ഈറൻമേഘം: ഭാഗം 36

ഈറൻമേഘം: ഭാഗം 36

 എഴുത്തുകാരി: Angel Kollam

ശ്യാമിന്റെ മുഖത്ത് ഇരുൾ പടർന്നു.. ആമിയോടൊപ്പം കണ്ടത് ഒരു ഡോക്ടറിനെയാണോ.. എന്താണ് അവർ തമ്മിലുള്ള ബന്ധം.. ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചുയർന്നു… അവൻ റിജോയോട് പറഞ്ഞു .. “ഡോക്ടർ സുഹാസിനോട് ചോദിച്ചാൽ ഒരുപക്ഷേ അവനെപ്പറ്റി കൂടുതലറിയാൻ കഴിയുമായിരിക്കും.. ഞാനും സുഹാസും തമ്മിൽ അത്ര രസത്തിലല്ല.. നീ വിളിച്ചൊന്നന്വേഷിക്കാമോ?” “ഞാനെന്താ സുഹാസ് സാറിനെ വിളിച്ചു ചോദിക്കേണ്ടത് ” “നീ നയത്തിൽ സംസാരിച്ചിട്ട് അവനെപ്പറ്റിയുള്ള കൂടുതൽ ഡീറ്റെയിൽസ് കളക്ട് ചെയ്യാൻ പറ്റുമോന്ന് നോക്ക് ” “കളക്ട് ചെയ്തിട്ടിപ്പോൾ എന്ത് ചെയ്യാനാണ്? അമേയയും അയാളും ഒരുമിച്ച് നടക്കുന്നത് കണ്ടിട്ട് അവർ തമ്മിൽ ഇഷ്ടത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്.. ഇനിയിപ്പോൾ കൂടുതൽ ഡീറ്റെയിൽസ് സംഘടിപ്പിച്ചിട്ടെന്തിനാ.. അവരെ തമ്മിൽ തെറ്റിച്ചിട്ട് വീണ്ടും അവളെ പ്രണയിക്കാനാണോ?”

“എടാ നീയെന്താ കണ്ണിൽ ചോരയില്ലാത്തത് പോലെ സംസാരിക്കുന്നത്? കുറച്ച് ദിവസങ്ങൾ മുൻപ് വരെ അവളെന്റെ പെണ്ണായിരുന്നു.. അവളെന്തോ സൗന്ദര്യപിണക്കത്തിന്റെ പേരിൽ നമ്മുടെ ഹോസ്പിറ്റലിൽ നിന്ന് പോയതാണെന്നാണ് ഞാൻ കരുതിയത്.. ഇന്നല്ലെങ്കിൽ നാളെ അവളെന്നെ തേടിയെത്തുമെന്നുള്ള വിശ്വാസവും എനിക്കുണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ എന്റെ കണ്മുന്നിൽ കൂടി മറ്റൊരുത്തന്റെ കയ്യും പിടിച്ചു നടന്നു പോകുന്നത് കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനാകുന്നില്ല.. ആമിയ്ക്ക് ഇത്രയും പെട്ടന്ന് എന്നെ മറന്നിട്ട് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ” “ശ്യാം.. നിന്നോട് ഞാൻ നേരത്തേ ചോദിച്ചിട്ടുള്ള കാര്യമാണ്.. എന്നാലും ഒരിക്കൽക്കൂടി ചോദിക്കുകയാണ്.. സത്യത്തിൽ എന്തിനാണ് അമേയ എമറാൾഡിൽ നിന്നും പോയത്..

അതും ആരോടും ഒരു വാക്ക് പോലും പറയാതെ.. തന്നെയുമല്ല അവൾ പോയതിലും വേഗത്തിൽ ബാംഗ്ലൂരിലേക്ക് തന്നെ തിരിച്ചു വന്നു.. അത്‌ മാത്രമല്ല ദിവസങ്ങൾക്കകം അവൾക്ക് മറ്റൊരു പുരുഷനുമായിട്ട് പ്രണയവും ഉണ്ടായി.. ഇതെല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് അമേയ റിസൈൻ ചെയ്തു പോകാനുള്ള കാരണം നീ ആയിരിക്കുമെന്നാണ് ” ശ്യാമിന്റെ മുഖം വിളറി.. “റിജോ.. ചുമ്മാ ആവശ്യമില്ലാതെ ഓരോന്ന് പറയാതെ.. ചിലപ്പോൾ ഇവളും ആ ഡോക്ടറും തമ്മിൽ നേരത്തേ ഇഷ്ടത്തിലായിരിക്കും.. അതായിരിക്കും അവൾ ആരോടും ഒന്നും പറയാതെ പോയത്.. ഡോക്ടർ സുഹാസിന്റെ ഫ്രെണ്ടാണ് ആ ഡോക്ടറെന്നല്ലേ നീ പറഞ്ഞത്.. അവളും സുഹാസിന്റെ ബെസ്റ്റ് ഫ്രണ്ടാണല്ലോ.. അപ്പോൾപ്പിന്നെ സുഹാസ് മുഘേനയായിരിക്കും അവർ പ്രണയത്തിലായത് ” റിജോയുടെ മുഖത്ത് പുച്ഛഭാവം തെളിഞ്ഞു.. “മോനേ ശ്യാമേ..

