അല്ലിയാമ്പൽ: ഭാഗം 11

അല്ലിയാമ്പൽ: ഭാഗം 11

എഴുത്തുകാരി: ആർദ്ര നവനീത്

അടക്കം പറച്ചിലുകൾക്കും പിറുപിറുക്കലുകൾക്കുമിടയിൽ കണ്ണുനീരോടെ അല്ലി നിൽപ്പുണ്ടായിരുന്നു. ബന്ധുക്കളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങളോ സംസാരമോ ഒന്നുമവൾ അറിയുന്നുണ്ടായിരുന്നില്ല. അവളുടെ കാതുകൾ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. ശിലപോലെ നിൽക്കുമ്പോഴും കണ്ണുകൾ പരസ്പരം പുണർന്നുനിൽക്കുന്ന നിവേദിലും ആമിയിലുമായി തറഞ്ഞു നിന്നു. അല്ലീ… അപ്പോഴാണ് നിവേദുo യാഥാർഥ്യത്തിലേക്ക് മടങ്ങിയെത്തിയത്. അല്ലി.. അവന്റെ ചുണ്ടുകൾ ഉരുവിട്ടു. ആമിയെ പുണർന്ന കൈകൾ അയഞ്ഞു. അവന്റെ കണ്ണുകൾ തെന്നിപ്പാഞ്ഞശേഷം അല്ലിയിൽ പതിഞ്ഞു. ശിലപോലെ നിൽക്കുകയാണവൾ. അവളുടെ വേദന എത്രത്തോളമാണെന്ന് ഊഹിക്കാൻ അവന് സാധിച്ചു.

ആമി അപ്പോഴാണ് അല്ലിയെ കണ്ടത്. ഓടിവന്ന് അല്ലിയെ പുണർന്നപ്പോഴും ഒന്ന് തിരികെ പുണരാൻ പോലും സാധിക്കാത്തവിധം അവളുടെ കൈകൾ അശക്തമായിരുന്നു. മഹേശ്വരിയമ്മയുടെയും അംബികയുടെയും അവസ്ഥയും മറിച്ചായിരുന്നില്ല. മരിച്ചെന്ന് കരുതിയവളാണ് മുൻപിൽ നിൽക്കുന്നത്. രണ്ട് പെൺകുട്ടികൾ.. തന്റെ മകന്റെ ഭാര്യമാർ. പാലാഴിയിൽ അലതല്ലിയിരുന്ന ആനന്ദത്തിനുമേൽ കാർമേഘം ഉരുണ്ടുകൂടിയത് എത്ര പെട്ടെന്നായിരുന്നു. അവർ കണ്ണുകൾ ഇറുകെയടച്ചു. ഇനിയെന്ത് സംഭവിക്കുമെന്ന ആധിയിൽ ആ മാതൃഹൃദയം വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു. ഒരാശ്വാസമെന്നപോലെ അംബിക അവരെ ചേർത്തു പിടിച്ചിരുന്നു. അല്ലീ.. ആമി അവളുടെ മുഖം കൈകളിലെടുത്ത് തെരുതെരെ ചുംബിച്ചു. അല്ലിയുടെ നിറകണ്ണുകൾ അവളുടെ മുഖത്ത് തറഞ്ഞുനിന്നു.

