ആത്മിക : ഭാഗം 45

ആത്മിക : ഭാഗം 45

എഴുത്തുകാരി: ശിവ നന്ദ

“അതിന് ഹർഷേട്ടനെ കാണാൻ അല്ലല്ലോ ഞാൻ ഓടിവന്നത്..എവിടെ എന്റെ കള്ളച്ചെക്കൻ???” അവൾ ചോദിച്ചുതീർന്നതും വാതിലിന്റെ മറവിൽ നിന്നും ഒരു കുഞ്ഞിതല പുറത്തേക്ക് നീണ്ടുവന്നു…മുളച്ചുവന്ന നാല് കുഞ്ഞരിപല്ലുകൾ കാട്ടി ചിരിച്ചതും അമ്മു അവനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തിരുന്നു…അപ്പോഴേക്കും അമ്മുവിന്റെ കവിളിൽ അവന്റെ പല്ലിന്റെ മുദ്ര പതിഞ്ഞിരുന്നു…ഒന്നരവയസുകാരൻ ദച്ചു എന്ന അച്യുത് ദേവ്കിരണിന്റെ. “സ്സ്ഹാ…അപ്പച്ചിക്ക് വേദനിച്ചുട്ടോ” കവിൾ തിരുമ്മി അവൾ പറഞ്ഞതും കുഞ്ഞിചെക്കൻ ചുണ്ട് പിളർത്തി അവളെ നോക്കി..ഒരു കള്ളച്ചിരി അവളിൽ കണ്ടതും അവനും ചിരിച്ചു..എന്നിട്ട് ഇരുകവിളിലും അമർത്തി ഉമ്മ വെച്ചു. “ഈ കുരുപ്പ് ഇവിടെ ഉണ്ടായിരുന്നോ??” ജെറിയുടെ ശബ്ദം കേട്ടതും ദച്ചു അമ്മുവിന്റെ കൈയിൽ ഇരുന്നു കുതറാൻ തുടങ്ങി..

ജെറി കൈനീട്ടാൻ കാത്തിരുന്നത് പോലെ അവന്റെ മേലേക്ക് ഒരു ചാട്ടം ആയിരുന്നു ചെക്കൻ.അവൻ പൊക്കിപിടിച്ചതും ദച്ചു അന്റെ നെഞ്ചിലും മുഖത്തും ഒക്കെ ചവിട്ടിക്കയറാൻ തുടങ്ങി. “ഇപ്പോഴേ വികൃതി ആണ്..ഇവന്റെ പല്ലിന്റെ മൂർച്ച അറിയാത്ത ആരുമില്ല ഇവിടെ” “ഏറ്റവും കൂടുതൽ കിട്ടിയിരിക്കുന്നതും ഹർഷേട്ടന് തന്നെയല്ലേ” ജെറി പറഞ്ഞത് കേട്ട് ഹർഷൻ വാത്സല്യത്തോടെ ദച്ചുവിനെ നോക്കി..അവൻ ഏല്പിക്കുന്ന മുറിവുകളും വേദനകളും അത്രമേൽ സ്നേഹത്തോടെയാണ് താൻ അനുഭവിക്കുന്നത്.അവന്റെ ചിരിയിൽ അലിഞ്ഞുപോകാത്ത ഒരു ദുഃഖവും ഇല്ല.. “അമ്മായി എവിടെ ഹർഷേട്ടാ??” “നിന്റെ പരീക്ഷക്ക് വേണ്ടി നേർന്ന നേർച്ചയൊക്കെ നടത്താൻ പോയേക്കുവാ” “ഹോ എങ്ങനെ നടന്ന സ്ത്രീ ആയിരുന്നു..ഇപ്പോൾ സദാസമയം അമ്പലവും വഴിപാടും തന്നെ” ദീർഘനിശ്വാസത്തോടെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ അമ്മുവിന്റെ കൈയിൽ കൊടുത്തിട്ട് ജെറി ഇറങ്ങി.

