ഈറൻമേഘം: ഭാഗം 35

ഈറൻമേഘം: ഭാഗം 35

 എഴുത്തുകാരി: Angel Kollam

ടീനയോട് ദേഷ്യത്തിൽ സംസാരിച്ചെങ്കിലും അവൾ പോയിക്കഴിഞ്ഞപ്പോൾ അവളുടെ വാക്കുകൾ തന്റെ കാതുകളിൽ അലയടിക്കുന്നത് പോലെ റിജോയ്ക്ക് തോന്നി.. സത്യമാണ്, ചെറുപ്പത്തിന്റെ ആവേശത്തിൽ താൻ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ ഇന്നല്ലെങ്കിൽ നാളെ താൻ ശിക്ഷ അനുഭവിക്കേണ്ടി വരും.. അതുമാത്രമല്ല, താൻ ചെയ്തു കൂട്ടിയ തെറ്റുകൾക്കൊക്കെ താൻ ടീനയെയാണ് പഴി ചാരിയത്.. ഇവിടെയുള്ള എല്ലാവരുടെയും മുൻപിൽ അവളെയും അജിത്തിനെയും ചേർത്ത് ഇല്ലാത്ത പല കഥകളും പ്രചരിപ്പിച്ചിട്ടുണ്ട്.. എന്നിട്ടും ടീന ഒരിക്കൽപോലും തനിക്കെതിരെ ശബ്ദമുയർത്തിയിട്ടില്ല.. എന്താണ് അന്ന് യഥാർത്ഥത്തിൽ നടന്നതെന്ന് തനിക്കും ടീനയ്ക്കും അജിത്തിനും മാത്രമാണ് അറിയാവുന്നത്..

ടീനയ്ക്ക് വേണമെങ്കിൽ തന്റെ പൊയ്മുഖം ഇവിടെയുള്ളവരുടെ മുന്നിൽ തുറന്ന് കാണിക്കാമായിരുന്നു.. ഒരിക്കൽ സ്നേഹിച്ചതിന്റെ പേരിൽ അവളെ താൻ വേദനിപ്പിച്ചിട്ടും അവൾ ഒരിക്കൽ പോലും തന്നെ വേദനിപ്പിച്ചിട്ടില്ല.. ഇപ്പോൾ ഈ യാത്ര പറഞ്ഞു പോകുന്ന വേളയിൽ പോലും താൻ ഇനിയെങ്കിലും നന്നായിട്ട് ജീവിക്കണമെന്ന് മാത്രമാണ് അവൾ ആഗ്രഹിച്ചത്.. ടീന നല്ല മനസ്സുള്ളൊരു പെണ്ണായിരുന്നു.. അവളെയാണ് താൻ തന്റെ അഹങ്കാരം കാരണം നഷ്ടപ്പെടുത്തിക്കളഞ്ഞത്.. ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ റിജോയ്ക്ക് കുറ്റബോധവും സങ്കടവുമൊക്കെ തോന്നി.. ഇതുവരെ എമറാൾഡിലുള്ള എല്ലാവരുടെയും മുൻപിൽ ടീനയെ ഒരു മോശക്കാരിയായിട്ടാണ് താൻ ചിത്രീകരിച്ചത്.. ഇനിയൊരിക്കലും ആരുടെയും മുന്നിൽ അവളെ തെറ്റുകാരിയാക്കാൻ താൻ ശ്രമിക്കില്ല.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമാണെന്ന് കരുതി മറന്നേക്കാം…

രാത്രിയിൽ, അമേയയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു ജോയൽ.. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. “നാളെ രാവിലെ അമ്പലത്തിൽ പോയാലോ?” “ഉം.. പോകാം ” “കൃഷ്ണനല്ലേ നിനക്ക് ഏറ്റവും അടുപ്പമുള്ള ദൈവം?” “അതെങ്ങനെ മനസിലായി?” “ഇടയ്ക്കിടയ്ക്ക് എന്റെ കൃഷ്ണാ എന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് ” “ഉം.. വീടിന്റെ അടുത്തുള്ളത് കൃഷ്ണക്ഷേത്രമായിരുന്നു.. അതുകൊണ്ട് കൃഷ്ണഭഗവാനോടാണ് ഏറെ അടുപ്പം തോന്നിയിട്ടുള്ളത്.. ജീവിതത്തിലെ എന്റെ എല്ലാ പ്രതിസന്ധികളിലും എന്റെ കാലിടറി പോകാതെ എന്നെ ചേർത്ത് പിടിച്ചതും എല്ലാ വിഷമാവസ്ഥകളും തരണം ചെയ്യാൻ എന്നെ സഹായിച്ചതും എല്ലാം എന്റെ കൃഷ്ണഭഗവാനാണ്.. സാറിനെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും ഭഗവനാണെന്ന് എനിക്കറിയാം” ജോയൽ അവളുടെ വലത് കരം കവർന്നെടുത്തു തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു..