ഒരുനിമിഷം എല്ലാം സ്വപ്നമാകണേയെന്ന് വല്ലാതെ ആഗ്രഹിച്ചുകൊണ്ട് അവൾ കണ്ണുകൾ ഇറുകെയടച്ചു തുറന്നു. പരസ്പരം പുണർന്ന പീലികളിലൂടെ കണ്ണുനീർത്തുള്ളി അവളുടെ കവിളിലെ നനയിച്ചുകൊണ്ട് ഒഴുകിയിറങ്ങി. സ്വപ്നമല്ല. പകൽപോലെ സത്യം. ഒരുമിച്ച് ഒരമ്മയുടെ ഉദരത്തിൽ കിടന്നവരാണ്. ഒരേ അമ്മിഞ്ഞപ്പാലിൻ മാധുര്യം നുകർന്ന് പരസ്പരം കരുതലായി വളർന്നുവന്നവർ. വിവാഹം വരെയും പരസ്പരം സ്വപ്നങ്ങളും മോഹങ്ങളും പങ്കുവച്ചവർ. ഒടുവിൽ ഈ ലോകത്തിനി അവളില്ലെന്നറിഞ്ഞനിമിഷം പിടയുന്ന നെഞ്ചോടെ ബോധം മറഞ്ഞത്. ആമി.. തന്റെ ആമി. പൊടുന്നനെ അല്ലിയവളെ വാരിപ്പുണർന്നു. പരസ്പരം കളിച്ചുവളർന്നവർ. രക്തബന്ധം..

കൂടപ്പിറപ്പ്. കണ്ണുനീർത്തുള്ളികൾ മത്സരിച്ചൊഴുകി. മ്മാ… മ്മാ.. ആരുവിന്റെ കരച്ചിൽ. ഏതോ ഒരു ബന്ധുവിന്റെ കൈയിലിരുന്ന് കൈകൾ നീട്ടി ഉറക്കെ കരയുകയാണവൻ. രണ്ട് മാതൃഹൃദയങ്ങളും ഒരേസമയം തുടിച്ചുയർന്നു. നൊന്തുപ്രസവിച്ചവളുടെ.. ജന്മം നല്കിയവളുടെ മാറ് വാത്സല്യത്താൽ ചുരന്നപ്പോൾ.. പേറ്റുനോവറിയാത്തവളുടെ മാറ് ചുരന്നതും അവളാ കുരുന്നിന്റെ അമ്മയായതിനാലായിരുന്നു. ഒരേസമയം ആ രണ്ടമ്മമാരുടെയും കാലുകൾ അങ്ങോട്ട് ചലിച്ചു. കൈകൾ നീണ്ടു തന്റെ പൊന്നോമനയെ വാരിയെടുത്ത് മാറോട് ചേർക്കുവാൻ.. ആ നെറുകയിൽ വാത്സല്യത്തിൽ ചാലിച്ച സ്നേഹചുംബനം പകരുവാൻ. രൂപം കൊണ്ട് സാമ്യമുള്ളവർ. അല്ലിയെയും ആമിയെയും അവൻ മാറിമാറി നോക്കി. ഏങ്ങലടിക്കുമ്പോഴും അവൻ പകച്ചമുഖത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരും ശ്വാസമടക്കി നിൽക്കുകയാണ്.

ഒന്നും ആലോചിക്കാതവൻ അല്ലിയുടെ കൈകളിലേക്ക് ചാടി. തന്റെ പോറ്റമ്മയാണെന്നറിയാതെ താൻ അനുഭവിച്ച അമ്മയുടെ വാത്സല്യമറിഞ്ഞവളുടെ മാറിലേക്കവൻ പറ്റിച്ചേർന്നു. അവനെ ഇറുകെപ്പുണർന്ന് തെരുതെരെ ചുംബിച്ചു. നീട്ടിയ കൈകളുമായി ആമി അത് കണ്ടുനിന്നു. തന്റെ മകൻ.. മരണവേദനയറിഞ്ഞ് താൻ ജന്മം നല്കിയവൻ. അവനെയവൾ കൺനിറയെ കാണുകയായിരുന്നു. അല്ലിയുടെ മാറോടൊട്ടിയിരിക്കുന്ന തന്റെ ചെല്ലക്കുരുന്നിനെ. ആമിയുടെ കണ്ണുകൾ തോരാമഴപോലെ പെയ്തുകൊണ്ടേയിരുന്നു. വല്ലാത്തൊരു വേദന അവളിൽ നിറഞ്ഞു. മുൻപിലെ കാഴ്ചകൾ കണ്ട് സഹിക്കാനാകാതെ നിവേദ് മുടിയിൽ കൈകൾ കോർത്തുപിടിച്ചു. ശീതക്കാറ്റ് അടിച്ചതുപോലെ അവൻ വിറച്ചുകൊണ്ടേയിരുന്നു.

