ഈറൻമേഘം: ഭാഗം 33

ഈറൻമേഘം: ഭാഗം 33

 എഴുത്തുകാരി: Angel Kollam

ജോയൽ ഉറക്കം വരാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവന്റെ മനസ് തിരയടങ്ങാത്ത കടൽത്തീരം പോലെ കലുഷിതമായിരുന്നു.. അവൻ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നടന്നു.. ഇവിടെ നിന്നും ഒരാൾ കാൽ വഴുതി താഴെ വീഴാനുള്ള സാധ്യതകളെപ്പറ്റി ആലോചിച്ചു.. മറ്റൊരാൾ തള്ളിയിട്ടാലല്ലാതെ തനിയെ താഴെക്ക് വീഴാനുള്ള ഒരു സാധ്യതയും അവന്റെ മനസ്സിൽ തെളിഞ്ഞില്ല.. അശോകിന്റെ ഈ വീഴ്ചയ്ക്ക് പിന്നിൽ സ്വപ്നയുണ്ടെന്ന് ഉറപ്പാണ്.. പക്ഷേ അവളിപ്പോൾ സുഹാസിന്റെ വീട്ടിലാണ്.. അവന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു സ്വപ്ന പുറത്ത് കടക്കാനുള്ള സാധ്യത കുറവാണ്.. ഒരുപക്ഷേ അവൾ സുഹാസിന്റെ വീട്ടിൽ നിന്നും പുറത്ത് കടന്നാലും അശോകിന്റെ ഫ്ലാറ്റിൽ ചെന്ന് അവനെയെങ്ങനെ ബാൽക്കണിയിൽ നിന്നും തള്ളിയിടും..

അശോകിനെ കായികമായി എതിർക്കാനോ കീഴ്പ്പെടുത്താനോ സ്വപ്നയ്ക്ക് കഴിയുമായിരുന്നെങ്കിൽ അന്ന് അവളെ അവൻ ആക്രമിച്ചു കീഴ്പ്പെടുത്തില്ലായിരുന്നല്ലോ?.. ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ തലയ്ക്കുള്ളിൽ വട്ടമിട്ടു പറക്കുന്നു.. ജോയലിന് തല പെരുക്കുന്നത് പോലെ തോന്നി.. സ്വപ്ന സുഹാസിന്റെ വീട്ടിൽ തന്നേ ഉണ്ടായിരുന്നോ എന്നാദ്യം അന്വേഷിക്കാം.. അതറിഞ്ഞാൽ തന്നേ പകുതി തലവേദന കുറയും.. ജോയൽ ഫോണെടുത്ത് സുഹാസിന്റെ നമ്പർ ഡയൽ ചെയ്തു.. “എന്താ അച്ചായാ.. ഉറങ്ങിയില്ലേ?” “അതെങ്ങനെയാ.. മനുഷ്യന്റെ ഉറക്കം കളയുന്ന കാര്യങ്ങളല്ലേ ചുറ്റും നടക്കുന്നത്?” “അശോകിനെ പോലെയുള്ള ഒരു സാമൂഹ്യദ്രോഹിയ്ക്ക് അപകടം പറ്റിയതിന് അച്ചായനെന്തിനാ ഉറക്കം കളയുന്നത്?” “ഞാൻ താമസിക്കുന്ന ഫ്ലാറ്റിനും ബാൽക്കണിയുണ്ട്..

എന്നിട്ടിത് വരെ ഞാനവിടെ നിന്നും കാൽ വഴുതി താഴെക്ക് വീണിട്ടില്ല.. അപ്പോൾ പിന്നെ ഇതുപോലെ ഒരു വാർത്ത കേൾക്കുമ്പോൾ അതും ഇങ്ങനെയൊരു സാഹചര്യത്തിൽ.. എന്റെ ഉറക്കം നഷ്ടപ്പെടും ” “അച്ചായൻ എന്താണീ പറയുന്നത്?” “സുഹാസ്.. നീ എന്തെങ്കിലും എന്നോട് ഒളിച്ചു വയ്ക്കുന്നുണ്ടോ?” “എന്റെ പൊന്നച്ചായാ.. അച്ചായനിൽ നിന്നും ഞാനെന്ത് ഒളിച്ചു വയ്ക്കാനാണ്?.. അച്ചായന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത്‌ തെളിയിച്ചു പറയ്.. അല്ലാതെ ഇങ്ങനെ എങ്ങും തൊടാതെ ഓരോന്ന് പറഞ്ഞിട്ട് മനുഷ്യനെ ടെൻഷനടിപ്പിക്കരുത് ” “കഴിഞ്ഞ തിങ്കളാഴ്ച എന്നെ കാണാൻ വന്നതിന് ശേഷം സ്വപ്ന നിന്റെ വീട്ടിലല്ലേ?” “അതെ ” “ഇന്ന് ആ സംഭവം നടക്കുന്ന ടൈം സ്വപ്ന വീട്ടിലുണ്ടായിരുന്നോ?” “ഉണ്ടായിരുന്നു ” “നിനക്കുറപ്പാണോ?” “അതെ.. എനിക്കിന്ന് ഓഫായിരുന്നു..