സഹാറ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കല്ലേ.. അന്ന് ഞാൻ ടീനയ്‌ക്കെതിരെ അപവാദം പറഞ്ഞ് നടന്നത് പോലെ ഇപ്പോൾ നീ അമേയയ്ക്കെതിരെ ഓരോ കഥകൾ മിനഞ്ഞുണ്ടാക്കുകയാണോ.. അന്നത്തെ നൈറ്റ്‌ ഡ്യൂട്ടിക്ക് നിങ്ങൾ ഒരുമിച്ചാണ് ഹോസ്പിറ്റലിലേക്ക് വന്നത് പോലും.. നീ അറിയാതെ ആ ഹോസ്റ്റലിന്റെ വെളിയിൽ പോലും അവളിറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല.. ഇരുപത്തി നാല് മണിക്കൂറും നിന്നെയും ഫോണും ചെയ്താണ് അവളിരുന്നത്.. ഡ്യൂട്ടിക്ക് വരുന്ന സമയത്ത് പോലും എമർജൻസിയിൽ തിരക്കില്ലെങ്കിൽ അവളോടി നിന്റെ അടുത്തേക്ക് വരുമായിരുന്നു.. ഇതിനിടയിൽ എപ്പോളാണ് അവൾ മറ്റൊരാളെ പ്രണയിക്കുന്നത്? സുഹാസ് സാറിന്റെ ആ ഫ്രണ്ട് നമ്മുടെ ഹോസ്പിറ്റലിൽ വന്നതായിട്ടൊന്നും ഞാനോർക്കുന്നില്ല.. അവിടെ വച്ച് അയാളും ആമിയും നേരിട്ട് കാണാനുള്ള സാധ്യത പോലുമില്ല.. ഈ ബന്ധത്തിന് അധികം പഴക്കമുള്ളതായിട്ട് എനിക്ക് തോന്നുന്നില്ല..

അവൾ എമറാൾഡിൽ നിന്നും ഇറങ്ങിയതിന് ശേഷം മാത്രമാണ് അയാളുമായി സ്നേഹത്തിലായത്. അതെനിക്കുറപ്പാണ്..എന്തൊക്കെ പറഞ്ഞാലും ഒരേ സമയം രണ്ടു പുരുഷൻമാരെ പ്രണയം നടിച്ചു വഞ്ചിക്കാനൊന്നും അമേയയ്ക്ക് കഴിയില്ല.. എനിക്കറിയാം അത്‌.. രണ്ടു വർഷം അവളോടൊപ്പം ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തതാണ് ഞാൻ.. അവളെ നന്നായിട്ട് ഞാൻ മനസിലാക്കിയിട്ടുണ്ട് ” “അപ്പോൾപ്പിന്നെ ഞാനാണ് തെറ്റുകാരനെന്നാണോ നീ പറഞ്ഞ് വരുന്നത്?” “അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ല.. നമ്മളേത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ മറ നീക്കി പുറത്ത് വരും.. അന്ന് ആ നൈറ്റ്‌ ഡ്യൂട്ടിക്കിടയിൽ അമേയ തീരെ പ്രതീക്ഷിക്കാത്തതെന്തോ സംഭവിച്ചു.. അതാണ് അവളിവിടെ നിന്നും പോകാൻ കാരണം.. അതെന്താണെന്ന് നിനക്കും അവൾക്കും ദൈവത്തിനും അറിയാം..

