ആത്മിക : ഭാഗം 47

ആത്മിക : ഭാഗം 47

എഴുത്തുകാരി: ശിവ നന്ദ

ദേവുവും കിച്ചനും വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കേട്ടു ദച്ചുവിന്റെ ചിണുങ്ങലും കൊഞ്ചലും..എന്തോ കുരുത്തക്കേട് ഒപ്പിച്ച് വെച്ചിട്ടുള്ള കള്ളചിരിയാണ് ചെക്കന്റെ..ദേവുവിനെ കണ്ടതും ചുണ്ടുപിളർത്തി ഒരു നോട്ടം..എന്നിട്ട് നേരെ അമ്മുവിന്റെ മടിയിലേക്ക് കയറാനുള്ള ശ്രമം നടത്തി..അമ്മു അവനെ പിടിച്ചിരുത്തിയതും കിച്ചൻ വന്നവനെ പൊക്കിയെടുത്തു..ഇഷ്ടപെടാത്തത് പോലെ ചെക്കൻ കരച്ചിലും തുടങ്ങി. “അതേ അച്ഛനും അമ്മയും ആയാൽ മാത്രം പോരാ..അതിന്റെ ഉത്തരവാദിത്തം കൂടെ കാണിക്കണം” “അതിനിപ്പോ എന്ത് സംഭവിച്ചെന്ന അമ്മ പറയുന്നത്??” “രണ്ടുംകൂടി കൊച്ചിനെ ഇവിടിട്ടിട്ട് കറങ്ങാൻ പോയതല്ലേ..അതുകൊണ്ടാ അവൻ മൈൻഡ് ചെയ്യാത്തത്” “ഓ അതാണോ..ഇവന്റെ പിണക്കമൊക്കെ ഞാൻ മാറ്റിക്കോളാം”

കിച്ചന്റെ കൈയിൽ നിന്ന് ദച്ചുവിനെ വാങ്ങി ദേവു മുറിയിൽ കയറി.കിച്ചനും കൂടെ പോയതോടെ “ഇപ്പോൾ നമ്മളാരായി” എന്ന ഭാവത്തിൽ ഇരിക്കുന്ന അമ്മായിയെ നോക്കി കളിയാക്കി ചിരിച്ചിട്ട് അമ്മുവും അവളുടെ മുറിയിലേക്ക് പോയി. കുറേനേരത്തെ കളിചിരികൾക്ക് ശേഷം ദച്ചു ഉറങ്ങിയതും ദേവു നേരെ അമ്മുവിന്റെ മുറിയിലേക്ക് ചെന്നു. “ഇന്നലെ അനുവദിച്ചെന്നും പറഞ്ഞ് ഇന്നും ഇവിടെ കിടക്കാൻ പറ്റില്ല എന്റെ ദേവൂട്ടി” “എന്താടി അമ്മൂസേ..ഇന്നുംകൂടിയല്ലേ ഉള്ളു..നാളെ ഞങ്ങൾ പോകുവല്ലേ” “എന്നിട്ട് അടുത്ത ആഴ്ച വരില്ലേ??” “ഇല്ല..ഇനി നിന്റെ പരീക്ഷ കഴിഞ്ഞിട്ടേ വരൂ.അല്ലെങ്കിൽ ദച്ചു നിന്നെ പഠിക്കാൻ സമ്മതിക്കില്ല” “മ്മ്മ്..അതിരിക്കട്ടെ നിങ്ങൾ ഇന്ന് എവിടേയ്ക്കാ പോയത്.?” “അത് പിന്നെ..ഞങ്ങൾ വെറുതെ..ബീച്ചിലൊക്കെ പോയി..”

