അല്ലിയാമ്പൽ: ഭാഗം 17

അല്ലിയാമ്പൽ: ഭാഗം 17

എഴുത്തുകാരി: ആർദ്ര നവനീത്

മുറ്റത്തെ കരിയിലകൾ തൂത്തുവാരി കൂട്ടിയിട്ട് കത്തിച്ചശേഷം വന്നിരുന്നതേയുണ്ടായിരുന്നുള്ളൂ അല്ലി. റെഡ് ഓക്സൈഡ് ഇട്ട പൂമുഖപ്പടിയിൽ ഇരിക്കുമ്പോഴും അവൾ നന്നേ ക്ഷീണിച്ചിരുന്നു. അപ്പോഴാണ് തലേന്ന് ഉച്ചയ്ക്കുശേഷം താനൊന്നും കഴിച്ചില്ലെന്ന് അവളോർമ്മിച്ചതുപോലും. മനസ്സ് ദുഃഖത്തിൽ ആറാടുമ്പോൾ വിശപ്പിന്റെ വിളി കേൾക്കാറില്ലല്ലോ. വലംകൈ പടിക്കുമേൽ വച്ച് അതിന്മേൽ തല ചായ്ച്ചതും പിച്ചകത്തിന്റെ നറുസുഗന്ധത്തെയും ആവാഹിച്ചുകൊണ്ട് ഇളംതെന്നൽ ഒഴുകിയെത്തി. ആ ഗന്ധത്തിൽ അച്ഛന്റെയും അമ്മയുടെയും സാന്നിധ്യമുണ്ടെന്നവൾക്ക് തോന്നി. അതിന്റെ ആശ്വാസത്തിൽ മെല്ലെ കണ്ണുകളടഞ്ഞു. റെഡ് ഓക്സ്‌സൈഡിന്റെ നേർത്ത തണുപ്പ് കവിളിലേക്ക് അരിച്ചുകയറി. മുറ്റത്ത് കാറിന്റെ ഇരമ്പൽ കേട്ടതും അവൾ പിടഞ്ഞെഴുന്നേറ്റു.

നിവേദേട്ടൻ ! അല്ലിയുടെ അധരം ഉരുവിട്ടു. അൽപ്പമെങ്കിലും ശമിച്ചിരുന്ന വേദന വീണ്ടും വർദ്ധിച്ചതുപോലെ അവളുടെ ഉള്ളം വീണ്ടും വിങ്ങി. ഉയർന്നുപൊങ്ങുന്ന ഹൃദയമിടിപ്പിനെ നിയന്ത്രിക്കണമെന്നാശിച്ചിട്ടും അതിന് കഴിയാതെ അവൾ നിസ്സംഗയായി നിലകൊണ്ടു. ഡോർ തുറന്ന് നിവേദുo അതിന് പിന്നാലെ ആമിയുമിറങ്ങി. പകപ്പോടെ അല്ലി ഇരുവരെയും മാറിമാറി നോക്കി. അച്ഛനുമമ്മയും ഇല്ലെന്ന യാഥാർഥ്യം അറിഞ്ഞാലുള്ള ആമിയുടെ അവസ്ഥയോർത്തായിരുന്നു അവൾക്ക് ഉൽകണ്ഠ. അല്ലീ.. ആമി അമ്പരപ്പോടെ അവൾക്കരികിലേക്കെത്തി. നീ ഭർത്താവിന്റെ വീട്ടിൽ അല്ലേ.. സംശയത്തോടെ ആമി അവളെ ഉറ്റുനോക്കി. അല്ലിയുടെ മിഴികൾ താഴ്ന്നു.

