ഈറൻമേഘം: ഭാഗം 30

ഈറൻമേഘം: ഭാഗം 30

 എഴുത്തുകാരി: Angel Kollam

ജോയലും ഉമേഷുമായുള്ള സംസാരം അവസാനിപ്പിച്ചതിന് ശേഷം ജോയൽ അമേയയുടെ അടുത്തെത്തി.. പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫ്ലാറ്റിന്റെ കീയെടുത്തു അവളുടെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “താൻ ഫ്ലാറ്റിലേക്ക് പൊയ്ക്കോ” അമേയ ആ മുഖത്തേക്ക് പാളി നോക്കി.. എന്റെ കൃഷ്ണാ.. എന്തൊരു ഗൗരവമാണ് ആ മുഖത്ത്.. അവൾ കീ വാങ്ങാതെ പറഞ്ഞു.. “ഞാനിവിടെ എവിടെയെങ്കിലും വെയിറ്റ് ചെയ്തോളാം.. എന്നിട്ട് നമുക്കൊരുമിച്ച് പോകാം ” “വേണ്ട.. താൻ പൊയ്ക്കോ.. ഞാൻ വരാനിത്തിരി ലേറ്റാകും.. വെറുതെ ഇവിടെയിരിങ്ങനെയിരിക്കണ്ട ” അമേയയ്ക്ക് സങ്കടം വന്നു.. തന്നോടുള്ള ദേഷ്യമാണോ ആ മുഖത്ത്.. തന്റെ തീരുമാനം ഇഷ്ടപെടാഞ്ഞതിന്റെ പ്രതിഷേധമാണോ ആ സ്വരത്തിൽ.. അവളുടെ ഭാവമാറ്റം ജോയൽ തിരിച്ചറിഞ്ഞു..

അമേയ അവളുടെ ഭർത്താവിനെക്കുറിച്ചുള്ള സങ്കല്പം തന്നോട് പറഞ്ഞത് പെട്ടന്ന് അവനോർമ വന്നു.. ജീവിതത്തിൽ ഒരുപാട് സങ്കടം അനുഭവിച്ചിട്ടുള്ളവളാണ്.. ഇനിയും സങ്കടപെടുത്തുന്ന ഒരാളായിരിക്കരുത് തന്റെ ഭർത്താവ്.. എന്നൊരു നിബന്ധന മാത്രമേ അവൾ പറഞ്ഞുള്ളൂ.. അവളെ താനായിട്ട് സങ്കടപെടുത്തരുതെന്ന് അവന് തോന്നി.. ജോയൽ തന്റെ സ്വരമല്പം മയപെടുത്തിക്കൊണ്ട് അമേയയോട് പറഞ്ഞു.. “എടോ.. എനിക്കൊരു മീറ്റിംഗ് ഉണ്ട്.. അത്‌ കഴിയുമ്പോൾ ലേറ്റാകും.. താനിവിടെ കാത്തിരുന്ന് മുഷിയണ്ടല്ലോയെന്ന് കരുതിയാണ് ഫ്ലാറ്റിലേക്ക് പൊയ്ക്കോളാൻ പറഞ്ഞത്” അമേയ അവന്റെ കയ്യിൽ നിന്നും കീ വാങ്ങിയിട്ട് മുന്നോട്ട് നടന്നു..

ജോയൽ വേഗത്തിൽ നടന്ന് അവളുടെ അടുത്തെത്തിയിട്ട് ചോദിച്ചു.. “എടോ.. തനിക്കു ഫ്ലാറ്റിലേക്ക് തനിച്ച് പോകാൻ വഴി അറിയാമല്ലോ അല്ലേ?” “ഉം.. അറിയാം ” “ശരി പൊയ്ക്കോ ” അമേയ ഫ്ലാറ്റിലേക്ക് പോയി.. ജോയൽ ഗാഡമായ ചിന്തയിലായിരുന്നു.. അമേയ ഫ്ലാറ്റിൽ തന്നെ തുടരാൻ തീരുമാനമെടുക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.. ഹോസ്റ്റലിലേക്ക് മാറുന്ന കാര്യം പറയുമ്പോൾ തന്നെ അവൾക്ക് സങ്കടമായിരുന്നു.. ആ കാര്യം ഓർക്കുമ്പോൾ തനിക്കും സങ്കടമായിരുന്നുവെങ്കിലും അവൾ ഫ്ലാറ്റിൽ തന്നെ തുടരണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല.. അതിന് പല കാരണങ്ങൾ ഉണ്ട്.. പപ്പയോടും മമ്മിയോടും പറയാതെ താൻ ജീവിതത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല.. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യമാണ് വിവാഹം..