ഞാൻ വീട്ടിൽ തന്നേ ഉണ്ടായിരുന്നു.. ഇടയ്ക്ക് ഞാനും അവളും കൂടി ടെറസിൽ പോയി വർത്തമാനം പറഞ്ഞിരുന്നു.. അവളുടെ മനസൊന്നു നേരെയാകട്ടെയെന്ന് കരുതി കുട്ടിക്കാലത്തിൽ ഞങ്ങൾ കാണിച്ചു കൂട്ടിയ കുസൃതികളെപ്പറ്റിയൊക്കെ ഞാൻ വാചാലനായി.. പക്ഷേ സ്വപ്ന ഏതോ ലോകത്തിലെന്ന പോലെ കേട്ടിരിക്കുകയായിരുന്നു.. അവൾക്ക് ആ സംസാരം തുടരാൻ താല്പര്യം ഇല്ലാത്തത് പോലെയാണ് എനിക്ക് തോന്നിയത്.. പക്ഷേ അവളെ മാറ്റിയെടുക്കണ്ടത് എന്റെ ആവശ്യമായത് കൊണ്ട് നിഴൽ പോലെ ഞാൻ അവളോടൊപ്പം ഉണ്ടായിരുന്നു.. ഭക്ഷണത്തിന് ശേഷം ഞാനും അവളും കൂടി ചെസ്സ് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് അശോക് ബാൽക്കണിയിൽ നിന്നും താഴെ വീണെന്നുള്ള വാർത്ത ഞങ്ങൾ അറിയുന്നത് ”

“നിങ്ങൾ എങ്ങനെയാണ് ആ വിവരമറിഞ്ഞത് ” “സ്വപ്നയുടെ ഫോണിൽ ഒരു കാൾ വന്നതാണ്.. പരിചയമില്ലാത്ത നമ്പരായതിനാൽ ഞാനാണ് കാൾ അറ്റൻഡ് ചെയ്തത്.. ഏതോ ഒരു പുരുഷശബ്ദം ആയിരുന്നു.. അശോക് ബാൽക്കണിയിൽ നിന്നും വീണു.. കുറച്ചു സീരിയസ് ആണ്.. ഞങ്ങളെല്ലാവരും ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.. എന്ന് മാത്രമേ അയാൾ എന്നോട് പറഞ്ഞുള്ളൂ ” “ആ വാർത്ത കേട്ടപ്പോൾ സ്വപ്നയ്ക്ക് എന്തെങ്കിലും ഭാവമാറ്റം ഉണ്ടായിരുന്നോ?” “അവൾ പഴയത് പോലെ തന്നെ ഇരിക്കുകയായിരുന്നു നിർവികാര ഭാവത്തിൽ.. അവൾ മനസ്സിൽ ആഗ്രഹിച്ചത് സഫലമായതിന്റെ സന്തോഷമൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല.. അതുകൊണ്ടല്ലേ മരണം അവനുള്ള ചെറിയ ശിക്ഷയാണെന്ന് അവൾ പറഞ്ഞത് ”

“ഓക്കേ.. ഇന്നവൾ പുറത്ത് പോയില്ലെന്നുള്ളത് ശരിയായിരിക്കും.. പക്ഷേ ഈ ദിവസങ്ങളിൽ എപ്പോളെങ്കിലും അവൾ പുറത്തു പോകുകയോ അല്ലെങ്കിൽ പതിവില്ലാതെ ആരെങ്കിലും അവളെ കാണാൻ വരികയോ മറ്റോ ചെയ്തിരുന്നോ?” “അവളിവിടെ വന്നിട്ട് ആകെ മൂന്ന് ദിവസമായതല്ലേ ഉള്ളൂ.. അവളിത് വരെ ഈ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയിട്ടില്ല.. അവളെ കാണാൻ അവളുടെ അമ്മയും അച്ഛനും പോലും ഇങ്ങോട്ട് വന്നിട്ടില്ല ” “സംശയിത്തക്ക രീതിയിൽ എന്തെങ്കിലും അസ്വഭാവികമായ പെരുമാറ്റമെങ്ങാനും സ്വപ്നയുടെ ഭാഗത്ത് നിന്നിട്ടുണ്ടായിട്ടുണ്ടോ?” “ഇതെന്താ അച്ചായാ.. ഒരു മാതിരി കുറ്റവാളികളെ പോലീസ് ചോദ്യം ചെയ്യുന്നത് പോലെ?.. അശോകിനെ സ്വപ്ന ബാൽക്കണിയിൽ നിന്നും തള്ളി താഴെക്കിട്ടു എന്നാണോ അച്ചായൻ ചിന്തിക്കുന്നത് ”