മറുപടി പറയാനാകാതെ അവൾ വിങ്ങി. അച്ഛനും അമ്മയുമെവിടെ. നീ പറഞ്ഞിട്ടില്ലല്ലോ അല്ലേ ഞാൻ വന്നത്. അവർക്ക് സർപ്രൈസ് ആകട്ടെ. ആമി അകത്തേക്ക് കയറാൻ തുനിഞ്ഞതും നിവേദ് ആമിയെ വിളിച്ചു. അവർ അകത്തില്ല ആമീ. വാ.. നിന്റെ വരവും പ്രതീക്ഷിച്ചിരിപ്പുണ്ടാകും അവർ. ആമി മനസ്സിലാകാത്തതുപോലെ നിവേദിനെ നോക്കി. അതിനുശേഷം ആ നോട്ടം തെന്നി അല്ലിയിലെത്തി. അല്ലിയുടെ മുഖത്തെ ഭാവമെന്തെന്ന് അവൾക്ക് വ്യക്തമായില്ലെങ്കിലും ആ മിഴികളിലെ വേദന തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞു. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നതുപോലെ അവളെ വല്ലാത്തൊരു ഭയം കീഴടക്കുന്നുണ്ടായിരുന്നു. ചലിക്കാതെ നിന്ന ആമിയുടെ കൈകളിൽ നിവേദ് പിടിത്തമിട്ടു. നിവേദിന് പിന്നാലെ ഒരു പാവയെപ്പോലെ ചലിക്കുമ്പോഴും ശരീരം വല്ലാതെ വിറകൊള്ളുന്നത് അവളറിഞ്ഞു. പിച്ചകപ്പൂക്കൾ പൊഴിഞ്ഞുകിടക്കുന്ന രണ്ടു മൺകൂനകൾ.

ആമിയുടെ കൈകൾ സ്വതന്ത്രമായി. നിന്റെ അച്ഛനും അമ്മയും ഇവിടെയാണുറങ്ങുന്നത്.. പതിഞ്ഞ സ്വരത്തിൽ നിവേദ് പറയുമ്പോൾ ആമി നടുങ്ങിത്തരിച്ചു. ശ്വാസമെടുക്കാൻ പോലുമാകാതെ കേട്ടത് സത്യമായിരിക്കരുതേയെന്ന് ഉരുവിടുമ്പോഴും അത് സത്യമെന്ന് വിളിച്ചോതുകയായിരുന്നു ആ മൺകൂനകൾ. അലർച്ചയോടെ ആമി നിലത്തേക്കിരുന്നു. തലമുടിയിൽ കൈകോർത്തവൾ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അത് കാണാൻ ശക്തിയില്ലാത്തതുപോലെ അല്ലി മണ്ണിലേക്കൂർന്നിരുന്നു. വിണ്ടുകീറിയ ഉറവയിൽ നിന്നെന്നപോലെ കണ്ണുനീർ കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു. കൈകൾ പിണച്ചുകെട്ടി നിവേദ് തലകുമ്പിട്ട് നിന്നു. തനിക്കും അച്ഛനും അമ്മയും തന്നെയായിരുന്നു അവർ. ഒരുപക്ഷേ ആമിയെക്കാളേറെ സ്നേഹിച്ചിട്ടേയുള്ളൂ.

ആമിയോടൊപ്പം വരുമ്പോഴെല്ലാം ടാക്സി ഓടിയിട്ട് വരുമ്പോൾ വിയർപ്പിന്റെ മണമുള്ള ആ നോട്ടുകൾ കൊണ്ടുവാങ്ങിയ പലഹാരങ്ങൾ കൈനിറയെ കാണും. മരുമകനായല്ല മകനായിട്ടേ കരുതിയിട്ടുള്ളൂ. അവന്റെ മിഴികളിൽ നനവ് പൊടിഞ്ഞു. അച്ഛാ… അമ്മേ നിങ്ങളെ കാണാനല്ലേ ആമി ആഗ്രഹിച്ചു വന്നത്. മുൻപിൽ വന്നു നിൽക്കുമ്പോൾ നിങ്ങളുടെ നിറകണ്ണുകളോടെയുള്ള സന്തോഷം കാണാനല്ലേ ഞാനാഗ്രഹിച്ചത്. ഒന്ന് കാണാൻ പോലും നിൽക്കാതെ പോയല്ലേ രണ്ടുപേരും. അവസാനമായിട്ടൊന്ന് കാണാൻ പോലും കഴിഞ്ഞില്ലല്ലോ ആമിക്ക്.. പതംപറഞ്ഞുകൊണ്ടവൾ ഏങ്ങിക്കരഞ്ഞു.

