ഉറവിടം: ഭാഗം 10

ഉറവിടം: ഭാഗം 10

എഴുത്തുകാരി: ശക്തി കല ജി

സഞ്ജയ്ക്ക് ദേഷ്യം തോന്നിയെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.. മീനാക്ഷി ഷാൾ ശരിയാക്കി മുഖം മറച്ചിട്ടു… നടന്നു പോകുന്നവളെ അവൻ നോക്കി നിന്നു.. താൻ വിചാരിക്കുന്നത് പോലെ പാവം പെണ്ണല്ല എന്ന് ഇന്നത്തെ മറുപടിയിൽ അവന് മനസ്സിലായിരുന്നു… എന്തിനോ അവൻ്റെ മനസ്സ് അസ്വസ്ഥമായി… അലസമായി മുൻപിലിരുന്ന ഫയൽ സൂക്ഷിച്ച് എടുത്തു വച്ചു… ഓഫീസിലുള്ള ബാക്കി സമയം എങ്ങനെയോ തള്ളി നീക്കി.. മീനാക്ഷി നേരെ ഫ്ളാറ്റിലേക്ക് പോയി… ഫോൺ എടുത്ത് മഹിയെ വിളിച്ചു വിവരം തിരക്കി…. “അമ്മ ഒന്നു തെന്നിവീണു… കാലിന് പൊട്ടൽ ഉണ്ട്… രണ്ട് മാസം റസ്റ്റ് വേണം എന്ന് ഡോക്ടർ പറഞ്ഞുന്ന് പറഞ്ഞു… ” എന്ന് മഹിയുടെ വാക്കുകളിൽ വിഷമം നിറഞ്ഞിരുന്നു.. “ശരി… ഞാൻ പ്രാർത്ഥിക്കാം..”

…വേഗം ശരിയാവട്ടെ … അമ്മയുടെ അടുത്ത് തന്നെ കാണണംട്ടോ… വിഷമം വരുമ്പോ മക്കൾ അടുത്ത് വേണംന്ന് ആ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും”.. പിന്നെ അച്ഛനെ കൂടുതൽ ശ്രദ്ധയോടെ നോക്കണം” എന്ന് പറഞ്ഞപ്പോൾ മഹി ശരിയെന്ന് പറഞ്ഞു…. മീനാക്ഷി ഫോൺ കട്ട് ചെയ്തു മേശമേൽ വച്ചു.. മേല് കഴുകി വസ്ത്രമൊക്കെ മാറി.. മണി പ്ലാൻ്റ് ചെടി ഒരു ഉരുണ്ട കണ്ണാടി കുപ്പിയിൽ ഇട്ട് വച്ചിട്ടുണ്ട്… കൂടെ രണ്ട് കുഞ്ഞു മീനുകളും.. അതിന് വെള്ളം മാറ്റി കൊടുത്തപ്പോൾ മീനുകൾ സന്തോഷത്തോടെ മണി പ്ലാൻ്റിൻ്റെ വേരുകൾക്കിടയിലൂടെ നീന്തുന്നതും പരസ്പരം ചുംബിക്കുന്നതും കിന്നാരം പറയുന്നതും നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല…. … വൈകുന്നേരം ഒരു അസ്വസ്ഥ തോന്നിയത് കൊണ്ട് കഞ്ഞിയും കുറച്ച് നല്ല എരിയുള്ള ചമ്മന്തിയും വച്ചു….

ചൂടൊടെ കോരി കുടിച്ചപ്പോൾ നല്ല ആശ്വാസം തോന്നി…. കഴിച്ച് പത്രമൊക്കെ ഒതുക്കി വച്ചു കിടന്നു… ഒറ്റയ്ക്കിരുമ്പോൾ അമ്മയെ ഒത്തിരി മിസ്സ് ചെയ്യുo…. രാവ് വെളുക്കുവോളം ഓർമ്മകളിൽ മുങ്ങിയിരിക്കും മനസ്സ്…. ഇപ്പോൾ ഉള്ള ധൈര്യo പണ്ട് ഉണ്ടായിരുന്നെങ്കിൽ ആ നാട് വിട്ട് ഇത് പോലെ എവിടെയെങ്കിലും ആരുമറിയാത്ത സ്ഥലത്ത് താമസിച്ചേനെ… ആരുടെയും കുത്തുവാക്കുകളും കളിയാക്കലുകളും കേൾക്കേണ്ടി വരില്ലായിരുന്നു…. പക്ഷേ അന്നതിനുള്ള ധൈര്യം കിട്ടിയില്ല… ശരിക്കും അമ്മയുടെ മരണം വരെ എനിക്ക് മറ്റൊരു കുറവും അനുഭവിച്ചിട്ടില്ല… ജീവിതത്തിൽ കുറച്ച് സന്തോഷമെങ്കിലും കൊടുക്കാൻ പറ്റിയേനെ… അമ്മയ്ക്ക് എന്നെ ദൂരെ വിടാൻ ഭയമായിരുന്നു…