നീ എത്രയൊക്കെ അഭിനയിക്കാൻ ശ്രമിച്ചാലും നിന്റെ മുഖത്ത് നിന്ന് തന്നെ എനിക്കത് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.. പിന്നെ അന്ന് ഞാൻ ടീനയെ പഴി ചാരി രക്ഷപെട്ടത് പോലെ നിനക്ക് അമേയയേ കുറ്റപ്പെടുത്തി രക്ഷപെടണം.. അതിനല്ലേ നീ ഇപ്പോൾ ശ്രമിക്കുന്നത് ” “റിജോ.. തർക്കിച്ചു നിൽക്കാൻ സമയമില്ല.. നീ സുഹാസിനെ വിളിക്ക്.. എന്നിട്ടവനെപ്പറ്റി അന്വേഷിക്ക് ” ശ്യാമിന്റെ നിർബന്ധം സഹിക്കാൻ കഴിയാതെ റിജോ ഡോക്ടർ സുഹാസിനെ ഫോൺ ചെയ്തു.. “ഹലോ ” “സാറേ.. ഞാൻ റിജോയാണ് ” “പറഞ്ഞോ.. റിജോ.. എന്താ പതിവില്ലാതെ ഒരു ഫോൺവിളിയൊക്കെ?” “സാർ ഒരു ദിവസം തീയറ്ററിൽ വച്ച് സാറിന്റെ ഒരു ഫ്രണ്ടിനെ എനിക്ക് പരിചയപെടുത്തി തന്നില്ലേ?” സുഹാസിന് പെട്ടന്ന് കാര്യം മനസിലായി.. ജോയലിനെയും അമേയയേയും ഒരുമിച്ച് എവിടെയെങ്കിലും വച്ച് റിജോ കണ്ടിട്ടുണ്ടായിരിക്കും.. അതാണ് പതിവില്ലാത്ത ഈ ഫോൺ വിളിയും അന്വേഷണവും..

സുഹാസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു.. “ഞാൻ സിനിമയ്ക്ക് പോകുമ്പോൾ എന്റെ പല ഫ്രണ്ട്സിനെയും കൂടെ കൂട്ടാറുണ്ട്.. ഇതിപ്പോൾ റിജോയ്ക്ക് ഞാനാരെയാണ് പരിചയപ്പെടുത്തി തന്നതെന്ന് എനിക്കോർമ്മയില്ലല്ലോ..” ” റോയൽ ഹോസ്പിറ്റലിലെ ഡോക്ടറാണെന്ന് പറഞ്ഞതെന്നാണ് എന്റെ ഓർമ ” “ഓ.. ഡോക്ടർ ജോയൽ.. അവിടത്തെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്.. എന്താ റിജോ പതിവില്ലാതെ ഇതൊക്കെ അന്വേഷിക്കുന്നത്?” “അത്‌ പിന്നെ.. ഞങ്ങളിപ്പോൾ ഇവിടെ പുറത്ത് വച്ച്… പുള്ളിയെ കണ്ടപ്പോൾ.. കൂടെ അമേയയെപ്പോലെ.. ഒരു പെൺകുട്ടിയെയും കണ്ടത് പോലെ തോന്നി ” “അമേയയെപ്പോലെയൊരു പെൺകുട്ടിയല്ല.. അമേയയാണ് അത്‌..

അവർ തമ്മിൽ ഇഷ്ടത്തിലാണ്.. ഇപ്പോൾ ലിവിംഗ് ടുഗെതർ റിലേഷനലിലാണ് ” പെട്ടന്നൊരു ആവേശത്തിന് അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ സുഹാസിന് താൻ പറഞ്ഞത് അബദ്ധമായിപ്പോയോ എന്നൊരു ചിന്ത മനസിലേക്ക് കടന്ന് വന്നു.. ഇതെങ്ങാനും അച്ചായറിഞ്ഞാൽ തന്നെ വഴക്ക് പറയും.. അമേയയേ നല്ലൊരു സുഹൃത്തായിട്ട് മാത്രമായിരിക്കും അച്ചായൻ കരുതിയിട്ടുണ്ടാകുക.. ഇതിപ്പോൾ അച്ചായൻ മനസ്സിൽ പോലും കാണാത്ത കാര്യമാണ് താൻ വിളിച്ചു പറഞ്ഞത്.. അമേയയും ജോയലും തമ്മിലുള്ള പ്രണയമൊന്നും സുഹാസ് അറിഞ്ഞിരുന്നില്ല.. സുഹാസിനോട് ഇതൊന്നും തുറന്ന് പറയാൻ പറ്റിയ സന്ദർഭം അല്ലാത്തതിനാൽ അവരിരുവരും അവനെ ഒന്നും അറിയിച്ചിരുന്നില്ല.. താൻ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ റിജോ നിന്നു.. “സാർ.. പറയുന്നത് സത്യമാണോ?” “അതേ.. ഞാനെന്തിനാ നിന്നോട് കള്ളം പറയുന്നത്?”

