ഉറവിടം: ഭാഗം 6

ഉറവിടം: ഭാഗം 6

എഴുത്തുകാരി: ശക്തി കല ജി

മഹി അവളെ കാബിനിനകത്തേക്ക് വിളിച്ച് കൊണ്ട് പോയി… കസേരയിൽ ഇരുത്തി… നെറ്റിയിലെ കരിനീലിച്ച് കിടന്ന പാടിൽ വിരലോടിച്ചു.. ” ഇത്രയും ഉപദ്രവിച്ചോ…ഒത്തിരി വേദനിച്ചോ…. “മഹി പതിയെ ചോദിച്ചു… ” ഇല്ല” അവൾ പരിഭ്രമത്തോടെ സഞ്ജയ് നിൽക്കുന്ന ഭാഗത്തേക്ക് നോക്കി. “ടാ… നിന്നെ ഞാൻ “മഹി തിരിഞ്ഞ് സഞ്ജയുടെ ഷർട്ടിൽ കുത്തി പിടിച്ചു… സഞ്ജയ് പുറകോട്ടാഞ്ഞു പോയി…. മഹിയുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ സഞ്ജയ് പതറിയെങ്കിലും പിടിച്ചു നിന്നു… മീനാക്ഷി ഓടി ചെന്ന് മഹിയെ പിടിച്ച് മാറ്റാൻ ശ്രമിച്ചുവെങ്കിലും മഹിയുടെ കൈവിരലുകൾ സഞ്ജയുടെ കവിളിൽ പതിഞ്ഞിരുന്നു…. സഞ്ജയ് ഞെട്ടലോടെ മഹിയെ നോക്കി അവൻ മഹിയേ തള്ളി മാറ്റി ..

“നിനക്ക് ഏതോ വകയിലെ നിൻ്റെ പെങ്ങൾ വലുതാണെങ്കിൽ എനിക്ക് എൻ്റെ സ്വന്തo പെങ്ങൾ ആണ് വലുത്…. അവളുടെ ജീവിതം സുരക്ഷിതമാണോ എന്ന് അന്വേഷിക്കുന്നത് എൻ്റെ കടമയാണ് …നീ കള്ളനാണ്… കള്ളത്തരം ആയതു കൊണ്ടല്ലേ എന്നോട് സത്യം മറച്ച് വെച്ചത്.. നീ എന്നോട് കാര്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കുമായിരുന്നോ .. എനിക്ക് ഇവളോട്‌ ഇങ്ങനെ പെരുമാറേണ്ടി വരുമോ “സഞ്ജയ് ദേഷ്യത്തോടെ ചോദിച്ചു… സഞ്ജയുടെ വാക്കുകൾ അവളെ കൂടുതൽ വേദനിപ്പിച്ചു…. അതെ ഏതോ ഒരു പെങ്ങൾ അത്രയും ബന്ധം മാത്രമേയുള്ളു.. പക്ഷേ മഹി അവൻ്റെ സ്വന്തംപെങ്ങളുടെ സ്ഥാനത്ത് തന്നെയാണ് കാണുന്നത്.. അവൾ വേദനയോടെ മഹിയുടെ മറുപടി എന്താന്നറിയാൻ അവനെ നോക്കി…

“അത് പിന്നെ സാഹചര്യം വരുമ്പോൾ പറയാം എന്ന് കരുതിയാണ് പറയാതിരുന്നത് .. പക്ഷേ എന്നാലും നീ ഇത്രയ്ക്ക് ഉപദ്രവിക്കാൻ പാടില്ലായിരുന്നു.. എന്തായാലും സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കാതെ നീ ഉപദ്രവിച്ചത് ശരിയായില്ല .”മഹി ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത് .. “പിന്നെ ഞാൻ എന്തു ചെയ്യണം ആയിരുന്നു .നീ ഒരു പെണ്ണിൻ്റെ കൂടെ കറങ്ങി നടക്കുകയാണെന്ന് എന്നറിഞ്ഞപ്പോൾ ഇവളെ പൂവിട്ട് പൂജിക്കണം ആയിരുന്നോ.. ഞാൻ എൻ്റെ പെങ്ങളുടെ സുരക്ഷ.. അത് മാത്രമേ നോക്കിയുള്ളൂ.. നീ എന്നു പറഞ്ഞാൽ അവൾക്ക് ജീവനാണ്. നീ ഇല്ലെങ്കിൽ അവിടെ ചത്തു കളയും”… ആ അവളോട് പോലും നീ മറച്ചു വച്ചില്ലേ…. ” സഞ്ജയ് പറഞ്ഞു.. മഹി മറുപടി പറയാനാവാതെ നിന്നു…