“ഓ ഇപ്പോഴും പുതുമോടിയിൽ ആണല്ലോ” അമ്മു കളിയായി പറഞ്ഞതും അത് ശ്രദ്ധിക്കാത്തത് പോലെ ദേവു കിടക്ക വിരിക്കാൻ തുടങ്ങി..അവളുടെ പ്രവർത്തിയിൽ സംശയം തോന്നിയതും അമ്മു ദേവുവിന്റെ കൈയിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. “എന്താ??” “നീ എന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ?” “ഞാനോ…ഇല്ല..എന്താടി??”. “അല്ല നിനക്ക് ആകെമൊത്തത്തിൽ ഒരു കള്ളലക്ഷണം” “ഒന്ന് പോടീ..നീയല്ലേ ഒന്നും എന്നോട് പറയാതെ മറച്ചുവെക്കുന്നത്..” “ഞാൻ എന്ത് മറച്ചെന്ന ദേവു നീ പറയുന്ന??” “അല്ലെങ്കിൽ പിന്നെ..ഇത്രയും നേരമായിട്ടും അമ്പലത്തിൽ പോയ വിശേഷം നീ പറഞ്ഞോ??” “അത് നീ ചോദിച്ചതും ഇല്ലല്ലോ..” “എന്നാൽ ഇപ്പോൾ ചോദിച്ചിരിക്കുന്നു..എന്തായി കാര്യങ്ങൾ ഒക്കെ?? ആ ചന്തു വന്നോ??” “മ്മ്മ് വന്നു…വന്നെന്ന് മാത്രമല്ല..എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു..എന്റെ പാസ്ററ് ഫുൾ ആൾക്കിപ്പോൾ മനഃപാഠം ആണ്”

“എന്തിനാ നീ അതൊക്കെ പറയാൻ പോയ??” “ഒന്നും മറച്ചുവെക്കുന്നത് ശരിയല്ലെന്ന് തോന്നി..ഇനി എന്ത് വേണമെന്ന് ചന്തുവേട്ടൻ തീരുമാനിക്കട്ടെ” “അപ്പോഴും നിന്റെ തീരുമാനം എന്താണെന്ന് പറഞ്ഞില്ല..” “എനിക്ക് അറിയില്ല ദേവു..എല്ലാം വിധിയ്ക്ക് വിട്ട് കൊടുത്തേക്കുവ” നിർജീവമായ ചിരിയോടെ അമ്മു കട്ടിലിൽ കയറി കിടന്നു..കുറച്ച് നേരം അവളെ നോക്കി നിന്നിട്ട് ദേവുവും അടുത്തായി കിടന്നു. “താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനാ നീ നിന്ന് കൊടുക്കുന്നത്??” “എനിക്ക് ഇപ്പോൾ ആരോടും പ്രത്യേക ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നുമില്ല..ചന്തുവേട്ടൻ വീണ്ടുമാ പ്രൊപോസൽ മുന്നോട്ട് വെച്ചപ്പോൾ എല്ലാം പറയണമെന്ന് തോന്നി..” “ചന്തു വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞാൽ???” “അതാ ഞാൻ പറഞ്ഞത് വിധി പോലെ നടക്കട്ടെന്ന്..തീരുമാനം എന്താണെങ്കിലും വീട്ടിൽ വന്ന് അറിയിക്കുമെന്ന പറഞ്ഞേക്കുന്നത്..

അപ്പോൾ അമ്മച്ചിയും അമ്മായിയും ഹർഷേട്ടനും കൂടി തീരുമാനിക്കട്ടെ” എന്ത് പറയണമെന്ന് അറിയാൻ വയ്യാതെ ദേവു കിടന്നു.അമ്മു തിരിഞ്ഞ് അവളെ കെട്ടിപിടിച്ചപ്പോഴേക്കും രണ്ടും കല്പിച്ച് ദേവു പറയാൻ തന്നെ തീരുമാനിച്ചു. “എടി…ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ഒന്നുംകൂടി ആലോചിക്കണ്ടേ” “എന്താ എന്റെ ദേവുവിന് പറ്റിയത്?? നിനക്ക് മറ്റെന്തെങ്കിലും എന്നോട് പറയാനുണ്ടോ??” “അത് അമ്മു…ഇച്ചായന്റെ കാര്യമാണ്…ഒരുപക്ഷേ ഇച്ചായന് നിന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് കേൾക്കാൻ നീ തയാറാകുമോ??” “നീ എന്താ ഉദ്ദേശിച്ചത്?? എനിക്ക് മനസിലായില്ല..എന്നോട് പുള്ളി എന്ത് പറയാനാ??” “അല്ല അമ്മു..ടീനുചേച്ചിയും ഇച്ചായനും തമ്മിൽ നീ കരുതുന്ന പോലൊരു ബന്ധം ഉണ്ടെങ്കിൽ പിന്നെ എന്തിനാ അവർ പിരിഞ്ഞത്??” “അവർ പിരിഞ്ഞെന്ന് ആര് പറഞ്ഞു?? ചേച്ചി പഠിക്കാനായിട്ട് പോയതല്ലേ..” “അത്..അത് പിന്നെ..