“സ്വപ്നയായിരിക്കില്ല.. കാരണം അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നല്ലേ നീ പറഞ്ഞത്.. അപ്പോൾ പിന്നെ അവളുടെ നിർദേശപ്രകാരം മറ്റാരെങ്കിലും ചെയ്തതാണെങ്കിലോ ” “അശോകിന്റെ വീട്ടിൽ അവന്റെ അമ്മയും അച്ഛനുമൊക്കെ ഉള്ളപ്പോളാണ് ഈ സംഭവം നടന്നതെന്നാണ് ഞാനറിഞ്ഞത്.. തന്നെയുമല്ല അവന്റെ രണ്ടു മൂന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അവരെല്ലാം കൂടി ബാൽക്കണിയിലിരുന്ന് മദ്യപിക്കുകയായിരുന്നു.. അശോകും സ്വപ്നയും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചത് കൂട്ടുകാരെ അറിയിച്ചിട്ട്, അവരെ സന്തോഷിപ്പിക്കാൻ വേണ്ടി അവൻ കൊടുത്ത പാർട്ടിയായിരുന്നു അത്‌.. അവന്റെ അത്രയും ആളുകൾ അവിടെയുള്ളപ്പോൾ പുറത്ത് നിന്ന് ഒരാൾ എങ്ങനെ അകത്ത് കടക്കും? സ്വപ്നയുടെ നിർദേശമനുസരിച്ച് എങ്ങനെ അവനെ തള്ളി താഴെയിടും?..

ഇതിപ്പോൾ മദ്യപിച്ചു ബോധമില്ലാതെ അവൻ കാൽ വഴുതി താഴെ വീണതാകാനേ ഇടയുള്ളൂ.. സ്വപ്ന അവനുള്ള ശിക്ഷ കൊടുക്കുമെന്ന് അച്ചായനോട് പറഞ്ഞത് മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് അച്ചായൻ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നത്.. ” “എന്നാലും എന്റെ മനസ്സ് പറയുന്നത്..” “മനസ്സ്.. കുന്തം.. പോയിക്കിടന്നുറങ്ങാൻ നോക്ക് അച്ചായാ.. അല്ലെങ്കിൽ തന്നെ അവനപകടം പറ്റിയതിൽ അച്ചായനെന്തിനാ ഉറക്കം കളയുന്നത്.. അവൻ നല്ലവനൊന്നുമല്ലല്ലോ.. ഒരു പെണ്ണിന്റെ മാനത്തിന് പുല്ലുവില പോലും കൽപിക്കാത്തവനാണ്.. ഇവനെപ്പോലെയുള്ളവർ ജീവിച്ചിരിക്കുന്നത് തന്നെ ഈ നാടിനാപത്താണ് ” “അതും ഒരു കണക്കിന് ശരിയാണ്.. ചിലപ്പോൾ അവൻ ചെയ്ത തെറ്റിന് ദൈവം കൊടുത്ത ശിക്ഷയായിരിക്കുമിത് ” “അങ്ങനെ മനസ്സിൽ വിചാരിച്ചു കിടന്നുറങ്ങാൻ നോക്കെന്റെ അച്ചായാ.”

“ശരി.. എന്നാലും നീ സ്വപ്നയെയൊന്ന് ശ്രദ്ധിച്ചോണേ ” “അതൊക്കെ ഞാനേറ്റു..” “ഓക്കേ ” കാൾ കട്ടായതും ജോയൽ വീണ്ടും ചിന്തയിൽ മുഴുകി.. ഇരു കൈകളും പിന്നിൽ കെട്ടി അവൻ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഹാളിലെ കർട്ടന് പിന്നിൽ നിഴലനക്കം കണ്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി അമേയ തന്റെയടുത്തേക്ക് നടന്നു വരുന്നു.. അവൾ അവനെ കളിയാക്കുന്നത് പോലെ ചോദിച്ചു.. “എന്താ സാറേ ഉറക്കമൊന്നുമില്ലേ?? രാത്രിയിൽ ഇവിടെ നിന്ന് സേതുരാമയ്യർ കളിക്കുകയാണോ?” “നീയിങ്ങു വന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട് ” “പറഞ്ഞോളൂ ” ജോയൽ തന്റെ മനസിലെ സംശയം അമേയയോട് പറഞ്ഞു.. “ഇതിലിത്ര ടെൻഷനടിക്കാനെന്താ ഉള്ളത്? ഇനിയിപ്പോൾ സ്വപ്നയാണ് ആ അപകടത്തിന് പിന്നിലെങ്കിലും ഒരു കുഴപ്പവുമില്ല..