അമ്മയ്ക്ക് പറ്റിയത് പോലെയൊരു തെറ്റ് എനിക്കും പറ്റരുത് എന്ന് മനസ്സിൽ കരുതിയിട്ടാകും… നഷ്ട്ടമായതൊക്കെ എന്നന്നേക്കുമായി നഷ്ടമായവയാണ്….. അത്രമേൽ ആഗ്രഹിച്ചാലും ഒരിക്കലും തിരിച്ച് കിട്ടാത്തവ… പിറ്റേ ദിവസം രാവിലെ അവൾക്ക് എഴുന്നേൽക്കാൻ മടി തോന്നി…. വല്ലാത്ത ശരീരവേദന….. കുറച്ച് നേരം കൂടി കിടന്നു’. പക്ഷേ തന്നെ സഞ്ജയ് സാറിൻ്റെ കോൾ വന്നു… നേരത്തെ ഓഫീസിലേക്ക് വരണമെന്ന് പറഞ്ഞ്… പിന്നെയൊരു ഓട്ടമായിരുന്നു എല്ലാം ചെയ്തു തീർക്കാൻ…. മാറ്റി വച്ച മോഡേൺ വസ്ത്രം വീണ്ടും അണിഞ്ഞു…. മുട്ടറ്റമുള്ള ഒതുക്കമുള്ള ശരീരത്തിൻ്റെ അഴകളവുകൾ എടുത്തുകാട്ടുന്ന വസ്ത്രം…. കഴുത്തിൽ അലസമായി നീളമുള്ള ഒരു ഷാൾ ചുറ്റിയിട്ടു… ഷാളിൻ്റെ കുറച്ച് ഭാഗം തലയിലേക്ക് വലിച്ചിട്ടു…. കണ്ണാടിയിൽ ഒന്നൂടി നോക്കി…. ലിപ്സിറ്റിക്ക് ഒന്നൂടി ഇട്ടു….

ഫ്ളാറ്റ് പൂട്ടിയിറങ്ങുമ്പോൾ ഏഴ് മണിയാകുന്നേയുള്ളായിരുന്നു… പതിവിലും ഇല്ലാതെ വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.. വണ്ടിയിൽ വച്ചിരുന്ന സ്വറ്റർ എടുത്ത് ധരിച്ചു… ഒരു പനിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ട്… സ്കൂട്ടിയിൽ ഓഫീസിലേക്ക് ചെല്ലുമ്പോൾ സഞ്ജയ് സാറിൻ്റെ കാർ കിടക്കുന്നത് കണ്ടു… വേഗം വണ്ടി ഒതുക്കിയിട്ട് ഓടി അകത്തേക്ക് കയറി…. ക്യാബിനിലേക്ക് കയറും മുന്നേ ബാഗിൽ പനിയുടെ ഗുളികയുണ്ടോ എന്ന് നോക്കി.. ഗുളിക തീർന്നിരുന്നു… ഇനി ഉച്ചയ്ക്കിറങ്ങി വാങ്ങാം എന്ന് കരുതി സഞ്ജയ് സാറിൻ്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.. സഞ്ജയ് സാറിൻ്റെ കാബിനിലേക്ക് കടന്നു ചെല്ലുമ്പോൾ കണ്ടത് കൂറെ ഫയലുകൾ മുൻപിലുള്ള മേശമേൽ നിരത്തിയിട്ടിരിക്കുന്നത് കണ്ടു.. “താൻ തുടങ്ങി വച്ച ഫയലുകൾ ആണ്.. പൂർത്തിയാക്കിയതും ഉണ്ട്. എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് ..