“സാറിന്റെ സുഹൃത്തല്ലേ ആ ഡോക്ടർ.. അപ്പോൾപ്പിന്നെ ശ്യാമും അമേയയും തമ്മിലുള്ള അടുപ്പത്തേപറ്റി സാറിന് അയാളോട് പറയാമായിരുന്നല്ലോ?” “അതൊക്കെ കഴിഞ്ഞ കാര്യമല്ലേ.. അവളും ശ്യാമും തമ്മിൽ ഇപ്പോളൊരു ബന്ധവുമില്ലല്ലോ..” റിജോയ്ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.. അവൻ ഫോൺ കട്ട് ചെയ്തിട്ട് താനറിഞ്ഞ കാര്യം ശ്യാമിനെ അറിയിച്ചു.. ശ്യാമിന്റെ കണ്ണുകൾ ചുമന്നു.. അവന്റെ മുഖത്ത് രോഷം നിറഞ്ഞു.. “റോയൽ ഹോസ്പിറ്റലിൽ വിളിച്ചിട്ട് അവന്റെ നമ്പർ വാങ്ങിക്ക് ” “അങ്ങനെ ആരെങ്കിലുമൊക്കെ വിളിച്ചു ചോദിച്ചാൽ ഹോസ്പിറ്റലിൽ നിന്നും ഡോക്ടർമാരുടെ പേർസണൽ നമ്പർ കിട്ടാനൊരു സാധ്യതയുമില്ല ” “നീ വിളിച്ചു നോക്ക്.. എന്നാലല്ലേ കിട്ടുമോ ഇല്ലയോ എന്നൊക്കെ അറിയുള്ളൂ ” “എനിക്ക് വയ്യ.. എനിക്കിപ്പോൾ അയാളുടെ നമ്പർ കിട്ടിയിട്ട് ഒന്നും സാധിക്കാനില്ല.. നിനക്കല്ലേ അത്യാവശ്യം? അപ്പോൾപിന്നെ നീ വിളിച്ചു ചോദിക്ക് ” ശ്യാം ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് റോയൽ ഹോസ്പിറ്റലിന്റെ നമ്പർ എടുത്തു.. അവിടെ വിളിച്ചു ചോദിച്ചെങ്കിലും ഡോക്ടർസിന്റെ പേർസണൽ നമ്പർ ആർക്കും കൊടുക്കാൻ കഴിയില്ലെന്നായിരുന്നു കിട്ടിയ മറുപടി..

ശ്യാം നിരാശയോടെ നിൽക്കുന്നത് കണ്ടപ്പോൾ റിജോ പറഞ്ഞു.. “എടാ.. ഞാനാദ്യമേ പറഞ്ഞതല്ലേ അവിടെ വിളിച്ചാൽ നമ്പർ കിട്ടില്ലെന്ന്‌.. അല്ലെങ്കിൽ തന്നെ നമ്പർ കിട്ടിയിട്ട് നിനക്കെന്തിനാണ്? അയാളെ ഫോൺ വിളിച്ചിട്ട് നീയെന്താ പറയാൻ പോകുന്നത്? അമേയ നിന്റെ കാമുകി ആയിരുന്നെന്നോ.. ഇതൊക്കെ ആൾറെഡി അവൾ തന്നെ അയാളോട് പറഞ്ഞിട്ടുണ്ടാകും.. ഇനി നീയായിട്ട് പ്രത്യേകിച്ചൊന്നും പറയണ്ട ആവശ്യമില്ല” “അവൾ എന്റെ മുന്നിൽ കൂടി ഒരുത്തന്റെ കയ്യും പിടിച്ചു നടന്ന് പോകുന്നത് കണ്ടിട്ടും ഞാനത് കണ്ടില്ലെന്ന് നടിക്കണമെന്നാണോ നീ പറയുന്നത് ” “ശ്യാമേ.. നീ വണ്ടിയെടുക്ക്.. എന്നെയൊന്നു റൂമിൽ കൊണ്ടാക്കിയിട്ട് നീ എന്ത് വേണമെങ്കിലും കാണിച്ചോ.. നീ ഇനി അമേയയുടെ പിന്നാലെ നടന്ന് പ്രശ്നമുണ്ടാക്കണ്ടെന്നാണ് ഞാൻ പറയുന്നത്.. ” “നീ എന്ന് മുതലാണ് ഇത്ര വല്യ പുണ്യവാളനായത്? ഇന്നലെ മുതലല്ലേ?” “തർക്കിക്കാനൊന്നും ഞാനില്ല.