ആ കാര്യത്തിൽ തന്റെ മാതാപിതാക്കളുടെ അഭിപ്രായം എന്താണെന്ന് പോലും ചോദിക്കാതെ സ്വയം തീരുമാനമെടുത്തു.. അതൊരുപക്ഷേ അവർ ക്ഷമിച്ചേക്കാം.. പക്ഷേ ആ കുട്ടിയോടൊപ്പം ഒരു ഫ്ലാറ്റിൽ ഒരുമിച്ച് കഴിയുകയാണെന്ന് പറഞ്ഞാൽ സാധാരണക്കാരായ ഒരു മാതാപിതാക്കൾക്കും അത്‌ ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്ന് വരില്ല.. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൻ കുഴങ്ങി.. ഇനിയിപ്പോൾ പപ്പയെയും മമ്മിയേയും ഒന്നും അറിയിക്കണ്ടെന്ന് കരുതാൻ പറ്റില്ല.. എപ്പോളാണ് മമ്മിയ്ക്ക് തന്നെ കാണണമെന്ന് ആഗ്രഹം തോന്നുകയെന്ന് പറയാൻ സാധിക്കുകയില്ല.. അങ്ങനെയൊരു ആഗ്രഹം ഉണ്ടായാൽ പിന്നെ ഒരുനിമിഷം പോലും വൈകാതെ ഇങ്ങോട്ട് ഓടിയെത്തും..

ജോയൽ തന്റെ കാബിനിലെത്തി.. പൂജ അവനോട് ചോദിച്ചു.. “എന്തോ കാര്യമായ ആലോചനയിലാണല്ലോ.. എന്ത് പറ്റി സാർ?” ജോയൽ പൂജയോട് എല്ലാകാര്യങ്ങളും തുറന്നു പറഞ്ഞു.. “സാറെന്താ തീരുമാനിച്ചത്?” “പപ്പയോടു ഉടനെ ഇതൊന്നും തുറന്ന് പറയാനുള്ള ധൈര്യം എനിക്കില്ല.. തത്കാലം മമ്മിയെ വിളിച്ചിട്ട് എല്ലാം പറഞ്ഞാലോയെന്ന് ആലോചിക്കുകയാണ് ” “സാറിന്റെ മമ്മി പപ്പയോടു പറഞ്ഞാലോ?” “മിക്കവാറും എല്ലാ മക്കളുടെയും രഹസ്യം സൂക്ഷിപ്പുകാരി അവരുടെ മാതാവായിരിക്കും.. തനിക്കറിയാമല്ലോ അത്‌.. ഇതുവരെ എന്റെ രഹസ്യങ്ങളൊന്നും സൂക്ഷിക്കാൻ ഞാൻ മമ്മിയെ ഏല്പിച്ചിട്ടില്ല.. അതുകൊണ്ട് ആദ്യമായിട്ട് ഒരു രഹസ്യം സൂക്ഷിക്കാൻ പറയുമ്പോൾ മമ്മി എതിരൊന്നും പറയില്ലായിരിക്കും.. അല്ലേ?” “എനിക്കറിയില്ല സാർ..

സാറിന്റെ യുക്തിയ്ക്കനുസരിച്ചു എന്താണെന്ന് വച്ചാൽ തീരുമാനിക്ക് ” ജോയൽ മൊബൈലെടുത്ത് മമ്മിയുടെ നമ്പർ ഡയൽ ചെയ്തു.. പതിവില്ലാത്ത സമയത്തുള്ള തന്റെ ഫോൺകാൾ കാണുമ്പോൾ മമ്മി പരിഭ്രാന്തയാകാൻ സാധ്യതയുണ്ട്.. സാധാരണ വൈകുന്നേരങ്ങളിലാണ് താൻ മമ്മിയെയും പപ്പയെയും വിളിക്കുന്നത്.. അധികം സംസാരിക്കാറില്ല.. വിശേഷം ചോദിച്ചിട്ട് സംഭാഷണം അവസാനിപ്പിക്കാറാണ് പതിവ്.. അമേയ തന്റെ ഫ്ലാറ്റിലേക്ക് വന്നതിന് ശേഷം ഒരല്പം പേടിയോട് കൂടിയാണ് ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ളത്.. അമേയ തന്നോടൊപ്പമുള്ള വിവരം വീട്ടുകാർ അറിഞ്ഞാലുള്ള ഭവിക്ഷ്യത്തിനെ കുറിച്ചോർത്തുള്ള പേടിയായിരുന്നു അത്‌.. ജോയലിന്റെ കാൾ വരുമ്പോൾ ആനി അടുക്കളയിലായിരുന്നു..