“ഞാൻ ഒരിക്കലും മഹിയുടെ വീട്ടിലേക്ക് പോവില്ല.. .ആർക്കും ബുദ്ധിമുട്ടും ഉണ്ടാക്കില്ല . നാട്ടിൽ ഞാൻ എങ്ങനെയും ജീവിച്ചേനെ.. മഹിയാണ് സമ്മതിക്കാതെ എന്നെ ഇവിടെ വിളിച്ചു കൊണ്ടുവന്നത്.. ഓഫീസിൽ ജോലിക്കും കയറാൻ പറഞ്ഞത് .. സമാധാനമായില്ലേ മഹി നിനക്ക്.. എനിക്കറിയാം ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന്….. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം… ആർക്കും ഞാൻ കാരണം ഒരു ബുദ്ധിമുട്ടും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് ..എൻ്റെ അമ്മയ്ക്കും അത് ഇഷ്ടം ഉണ്ടാവില്ല .. സഞ്ജയ് സർ പേടിക്കണ്ട.. സാറിൻ്റെ പെങ്ങൾ അവിടെ സുഖായി തന്നെ ജീവിക്കും… ഞാൻ മടങ്ങി പോവാ.. പെങ്ങളുടെ അവകാശം പറഞ്ഞ് ഒരിക്കലും വരില്ല.. “എന്ന് മീനാക്ഷി നിറകണ്ണുകളോടെ പറഞ്ഞപ്പോൾ അവർ രണ്ടുപേരും അവളെ വേദനയോടെ നോക്കി ..

“സഞ്ജയേട്ടാ ഞങ്ങൾക്ക് കുറച്ചു പേഴ്സണലായി സംസാരിക്കാനുണ്ട് ” എന്ന് പറഞ്ഞ് കൊണ്ട് മഹി തിരിഞ്ഞ് നിന്നു… ഒരു നിമിഷം അവരെ ഇരുവരെയും മാറി മാറി നോക്കിയിട്ട് അവൻ ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോയി.. “സഞ്ജയ് സാറിനെ തല്ലേണ്ടിരുന്നില്ല . സാറിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ സാറിൻ്റെ ഭാഗത്താണ് ന്യായം … മഹി സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു . ഞാൻ ഇവിടെ വന്നില്ലായിരുന്നെങ്കിലും ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു… ആരുമറിയാതെ എവിടെയെങ്കിലും ഞാൻ ജീവിച്ചു പോയേനെ.. മഹിയുടെ എന്നെ ഇവിടെ ഈ ഓഫീസിൽ കൊണ്ടുവന്നതിൻ്റെ ഉദ്ദേശം എന്താ എന്ന് എനിക്ക് ഇപ്പോൾ അറിയണം” മീനാക്ഷി വാശിയുടെ ചോദിച്ചു “എൻ്റെ ചേച്ചിയായി ഒപ്പം കൂട്ടാൻ വേണ്ടി തന്നെയാണ് ആദ്യം ഓഫീസിലേക്ക് കയറ്റിയത്..