“നീ പോകുവാണോ??” “ഇപ്പോൾ തന്നെ ലേറ്റ് ആയി ഹർഷേട്ടാ..ഓഫീസിൽ ഇപ്പോ എല്ലാവർക്കും ഭയങ്കര കൃത്യനിഷ്ഠയാ..പണ്ടത്തെ പോലെ കളിയും ചിരിയും ഒന്നുമില്ല” ഹർഷനോട് പറയുമ്പോഴും നോട്ടം അമ്മുവിലേക്ക് ചെന്നു.അത് ശ്രദ്ധിക്കാത്തത് പോലെ അവൾ ദച്ചുവിനെ ഹർഷന്റെ മടിയിൽ ഇരുത്തിയിട്ട് ബാഗുകൾ ഓരോന്നായി അകത്തേക്ക് വെയ്ക്കാൻ തുടങ്ങി. “ജെറി…ദിയ??” “ഓ അപ്പോൾ പ്രാണസഖിയെ കാത്തിരിക്കുവായിരുന്നല്ലേ ഹൃദയകുമാരൻ..അമ്മുവേ..ഇങ്ങേര് നിന്നെ നോക്കിയിരിക്കുവല്ലായിരുന്നെന്ന്” “പോടാ…” ഹർഷനിൽ ചെറുതായി നാണം വിരിഞ്ഞു. “അയ്യാ..എന്താ ഒരു നാണം..ഇങ്ങനെ പ്രേമിച്ച് നടക്കാതെ അതിനെ അങ്ങ് കെട്ടിക്കൂടെ???” “ഞാനൊന്ന് എഴുന്നേറ്റോട്ടെ..അതിന്റെ പിറ്റേന്ന് ഞങ്ങളുടെ കല്യാണം”

“മ്മ്മ് മ്മ്മ് ശരി…ഞാൻ ചെയ്തുകൊണ്ടിരുന്ന വർക്ക്‌ അവളെ ഏല്പിച്ചിട്ടാ അമ്മുവിനെ വിളിക്കാൻ പോയത്..ഞാൻ ചെന്നാലുടനെ അവളെ പറഞ്ഞ് വിട്ടേക്കാം..ഓക്കേ” ജെറി പോയതും അമ്മു അവളുടെ മുറിയിലേക്ക് പോയി..അപ്പോഴേക്കും ഹർഷന്റെ നെഞ്ചിൽ ചാരികിടന്ന് ദച്ചു ഉറക്കം തുടങ്ങിയിരുന്നു. ******** ബാഗിൽ നിന്നും കൃഷ്ണശില്പവും അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും എടുത്ത് അവൾ ടേബിളിലേക്ക് വെച്ചു.ക്ലിപ്പ് അഴിച്ച് മുടി വിടർത്തിയിട്ട് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു..ഹോസ്റ്റൽ വെള്ളത്തിൽ കുളിച്ച് മുടിയൊക്കെ കൊഴിയാൻ തുടങ്ങി..ഇനിവേണം കാച്ചെണ്ണ തേച്ച് കുളിക്കാൻ..ഹോ ഓർത്തിട്ട് തന്നെ കുളിരുകോരുന്നു..അങ്ങനെ ഓരോന്നും ഓർത്ത് മുടി കൊതികൊണ്ട് നിൽക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്..