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടതും ആനി പിറുപിറുത്തു.. “ആരാണാവോ ഈ സമയത്ത്? ” തിടുക്കത്തിൽ വന്നു മൊബൈൽ എടുത്ത് നോക്കുമ്പോൾ ഡിസ്‌പ്ലേയിൽ ജോയലിന്റെ പേര്.. എന്ത് പറ്റി മോൻ പതിവില്ലാതെ ഈ സമയത്ത് വിളിക്കുന്നത്.. വെപ്രാളത്തോടെയാണ് ആനി ഫോൺ അറ്റൻഡ് ചെയ്തത്.. “ഹലോ.. എന്ത്പറ്റി ജോക്കുട്ടാ.. നീ എന്താ ഈ സമയത്ത് വിളിക്കുന്ന പതിവില്ലല്ലോ ” “ഒന്നുമില്ല മമ്മി.. എനിക്കെന്റെ മമ്മിയോട്‌ സംസാരിക്കാൻ അങ്ങനെ നേരവും കാലവുമൊക്കെ നോക്കണോ?” “നിന്റെ ശബ്ദത്തിൽ എന്തോ ഒരു വല്ലായ്മയുണ്ടല്ലോ.. നിനക്കെന്തെങ്കിലും വിഷമമുണ്ടോ? എന്താ മോനേ?” മക്കൾ എത്ര ദൂരത്താണെങ്കിലും അവരുടെ ശബ്ദത്തിലെ ഒരു നേരിയ വ്യത്യാസം പോലും കണ്ട് പിടിക്കാൻ അമ്മമാർക്ക് പ്രത്യേക കഴിവാണ്.. അത്‌ സമ്മതിക്കാതെ വയ്യ..

തനിക്കെന്തോ വിഷമമുണ്ടെന്ന് മമ്മിയ്ക്ക് മനസിലായ സ്ഥിതിയ്ക്ക് തന്റെ മനസിലുള്ളത് മമ്മിയോട്‌ തുറന്ന് പറയാം.. അതിന് മുൻപ് പപ്പയെവിടെയെന്ന് അന്വേഷിക്കണം.. സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം സംസാരിച്ചാൽ മതി.. “പപ്പയെവിടെ മമ്മി?” “പറമ്പിൽ പണി നടക്കുകയല്ലേ.. പപ്പ കൂടെ നിന്നില്ലെങ്കിൽ അവർ പണി ഉഴപ്പുമെന്ന് പറഞ്ഞ് അവിടേക്ക് പോയിരിക്കുകയാണ് ” “പപ്പയോട് എത്ര പറഞ്ഞാലും മനസിലാകില്ലല്ലോ.. ഈ വയസാം കാലത്ത് പറമ്പിലൊക്കെ പോയി വെറുതെ മറിഞ്ഞു വീഴാനാണോ?” “പപ്പയ്ക്ക് കൃഷിയോടുള്ള താല്പര്യം നിനക്കറിയാമല്ലോ.. ആര് ചതിച്ചാലും മണ്ണ് ചതിക്കില്ലെന്നാണ് പപ്പ പറയുന്നത്.. തന്നെയുമല്ല നിങ്ങൾ രണ്ടാളും ഇവിടെയില്ലാതെ വീട്ടിൽ തന്നെയിരുന്നാൽ പപ്പയ്ക്ക് ബോറടിക്കില്ലേ? അപ്പോൾപ്പിന്നെ ഇങ്ങനെ ആക്റ്റീവ് ആയിട്ട് നടക്കട്ടെ..

