പെയ്‌തൊഴിയാതെ: ഭാഗം 26

പെയ്‌തൊഴിയാതെ: ഭാഗം 26

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അഥവാ നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ വീട്ടിൽ വന്നാൽ.. അന്ന് ഈ വേദ മരിച്ചു എന്നു കരുതിയാൽ മതി.. അത്രയ്ക്ക് ദേഷ്യമാണ് എനിക്ക് നിങ്ങളോട്.. മുഖത്തടിച്ചതുപോലെ അവനോട് അത്രമാത്രം പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹൃദയത്തിൽ ഏറ്റ വലിയൊരു മുറിവായി ഗൗതത്തിനത് മാറി.. അവന്റെ നിറഞ്ഞ കണ്ണുകളും അവളുടെ ഭാവവും കാണേ ആ പകനിറഞ്ഞ കണ്ണുകൾ ഒരിക്കൽക്കൂടി തിളങ്ങി.. പക്ഷെ കാലം കരുതിവെച്ചതേതും അറിയാതെ ആനിന്റെ കൈപിടിച്ചു നടക്കുകയായിരുന്നു വേദ. താൻ വാക്കുകളാൽ മുറിവേല്പിച്ചവൻ ഒരിക്കൽ തനിക്ക് എല്ലാം ആയിത്തീരും എന്നറിയാതെ.. *********

അയ്യേ.. താൻ കരയുകയാണോ.. ഇത്രേം ധൈര്യശാലിയും ഭീകരിയുമായ എന്റെ വേദക്കുട്ടി കരയുകയോ.. സിദ്ധുവിന്റെ സ്വരം കേട്ടതും വേദ കണ്ണു തുടച്ചു.. എന്താടോ.. സിദ്ധു ചോദിച്ചു.. എനിക്കറിയില്ല സിദ്ധു.. ആകെ ഞാൻ ഒറ്റപ്പെടുവാ..രേഷ്മയോ നീയോ ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ഒത്തിരി ആശിച്ചു പോകുവാ ഞാൻ.. വീട്ടിൽ ആരും എന്നോടൊന്നു നന്നായി മിണ്ടിയിട്ട് എത്ര നാളായെന്നോ. ഞാൻ ചെയ്ത തെറ്റെന്താ. കുറച്ചു ആഭാസന്മാരോട് മോശമായി പെരുമാറി. അതിനാണോ ഇവരിങ്ങനെ എന്നെ ശിക്ഷിക്കുന്നത്.. വേദ കരഞ്ഞു…. എന്താ വേദാ ഇത്.. താൻ കരഞ്ഞാൽ എനിക്ക് കൂടി സങ്കടമാകും. നാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ തന്റെ അരികിലേക്ക് ഓടി വന്നേനെ. പക്ഷെ ഇപ്പൊ. ഞാനെന്താടോ ചെയ്യ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.

ഇവിടെ കോഴ്സിന് ചേർന്നാൽ 1 വർഷത്തേക്ക് ലീവ് കിട്ടില്ല. ഇതിപ്പോ 3 മാസമല്ലേ ആകുന്നുള്ളൂ. അത്രേം പോലും ആകാതെ ലീവ് എങ്ങനെ കിട്ടാനാ.. അമ്മയെ പോലും ഇപ്പൊ വിളിക്കാൻ പറ്റുന്നില്ല. സിദ്ധു വേദനയോടെ പറഞ്ഞു.. ഹേയ്. തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല സിദ്ധു.. ഞാൻ.. എന്തോ.. .എനിക്കിവിടെ അത്ര വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.. താൻ അവിടെ സമാധാനത്തിൽ നിൽക്ക് . വല്യ പ്രാന്തിന്റെ ഡോക്ടർ ആയിവന്നിട്ട് വേണം എന്നെ ചികിൽസിക്കാൻ.. എനിക്ക് എന്തൊക്കെയോ കുഴപ്പമുണ്ടെന്നു എനിക്ക് തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്.. വേദ കളിയായി പറഞ്ഞത് കേട്ട് സിദ്ധു ഒന്നു ചിരിച്ചു.. നിങ്ങളെയൊക്കെ വല്ലാണ്ട് മിസ് ചെയ്യും ചിലപ്പോ.. എപ്പോഴാ ഞാൻ ഫ്രസ്റ്റേറ്റഡ് ആകുന്നത്. പിന്നെ ഇവിടുത്തെ ഇഷ്യൂ..കഴിഞ്ഞ ദിവസം നീ പറഞ്ഞപോലെ വീണയുടെ കല്യാണം വരെയേ ഈ വാശിയൊക്കെ കാണൂ.. അതിനിനിയും മൂന്നു മാസം അല്ലേയുള്ളൂ..