കണ്മുൻപിൽ നിൽക്കുന്നത് രണ്ട് സ്ത്രീകളാണ്. തന്റെ ജീവിതത്തിലെ ഏറെ പ്രാധാന്യം അർഹിക്കുന്ന സ്ത്രീകൾ. തന്റെ ഭാര്യമാർ. ഓർക്കുന്തോറും അവന് ഭ്രാന്ത്‌ പിടിച്ചു കൊണ്ടേയിരുന്നു. പ്രാണനായി മാറിയവർ. ഹൃദയത്തുടിപ്പായി മാറിയവർ. ഇരുവരെയും അഭിമുഖീകരിക്കുവാൻ പോലും അവന് വല്ലാത്ത വിമ്മിഷ്ടം തോന്നി. തെറ്റുകാരനെന്ന് മനസാക്ഷി വിരൽ ചൂണ്ടുന്നതുപോലെ. രണ്ടുപേരുടെ ജീവിതവും താൻ കാരണം ഇല്ലാതായി എന്ന തോന്നൽ അവനെ വല്ലാതെ വലച്ചു. ഒന്ന് മരിച്ചു പോയിരുന്നെങ്കിലെന്ന് അവൻ വല്ലാതെ ആശിച്ചുപോയി. അത്രമേൽ അവൻ വേദനിക്കുകയായിരുന്നു. വേദനയാൽ അവന്റെ ഹൃദയം പിടയുകയായിരുന്നു. അലമുറയിടുകയായിരുന്നു അവന്റെ മനസ്സ് ഓരോ നിമിഷവും. മഹേശ്വരിയമ്മ സമചിത്തത വീണ്ടെടുക്കാൻ ശ്രമിച്ചു.

മനസ്സ് വല്ലാതെ പിടയുമ്പോഴും അവർ ക്ഷണം സ്വീകരിച്ചെത്തിയ ബന്ധുക്കളെ യാത്രയാക്കുവാൻ നിന്നു. മനസ്സില്ലാമനസ്സോടെ എന്ത് സംഭവിക്കുമെന്ന ആശയക്കുഴപ്പത്തിൽ ഏവരും പാലാഴിയുടെ പടിയിറങ്ങി. ആരൂട്ടാ.. ആമി മെല്ലെ വിളിച്ചു. ഗദ്ഗദത്താൽ അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. അല്ലിയുടെ മാറിൽ മുഖമൊളിപ്പിച്ചിരുന്ന ആരു മെല്ലെ തലയുയർത്തി നോക്കി. ആ കുഞ്ഞിക്കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞുനിന്നിരുന്നു. അമ്മേടെ പൊന്നുമോനേ.. ആമി അവനെ പൊടുന്നനെ വാരിയെടുത്ത് തെരുതെരെ ചുംബിച്ചു. അവളുടെ കണ്ണുനീർത്തുള്ളികൾ മോന്റെ മുഖമാകെ പടർന്നു. വിമ്മിഷ്ടത്തോടെ ആരു കാൽ അവളുടെ നെഞ്ചിലൂന്നി കുതറി. പെട്ടെന്നായതിനാൽ ആമിയുടെ കൈകളയഞ്ഞു. നിവേദ് പിടഞ്ഞെഴുന്നേൽക്കും മുൻപേ അല്ലിയുടെ കരങ്ങൾ അവനെ താങ്ങിയിരുന്നു. വിറയലോടെ ആമി നെഞ്ചിൽ കൈകളമർത്തി.