നിന്റെ അച്ഛനെ അവസാനമായി കണ്ടത് നീ തന്നെയാണ് ആമീ. നിവേദിന്റെ ശാന്തസ്വരം ആമി മനസ്സിലാകാത്തതുപോലെ അവനെ നോക്കി. അപ്പോഴും അവളുടെ ഉടൽ വിറകൊള്ളുകയായിരുന്നു. നിന്റെ അനാവശ്യമായ വാശിയും ആഗ്രഹവും കാരണം നഷ്ടപ്പെട്ടതാണ് നിന്റെ അച്ഛന്റെ ജീവൻ. ആ മനുഷ്യൻ ഈ ഭൂമിയിൽ ഇല്ലെന്നറിഞ്ഞ നിമിഷം.. ഒരു മടങ്ങിവരവിന് സാധ്യമാകാത്ത തരത്തിൽ ഈ ലോകത്തിൽനിന്നും ആ ജീവൻ എന്നെന്നേയ്ക്കുമായി പൊലിഞ്ഞു പോയെന്ന അറിവിൽ നിന്റെ അമ്മയും.. അവനൊന്ന് നിർത്തി. ആമി ശ്വാസമെടുക്കുവാൻ പോലും മറന്നവനെ ഉറ്റുനോക്കി. കണ്ണുകളിൽ നിന്നുമൊഴുകുന്നത് ചുട്ടുപഴുത്ത ലാവയാണെന്നവൾക്ക് തോന്നി. അത്രമേൽ അത് കവിളിണകളെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. കുറ്റപ്പെടുത്തിയതല്ല ആമീ. തെറ്റ് പറ്റാത്ത മനുഷ്യരില്ല. തെറ്റ് മനുഷ്യസഹചമാണ്.

നിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനർഹനല്ലാത്തവനാണ് ഞാനെന്ന് എനിക്കറിയാം. അച്ഛന് ആയുസ്സ് അത്രയേയുണ്ടായിരുന്നുള്ളൂ. വിധിയുടെ വിളയാട്ടം അൽപ്പമല്ല അധികമായിപ്പോയി. അതുകൊണ്ടാണോ നിവേദേട്ടാ ആമിയെ വെറുക്കുന്നത്.. ന്നെ ഇഷ്ടല്ലാത്തത്.. കുറ്റബോധത്താൽ വെന്തുനീറുമ്പോഴും അവളുടെ സ്വരത്തിൽ യാചന നിറഞ്ഞിരുന്നു. നിവേദ് കണ്ണുകൾ ഇറുകെയടച്ചു തുറന്നു. പരസ്പരം ആലിംഗബദ്ധരായ കൺപീലികളിൽനിന്നും രണ്ടുതുള്ളി കണ്ണുനീരിറ്റുവീണു. അല്ല ആമീ. നീയറിയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അന്ന് നിന്നെ കാർ ഇടിച്ചു വീഴ്ത്തിയതേ നിനക്കറിയാവൂ. ഡോറിൽ ആ കാർ ഇടിച്ച ആഘാതത്തിൽ കാർ മറിഞ്ഞുവീണത് കൊക്കയിലേക്കായിരുന്നു.

