പെയ്‌തൊഴിയാതെ: ഭാഗം 19

പെയ്‌തൊഴിയാതെ: ഭാഗം 19

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പക്ഷെ ഇപ്പോൾ തോന്നുന്നു സർ പറഞ്ഞത് സത്യമാണെന്നു.. ചിലപ്പോൾ അതുകൊണ്ട് എനിക്കൽപ്പം ആശ്വാസം കിട്ടിയാലോ.. അവൾ പറഞ്ഞു.. അവനവളെ നോക്കി.. അവൾ ഒന്നു പുഞ്ചിരിച്ചു.. തീർത്തും നിഷ്പ്രഭമായ പുഞ്ചിരി.. അവൾ സഞ്ചരിക്കുകയായിരുന്നു..പതിയെ അവളുടെ ഭൂതകാലത്തിലേയ്ക്ക്… ഗിരിയോടൊപ്പം.. *********

വേദാ.. വേദാ… എണീറ്റു വാ പെണ്ണേ.. വീണയുടെ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റി ചേർന്ന് കിടക്കുന്നവളെ അവർ തെല്ല് പരിഭവത്തോടെ നോക്കി.. കിടന്നോ. രണ്ടും.. ഞാനൊറ്റയ്ക്ക് കിടന്നു പെടാ പാട് പെട്ടോളാം.. ഇന്ന് പാട്ടിയുടെ ശതാഭിഷേകം ആണെന്നുള്ള ബോധമില്ലേ.. ഭാനുമതി അമ്മയുടെ പരിഭവം കേട്ടതും വേദ കണ്ണു തുറന്നു.. അമ്മ പരിഭവിക്കേണ്ട.. അതും പറഞ്ഞവൾ എഴുന്നേറ്റു.. വീണാ.. ഡി.. വേദ വീണയെ തട്ടിയുണർത്തി.. ഇച്ചിരി കൂടെ വേദാ.. അവൾ ചിണുങ്ങി.. എണീക്കടി.. അടുത്ത കൊല്ലം വേളി കഴിച്ചു മറ്റൊരു വീട്ടിലോട്ട് ചെന്ന് കേറേണ്ട പെണ്ണാ.. അവളുടെ ഒരഞ്ചു മിനിറ്റ്.. ഭാനുമതിയമ്മയുടെ വാക്കുകൾ കേട്ടവൾ പിടഞ്ഞെഴുന്നേറ്റു.. വേദ വീണയെ നോക്കി കളിയാക്കി ചിരിച്ചു..

താളം ചവിട്ടാതെ എണീറ്റ് താഴേയ്ക്ക് വാ.. അടുക്കളയിലെ കാര്യങ്ങൾ എല്ലാം കണക്കായി കിടക്കുവാ.. ഇന്ന് എല്ലാവരും വരും.. ഒന്നാമത് ഇന്നലെയാ ഇങ്ങോട്ട് വന്നത്.. തൂത്തും തുടച്ചും നടുവ് വയ്യ. ഇന്നിനി പൂജയുടെ കാര്യം ഒന്നുമായില്ല.. ഭാനുമതിയമ്മ പറഞ്ഞു.. ഭാനൂ.. ആ താലം ഒരുക്കിയോ.. അഷ്ടമൂർത്തിയുടെ വിളികേട്ടതും ഭാനു താഴേയ്ക്ക് ഓടി.. വേദ ക്ലോക്കിലേയ്ക്ക് നോക്കി.. 4 ആകുന്നതെയുള്ളൂ.. ഡി.. വീണ്ടും കട്ടിലിലേക്ക് ചാഞ്ഞ വീണയെ വേദ തട്ടി വിളിച്ചു.. മ്മ്.. എണീറ്റു വാ.. അതും പറഞ്ഞവൾ എഴുന്നേറ്റ് ബാത്റൂമിലേയ്ക്ക് നടന്നു.. കുളി കഴിഞ്ഞു ഈറൻ മുടി കോതി കുളി പിന്നൽ പിന്നിയിട്ടവൾ മെല്ലെ താഴേയ്ക്കിറങ്ങി.. പാട്ടിയുടെ 80ആം പിറന്നാൾ ആയതിനാൽ തന്നെ ബന്ധുക്കൾ എല്ലാം എത്തുമായിരുന്നു..