അത് കഴിഞ്ഞാൽ ഇവിടെ ഞാനല്ലേ ഉള്ളു. അപ്പൊ കാണാം.. വേദ പറയുന്നത് കേട്ടതും സിദ്ധുവിന് ആശ്വാസം തോന്നി.. വേദാ.. താൻ ശെരിക്കും ഓകെ അല്ലെ.. ആ മാഷെ. വേഗം പഠിച്ചു സൈക്കോളജിസ്റ്റ് ഒക്കെയായി വാ.. എന്നിട്ട് വേണം ടീച്ചറമ്മയോട് പറഞ്ഞു എനിക്കൊരു നാത്തൂനെ കണ്ടുപിടിക്കാൻ.. വേദ പറഞ്ഞു.. മറുപുറത്തു നിശബ്ദത നിറഞ്ഞത് കേട്ട് വേദ ചിരിയോടെ മൗനം പാലിച്ചു.. എന്നു വരും നീ തിരികെ എന്നു വരും നീ… വേദ ചിരിയോടെ മധുരമായി പാടിയത് കേട്ട് സിദ്ധുവിന്റെ ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. ഞാൻ വരുമെടോ.. വന്നിട്ട് കാണിച്ചു തരാം എനിക്കുള്ള പെണ്ണിനെ . അതിനെ ഇങ്ങനെ കാത്തിരുത്തി മുഷിപ്പിക്കാതെ പോയി കെട്ടികൂടെ മാഷെ.. അവൾ ചോദിച്ചു..എന്റെ ഇഷ്ടം ഞാൻ പറയാതെ അവൾ തിരിച്ചറിയുന്ന ദിവസം അവൾക്കും ആ ഇഷ്ടം എന്നോട് ഉണ്ടെങ്കിൽ അന്ന് തന്നെ ഞാനാ കൈപിടിക്കും.

പോരെ.. അയ്യട.. എനിക്ക് താലി കെട്ടാനുള്ളതാ… ചുമ്മാ കയ്യും പിടിച്ചു വന്നാൽ ഞാൻ നാത്തൂൻ പോരെടുക്കും.. മറുപുറത്തുനിന്നും ഉച്ചത്തിലുള്ള ചിരി കേട്ടതും വേദയും താൽക്കാലികമായി വേദനകൾ മറന്നൊന്നു പുഞ്ചിരിച്ചു.. ശെരി മാഷെ . വെയ്ക്കട്ടെ.. കുറച്ചു വർക്ക്‌സ് പെൻഡിങ് ഉണ്ട്.. ഓകെ ടാ.. ഗുഡ് നൈറ്റ്.. സിദ്ധു വെച്ചിട്ടും അവൾ ഫോൺ പിടിച്ചുകൊണ്ട് ആലോചനയോടെ ഇരിക്കുകയായിരുന്നു.. പിന്നെ ഒരു ചെറു ചിരിയോടെ തന്നെ ലാപ്ടോപ്പിന് മുന്പിലായി ചെന്നിരുന്നു തന്റെ വർക്ക് തുടർന്നു…. ********** വേദാ.. ഞായറാഴ്ച ക്ഷേത്രത്തിൽ പോയി വന്നു കാപ്പിയും കുടിച്ചു മുകളിലേക്ക് പോകുന്ന വഴിയാണ് അഷ്ടമൂർത്തി വിളിച്ചത്.. അവൾ അയാളെ തിരിഞ്ഞു നോക്കി. തൊട്ടടുത്തായി ഇരുന്നു തന്നെ നോക്കുന്ന ഗോവിന്ദിനെ അവൾ കണ്ടില്ലെന്നു നടിച്ചു .