കിച്ചേട്ടൻ അങ്ങനെ പറയുന്നത് കേട്ടു” “എങ്കിൽ അതിന്റെ കാരണം കിച്ചേട്ടനോട് അല്ലേ ചോദിക്കേണ്ടത്..അല്ലാതെ അതിനെ കുറിച്ച് ഞാൻ എന്ത് പറയാനാ??” “അമ്മു..നമുക്ക് അറിയാത്തൊരു കഥ ഇതിനിടയ്ക്ക് നടന്നിട്ടുണ്ടെങ്കിലോ???” “അറിഞ്ഞ കഥകൾ തന്നെ ധാരാളമാണ് ദേവു” “അതല്ല..ഞാൻ പറഞ്ഞത്..ഇപ്പോൾ ഇത്രയും വർഷം ആയില്ലേ..ഇച്ചായനെ നിനക്കൊന്ന് കോൺടാക്ട് ചെയ്തൂടെ..എന്തെങ്കിലും തെറ്റിധാരണ ഉണ്ടെങ്കിൽ അത് മാറുമല്ലോ” “ഹ്ഹാ..ഞാൻ കോൺടാക്ട് ചെയ്യണോ?? എന്ത് കാരണം പറഞ്ഞാ ഞാൻ കോൺടാക്ട് ചെയ്യേണ്ടത്?? ഒന്ന് ഇഷ്ടപെട്ടതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചില്ലേ ഞാൻ..കരഞ്ഞുകൊണ്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയതല്ലേ..എന്നിട്ട് ഈ നിമിഷം വരെ എന്നെ കോൺടാക്ട് ചെയ്യാൻ നിന്റെ ഇച്ചായന് തോന്നിയില്ലല്ലോ…ഞാൻ ഓക്കേ ആണോന്ന് അന്വേഷിക്കാൻ തോന്നിയില്ലല്ലോ…അതിനും മാത്രം എന്ത് തെറ്റാടി ഞാൻ ചെയ്തത്??

നിന്റെ കുഞ്ഞിന്റെ ചരട്കെട്ടിനും പിറന്നാളിനും ഞാൻ ഉള്ളത് കൊണ്ടല്ലേ നിന്റെ ഇച്ചായൻ പങ്കെടുക്കാതിരുന്നത്…കഴിഞ്ഞ ക്രിസ്മസിന് ഞാൻ കളരിയ്ക്കലിൽ ചെല്ലുമെന്ന് അറിഞ്ഞപ്പോൾ ഇല്ലാത്ത ബിസിനസ്‌ ട്രിപ്പിന്റെ പേരിൽ അവിടുന്നും ഒഴിവായി നിന്റെ ഇച്ചായൻ…എല്ലാം അവസാനിപ്പിച്ച് പോയ എന്നെ വീണ്ടും വീണ്ടും അവഗണിക്കുന്ന ഒരാളെ ഞാൻ കോൺടാക്ട് ചെയ്യാൻ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്?? ഇപ്പോഴും നിന്റെ ഇച്ചായനോടുള്ള പ്രണയം ഞാൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്നാണോ നീ കരുതിയിരിക്കുന്നത്?? ഇല്ല ദേവു…എല്ലാ അർത്ഥത്തിലും മറ്റൊരു പെണ്ണിന്റെ സ്വന്തമായവനെ മോഹിക്കാനും മാത്രം അധപതിച്ചിട്ടില്ല ആത്മിക” “അമ്മു ഞാൻ അങ്ങനെയൊന്നും…..” “വേണ്ട ദേവു…ഇപ്പോൾ ഈ സംസാരിച്ചത് എന്റെ ദേവു അല്ല..

കിച്ചേട്ടന്റെ ഭാര്യയായ ദേവിക ആണ്..” “നീയെന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്?? ഒരിക്കലുമല്ല അമ്മു..നീ എന്റെ പ്രാണൻ അല്ലേടി..നിന്റെ സന്തോഷത്തിന് വേണ്ടി പറഞ്ഞതാ” “ഞാനിപ്പോൾ സന്തോഷത്തിൽ അല്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവു?? നീ പറഞ്ഞ കാര്യങ്ങളാണ് എന്റെ സന്തോഷം ഇല്ലാതാക്കുന്നത്” “സോറി അമ്മു..ഒന്നും ഓർക്കാതെ ഞാൻ..സോറി” “ഏയ്‌ സാരമില്ലടി..നീ അത് വിട്” എന്തോ വലിയ അപരാധം ചെയ്ത മുഖഭാവത്തിൽ കിടക്കുന്നവളെ അമ്മു ചേർത്ത് പിടിച്ചു.അമ്മു-ആൽബി ഒത്തുചേരൽ ഇനി വെറും സ്വപ്നം മാത്രമാണെന്ന് ദേവുവിന് തോന്നിത്തുടങ്ങിയിരുന്നു.. ********