അമ്മയെ അടുക്കളയിൽ ചെറിയ രീതിയിൽ ഒന്നു സഹായിച്ചവൾ അപ്പയ്ക്ക് മുൻപിലേക്ക് ചെന്നു.. എന്തേലും സഹായിക്കണോ അപ്പാ.. അവൾ ചോദിച്ചു.. പൂജാ കാര്യങ്ങൾ ഒരുക്കി വെയ്ക്കണം.. പഴങ്ങൾ എല്ലാം താലത്തിൽ അടുക്കണം.. സ്വാമി വരും മുൻപേ വേണം.. അയാൾ പറഞ്ഞു.. അവൾ അപ്പയുടെ നിർദേശപ്രകാരം എല്ലാം ഒരുക്കി വെച്ചു.. പുലർച്ചെ തന്നെ ആളുകൾ ഒന്നൊന്നായി എത്തി തുടങ്ങിയിരുന്നു.. ഉച്ചയോടെ പാട്ടിയെ പീഠത്തിൽ ഇരുത്തി അഷ്ട കലശം ചെയ്തു… ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട നിർവൃതിയോടെ ആ വൃദ്ധ ഭഗവാനെ പ്രാർത്ഥിച്ചു.. ഓരോരുത്തരായി സമ്മാനങ്ങൾ ഒന്നൊന്നായി നൽകി.. പൂജകളും മറ്റും പൂർത്തിയായ ശേഷം എല്ലാവർക്കും വിഭവ സമൃദ്ധമായ ഊണ് തയാറായിരുന്നു.. പുരുഷ ജനങ്ങൾ ഓരോരുത്തരായി ഊണ് കഴിഞ്ഞു മാറിയിരുന്നു മുറുക്കി തുടങ്ങിയിരുന്നു..

സ്ത്രീജനങ്ങൾ ഓരോരുത്തരായി ആഹാരം കഴിപ്പും കുടുംബ വിശേഷം പങ്ക് വെയ്ക്കലുമായി നിന്നു.. ആ.. ദേവീ.. നീയങ്ങു ക്ഷീണിച്ചല്ലോ.. വിജയൻ ഇപ്പൊ എവിടെയാ.. വിജയേട്ടൻ ഇപ്പൊ തൂത്തുക്കുടിയിലാ.. അവിടെ ഒരു ക്ഷേത്രത്തിൽ ശാന്തി ആണ്.. ദേവി മറുപടി നൽകി.. ഗോവിന്ദ്.. അവനിപ്പോ എന്ത് ചെയ്യുന്നു.. മാലതിയുടെ ആ ചോദ്യം കേട്ടതും വേദ വീണയെ നോക്കി.. അവൾ പൂമാല കൊരുക്കുകയാണെങ്കിലും കാത് വട്ടം പിടിച്ചിരിക്കുകയാണ്.. അവളുടെ മുഖത്തൊരു കുസൃതി ചിരി മിന്നി.. അവനിപ്പോൾ റെയിൽവേയിൽ ജോലി ആയല്ലോ.. ഇപ്പൊ ചെന്നൈയ്യിലാ.. അടുത്ത മാസം ലീവെടുത്തു വരണുണ്ട്.. പിള്ളേരുടെ നിശ്ചയം നടത്തേണ്ടേ.. ദേവിയുടെ വാക്കുകൾ വീണയിൽ വല്ലാത്ത ഒരു പുഞ്ചിരി വിരിയിച്ചു.. മ്മ്..മ്മ്.. എല്ലാം മനസ്സിലാകുന്നുണ്ട്.. വേദ കുറുമ്പോടെ വീണയുടെ കാതിൽ പറഞ്ഞു..

ഒന്നു പോ പെണ്ണേ.. അതും പറഞ്ഞവൾ അകത്തേയ്ക്ക് ഓടി.. അല്ല ഭാനൂ.. ഇളയവളുടെ കാര്യം എന്തായി.. മാലതി ചോദിച്ചു.. അവൾ പഠിക്കുകയല്ലേ ഏട്ടത്തി.. പഠിക്കട്ടെ.. അതേ.. വീണയുടെ കാര്യം ഏതായാലും ഒരു കൊല്ലം കൂടെ കഴിഞ്ഞിട്ടേയുള്ളല്ലോ..അത് കഴിയട്ടെ.. ദേവി പറഞ്ഞു.. എന്തിനാ അത്.. പറ്റിയ ഒരാളെ കണ്ടെത്തിയാൽ രണ്ടും കൂടെ ഒന്നിച്ചു നടക്കത്തില്ലേ.. ഇതിപ്പോ ഡിഗ്രി ഒക്കെ കഴിഞ്ഞില്ലേ.. ഇനിയും എന്തോ പഠിപ്പാ.. മാലതി പറഞ്ഞതും വേദയുടെ മുഖം വീർത്തു.. അതൊക്കെ വഴിയെ ആലോചിക്കാമല്ലോ… ഭാനുമതി പറഞ്ഞതും അവർ അടുത്ത വിഷയത്തിലേക്ക് ഊളിയിട്ടു.. എന്ത് കഷ്ടമാ അമ്മേ.. അമ്മയ്ക്ക് പറഞ്ഞൂടായിരുന്നോ ഡിഗ്രി കഴിഞ്ഞാലും വേറെ പഠിക്കാൻ ഒക്കെയുണ്ടെന്ന്.. വേദ ചോദിച്ചു..