അപ്പോഴേയ്ക്കും വീണയും ഭാനുവും അടുക്കളയിൽ നിന്നും ഇറങ്ങി വന്നിരുന്നു.. എന്താ അപ്പ.. വീണയുടെ കല്യാണത്തിന്റെ ഡേറ്റ് എടുത്തു.. മ്മ്.. ഓഗസ്റ്റ് 16നാണ് ഡേറ്റ്.. ഏപ്രിൽ 15 കഴിഞ്ഞാൽ അടുത്ത മാസം ആരംഭിക്കും കല്യാണത്തിന് കൊള്ളില്ല.. അതുകൊണ്ട് ഓഗസ്റ്റിലേയ്ക്കാക്കി കല്യാണം.. മ്മ്.. വേദ വെറുതെ മൂളിയതേയുള്ളൂ.. നിന്റെ എക്സാമിന്റെ ഡേറ്റ് വന്നോ.. മാര്ച്ച് 8നാണ്. 12നല്ലേ ആർട്ട്‌സ് ഡേറ്റ് വന്നിരിക്കുന്നത്.. ഡേറ്റ് മാറ്റാനാണ് സാധ്യത . എക്സാം കഴിഞ്ഞിട്ട് മതിയെന്നാ കുട്ടികൾ പറയുന്നത്.. വേദ ഗോവിന്ദിന് മറുപടി നൽകി.. മ്മ്.. ഞങ്ങൾ ആലോചിക്കുന്നത് വീണയുടെയും ഗോവിന്ദിന്റെയും കല്യാണത്തിനൊപ്പം നിന്റെ കല്യാണം കൂടി നടത്തിയാലോ എന്നാണ്.. അഷ്ടമൂർത്തിയുടെ വാക്ക് കേട്ട് അവൾ ഞെട്ടലോടെ അവരെ നോക്കി.. എന്റെ കല്യാണമോ.. അതേ. നിനക്ക് വയസ്സ് 22 കഴിഞ്ഞു.. 22 വയസ്സ് കല്യാണ പ്രായമാണോ. അത് കഴിഞ്ഞാൽ കല്യാണം കഴിക്കാൻ പറ്റില്ലേ.

ദേ.. എല്ലാ കാര്യത്തിലും പറയുന്ന പോലെ ഇക്കാര്യത്തിൽ നിന്റെ അഭിപ്രായം പറയാൻ വന്നാലുണ്ടല്ലോ.. പ്രായം ഇത്രേം ആയിന്നു നോക്കില്ല. തരും ഞാൻ.. ഭാനു കയ്യോങ്ങി പറഞ്ഞു.. അതെന്താ എന്റെ കല്യാണ കാര്യത്തിൽ എനിക്ക് അഭിപ്രായം ഒന്നും പറയാനുള്ള അവകാശമില്ലേ . വേദ അവരെ നോക്കി കൂസാതെ ചോദിച്ചു. നിനക്ക് അതിനുള്ള പക്വത ആയിട്ടില്ല . എന്നാൽ പക്വത ആയിട്ട് കല്യാണം കഴിപ്പിച്ചാൽ മതി.. വേദ പറഞ്ഞത് കേട്ടതും ഗോവിന്ദിനും അഷ്ടമൂർത്തിക്കും ദേഷ്യം വന്നു.. വേദാ. അതൊരു ആജ്ഞ ആയിരുന്നു.. നിന്റെ വിവാഹം ഞങ്ങൾ ഉറപ്പിച്ചു. അതിനപ്പുറമുള്ള വർത്തമാനം ഒന്നും ഇനിയിവിടെ വേണ്ട. ഞാനിപ്പോൾ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡോക്ടറേറ്റ് എടുക്കണം. ജേർണലിസത്തിൽ.. അതു കഴിഞ്ഞു നെറ്റ് എഴുതി എവിടെയെങ്കിലും നല്ലൊരു കോളേജിൽ ജോലിക്ക് കേറണം.

ഇതൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ.. വേദ പറഞ്ഞു.. അതിപ്പോ കല്യാണം കഴിഞ്ഞു അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ചെയ്തോ.. ഇപ്പൊ നീയിനി കൂടുതൽ പഠിച്ചാലും കല്യാണം കഴിക്കുന്ന പയ്യന് ജോലിക്ക് വിടാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ.. ഗോവിന്ദ് ചോദിച്ചു.. കല്യാണം കഴിച്ചു എനിക്ക് താല്പര്യം ഇല്ലെങ്കിൽ അയാൾ ജോലി ഉപേക്ഷിക്കുമോ.. ഇല്ലല്ലോ.. അതുപോലെ എനിക്കും എന്റെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്. വേദ അവനെ നോക്കി പറഞ്ഞു.. ഡി..കൂടുതൽ പ്രസംഗിക്കല്ലേ.. അന്ന് കയ്യിന്നു കിട്ടിയത് ഓര്മയുണ്ടല്ലോ.. നല്ലോണം ഓർമയുണ്ട്. ഏട്ടൻ എന്നൊരു സ്ഥാനം തന്നതുകൊണ്ടാണ് അന്ന് ഞാൻ പ്രതികരിക്കാഞ്ഞത്. ഇനി ഇവിടെ നിന്നു എന്റെ നേർക്ക് കയ്യോങ്ങിയാൽ.. വീണയല്ല വേദ.. വേദയുടെ കയ്യുടെ ചൂട് നിങ്ങളും അറിയും.. വേദയുടെ കണ്ണുകളിൽ തീക്ഷ്ണത ഏറി.. അത് കണ്ടതും ഗോവിന്ദ് ഒന്നു പതറി.. ഡി.. ഒരലർച്ചയോടെ അഷ്ടമൂർത്തിയുടെ കൈകൾ വേദയുടെ കവിളിലേയ്ക്കു ആഞ്ഞു പതിച്ചു..

അടിയുടെ ശക്തിയിൽ വേദാ നിലത്തേയ്ക്ക് വീണു പോയി.. അഹങ്കാരി.. വേണ്ടാ വേണ്ടാന്ന് വെയ്ക്കുമ്പോൾ തലയിൽ കയറി നിറങ്ങുന്നോ.. ഈ വീട്ടിൽ ഇന്നുവരെ ഒരു പെണ്ണും ആണൊരുത്തന് നേർക്ക് നേരെ നിന്നു സംസാരിച്ചിട്ടില്ല.. ഇത്തിരി പഠിപ്പ് കൂടിപോയപ്പോൾ ആണൊരുത്തന്റെ മുൻപിൽ നേർക്ക് നേരെ നിന്നിട്ട് തല്ലും എന്നു പറയാറായോ നീ. അഷ്ടമൂർത്തി ഉറഞ്ഞു തള്ളുകയായിരുന്നു. വേദയ്ക്ക് നിലത്തേയ്ക്ക് വീണപ്പോൾ കുത്തിയ കൈക്ക് വല്ലാത്ത വേദന തോന്നി.. അവൾ വലത്തെ കൈ കുടഞ്ഞു നോക്കി. അപ്പാ.. പ്ലീസ്. മിണ്ടരുത് നീ.. ഗോവിന്ദിന്റെ ഒരു കൂട്ടുകാരൻ.. പേര് ഗൗതം.. ആ പയ്യാനുമായി നിന്റെ കല്യാണം ഞങ്ങൾ ഉറപ്പിച്ചു. വീട്ടുകാരുമായി സംസാരിച്ചു.. പയ്യന് അമ്മയില്ല.. അച്ഛനും അച്ഛന്റെ പെങ്ങളുമേ വീട്ടിൽ ഉള്ളു . അച്ഛൻ ഒരു ഡോക്ടർ ആണ്.. നല്ല കുടുംബം..