അത്‌ കാണുമ്പോൾ തന്നെയൊരു സന്തോഷമാണ് ” “മമ്മീ…” “എന്താ ജോക്കുട്ടാ.. നിനക്കെന്നോടെന്തോ പറയാനുണ്ടെന്ന് എനിക്ക് മനസിലായി.. ഈ സമയത്തുള്ള ഫോൺവിളി കണ്ടപ്പോളെ ഞാൻ ഊഹിച്ചു.. വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ എന്താണ് കാര്യമെന്ന് വച്ചാൽ പറയ് ” “എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.. മമ്മി ഫ്രീയാണോ?” “ഇനിയിപ്പോൾ ഞാൻ ബിസിയാണെങ്കിലും നിനക്ക് പറയുന്നുള്ളത് കേൾക്കാനുള്ള സമയം എനിക്കുണ്ട് ” ജോയൽ ഒരു നിമിഷം ആലോചനയോടെ നിന്നു.. എവിടെ നിന്നും തുടങ്ങണമെന്ന് ചിന്തിച്ചു.. അമേയയേ ട്രെയിനിൽ വച്ച് കണ്ടപ്പോൾ മുതലുണ്ടായ ഓരോ കാര്യങ്ങളും അവൻ ആനിയോട് പറഞ്ഞു.. ജോയൽ സംസാരിച്ചു നിർത്തിയപ്പോൾ ആനിയുടെ ദീർഘനിശ്വാസം അവൻ കേട്ടു..മമ്മി ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് താനിപ്പോൾ പറഞ്ഞത്..

അതുകൊണ്ട് തന്നെ മമ്മിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.. “ജോക്കുട്ടാ.. ഞാനിപ്പോൾ എന്താ നിന്നോട് പറയുക? പപ്പയും മമ്മിയും കണ്ടുപിടിക്കുന്ന പെണ്ണിനെയല്ലാതെ വേറൊരാളെക്കുറിച്ച് നീ മനസ്സിൽ പോലും ചിന്തിക്കില്ലെന്നാണ് ഞാൻ കരുതിയത്.. എന്നിട്ട് നീ യാതൊരു പരിചയുമില്ലാത്ത ഒരു പെൺകുട്ടിയെ ഒപ്പം കൂട്ടിയെന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.. ഞാനും പപ്പയും കല്യാണകാര്യത്തെ പറ്റി പറയുമ്പോളെല്ലാം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോൾ പെട്ടന്നെന്താ നിന്റെ മനസ്സ് മാറിയത്?” “അറിയില്ല മമ്മി… ജീവിതത്തിൽ സുഖവും സന്തോഷവും മാത്രം അനുഭവിച്ച ഒരു പെണ്ണിനെ ഒപ്പം കൂട്ടുന്നതിലും എനിക്ക് സംതൃപ്തി കിട്ടുന്നത് അമേയയേ ഒപ്പം കൂട്ടുമ്പോളാണ്..

അവളുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എനിക്കറിയാം.. അവളെ ഞാൻ സ്നേഹിക്കുന്നത് പോലെയും സംരക്ഷിക്കുന്നത് പോലെയും വേറെയാർക്കും സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയില്ല മമ്മീ..” “ജോക്കുട്ടാ നിന്റെ മനസെനിക്ക് മനസിലാകും.. അല്ലെങ്കിലും നിന്റെ തീരുമാനങ്ങളൊന്നും തെറ്റില്ലെന്നാണ് മമ്മിയുടെ വിശ്വാസം.. കുരിശ് വരച്ചു ആ പെങ്കൊച്ചിനെ ഈ വീട്ടിലേക്ക് വിളിച്ചു കയറ്റാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം മാത്രമേ മമ്മിയ്ക്കുള്ളൂ.. അതിപ്പോൾ എല്ലാ അമ്മമാർക്കും ഉണ്ടാകും ആ സങ്കടം.. മക്കൾ സ്വന്തം മതത്തിലുള്ള പെണ്ണിനെ വിവാഹം ചെയ്യാനായിരിക്കും ഭൂരിഭാഗം മാതാപിതാക്കളും ആഗ്രഹിക്കുന്നത്.. അതിപ്പോൾ മാതാപിതാക്കളുടെ സ്വാർത്ഥതയായി കരുതിയാലും ശരി ഞാനും അതായിരുന്നു ആഗ്രഹിച്ചത് ” “മമ്മീ.. ജാതിയും മതത്തിലുമൊക്കെ വലുത് നല്ലൊരു മനസല്ലേ.