“നീ അമ്മുവിനോട് സംസാരിച്ചോ??” പിറ്റേന്ന് രാവിലെ വീട്ടിലേക്കുള്ള ഡ്രൈവിങ്ങിനിടയിലാണ് കിച്ചന്റെ ചോദ്യം..മറുപടി പറയാതെ ദച്ചുവിനെ ഒന്നുകൂടി ചേർത്തുപിടിച്ച് അവൾ പുറത്തേക്ക് നോക്കിയിരുന്നു. “നീ കേട്ടില്ലേ ദേവു??” “മ്മ്മ്മ്…ഒരു പ്രതീക്ഷയും വേണ്ട കിച്ചേട്ടാ” “മ്മ്മ്..” നീണ്ട നിശബ്ദതയ്ക്ക് ശേഷം ദേവു കിച്ചനെ നോക്കി..അവൻ എന്തോ ആലോചനയിലാണ്. “കാര്യങ്ങൾ ഇത്രയും വഷളാകുന്നതിന് മുൻപ് എന്നോട് എല്ലാം പറഞ്ഞിരുന്നെകിൽ അമ്മു ഇച്ചായനിൽ നിന്ന് അകലില്ലായിരുന്നു” “അതിന് അവൻ സമ്മതിക്കണ്ടായിരുന്നോ…നിന്നെ അറിയിച്ചാൽ എല്ലാം അമ്മു അറിയുമെന്ന് പറഞ്ഞ് എന്നെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതല്ലേ” “ഏതെങ്കിലും വഴി ഏട്ടന് അത് അമ്മുവിനെ അറിയിക്കാമായിരുന്നു..”

“അന്ന് അവന്റെ ഭാഗത്ത്‌ ന്യായം ഉള്ളതായി തോന്നി..പക്ഷെ അവൻ അമ്മാതിരി പണി ഒപ്പിച്ച് വെക്കുമെന്ന് ഞാൻ അറിഞ്ഞോ..അവന്റെ കോപ്പിലെ ഒരു ഐഡിയ” “ഇനി എന്ത് ചെയ്യും??” “ഇനി ഒന്നും ചെയ്യാനില്ല..സ്വയം വരുത്തിവെച്ചതല്ലേ..അനുഭവിക്കട്ടെ” 💞💞💞💞💞💞💞💞 ലാപ്ടോപ്പിൽ കാര്യമായി എന്തോ ടൈപ്പ് ചെയ്യുമ്പോഴാണ് ആൽബിയുടെ ക്യാബിനിലേക്ക് ദിയ എത്തുന്നത്. “സർ…” “Yes come in” മുഖം ഉയർത്താതെ തന്നെ അവൻ അനുവാദം കൊടുത്തതും അവൾ അകത്ത് കയറി ഫയൽ അവന് നേരെ നീട്ടി..അപ്പോഴാണ് അത് ദിയ ആയിരുന്നെന്ന് അവന് മനസിലായത്..അവന്റെ കൂർത്തനോട്ടം കണ്ടതും ദിയ സ്വയമൊന്ന് നോക്കി..എന്നിട്ട് സംശയത്തോടെ അവനെയും.. “നീ എന്നെ എന്ത് വിളിച്ചിട്ട കയറി വന്നത്..??” “അത്..സർന്ന്…” “അങ്ങനെയല്ലായിരുന്നല്ലോ വിളിച്ചുകൊണ്ടിരുന്നത്..ഇപ്പോൾ എന്തേ പുതിയ ശീലങ്ങൾ ഒക്കെ?” “ഞാൻ ഇവിടെ അധികാരം സ്ഥാപിക്കാൻ നോക്കുന്നെന്ന് ചിലരൊക്കെ പറയുന്നുണ്ട്..വെറുതെ ഒരു കഥ ഉണ്ടാക്കേണ്ടെന്ന് കരുതി”

