ശിവഭദ്ര: ഭാഗം 16

ശിവഭദ്ര: ഭാഗം 16

എഴുത്തുകാരി: ദേവസൂര്യ

രാവിലെ ഉറക്കമുണരുമ്പോൾ തന്നെ പുറത്ത് എന്തോ തട്ടലും മുട്ടലും ഒക്കെ കേൾക്കുന്നുണ്ട്… രുദ്രൻ കണ്ണ് തിരുമ്മി മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഭദ്രയും അമ്മയും ഒരുങ്ങി നിൽക്കുന്നു… “”നിങ്ങൾ രണ്ടാളും ഇത് എങ്ങോട്ടാ??.. “” രുദ്രൻ സംശയത്തോടെ രണ്ടാളേം നോക്കി… “”ഞങ്ങൾ അമ്പലത്തിലേക്കാണ്… ഇന്ന് വൈഗ ചേച്ചിടെ പിറന്നാൾ ആണ്… ഏട്ടൻ വരുന്നോ??””… ഭദ്ര ഇടംകണ്ണിട്ട് അവനെയൊന്ന് നോക്കി… ഇപ്പോ വഴക്ക് കേൾക്കാം എന്ന രീതിയിൽ കണ്ണ് ഇറുകെ അടച്ചു… ദേവു മരിച്ചതിൽ പിന്നെ അമ്പലത്തിൽ പോയിട്ടില്ല… ചോദിക്കുമ്പോൾ ദൈവങ്ങളോടുള്ള വിശ്വാസം പോയി എന്നാണ് മറുപടി പറയുക.കൂടെ ചെല്ലാൻ നിർബന്ധിക്കുമ്പോൾ കണ്ണ് പൊട്ടുന്ന വഴക്കും കേൾക്കും… അത്‌ കൊണ്ട് തന്നെ ഇപ്പൊ കേൾക്കാം വഴക്ക് എന്ന രീതിയിൽ ഭദ്ര രുദ്രനെ നോക്കി…

“”മ്മ്മ്മ്… ഒന്ന് വെയിറ്റ് ചെയ്യ് ഞാനും ഉണ്ട്.. “” എങ്ങോട്ടോ നോക്കി പറയുന്നവനെ കൗതുകത്തോടെ നോക്കി ഭദ്ര… “”സത്യം… “” അവളുടെ കണ്ണുകൾ വിടർന്നു… ചെറുതായി ഈറനണിഞ്ഞു… “”ഓഹ്.. അപ്പൊ ഞാൻ വരണ്ടേ??… “” രുദ്രൻ മീശ പിരിച്ചു ഗൗരവത്തോടെ ചോദിച്ചു… “”എന്റെ ഏട്ടൻ തന്നെ ആണോ ഇത് ന്ന് ചിന്തിച്ചതാ ഞാൻ… “” അവൾക്ക് മറുപടിയായി ഒന്നും പറയാതെ അവൻ മുറിയിലേക്ക് തന്നെ പോയി… അവന്റെ പോക്ക് കാൺകെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… “”ഞാൻ പോയി വരാം ട്ടോ ദേവൂട്ടിയെ… ദേ നീ പറഞ്ഞ പോലെ… അമ്മേടേം ഭദ്രേടേം ആഗ്രഹം പോലെ വീണ്ടും പോവാ ഞാൻ അമ്പലത്തിലേക്ക്… നിനക്ക് വേണ്ടി… നിനക്ക് വേണ്ടി മാത്രം…. “” കയ്യിലേ ദേവുവിന്റെ ഫോട്ടോയിൽ നോക്കി അവൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു…