അവൾക്ക് നല്ലൊരു മനസുണ്ട്.. അത്‌ മാത്രം മതിയെനിക്ക്.. അവൾക്ക് അച്ഛനും അമ്മയുമില്ല.. അവളുടെ സ്വന്തം അമ്മ സ്നേഹിക്കുന്നത് പോലെ മമ്മി അവളെ സ്നേഹിക്കണം ” “ജോക്കുട്ടാ.. ഞാൻ പ്രതീക്ഷിക്കാത്തതാണ് നീ ഈ പറഞ്ഞത്.. അതിന്റെയൊരു ഷോക്ക് എന്തായാലും എനിക്കുണ്ട്.. പക്ഷേ മക്കളുടെ ആഗ്രഹത്തിന് വിലങ്ങുതടിയിടുന്ന ദുഷ്ടയായ ഒരു സ്ത്രീയല്ല ഞാൻ.. എനിക്ക് നിന്റെ സന്തോഷം തന്നെയാണ് വലുത്.. ” “അവൾ എന്നോടൊപ്പം ഫ്ലാറ്റിൽ തന്നെ തുടരുന്നതിൽ മമ്മിയ്ക്ക് എന്തെങ്കിലും എതിർപ്പുണ്ടോ?” ” എനിക്ക് എതിർപ്പൊന്നുമല്ല.. എനിക്കെന്റെ മകനെ വിശ്വാസമാണ്.. നിന്റെ മനസ്സിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടായിരുന്നുവെങ്കിൽ നിനക്ക് ഇക്കാര്യം എന്നിൽ നിന്നും മറച്ചു വയ്ക്കാമായിരുന്നല്ലോ..

നീയെടുത്ത തീരുമാനം ശരിയാണെന്നു തോന്നുന്ന പക്ഷം നീ വേറൊന്നും ചിന്തിക്കണ്ട.. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുകയും വേണ്ട.. ആ കുട്ടി ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചതാണെന്നല്ലേ നീ പറഞ്ഞത്.. ഇനി നീയായിട്ട് അവളുടെ മനസ്സ് വിഷമിപ്പിക്കണ്ട.. ” “പപ്പയുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് ടെൻഷനാണ് ” “നീ ടെൻഷനടിക്കണ്ട ജോക്കുട്ടാ.. പപ്പ നല്ല മൂഡിലിരിക്കുമ്പോൾ ഞാൻ മെല്ലെ കാര്യങ്ങൾ അവതരിപ്പിച്ചോളാം.. പിന്നെ കല്യാണം രണ്ട് വർഷം ഒന്നും വച്ചു താമസിപ്പിക്കാൻ പറ്റില്ലെന്ന് നീ ആ കൊച്ചിനോട് പറഞ്ഞേക്ക്.. ഈ വർഷം നിന്റെ കല്യാണം നടത്തണമെന്നായിരുന്നു എന്റെയും പപ്പയുടെയും ആഗ്രഹം..

മാക്സിമം ഒരു വർഷം കാലാവധി തരും നിങ്ങൾക്ക് രണ്ടാൾക്കും.. അതിനുള്ളിൽ ആ കൊച്ചിനെക്കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ് ” “ഇതിപ്പോൾ അവൾ സമ്മതിച്ചിട്ട് പപ്പ സമ്മതിക്കാതിരുന്നാലോ?” “പപ്പയുടെ കാര്യം എനിക്ക് വിട്ടേക്ക് ജോക്കുട്ടാ.. അതൊക്കെ ഡീൽ ചെയ്യാൻ എനിക്കറിയാം ” “ഇപ്പോളാണ് എനിക്കാശ്വാസമായത്.. മമ്മി ഇത്രയും വേഗം ഗ്രീൻ സിഗ്നൽ തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല ” “അതെത്രയും വേഗം നിന്റെ കല്യാണം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ടാണ്.. നിന്റെ സമപ്രായക്കാരെല്ലാം കല്യാണം കഴിച്ചു, അവർക്കെല്ലാം ഒന്നോ രണ്ടോ കുട്ടികളുമായി..