വൈകാതെ ഞാൻ വീട്ടിലേക്ക് കൊണ്ടുപോകും എൻ്റെ സ്വന്തം ചേച്ചിയെ ആയി …അച്ഛനെ പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം .. പക്ഷേ അമ്മ എങ്ങനെ എടുക്കും എന്ന് ഒരു രൂപവും ഇല്ല എന്നാലും കൈവിടില്ല എന്ന് ഉറപ്പുണ്ട് എനിക്ക് .. ആ മനസ്സു നിറയെ സ്നേഹമാണ് …സ്നേഹം എല്ലാവർക്കും പകർന്നു നൽകാൻ സന്തോഷം ഉള്ള അമ്മയാണ്.. അതുകൊണ്ട് ആരോടും ദേഷ്യപ്പെടില്ല ആരോടും വെറുപ്പും തോന്നില്ല ” പുഞ്ചിരിയോടെ പറഞ്ഞു മഹി… “എന്നാലും മഹി അതൊന്നും ശരിയാവില്ല… വാക്കുകൾ കൊണ്ട് പറയുന്നത് പോലെ എളുപ്പമല്ല..അത് പ്രവർത്തിയിൽ കൊണ്ടു വരുമ്പോൾ ..എല്ലാവർക്കും മാനസികമായി ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒരുപാട് ഉണ്ടാവും …

പ്രത്യേകിച്ച് നിൻ്റെ അമ്മയ്ക്ക് … ഭർത്താവിന് വേറെ ഒരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞാൽ ഒരു പെണ്ണും സഹിക്കില്ല.. നിൻ്റെ അമ്മ എന്നെ വെറുക്കും… എനിക്ക് എത്രയും വേഗം നാട്ടിൽ പോണം .. എന്നെ തിരിച്ച് പോകാൻ അനുവദിക്കണം … മീനാക്ഷി യാചന പോലെ പറഞ്ഞു .. “ഇവിടെ നിന്ന് പോകാം പക്ഷേ ഞങ്ങളുടെ വീട്ടിലേക്ക് ആണെന്ന് മാത്രം …നാട്ടിലേക്ക് പോകാൻ നമ്മുടെ കാര്യങ്ങൾ എല്ലാവർക്കും പറഞ്ഞിട്ട് ഒരുമിച്ച് പോകാം…അച്ഛൻ്റെ ഇഷ്ടങ്ങളും പ്രണയങ്ങളും എല്ലാം ഉള്ള ആ നാട്ടിലേക്ക് ,അച്ഛനെ ഇഷ്ടപ്പെട്ട കൗതുക വസ്തുക്കളും കുന്നും മലയും കാവും ആ ഗ്രാമ ഭംഗിയും എല്ലാം ഞങ്ങൾക്കും അവിടെ താമസിച്ച് തന്നെ ആസ്വദിക്കണം.. അങ്ങനെ ഒരു കാലം വരും തീർച്ചയായും…

അതുവരെ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി ” എന്ന് മഹി ഉറപ്പിച്ചു പറഞ്ഞതും മീനാക്ഷി അവനെ നോക്കി .. “എന്തിനാണ് മഹി അച്ഛനെ പഴയതൊക്കെ ഓർമ്മിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നത്… ഇപ്പോൾ ഉള്ള ജീവിതം സന്തോഷത്തോടുകൂടി അല്ലേ അച്ഛൻ ജീവിക്കുന്നത് അതുമതി … മറന്നുപോയത് മറന്നുപോയതായി തന്നെ ഇരിക്കട്ടെ .. അത് വീണ്ടും ഓർമ്മയിൽ കൊണ്ടുവന്നു കഴിഞ്ഞാൽ ചിലപ്പോൾ ഇപ്പോഴുള്ള സന്തോഷവും സമാധാനവും എല്ലാം നഷ്ടപ്പെടും .. അച്ഛൻ്റെ മനസ്സ് വേദനിക്കില്ലേ .അത് കൊണ്ട് വേണ്ട ..ഞാൻ പറയുന്നത് എന്താണ് മനസ്സിലാക്കാത്തത് .. എപ്പോഴായാലും ഞാൻ ഒഴിഞ്ഞു പോയേ മതിയാവൂ .. നിൻ്റെ ജീവിതം നല്ലതായിരിക്കണം എങ്കിൽ ഞാൻ ഇവിടെ നിന്ന് പോകണം എന്നാണ് എൻ്റെ മനസ്സ് പറയുന്നത് …