അവൾ വല്ലാതെ ഭയന്നിരുന്നു. ആമിയുടെ ഭയം മനസ്സിലാക്കിയെന്നപോലെ അല്ലി അവളെ പതിയെ ചുമലിൽ തട്ടി. പേടിക്കേണ്ട.. കുറുമ്പനാ. കുസൃതി കൂടുതലാ. അല്ലി മെല്ലെ മോനെ തോളിലിട്ട് തട്ടി. അവൻ വീണ്ടും അല്ലിയോട് പറ്റിച്ചേർന്നു. നീ നീയെങ്ങനെയാ രക്ഷപ്പെട്ടത്. അന്നത്തെ ആക്‌സിഡന്റിൽ നിന്നെങ്ങനെയാ രക്ഷപ്പെട്ടത്. മഹേശ്വരിയമ്മ അവൾക്കരികിലേക്ക് വന്നു. ആ ഓർമ്മകളിലേക്ക് അവൾ മടങ്ങിപ്പോയി. അച്ഛനും താനുമായി പുറപ്പെട്ട ദിനം. *************** ആമീ… ഇത് ശരിയല്ലാട്ടോ. മോനൂട്ടന് മൂന്ന് മാസമേയായുള്ളൂ. ഈ പ്രായത്തിൽ അവന് അമ്മയുടെ സാമീപ്യം അനിവാര്യമാണ്.

കുഞ്ഞിന് ആറുമാസമെങ്കിലും ആയിട്ട് പോരായിരുന്നോ നിന്റെ ടെസ്റ്റ്‌ ഒക്കെ. അച്ഛനറിയില്ലേ എനിക്ക് ജോലി നേടാനാണ് താത്പര്യമെന്ന്. മോനെ നോക്കാൻ അല്ലിയും അമ്മയുമൊക്കെയുണ്ടല്ലോ. അല്ലിയാണോ അവന്റെ അമ്മ. നിനക്ക് പകരമാകുമോ അവൾ. കുഞ്ഞിനെയിട്ടിട്ട് ഇത്രയും ദൂരം പോകണ്ടേ. ഇപ്പോൾ തന്നെ നാല് മണിക്കൂർ കഴിഞ്ഞു. ഇനിയും വേണം അവിടെയെത്താൻ മണിക്കൂറുകൾ. ഒന്നോ രണ്ടോ ദിവസത്തെ കാര്യമല്ലേ അച്ഛാ. അവൻ കുഞ്ഞായത് കൊണ്ടല്ലേ കൂടെ കൂട്ടാത്തത്. നിവേദേട്ടന് പ്രശ്നമൊന്നുമില്ലല്ലോ.. അവൾ ചുണ്ട് കോട്ടി. നിന്നോടുള്ള ഇഷ്ടം കാരണമാണ് അവനൊന്നും പറയാത്തത്. അത് മുതലെടുക്കാൻ മോൾ ശ്രമിക്കരുത്. നീയൊരു ഭാര്യ മാത്രമല്ല. മരുമകളും ഒരമ്മയുമാണ്.

നിവേദ് മാത്രമല്ല നിന്റെ ലോകം. വിവാഹശേഷം എല്ലാ പെൺകുട്ടികൾക്കും മഹേശ്വരിയമ്മയെപ്പോലെ അമ്മായിയെ ലഭിക്കണമെന്നില്ല. സ്വന്തം മകളെപ്പോലെയാണ് അവർ നിന്നെ നോക്കുന്നത്. എന്നാൽ നീ അവർക്ക് പരിഗണന നൽകുന്നുണ്ടോ. അച്ഛൻ വണ്ടി നിർത്തിക്കേ.. വണ്ടി നിർത്തിയയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി. വിവാഹത്തിന് മുൻപ് അച്ഛനെന്താ പറഞ്ഞത്, ഭർത്താവാണ് ഇനി നിന്റെ ലോകമെന്ന്. എന്നിട്ടെന്തിനാ എന്നെ വഴക്ക് പറയുന്നത്. പെൺകുട്ടികൾക്ക് ജോലി വേണ്ടേ. അല്ലാതെ കുറേ സർട്ടിഫിക്കറ്റ്സ് നേടിയിട്ട് അതിനെ അലമാരയിൽ വച്ച് പൂട്ടിയാൽ മതിയോ. മോളേ അച്ഛനതൊന്നുമല്ല പറഞ്ഞത്. പെൺകുട്ടികൾ പഠിക്കുന്നതും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുന്നതും നല്ലൊരു കാര്യമാണ്.