“ഓഓഓ അങ്ങനെ..അപ്പോൾ ജെറി എന്നെ ഇച്ചായാന്ന് വിളിക്കുന്നതും ഒരു പ്രശ്നം ആയിരിക്കുമല്ലോ” “ജെറിയെ പോലെയല്ലല്ലോ ഞാൻ” “എനിക്ക് നീയും ജെറിയും ഒരുപോലാണ്..അവനും അങ്ങനെ തന്നെ…ഇവിടുത്തെ വേക്കൻസിയിലേക്ക് അപ്ലൈ ചെയ്ത് വന്നതല്ല നീ..ഞങ്ങളിൽ ഒരാൾ ആയത് കൊണ്ട് നമ്മുടെ ഓഫീസിന്റെ ഭാഗം ആക്കിയതാണ്..മറ്റുള്ളവരെ ബോധിപ്പിക്കാൻ ആ സ്വന്തവും ബന്ധവും നീ മാറ്റാൻ നിൽക്കണ്ട..കേട്ടല്ലോ..” കടുപ്പിച്ച് അത്രയും പറഞ്ഞിട്ട് അവൾ കൊണ്ട് വന്ന ഫയൽ നോക്കുന്നവന്റെ സ്നേഹവും വാത്സല്യവും ദിയയുടെ മനസ്സ് നിറച്ചു…ആ ഫയൽ തിരികെ വാങ്ങി അവൾ പോകാൻ തിരിഞ്ഞപോഴേക്കും ആൽബി വിളിച്ചിരുന്നു. “എന്താ ഇച്ചായ??” “അത്..ദിയ..അവിടെ അമ്മുവിന് ഏതെങ്കിലും പ്രൊപോസൽ വന്നോ??” “അങ്ങനെ കല്യാണത്തെ കുറിച്ചൊന്നും ആരും സംസാരിച്ചിട്ടില്ല..

പിന്നെ അമ്മുവിന്റെ കോളേജിൽ ഉണ്ടായിരുന്ന ഒരു പയ്യന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞതായി അറിഞ്ഞു.” “ചന്തു ആണോ?” “ആഹ് അതേ…ഇച്ചായന് അറിയുമോ അവനെ?” “മ്മ്മ്..ഇവിടെ ഉണ്ടായിരുന്ന പ്രകാശേട്ടന്റെ മോനാ..” “ആണോ..അപ്പോൾ ഇച്ചായൻ തന്നെ ആ പയ്യനോട് സംസാരിക്ക്..നല്ലതാണെങ്കിൽ നമുക്ക് നോക്കാമായിരുന്നു.” “അല്ല അമ്മു എന്ത് പറഞ്ഞു??” “അവൾ ഇച്ചായനോട് ഒന്നും പറഞ്ഞില്ലേ???” “ഇ..ഇല്ല…ഞങ്ങൾ ചെറുതായിട്ടൊന്ന് വഴക്കിട്ടു” “ആണോ…ചുമ്മാതല്ല അവൾ വീട്ടിൽ വന്നിട്ടും ഇച്ചായൻ അങ്ങോട്ട് വരാഞ്ഞത്..ഹർഷേട്ടൻ എന്നും പറയും അത്” “മ്മ്മ്മ്…ദിയ പൊയ്ക്കോ..ജോലി നടക്കട്ടെ” ദിയ പോയതും ആൽബി ലാപ് അടച്ചുവെച്ച് കസേരയിൽ ചാരികിടന്നു…ഇന്നും അവരൊക്കെ വിചാരിച്ചിരിക്കുന്നത് താനും അമ്മുവും ആ പഴയ സ്നേഹത്തോടെ തന്നെയാണെന്നാണ്..പക്ഷെ…. പെട്ടെന്നാണ് ഡോർ തുറന്ന് ജെറി കയറി വന്നത്. “ഇച്ചായൻ ഉറങ്ങുവാണോ??”

“അല്ലടാ..നീ കാര്യം പറ” “ഞാൻ ചുമ്മാ വന്നത..പ്രത്യേകിച്ച് പണിയൊന്നും ഇല്ല” “എന്നാ ഞാൻ കുറച്ച് പണി തരാം” “ഓഓഓ എന്നാ ഞാൻ പോയേക്കാം” അവന്റെ പരിഭവം കേട്ട് ചെറുചിരിയോടെ ആൽബി ലാപ് ഓൺ ചെയ്തു..പെൻസ്റ്റാൻഡിൽ നിന്നും ഒരു പേനയെടുത്ത് കയ്യിലിട്ട് കറക്കികൊണ്ട് ജെറി അവനെ നോക്കിയിരുന്നു. “ഇച്ചായോ…” “എന്താടാ??” “ടീനൂച്ചി എന്ന് വരും??” ജെറിയുടെ അപ്രതീക്ഷിത ചോദ്യത്തിന് മുൻപിൽ മറുപടി ഇല്ലാതെ അവൻ സ്ക്രീനിലേക്ക് നോക്കിയിരുന്നു. “ഇച്ചായൻ എന്താ ഒന്നും പറയാത്ത” “എനിക്ക് അറിയില്ല” “നിങ്ങൾക്ക് ഇടയിൽ എന്താ സംഭവിച്ചത്??” ദേഷ്യത്തോടെ ആൽബി ലാപ് അടച്ച് ജെറിയെ നോക്കി.. “കുറേ തവണ ഞാൻ ചോദിച്ചിട്ടും ഇച്ചായൻ അതിനുള്ള ഉത്തരം തന്നിട്ടില്ല..ഒരു കാരണവും ഇല്ലാതെ പെട്ടെന്നൊരു ദിവസം ടീനൂച്ചി ബാംഗ്ലൂരിലേക്ക് പോകില്ല” “എന്നും ഈ ഓഫീസും നോക്കി നടക്കുമെന്ന് അവൾ പറഞ്ഞിട്ടുണ്ടോ??