പറ്റുമെങ്കിൽ എന്നെയൊന്നു റൂമിലാക്ക്.. ഇല്ലെങ്കിൽ ഞാൻ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോളാം ” “നിന്നെ റൂമിൽ നിന്നും കൂട്ടിക്കൊണ്ട് വന്നത് ഞാനല്ലേ.. അപ്പോൾ ഞാൻ തന്നെ തിരിച്ചു കൊണ്ടാക്കിക്കോളാം.. വാ കയറ് ” ശ്യാം വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു… ബൈക്ക് ഓടിക്കുന്നതിനിടയിൽ ശ്യാം റിജോയോട് ചോദിച്ചു.. “ഡോക്ടർ സുഹാസിനോട് ചോദിച്ചാൽ അവന്റെ നമ്പർ കിട്ടില്ലേ?” “സുഹാസ് സാർ നമ്പർ തരുമെന്നെനിക്ക് തോന്നുന്നില്ല ” “റിജോ.. എന്ത് ചെയ്തിട്ടാണെങ്കിലും വേണ്ടില്ല.. എനിക്കാവന്റെ നമ്പർ വേണം” “നിനക്ക് ഭ്രാന്താണോ ശ്യാം? ഈ ഭ്രാന്തിന് കൂട്ട് നിൽക്കാൻ എനിക്ക് പറ്റില്ല.. ” “വേണ്ട.. എനിക്കാരുടെയും കൂട്ട് വേണ്ട ” കുറച്ച് നേരത്തേക്ക് ശ്യാം ഒന്നും മിണ്ടിയില്ല.. റിജോ റോഡരികിലെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു.. തങ്ങൾ സ്ഥിരം പോകുന്ന റോഡിലൂടെയല്ല ഇപ്പോൾ പോകുന്നതെന്ന് റിജോയ്ക്ക് പെട്ടന്ന് മനസിലായി.. അവൻ അമ്പരപ്പോടെ ചോദിച്ചു..

“ശ്യാം.. നീ എവിടെ പോവാ?” “നീയൊന്ന് പിടയ്ക്കാതെയിരിക്ക്.. എന്തായാലും നിന്നെ കൊല്ലാനൊന്നും കൊണ്ട് പോകുകയല്ല ” ദൂരെ റോയൽ ഹോസ്പിറ്റലിന്റെ ബോർഡ് കണ്ടപ്പോൾ ശ്യാം ഹോസ്പിറ്റലിലേക്ക് വന്നതാണെന്ന് റിജോയ്ക്ക് മനസിലായി.. പക്ഷേ ഇവിടേക്ക് അവൻ വന്നതെന്തിനാണെന്ന് മാത്രം മനസിലായില്ല.. ഡോക്ടർ ജോയലിനെ നേരിട്ട് കാണാനാണെങ്കിൽ ഞായറാഴ്ച അയാൾക്ക് ഡ്യൂട്ടിയില്ലെന്ന് ശ്യാമിന് അറിയാമല്ലോ.. തന്നെയുമല്ല അവരെ രണ്ടുപേരെയും ഇപ്പോൾ പുറത്ത് വച്ചു കണ്ടതുമാണല്ലോ.. എന്നിട്ടും എന്തിനാണ് ഇങ്ങോട്ടേക്കു വന്നത്.. റോയൽ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ ശ്യാം ബൈക്ക് വച്ചിട്ട് റിജോയോട് പറഞ്ഞു.. “നീ ഇവിടെ വെയിറ്റ് ചെയ്യ്.. ഞാനിപ്പോൾ വരാം ” “ശ്യാമേ.. എന്താ നിന്റെ ഉദ്ദേശ്യം?” “ദുരുദ്ദേശ്യം ആണെന്ന് കൂട്ടിക്കോ..

നീ പത്തു മിനിട്ട് ഇവിടെ നിൽക്ക്.. ഞാനപ്പോളേക്കും വരാം ” റിജോയുടെ മറുപടിയ്ക്ക് പോലും കാത്തുനിൽക്കാതെ ശ്യാം മുന്നോട്ട് നടന്നു.. ശ്യാം ഹോസ്പിറ്റലിന്റെ റിസപ്ഷനിലേക്ക് ചെന്നു.. ഞായറാഴ്ച ആയിട്ടും അവിടെ അത്യാവശ്യം തിരക്കുണ്ടായിരുന്നു.. അവിടെ വെയ്റ്റിംഗ് ഏരിയയിൽ ഒഴിഞ്ഞു കിടന്ന കസേരകളിൽ ഒന്നിലായി ശ്യാം ഇരുന്നു.. ജോയലിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഡോക്ടർ സുഹാസിന്റെ മനസ് കലുഷിതമായിരുന്നു.. താൻ റിജോയോട് അങ്ങനെയൊക്കെ പറഞ്ഞുവെന്ന് അറിയുമ്പോൾ അച്ചായൻ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല.. ഒരു ആവേശത്തിനങ്ങ് പറഞ്ഞു പോയതാണ്.. പക്ഷേ കുറച്ച് കടുത്തുപോയി.. അതുകൊണ്ടാണല്ലോ ഇപ്പോൾ ഇങ്ങനെ ദുഖിക്കേണ്ടി വരുന്നത്..