അവൻ നീതിമാനൊന്നുമല്ലല്ലോ.. അവനവൻ ചെയ്യുന്ന തെറ്റിനുള്ള ശിക്ഷ അവനവനു തന്നേ കിട്ടും.. ഇത് അത്രയേയുള്ളൂ ” “ഉം ” “ഇനിയും ഇവിടിങ്ങനെ ഇരിക്കാനാണോ പ്ലാൻ.. നാളെ ഡ്യൂട്ടിയുള്ളതല്ലേ.. വാ.. ഉറങ്ങാം ” അമേയ ജോയലിന്റെ വലത് കരത്തിൽ പിടിച്ചു മുന്നിലേക്ക് വലിച്ചു.. അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ അവളുടെ പിന്നാലെ ചെന്നു.. അവന്റെ റൂമിന് മുന്നിലെത്തിയപ്പോൾ കൈയിലെ പിടിത്തം വിട്ടിട്ട് അവൾ പറഞ്ഞു… “ഇനി നല്ല കുട്ടിയായിട്ട് പോയി ഉറങ്ങിക്കോ കേട്ടോ ” “ശരി ” ജോയൽ റൂമിനുള്ളിലേക്ക് കയറി.. സ്വപ്നയുടെ മുഖം മനസിലേക്ക് കടന്ന് വന്നു.. തന്നെ ഹോസ്പിറ്റലിൽ കാണാൻ വന്നപ്പോൾ ആ കണ്ണുകളിലെ തീക്ഷ്ണത താൻ കണ്ടതാണ്.. ഈ അപകടത്തിൽ സ്വപ്നയ്ക്ക് എന്തോ ഒരു പങ്കുണ്ട് തനിക്കുറപ്പാണ്.. രാത്രിയിൽ എപ്പോളോ അവൻ ഉറങ്ങിപ്പോയി..

രാവിലെ ജോയൽ ഉണർന്നു വരുമ്പോൾ അമേയ കിച്ചണിലായിരുന്നു.. “എന്താ സാറേ നന്നായിട്ട് ഉറങ്ങിയില്ലേ?? മുഖമൊക്കെ വീർത്തിരിക്കുവാണല്ലോ?” “ഇന്നലത്തെ ഉറക്കം ശരിയായില്ല ” അവൾ ഒരു കപ്പ്‌ കോഫി അവന് നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “രാവിലെ ചൂടോടെ ഒരു കോഫി കുടിക്ക്. മനസൊക്കെയൊന്ന് ഉഷാറാകട്ടെ ” “ഉം ” അവൻ ആ കോഫി വാങ്ങി കുടിച്ചു കൊണ്ട് അമേയ ചെയ്യുന്നത് നോക്കി നിന്നു.. അവൾ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു.. ജോയലും അവളെ സഹായിക്കാൻ ഒപ്പം കൂടി.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ അമേയയോട് അവൻ പറഞ്ഞു.. “നാളെ മുതൽ തനിക്ക് ഹോസ്പിറ്റലിൽ പോകണമല്ലോ..അപ്പോൾ ആദ്യത്തെ രണ്ടാഴ്ച ഒൻപത് മുതൽ അഞ്ച് വരെയായിരിക്കും.. ഭക്ഷണം കൊണ്ട് പോകണ്ട.. ഓറിയന്റേഷൻ ക്ലാസ്സായത് കൊണ്ട് ഹോസ്പിറ്റലിൽ നിന്നും അവർ ഭക്ഷണം തരും.. ”

“ഉം ” “പിന്നെ കുറച്ചു ദിവസം ജനറൽ ഡ്യൂട്ടി ആയിരിക്കും.. എട്ട് മണിക്കൂർ ഡ്യൂട്ടി.. നൈറ്റ്‌ തുടങ്ങുന്നത് വരെ.. അപ്പോൾപ്പിന്നെ ഉച്ചക്കത്തേക്കുള്ള ഭക്ഷണം കൊണ്ട് പോകേണ്ടി വരും ” “അത്‌ സാരമില്ല.. കുറച്ചു നേരത്തെ എഴുന്നേറ്റു ഭക്ഷണം ഉണ്ടാക്കിയാൽ പോരേ ” “അത്‌ മതി ” ജോയൽ ഡ്യൂട്ടിക്ക് പോകാനിറങ്ങുമ്പോൾ അവളോട് ചോദിച്ചു.. “ഡ്യൂട്ടിക്ക് ജോയിൻ ചെയ്യുന്നതിന് മുൻപ് നിനക്ക് അമ്പലത്തിൽ പോകണമെന്നുണ്ടോ.. അങ്ങനെയാണെങ്കിൽ നാളെ രാവിലെ നമുക്ക് രണ്ടുപേർക്കും കൂടി പോയിട്ട് വരാം ” “ഈ സമയത്ത് പോകാൻ പറ്റില്ല.. ഞായറാഴ്ചയാകട്ടെ എന്നിട്ട് പോകാം അമ്പലത്തിൽ ” “സോറി.. ഞാൻ പെട്ടന്നതോർത്തില്ല ” ജോയൽ അബദ്ധം പിണഞ്ഞത് പോലെ പറഞ്ഞിട്ട് ലിഫ്റ്റിന് നേർക്ക് നടന്നു.. ഉച്ചയ്ക്ക് ജോയൽ ഭക്ഷണം കഴിക്കാൻ വന്നപ്പോളാണ് മമ്മി വിളിച്ചത്..