താത്കാലികമായിട്ടാണ് അവൾ എല്ലാം ഏറ്റെടുത്ത് നടത്തിയത്..അത് കഴിഞ്ഞപ്പോൾ അവൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കാൻ അവൾ പോയി” “അങ്ങനെയാണെങ്കിൽ സാവകാശം എല്ലാം ഇച്ചായനെ ഏല്പിച്ചിട്ടല്ലേ പോകു..ഇത് പോകുന്നതിന്റെ അന്ന് രാവിലെ റെസിഗ്നേഷൻ ലെറ്റർ എനിക്ക് മെയിൽ ചെയ്തിട്ട് ഇച്ചായനെ ഒന്ന് കാണുക പോലും ചെയ്യാതെ അല്ലേ പോയത്…അതോടെ കളരിയ്ക്കൽ ഗ്രൂപ്പ്‌സ് തകർന്ന് പോകുമെന്ന സിറ്റുവേഷൻ വന്നപ്പോൾ അതിലും തകർന്നിരുന്ന ഇച്ചായനെ ഞാൻ അല്ലേ നിർബന്ധിച്ച് ഇങ്ങോട്ട് കൊണ്ട് വന്നത്..” “ഞാൻ എന്തിന് തകർന്ന് ഇരിക്കണം?” “അതാ ഞാൻ ചോദിച്ചത്..ടീനൂച്ചിയുമായി എന്താ പ്രശ്നമെന്ന്??” “ഈ വക കാര്യങ്ങൾ സംസാരിക്കേണ്ട സ്ഥലം ആണോടാ ഓഫീസ്…കഴിഞ്ഞ ആഴ്ചത്തെ ടെൻഡറിന്റെ കോപ്പി നീ എനിക്ക് മെയിൽ ചെയ്തോ??”

“അത്…മറന്ന് പോയി” “ആവശ്യമുള്ളത് ഒന്നും ഓർക്കില്ലല്ലോ..മര്യാദക്ക് പോയി അതെനിക് മെയിൽ ചെയ്തിട്ട് ഞാൻ വരുന്നത് വരെ ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കിക്കോണം” “ഇച്ചായൻ എവിടെ പോകുവാ??” “എല്ലാം നിന്നെ അറിയിക്കണമെന്നുണ്ടോ???” അവന്റെ തുറിച്ചുനോട്ടം കണ്ടതും ടേബിളിൽ ഇരുന്ന ഫയൽ ചുമ്മാ എടുത്ത് നോക്കികൊണ്ട് ജെറി ഇരുന്നു..ആൽബി പോയതും അവൻ എഴുന്നേറ്റു.. “ഹോ..വീട്ടിൽ വന്ന പുന്നാര അനിയന്റെ സ്നേഹനിധിയായ ഇച്ചായൻ..ഓഫീസിൽ വന്നാൽ തനി കാട്ടാളൻ” ******** ജെറിയുടെ ഓരോ ചോദ്യം കേട്ട് ഭ്രാന്ത്‌ പിടിച്ചപ്പോൾ വെറുതെ കാറുമെടുത്ത് പുറത്തേക്ക് ഇറങ്ങിയതാണ്..എന്നാൽ ആ ഭ്രാന്ത് കൂട്ടുന്ന കാഴ്ചയാണ് അവൻ കണ്ടത്.. സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന് മുന്നിൽ അമ്മുവുമായി സംസാരിച്ചുനിൽകുന്ന ചന്തു..പെട്ടെന്ന് തന്നെയവൻ വണ്ടി നിറത്തി..അവരുടെ അടുത്തേക്ക് പോയാലോന്ന് അവൻ ചിന്തിച്ചു…