ദേ പെണ്ണേ.. ഒരെണ്ണം തരും ഞാൻ.. മുതിർന്നവരെ പറ്റിയാണോ ഇങ്ങനൊക്കെ പറയുന്നേ.. ഭാനു ചോദിച്ചു.. പിന്നെ. എന്നെ കെട്ടിക്കാൻ അല്ലെ അവർക്ക് ദൃതി.. വേദ പറഞ്ഞു.. പോടി പോയി കിടക്ക്.. ഭാനു പറഞ്ഞു.. വേദ മുഖം ചെറുതായി വീർപ്പിച്ചു കാണിച്ചു മുറിയിലേയ്ക്ക് നടന്നു.. അപ്പോഴാണ് കുത്തിയിട്ടിരിക്കുന്ന ഫോൺ അവൾ കണ്ടത്.. അവൾ ഫോൺ എടുത്തു.. സിദ്ധു എന്ന നമ്പറിലേക്ക് അവൾ വിളിച്ചു.. ഹലോ.. ഫോണുമായി കാത്തിരിക്കുന്നതുപോലെ മറുപുറത്തുനിന്നും സൗമ്യമായ ശബ്ദം കേട്ടതും അവളുടെ ചുണ്ടുകളിൽ ചെറു പുഞ്ചിരി വിരിഞ്ഞു.. സിദ്ധു.. എന്താണ് വേദ മോളെ പാട്ടിയുടെ ശതാഭിഷേകമൊക്കെ കഴിഞ്ഞോ.. മ്മ്.. അവൾ മൂളി.. അല്ല നമ്മളെയൊക്കെ മറന്നോ.. രണ്ടീസായല്ലോ വിളി കാണുന്നില്ല.. അവൻ പറഞ്ഞു.. ഞാനൊരു കഥ പറയട്ടെ.. മ്മ് പറയ്..

സിദ്ധു പറഞ്ഞു.. ഒരു പെണ്കുട്ടിയുടെ കഥയാണ്.. ആഹാ.. എന്നിട്ട്.. വേദ ചെറുതായി ഒന്നു പുഞ്ചിരിച്ചു.. ഒരു കൊച്ചു പെണ്കുട്ടി . അവൾക്കൊരു 5 വയസ്സ് വരും.. തമിഴ് നാട്ടിലെ ഒരു ആഗ്രഹാരത്തിൽ നിന്നും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടു 5ആം വയസ്സിൽ കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടു ഒരു തമിഴ് പെണ്കുട്ടി.. അവളെയും ചേച്ചിയെയും അപ്പ അവിടെയുള്ള ഒരു സ്കൂളിൽ ചേർത്തു.. മലയാളം അത്ര വശമില്ലാത്ത കുട്ടി.. അമ്മ മലയാളി എങ്കിലും ഉപയോഗിച്ചു തീരെ പരിചയമില്ലാത്ത ഭാഷയിലെ പല വാക്കുകളും അവൾക്ക് അപരിചിതമായിരുന്നു.. ഒരു ദിവസം ക്ലാസ്സിലെ കുട്ടികൾ ആവശ്യമില്ലാതെ അവലെ കളിപ്പിക്കുവാൻ വേണ്ടി ഒരു കുറുമ്പ് കാട്ടി..