പെട്രോൾ ടാങ്ക് ഇടിച്ചതിന്റെയാകാം കാർ കത്തിയമരുമ്പോൾ അതിൽ അച്ഛനുമുണ്ടായിരുന്നു. വിവരമറിഞ്ഞു അത്രയും ദൂരെയുള്ള ഹോസ്പിറ്റലിലേക്ക് ഓടിയെത്തുമ്പോൾ തിരിച്ചറിയാൻ പോലുമാകാതെ രണ്ടു മൃതശരീരങ്ങളുണ്ടായിരുന്നു. കാറിന്റെ നമ്പറും മറ്റും വച്ച് ഒരാൾ അച്ഛനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കൂടെയുള്ള പെൺകുട്ടിയുടെ മൃതദേഹം ആമിയെന്ന് ഏവരും കരുതി.. ഈ ഞാനും.. ആമി വിറങ്ങലിച്ചു നിൽക്കുകയാണ്. ഒരിറ്റ് രക്തമയമില്ലാതെ ആ മുഖം വിളറി വെളുത്തിരുന്നു. കണ്മുന്നിൽ എല്ലാം തെളിഞ്ഞതുപോലെ അവൾ ഭയത്തോടെ കണ്ണുകൾ ചിമ്മിയടച്ചു. അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പിന്റെയും വേർപാടിൽ മനസ്സുരുകി തകർന്നൊരു പെൺകുട്ടിയുണ്ടായിരുന്നു “അല്ലിയാമ്പലിൽ “. ആരുമില്ലാതെ അനാഥയായൊരു പെൺകുട്ടി. നിന്റെ ഇരട്ടസഹോദരി..

അല്ലി. ഭാര്യ നഷ്ടപ്പെട്ട വേദനയിൽ ഞാൻ നീറുമ്പോൾ അമ്മ നഷ്ടമായതറിയാതെ നമ്മുടെ മോൻ അലറിക്കരയുമ്പോൾ സ്വന്തമായുണ്ടായിരുന്ന എല്ലാവരും നഷ്ടപ്പെട്ട വേദനയിൽ ഉരുകിയുരുകിയൊരു ജന്മം ഇവിടെയുണ്ടെന്ന് ഞാനും മനപ്പൂർവ്വം മറന്നു. ഒടുവിൽ ഒരു രാത്രി വന്ന ഫോൺ കാളിന് പിന്നാലെ അമ്മയുടെ നിർബന്ധത്തിൽ ഞാനിവിടെയെത്തുമ്പോൾ രണ്ടു പുരുഷന്മാരുടെ കൈക്കരുത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന പൂർണ്ണബോധ്യമുണ്ടായിട്ടും തോൽക്കാൻ തയ്യാറാകാതെ പോരാടുന്ന പെൺകുട്ടിയെ കണ്ടു. അല്ലിയെ. ആമിയുടെ നോട്ടം മണ്ണിലേക്ക് ഇരുന്ന് വിങ്ങിക്കരയുന്ന അല്ലിയിൽ പതിഞ്ഞു. ഹൃദയം വല്ലാതെ വേദനിച്ചു. അവൾ അനുഭവിച്ച യാതനകളും വേദനകളും ഓർത്തപ്പോൾ ആമിക്ക് വല്ലാത്ത സഹതാപം തോന്നി വേദനയും.

മനസ്സിലുള്ളവ ഓരോന്നായി തുറന്നുപറയുമ്പോൾ തന്റെ മനസ്സിന്റെ ഭാരം കുറയുന്നതായി അവന് തോന്നി. എന്നാൽ ഒടുവിലുള്ള ആമിയുടെ പ്രതികരണം എന്താകുമെന്നോർത്തപ്പോൾ അവനിൽ ഭയവും വേദനയും ഒരുപോലെ നിറഞ്ഞു. അവൾ പാലാഴിയിലേക്ക് വന്നു. ആരുമോന് ചിറ്റമ്മയായി.. എന്റെ അമ്മയ്ക്ക് മകളായി.. നിവേദിന്റെ.. അല്ലീ… മണ്ണിലേക്ക് മയങ്ങിവീണ അല്ലിയുടെ അരികിലേക്ക് ആമി പാഞ്ഞെത്തിയിരുന്നു. ബോധം മറഞ്ഞു കിടക്കുന്ന അല്ലിയെ മടിയിലെടുത്തു കിടത്തി ആമി അവളുടെ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി. എന്നാൽ യാതൊരു അനക്കവുമില്ലാതെ അവൾ കിടക്കുന്നതുകണ്ടപ്പോൾ ആമിയുടെ ഭയമേറി. കാരണമറിയാതെ നടുങ്ങി നിൽക്കുകയായിരുന്നു നിവേദുo. നിവേദേട്ടാ അല്ലി എണീക്കുന്നില്ല. ആമി കരഞ്ഞുപോയിരുന്നു.