ജോയൽ സെറ്റിയിലേക്കിരുന്നു, അമേയയേയും തന്റെ അടുത്തേക്ക് പിടിച്ചിരുത്തിയിട്ട് ഫോൺ ലൗഡ്സ്പീക്കറിലിട്ടു.. “ജോക്കുട്ടാ.. എനിക്ക് ആ കൊച്ചിനെ നേരിട്ട് കാണാതെ ഒരു സമാധാനവുമില്ലെടാ.. ഞാൻ പപ്പയോട് നയത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ട് പപ്പയെയും കൂട്ടി അങ്ങോട്ട് വരട്ടെ ” “എന്റെ പൊന്ന് മമ്മി.. സ്ത്രീകൾക്ക് രഹസ്യം സൂക്ഷിക്കാൻ പറ്റില്ലെന്നാണ് പൊതുവെ എല്ലാരും പറയുന്നത്.. പക്ഷേ മമ്മിയ്ക്ക് ഇത്‌ മനസ്സിൽ സൂക്ഷിക്കാൻ പറ്റുമെന്നാണ് ഞാൻ കരുതിയത്… ഇപ്പോൾ എടുത്ത് ചാടി പപ്പയോടൊന്നും പറയണ്ട.. കുറച്ചു സമയം കൂടി ഞങ്ങൾക്ക് വേണം ” “നീ മോൾക്ക് കൊടുത്തേ.. ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ ” “മമ്മി പറഞ്ഞോളൂ.. ഫോൺ ലൗഡ് സ്പീക്ക്റിലാണ്.. അവളിവിടെ ഇരിപ്പുണ്ട് ” “മോളെ…” “പറഞ്ഞോ അമ്മേ…”

“ജോക്കുട്ടനെ ഈ വർഷമെങ്കിലും പിടിച്ചു പെണ്ണ് കെട്ടിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.. അവനിങ്ങനെ ആർക്കും പിടി തരാതെ തെന്നി മാറി നടക്കുകയായിരുന്നു.. അവനിപ്പോൾ മോളോട് സ്നേഹമാണെന്ന് അറിഞ്ഞതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.. പക്ഷേ മോൾ രണ്ട് വർഷത്തെ കാലാവധി ചോദിച്ചെന്ന് കേട്ടപ്പോൾ സങ്കടവും തോന്നി.. ജോസ്ന മോളുടെ കല്യാണം കഴിഞ്ഞെങ്കിലും അവൾ പിജി ചെയ്യുന്നത് കൊണ്ട് ഉടനെ കുഞ്ഞുങ്ങളൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.. ജോക്കുട്ടന്റെ കുഞ്ഞിനെയെങ്കിലും താലോലിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് ” അമേയയ്ക്ക് എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു.. ജോയൽ പെട്ടന്ന് മമ്മിയോട്‌ ചോദിച്ചു.. “മോൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ആദ്യമായിട്ട് സംസാരിക്കുമ്പോൾ ഇങ്ങനെയൊക്കെയാണോ മമ്മി പറയുന്നത്.. ഞാൻ ആൾറെഡി മമ്മിയോട്‌ പറഞ്ഞതല്ലേ.. ഞങ്ങൾക്ക് കുറച്ച് സമയം വേണമെന്ന്..”

“മോനേ മമ്മിയുടെ മനസിലെ ആഗ്രഹം ഞാനവളെ അറിയിച്ചെന്നേയുള്ളൂ.. എന്തായാലും നിന്നോട് പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല..നീ അവളോട് പറയില്ലെന്നെനിക്കറിയാം.. പേരക്കുട്ടികളെ താലോലിക്കണമെന്നുള്ള എന്റെ ആഗ്രഹം ഞാൻ പറഞ്ഞു.. ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്.. ഞാൻ ആരെയും ഒന്നിനും നിർബന്ധിക്കില്ല.. നിങ്ങൾക്ക് വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞതിന് ശേഷമേ പപ്പയോട് പോലും ഞാൻ ഇതിനെപറ്റി പറയുന്നുള്ളൂ.. ഈ ഒരു രഹസ്യം മനസ്സിൽ സൂക്ഷിക്കാനുള്ള കഴിവോക്കെ മമ്മിയ്ക്കുണ്ട് ” ആനിയുടെ സ്വരത്തിലെ സങ്കടം അമേയയ്ക്ക് മനസിലായി.. അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു എന്താണ് ആനി ഇങ്ങനെ സംസാരിക്കുന്നതെന്ന്.. പക്ഷേ തനിക്കിപ്പോൾ ഉടനെ ഒരു കല്യാണം..