പ്രതീക്ഷിച്ച കാൾ ആയതുകൊണ്ട് ചെറുചിരിയോടെ അവൾ അറ്റൻഡ് ചെയ്തു. “ഹലോ അമ്മച്ചി..” “ഹാ മോളെ..എവിടെയാ നീ..ഇപ്പോഴും ലൈബ്രറിയിൽ ആണോ??” “അല്ല അമ്മച്ചി ഞാൻ വീട്ടില്…അല്ല ഹോസ്റ്റലിൽ എത്തി” കത്രീനാമ്മയോട് കള്ളം പറയാൻ ഇപ്പോഴും തനിക്ക് ബുദ്ധിമുട്ടാണ്..അതുകൊണ്ട് പല കാര്യങ്ങളും ജെറിയെ കൊണ്ടാണ് പറയിപ്പിക്കുന്നത്. “മ്മ്മ്..ഇനിയെപ്പോഴാ നിന്നെയൊന്നു കാണുന്ന??” “അതിന് കഴിഞ്ഞ ആഴ്ച കണ്ടതല്ലേയുള്ളു” “അത് ഞാൻ ഹോസ്റ്റലിലേക്ക് വന്നതുകൊണ്ടല്ലേ..വീട്ടിലേക്ക് നീ വന്നിട്ട് എത്ര നാളായി??” “എട്ട് മാസം” “ഏഹ്ഹ്..അതേത് കണക്ക്??” “കഴിഞ്ഞ ക്രിസ്മസിന് ഞാൻ വന്നത് അമ്മച്ചി മറന്നുപോയോ??” “ഓ അന്ന് വന്നതിനെ കുറിച്ച് നീയെന്നെ കൊണ്ട് പറയിപ്പിക്കരുത്..ഹോസ്റ്റലിൽ നിന്ന് പിടിച്ചപിടിയാലേ കൊണ്ടുവന്നതല്ലേ ഞാൻ”

“ഹാ പിണങ്ങല്ലേ അമ്മച്ചി..എന്തായാലും ഞാൻ വന്നില്ലേ” “ഇല്ല പിണങ്ങില്ല..പകരം ഈ ആഴ്ചയും ഞാൻ അങ്ങോട്ട് വന്നു കണ്ടോളാം” “വേണ്ട അമ്മച്ചി..ഹോസ്റ്റലിലേക്ക് വരണ്ട..ഞാൻ…ഞാൻ..ഞായറാഴ്ച പള്ളിയിലേക്ക് വരാം” “ആണോ..ഇപ്പോഴാ ഒന്ന് സമാധാനം ആയത്..അമ്മച്ചി ഇനി പിന്നെ വിളിക്കാം..ആൽബി വരാൻ സമയമായി..ഞാൻ അവന് ചായയിട്ട് വയ്ക്കട്ടെ” കാൾ കട്ടായിട്ടും ഫോൺ ചെവിയിൽ നിന്ന് മാറ്റാതെ അമ്മു നിന്നു..നോട്ടം കൃഷ്ണശില്പത്തിലേക്കാണ്…കാതിൽ ഇപ്പോഴും മുഴങ്ങുന്നത് ആ പേരാണ്…ആൽബി… ഹോസ്റ്റലിലേക്ക് മാറിയതിന്റെ പിറ്റേ ആഴ്ചയാണ് അമ്മച്ചി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണെന്നും പറഞ്ഞ് ജെറിയുടെ കാൾ വരുന്നത്..ആഹാരം കൃത്യസമയത്ത് കഴിക്കാത്തതിനാൽ ഷുഗർ കുറഞ്ഞതാണ്..അതിന്റെ പേരിൽ ശാസിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് മരുന്ന് വാങ്ങാൻ പോയ ആള് തിരികെ എത്തിയത്…

ആൽബിൻ ജോൺ കളരിയ്ക്കൽ.. ഒന്നേ നോക്കിയോളു..പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല..വീട്ടിൽ മറന്നുവെച്ച എന്റെ കുറച്ച് ബുക്സ് എടുത്തിട്ട് വേണം ഹോസ്റ്റലിൽ പോകാനെന്നും പറഞ്ഞ് പെട്ടെന്ന് തന്നെ ജെറിയെയും കൂട്ടി ഇറങ്ങി..അന്നാണ് അവസാനമായി താൻ ആ മുഖം കണ്ടത്…പിന്നീട് പരസ്പരം കാണാനുള്ള സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും മനഃപൂർവം അതൊക്കെ ഒഴിവാക്കുക ആയിരുന്നു..ഒഴിഞ്ഞുമാറിയത് താനോ..ആളോ…അറിയില്ല…. പുറത്ത് ദിയയുടെ ശബ്ദം കേട്ടതും ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട് അമ്മു പുറത്തേക്ക് ഇറങ്ങി..കളരിയ്ക്കൽ ഗ്രൂപ്പ്‌സിൽ ജോലി കിട്ടിയതിൽ പിന്നെ ദിയയിൽ ആ പഴയ പ്രസരിപ്പൊക്കെ തിരികെ വന്നിരുന്നു..അത് ഹർഷന്റെ ട്രീറ്റ്മെന്റിന്റെ ഫലം കൂട്ടിയിട്ടേയുള്ളൂ… *********