“അതേ.. ദൈവമാണ് നമ്മളെ തമ്മിൽ ഒന്നിപ്പിച്ചത്.. അങ്ങനെ വിശ്വസിക്കാനാണ് എനിക്കുമിഷ്ടം ” അമേയയുടെ മുഖം തിളങ്ങുന്നത് നിലാവിന്റെ വെളിച്ചത്തിൽ ജോയൽ കണ്ടു.. “നാളെ നമുക്ക് കൃഷ്ണക്ഷേത്രത്തിൽ പോകാം.. ഇവിടെ രണ്ടു മൂന്നു കിലോമീറ്റർ അപ്പുറത്തായിട്ട് ഒരു ക്ഷേത്രമുണ്ട്.. ഞാനും സുഹാസും ഒരുമിച്ചവിടെ പോയിട്ടുണ്ട്.. അവന്റെ ഇപ്പോളത്തെ ഈ സാഹചര്യത്തിൽ ഞാനവനെ വിളിക്കുന്നില്ല.. നമുക്കൊരുമിച്ചു പോയിട്ട് വരാം ” “ഉം ” “നീ നാട്ടിൽ നിന്നും വന്നപ്പോൾ സാരിയൊന്നും കൊണ്ട് വന്നില്ലേ?” “ഇതെന്താ പതിവില്ലാതെ സാരിയെപ്പറ്റിയൊക്കെ അന്വേഷിക്കുന്നത്?” “നീ സെറ്റ് സാരിയൊക്കെ ഉടുത്തു വരുമ്പോൾ ഞാൻ മുണ്ടും കൂർത്തയുമൊക്കെ… അത്‌ നല്ല ചേർച്ചയായിരിക്കുമല്ലോ എന്ന് കരുതിയിട്ടാണ് ” “സെറ്റ് സാരിയൊക്കെ എന്റെ കയ്യിലുണ്ട്.. പക്ഷേ സാരിയുടുക്കാൻ അത്ര വശമില്ല.. അതുകൊണ്ട് തത്കാലം ചുരിദാറിട്ടൽ പോരേ?”

“സാരി ഉടുക്കാനറിയില്ലെന്നോർത്ത് വിഷമിക്കണ്ട.. ഞാൻ ഉടുപ്പിച്ച് തരാം ” “അയ്യടാ.. അങ്ങനെ വേണ്ട.. എനിക്കറിയാവുന്ന രീതിയിൽ ഞാനുടുത്തോളാം കേട്ടോ ” “ചേതമില്ലാത്ത ഒരുപകാരമല്ലേയെന്ന് കരുതി ഞാൻ പറഞ്ഞതാണ്.. നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട ” “തത്കാലം താല്പര്യമില്ല.. സാർ എഴുന്നേറ്റ് വാ.. നമുക്കുറങ്ങാൻ പോകാം ” “കുറച്ച് നേരം കൂടി കഴിയട്ടെ.. നാളെ നിനക്കും ഹോസ്പിറ്റലിൽ പോകണ്ടല്ലോ.. പിന്നെന്താ ഇത്രയും ധൃതി?” “എനിക്ക് ഉറക്കം വരുന്നു ” “ചുമ്മാ കള്ളം പറയല്ലേ പെണ്ണേ.. ഞാൻ കൂടുതൽ റൊമാന്റിക് ആകുമെന്ന് പേടിച്ചിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയാം ” “അങ്ങനെയെങ്കിൽ അങ്ങനെ.. വാ.. എഴുന്നേൽക്ക് ” “ഓ.. ഈ പെണ്ണിന്റെയൊരു കാര്യം ” ജോയൽ എഴുന്നേറ്റു.. പിന്നാലെ അമേയയും.. “ഗുഡ് നൈറ്റ്‌ ” തന്റെ റൂമിലേക്ക് നടക്കുന്നതിനിടയിൽ അമേയ അവനോട് പറഞ്ഞു..