അച്ഛന്റെയും അമ്മയുടെയും വേർപാടിന്റെ വേദനയിൽ നെഞ്ചുരുകി നിൽക്കുമ്പോഴും നഷ്ടങ്ങളുടെ ആ പട്ടികയിലേക്ക് അല്ലിയെക്കൂടി ഉൾപ്പെടുത്താൻ കെല്പില്ലായിരുന്നു ആമിക്ക്. കൂടപ്പിറപ്പിനുവേണ്ടി അവളുടെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു. സമചിത്തത വീണ്ടെടുത്ത് നിവേദ് അല്ലിക്കരികിലേക്ക് പാഞ്ഞെത്തിയിരുന്നു അപ്പോഴേക്കും. ആമിയുടെ മടിത്തട്ടിൽനിന്നും വാടിക്കുഴഞ്ഞു കിടക്കുന്ന അല്ലിയെ ചേർത്തുപിടിക്കുമ്പോൾ അവന്റെ നെഞ്ച് ഓരോ നിമിഷവും അവൾക്കുവേണ്ടി പിടയുകയായിരുന്നു. അല്ലീ.. മോളേ കണ്ണുതുറക്കെടീ. നിന്റെ നിവേദേട്ടനാടീ പെണ്ണേ. തകർന്നടിഞ്ഞ എന്നെ ജീവിതത്തിലേക്ക് കൊണ്ടുവന്നവളല്ലേ നീ. എന്റെ മനസ്സിലെ വേദനകളെ ഏറ്റുവാങ്ങിയവളല്ലേ നീ.

എല്ലാവർക്കും വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായവളല്ലേ. ഓരോ നിമിഷവും വേദനിച്ചു പിടയുമ്പോഴും പുഞ്ചിരിയുടെ മുഖാവരണമണിഞ്ഞ് അഭിനയിക്കുന്നവളല്ലേ നീ. കണ്ണുതുറക്ക് മോളേ.. നിവേദ് അവളുടെ കവിളിൽ തട്ടി പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ കണ്ണുനീർത്തുള്ളികൾ അവളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു. ആമി പകച്ചിരിക്കുകയായിരുന്നു. നിവേദിന്റെ വാക്കുകളിലെ വേദനയും സ്നേഹത്തിന്റെ വ്യാപ്തിയും ഓരോ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു. അവന്റെ നൊമ്പരവും കണ്ണുനീരും അല്ലിക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കുവാൻ ആമിക്ക് എളുപ്പം സാധിച്ചു. തനിക്ക് സ്വന്തമായത് നഷ്ടപ്പെടുകയാണോ എന്ന ഭയം അവളുടെ ഓരോ അണുവിലും അരിച്ചു കയറുന്നുണ്ടായിരുന്നു. അല്ലിയെ വാരിയെടുത്തുകൊണ്ട് നിവേദ് കാറിനരികിലേക്ക് പായുന്നത് കണ്ണുനീർപ്പാടയിലൂടെ ആമി കാണുന്നുണ്ടായിരുന്നു.