രാത്രിയിൽ മലയാറ്റൂർ രാമകൃഷ്ണന്റെ “വേരുകൾ” വായിച്ച് കിടക്കുമ്പോൾ ആണ് ദേവു മുറിയിലേക്ക് വന്നത്. “ദിയേച്ചി കിടന്നോ??” “മ്മ്മ് ഇപ്പോൾ കിടന്നതേ ഉള്ളു” “പിന്നെ നീയെന്തിനാ നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ നടക്കുന്ന” “ഞാനിന്ന് നിന്റെ കൂടെയ” “എന്തോ എങ്ങനെ?? മര്യാദക്ക് കിച്ചേട്ടന്റെ അടുത്ത് പോയി കിടക്കടി” “എത്ര വർഷമായി അമ്മൂസേ നമ്മൾ ഒരുമിച്ച് കിടന്നിട്ട്” “കല്യാണം ഒക്കെ കഴിഞ്ഞാൽ അങ്ങനെ അല്ലേടി..” “ഓ അല്ലാതെ നിന്നെ ഫ്രീ ആയിട്ട് കിട്ടാഞ്ഞിട്ടല്ല..നീയിനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇന്ന് ഇവിടെയാ” പറഞ്ഞുകൊണ്ട് തന്നെ ദേവു കട്ടിലിൽ കയറി കിടന്നിരുന്നു. “അപ്പോൾ ദച്ചുവോ??” “അവന് പാലുകൊടുത്ത് ഉറക്കിയിട്ടാ വന്ന..ഇനി ഇടയ്‌ക്കൊന്നും ഉണരില്ല..കിച്ചേട്ടൻ നോക്കിക്കോളും” “അപ്പോൾ രണ്ടുംകല്പിച്ചാണല്ലേ??”

“ഹ്മ്മ്…ഇന്നെങ്കിലും നമ്മുക്കാ പഴയ ദേവുവും അമ്മുവും ആകാടി” ലൈറ്റ് ഓഫ്‌ ചെയ്ത് അമ്മുവും അവളെ കെട്ടിപിടിച്ച് കിടന്നു. “എന്തായാലും കിച്ചേട്ടന്റെ കമ്പനിയിൽ തന്നെ നിനക്കും ജോലി കിട്ടിയത് നന്നായി..ഒരുമിച്ച് പോകുകയും വരുകയും ചെയ്യാലോ” “മോന്റെ കാര്യത്തിലെ ഉള്ളു കുറച്ച് പാട്..കിച്ചേട്ടന്റെ അമ്മ കുറേ കഷ്ടപെടുന്നുണ്ട്..ഇന്ന് നീ വരുമെന്ന് അറിഞ്ഞതുകൊണ്ടാ രാവിലെ ഇവിടെ ആക്കിയിട്ട് പോയത്..നാളെ പിന്നെ ലീവ് ആണ്” “ഞാൻ നാളെയും കൂടി ഫ്രീ ആണ്.മറ്റന്നാൾ മുതൽ കോച്ചിങ്ങിന് പോകണം.ഡിഗ്രിടെ ഒപ്പം സിവിൽ സർവീസ് പ്രിപ്പറേഷൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു മോളെ” “എന്നിട്ട് രണ്ടും വിജയിച്ചില്ലേ…നാളെ റാങ്ക് ഹോൾഡർക്ക് കോളേജിന്റെ വക പൂവും ചെണ്ടും പൊന്നാടയും ഒക്കെ കിട്ടില്ലേ” “ഒന്ന് പോടി പെണ്ണേ…പ്രിലിമിനറി മാത്രമേ കഴിഞ്ഞോളു..