അതൊക്കെ കാണുമ്പോൾ നിന്റെ കല്യാണം നടക്കണമെന്നും നിന്റെ കുഞ്ഞുങ്ങളെ താലോലിക്കണമെന്നുമൊക്കെ എനിക്കും ആഗ്രഹം കാണത്തില്ലേ.. നീ പറയ്..” “ഇത്രയൊക്കെ ആഗ്രഹം ഉള്ളിലൊതുക്കിയിട്ടും മമ്മി അതൊന്നും പ്രകടിപ്പിച്ചില്ലല്ലോ?” “പിന്നേ.. ഞാൻ പറഞ്ഞിട്ട് വേണോ നിനക്കിതൊക്കെ മനസിലാക്കാൻ.. ഞാനെന്റെ സങ്കടം പപ്പയോട് മാത്രമാണ് പറഞ്ഞിട്ടുള്ളത്.. കല്യാണം ഉടനെ വേണ്ടെന്ന് പറഞ്ഞു നീ ഒഴിഞ്ഞു മാറി നടക്കുന്നത് കണ്ടപ്പോൾ നിനക്കിനി വല്ല ശാരീരിക പ്രശ്നമുണ്ടോയെന്ന് വരെ ഞാൻ സംശയിച്ചിട്ടുണ്ട്.. സ്വന്തം മോനായിപ്പോയില്ലേ.. എങ്ങനെയാ വെട്ടിത്തുറന്നു ചോദിക്കുന്നത്?” “മമ്മീ.. എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടിയത്.. ” “അതൊന്നും ഇപ്പോൾ പറഞ്ഞാൽ നിനക്കു മനസിലാകില്ല.. നിനക്കൊരു മോനോ മോളോ ഉണ്ടായിട്ട്..

ആ കുട്ടി കല്യാണപ്രായം കഴ്ഞ്ഞിട്ടും ഇങ്ങനെ നിൽക്കുന്ന ഒരവസ്ഥ വരുമ്പോളേ നിനക്കെന്റെ വിഷമം മനസിലാകുള്ളൂ” “ഇപ്പോൾ എല്ലാം ശരിയായില്ലേ മമ്മീ.. ഇത്രയും നല്ലൊരു പെങ്കൊച്ചിനെ എനിക്ക് ഭാര്യയായിട്ട് തരാനായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത് ” “ആ കൊച്ചിന്റെ ഫോട്ടോ ഒന്നയച്ചേ ജോക്കുട്ടാ.. ഞാനൊന്ന് കാണട്ടെ എന്റെ മരുമോളെ” “മമ്മി.. അവളുടെ ഒരു ഫോട്ടോ പോലും എന്റെ കയ്യിലില്ല.. ഇന്ന് തന്നെ ഞാനൊരു ഫോട്ടോയെടുത്തിട്ട് മമ്മിയ്ക്ക് അയച്ചു തരാം ” “പ്രേമിക്കാൻ തുടങ്ങിയിട്ടും നിനക്ക് വല്യ പുരോഗമനമൊന്നുമില്ലല്ലോ ജോക്കുട്ടാ.. സ്നേഹിക്കുന്ന കൊച്ചിന്റെ ഒരു ഫോട്ടോ പോലും കയ്യിലില്ലല്ലോ ” “കളിയാക്കാതെ മമ്മീ.. ഇന്ന് തന്നെ നമുക്ക് പരിഹാരമുണ്ടാക്കാം ” “പെട്ടന്ന് ഫോട്ടോ അയക്ക്..