സാമ്പത്തികമായും മറ്റെന്ത് കാര്യത്തിൽ ആയാലും നമ്മളെക്കാൾ വളരെ മുന്പിലാണ് അവർ.. ഇത്രയും നല്ല ഒരാലോചന ഈ ജന്മം ഇനി നിനക്ക് വരാനില്ല.. അയാളോ.. വേദനയ്ക്കിടയിലും വേദ മെല്ലെ എഴുന്നേറ്റ് നിസ്സഹായമായി ചോദിച്ചു. അതേ.. നിനക്ക് അറിയാം എന്നു ഗോവിന്ദ് പറഞ്ഞു. നീയവന്റെ കൂട്ടുകാരനെ അടിച്ചതോ ഒന്നും അവന്റെ മനസ്സിൽ ഇല്ല.. അതുകൊണ്ട് ഇനി മേലാൽ അവരുമായി ഒരു പ്രശ്നത്തിന് പോയേക്കരുത്.. അഷ്ടമൂർത്തി തീർത്ത് പറഞ്ഞു.. എനിക്കീ കല്യാണത്തിന് സമ്മാതമല്ല.. വരുന്ന ഓഗസ്റ്റ് 15ണ് നിന്റെയും ഗൗതത്തിനെയും വീണയുടെയും ഗോവിന്ദിന്റെയും കല്യാണം.. അത് എന്റെ തീരുമാനം ആണ്.. അതേ പറഞ്ഞുള്ളു.. നിന്റെ സമ്മതം ചോദിച്ചില്ല.. ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ആ ദിവസം നീ കല്യാണ പന്തലിൽ ഉണ്ടാകു. . ഗൗതത്തിന്റെ ഭാര്യ ആകുകയും ചെയ്യും.. ഇല്ലെങ്കിൽ അന്ന് അഷ്ടമൂർത്തി ഈ ലോകത്തോട് വിട പറഞ്ഞിരിക്കും.. അതും പറഞ്ഞു അയാൾ അകത്തേയ്ക്ക് പോയി.. കേട്ടല്ലോ..കൂടുതൽ വിളഞ്ഞാൽ..

അവന്റെ സ്വഭാവം നിനക്ക് നന്നായി അറിയില്ല.. ഈ നാട് ഭരിക്കുന്ന പല രാഷ്ട്രീയക്കാരുടെയും ഏറ്റവും അടുത്ത ആളാണ് ഗൗതത്തിന്റെ അച്ഛൻ.. അവർക്ക് സ്വന്തമായി 6 ആശുപത്രികളും മറ്റു പല ബിസിനസ്സുകളും ഉണ്ട്.. അവനൊന്ന് മനസ്സ് വെച്ചാൽ നീയവന്റെ അടിമയായി അവൻ പറയുന്നത് ചെയ്യും.. അതാണ് അവന്റെ പവർ. പിന്നെ അവൻ ഒരു സിനിമാ നടൻ കൂടിയാണ്. ഇനിയും നീ ഈ കല്യാണത്തിന് സമ്മതിച്ചില്ലേൽ പിടിച്ചു കെട്ടി നിൻ അവന്റെ വീട്ടിൽ കൊണ്ടുപോയി ഇടും.. പുറംലോകം നീ കാണില്ല . അത്രയുംപറഞ്ഞു അവൻ പോയപ്പോൾ അതൊക്കെ കേട്ട് എന്തോ വലിയ കാര്യം അവൻ പറഞ്ഞതുപോലെ നിൽക്കുന്ന അമ്മയെയും വീണയെയും അവൾ നോക്കി.. സ്വന്തം മോളെ അന്യനൊരാൾക്ക് എന്തും ചെയ്യാൻ ഇട്ട് കൊടുക്കും എന്നു ഒരാൾ വീട്ടിൽ വന്നു പറയുമ്പോൾ ഇത്ര വലിയ കാര്യമെന്നോണം അതിനെ സ്വീകരിച്ച അവരോട് അവൾക്ക് വല്ലാത്ത പുച്ഛം തോന്നി..