അത്രയും എളുപ്പമല്ല മെയിൻസ്” “ഹ്മ്മ്മ്…അമ്മൂസേ…” “പറ ദേവൂട്ടി” “അത് കഴിഞ്ഞ് എന്താ നിന്റെ പ്ലാൻ?” “അതോടെ കഴിയുന്നില്ലല്ലോ..മെയിൻസ് കിട്ടിയാൽ ഇന്റർവ്യൂ ഉണ്ട്..അതും പാസ്സ് ആകുന്നതോടെ സ്വപ്നം സഫലമാകും..പിന്നെ രണ്ട് വർഷത്തെ ട്രെയിനിങ്..അത് കഴിഞ്ഞാൽ ഉത്തരവാദിത്തപ്പെട്ട പോസ്റ്റിങ്ങ്‌..” “ഔദ്യോഗിക ജീവിതത്തെ കുറിച്ചല്ല അമ്മു ഞാൻ ചോദിച്ചത്” “മ്മ്മ് മനസിലായി…അതിന് നാളെയൊരു തീരുമാനം എടുക്കണം” “നാളെയോ..അതെന്താ??” “ഞാൻ പറഞ്ഞില്ലേ ചന്തുവേട്ടന്റെ കാര്യം..പുള്ളി വീണ്ടുമാ പ്രൊപ്പോസൽ മുന്നോട്ട് വെച്ചു.” അത് കേട്ടതും ദേവു ചാടിയെഴുന്നേറ്റു ലൈറ്റ് ഇട്ടു..ഞെട്ടലോടെ അമ്മുവിനെ നോക്കിയിരുന്നു. “എന്താടി??” “എല്ലാ ദിവസവും ലൈബ്രറിയിൽ അങ്ങേര് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ അതിലെന്തോ ദുരുദ്ദേശം ഉണ്ടെന്ന്”

“അതിൽ അത്ര വല്യ ദുരുദ്ദേശം ഉണ്ടോ ദേവു?? ഇന്ന് എന്നോട് അത് ചോദിക്കുന്നത് വരെയും ഒരു നോട്ടം കൊണ്ട് പോലും ചന്തുവേട്ടൻ എന്നെ ശല്യം ചെയ്തിട്ടില്ല..” “ആഹ് അത് വിട്..നീ ബാക്കി പറ” “നാളെ വൈകുന്നേരം അമ്പലത്തിൽ വരുമ്പോൾ മറുപടി പറയാമെന്നു പറഞ്ഞു” “നീ എന്ത് പറയാൻ പോകുവാ??” “എന്ത് പറയണം???” “നിന്റെ ജീവിതം അല്ലേ..നീയാണ് തീരുമാനിക്കേണ്ടത്” “ഹ്മ്മ് എങ്കിൽ തത്കാലം എന്റെ മോള് കിടക്ക്” ലൈറ്റ് ഓഫ്‌ ചെയ്ത് ദേവു കിടന്നു..കുറച്ച് നേരത്തേക്ക് മൗനം അവർക്കിടയിൽ തളംകെട്ടി നിന്നു. “നീയുറങ്ങിയോ ദേവു??” “ഏയ്‌..ഇല്ല…പഴയ ചില കാര്യങ്ങൾ ഓർക്കുവായിരുന്നു” “അർത്ഥമില്ലാത്ത ഓർമകൾക്ക് പിറകെ പോയി സമയം കളയാതെ നീ ഉറങ്ങാൻ നോക്ക്” നിശബ്ദമായി നിമിഷങ്ങൾ കടന്നുപോയെങ്കിലും രാവേറെ ആയപ്പോഴാണ് രണ്ടുപേരും ഉറങ്ങിയത്. 💞💞💞💞