അത് ക്ലിയർ ആക്കി തരണം”.. ശരിക്കും ഈ ഫയലുകൾക്ക് വേണ്ടിയാണ് തന്നെ തിരിച്ച് വിളിക്കേണ്ടി വന്നത്.. അല്ലേൽ നീ പോയാൽ പോട്ടെന്ന് വച്ചേനേ.. ” സഞ്ജയ് സർ ഗൗരവത്തിൽ പറഞ്ഞു… “സർ ഫയൽ ൻ്റെ കൈയ്യിൽ തന്നാൽ ഞാൻ എൻ്റെർ ചെയ്തോളാം.. ” അവൾ പറഞ്ഞു… “എന്നാൽ ഒരു കാര്യം ചെയ്യ്.. ഈ ക്യാബിനിൽ ഇരുന്ന് ചെയ്താൽ മതി” സഞ്ജയ് സാറിൻ്റെ സീറ്റിനടുത്ത് വേറൊരു കസേര നീക്കിയിട്ടിട്ട് പറഞ്ഞു… ” അത് പറ്റില്ല.. എനിക്ക് ഇവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ട് ” മീനാക്ഷി കടുപ്പിച്ചു പറഞ്ഞു… ” ഇത് നിൻ്റെ വീടല്ല സ്വന്തം ഇഷ്ടത്തിന് ഇരിക്കാൻ. ഈ കമ്പനിയിൽ നിനക്ക് ഞാനാണ് ബോസ് എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കണോ”… അത്യവശ്യം രഹസ്യമായി സൂക്ഷിക്കേണ്ട ഫയലുകൾ ആണ്.. ഇത് കൈയ്യിൽ തന്നു വിടാൻ കഴിയില്ല.. ”

സഞ്ജയ് പറഞ്ഞപ്പോൾ അവൾ മറ്റ് വഴിയില്ലാതെ അവൻ നീക്കിയിട്ട കസേരയിൽ മടിച്ചു കൊണ്ട് ചെന്നിരുന്നു.. ഷാൾ ഒന്നൂടി ശരിയാക്കിയിട്ടു ഒതുങ്ങിയിരുന്നു.. സഞ്ജയ് അവൻ്റെ കസേര അവളുടെ അരികിലേക്ക് നീക്കിയിട്ട് ഇരുന്നു…. ഫയലുകൾ ഓരോന്നായി മീനാക്ഷിയുടെ കൈയ്യിൽ കൊടുത്തു… സഞ്ജയ് തൊട്ടരുകിൽ ഇരിക്കുന്നത് കൊണ്ട് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. എ സി യുടെ തണുപ്പ് എന്തോ അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….. വല്ലാത്ത തലവേദനയും തോന്നി.. ഫയൽ എൻ്റർ ചെയ്യുന്നതിൽ ശ്രദ്ധിച്ചിരുന്നപ്പോൾ പകുതി ടെൻഷൻ കുറഞ്ഞു… അവൾ സഞ്ജയ് ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയതേയില്ല… അവൻ്റെ മിഴികൾ അവളെ വലയം ചെയ്തിരുന്നു…. അവളുടെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നീരിക്ഷിച്ചു…

അധരങ്ങൾ എന്തൊക്കെ പരിഭവങ്ങൾ ശബ്ദമില്ലാതെ പറയുന്നുണ്ട് എങ്കിലും മിഴികളും കരങ്ങളും ജോലിയിൽ മുഴുകിയിരിക്കുന്നു… ആ സമയത്താണ് സ്വീറ്റി കയറി വന്നത്… …. സഞ്ജയുടെയും മീനാക്ഷിയുടെയും തൊട്ടുരുമിയുള്ള ഇരുപ്പും അവൻ്റെ നോട്ടവും കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും സ്വീറ്റി സ്വയം നിയന്ത്രിച്ചു.. താനും അത്ര പേർഫക്റ്റ് അല്ലല്ലോ എന്നവൾ ഓർത്തു… മീനാക്ഷി ഷാൾ കൊണ്ട് മുഖം മറച്ചിരിക്കുന്നത് കൊണ്ട് സ്വീറ്റിക്കവളുടെ മുഖം കാണാൻ കഴിഞ്ഞില്ല… ” ആഹ്.. സഞ്ജയ് നല്ല തിരക്കിലാണ് എന്ന് തോന്നുന്നു ” സ്വീറ്റി ശബ്ദമുയർത്തി ചോദിച്ചപ്പോൾ സഞ്ജയ് ഒന്ന് ഞെട്ടി… “മ്മ്.. കുറച്ച് ഫയൽ എൻ്റെർ ചെയ്യാനുണ്ടായിരുന്നു…. “വാ.. ഇരിക്കടോ ” സഞ്ജയ് ചിരിയോടെ പറഞ്ഞു.. “ഹേയ് ഇരിക്കാൻ സമയമില്ല.. വാ… ഇന്ന് പാർട്ടിയുടെ കാര്യം പറഞ്ഞിരുന്നതല്ലേ ..