നിന്റെ മനസിൽ സ്ഥാനം പിടിച്ച പെണ്ണിനെ കാണാൻ എനിക്ക് കാണാൻ കൊതിയായി ” “ഫോട്ടോ ഞാൻ വൈകിട്ടയച്ചു തരാം.. പക്ഷേ മമ്മി എനിക്കൊരു ഉപകാരം ചെയ്യണം.. ജോക്കുട്ടനെ കാണാനാഗ്രഹം തോന്നുന്നെന്ന് വെറുതെ പോലും പപ്പയോട് പറയരുത്.. അറിയാല്ലോ.. മമ്മി ആഗ്രഹം പറയേണ്ട താമസമേയുള്ളൂ പപ്പ ഇങ്ങോട്ടേക്കു ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഓടി വരാൻ..” “നീ ഇടയ്ക്കിങ്ങോട്ട് വന്നാൽ മതി.. ഇല്ലെങ്കിൽ പപ്പയെന്നോട് ചോദിക്കും.. ഇപ്പോളെന്താ ജോക്കുട്ടനെ കാണാനാഗ്രഹമില്ലെയെന്നു ” “ഞാൻ നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് രണ്ടാഴ്ച ആയതല്ലേയുള്ളൂ.. രണ്ടുമാസം കൂടി കഴിഞ്ഞിട്ടു ഇനി വരാം.. മമ്മി എല്ലാം നന്നായിട്ട് ഹാൻഡിൽ ചെയ്യുമെന്ന വിശ്വാസത്തിലാണ് ഞാനിവിടെ സമാധാനമായിട്ട് നിൽക്കാൻ പോകുന്നത് ”

“നീ ഒന്നുകൊണ്ടും പേടിക്കണ്ട ജോക്കുട്ടാ.. പപ്പയുടെ സമ്മതം ഞാൻ വാങ്ങിത്തരാം..” “താങ്ക്യൂ മൈ ഡിയർ മമ്മി ” “സോപ്പൊന്നും വേണ്ട..” കാൾ കട്ട്‌ ചെയ്യുമ്പോൾ ജോയലിന്റെ മുഖത്ത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു.. ആദ്യത്തെ കടമ്പ കഴിഞ്ഞു.. മമ്മിയുടെ അനുവാദം വാങ്ങി.. ഉച്ചക്ക് ഫ്ലാറ്റിലേക്ക് വരുമ്പോൾ ജോയലിന്റെ മനസ്സിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങുകയായിരുന്നു.. ഫ്ലാറ്റിന്റെ മുന്നിലെത്തി, കാളിങ് ബെൽ അടിക്കുമ്പോൾ ജോയൽ മുഖത്ത് കൃത്രിമ ഗൗരവം വരുത്തി.. തന്നോട് ഒരു വാക്ക് പോലും പറയാതെ ഹോസ്റ്റലിൽ നിൽക്കുന്നില്ലെന്നുള്ള തീരുമാനം അമേയ എടുത്തതല്ലേ.. അതുകൊണ്ട് ഒരു ചെറിയ പണി കൊടുക്കാമെന്നു അവൻ കരുതി.. അമേയ വന്നു വാതിൽ തുറന്നു.. ജോയലിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ സാറിന് തന്നോട് ദേഷ്യമാണെന്ന് അമേയയ്ക്ക് തോന്നി..

അവൻ അവളുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ തന്റെ റൂമിലേക്ക് പോയി.. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നതിന് ശേഷം കൈ കഴുകിയിട്ട് ഡൈനിങ് ടേബിളിന്റെ മുന്നിൽ വന്നിരുന്നു.. അമേയ ഭക്ഷണം ടേബിളിന് മുന്നിൽ എടുത്ത് വച്ചിട്ടുണ്ടായിരുന്നു.. അമേയയുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ ജോയലിന് സഹതാപം തോന്നി.. തനിക്കധിക നേരം അവളുടെ മുന്നിൽ അഭിനയിച്ചു പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അവന് മനസിലായി.. ജോയൽ രണ്ടു പ്ളേറ്റിലേക്ക് ഭക്ഷണം വിളമ്പി.. അമേയയുടെ നേർക്ക് നോക്കാതെ പറഞ്ഞു.. “വന്നിരുന്നു ഭക്ഷണം കഴിക്ക് ” അമേയ അവനെതിരെയുള്ള കസേരയിലിരുന്നു.. അവൾക്കൊട്ടും വിശപ്പ് തോന്നിയില്ല.. ജോയലിന്റെ മുഖം കാണുമ്പോൾ തന്റെ സങ്കടം ഇരട്ടിക്കുന്നത് പോലെ അവൾക്ക് തോന്നി..