റിജോ കട്ടിലിൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ ശ്യാം പുറത്തെവിടെയോ പോയിട്ട് റൂമിലേക്ക് വന്നു.. റിജോയുടെ മുഖഭാവം ശ്രദ്ധിച്ചിട്ട് ശ്യാം പരിഹാസസ്വരത്തിൽ ചോദിച്ചു.. “നീയെന്താടാ റിജോ ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ ഇരിക്കുന്നത്? അവൾ യാത്ര പറഞ്ഞു പോയതിന്റെ വിഷമമാണോ?” റിജോ മറുപടിയൊന്നും പറയാതെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു… അവന്റെ ആ ഇരിപ്പിൽ എന്തോ പന്തികേട് തോന്നിയതും ശ്യാം അവന്റെ തൊട്ടടുത്തായിട്ട് ഇരുന്നിട്ട് അവന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.. “എന്താടാ നിനക്ക് പറ്റിയത്?” “ടീനയെ എനിക്ക് നഷ്ടപ്പെടാൻ ഞാൻ തന്നെയായിരുന്നു കാരണം.. ഞാൻ നിങ്ങളോടെല്ലാവരോടും പറഞ്ഞത് കള്ളമായിരുന്നു ” ശ്യാം അവിശ്വസനീയതയോടെ റിജോയുടെ മുഖത്തേക്ക് നോക്കി.. റിജോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“അമേയ കാരണമെന്താണെന്ന് പോലും പറയാതെയാണ് നിന്നിൽ നിന്നകന്നു പോയത്.. പക്ഷേ ടീന എന്നിൽ നിന്നും അകന്ന് പോകാൻ വ്യക്തമായ കാരണമുണ്ടായിരുന്നു.. താൻ സ്നേഹിക്കുന്ന പുരുഷനെ മറ്റൊരു പെണ്ണിനോടൊപ്പം കണ്ടാൽ ലോകത്തിലെ ഒരു പെണ്ണും സഹിക്കില്ലെടാ.. ടീനയും അത്‌ തന്നെയാണ് ചെയ്തത്.. എന്റെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ഞാനവളെ എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയാക്കിയത് ” ശ്യാമിന്റെ നെറ്റിയിൽ ചുളിവുകൾ വീണു.. “നീയെന്തൊക്കെയാടാ ഈ പറയുന്നത്?” റിജോ ആരോടും പറയാതെ തന്റെ മനസിനുള്ളിൽ ഒളിപ്പിച്ചു വച്ച ആ രഹസ്യം ശ്യാമിനോട് പറഞ്ഞു.. റിജോയുടെ പല വാക്കുകളും ശ്യാമിന്റെ നെഞ്ചിൽ കൊള്ളുന്നത് പോലെ അവന് തോന്നി.. എല്ലാം ശ്യാമിനോട് തുറന്ന് പറഞ്ഞപ്പോൾ തന്റെ മനസിന് കുറച്ചാശ്വാസം കിട്ടിയത് പോലെ റിജോയ്ക്ക് തോന്നി.. അവനോട് മറുപടി പറയാൻ ശ്യാമിന് വാക്കുകളൊന്നും കിട്ടിയില്ല..

റിജോ അൽപനേരം കൂടി ചിന്തിച്ചിരുന്നിട്ട് പറഞ്ഞു.. “ഞാൻ ഈ സ്വഭാവമെല്ലാം മാറ്റാൻ പോകുകയാണ്.. ഞാൻ ചെയ്ത തെറ്റ് കൊണ്ടാണ് എന്റെ ജീവിതത്തിൽ പല നഷ്ടങ്ങളും എനിക്കുണ്ടായത്.. ഇനി അതൊന്നും ആവർത്തിക്കുന്നില്ല.. ഞാൻ ഈ ബാംഗ്ലൂർ നഗരത്തിലേക്ക് വരുമ്പോൾ നന്മയുള്ള ഒരു മനസെനിക്കുണ്ടായിരുന്നു.. ഇടയ്ക്ക് എപ്പോളോ എനിക്കത് നഷ്ടപ്പെട്ടു. നഷ്ടങ്ങളൊന്നും എനിക്ക് വീണ്ടെടുക്കാൻ പറ്റിയില്ലെങ്കിലും ഇനിയും ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാനെങ്കിലും സഹായിച്ചാലോ എന്റെ ഈ മാറ്റം ” “ഉം ” “നീയെന്താ ഒന്നും മിണ്ടാത്തത്?” “ഒന്നുമില്ലടാ ” റിജോ തന്റെ മൊബൈലിൽ നിന്നും സിം ഊരിയെടുത്തു ഒടിച്ചു കളഞ്ഞു.. “ഇന്ന് മുതൽ ഈ റിജോ ഒരു പുതിയ മനുഷ്യനായിരിക്കും” ശ്യാമിന്റെ മനസിലേക്ക് അമേയയുടെ മുഖമാണ് കടന്ന് വന്നത്.. തന്റെ തെറ്റ് കാരണമാണ് അവളെ തനിക്ക് നഷ്ടമായത്..