മറുപടി എന്നപോലെ ഒരിളം കാറ്റ് അവനെ തട്ടി തലോടി പോയി…അവളുടെ സാമിപ്യം അറിഞ്ഞു എന്ന പോലെ അവൻ കണ്ണുകൾ ഇറുകെ അടച്ചു… “”ദേ രുദ്രേട്ടാ… നമുക്ക് ഒരു കുഞ്ഞാവ ഉണ്ടാവുമ്പോ ഇവിടെ കൊണ്ട് വന്ന് ചോറൂണ് നടത്തണം ട്ടോ നമുക്ക്… “” ഗുരുവായൂർ നടക്കൽ നിന്ന് തൊഴുത് പുറത്തേക്ക് ഇറങ്ങുമ്പോൾ ദേവു രുദ്രനെ നോക്കി പറഞ്ഞു… “”അതെന്താടി നമ്മുടെ നാട്ടിലെ അമ്പലത്തിൽ ഒന്നും വേണ്ടാതെ ഇവിടെ കൊണ്ട് വന്നു നടത്തുന്നെ… “” “”കള്ള കണ്ണന്റെ നടയിൽ കൊണ്ട് വന്നു നടത്തിയാൽ…കുഞ്ഞാവയും കുറുമ്പൻ ആവും രുദ്രേട്ടാ…”” തിളങ്ങുന്ന കണ്ണുകളോടെ പറയുന്നവളെ രുദ്രൻ കുസൃതിയോടെ നോക്കി… “”ഓഹ്…ആയിക്കോട്ടെ…ആദ്യം നമുക്ക് കുഞ്ഞാവ ഉണ്ടാവണത്തിനെ പറ്റി ഡിസ്‌കസ് ചെയ്യാം…ന്നിട്ടല്ലേ ചോറൂണ്…””

മീശപിരിച്ചു കുസൃതിയോടെ പറയുന്നവനെ കണ്ണ് കൂർപ്പിച്ചു നോക്കി ദേവു…. “”ഭഗവാന്റെ നടയിൽ നിന്നാണോ വൃത്തികേട് പറയുന്നേ…നടക്ക് അങ്ങോട്ട്‌ “” അവന്റെ കൈത്തണ്ടയിൽ ചെറുതായി നുള്ളി പറയുന്ന അവളെ ചേർത്ത് പിടിച്ചു അടക്കിയ ചിരിയോടെ മുൻപോട്ട് നടന്നു…. “”ദേവുട്ടി….”” ഓർമകളുടെ ഭാരം താങ്ങാൻ ആവാതെ അവൻ ഇടർച്ചയോടെ പുലമ്പി…കണ്ണുകൾ നിറഞ്ഞു ചെന്നിയിലൂടെ ഒലിച്ചിറങ്ങി…മനസ്സ് വിങ്ങുന്ന പോലെ…ഒരിക്കൽ കൂടെ കൊതിയോടെ ആ പുഞ്ചിരി തൂകിയ ഫോട്ടോയിലേക്ക് ഒന്നൂടെ നോക്കി… “”രുദ്രേട്ടാ…രുദ്രേട്ടാ….”” ഉമ്മറത്ത് നിന്ന് അക്ഷമയായി വിളിക്കുന്ന ഭദ്രയുടെ ശബ്‌ദം കേട്ടതും…അവൻ പിടപ്പോടെ ഫോട്ടോ നെഞ്ചിലേക്ക് അണച്ചു പിടിച്ചു…കൊതി തീരാതെ വീണ്ടും ആ ഫോട്ടോയിലേക്ക് ചുണ്ടുകൾ ചേർത്തു… അമർത്തി മതിവരാത്തപോലെ ചുംബിച്ചു… “”ഓർമിക്കുവാൻ ഞാൻ…. നിനക്കെന്തു നൽകണം…. ഓർമിക്കണം എന്ന വാക്ക് മാത്രം….””

(മുരുകൻ കാട്ടാകട ) ഫോട്ടോക്ക് പിന്നിലായി മുൻപ് ഒരിക്കൽ പ്രണയത്തോടെ തനിക്കായി എഴുതിയ വരികളിൽ വറ്റാത്ത പ്രണയത്തോടെ ഒന്നൂടെ വിരലോടിച്ചു….മേശമേൽ ഇരുന്ന ഡയറിക്കുള്ളിൽ ഭദ്രമായി എടുത്ത് വച്ച് വേഗം പുറത്തേക്ക് ഇറങ്ങി… ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മയുടെയും ഭദ്രയുടെയും കണ്ണുകൾ വിടരുന്നത് അറിഞ്ഞു… ഒരുപാട് നാളുകൾക്ക് ശേഷം വൃത്തിക്ക് കുളിച്ചു വെള്ളമുണ്ടും ഒക്കെ ഉടുത്ത് ഇറങ്ങിയത് കൊണ്ട് ആണെന്ന് തോന്നുന്നു… അമ്മയുടെ കണ്ണുകൾ തന്നെ കാൺകെ നിറയുന്നതും നേര്യതിന്റെ തുമ്പിനാൽ തുടക്കുന്നതും കണ്ടു…. “”പോവാം… “” ഭദ്ര ഉത്സാഹത്തോടെ രുദ്രന്റെ കയ്യിൽ കേറി പിടിച്ചു മുന്പോട്ട് നടന്നു….വീടിന്റെ മുൻപിൽ എത്തിയപ്പോൾ വൈഗയും അമ്മയും വരുന്നത് കണ്ടു…അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