അത്‌ സാധ്യമല്ല.. തന്റെ എഡ്യൂക്കേഷൻ ലോൺ.. ചേച്ചിയുടെ ഡെലിവറി.. അങ്ങനെ കുറച്ചു കടമകൾ നിറവേറ്റാനുണ്ട്.. ജോയൽ സൗമ്യമായ സ്വരത്തിൽ മമ്മിയ്ക്ക് മറുപടി കൊടുത്തു.. “മമ്മി.. അമേയയുടെ ചേച്ചിയിപ്പോൾ പ്രെഗ്നന്റ് ആണ്.. അവരുടെ കല്യാണം കഴിഞ്ഞു ആറു വർഷത്തിന് ശേഷമാണ് ചേച്ചി പ്രെഗ്നന്റ് ആയത്.. അതുകൊണ്ട് ഡെലിവറി കഴിയുന്നത് വരെ ഒന്നും അവളുടെ ചേച്ചിയെയോ ചേട്ടനെയോ അറിയിക്കാൻ കഴിയില്ല.. പിന്നെ ഇവളും ഇപ്പോൾ വിവാഹത്തിന് മാനസികമായി തയ്യാറെടുത്തിട്ടില്ല.. അതുകൊണ്ട് കുറച്ചു കൂടി സമയം ഞങ്ങൾക്ക് താ.. പ്ലീസ് ” “ഓക്കേ.. ഞാൻ പറയാനുള്ളത് പറഞ്ഞു.. ഇനി ഞാനായിട്ട് വിവാഹക്കാര്യം നിങ്ങളോട് പറയില്ല.. നിങ്ങളുടെ തീരുമാനത്തിന് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിച്ചാൽ മതി.. ഞാൻ പപ്പയോട് സംസാരിക്കാം ”

“രണ്ടു വർഷത്തെ സമയം വേണ്ടമ്മേ.. ഒരു വർഷം കൂടി സമയം തന്നാൽ മതി. ചേച്ചിയ്ക്ക് ഇപ്പോൾ മൂന്ന് മാസമായി.. ഡെലിവറി ടൈമിൽ ഞാൻ ലീവെടുത്തു നാട്ടിൽ പോകാം.. എന്നിട്ട് അവരോട് കാര്യങ്ങൾ പറഞ്ഞോളാം ” അതുവരെ നിശബ്ദയായിരുന്ന അമേയ പെട്ടന്ന് മറുപടി നൽകി.. “ഓക്കേ മോളെ.. അപ്പോളത്തെക്കും ഞാനും പപ്പയോട് കാര്യങ്ങൾ അവതരിപ്പിക്കാം ” മമ്മി ഫോൺ കട്ട്‌ ചെയ്തപ്പോൾ ജോയൽ അമേയയോട് പറഞ്ഞു.. “മമ്മി അങ്ങനെയൊക്കെ പറഞ്ഞത് നിനക്ക് വിഷമമായോ?” “എന്തിന്? സ്വന്തം മക്കളുടെ കല്യാണം നടന്ന് കാണാൻ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും.. സാറിന്റെ മമ്മി മനസിലുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.. അത്രയല്ലേയുള്ളൂ.. അതിലെനിക്ക് സങ്കടമൊന്നുമില്ല ” “മമ്മി ഒരു പാവമാണ് ” “എനിക്ക് മനസിലായി സാർ.. എനിക്ക് വിഷമമായെന്നോർത്താണ് സാറിങ്ങനെയൊക്കെ പറയുന്നതെങ്കിൽ എനിക്ക് വിഷമമൊന്നുമില്ല..