മറന്ന് പോയോ.. വേഗം നമ്മുക്ക് പോകണം.. “സ്വീറ്റി സഞ്ജയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…. മീനാക്ഷി മുഖമുയർത്തി നോക്കിയതേ ഇല്ല.. “താനീ വർക്ക് തീർത്തിട്ടേ പോകാവു.. ഞാൻ വന്ന് കഴിഞ്ഞ് എന്നെ ഏൽപ്പിച്ചിട്ട് വേണം പോകാൻ കേട്ടല്ലോ ” എന്ന് പറഞ്ഞ് സഞ്ജയ് സ്വീറ്റിയോടൊപ്പം പോയി… സഞ്ജയ് പോയപ്പോൾ മീനാക്ഷിയൊന്ന് നിവർന്നിരുന്നു… തലയിൽ ചുറ്റിയിരുന്ന ഷാൾ അഴിച്ച് അവനിരുന്ന കസേരയിലേക്കിട്ടു.. ഇന്ന് മുഴുവൻ ഇരുന്നാലും ഈ വർക്ക് തീരില്ല.. അവൾക്ക് ദേഷ്യം വന്നു എങ്കിലും വേഗം ജോലി ചെയ്യാൻ തുടങ്ങി……. ഉച്ചയ്ക്കവൾക്ക് വിശപ്പ് തോന്നിയില്ല… ചായ കുടിച്ചിട്ട് ജോലി തുടർന്നു… വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിട്ടും സഞ്ജയ് സർ വന്നില്ല… ലാൻ്റ് ഫോണിൽ ഒരു കോൾ വന്നു… ” സഞ്ജയ് ഓഫീസിലേക്ക് വന്നോ…

ഞാൻ സ്വീറ്റിയാണ്” എന്ന് ചോദ്യമാണ് ഫോണെടുത്തപ്പോൾ കേട്ടത്… ” ഇല്ല… ഇത് വരെ വന്നിട്ടില്ല” അവൾ മറുപടി പറഞ്ഞപ്പോഴേക്ക് അപ്പുറത്ത് കോൾ കട്ടായിരുന്നു… മീനാക്ഷി ഫോൺ എടുത്തു സഞ്ജയിയേ വിളിച്ചു…. “സർ ഓഫീസിലേക്ക് വന്നില്ലല്ലോ… എനിക്ക് വർക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല… ഞാൻ നാളെ വന്ന് ബാക്കി ചെയ്തോളാം… ഫയൽ ആരെ ഏൽപ്പിക്കണമെന്ന് പറഞ്ഞാൽ ഞാൻ ഏൽപ്പിച്ചേക്കാം” അവൾ വിനയത്തോടെ പറഞ്ഞു… “സോറി ഞാനാക്കാര്യം മറന്ന് പോയ്… ഇവിടെ അമ്മ വന്നിട്ടുണ്ട്.. അതു കൊണ്ട് ഉടനെ ഇങ്ങോട്ടേക്ക് പോരേണ്ടി വന്നു…. ഒരു കാര്യം ചെയ്യ്…. ഫയൽ എൻ്റെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നോളു… ” സഞ്ജയ് അഡ്രസ്സ് പറഞ്ഞു കൊടുത്തു… മീനാക്ഷിയ്ക്ക് ക്ഷീണം തോന്നിയെങ്കിലും വേറെ വഴിയില്ലാതെ ഫയലുകളുമായി ഓഫീസിൽ നിന്നിറങ്ങി….