അവൾ വിവാഹിതയാണെങ്കിൽ ഭർത്താവിനെയും കുഞ്ഞിനെയും അമ്മയെയും കുടുംബത്തെയും കൂടി പരിഗണിക്കണമെന്നാണ് പറഞ്ഞത്. നിനക്ക് ഈ ടെസ്റ്റ്‌ അത്യാവശ്യമായിരുന്നുവെങ്കിൽ അച്ഛനിത് പറയേണ്ടി വരില്ലായിരുന്നു. നീ എട്ടുമാസം ഗർഭിണിയായിരുന്ന സമയത്താണ് ഇതിന് അപ്ലൈ ചെയ്തത്. അന്ന് നമ്മുടെ ജില്ലയിൽ സെന്റർ ഉണ്ടായിരുന്നിട്ടും നീ ദൂരെയാണ് സെന്റർ തിരഞ്ഞെടുത്തത്. നീ പുറത്ത് കറങ്ങിനടക്കാൻ ഇഷ്ടപ്പെടുന്നവളാണ്. പക്ഷേ സാഹചര്യം മനസ്സിലായിട്ടും നീ ഇങ്ങനെ ചെയ്തത് കൊണ്ട് അച്ഛൻ പറഞ്ഞെന്നേയുള്ളൂ. അത് ശരിയാണെന്ന് അറിയാവുന്നതിനാൽ അവൾ മുഖം വീർപ്പിച്ചു. അച്ഛൻ എന്റെ കൂടെ വരേണ്ട. ഞാൻ പൊയ്ക്കോളാം. പെട്ടെന്ന് ആവേശത്തിൽ അവൾ ഡോർ വലിച്ചു തുറന്നു. മോളേ ലോറി …

അച്ഛന്റെ അലർച്ച അവിടെ മുഴങ്ങി. ഡോർ തുറന്നത് മറ്റ് വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കാതെയാണ്. പുറത്തിറങ്ങിയതിനാൽ ഡോറിൽ ചരക്ക് ലോറി ഇടിച്ചു. ആ ആഘാതത്തിൽ തെറിച്ചുവീണത് കുറ്റിച്ചെടികൾക്ക് ഇടയിലും. കല്ലിലോ മറ്റോ തട്ടി ബോധം മറഞ്ഞിരുന്നു. ഓർമ്മ തെളിയുമ്പോൾ ശരീരമാസകലം പരിക്കുകളായിരുന്നു. റിബ്സ് പൊട്ടലുണ്ടായിരുന്നു തോളെല്ലും. അനങ്ങാനോ സംസാരിക്കുവാനോ ആകുമായിരുന്നില്ല. അതുവഴിവന്നതാകാം ഒരു കാറിലുണ്ടായിരുന്ന ചേച്ചിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്. തലയ്ക്ക് പരിക്കുണ്ടായിരുന്നതിനാൽ ബോധമില്ലാതെ ആരാണെന്നറിയാതെ ഹോസ്പിറ്റലിൽ. അവർക്ക് പൊല്ലാപ്പാകാതിരിക്കാനാകാം അവരുടെ സഹോദരിയെന്ന്‌ പറഞ്ഞത്. അവൾ ദീർഘനിശ്വാസത്തോടെ നിർത്തി. *****