കൈ ഒന്നു അനങ്ങിയതും തലച്ചോറിലേക്ക് വൈദ്യുതി കടന്നുപോയപോലെ വേദയ്ക്ക് തോന്നി.. ആ.. അതൊരു നിലവിളി ആയിരുന്നു. അവളുടെ വലത്തെ കൈ നല്ലതുപോലെ നീര് വന്നു വീർത്തിരുന്നു.. അയ്യോ.. അമ്മേ.. ദേ.. വീണ പെട്ടെന്ന് കാണിച്ചതും ഭാനു അവളെ നോക്കി.. അശ്രീകരം.. ഓരോന്ന് ഒപ്പിച്ചു വെച്ചോളും. അപ്പയുടെ മുൻപിൽ നിന്നു ചീറിയിട്ടല്ലേ.. അനുഭവിക്ക്.. അതു. പറഞ്ഞവർ അകത്തേയ്ക്ക് പോയി. വേദയ്ക്ക് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവളാ നിലത്തേയ്ക്ക് നിറഞ്ഞ കണ്ണുകളോടെ ഇരുന്നു.. എന്തിയെ.. നോക്കട്ടെ. അഷ്ടമൂർത്തിയുടെ ശബ്ദം കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.. അയാൾ നിലത്തേയ്ക്ക് ഇരുന്നു.. തൊട്ട് പുറകെ നിന്നു ഭാനുവും വേദനയോടെ അവളെ നോക്കുന്നുണ്ടായിരുന്നു..

അമ്മ പോയി വിളിച്ചുകൊണ്ട് വന്നതാണ് അച്ഛനെ എന്നവൾക്ക് മനസ്സിലായി.. പൊട്ടലുണ്ടെന്നു തോന്നുന്നു. ഗോവിന്ദ്.. നീ വണ്ടി എടുക്ക്.. അയാൾ പറഞ്ഞതും വേദ അയാളെ നോക്കി.. മെല്ലെ എണീക്ക് മോളെ.. അയാൾ സ്നേഹത്തോടെ പറഞ്ഞു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു മെല്ലെ തലോടിയതും വേദ കരച്ചിലോടെ ആ നെഞ്ചിലേക്ക് വീണു.. അയ്യേ.. സാരമില്ല.. ആശുപത്രിയിൽ പോയിട്ട് ഇന്ജെകഷനോ മറ്റോ എടുക്കുമ്പോ കുറയും.. അയാൾ പറഞ്ഞു.. കണ്ടുനിന്ന ഭാനുവിനെയും വീണയുടെയും കണ്ണുകളും നിറഞ്ഞു.. അഹങ്കാരം പറഞ്ഞിട്ടല്ലേ അപ്പ അടിച്ചത്.. തിണിർത്തു കിടക്കുന്ന അവളുടെ കവിളിൽ തലോടി അത് പറഞ്ഞതുമാ ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് അവൾ അയാളെ നോക്കി.. അപ്പയ്ക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല മോളെ. ജീവിതത്തിൽ ചില കാര്യങ്ങൾ ഇങ്ങനെയാണ്.. മോൾക്ക് ജീവിത പരിചയം ഇല്ലാത്തതുകൊണ്ടാണ്.. ഗൗതം വല്യ ആളാണ്.