ജോയലും അമേയയും ഭക്ഷണത്തിന് ഓർഡർ ചെയ്തിട്ട് വെയ്റ്റ് ചെയ്യുമ്പോളാണ് സുഹാസിന്റെ കാൾ വന്നത്. “ഹലോ.. പറയ് സുഹാസ്.. എന്തെങ്കിലും പുതിയ വിശേഷം ഉണ്ടോ? അശോകിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?” “അശോകിന് ഇപ്പോളും ബോധം വീണിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.. ഇവിടുന്നാരും ഹോസ്പിറ്റലിലേക്ക് പോയതൊന്നുമില്ല.. സ്വപ്നയുടെ അച്ഛൻ ഒന്നോ രണ്ടോ തവണ പോയിട്ട് വന്നിട്ട് പറഞ്ഞതാണ് അവന് ബോധം വീണിട്ടില്ലെന്ന് ” “അത്രയും ഉയരത്തിൽ നിന്നൊക്കെ വീണതല്ലേ.. രക്ഷപെടാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത് ” “അച്ചായാ.. ഞാനിപ്പോൾ വിളിച്ചത് അവരുടെയൊന്നും കാര്യം പറയാനല്ല ” “നിനക്കെന്നെ വിളിക്കാൻ പ്രത്യേകിച്ച് കരണമൊന്നും വേണ്ടല്ലോ.. പിന്നെ നീ വിളിച്ച സ്ഥിതിയ്ക്ക് ഞാൻ അശോകിന്റെ കാര്യം അന്വേഷിച്ചെന്നേയുള്ളൂ ”

“അച്ചായാ…” “എന്താടാ.. നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നു പറഞ്ഞ് കൂടെ? അതിനിങ്ങനെ മുഖവുരയുടെയൊക്കെ ആവശ്യമുണ്ടോ?” “എനിക്കൊരബദ്ധം പറ്റി അച്ചായാ..” “എന്താ നീ കാര്യം പറയ് ” റിജോയും താനും തമ്മിലുണ്ടായ സംഭാഷണം ഡോക്ടർ സുഹാസ് ജോയലിനോട് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ജോയലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. “ആഹാ.. ഇതിനാണോ നീയിത്രയ്ക്ക് ടെൻഷനടിച്ചത് ” “സോറി അച്ചായാ.. അച്ചായൻ മനസ്സിൽ പോലും കാണാത്ത കാര്യമാണ് ഞാൻ വിളിച്ചു പറഞ്ഞതെന്നറിയാം.. ശ്യാം പറഞ്ഞിട്ടാണ് റിജോ വിളിക്കുന്നതെന്നെനിക്ക് മനസിലായി.. അതാണ് ഞാനങ്ങനെയൊക്കെ പറഞ്ഞത് ” “സാരമില്ല.. ശരിക്കും ഞങ്ങൾ നിന്നോടാണ് സോറി പറയേണ്ടത്.. നിന്നോട് ചില കാര്യങ്ങൾ മറച്ചു വച്ചതിന്.. നീ റിജോയോട് പറഞ്ഞതിൽ ചിലതൊക്കെ സത്യമാണ്.. ഞാനും അമേയയും തമ്മിൽ സ്നേഹത്തിലാണ്..

ഇത് നിന്നോട് പറയണമെന്ന് ഞങ്ങൾ കരുതിയതാണ്.. പക്ഷേ സ്വപ്നയുടെ കാര്യത്തിൽ മനസ്സ് വിഷമിച്ചിരിക്കുന്ന നിന്നോട് ഞങ്ങളുടെ പ്രണയത്തെപ്പറ്റിയൊക്കെ പറയുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് പറയാതിരുന്നത് ” ജോയൽ സുഹാസിനോട് ഇതുവരെ നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. അമേയ ഹോസ്റ്റലിലല്ല തന്റെ ഫ്ലാറ്റിൽ തന്നെയാണ് തുടരുന്നതെന്നും അറിയിച്ചു “എന്റെ അച്ചായാ.. ഇപ്പോളാണ് സമാധാനമായത്.. എന്തൊക്കെ പറഞ്ഞാലും എന്റെ ആമിയ്ക്ക് ഏറ്റവും യോഗ്യനായയാൾ അച്ചായൻ തന്നെയാണ്.. അത്രയ്ക്ക് പാവമാണ് അവൾ.. പിന്നെ നിങ്ങൾ ഇക്കാര്യം എന്നോട് മറച്ചു വച്ചതിൽ എനിക്ക് പരാതിയൊന്നുമില്ല.. അങ്ങനെ ഒരു വിഷയം സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലല്ലോ ഞാൻ.. റിജോയോട് അങ്ങനെ സംസാരിച്ചതിൽ കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെന്ന് അറിഞ്ഞപ്പോളാണ് കൂടുതൽ സമാധാനമായത് ”