ഡ്രൈവ് ചെയ്യുമ്പോഴും പിന്നിൽ കിടക്കുന്ന അല്ലിയിൽ പലവുരു അവന്റെ നോട്ടമെത്തുന്നതും ആ കൈകളിലെ വിറയലും തുടിക്കുന്ന ഹൃദയവും മരവിപ്പോടെ ആമി കാണുന്നുണ്ടായിരുന്നു. കാഷ്വാലിറ്റിക്ക് മുൻപിൽ നിൽക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൻ പലപ്രാവശ്യം തുടച്ചുമാറ്റി. മിനിറ്റുകളും മണിക്കൂറും ഇഴഞ്ഞുനീങ്ങി. സ്റ്റെതസ്‌കോപ്പ് കഴുത്തിലൂടെയണിഞ്ഞ് ഡോക്ടർ ഇറങ്ങിവന്നു. ഡോക്ടർ അല്ലിക്ക്.. അവൻ വെപ്രാളത്തോടെ തിരക്കി. ഇപ്പോൾ കുഴപ്പമില്ല ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ബോഡി നല്ല വീക്കാണ്. ഭക്ഷണമൊന്നും കഴിക്കാത്തതുകൊണ്ട് നല്ല ക്ഷീണവുമുണ്ട്. നിങ്ങളൊക്കെ എല്ലാം കളിതമാശയെന്നാണോ കരുതുന്നത്.. അവരുടെ സ്വരത്തിലെ ഈർഷ്യ അവൻ തിരിച്ചറിഞ്ഞു. ഡോക്ടർ.. അവന്റെ സ്വരത്തിൽ അമ്പരപ്പ് നിറഞ്ഞിരുന്നു. ആദ്യത്തെ പ്രഗ്നൻസിയാണ്.

നന്നായി സൂക്ഷിക്കേണ്ടതുമാണ്. പ്രെഗ്‌നൻറ് ആണെന്നറിഞ്ഞിട്ടും ഹോസ്പിറ്റലിൽ വരാതിരിക്കുക, ഭക്ഷണം പോലും ഉപേക്ഷിച്ചു നടക്കുക.. എന്താ വേണ്ടെന്ന് വയ്ക്കുകയാണോ കുഞ്ഞിനെ.. അല്ലി പ്രെഗ്‌നൻറ് ആണോ. തന്റെ ജീവൻ അവൾക്കുള്ളിൽ തുടിക്കുന്നെന്നോ. ആശ്ചര്യത്തോടെ അവൻ ഡോക്ടറെ നോക്കി. ഞങ്ങൾ അറിഞ്ഞില്ല ഡോക്ടർ.. അവന്റെ സ്വരം പതറിയിരുന്നു. ഒരു പെണ്ണിന്റെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ അവൾക്കാകും മിസ്റ്റർ. പീരിയഡ്‌സ് തെറ്റിയിട്ട് മൂന്നാഴ്ചയിലേറെയായി. ആ കുട്ടി പ്രെഗ്നൻസി കൺഫേം ചെയ്തിട്ടുമുണ്ട്. ഇന്നത്തെ കാലത്ത് ഇങ്ങനെയും ഉണ്ടല്ലോ നിങ്ങളെപ്പോലുള്ളവർ. ഇറസ്പോൺസിബിൾ ഫെല്ലോസ്.. തന്നിലെ ദേഷ്യം പെയ്തുതീർത്തുകൊണ്ടവർ കൺസൾട്ടിങ് റൂമിലേക്ക് നടന്നു.

നിറഞ്ഞ കണ്ണുകൾ ഇറുകെയടച്ചുകൊണ്ട് ഒരാശ്രയത്തിനെന്നോണം അവൻ ചുമരിലേക്ക് ചേർന്നു. ഇതാണോ അല്ലീ നീ പറഞ്ഞ സർപ്രൈസ്. ഇതിനുവേണ്ടിയാണോ പെണ്ണേ നീ സന്തോഷിച്ചിരുന്നത്. കണ്ണുകൾ തുറക്കുമ്പോൾ തനിക്കെതിരായി നിൽക്കുന്ന ആമി അവന് മുൻപിൽ തെളിഞ്ഞു. താൻ വീണ്ടും അച്ഛനാകുകയാണ്. തന്റെ ജീവൻ തുടിക്കുകയാണ് അവളിൽ. എന്നാൽ അതിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ പോലുമാകുന്നില്ല. ആമി അവൾ വേദനിക്കുന്നത് കാണാൻ വയ്യ. ആമി തനിക്കരികിലേക്ക് വരുന്നതവനറിഞ്ഞു. അവളുടെ സാമീപ്യം അവനിൽ വല്ലാത്ത നോവുണർത്തി. കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി ഒന്ന് തലയുയർത്തി അവളെ അഭിമുഖീകരിക്കുവാനാകാതെ അവൻ ഉഴറി. അല്ലി നിങ്ങളുടെ ആരാ നിവേദേട്ടാ. അവൾ ബോധമറ്റ് വീണപ്പോൾ നിങ്ങളുടെ വായിൽനിന്നുതിർന്ന ഓരോ വാക്കുകളിലുമുണ്ടായിരുന്നു നിങ്ങൾക്ക് അവളോടുള്ള സ്നേഹം.