കോളേജിലെ ഫങ്ക്ഷന് ഇടാനായി അമ്മു ഒരു റെഡ് ചുരിദാർ എടുത്തു..കഴിഞ്ഞ മാസം ശമ്പളം കിട്ടിയപ്പോൾ ദേവു വാങ്ങിത്തന്നതാണ്…അതിന്റെ താഴെയിരുന്ന നീല ചുരിദാറിലേക്ക്‌ ഒരുവേള അമ്മുവിന്റെ നോട്ടം ചെന്നു…അവളുടെ ചിന്തകൾ ഒരു പിറന്നാൾ ദിനത്തിലേക്ക് പോയി..നീല ഷർട്ടിട്ട് വന്ന് തന്നെ ഞെട്ടിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തവന്റെ മുഖം മനസ്സിൽ തെളിഞ്ഞു…പ്രണയം നിരസിക്കപെട്ട നാളുകളിൽ അതൊക്കെ ഓർത്ത് താൻ ഒരുപാട് കരഞ്ഞതാണ്..എന്നാൽ ഇപ്പോൾ…ആ പിറന്നാൾ ദിനമൊക്കെ സുഖമുള്ള ഓർമകളായി മാറിയിരിക്കുന്നു…. കിച്ചന്റെയും ദേവുവിന്റെയും കൂടെയാണ് അമ്മു കോളേജിൽ എത്തിയത്..നല്ല സ്വീകരണം ആയിരുന്നു അവൾക്ക്..അമ്മുവിനെ കണ്ടതും ചെയ്തന്യ ഓടിവന്നവളെ കെട്ടിപിടിച്ചു.

“അന്നൊരിക്കൽ മോഡൽ എക്സാമിന് മാർക്ക്‌ കുറഞ്ഞതിന്റെ പേരിൽ തലതാഴ്ത്തി നിന്നവൾ ഇന്ന് തലയുയർത്തി നിൽകുന്നു…അത് നിന്റെ മാത്രം കഴിവ് കൊണ്ടാണ് ആത്മിക..Am very proud of you” ‘തന്റെ മാത്രം കഴിവ്’..ഒരു വരണ്ട ചിരി അമ്മുവിന്റെ ചുണ്ടിൽ മിന്നിമാഞ്ഞു. എല്ലാവരുടെയും പ്രസംഗവും പ്രശംസകളും കഴിഞ്ഞ് അമ്മുവിനുള്ള ട്രോഫിയും കൊടുത്ത് അവളെ കൊണ്ട് രണ്ട് വാക്ക് സംസാരിപ്പിച്ചതിന് ശേഷം ഫങ്ക്ഷൻ തീർന്നപ്പോഴേക്കും ഉച്ച ആയിരുന്നു…പിന്നെ കുറച്ച് നേരം പൂജയുടെ അടുത്തിരുന്നിട്ടാണ് അവർ തിരികെ പോയത്. വൈകുന്നേരം അമ്പലത്തിൽ പോകാനായി കുളിച്ച് ഒരു ദാവണിയും ഉടുത്ത് അവൾ ഇറങ്ങി… അവൾ തൊഴുത്തിറങ്ങിയതിന് ശേഷമാണ് ചന്തു എത്തിയത്..അവൾക് ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ തൊഴാനായി കയറി..

തിരികെ വരുമ്പോൾ അമ്മു ആൽത്തറയിൽ ഇരിപ്പുണ്ടായിരുന്നു. “കുറച്ച് തിരക്കിൽ ആയിരുന്നടോ..അതാ ലേറ്റ് ആയത്” “തിരക്കിലായിരുന്നെങ്കിൽ നമുക്ക് പിന്നെ കാണായിരുന്നല്ലോ” “ഹോ ഇത്രയും കാത്തിരുന്നത് തന്നെ ധാരാളം” അമ്മു ചെറുതായി ചിരിച്ചു..അത് നോക്കി അവനും അവൾക്ക് അടുത്തായി ഇരുന്നു.. “എന്നെ കുറിച്ച് എല്ലാം അറിയാമോ??” “താൻ പറഞ്ഞോ ഞാൻ കേൾക്കാം” “ഒരു പ്രത്യേക സാഹചര്യത്തിൽ കളരിയ്ക്കൽ വീട്ടിൽ എത്തിയതാണ് ഞാൻ.സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലാതിരുന്നതിന്റെ കാരണം എന്റെ അമ്മാവന്റെ മകനും..അങ്ങനെയുള്ള ഒരു രാത്രിയിൽ നിയോഗം പോലെ എനിക്ക് സംരക്ഷണമേകിയ കരങ്ങൾ എന്നെ കളരിയ്ക്കലിലേക്ക് കൂട്ടികൊണ്ടുപോയി” “അതൊക്കെ എനിക്ക് അറിയാവുന്നതല്ലേ”