“ഞാൻ അമേയയ്ക്ക് കൊടുക്കാം.. നീ സംസാരിക്ക് ” “വേണ്ട അച്ചായാ.. ഞാൻ അവളെ നേരിട്ട് വന്ന് കണ്ടോളാം.. എനിക്ക് കുറേ ദിവസത്തെ വിശേഷങ്ങൾ അവളോട് പറയാനുണ്ട് ” “ഓക്കേ ഡാ.. എങ്കിൽ പിന്നെ നാളെ കാണാം ” “ഓക്കേ ” സുഹാസ് ഫോൺ കട്ട്‌ ചെയ്തതും അമേയ ജോയലിനോട് ചോദിച്ചു.. “എന്താ ഒരു കള്ളച്ചിരിയൊക്കെ?” സുഹാസ് തന്നോട് പറഞ്ഞ വിവരങ്ങൾ അവൻ അമേയയും അറിയിച്ചു.. അമേയയുടെ മുഖത്ത് സങ്കടം നിറയുന്നത് ജോയൽ കണ്ടു.. “എന്തിനാ നീ സങ്കടപ്പെടുന്നത്? നമ്മൾ ഒരുമിച്ചാണ് താമസമെന്ന് സുഹാസ് അവരോട് പറഞ്ഞത് കൊണ്ടാണോ?” “ഹേയ്.. അതുകൊണ്ടല്ല.. നമ്മളൊരുമിച്ച് താമസിക്കുന്ന വിവരം ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും പറഞ്ഞിട്ട് ശ്യാമേട്ടൻ അറിയുമെന്ന് എനിക്കുറപ്പായിരുന്നു .. എനിക്ക് സങ്കടം വന്നത് അതിനൊന്നുമല്ല..

ഇനിയും എന്തിനാണ് ശ്യാമേട്ടൻ എന്റെ പിന്നാലെ നടക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.. ജീവിതത്തിൽ ഒരിക്കലും അയാളെ മുഖാമുഖം കാണാൻ ഞാനാഗ്രഹിക്കുന്നില്ല.. അത്‌ അയാൾക്കും അറിയാവുന്ന കാര്യമാണ്.. എന്നിട്ടും എന്തിനാണ് വീണ്ടും എന്നെ വിടാതെ പിന്തുടരുന്നത്? നമ്മളെ ഒരുമിച്ച് കണ്ടാൽ ശ്യാമേട്ടന് എന്താ നഷ്ടം? ഞാൻ ഇപ്പോൾ ശ്യാമേട്ടന്റെ ആരുമല്ലല്ലോ.. അപ്പോൾ എന്റെ ഒരു കാര്യത്തിലും ഇടപെടേണ്ട ആവശ്യവും അയാൾക്കില്ല.. നമ്മളെ ഒരുമിച്ച് കണ്ടയുടനെ സുഹാസ് സാറിനെ വിളിക്കാനും സംസാരിക്കാനുമൊക്കെ പോയതെന്തിനാ?” “നീ ഇങ്ങനെ ഇമോഷണലാകാതെ പെണ്ണേ.. നല്ല ഉശിരുള്ള ആൺപിള്ളേരുടെ കയ്യിൽ നിന്നും തല്ല് കൊള്ളാത്തതിന്റെ കുറവുണ്ട് അവന്.. അവനെന്താ ചെയ്യുന്നതെന്ന് വച്ചാൽ ചെയ്യട്ടെ..

നീ അതൊന്നും കാര്യമാക്കണ്ട.. അവനെപ്പറ്റിയൊക്കെ ചിന്തിച്ച് നമ്മുടെ ഈ നല്ലദിവസം എന്തിനാ നശിപ്പിക്കുന്നത്?” “ഒന്നും ഓർക്കാതിരിക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചാൽ ഞാനിപ്പോളെന്ത് ചെയ്യാൻ പറ്റും?” “ലീവ് ഇറ്റ് ” അവർ ഓർഡർ ചെയ്ത ഭക്ഷണം അപ്പോളേക്കും എത്തിയിരുന്നു.. ജോയൽ അമേയയുടെ പ്ലേറ്റിലേക്ക് ഭക്ഷണം പകർന്ന് കൊടുത്തു.. ശ്യാം പത്തുമിനിറ്റ് അവിടെ വെയിറ്റ് ചെയ്തു .. പിന്നെ മെല്ലെ റിസപ്ഷനിലെ പെൺകുട്ടിയുടെ അടുത്തേക്ക് നടന്ന് ചെന്നു.. ആ പെൺകുട്ടി പുഞ്ചിരിയോടെ ചോദിച്ചു.. “ഗുഡ് മോർണിംഗ് സാർ.. ഹൌ ക്യാൻ ഐ ഹെല്പ് യൂ?” ശ്യാം പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.. “ആക്ച്വലി ഞാൻ ഡോക്ടർ ജോയലിനെ കാണാൻ വേണ്ടി വന്നതാണ്.. ഇവിടെ വന്നപ്പോളാണ് ഡോക്ടർ ഞായറാഴ്ച ലീവാണെന്ന് അറിഞ്ഞത് ”