അവൾ പറഞ്ഞു.. എന്തായിരുന്നു അത്… അവൻ ചോദിച്ചു.. അതോ.. ഒരീസം എന്തോ സംശയം ചോദിക്കാൻ പോയ അവൾക്ക് ടീച്ചറിനെ പട്ടി എന്ന് വിളിക്കണം എന്നവർ പഠിപ്പിച്ചു കൊടുത്തു.. പാട്ടി എന്നു വിളിച്ചു ശീലിച്ച അവൾ അതും വിശ്വസിച്ചു നേരെ ചെന്നു ടീച്ചറിനെ പട്ടി എന്നു വിളിച്ചു.. അവർക്ക് വല്ലാതെ ദേഷ്യം വന്നു.. വള്ളി ചൂരൽ കൊണ്ട് തലങ്ങും വിലങ്ങും അടി കിട്ടുമ്പോഴും ആ പെണ്ണിന് എന്തിനാ അടി കിട്ടുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല.. അടികൊണ്ട് കരഞ്ഞു തളർന്ന ആ പെണ്ണിന് നേരെ വീണ്ടും ചൂരൽ ഓങ്ങിയതും ഒരു കൈ ആ ടീച്ചറിന്റെ കൈകളെ തടഞ്ഞിരുന്നു.. ആരായിരുന്നു അത്.. സിദ്ധുവിന്റെ കുറുമ്പ് നിറഞ്ഞ ശബ്ദം.. ഒരു മാലാഖ.. ദൈവം ഭൂമിയിലേക്ക് അയയ്ച്ച ഒരു മാലാഖ..

നേടല കര സെറ്റും മുണ്ടും ഉടുത്തു ഒരു വട്ട കണ്ണാടിയും വെച്ചു നെറ്റിയിൽ ഒരു വലിയ പൊട്ടും ഭസ്മക്കുറിയും തൊട്ടിരുന്ന മാലാഖ.. എന്റെ ദേവകി ടീച്ചർ.. അവൾ പറഞ്ഞു.. അവരവളെ കോരിയെടുത്തു.. ഉമ്മ നൽകി. പിന്നെ ആ ടീച്ചറിനോട് കാര്യം തിരക്കി.. അവളോടും ചോദിച്ചു..കൂട്ടുകാർ പറഞ്ഞു കൊടുത്തതാണെന്നു അറിഞ്ഞതും അവരാ ടീച്ചറിനെ ശാസിച്ചു ശേഷം അവളെയുമെടുത്തു നടന്നു. അതിനിടയിൽ എപ്പോഴോ അവളാ തോളിൽ കിടന്നു മയങ്ങിയിരുന്നു…. കണ്ണു തുറക്കുമ്പോൾ അവൾ കാണുന്നത് തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന ഒരു കുറുമ്പൻ ചെക്കനെയാ.. അത് കേട്ടതും സിദ്ധുവിന്റെ മുഖത്ത് ആരെയും മയക്കുന്ന ഒരു പുഞ്ചിരി വിരിഞ്ഞു..

ആ പെണ്കുട്ടി നോക്കിയതും അമ്മേ എന്ന് നിലവിളിച്ചുകൊണ്ട് ആ കുറുമ്പൻ ഇറങ്ങി ഓടി.. അവൾ പേടിയോടെ ചുറ്റും നോക്കി.. വേദ പറഞ്ഞു.. ഒരു കൊച്ചു മുറി ആയിരുന്നു അത്.. അവിടെ ദേവകി ടീച്ചറിന്റെയും ആ കുറുമ്പന്റെയും ഒരങ്കിളിന്റെയും ഫോട്ടോയും ഉണ്ടയിരുന്നു… അപ്പോഴേയ്ക്കും ടീച്ചർ വന്നു.. ആ പെണ്കുട്ടിയ്ക്ക് ഭക്ഷണം വാരി നൽകി.. സ്നേഹം കൊണ്ടവർ അവളെ ആശ്വസിപ്പിച്ചു.. പതിയെ അവരുമായി അവളിണങ്ങി.. ആ പയ്യൻ അവളെക്കാൾ 4ഓ 5ഓ വയസ്സിനു മൂത്തതാണെങ്കിലും അവളവനെ സിദ്ധു എന്നു പേരെടുത്തു വിളിക്കാൻ തുടങ്ങി.. അങ്ങനെ അവൾക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ കുറച്ചുപേരായി ആ കുടുംബം വളർന്നു.. എന്നിട്ട്.. സിദ്ധു ചോദിച്ചു..