“ഹ്മ്മ്മ്…എല്ലാവർക്കും അറിയാവുന്നതിനപ്പുറം മറ്റൊരു കഥ കൂടിയുണ്ട്.അഭയം തന്നവനെ തന്നെ പ്രേമിച്ച ഒരു പൊട്ടിപ്പെണ്ണിന്റെ കഥ…ആ പ്രണയത്തിന് മറ്റൊരു അവകാശി ഉണ്ടെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ പിന്നാലെ നടന്നു വെറുപ്പ് സമ്പാദിച്ചു..ഒടുവിൽ ആ ബന്ധത്തിന്റെ ആഴം കണ്മുന്നിൽ കണ്ടപ്പോൾ ചങ്ക് തകർന്ന് ആ വീട്ടിൽ നിന്നിറങ്ങി..” “ആത്മിക…താൻ..തനിക് പ്രണയം ഉണ്ടായിരുന്നോ??? ആരോട്…ജെറിയാണോ???” “ജെറി..അവൻ എനിക്ക് ആരെന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല..കൂടെപ്പിറപ്പും കൂട്ടുകാരനും ഒക്കെയാണ്..ആദ്യ കൂടിക്കാഴ്ച മുതൽ ഈ നിമിഷം വരെ എന്റെ നിഴലായി കൂടെയുള്ളവൻ..അത് ചന്തുവേട്ടനോട് ഞാൻ പറഞ്ഞിട്ടുമുണ്ട്” “പിന്നെയാര്??” “അതെന്താ കളരിയ്ക്കൽ വീട്ടിൽ ജെറി മാത്രമേയുള്ളോ??” “പിന്നെയുള്ളത് ഇച്ചായൻ ആണ്…അത്…”

തന്റെ മുഖത്തേക്ക് നോക്കി മൃദുവായി ചിരിക്കുന്നവളെ കണ്ടതും ചന്തുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. “No way…ഇച്ചായനെ ആണോ നീ പ്രേമിച്ചത്??” “ഹഹഹ…അപ്പോൾ ചന്തുവേട്ടനും തോന്നി..അർഹതയില്ലാത്തതാണ് ഞാൻ ആഗ്രഹിച്ചതെന്ന്” “ഏയ്‌ അങ്ങനെയല്ലടോ..ഇച്ചായനെ പോലൊരാളുടെ മുഖത്ത് നോക്കി ഇഷ്ടം പറയാനുള്ള ധൈര്യം ഒക്കെ നിനക്ക് ഉണ്ടായിരുന്നോ???” “ചില പ്രണയം അങ്ങനെയാണ്..വേണ്ടാത്ത സമയത്ത് ഇല്ലാത്ത ധൈര്യമൊക്കെ അങ്ങ് തരും..അപ്പോൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളൊക്കെ പിന്നീട് വല്യ മണ്ടത്തരം ആയിട്ട് തോന്നും” ഒന്നും മിണ്ടാതെ തന്നെ ഉറ്റുനോക്കി ഇരിക്കുന്നവനെ അവൾ കണ്ണുചിമ്മി കാണിച്ചു. “നമുക്കാ കുളത്തിന്റെ അടുത്തേക്ക് പോയാലോ” അമ്മു ചോദിച്ചതും ചന്തു ആൽത്തറയിൽ നിന്നും എഴുന്നേറ്റു..ശ്രീകോവിലിലേക്ക് നോക്കിയപ്പോൾ എന്നത്തേയും പോലെ അവിടെ നിറഞ്ഞ പുഞ്ചിരി തന്നെ… *******