അവൾക്ക് ഭക്ഷണം കഴിക്കാൻ തോന്നിയതേയില്ല.. ഇനി അതിന്റെ പേരിൽ കൂടി ജോയലിനെ ദേഷ്യം പിടിപ്പിക്കണ്ടെന്ന് കരുതി അവൾ എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ചെന്ന് വരുത്തി തീർത്തു.. ഭക്ഷണശേഷം ജോയൽ ടീവി കാണാൻ വേണ്ടി ടീവിയിലെ സെറ്റിയിലിരുന്നു.. അപ്പോളും അവൻ അമേയയുടെ നേർക്ക് നോക്കിയതേയില്ല.. അങ്ങനെയൊരാൾ ആ വീട്ടിലുണ്ടെന്ന് പോലും ഭാവിച്ചില്ല.. അവൾക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ആ അവഗണന.. ഒരു നിമിഷം ആലോചിച്ചിട്ട് നിന്നിട്ട് അവൾ ജോയലിന്റെ തൊട്ടടുത്ത് വന്നിരുന്നു.. അവൻ അപ്പോളും അവളെ കണ്ടതായി ഭാവിച്ചില്ല.. അമേയ ടീപ്പൊയുടെ മുകളിരുന്ന റിമോർട്ടെടുത്തു ടീവി ഓഫ്‌ ചെയ്തു..

അവന്റെ മുഖത്ത് നോക്കാൻ ധൈര്യമില്ലാതെ തല കുനിച്ചിരുന്നു കൊണ്ട് പറഞ്ഞു.. “ഞാൻ ഹോസ്റ്റലിൽ നിൽക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞത് സാറിനിഷ്ടമായില്ലെന്ന് എനിക്ക് മനസിലായി.. അതിന്റെ പേരിൽ എന്നോടിത്രയും ദേഷ്യം കാണിക്കണോ.. സാറില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് തോന്നുകയാണ്.. ഹോസ്റ്റലിൽ പോയാൽ എനിക്ക് സാറിനെ അത്രയ്ക്ക് മിസ്സ്‌ ചെയ്യുമെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ…. ” ഗദ്ഗദം കൊണ്ട് ബാക്കി വാക്കുകൾ പുറത്തേക്ക് വന്നില്ല.. അവളുടെ കവിളിണകളിൽ നനവ് പടരുന്നത് ജോയൽ കണ്ടു.. അവളെ ഇനിയും വേദനിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതും തന്റെ വലത്കരമുയർത്തി അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ജോയൽ പറഞ്ഞു..

“സാരമില്ല…. താൻ എന്നോടൊന്ന് ആലോചിക്കുക പോലും ചെയ്യാതെ അങ്ങനെ ഒരു തീരുമാനമെടുത്തതിൽ എനിക്ക് സങ്കടം തോന്നി.. അല്ലാതെ എനിക്ക് തന്നോട് ദേഷ്യമൊന്നുമില്ല.. ” അമേയ തന്റെ മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.. “സോറി ” ജോയൽ ഇരുകൈകളും കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. “കരയാതെടോ.. ഞാനായിട്ട് തന്നെ കരയിക്കില്ലെന്ന് ഞാൻ തനിക്ക് വാക്ക് തന്നിട്ടുള്ളതല്ലേ ” ജോയൽ അവളുടെ മുഖം പിടിച്ചുയർത്തിയിട്ട് അവളുടെ നിറുകയിൽ ചുംബിച്ചു.. പിന്നീട് അവളുടെ കവിൾതടങ്ങൾ ഒരിക്കൽ കൂടി തുടച്ചിട്ട് പറഞ്ഞു..

“താൻ റെസ്റ്റെടുത്തോളൂ.. നമുക്ക് വൈകുന്നേരം സംസാരിക്കാം.. തന്റെ മൂഡ് ശരിയല്ലാത്തപ്പോൾ കൂടുതലൊന്നും സംസാരിക്കണ്ട ” “സാറിന് എന്നോട് ദേഷ്യമാണോ?” “ഇല്ലെടോ.. എനിക്ക് ദേഷ്യമില്ല.. ” അമേയയുടെ മുഖത്ത് അപ്പോളും സംശയമായിരുന്നു.. ജോയൽ അവളുടെ വലത് കരം കവർന്നെടുത്തു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. “ഈ നെഞ്ചിൽ നിറയെ തന്നോടുള്ള സ്നേഹം മാത്രമേയുള്ളൂ ” അമേയയുടെ മുഖം തെളിഞ്ഞു……. തുടരും…….

ഈറൻമേഘം: ഭാഗം 29

Share this story