നിങ്ങളുടെ പിടപ്പും വിറയലുമെല്ലാം ഞാൻ കണ്ടറിയുകയായിരുന്നു. ഒന്നേയെനിക്ക് അറിയേണ്ടതായുള്ളൂ എന്റെ അനിയത്തി എന്നതിൽ കവിഞ്ഞ് അവളും നിവേദേട്ടനുമായുള്ള ബന്ധമെന്തെന്ന്. പറയ് നിവേദേട്ടാ… ആമിക്കറിയണം.. ഒരിക്കൽ എനിക്ക് വേണ്ടി പ്രണയം നിറഞ്ഞ ഈ മിഴികളിൽ ഞാനിന്ന് കാണുന്നത് അടക്കാനാകാത്ത വേദനയും കുറ്റബോധവുമാണ്. നിങ്ങളുടെ കണ്ണിൽ അല്ലിയോട് തെളിഞ്ഞ വികാരമെന്തായിരുന്നെന്ന് പറഞ്ഞു താ നിവേദേട്ടാ… അവളവനെ പിടിച്ചു കുലുക്കി. അത് ഹോസ്പിറ്റൽ ആണെന്നോ ചുറ്റുമുള്ളവർ ശ്രദ്ധിക്കുമെന്നോ അവളോർത്തില്ല. അവന്റെ ഉത്തരം അത് മാത്രമായിരുന്നു അവൾക്ക് വേണ്ടിയിരുന്നത്. അല്ലി.. അവളെന്റെ ഭാര്യയാണ് ആമീ.

നമ്മുടെ മോന്റെ അമ്മയായി എന്നിലേക്ക് കടന്നുവന്നവൾ. അവളുടെ താലിയുടെയും നെറുകയിലെ സിന്ദൂരത്തിന്റെയും അവകാശി ഈ നിവേദാണ്. അവളുടെ വയറ്റിൽ നാമ്പിട്ട ജീവന്റെ തുടിപ്പ് ഈ നിവേദിന്റെയാണ്. പാലാഴിയിൽ നിവേദ് മുകുന്ദിന്റെ ഭാര്യയാണ് അല്ലി. പ്രകമ്പനം പോലെ ആ വാക്കുകൾ ആമിയിലേക്കിറങ്ങിച്ചെന്നു. ഒരു പെണ്ണിനും സഹിക്കില്ല.. സഹിക്കാനാകില്ല തന്റെ പുരുഷൻ മറ്റൊരുവൾക്ക് സ്വന്തമാണെന്നത്. സ്വപ്നമാണെങ്കിലെന്ന് ഒരുവേള അവളാഗ്രഹിച്ചു. ഹൃദത്തിലാകമാനം വല്ലാത്ത വേദന പടരുന്നതുപോലെ. കണ്ണുകളിൽ ഇരുട്ട് പടർന്നു.. ഞെട്ടറ്റ പൂവുപോലെ ആമി നിലത്തേക്ക് പതിക്കും മുൻപേ രണ്ടു കരങ്ങൾ അവളെ താങ്ങി നെഞ്ചോട് ചേർത്തിരുന്നു…..(തുടരും )

അല്ലിയാമ്പൽ: ഭാഗം 16

Share this story