വഴി ക്യത്യമായി പറഞ്ഞു തന്നിരുന്നത് കൊണ്ട് അവൾ വേഗം സഞ്ജയുടെ ഫ്ളാറ്റിലെത്തി… ഫ്ളാറ്റിനു മുൻപ്പിൽ വണ്ടി ഒതുക്കി നിർത്തി സഞ്ജയ് സാറിനെ വിളിച്ചു… അകത്തേക്ക് കയറി വരാൻ പറഞ്ഞുവെങ്കിലും അവൾ ആദ്യം കോളിംഗ് ബെല്ലിൽ വിരലമർത്തി കാത്തു നിന്നു… അവൾക്ക് തല കറങ്ങും പോലെ തോന്നി…. വാതിൽ ആരോ തുറന്നതും അവൾ ബോധം മറഞ്ഞ് മുൻപ്പോട്ട് വീണു…. ❤❤❤❤❤❤❤❤❤❤❤❤❤❤ ❤ സഞ്ജയുടെ അമ്മയാണ് കതക് തുറന്നത്… വാതിൽ തുറന്നതും മുൻപോട്ട് വീഴാൻ തുടങ്ങിയ പെൺകുട്ടിയെ അവർ ചുറ്റിപ്പിടിച്ചു… ” സഞ്ജയ്… ഓടി വന്നേ ടാ” അവർ പരിഭ്രമത്തോടെ വിളിച്ചു… സഞ്ജയ് ഓടി വന്നു അമ്മയുടെ ദേഹത്തേക്ക് ചാരി കിടക്കുന്ന മീനാക്ഷിയെ ഇരുകൈകളിലും കോരിയെടുത്ത് സെറ്റിയിൽ കൊണ്ടു കിടത്തി… “നല്ല പനിയുണ്ട് ” സഞ്ജയുടെ അമ്മ മീനാക്ഷിയുടെ നെറ്റിയിൽ തൊട്ടു നോക്കിയിട്ട് പറഞ്ഞു..

സഞ്ജയ് അവളുടെ കവിളിൽ തട്ടി വിളിച്ചു… ” അമ്മ.. ൻ്റെ അമ്മ ” അർദ്ധ മയക്കത്തിൽ അവളുടെ അധരങ്ങൾ മന്ത്രിച്ചു.. ഇരു ചെന്നിയുടെയും വശത്തൂടെ മിഴിനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു… അത് കാണവേ സഞ്ജയുടെ മിഴികളിൽ വേദന നിറഞ്ഞു… അവളെ വേദനിപ്പിച്ചതൊക്കെ ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവൻ്റെ മനസ്സ് അസ്വസ്ഥമായി…. അമ്മ വേഗം പോയി ഗ്ലാസ്സിൽ വെള്ളം കൊണ്ടുവന്നു.. സഞ്ജയ് അപ്പോഴേക്ക് അവളെ മടിയിൽ കിടത്തിയിരുന്നു.. അമ്മയുടെ കൈയ്യിൽ വെള്ളം വാങ്ങി ഗ്ലാസോടെ മുഖത്തേക്ക് ഒഴിച്ചു…. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…. അവൾ ചുമച്ച് കൊണ്ട് കണ്ണു തുറന്നു… തൊട്ടരുകിൽ സഞ്ജയുടെ മുഖം കണ്ടതും അവൾ ഒന്ന് ഞെട്ടി… പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും തലയ്ക്കൊരു ഭാരം തോന്നി… സഞ്ജയുടെ അമ്മ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു…

സഞ്ജയ് പതുക്കെ എഴുന്നേറ്റു..ആരെയോ ഫോൺ വിളിച്ചു.. കുറച്ച് സമയത്തിനുള്ളിൽ കമ്പനി ഡോക്ടർ വന്നു പരിശോധിച്ചു….. ”പനി കൂടുതൽ ആണ് നല്ല വിശ്രമം വേണം”…ഞാൻ മരുന്ന് കുറിച്ച് തരാം കൊടുക്കു” എന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ചു കൊടുത്തു.. യാത്ര പറഞ്ഞിറങ്ങി…. അപ്പോഴും സഞ്ജയുടെ അമ്മ മീനാക്ഷിയെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു… ആ സമയത്താണ് സ്വീറ്റി അങ്ങോട്ടേക്ക് വന്നത്.. മീനാക്ഷി വേഗം ഷാൾ നേരെയാക്കി മുഖം മറച്ചു.. സ്വീറ്റിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. അവൾ മദ്യപിച്ചിരുന്നു.. ഓഫീസ് കണ്ട പെണ്ണ് തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് അവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി.. ”ഓ ഇവൾക്ക് വേണ്ടിയാണോ പാർട്ടി തീരും മുന്നേ എന്നോടൊരു വാക്ക് പറയാതെ ഇറങ്ങി പോന്നത്.