“അതേ സാർ.. ഡോക്ടർ ജോയൽ ഇന്ന് ലീവാണ് ” “എനിക്ക് അദേഹത്തിന്റെ നമ്പരൊന്ന് വേണമായിരുന്നു ” “സോറി സാർ.. ഹോസ്പിറ്റൽ പോളിസി അനുസരിച്ച് ഡോക്ടർസിന്റെ പേഴ്സണൽ നമ്പർ ആർക്കും കൊടുക്കാൻ സാധിക്കില്ല.. സാറിന് അദ്ദേഹത്തെ കാണണമെങ്കിൽ നാളെ രാവിലെ പത്തു മണിക്ക് ശേഷം വന്നാൽ മതി.. വേണമെങ്കിൽ നാളത്തേക്ക് അപ്പോയ്ന്റ്മെന്റ് എടുക്കാം.” “എനിക്ക് വേണ്ടിയല്ല.. എന്റെ ഗേൾഫ്രണ്ടിന് വേണ്ടിയാണ്.. നാളെ വരെ വെയ്റ്റ് ചെയ്യാൻ പറ്റില്ല.. അത്രയ്ക്ക് അത്യാവശ്യമാണ്.. നിങ്ങൾ ഒന്ന് ശ്രമിച്ചു നോക്ക്.. ഹോസ്പിറ്റലിലെ വേറെയാരും അറിയില്ലല്ലോ എനിക്ക് നമ്പർ തന്നാൽ?” “സോറി സാർ.. എന്റെ ജോലി പോകുന്ന കാര്യമാണ് ” “പ്ലീസ് മാഡം.. ഒന്ന് ട്രൈ ചെയ്തു നോക്ക്.. പ്ലീസ് ” ആ പെൺകുട്ടിയ്ക്ക് ശ്യാമിന്റെ മുഖഭാവം കണ്ടപ്പോൾ അവനോട് സഹതാപം തോന്നി.. അവൾ ടെലിഫോൺ ഡയറക്ട്ടറിയിൽ നോക്കി ജോയലിന്റെ നമ്പർ ഡയൽ ചെയ്തു..

പതിവില്ലാതെ ഹോസ്പിറ്റലിൽ നിന്നും കാൾ വരുന്നത് കണ്ടപ്പോൾ ജോയൽ അമ്പരപ്പോടെയാണ് കാൾ അറ്റൻഡ് ചെയ്തത്.. “ഹലോ..” “ഗുഡ് മോർണിംഗ് സാർ.. ഞാൻ രഞ്ജിനിയാണ് ” “എന്താ രഞ്ജിനി?” “സാർ.. സാറിന്റെ പേർസണൽ നമ്പർ വേണമെന്ന് ആവശ്യപ്പെട്ട് ഒരു ചെറുപ്പക്കാരൻ ഇവിടെ വന്നിട്ടുണ്ട് ” “എന്താണ് കാര്യം?” “അയാളുടെ ഗേൾ ഫ്രണ്ടിനെന്തോ മാനസികപ്രശ്നമുണ്ട്.. അതിന് വേണ്ടി സാറിനോടെന്തോ സംസാരിക്കാനുണ്ടെന്ന്.. വളരെ അത്യാവശ്യമാണെന്നും പറയുന്നു ” ശ്യാം ആയിരിക്കും റോയൽ ഹോസ്പിറ്റലിൽ ചെന്ന് തന്റെ നമ്പർ ചോദിക്കുന്നതെന്ന് ജോയലിന് തോന്നിയിരുന്നു.. “ഓക്കേ.. കൊടുത്തേക്ക് ” രഞ്ജിനി ഒരു വെള്ളപേപ്പറിൽ നമ്പറെഴുതി ശ്യാമിന് കൊടുത്തു.

ശ്യാം പ്രസന്നതയോടെ അവളോട് പറഞ്ഞു.. “താങ്ക്യൂ ” “വെൽക്കം ” ശ്യാം തിടുക്കത്തിൽ പുറത്തേക്ക് നടന്നു.. റിജോയുടെ അടുത്തേക്ക് ചെന്നാൽ ഒരുപക്ഷേ താനയാളെ ഫോൺ ചെയ്യുന്നത് അവൻ വിലക്കിയേക്കും.. അതുകൊണ്ട് ഇവിടെ എവിടെയെങ്കിലും നിന്ന് സംസാരിച്ചിട്ട് പോകാം.. ശ്യാം അവിടെ ഒരു തണൽ മരത്തിന്റെ താഴെക്ക് മാറി നിന്നിട്ട് ജോയലിന്റെ നമ്പർ ഡയൽ ചെയ്തിട്ട് ഫോൺ കാതോട് ചേർത്തു…… തുടരും…….

ഈറൻമേഘം: ഭാഗം 35

Share this story