സഞ്ജയ് സാറിന് പെങ്ങൾ സിന്ധ്യയുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന കാര്യം അദ്ദേഹം പറഞ്ഞു .. നീയദ്ദേഹത്തെ തല്ലിയത് ശരിയായില്ല .. നിങ്ങൾക്കിടയിലെ പ്രശ്നമുണ്ടായാൽ നിങ്ങളുടെ വിവാഹo നടത്താൻ അവർ സമ്മതിക്കില്ല .. ..എന്തായാലും നീ സഞ്ജയ് സാറിനോട് മാപ്പുപറഞ്ഞു പറ്റൂ “മീനാക്ഷി ഗൗരവത്തിൽ പറഞ്ഞു “ഇത്രയും തല്ലിച്ചതച്ച ആളെ പിന്നെ ഞാൻ എന്തു ചെയ്യണം ആയിരുന്നു …ഒരു മാനുഷിക പരിഗണന എങ്കിലും നൽകാമായിരുന്നു.. ശരി എൻ്റെ തെറ്റാണ്.. ഞാനാണ് സഞ്ജയേട്ടനോട് എല്ലാ കാര്യങ്ങളും തുറന്നു പറയാഞ്ഞത് എങ്കിലും എന്നോട് ചോദിക്കാം ആയിരുന്നല്ലോ .. എന്നോട് ചോദിക്കാതെ ഇവിടെ വന്ന് ഇങ്ങനെ തല്ലി ചോദിക്കേണ്ട ആവശ്യം എന്തായിരുന്നു …

എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ ഇവിടെ വന്ന് ഞാനറിയാതെ അന്വേഷിക്കാൻ വന്നത്.. അത് തെറ്റ് തന്നെയാണ് … അവളും കൂടി അറിഞ്ഞിട്ടുണ്ടാവും .. ഇങ്ങനെ സംശയരോഗം ഉള്ള കുടുംബത്തെ സ്വീകരിക്കേണ്ട ഒരു ആവശ്യവുമില്ല . ഇങ്ങനെ സംശയിക്കുന്നവർ ഞങ്ങളുടെ വിവാഹം കഴിഞ്ഞു സംശയിക്കുo… ജീവിതകാലം മൊത്തം സമാധാനമില്ലാതെ കഴിയേണ്ടി വരും…. അതിനേക്കാൾ നല്ലതാണ് പിരിയുന്നത്” മഹിയുടെ വാക്കുകളിൽ വേദന നിറഞ്ഞു .. “എന്തൊക്കെയാണ് മഹി പറയുന്നത് .. ആത്മാർത്ഥമായ പ്രണയത്തെ ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല .. അവർക്ക് താങ്ങാൻ ഉള്ള മനസ്സ് ഉണ്ടാവില്ല നഷ്ടപ്പെട്ട കഴിഞ്ഞിട്ട്പിന്നെ ഓർത്തിട്ട് വിഷമിച്ചത് കരഞ്ഞിട്ടു കാര്യമില്ല… എന്തു തന്നെയായാലും പക്വതയോടെ ചിന്തിച്ച് തീരുമാനമെടുക്കണം .സഞ്ജയ് സാറല്ലേ തെറ്റ് ചെയ്തത്..

പെങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ല മഹി… നിങ്ങൾ നേരിട്ട് കാര്യങ്ങൾ ചോദിച്ച് സംസാരിച്ചു കഴിഞ്ഞാൽ പരസ്പരം തെറ്റിദ്ധാരണകൾ എല്ലാം മാറും… വെറുതെ മനസ്സ് വിഷമിക്കേണ്ട എല്ലാം ശരിയാകും നീ ഇപ്പോൾ തന്നെ സാറിൻ്റെ അടുത്ത് പോയി സംസാരിച്ചു നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കണം .. വേഗം ചെന്ന് പറ”മീനാക്ഷി അല്പം ശാസനയോടെ പറഞ്ഞു “പക്ഷേ ഞാൻ “മഹി മടിച്ചു കൊണ്ട് നിന്നു മഹിl സഞ്ജയ് സാറിനോട് ക്ഷമ പറഞ്ഞില്ലെങ്കിൽ ഞാൻ ഇവിടെ നിന്ന് ഈ നിമിഷം ഇറങ്ങി പോകും.. ഞാൻ പിന്നീട് ഒരിക്കലും നിൻ്റെ കണ്മുന്നിൽ വരികയില്ല . ആരും കാണാത്ത എവിടെയെങ്കിലും പോകും” മീനാക്ഷി ഉറച്ച സ്വരത്തിൽ പറഞ്ഞതും മഹി മറ്റു വഴിയില്ലാതെ ക്യാബിനിൽ അനുസരണയോടെ നിന്നിറങ്ങി..

സഞ്ജയുടെ ക്യാബിനിലേക്ക് ചെന്നപ്പോൾ സഞ്ജയ് മുഖം കുനിച്ച് ഇരിക്കുന്നത് കണ്ടു . മഹി ക്യാബിനിനകത്തേക്ക് ചെന്നു നിന്നു .. സഞ്ജയ് മുഖമുയർത്തി നോക്കി…. ഇരുവരുടെ മനസ്സിലും ദേഷ്യം ഉണ്ടെങ്കിലും സഹോദരികളെ ഓർത്ത് പുറമെ പ്രകടിപ്പിച്ചില്ല… വിഷമം തുടർന്ന് പോയാൽ ബന്ധങ്ങളിൽ വിള്ളലുകൾ വിഴാം… എത്രയും പെട്ടെന്ന് പറഞ്ഞ് തീർക്കണം.. തൻ്റെ എടുത്ത് ചാട്ടം കൊണ്ട് പെങ്ങളുടെ ഇഷ്ട്ടപ്പെട്ട ജീവിതം ഇല്ലാതാകാൻ പാടില്ല.. മനസ്സ് സ്വയം നിയന്ത്രിച്ചു…. ”വിട്ട് കള മഹി… നമ്മൾ രണ്ട് പേരുടെയും ഭാഗത്ത് തെറ്റ് ഉണ്ട്” എന്ന് പറഞ്ഞ് സഞ്ജയ് എഴുന്നേറ്റു… മഹി സഞ്ജയുടെ മുഖത്തേക്ക് നോക്കിയില്ല….. ” ശരിയാണ്” എന്ന് മാത്രം മറുപടി പറഞ്ഞ് മഹി തിരിഞ്ഞ് നടന്നു…

സഞ്ജയ് തൻ്റെ കവിളിൽ തലോടി… എന്ത് സ്നേഹത്തോടെ കഴിഞ്ഞതാണ്…. എത്ര പെട്ടെന്നാണ് കലഹം തുടങ്ങിയത്….. മീനാക്ഷി ഇവിടേക്ക് വന്നത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ…. ഒരു പക്ഷേ വരാതിരുന്നെങ്കിൽ.. അവൻ വലത് കരം നെഞ്ചോട് ചേർത്ത് പിടിച്ചു…… ഹൃദയം വേദനിക്കുന്നുണ്ട്.. അതിനുള്ളിൽ ചോര പൊടിയുന്നുണ്ട്…. എന്തുകൊണ്ടാണ്.. അവൾ കാരണം തൻ്റെ പെങ്ങൾ വേദനിക്കുമോ എന്ന ഭയം.. പക്ഷേ മഹിക്കും ഇത് പോലെ തന്നെയാവും വേദനിച്ചിട്ടുണ്ടാവുക…. അവൻ്റെ അമ്മയുടെ വയറ്റിൽ പിറന്നതല്ലെങ്കിലും അച്ഛൻ്റെ ചോരയല്ലെ അവൾ.. അവൻ്റെ പെങ്ങൾ….. അവൻ കണ്ണടച്ച് സീറ്റിലേക്ക് ചാരിയിരുന്നു…….. ” തുടരും

ഉറവിടം: ഭാഗം 5

Share this story