കൊള്ളാം… വിവാഹത്തിന് മുന്നേ ഏത് പെണ്ണിനെ വേണമെങ്കിലും കൊണ്ട് നടന്നോളു… പക്ഷേ വിവാഹം കഴിഞ്ഞ എന്നെ മാത്രേ കൊണ്ടു നടക്കാവു” എന്ന് പറഞ്ഞു സ്വീറ്റി മീനാക്ഷിയെ പിടിച്ച് തള്ളി.. സഞ്ജയുടെ അമ്മ അവളെ താങ്ങി പിടിച്ചു.. “എന്താ കുട്ടി ഇത്.. അത് മോൻ്റെ ഓഫീസിലെ കുട്ടിയാണ്.. കുറച്ച് ഫയൽ ഏൽപ്പിക്കാൻ വന്നതാണ് “പക്ഷേ ഇവിടെ വന്നപ്പോൾ തലകറങ്ങി വീണു ” ‘സഞ്ജയുടെ അമ്മ പറഞ്ഞു… “ഓ.. അപ്പോൾ വേഗം ഒരു ഗൈനക്കോളജിസ്റ്റ് നെ കണ്ട് ആരുമറിയാതെ കാര്യം നടത്തിയേക്കാം “സ്വീറ്റി പുച്ഛത്തോടെ പറഞ്ഞു.. മീനാക്ഷിക്ക് വല്ലാത്ത വെപ്രാളം തോന്നി.. അവൾക്കവിടെ നിന്നു എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നു തോന്നി.. താഴെ വീണു കിടക്കുന്ന ഫയലുകളിലും പേപ്പറുകളിലേക്കും അവളുടെ നോട്ടമെത്തി.. അവൾ പതിയെ കുനിഞ്ഞിരുന്ന് ഫയലും പേപ്പറുകളും എടുത്തു… ”

സ്വീറ്റി തനിക്കെന്നോടുള്ള ദേഷ്യം മറ്റുള്ളവരോട് തീർക്കുന്നത് എന്തിനാണ്.. സത്യവസ്ഥ മനസ്സിലാക്കാതെ കിടന്ന് തുള്ളാതെ വീട്ടിൽ പോ” സഞ്ജയ് ദേഷ്യത്തോടെ പറഞ്ഞു.. “എന്നെ ഇൻസൾട്ട് ചെയ്തതിന് പകരം വീട്ടാൻ എനിക്കറിയാം” എന്ന് പറഞ്ഞു അവൾ തിരികെ പോയി.. മീനാക്ഷി വേഗം ഫയലുകൾ സഞ്ജയ് സാറിനെ ഏൽപ്പിച്ചു… “സഞ്ജയ് ഫ്ളാറ്റ് വരെ കൊണ്ട് വിട്ടിട്ട് വാ… ആ കുട്ടിക്ക് തീരെ വയ്യ “അമ്മ പറഞ്ഞു… അമ്മ പറഞ്ഞത് കൊണ്ട് സഞ്ജയ് അവൻ്റെ വണ്ടിയിൽ മീനാക്ഷിയെ ഫ്ളാറ്റിൽ കൊണ്ടുവിട്ടു.. ..മരുന്നു വാങ്ങി ഏൽപ്പിച്ചിട്ടാണ് മടങ്ങിയത്.. ദിവസങ്ങൾ വേഗം കടന്നു പോയി… പനി കുറഞ്ഞു കഴിഞ്ഞ് അവൾ ഒരു ഓട്ടോയിൽ പോയി സഞ്ജയുടെ ഫ്ളാറ്റിൽ ചെന്ന് സ്ക്കൂട്ടി എടുത്ത് കൊണ്ടുവന്നു.. ജോലികൾ എല്ലാം കൃത്യമായി ചെയ്തു..