പക്ഷെ അതിനുള്ള എന്ത് യോഗ്യതയാ തനിക്കുള്ളത്?? തന്നെ മാത്രം സ്നേഹിച്ച പെണ്ണിനെ വേദനിപ്പിച്ച് തന്നിൽ നിന്നും അകറ്റിയിട്ട് ഇപ്പോൾ അവൾ എന്റേതാണെന്ന് പറഞ്ഞ് ചെന്നാൽ അവൾ തന്നെ കൂടുതൽ വെറുക്കുകയെ ഉള്ളു..തനിക് പറയാനുള്ളത് കേൾക്കാൻ പോലും അവൾ തയാറാകില്ലെന്നല്ലേ കിച്ചുവും പറഞ്ഞത്..അതൊന്നും സാരമില്ലെന്ന് അവനോട് പറഞ്ഞെങ്കിലും തന്റെ അമ്മു മറ്റൊരാളുടേത് ആകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല..അവളുടെ സന്തോഷം കാണാൻ കൊതിച്ചതാ ഞാൻ..പക്ഷെ ഇന്നാ സന്തോഷത്തിന് കാരണം ചന്തു ആണ്..അത് ഓർക്കുമ്പോൾ തന്നെ തലപെരുക്കുവാണ്…വിരലുകളാൽ മുടി കോർത്തുവലിച്ച് അവൻ ഇരുന്നു..അപ്പോഴേക്കും ചന്തു പോയിരുന്നു..അമ്മു ക്ലാസ്സിലേക്കും കയറി.. 💞💞💞💞💞💞

സിവിൽ സർവീസ് പരീക്ഷയുടെ നിർണായകഘട്ടമായ മെയിൻസിന്റെ എക്സാം കഴിഞ്ഞ് അതിന്റെ റിസൾട്ടും കാത്തിരിക്കുന്ന സമയത്താണ് ആൽബിയുടെ പിറന്നാളിന്റെ കാര്യവും പറഞ്ഞ് ജെറി എത്തുന്നത്.അവന്റെ പിറന്നാൾ ആഘോഷിച്ചിട്ട് ഇപ്പോൾ രണ്ട് വർഷമായി..ഇത്തവണ പഴയത് പോലെ തന്നെ അത് ആഘോഷമാക്കണമെന്ന നിർബന്ധത്തിന് മനസ്സില്ലാമനസ്സോടെ ആൽബി സമ്മതിക്കുകയായിരുന്നു.എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്നവളുടെ അടുത്തേക്ക് ജെറി ഇരുന്നു. “ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോടി.?” “കേൾക്കാതിരിക്കാൻ എനിക്ക് പൊട്ടൊന്നും ഇല്ലല്ലോ ചെക്കാ..നിന്റെ ഇച്ചായന്റെ പിറന്നാൾ ആഘോഷിക്കാൻ ഇനി എന്റെ അനുവാദം വേണോ നിനക്ക്??” “നിന്റെ അനുവാദം അല്ല..പ്രെസെൻസ് ആണ് വേണ്ടത്” “നടക്കില്ല ജെറി..ഞാൻ വരില്ല” “എന്ത് കൊണ്ട്??” അതിന് അവൾക് മറുപടി ഇല്ലായിരുന്നു.. ”

എങ്കിൽ ശരി നീ വരണ്ട…പക്ഷെ അതിന്റെ കാര്യകാരണം സഹിതം അമ്മച്ചിയോട് നീ തന്നെ പറഞ്ഞേക്കണം..ഇനി നിനക്ക് വേണ്ടി കള്ളം പറയാൻ എനിക്ക് വയ്യ” “ജെറി…” “പിന്നല്ലാതെ ഞാൻ എന്താ പറയേണ്ടത്…ഒരുകാലത്ത് ഇച്ചാന്നും വിളിച്ച് നടന്നവൾ ആ ഇച്ചന്റെ പിറന്നാളിന് എന്ത് കൊണ്ട് വന്നില്ലെന്ന ചോദ്യത്തിന് ഞാൻ എന്ത് കള്ളമാ പറയേണ്ടത്?? പണ്ട് ഇച്ചായന്റെ മുന്നിൽ കരഞ്ഞുനിന്നിരുന്ന അമ്മു അല്ല നീയിപ്പോൾ..പ്രണയിച്ചു എന്നൊരു തെറ്റല്ലേ നീ ചെയ്തോളു..അതിന്റെ പേരിൽ ഇനിയും ഇച്ചായനെ ഫേസ് ചെയ്യാതിരിക്കേണ്ട ആവശ്യമില്ല..നീ പ്രണയം പറയുന്നതിന് മുൻപ് വരെ ഉണ്ടായിരുന്ന ഇച്ചായനെ ഓർത്തെങ്കിലും..നിനക്ക് വേണ്ടി ചെയ്തുതന്നിട്ടുള്ള ഉപകാരങ്ങൾ ഓർത്തെങ്കിലും…

