല്ലാതെ വേറൊരു നിവൃത്തിയും എനിക്കില്ലായിരുന്നു ” “എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്.. മറ്റുള്ളവരെ ഉപദേശിക്കാൻ വളരെ എളുപ്പമാണ്.. പക്ഷേ സ്വന്തം വീട്ടിൽ ഇതുപോലെയൊക്കെ സംഭവിക്കുമ്പോൾ ഡീൽ ചെയ്യാൻ അത്ര എളുപ്പമല്ല അച്ചായാ ” “നീ വിഷമിക്കാതെ സ്വപ്നയെ നമുക്ക് പഴയത് പോലെയാക്കാം.. എനിക്ക് കുറച്ച് സമയം കൂടി താ ” “അവളെ തല്കാലത്തേക്ക് ഞാനെന്റെ വീട്ടിലേക്ക് കൊണ്ട് പോകുവാ..

എന്റെ അമ്മയും പെങ്ങളുമൊക്കെ അവിടെയുണ്ടല്ലോ.. ഈ അവസ്ഥയിൽ അവൾക്ക് കുറച്ചു മനസമാധാനമാണ് വേണ്ടത്.. അവളുടെ സ്വന്തം വീട്ടിൽ അത് ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ” “അതെന്തായാലും നല്ല തീരുമാനമാണ്…അവളുടെ മനസിനേറ്റ മുറിവുണക്കാൻ അവൾക്ക് വേണ്ടത് സ്നേഹവും സംരക്ഷണവുമാണ്.. ” “ശരി അച്ചായാ.. പിന്നെ കാണാം.. ആമിയെ എന്റെ അന്വേഷണം അറിയിക്കണേ.. ഞാൻ ഇങ്ങനെ വല്ലാത്തൊരവസ്ഥയിൽ ആയിപോയത് കൊണ്ടാണ് അവളെ വിളിക്കാൻ പറ്റാഞ്ഞത്.. അതവളോടൊന്ന് പറഞ്ഞേക്കണേ ” “പറയാം ” സുഹാസ് പുറത്തേക്ക് പോയി.. അവൻ കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സ്വപ്ന നിർവികാരിതയോടെ ചോദിച്ചു.. “അശോകിനെ ഇല്ലാതാക്കാൻ എന്നെ സഹായിക്കാമെന്ന് ജോയൽ സാർ വെറുതെ പറഞ്ഞതാണ്.. അല്ലേ?”

“സുഹാസ് ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.. “നീ… നീയെന്താ അങ്ങനെ ചോദിച്ചത്?” “ഒരാളെ കൊല്ലാനുള്ള ചങ്കുറപ്പൊന്നും ജോയൽ സാറിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. ഇതെന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വെറുംവാക്ക് പറഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത് ” “നീയിപ്പോൾ ആവശ്യമില്ലാത്തതൊന്നും ആലോചിക്കേണ്ട.. തത്കാലം നമുക്ക് വീട്ടിൽ പോകാം.. ഇക്കാര്യത്തിൽ എന്താ ചെയ്യേണ്ടതെന്ന് ഞങ്ങൾ ആലോചിട്ട് പറയാം ” “എനിക്കറിയാം.. നിങ്ങളാരും എന്നെ സഹായിക്കില്ലെന്ന്.. ആരും സഹായിച്ചില്ലെങ്കിലും ഞാൻ അവനെ ഇല്ലാതാക്കും.. അവനെ കൊന്ന കുറ്റത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നാലും എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല ” സ്വപ്നയുടെ ശബ്ദം ഉറച്ചതായിരുന്നു.. സുഹാസിന് മറുപടി പറയാൻ കഴിഞ്ഞില്ല..