എല്ലാവരുടെയും മിഴികൾ അപ്പോഴും തോർന്നിരുന്നില്ല. ആമിയുടെ അനാവശ്യമായ വാശിക്കായിരുന്നോ അച്ഛനും… അല്ലി വിതുമ്പി. ആദ്യമായി നിവേദിന് ആമിയോട് നീരസം തോന്നി. അവൾ പ്രധാനപ്പെട്ട ടെസ്റ്റ്‌ എന്ന് പറഞ്ഞ് കരഞ്ഞതിനാലാണ് മോൻ അത്രയും കുഞ്ഞായിരുന്നിട്ടും ഇത്രയും ദൂരം പോകാൻ അനുവദിച്ചത്. അപ്പോഴാണ് അല്ലിയുടെ നെറുകയിലെ സിന്ദൂരം ആമി ശ്രദ്ധിച്ചത്. അവളുടെ കണ്ണുകൾ മിഴിഞ്ഞു. നിന്റെ.. നിന്റെ വിവാഹം കഴിഞ്ഞോ… സീമന്തരേഖയിലെ അല്ലിയുടെ സിന്ദൂരച്ചുവപ്പിലേക്ക് കൈചൂണ്ടി ആമി ചോദിച്ചു. അല്ലിയുടെ മിഴികൾ പിടയലോടെ നിവേദിൽ പതിഞ്ഞു. അവനും പതറി നിൽക്കുകയായിരുന്നു. ഉൾക്കിടിലത്തോടെ മഹേശ്വരിയമ്മ അംബികയെ നോക്കി. അല്ലിയുടെ മിഴികൾ അപ്പോഴും നിവേദിൽ തന്നെയായിരുന്നു.

എന്ത് പറയണമെന്ന് അറിയാതെ ആശങ്ക നിറയുമ്പോഴും അവളിലെ ഭാര്യ തന്നെയൊന്ന് ചേർത്തുപിടിക്കാൻ യാചിക്കുന്നതുപോലെ അവന് തോന്നി. നിവേദിലെ നിസ്സഹായത അവൾ കണ്ടറിഞ്ഞു. ഹൃദയം നുറുങ്ങുമ്പോഴും അവൾ ചുണ്ടിലൊരു പുഞ്ചിരി വരുത്താൻ വല്ലാതെ പരിശ്രമിച്ചു. മ്… അവൾ തലയാട്ടി. ആമിയുടെ മുഖം സന്തോഷത്താൽ വിടർന്നു. അവളോടിച്ചെന്ന് നിവേദിന്റെ കൈകളിൽ തൂങ്ങി. അല്ലി വേദനയോടെ ഒന്ന് ചിരിച്ചു. നിവേദിനോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന ആമിയെ കാണുമ്പോൾ തന്റെ നെഞ്ച് നീറിപ്പിടയുന്നത് അവളറിയുന്നുണ്ടായിരുന്നു.

കഴുത്തിൽ താലിചാർത്തിയവൻ. ഉദരത്തിൽ നാമ്പിട്ട കുഞ്ഞിന്റെ അച്ഛൻ. തനിക്ക് സ്വന്തമായവൻ മറ്റൊരു പെൺകുട്ടിയുടെ അടുക്കൽ നിൽക്കുമ്പോഴുണ്ടാകുന്ന നീറ്റൽ അവളിലും പടർന്നു. അന്നേരം അത് ആമിയാണെന്നും അവന്റെ ഭാര്യ കൂടിയാണെന്നും അവൾ ഓർത്തു. ദേ.. നിവേദേട്ടാ.. എനിക്ക് കാണാൻ കഴിഞ്ഞില്ല ഇവളുടെ വിവാഹം. നിങ്ങളെല്ലാവരും കൂടിയല്ലേ. അമ്മയെയും അച്ഛനെയും വിളിക്കട്ടെ ഞാൻ. എന്നെക്കൂട്ടാതെ എല്ലാവരും വിവാഹം നടത്തിയല്ലോ. ആരാ ആൾ.? എവിടെയാ നിന്റെ ചെക്കൻ.? നിവേദിനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ ചോദിച്ചു. അല്ലിയും നിവേദുo പകപ്പോടെ പരസ്പരം നോക്കി. എന്ത് പറയണമെന്നറിയാതെ അവർ നിലകൊണ്ടു. അല്ലിയുടെ കൈകൾ അവളുടെ കഴുത്തിലെ താലിയിൽ മുറുകി…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 10

Share this story