അമ്മമാരുടെ മനസ്സ് എനിക്ക് മനസിലാകും ” “ഉം.. നീ വാ നമുക്ക് കഴിക്കാം ” “ഉം ” അവനോടൊപ്പം അവളും കിച്ചണിലേക്ക് പോയി.. വെള്ളിയാഴ്ച, അമേയ രാവിലെ തന്നേ എഴുന്നേറ്റു.. പെട്ടന്ന് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി.. ജോയലും അവളെ സഹായിച്ചു.. അവൾ റെഡിയായി വന്നപ്പോൾ ഇരുവരും ഒരുമിച്ച് കഴിച്ചു .. അവൾ പോകാനിറങ്ങിയപ്പോൾ ജോയൽ പറഞ്ഞു.. “ആദ്യത്തെ ദിവസമല്ലേ.. ഞാൻ കൊണ്ടാക്കാം ” “സാറിന് പത്തു മണിക്കല്ലേ ഡ്യൂട്ടി.. എനിക്ക് വേണ്ടി ഇത്രയും നേരത്തേ വരണ്ട ” “സാരമില്ല.. നിന്നെ അവിടാക്കിയിട്ട് ഞാൻ എന്റെ കാബിനിൽ ഇരുന്നോളാം ” “വെറുതെ എന്തിനാ സാർ ബുദ്ധിമുട്ടുന്നത്?” “ഇതൊക്കെ ബുദ്ധിമുട്ടാണോ? എന്റെ പെണ്ണിനെ ആദ്യത്തെ ദിവസം ഹോസ്പിറ്റലിൽ കൊണ്ടാക്കുന്നത് എന്റെ അവകാശമല്ലേ ” അമേയ മറുപടി പറഞ്ഞില്ല.. ജോയൽ പെട്ടന്ന് റെഡിയായി വന്നു..

അവരൊരുമിച്ചു ഹോസ്പിറ്റലിലേക്ക് നടന്നു.. ജോയൽ അവളെ ഓറിയന്റേഷൻ ക്ലാസ്സ്‌ നടക്കുന്നിടത്ത് കൊണ്ടാക്കി.. ക്ലിനിക്കൽ ഇൻസ്‌ട്രക്ടർ ഗീത അവിടെ നിൽക്കുന്നുണ്ടായിരുന്നു.. ജോയലിനെ കണ്ടതും അവർ പരിചിതഭാവത്തിൽ ചിരിച്ചു.. അമേയയേ ക്ലാസ്സിലാക്കിയിട്ട് ജോയൽ ഗീതയുടെ അടുത്തേക്ക് ചെന്നു.. “ഗുഡ് മോർണിംഗ് ജോയൽ ” “ഗുഡ് മോർണിംഗ് ” “അതാരാ ജോയലിന്റെ ഫ്രണ്ടാണോ?” “അല്ല.. എന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയാണ്.. അവളെയൊന്ന് ശ്രദ്ധിച്ചോണേ ” “അതൊക്കെ ഞാനേറ്റു ” “ഓക്കേ.. താങ്ക്യൂ ” ജോയൽ തിരിഞ്ഞു പുറത്തേക്ക് നടക്കുന്നതിനിടയിൽ അമേയയുടെ നേർക്ക് കൈ വീശി കാണിച്ചു.. നാല് മണിക്കൂർ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ലഞ്ച് ബ്രേക്കായി.. ക്യാന്റീനിൽ കഴിക്കാനിരിക്കുമ്പോൾ ജോയലിന്റെ അസാന്നിധ്യം അമേയയ്ക്ക് അനുഭവപ്പെട്ടു..

ഫ്ലാറ്റിലെത്തി ഭക്ഷണം കഴിക്കുമ്പോൾ ഏകദേശം അതേ അവസ്ഥയായിരുന്നു ജോയലിനും.. കുറച്ച് ദിവസങ്ങളായി ഒരുമിച്ചിരുന്നു തമാശ പറഞ്ഞൊക്കെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്… ഇന്നിപ്പോൾ അവളില്ലാതെ.. എന്തോ പോലെ തോന്നുന്നു… വൈകുന്നേരം അമേയ ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങിയപ്പോളാണ് ഫ്ലാറ്റിന്റെ കീ ജോയലിന്റെ കയ്യിലാണല്ലോ എന്നോർത്തത്.. അവന്റെ ക്യാബിൻ എവിടെയാണെന്ന് അറിയില്ല.. ഡ്യൂട്ടിക്ക് കയറിയാൽ, കൗൺസിലിങ് സ്റ്റാർട്ടായാൽ സാർ ഫോൺ സൈലന്റ് ആക്കുകയാണ് പതിവ്.. അതുകൊണ്ട് വിളിച്ചാലും കേൾക്കില്ലല്ലോ എന്ന് കരുതി നിൽക്കുമ്പോൾ ജോയൽ ക്ലാസ്സ്‌ റൂമിന്റെ തൊട്ട് മുന്നിൽ നിൽക്കുന്നു.. അവൾ ധൃതിയിൽ അവന്റെ അടുത്തേക്ക് ചെന്നു.. അവൻ ഫ്ലാറ്റിന്റെ കീ എടുത്ത് കൊടുത്തു.. “നീ റൂമിലേക്ക് പൊയ്ക്കോ ”