എന്നിട്ടെന്താ.. ഇപ്പൊ ആ ചെക്കൻ ആ പെണ്കുട്ടിയെ ഫോണിൽ വിളിച്ചു അവൾ പറയുന്ന കഥയും കേട്ട് എന്നിട്ട് എന്നു ചോദിച്ചു ചുമ്മാ പുഞ്ചിരിക്കുന്നു.. അവളുടെ വാക്കുകൾ അവനിൽ നിറഞ്ഞ ചിരി വിരിയിച്ചു.. ടീച്ചറമ്മ എവിടെ.. കിടക്കുന്നു.. തലവേദന ആണെന്ന് പറഞ്ഞു.. വെറുതെയാടോ.. അവർ തമ്മിൽ എന്തോ ഒന്നും രണ്ടും പറഞ്ഞു പിണങ്ങി അതിനാ.. അവൻ പറഞ്ഞു. അവളും പുഞ്ചിരിച്ചു.. കഴിഞ്ഞില്ലേ വേദാ.. വന്നു കിടക്കാൻ നോക്ക്.. വീണയുടെ വാക്കുകൾ കേട്ടതും വിശേഷങ്ങൾ വെറുതെ ചോദിച്ചവൾ ഫോൺ വെച്ചു.. അപ്പോഴും വല്ലാത്ത സന്തോഷം തന്നിൽ നിറയുന്നത് ആ പെണ്ണ് അറിയുന്നുണ്ടായിരുന്നു.. *********

ഗിരി അവളെ നോക്കി.. ഒരു തമിഴ് ബ്രഹ്മിണ് കുടുംബത്തിലാണ് എന്റെ ജനനം.. അച്ഛൻ അഷ്ടമൂർത്തി.. നാഗര്കോവിലിൽ ആണ് വീട്..കുടുംബപരമായി തന്നെ അവർ അവിടുത്തെ കാർന്നവരായിരുന്നു.. അമ്മ ഭാനു.. തിരുവനന്തപുരമാണ് സ്വദേശം. അവിടുത്തെ ആഗ്രഹാരത്തിലെ ഒരു സാധാരണ പെണ്ണ്.. ഭർത്താവ് മക്കൾ വീട് എന്നതിലുപരി പുറം ലോകത്തെ പറ്റി ഒന്നും അറിയാത്ത ഒരു പാവം..അതായിരുന്നു അമ്മ.. എനിക്ക് ഒരു ചേച്ചി കൂടെയുണ്ട്.. വീണ.. എന്നെക്കാൾ 2 വയസ്സിനു മൂപ്പുണ്ട് അവൾക്ക്.. അച്ഛന് ഒരു എക്സ്പോർട്ടിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.. അതിന്റെ ഭാഗമായി എനിക്ക് 5 വയസ്സുള്ളപ്പോൾ ആണ് ഞങ്ങൾ കേരളത്തിലേക്ക് വരുന്നത്..

അന്നെനിക്ക് മലയാളം തീരെ വശമില്ല.. പിന്നെ പഠിച്ചതാണ് ഭാഷയൊക്കെ.. ഞങ്ങളുടെ വീട്ടിൽ എപ്പോഴും തമിഴാണ്.. സിദ്ധു.. അവനാരെന്ന് ചോദിച്ചാൽ പറയാൻ എനിക്ക് മറുപടി ഇല്ല.. പക്ഷെ അവനും ടീച്ചറമ്മയും അങ്കിളും.. അവരെനിക്ക് ആരൊക്കെയോ ആണ്.. ഒരു തമിഴ് ബ്രഹ്മിണ് ഫാമിലിയിലെ പെണ്കുട്ടിക്കുള്ള എല്ലാ ലിമിറ്റേഷനും എനിക്കും ഉണ്ടായിരുന്നു.. പക്ഷെ അപ്പ എന്നെ പഠിക്കാൻ വിട്ടു.. ബി എ നല്ല മാർക്കോടെ പാസ് ആയി കഴിഞ്ഞു ഞാൻ എം എയ്ക്ക് ചേർന്നു…

ആ സമയത്തായിരുന്നു എന്റെ അപ്പച്ചിയുടെ മോൻ ഗോവിന്ദേട്ടനുമായി വീണയുടെ വിവാഹ നിശ്ചയം.. നേരത്തെ പറഞ്ഞുറപ്പിച്ച ബന്ധമായതിനാൽ ആർക്കും മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നുമില്ല.. അതായിരുന്നു അന്നുവരെ സന്തോഷങ്ങളാൽ നിറഞ്ഞിരുന്ന എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസങ്ങൾ.. പക്ഷെ അതൊന്നുമറിയതെ ഞാൻ സന്തോഷിക്കുകയായിരുന്നു… ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടുന്നതിനു മുന്നോടിയായുള്ള ആഘോഷം.. വേദ വീണ്ടും ഓർമകളിലേക്ക് മടങ്ങി.. ഒപ്പം ഗിരിയും…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 18

Share this story