വൈഗയെ കണ്ട് വിഷ് ചെയ്യണം എന്നുണ്ടായിരുന്നു പക്ഷെ എന്തോ ഒരു മടി കാരണം ഒന്നും മിണ്ടിയില്ല… ആളും വല്യ സന്തോഷത്തിൽ ഒന്നുമല്ല… ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടി ഒരുങ്ങി വന്നത് പോലെ…തന്നെ പോലെ…. അവന്റെ കണ്ണിൽ വൈഗയോടുമായി ചെറിയ വേദന പടർന്നു…വളരെ നേരിയ കുഞ്ഞു വേദന…. ഭദ്രയുടെ കണ്ണുകൾ നാല്പാടും പരത്തുന്നത് കണ്ടപ്പോൾ കുറുമ്പോടെ വൈഗ അവൾക്കരികിലേക്ക് നടന്നു… “”നോക്കണ്ട അവനില്ല…ഡ്യൂട്ടിക്ക് പോകണ്ടേ…”” വൈഗയുടെ കുസൃതിയോടുള്ള വാക്കുകൾ കേട്ടതും ജാള്യതയോടെ തലതാഴ്ത്തി…അത്‌ കേട്ട രുദ്രന്റെ ചുണ്ടിലും ചെറുപുഞ്ചിരി വിരിഞ്ഞു…. ❤🖤❤🖤❤🖤❤🖤

കളഭം ചാർത്തിയ ഉണ്ണിക്കണ്ണന്റെ മുൻപിൽ തൊഴുതു നിൽക്കുമ്പോൾ…തന്റെ മനസ്സിന് കൂട്ടായി കണ്ണുകളും മിഴിനീരാൽ വാചാലമാകുന്നത് വൈഗ അറിയുകയായിരുന്നു…പണ്ട് പിറന്നാളിന് അച്ഛേടെ കൂടെ അമ്പലത്തിൽ പോകുന്നതും. തനിക്ക് അമ്പലത്തിന് പുറത്തെ വഴിയോര കച്ചവടക്കാരുടെ കയ്യിൽ നിന്ന് കൈ നിറയെ കരിവള വാങ്ങിച്ചു തരുന്നതുമെല്ലാം ഓർമയിൽ എത്തി…അവസമായി അച്ഛൻ വേദനിച്ചതും തനിക്ക് വേണ്ടി മാത്രമായിരുന്നു…അച്ഛന് പറ്റിയ തെറ്റാണ് നരേഷ് എന്ന് അറിഞ്ഞപ്പോൾ ആകെ തകർന്ന് പോയി ആ പാവം…അതോടെ തങ്ങൾക്ക് നഷ്ട്ടപെട്ടത് അച്ഛൻ എന്ന തണലായിരുന്നു…തന്റെ അവസ്ഥ അറിഞ്ഞ അന്ന് കുഴഞ്ഞു വീണതായിരുന്നു പാവം…