“ഇനി ചന്തുവേട്ടൻ പറ..എന്ത് തീരുമാനമാ ഞാൻ എടുക്കേണ്ടത്??” “ഇനി തീരുമാനം പറയേണ്ടത് ഞാൻ അല്ലേ ആത്മിക” കുളത്തിലേക്ക് കണ്ണുംനട്ടിരുന്ന് പറയുന്നവനെ ഇമവെട്ടാതെ അവൾ നോക്കി. “എന്തേ??” “അല്ല..ഉത്തരം തേടി വന്നയാൾക്ക് ഇപ്പോൾ ഉത്തരം ഇല്ലാത്ത അവസ്ഥ ആയല്ലോ എന്നോർത്തത” “അങ്ങനെയല്ലടോ ആത്മിക…ഇഷ്ടപെട്ട പെണ്ണിന് ഇങ്ങനെയൊരു ഫ്ലാഷ്ബാക്ക് ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..എല്ലാംകൂടി കേട്ട് കിളി പറന്നു..ആ കിളികളെ എല്ലാം തിരികെ കയറ്റിയിട്ട് എന്റെ തീരുമാനവുമായി ഞാൻ വരാം…അല്ല വരും…” 💞💞💞💞💞💞💞💞 ഒരായിരം പ്രതീക്ഷകളുമായി കരയെ പുൽകാൻ എത്തുന്ന തിരമാലകൾക്കും അറിയാം ആ ഒത്തുചേരൽ നിമിഷനേരത്തേക്ക് മാത്രമാണെന്ന്..വീണ്ടും അതേ ആവേശത്തോടെ അവൻ തന്റെ പ്രണയിനിയുടെ അടുത്തേക്ക് വരും..ഒരിക്കലും ഒരുമിക്കാൻ കഴിയാത്ത പ്രകൃതിയുടെ മറ്റൊരു പ്രണയം..

അസ്തമയസൂര്യൻ ചെമ്പട്ട് ആക്കിയ കടലിന് അഭിമുഖമായി ഇരിക്കുമ്പോൾ ആൽബിയുടെ മനസ്സിലും തിരമാലകളുടെ ഇരമ്പൽ ആയിരുന്നു..കടൽകാറ്റിൽ നെറ്റിയിലേക്ക് പാറിവീഴുന്ന മുടിയിഴകൾ അലസമായി ഒതുക്കികൊണ്ട് അവൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് വെച്ചു..ലാസ്റ്റ് റിങ്ങിൽ ആണ് മറുവശം കണക്ട് ആയത്. “ഹലോ…” “ടീനു…പ്ലീസ്..കട്ട്‌ ചെയ്യരുത്..എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം” “എനിക്ക് ഒന്നും കേൾക്കണ്ട മിസ്റ്റർ ആൽബിൻ..” “ടീനുകൊച്ചെ….” “നിന്റെ നമ്പർ കണ്ടാൽ ഞാൻ എടുക്കില്ലെന്ന് അറിയാവുന്നത് കൊണ്ടല്ലേ പുതിയ നമ്പറിൽ നിന്നുള്ള വിളി..

എന്തിനാ എന്നെ ഇങ്ങനെ ശല്യം ചെയ്യുന്ന..പ്ലീസ് ലീവ് മീ ആൽബി..പ്ലീസ്” “ടീനു..മോളെ ഞാൻ പറയുന്നത്…” “പറഞ്ഞത് തന്നെയല്ലേ വീണ്ടും വീണ്ടും നിനക്ക് പറയാനുള്ളത്..എനിക്കും അതിനപ്പുറം ഒന്നും പറയാനില്ല..I just hate you….” കാൾ കട്ട്‌ ആയതും ഒരു തേങ്ങൽ തൊണ്ടക്കുഴിയോളം എത്തിനിൽക്കുന്നത് ആൽബി അറിഞ്ഞു..ഇരുകൈകളാൽ നെറ്റിയൂന്നി അവൻ ഇരുന്നു…കടലിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനൊപ്പം തിരയുടെയും കരയുടെയും പ്രണയത്തിന് സാക്ഷിയായി നക്ഷത്രതേരേറി ചന്ദ്രനും എത്തിയിരുന്നു…….. (തുടരും )

ആത്മിക:  ഭാഗം 44

Share this story