അത്രേം നല്ലൊരാളുടെ ഭാര്യയായി ജീവിക്കാനും ഒരു വിധി വേണം. അപ്പയുടെ മോൾക്ക് അതുണ്ടല്ലോ.. കേറി വരുന്ന മഹാലക്ഷ്മിയെ പുറം കാലു കൊണ്ട് തട്ടി കളഞ്ഞാൽ പിന്നെ ജീവിതത്തിൽ ഒരിക്കലും ആ ഭാഗ്യം കിട്ടില്ല.. അയാൾ അയാൾ നല്ലവനല്ല അപ്പാ… കള്ളുകുടിയും കഞ്ചാവും പെണ്ണുപിടിയും ഒക്കെയുണ്ട്. ഒന്നുമില്ല.. അതൊക്കെ ചുമ്മാ പറയുന്നതാ.. പിന്നെ ഇപ്പോഴത്തെ ചെറുപ്പക്കാർ അല്ലെ മോളെ. ദുസ്വഭാവം എന്തെങ്കിലുമൊക്കെ കാണും. അതിപ്പോ മോള് അവനെ അറിയാവുന്നതുകൊണ്ട് അറിഞ്ഞതല്ലേ.. അല്ലെങ്കിലോ..ഓരാളെയും ചൂഴ്ന്ന് നോക്കാനൊന്നും പറ്റില്ലലോ.. അഥവാ എന്തെങ്കിലും ദുസ്വഭാവം ഉണ്ടെങ്കിലും എന്റെ മോള് അതൊക്കെ മാറ്റിയെടുക്കണം.. സ്നേഹവും നന്മയും കൊണ്ട് ഒരു പെണ്ണ് വിചാരിച്ചാൽ ഒരാണും മാറാതെ ഇരിക്കില്ല.. ഇതിൽ കൂടുതലൊന്നും അപ്പയ്ക്ക് പറയാനില്ല . ഏതായാലും ഇനി ആ പയ്യനോട് എന്റെ മോള് മോശമായി പെരുമരരുത്.

മോളുടെ ഭർത്താവ് ആകാൻ പോകുന്ന ആളാണ്. ആ സ്നേഹവും ബഹുമാനവും മോള് അവനു നൽകണം… അപ്പയുടെ വാക്കുകൾ കേട്ട് വേദയ്ക്ക് വല്ലാത്ത വേദന തോന്നി.. മറുപടി ഏതും പറയുവാൻ ഇല്ലാതെ വേദ അപ്പയെ നോക്കി കിടന്നു. മെല്ലെ അവളുടെ കണ്ണുകളിൽ മയക്കം കടന്നു വരുമ്പോഴും പൊട്ടൽ ഏറ്റ കൈയ്യുടെ വേദന അവളിൽ നിറഞ്ഞു നിന്നിരുന്നു.. ************ നിന്റെ വീട്ടുകാർക്ക് പ്രാന്താണോ വേദാ.. സ്വാതി ദേഷ്യത്തോടെ ബാൻഡ് എയ്ഡ് ഇട്ട് വെച്ചിരുന്ന കയ്യിലേക്ക് നോക്കി ചോദിച്ചു.. സത്യം.. നിന്നെ ആ അഭാസന്റെ കയ്യിലേക്ക് ഏൽപ്പിച്ചു കൊടുക്കാൻ അവർക്ക് ഇത്രേം ത്വരയോ.. ആനും ചോദിച്ചു.. എനിക്കറിയില്ല സ്വാതി.. ഓർത്തിട്ട് വട്ട് പിടിക്കുകയാ.. നീ എന്ത് തീരുമാനിച്ചു.. അവനെ കെട്ടാൻ പോവാണോ.. എന്റെ പട്ടി കല്യാണം കഴിക്കും അവനെ.. വേദ പകയോടെ പറഞ്ഞു.. പിന്നെ . ഇനിയും അവരെ ധിക്കരിക്കാൻ പോവാണോ..