അന്നത്തെ സംഭവത്തിന് ശേഷം സഞ്ജയ് സാർ ഒരു കാര്യത്തിനും അവളെ ബുദ്ധിമുട്ടിച്ചില്ല…. സ്വീറ്റി ഇടയ്ക്കിടെ ഓഫീസിലേക്ക് വരുമായിരുന്നു.. അങ്ങനെ വന്ന ഒരു ദിവസം ക്യാബിനിലേക്ക് ചെന്നപ്പോൾ അവർ തമ്മിൽ ചെറിയ വാക്ക് തർക്കം നടക്കുകയായിരുന്നു… എന്തോ പെണ്ണ് വിഷയം ആണ് എന്ന് മനസ്സിലായി… അവൾ ഫയലുമായി ക്യാബിനിനകത്തേക്ക് വരാൻ അനുവാദം കാത്ത് നിൽക്കുന്നത് കണ്ടപ്പോൾ സഞ്ജയ് കൂടുതൽ അസ്വസ്ഥനായി.. അവൻ അസ്വസ്ഥനായിരിക്കുന്നത് കണ്ട് മീനാക്ഷി തിരിച്ച് ക്യാബിനിലേക്ക് പോയി… . പിന്നെ അവൾ വരുന്ന ദിവസം മീനാക്ഷി ലീവെടുത്ത് വയലിനുമെടുത്ത് വേഗമിറങ്ങും…. “കമ്പനി ആവശ്യത്തിനായ് കേരളത്തിലേക്ക് കുറച്ച് ദിവസം പോകണം”.. മീനാക്ഷി ഇപ്പോൾ തയ്യാറാക്കി കൊണ്ടിരിക്കുന്ന ഫയൽ അതിന് വേണ്ടിയുള്ളതാണ്… വേഗം റെഡിയാക്കണം.. മറ്റന്നാൾ പോകേണ്ടി വരും…..

പിന്നെ അവിടേക്കായി ഒരാഴ്ച താമസിക്കേണ്ടി വരും .. അത് എൻ്റെ വീട്ടിൽ താമസിക്കാം” എന്ന് സഞ്ജയ് സർ പറഞ്ഞു.. ”പക്ഷേ ഞാൻ തന്നെ വരണോ… ഓഫീസിൽ നിന്ന് മറ്റാരെയെങ്കിലും വിളിക്കാരുന്നല്ലോ… ഞാൻ വന്നാൽ ചിലപ്പോ കൂടുതൽ പ്രശ്നങ്ങളുണ്ടാകും ” അവൾ അന്നത്തെ പ്രശ്നo മനസ്സിലുള്ളത് മടിച്ചു കൊണ്ട് ചോദിച്ചു… “താനല്ലേ ആ ഫയൽ ഡീൽ ചെയ്യുന്നത്.. അപ്പോൾ താൻ തന്നെ വരേണ്ടി വരും… അതുമല്ല ബാക്കിയുള്ളവരൊക്കെ കുടുംബമായി താമസിക്കുന്നവരാണ്… പെട്ടൊന്നൊരു യാത്ര പറഞ്ഞാൽ ബുദ്ധിമുട്ടാണ്”…. ഞാനാണ് ഇപ്പോൾ നിൻ്റെ ബോസ്.. പറയുന്നത് കേട്ടാൽ മതി….”

എന്ന് സഞ്ജയ് സർ കടുപ്പത്തിൽ പറഞ്ഞപ്പോൾ എതിർത്ത് പറയാൻ തോന്നിയില്ല… അവൾ മറുപടി പറയാതെ ക്യാബിനിൽ നിന്ന് ഇറങ്ങി നടന്നു,… പോകുന്നതിന് തലേ ദിവസം തന്നെ എല്ലാം ഒരുക്കി വച്ചു… പിറ്റേ ദിവസം സഞ്ജയ് സർ കാറുമായി വന്നു…. അവൾ കാറിലേക്ക് കയറാൻ മടിച്ചു നിന്നു….. സഞ്ജയ് പുറകിലത്തെ ഡോർ ലോക്ക് തുറന്നു… അവൾ ഡോർ തുറന്നു നോക്കിയതും അവളുടെ മിഴികൾ വിടർന്നു…. സഞ്ജയുടെ അമ്മ അവളെ പുഞ്ചിരിയോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു……. ” തുടരും

ഉറവിടം: ഭാഗം 9

Share this story