ഒരു കൂടിക്കാഴ്ചക്ക് സമയമായി അമ്മു….അത് കൊണ്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാവില്ല..അറ്റ്ലീസ്റ്റ് നീ തോറ്റിട്ടില്ലെന്ന് ഇച്ചായനെ കാണിക്കാൻ എങ്കിലും..നീ ഇച്ചായനെ…ഇച്ചായനെ വെറുക്കുന്നില്ലെന്ന് അറിയിക്കാൻ എങ്കിലും…” അത് പറഞ്ഞപ്പോഴേക്കും ജെറിയുടെ വാക്കുകൾ ഇടറിയിരുന്നു..അമ്മു അവന്റെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും കൈയിൽ മുറുകെ പിടിച്ചിരുന്നു… 💞💞💞💞💞💞💞💞 അമ്മുവും ടീനുവും പോയതിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആഘോഷം..താഴെ എല്ലാവരുടെയും സംസാരം കേൾക്കാം..പഴയത് പോലെ ഓഫീസിലെ സ്റ്റാഫ്‌സും ഫ്രണ്ട്‌സും ഒക്കെ ഉണ്ട്..പക്ഷെ വേണ്ടപ്പെട്ട രണ്ട് പേർ മാത്രമില്ല. “എന്റെ ഇച്ചായ ഇതുവരെ റെഡി ആയില്ലേ??”

“ഇതൊക്കെ എന്തിനായിരുന്നടാ..ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടെന്ന്” “അതോ…ഓഫീസിലേക്ക് വരാൻ തുടങ്ങിയതോടെ എന്റെ ഇച്ചായന്റെ ചിരി ഒക്കെ മാഞ്ഞു..എപ്പോഴും ഒരു കാട്ടാളന്റെ മുഖമാ…അതൊന്ന് മാറ്റി തരണമെന്ന് അമ്മച്ചി പറയുമ്പോൾ അത് കേൾക്കാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ” “ഹ്മ്മ്മ്…ഞാൻ വന്നേക്കാം..നീ പൊയ്ക്കോ” ജെറിയെ പറഞ്ഞ് വിട്ട് ദീര്ഘമായൊന്ന് നിശ്വസിച്ചുകൊണ്ട് അവൻ എഴുന്നേറ്റു..ജെറി കൊണ്ട് വെച്ചിരുന്ന കവറിൽ നിന്നും പുതിയ ഡ്രസ്സ്‌ ഇട്ടു അവൻ താഴേക്ക് ഇറങ്ങി..സ്റ്റെപ്പിൽ നിന്ന് തന്നെ അവൻ കണ്ടിരുന്നു ഹാളിലേക്ക് കയറുന്ന അമ്മുവിനെ..ഒരുവേള രണ്ടുപേരുടെയും മിഴികൾ ഇടഞ്ഞു…വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച…ആൽബിയുടെ മുഖത്ത് അത്ഭുതമായിരുന്നെങ്കിൽ അമ്മുവിന്റെ മുഖത്ത് നിർവികാരത ആയിരുന്നു… (തുടരും) Nb: അമ്മുവിനെയും ആൽബിയും സെറ്റ് ആക്കണമെന്നും..ഒരു കാരണവശാലും അമ്മുവിന് ഇനി ആൽബി വേണ്ട എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ വരുമ്പോൾ വീണ്ടും ഞാൻ പറയുന്നു…എല്ലാവരെയും തൃപ്തിപെടുത്തി എഴുതാൻ കഴിയില്ല😌😌😌 പിന്നെ കഥ തീരാറായോ എന്ന് ചോദിക്കുന്നവരോട്…എന്റെ കണക്ക് അനുസരിച്ച് ഇനി മൂന്ന് പാർട്ടും കൂടിയേ ഉള്ളു🚶‍♀️🚶‍♀️…. (തുടരും )

ആത്മിക:  ഭാഗം 46

Share this story