ആൻ ചോദിച്ചു.. പിന്നല്ലാതെ.. എനിക്ക് അവനെ കല്യാണം കഴിച്ചു അവന്റെ അടിമയായി കഴിയേണ്ട കാര്യമൊന്നും ഇല്ല.. ഇനിയും മൂന്നാല് മാസം ഉണ്ടല്ലോ.. നോക്കാം.. വേദ പറഞ്ഞു.. എനിക്ക് അതല്ല സങ്കടം .. ഈ കൈ ഇങ്ങനെ ഇരിക്കുന്നത്കൊണ്ട് എക്സാം എഴുതാൻ ബുദ്ധിമുട്ടാ.. വലത്തെ കൈ നോക്കി അവൾ പറഞ്ഞു . എക്സാംമിന് ഒന്നര ആഴ്ച കൂടി ഇല്ലേ . അപ്പോഴേയ്ക്കും ഇതൊക്കെ മാറും. നീ അതൊക്കെ മനസ്സിൽ നിന്നെടുത്തു കളഞ്ഞു എക്സാമിന് പഠിക്ക്.. പിന്നെ കല്യാണം അല്ലാതെ വേറെ മാർഗം ഇല്ല എന്നു തോന്നിയാൽ നീ ധൈര്യമായി അവിടുന്നിറങ്ങിക്കോ.. ഞാനുണ്ട് നിനക്ക്.. എന്റെ വീട്ടിൽ അമ്മയും ഞാനുമേ ഉള്ളു. നിനക്ക് ഇഷ്ടം പോലെ പഠിക്കാം.. എന്ത് വേണമെങ്കിലും. നീ സെറ്റിൽ ആകുന്നവരെ അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഞങ്ങളോടൊപ്പം കഴിഞ്ഞാൽ മതി.. സ്വാതി പറഞ്ഞു . വേദ ഒന്നു പുഞ്ചിരിച്ചു.. അല്ലെങ്കിൽ എന്റെ വീട്ടിലേയ്ക്ക് പോരെ.. അവിടെന്റെ അമ്മച്ചി പൊന്നു പോലെ നിന്നെ നോക്കിക്കോളും..

ആനും പറഞ്ഞു വേദ മെല്ലെ പുഞ്ചിരിച്ചു.. നിങ്ങൾ ക്ലാസ്സിൽ പൊയ്ക്കോ.. ഞാൻ ലൈബ്രറി വരെ ഒന്നു പോട്ടെ. കുറച്ചു ബുക്ക്‌സ് റെഫർ ചെയ്യാനുണ്ട്.. ഈകയ്യും വെച്ചു നോട്ട് പ്രിപ്പയർ ചെയ്യാൻ പറ്റില്ലല്ലോ.. വേദ പറഞ്ഞു.. എന്നാൽ ഞാൻ കൂടെ വരാം.. സ്വാതി പറഞ്ഞു.. അവന്മാർ ഇവിടെയൊക്കെ ഉണ്ട്. ആനും പറഞ്ഞു.. സാരമില്ല.. വരട്ടെ.. എനിക്കും ഒറ്റയ്ക്കൊണ് കാണണം മിസ്റ്റർ ഗൗതം മോഹനെ.. ഇത്രേം കഷ്ടപ്പെട്ട് എന്നെ കല്യാണം ആലോചിച്ചതല്ലേ.. ഒരു മറുപടി നേരിട്ട് തന്നെ കൊടുക്കേണ്ടേ. വേദ പക നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.. വേദാ.. ഇനിയും നീ അവരോട് ഇടയേണ്ട. നിന്റെ വീട്ടുകാർ പോലും നിനക്ക് എതിരായ സ്ഥിതിക്ക്.. സ്ഥിതിക്ക്.. ആനിന് നേരെ നിന്നു വേദ ചോദിച്ചു.. അവനെയും കെട്ടി അവന്റെ അടിമയായി ജീവിക്കാനോ.. നടക്കില്ല.. അതിന് വേദ മരിക്കണം..

അന്ന് ഞാൻ അവനോട് പറഞ്ഞത് പോലെ.. അവന്റെ താലി വേദയുടെ കഴുത്തിൽ വീണാൽ ആ നിമിഷം വേദ മരിച്ചു എന്നു കരുതിയാൽ മതി.. അത്രയും പറഞ്ഞു വേദ നടന്നു നീങ്ങുമ്പോൾ സ്വാതിയും ആനും പരസ്പരം നോക്കി നിസ്സഹായതയോടെ നിൽക്കുകയായിരുന്നു. അവളുടെ ഭാവി എന്താകും എന്നറിയാതെ…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 25

Share this story