എന്നിട്ടിപ്പോൾ എല്ലാവരുടെയും മുൻപിൽ ഒന്നുമറിയാത്തത് പോലെ താനും അഭിനയിക്കുകയാണ്.. ഞായറാഴ്ച രാവിലെ റെഡിയായി വന്നതിന് ശേഷം ജോയൽ ഹാളിലെ സെറ്റിയിൽ വെയിറ്റ് ചെയ്തു.. എട്ട് മണിയായിട്ടും അമേയയുടെ റൂമിന് പുറത്തേക്ക് വന്നില്ല.. അവൻ മെല്ലെ എഴുന്നേറ്റു ചെന്നിട്ട് ഡോറിൽ പതിയെ തട്ടി.. അല്പസമയത്തിന് ശേഷം ഡോർ തുറന്ന് അവൾ പുറത്തേക്ക് വന്നു.. ജോയൽ അവളെ അടിമുടി നോക്കിയിട്ട് പറഞ്ഞു.. “സാരി ഉടുക്കാനറിയില്ലെന്ന് പറഞ്ഞിട്ട്, അത്യാവശ്യം നന്നായിട്ട് ഉടുത്തിട്ടുണ്ടല്ലോ” “ഈ ഞൊറിവൊക്കെ കുറച്ച് കൂടി വൃത്തിയായിട്ട് എടുക്കാമായിരുന്നു.. ഹോസ്റ്റലിൽ വച്ചാണെങ്കിൽ ധന്യയെന്നെ ഹെല്പ് ചെയ്യുമായിരുന്നു.” “അതിനിപ്പോളെന്താ.. ഞാൻ ശരിയാക്കി തരാമല്ലോ ” ജോയൽ അവളുടെ സാരിയുടെ ഞൊറിവുകൾ ശരിയാക്കി കൊടുത്തു.. “ഇപ്പോൾ നീയൊരു രാജകുമാരിയേപ്പോലെയുണ്ട് ”

“സാർ രാജകുമാരനെപ്പോലെയുണ്ടെന്ന് ഞാൻ പറയണോ?” “അങ്ങനെ പറയുകയൊന്നും വേണ്ട.. രാജകുമാരനാകാനുള്ള പ്രായമൊക്കെ കടന്ന് പോയി… ദേ… നോക്കിക്കേ.. മുടിയൊക്കെ നരയ്ക്കാൻ തുടങ്ങി ” “ഇടയ്ക്കിടെ ഇത് തന്നെ പറയണോ.. ഇനിയിപ്പോൾ കിളവനായാലും സാർ തന്നെയാണെന്റെ രാജകുമാരൻ ” “ആഹാ ” “എന്താ സംശയമുണ്ടോ?” “ഒരു സംശയവുമില്ല..” ജോയൽ പുറത്തേക്ക് നടന്നു.. അവൻ ഫ്ലാറ്റിന്റെ മുൻവാതിൽ ലോക്ക് ചെയ്യുമ്പോൾ അമേയ അവനോട് പറഞ്ഞു.. “ഈ സാരിയുടുത്തു കൊണ്ട് നടക്കാനൊക്കെ ഭയങ്കര പാടാണ് ” “അത്‌ ശീലമില്ലാത്തത് കൊണ്ടാണ്..സൂക്ഷിച്ചു പതിയെ നടന്നാൽ മതി” അമ്പലത്തിന്റെ മുറ്റത്ത് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമില്ലായിരുന്നു.. ഞായറാഴ്ച ആയത് കൊണ്ട് പതിവിലും തിരക്കായിരുന്നു അവിടെ..