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ജോയൽ എത്തിയപ്പോൾ അമേയ ഉത്സാഹത്തോടെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു.. “ഞാൻ ഒരു സ്പെഷ്യൽ ഡിഷ്‌ ഉണ്ടാക്കിയിട്ടുണ്ട് ” “തന്നോട് ഞാനെന്താ പറഞ്ഞത്.. ഇവിടിരുന്നു പഠിക്കാനല്ലേ?” “പഠിച്ചു ബോറടിച്ചപ്പോൾ…” “ആഹാ.. പഠിക്കുമ്പോൾ ബോറടിക്കുമോ? അത് ഇഷ്ടമില്ലാതെ ചെയുന്നത് കൊണ്ടാണ്.. നമ്മൾ സിനിമ കാണുമ്പോൾ നമുക്ക് ബോറടിക്കുമോ? ഇല്ലല്ലോ.. അങ്ങനെ ഏത് കാര്യവും ഇഷ്ടത്തോടെ ചെയ്യുമ്പോൾ നമുക്ക് ബോറടിക്കില്ല.. ” “എനിക്ക് പഠിക്കുമ്പോൾ ബോറടിക്കും ” “ഞാൻ പഠിപ്പിക്കാം.. വൈകുന്നേരം നമ്മൾ വെറുതെ സംസാരിച്ചിരിക്കുന്ന ടൈം ഈ രണ്ട് ദിവസത്തേക്ക് പഠിക്കാൻ വേണ്ടി മാറ്റി വയ്ക്കാം.. താൻ ഈ ഇന്റർവ്യൂ പാസ്സാകേണ്ടത് എന്റെയും കൂടി ആവശ്യമാണ് ” ജോയൽ റെഡിയായി വന്നപ്പോളേക്കും അമേയ ടേബിളിന് മുന്നിൽ ഭക്ഷണം എടുത്ത് വച്ചിരുന്നു..

അവൾ താനുണ്ടാക്കിയ കറി അവന്റെ നേർക്ക് നീട്ടിയിട്ട് ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.. ജോയൽ രുചിച്ചു നോക്കിയിട്ട് പറഞ്ഞു.. “നന്നായിട്ടുണ്ടെടോ ” “ശരിക്കും?” “ശരിക്കും നന്നായിട്ടുണ്ട് ” അമേയയുടെ മിഴികൾ തിളങ്ങി.. അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഭക്ഷണം കഴിച്ചതിന് ശേഷം ജോയൽ ടീവി ഓണാക്കിയിട്ട് ഹാളിലെ സെറ്റിയിരുന്നു.. അമേയയും അവന്റെ തൊട്ടടുത്ത് വന്നിരുന്നു.. ജോയൽ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ തന്നോട് ചേർത്തിരുത്തി.. അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. “തന്നോട് ഞാനൊരു കാര്യത്തിൽ അഭിപ്രായം ചോദിക്കട്ടെ?” “ചോദിക്ക്.. ” ജോയൽ ടീവി ഓഫാക്കിയിട്ട് അമേയയുടെ മുഖത്ത് നോക്കിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി.. സ്വപ്നയുമായുള്ള തന്റെ സംഭാഷണമായിരുന്നു അവൻ പറഞ്ഞത്..

ജോയൽ പറഞ്ഞു നിർത്തിയതും അമേയ മറുപടി നൽകി.. “ഞാൻ സ്വപ്നയ്ക്കൊപ്പമാണ്.. അവളുടെ തീരുമാനമാണ് ശരി.. നിനക്ക് നീതി കിട്ടിയില്ലെങ്കിൽ നീ തീയാകുക എന്ന് കേട്ടിട്ടില്ലേ.. അതാണ് വേണ്ടത്.. അല്ലാതെ നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയുടെ പഴുതിൽ കൂടി രക്ഷപെടുന്ന കുറ്റവാളികളെ ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് നെടുവീർപ്പിടുകയല്ല വേണ്ടത് ” അമേയയുടെ മറുപടി കേട്ടതും ജോയലിന്റെ മുഖത്ത് ഗൂഡമായ ഒരു ചിരി വിടർന്നു…… തുടരും…….

ഈറൻമേഘം: ഭാഗം 27

Share this story