സൈലന്റ് അറ്റാക്ക്….പിന്നീട് എണീറ്റിരുന്നില്ല. ചിന്തകൾക്കൊടുവിൽ കണ്ണുകൾ പെയ്തിറങ്ങി….ചുണ്ടുകൾ വിറകൊണ്ടു…. “”വൈഗേച്ചി….”” ചേർത്ത് പിടിച്ച കൈകൾക്ക് മറുപടി എന്നപോലെ ധൃതിയിൽ കണ്ണ് തുടച്ചു…തിരിഞ്ഞു നോക്കുമ്പോൾ ഭദ്രയായിരുന്നു…വേദന കലർന്ന ചെറുപുഞ്ചിരി അവൾക്ക് നേരെ നൽകി…കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് നടന്നു…. അമ്പലത്തിന്റെ പുറത്ത് നിൽക്കുന്ന ഒരുകൂട്ടം ആളുകൾ തങ്ങളെ കണ്ടതും…എന്തൊക്കെയോ അടക്കം പറയുന്നുണ്ട്…ചിലപ്പോൾ ഹോട്ടലിൽ നിന്ന് പിടിച്ചവർ എന്ന പട്ടം ഒരിക്കെ അലങ്കാരമായി കിട്ടിയതല്ലേ… ഇരകളെ രണ്ടാളെയും ഒരുമിച്ചു കിട്ടിയപ്പോൾ അത്ഭുതം തോന്നിയിട്ടുണ്ടാവും അവർക്ക്…. “”തെറ്റ് ചെയ്യാത്തിടത്തോളം ആരെയും ഭയപ്പെടേണ്ടതില്ല വൈഗ….””

മുൻപ് രുദ്രൻ പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങി…കണ്ണുകൾ അറിയാതെ തന്റെ വശത്തായി നടക്കുന്നവനിലേക്ക് ചെന്നെത്തി…ആ ചേച്ചിമാർ സംസാരിക്കുന്നത് പുള്ളിയും കെട്ടേന്ന് തോന്നുന്നു…മുഖം വലിഞ്ഞു മുറുകുന്നുണ്ട്…കണ്ണുകളിൽ ചുവപ്പ് നിറയുന്നുണ്ട്….ഉള്ളിലെവിടെയോ നോവ് ഉണരുന്ന പോലെ…താൻ കാരണം ഒരാൾ പഴി കേൾക്കേണ്ടി വന്നല്ലോ എന്ന കുറ്റബോധം….നെഞ്ച് വിങ്ങുന്ന കുറ്റബോധം… തന്റെ നോട്ടം ശ്രദ്ധിച്ചിട്ടാണ് എന്ന് തോന്നുന്നു ആളും ശാന്തമായി തന്നെ ഒന്ന് നോക്കി…എന്താ എന്ന് പുരികം പൊക്കി ചോദിച്ചതും..ഒന്നുമില്ല എന്ന് തലയാട്ടി…തലകുനിച്ചു മുൻപോട്ട് നടന്നു…. ❤🖤❤🖤❤🖤

വീട്ടിലേക്ക് ചെല്ലുമ്പോൾ പടിക്കൽ ഒരു കാർ കിടപ്പുണ്ടായിരുന്നു..സംശയത്തോടെ ഉള്ളിലേക്ക് നോക്കുമ്പോൾ..ഉമ്മറത്ത് തന്നെ ഗോപിയേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു…ആ മുഖത്ത് സങ്കടം നിഴലിച്ചത് ഒറ്റനോട്ടത്തിൽ രുദ്രന് മനസ്സിലായി….അവരെ കണ്ടതും അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു…. “”നിനക്ക് ആ കുട്ടിയെ കല്യാണം കഴിച്ചൂടെ രുദ്രാ….”” രുദ്രനും ഗോപിയേട്ടനും ഒറ്റക്ക് സംസാരിക്കുന്നതിന് ഇടയിലായിരുന്നു ഗോപിയേട്ടൻ രുദ്രനോടായി ചോദിച്ചത്….രുദ്രൻ മനസ്സിലാവാത്ത പോലെ നോക്കുന്നത് കണ്ടതും അദ്ദേഹം തുടർന്നു…. “”തെറ്റ് ചെയ്തവർ അല്ല എന്നറിയാം…തെറ്റ് ചെയ്തവനെ പുറത്താക്കുകയും ചെയ്തു…പക്ഷെ സത്യം നമ്മൾ കുറച്ചു പേർക്കേ അറിയൂ….മറ്റുള്ളവർക്ക് മുൻപിൽ നിങ്ങൾ തെറ്റ് കാർ തന്നെയാണ്…ആ കുട്ടിക്ക് ഇനി നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നുന്നുണ്ടോ രുദ്രന്??…””