ജോയൽ കുറച്ചകലെയായിട്ട് കാർ പാർക്ക് ചെയ്തിട്ട് അമേയയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു.. അമ്പലത്തിൽ പ്രദക്ഷിണം വച്ചു തിരികെ വന്നപ്പോളേക്കും അർച്ചന ചെയ്തു കഴിഞ്ഞിട്ടു തന്ത്രികൾ പേര് വിളിക്കുന്നത് കേട്ടു.. ജോയലിന്റെയും അമേയയുടെയും പേരുകൾ അർച്ചന കഴിക്കാൻ വേണ്ടി അവൾ എഴുതി കൊടുത്തിട്ടുണ്ടായിരുന്നു.. ഇലച്ചീന്തിൽ നീട്ടിയ പ്രസാദം അവൾ ഭക്തിയോട് കൂടി വാങ്ങി.. ഒരിക്കൽ കൂടി ശ്രീകോവിലിനു നേർക്ക് നോക്കി തൊഴുതിട്ട് അവർ രണ്ടുപേരും പുറത്തേക്കിറങ്ങി… ജോയൽ ഇലച്ചീന്തിൽ നിന്നും ചന്ദനമെടുത്തു അമേയയുടെ നെറ്റിയിലേക്ക് ചാർത്തി.. അമേയ കണ്ണുകളടച്ചു നിൽക്കുകയായിരുന്നു.. അവളുടെ മുഖഭാവം കണ്ടപ്പോൾ ജോയലിന് ചിരി വന്നു.. ശ്യാം തണലുള്ളിടം നോക്കി ബൈക്ക് പാർക്ക് ചെയ്തിട്ട് മുന്നോട്ട് നടക്കുമ്പോളാണ് ആ കാഴ്ച കണ്ടത്.. സുമുഖനായ ഒരു യുവാവിനോടൊപ്പം അമേയയെപ്പോലെയൊരു പെൺകുട്ടി..

അടുത്ത നിമിഷം അവന്റെ നെറ്റിയിൽ ചുളിവ് വീണു.. അമേയയെപ്പോലെ ഒരു പെൺകുട്ടിയല്ല.. അത്‌ അമേയ തന്നെയാണ്.. സംശയനിവാരണത്തിനായി അവൻ തന്നോടൊപ്പമുണ്ടായിരുന്ന റിജോയോട് ചോദിച്ചു.. “എടാ.. അത്‌… അത്‌.. ആമിയാണോ?” ശ്യാം കൈ ചൂണ്ടിയ വശത്തേക്ക് റിജോ നോക്കി.. ജോയലിന്റെ കയ്യും പിടിച്ചു റോഡ് മുറിച്ചു കടക്കുന്ന അമേയയാണ് അവൻ കണ്ടത്.. രണ്ടുപേരും എന്തോ തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.. അവിടെ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അമേയ കയറിയതും തൊട്ടരികിലായി ജോയൽ ഇരിക്കുന്നതും എല്ലാം ഒരു സ്വപ്നം പോലെയാണ് റിജോയ്ക്കും ശ്യാമിനും തോന്നിയത്.. ജോയലിന്റെ കാർ കണ്മുന്നിൽ നിന്ന് പോകുന്നത് വരെ അവർ രണ്ടുപേരും അവിടെ തന്നെ നിന്നു.. രാവിലെ അമ്പലത്തിൽ പോകണമെന്ന് ശ്യാം പറഞ്ഞപ്പോൾ റിജോയും അവനോടൊപ്പം ഇറങ്ങിയതായിരുന്നു..

ശ്യാം കടുത്ത മുഖത്തോടെ റിജോയോട് ചോദിച്ചു.. “അത്‌ ആമി തന്നെയാണോ?” “അതേ.. ” “അവളുടെ കൂടെയുള്ളതാരാണ്?” “എനിക്കെങ്ങനെയറിയാനാണ്?” “അവളുടെ… കല്യാണം കഴിഞ്ഞോ?” “നീയിങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ചാൽ ഞാനെന്ത് മറുപടി പറയാനാണ്.. നെറ്റിയിൽ സിന്ദൂരമൊന്നും കണ്ടില്ലല്ലോ.. അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത് ” “അപ്പോൾ പിന്നെ അതാരായിരിക്കും?” “എടാ.. എനിക്ക് അറിയില്ല.. നിനക്ക് അറിയണമെന്ന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ അവളോട് തന്നെ ചോദിച്ചാൽ മതിയായിരുന്നല്ലോ ” ശ്യാം ബൈക്കിന്റെ അടുത്തേക്ക് തിരിച്ചു നടന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. “എടാ അമ്പലത്തിൽ കയറുന്നില്ലേ?” “ഇല്ല.. പിന്നീടെപ്പോളെങ്കിലും വരാം.. ഇപ്പോൾ അമേയയുടെ കൂടെയുള്ളത് ആരാണെന്ന് കണ്ടു പിടിക്കണം ” “എടാ നിനക്കെന്താ വട്ടാണോ? നീ അവരുടെ പിന്നാലെ പോകുവാണോ?”