“സാർ ബിസിയാണോ?” “അല്ല.. ആദ്യത്തെ അപ്പോയ്ന്റ്മെന്റ് ആറു മണിക്കാണ്.. പൂജയും ഇന്ന് വന്നില്ല.. അവൾക്ക് തലവേദനയാണെന്ന് വിളിച്ചു പറഞ്ഞു.. അതുകൊണ്ട് ഞാനിങ്ങനെ ബോറടിച്ചിരിക്കുവാ ” “സാറിന്റെ ക്യാബിൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല.. അതുകൊണ്ട് ഞാനും വരുന്നു സാറിന്റെ കൂടെ ” “വാ ” അവർ ഒരുമിച്ച് ജോയലിന്റെ ക്യാബിനിലേക്ക് നടന്നു.. ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ കൂടി ഒരുമിച്ച് നടക്കുമ്പോൾ പലരുടെയും നോട്ടം തങ്ങളുടെ നേർക്ക് വരുന്നത് ജോയലറിഞ്ഞു.. ഇത് ആദ്യത്തെ ദിവസമാണ്.. തുടക്കം മാത്രമാണ്.. താനും അമേയയും ഒന്നിച്ചാണ് താമസമെന്ന് ഇവിടെയുള്ളവരെല്ലാം അറിയാൻ ഇനി കാലതാമസമൊന്നും ഉണ്ടാകുകയില്ലെന്ന് അവന് മനസിലായി.. ക്യാബിനിലേക്ക് കയറിയതും അമേയ തന്റെ ബാഗ് അവിടെ ഒഴിഞ്ഞു കിടന്ന കസേരയിൽ വച്ചു..

ജോയലിന് എതിരെയുള്ള കസേരയിൽ അവളിരുന്നു.. ജോയൽ അവളുടെ വലത് കരം കവർന്നെടുത്തു തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു.. “നീയില്ലാതെ കുറച്ച് സമയം ഫ്ലാറ്റിലിരുന്നപ്പോളാണ് ഞാൻ നിന്നെയിത്രയും സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായത്.. അത്രയ്ക്ക് ഞാൻ നിന്നെ മിസ്സ്‌ ചെയ്തു ” “എനിക്കും അങ്ങനെ ആയിരുന്നു ” ജോയൽ അവളുടെ കരം സ്വാതന്ത്രമാക്കി.. “ഞാനിവിടെ ഇരുന്നോട്ടെ സാർ.. ഒറ്റയ്ക്ക് പോയി ഫ്ലാറ്റിലിരിക്കാൻ തോന്നുന്നില്ല ” “ഇവിടെ ഇരുന്നാൽ ശരിയാകില്ല.. ഹോസ്പിറ്റൽ മാനേജ്മെന്റ് അറിഞ്ഞാൽ പ്രശ്നമാകും .. ഹോസ്പിറ്റലിന് പുറത്ത് നമ്മളെങ്ങനെയായാലും അവർക്കൊരു പ്രശ്‍നവുമില്ല.. പക്ഷേ ഇവിടെ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്.. അത്‌ നമ്മൾ കൃത്യമായി പാലിക്കണം..നീ പോയി കുളിച്ചു റെഡിയാക്, അപ്പോളേക്കും ഞാൻ വരാം ” “ഓക്കേ ” അമേയ ഫ്ലാറ്റിലേക്ക് പോയി.. ശനിയാഴ്ച..

ഇന്ന് ടീന എമറാൾഡ് ഹോസ്പിറ്റലിൽ നിന്നും വിട പറയുകയാണ്.. ഇന്നലെയായിരുന്നു അവളുടെ ലാസ്റ്റ് ഡ്യൂട്ടി.. ഇന്ന് ക്ലിയറൻസും എക്സ്പീരിയൻസ്‌ സർട്ടിഫിക്കറ്റും വാങ്ങാൻ വേണ്ടി അവൾ ഹോസ്പിറ്റലിൽ എത്തിയതാണ്.. ഒരു മാസം കൂടി കഴിഞ്ഞാൽ അജിത്‌ ലീവിന് വരുന്നുണ്ട്.. അപ്പോൾ തങ്ങളുടെ വിവാഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.. അത്‌ കഴിഞ്ഞാൽ താനും അജിത്തിനോടൊപ്പം കാനഡയിലേക്ക് പോകും.. ഒരു മാസം കഴിഞ്ഞാൽ കല്യാണമാണെന്നൊന്നും താൻ ഇവിടെയാരോടും പറഞ്ഞിട്ടില്ല.. റൂംമേറ്റായ ധന്യയോട് പോലും പറഞ്ഞില്ല.. എമർജൻസിയുടെ മുന്നിലെത്തിയപ്പോൾ റിജോ കൌണ്ടറിലിരിക്കുന്നത് കണ്ടു.. പോകുന്നതിന് മുൻപ് അവനോട് യാത്ര പറയണോ? അവൾ ഒരു നിമിഷം ചിന്തയോടെ നിന്നു…… തുടരും…….

ഈറൻമേഘം: ഭാഗം 32

Share this story