അദ്ദേഹത്തിന്റെ ചോദ്യത്തിന് നിസ്സംഗതയോടെ നോക്കി നിന്നു രുദ്രൻ…. “”ആലോചിക്ക്….നല്ലൊരു തീരുമാനത്തിൽ എത്ത്….”” തോളിൽ തട്ടി കൂടുതൽ ഒന്നും പറയാതെ പോകുന്ന അദ്ദേഹത്തിനെ രുദ്രൻ ഒന്ന് നോക്കി…. “”ഹാ പോയോ ഗോപിയേട്ടൻ…”” ഭദ്ര അദ്ദേഹത്തിന് കുടിക്കാനായി വെള്ളം കൊണ്ട് വന്നപ്പോളേക്കും അദ്ദേഹം പോയിരുന്നു…. “”മ്മ്മ്…പോയി….”” കൂടുതൽ ഒന്നും പറയാതെ ഉള്ളിലേക്ക് പോകുന്ന രുദ്രനെ ഒന്നും മനസ്സിലാവാതെ ഭദ്ര നോക്കി നിന്നു…. “”ശ്ശെടാ ഈ ഏട്ടന് ഇതെന്തു പറ്റി…”” അവന്റെ ഗൗരവത്തോടുള്ള പോക്ക് കാൺകെ ആരോടെന്നില്ലാതെ അവൾ പിറുപിറുത്തു….. ❤🖤❤🖤❤

“”എല്ലാരും പറയ്യാ ദേവു….പക്ഷെ നിക്ക് നിക്ക് കഴിയുവോ അതിന്….വൈഗയെ നിന്റെ സ്ഥാനത്ത് ചിന്തിക്കാൻ പോലും പറ്റുന്നില്ല എനിക്ക്….”” രാത്രി പുറത്തെ ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി വിറയാർന്ന സ്വരത്തോടെ അവൻ പുലമ്പി….കണ്ണിൽ നിന്ന് അവൻ പോലും അറിയാതെ കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ട്….മൂക്കിലേക്ക് ഇലഞ്ഞി പൂവിന്റെ നറുമണം പടർന്നതും പിടച്ചിലോടെ അവൻ മുകളിലേക്ക് നോക്കി…. “”പെണ്ണെ….”” അവൻ ആർദ്രമായി പതിയെ വിളിച്ചു…. “”രുദ്രേട്ടാ….രുദ്രേട്ടാ….അ…അമ്മ….”” ഭദ്രയുടെ അലർച്ച കേട്ടതും രുദ്രൻ ഒന്ന് ഞെട്ടി… “”ഏട്ടാ…ഒന്ന് വായോ…”” ഭദ്രയുടെ കരച്ചിൽ കേട്ടതും…രുദ്രൻ അമ്മയുടെ മുറിയിലേക്ക് ഓടി…കട്ടിലിൽ നെഞ്ച് വേദന കൊണ്ട് പിടയുന്ന അമ്മയെ കണ്ടതും അമ്മക്കരികിലേക്ക് ഓടിയണച്ചു….

അമ്മയെയും എടുത്ത് ഓടുമ്പോൾ..മനസ്സ് ശൂന്യമാവുന്നത് അവനറിഞ്ഞിരുന്നു…ഭദ്രയുടെ കരച്ചിൽ ചീളുകളായി പുറത്തേക്ക് വരുന്നത് കേൾക്കെ നെഞ്ച് പിടയുന്നു… “”ഏട്ടാ…നമ്മുടെ അമ്മ…”” ഏങ്ങലടികളോടെ പറയുന്ന ഭദ്രയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ…അമ്മയെയും കൊണ്ട് പുറത്തേക്ക് ഓടി…മനസ്സിൽ തെളിഞ്ഞത് ശിവയുടെ മുഖമായിരുന്നു….ഇടർച്ചയോടെ വേലിക്കപ്പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു….. “”ശിവാാാ!!……””…..(തുടരും )

ശിവഭദ്ര: ഭാഗം 15

Share this story