“റിജോ സംസാരിച്ചു നിൽക്കാൻ സമയമില്ല.. അതാരാണെന്ന് എനിക്കറിയണം.. നീ കയറുന്നുണ്ടെങ്കിൽ കയറ്.. ഇല്ലെങ്കിൽ ഇവിടെ നിന്നോ ” ഗത്യന്തരമില്ലാതെ റിജോ അവന്റെ ബൈക്കിനു പിന്നിലേക്ക് കയറി.. അമേയയും അവളുടെ ഒപ്പം കണ്ട ചെറുപ്പക്കാരനുമായിരുന്നു അവരുടെ രണ്ടാളുടെയും മനസ്സിൽ.. ആ ചെറുപ്പക്കാരനെ താൻ ഇതിന് മുൻപ് എവിടെയോ കണ്ടിട്ടുള്ളത് പോലെ റിജോയ്ക്ക് തോന്നി.. എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ല.. ശ്യാം ഭ്രാന്തനെപ്പോലെ ബൈക്ക് മുന്നോട്ടെടുത്തു . ബാംഗ്ലൂരിലെ ആ ട്രാഫിക്കിനിടയിൽ നിന്നും അമേയയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്ന് റിജോയ്ക്ക് അറിയാമായിരുന്നു.. അല്പദൂരം മുന്നോട്ട് പോയപ്പോൾ പെട്ടന്നെന്തോ ഓർത്തത് പോലെ റിജോ പറഞ്ഞു.. “എടാ…അമേയയോടൊപ്പം കണ്ടയാളെ ഞാൻ ഇതിന് മുൻപും കണ്ടിട്ടുണ്ട് ”

ശ്യാം റോഡരികിലേക്ക് ബൈക്ക് ഒതുക്കി നിർത്തിയിട്ട് ഭ്രാന്തമായ ആവേശത്തോടെ റിജോയോട് ചോദിച്ചു.. “എവിടെ വച്ച്.. എവിടെ വച്ചാണ് നീ അവനെ കണ്ടിട്ടുള്ളത്?” “എടാ.. എന്റെ ഊഹം ശരിയാണെങ്കിൽ ഡോക്ടർ സുഹാസിന്റെ ഫ്രെണ്ടാണ് അയാൾ.. സുഹാസ് സാറിന്റെ കൂടെ ഇയാളെ ഞാൻ ഒന്ന് രണ്ടിടത്ത് വച്ചു കണ്ടിട്ടുണ്ട്.. ” “നീ ശരിക്കും ഒന്നോർത്ത് നോക്കിക്കേ.. നിനക്കാള് മാറിപോയിട്ടൊന്നും ഇല്ലല്ലോ ” “ഇല്ല.. ഒരിക്കൽ സിനിമ തീയറ്ററിൽ വച്ചും മറ്റൊരിക്കൽ റെസ്റ്റോറന്റിൽ വച്ചും ഞാനിയാളെ കണ്ടിട്ടുണ്ട്.. സുഹാസ് സാർ എനിക്കിയാളെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്..

അതാണ് ഇപ്പോൾ കണ്ടപ്പോൾ എനിക്കോർമ്മ വരാനുള്ള കാരണം ” “അവന്റെ പേരെന്താ? അവനെവിടെയാ താമസിക്കുന്നത്? നിനക്കറിയാവുന്ന ഡീറ്റെയിൽസ് ഒക്കെ പറയ് ” “പേരൊന്നും എനിക്കോർമ്മയില്ല.. അയാൾ റോയൽ ഹോസ്പിറ്റലിലെ ഡോക്ടറാണ്.. കൂടുതൽ ഡീറ്റെയിൽസ് ഒന്നും എനിക്കറിയില്ല ” ശ്യാമിന്റെ മുഖത്ത് ഇരുൾ പടർന്നു.. ആമിയോടൊപ്പം കണ്ടത് ഒരു ഡോക്ടറിനെയാണോ.. എന്താണ് അവർ തമ്മിലുള്ള ബന്ധം.. ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചുയർന്നു……. തുടരും…….

ഈറൻമേഘം: ഭാഗം 34

Share this story