പെയ്‌തൊഴിയാതെ: ഭാഗം 29

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

എന്റെ ജീവിതം നീയായിട്ട് നശിപ്പിക്കരുത് വേദാ.. പ്ലീസ്.. അതും പറഞ്ഞു കരഞ്ഞുകൊണ്ട് വീണയും ഇറങ്ങിപ്പോയി.. നിസ്സഹായയായി വേദ എല്ലാവരെയും നോക്കി.. ശേഷം അവൾ പോയി കട്ടിലിലേക്ക് വെറുതെ കിടന്നു.. തലയിണയിലേക്ക് മുഖം അമർത്തി വെച്ചവൾ കരയുമ്പോൾ ഒന്നു ചേർത്തുപിടിക്കുവാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്നവൾ വെറുതെ ആഗ്രഹിക്കുകയായിരുന്നു.. നോവുന്നു.. ഹൃദയം പിഞ്ചി കീറുന്നു.. മരവിച്ചത് പോലെ വേദ കട്ടിലിൽ ഇരുന്നു.. ഏറെ നേരം കഴിഞ്ഞാണ് ഭാനു മുറിയിലേയ്ക്ക് വന്നത്.. കട്ടിലിൽ മുട്ടിനു മുകളിലേക്ക് മുഖം വെച്ചു ഇരിക്കുന്ന വേദയെ അവർ കണ്ടു . ആ അമ്മ മനസ്സ് വല്ലാതെ നീറി.. ജീവനുണ്ട് എന്നു തോന്നിപ്പിക്കുവാൻ മാത്രം അവളുടെ കണ്ണുകൾ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു.. പെയ്ത് തോരാൻ മടിക്കുന്ന മഴപോലെ… മോളെ..

ഭാനു വേദയെ വിളിച്ചു.. അവൾ അവരെ നോക്കിയത് പോലുമില്ല.. നിന്റെ ഭാവിയ്ക്കല്ലേ മോളെ എല്ലാരും പറയുന്നത്.. ഇനിയും നീയീ അപ്പയെയും അമ്മയെയും ഇങ്ങനെ ശിക്ഷിക്കല്ലേ മോളെ. ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ ഒറ്റയ്ക്കാകും മോളെ . ഇങ്ങനെ ചിന്തിക്കുന്ന ഗോവിന്ദ് നിന്നെ നോക്കുമോ.. വേദ അവരെ ഒന്നു നോക്കിയത് പോലുമില്ല.. വെറുമൊരു ശവം പോലെ അവളിരുന്നു.. ഭാനു പിന്നെയും എന്തൊക്കെയോ പറഞ്ഞു. വേദ ഒന്നും കേട്ടില്ല . ആരെയും കണ്ടില്ല.. അവൾ കണ്ണുകൾ കൂടി ഇറുകി അടച്ചു.. പിന്നെയും ഉപദേശങ്ങൾ പലതും വന്നു.. വേദ അറിഞ്ഞില്ല.. കേട്ടില്ല. അവൾ വല്ലാത്ത തിരക്കിലായിരുന്നു.. മരണ സമയം എഴുതി കിട്ടിയവളെ പോലെ.. അവൾ വ്യഗ്രതയോടെ തന്റെ ഓരോ ആഗ്രഹങ്ങളെയും പൊടിതട്ടി തുടച്ചു വെച്ചു.. മെല്ലെ അത് ഒരു വർണ്ണ പെട്ടിയിലാക്കി അടച്ചു സൂക്ഷിക്കുന്ന തിരക്കിലായിരുന്നു അവൾ.. ഇനി വേദയ്ക്ക് ആഗ്രഹങ്ങളില്ല…പ്രതീക്ഷകൾ ഇല്ല.. സ്വപ്നങ്ങൾ ഇല്ല.. അവളത് സ്വയം പറഞ്ഞു പഠിച്ചു. വേദ മരിച്ചു… വീണ്ടും അവളത് പറഞ്ഞു പഠിച്ചു.. *********

ഡി.. വേദ മെല്ലെ തിരിഞ്ഞു നോക്കി.. വീണ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയാണ്.. അവൾ സംശയത്തോടെ വീണയെ നോക്കി.. നിന്റെ ആ നശിച്ച കൂട്ടുകാരികൾ വന്നിട്ടുണ്ട്. മുൻപ് മൂന്നാലു വട്ടം വന്നപ്പോഴൊക്കെ അപ്പ പറഞ്ഞു വിട്ടതാ അവരെ. ഇന്നിപ്പോ പിന്നേം വന്നേയ്ക്കുവാ.. അവളുമാർക്ക് ഇനി കേസ് കൊടുക്കണമെന്ന്… വേദ അവളെ ഭാവഭേദമെന്യേ നോക്കി.. നിന്നെ ഞങ്ങൾ വീട്ട് തടങ്കലിൽ ആക്കിയെക്കുവാണെന്നു പറഞ്ഞു കേസ് കൊടുക്കുമെന്ന്. ദേ അവളുമാർ ഇങ്ങോട്ട് വരും. അവരുടെ വാക്കും കേട്ട് കേസും കൊടുത്തു കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയാൽ.. നിന്റെ മുൻപിൽ വെച്ചു പച്ചയ്ക്ക് തീ കൊളുത്തി മരിക്കുമെന്നാ അപ്പ പറഞ്ഞേക്കുന്നത്.. ഇനിയും നീ പ്രശ്നം ഉണ്ടാക്കരുത് . നീയോ പിഴച്ചു. ഇനിയത് നാട്ടുകരെക്കൂടി അറിയിച്ചു ഞങ്ങളെ അപഹസ്യരാക്കരുത്..

വീണ പറഞ്ഞു അവസാനിപ്പിച്ചപ്പോഴും വേദ ഭാവഭേദമെന്യേ അവളെ നോക്കി നിൽക്കുകയായിരുന്നു.. ഇതാ മുറി.. ഭാനു നീരസത്തോടെ ചൂണ്ടി കാണിച്ചു.. സ്വാതിയും അനുവും ആനും അകത്തേയ്ക്ക് വന്നു. വേദ അവരെ നോക്കി. അവളുടെ ചുണ്ടിൽ അവർക്കായി ഒരു പുഞ്ചിരി പോലും വിരിഞ്ഞില്ല. വേദാ.. ആൻ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു. വേദ വികാരമേതുമില്ലാതെ ഒരു ശവം കണക്കെ നിന്നു.. എന്ത് കോലമാ മോളെ ഇത്.. സ്വാതിയുടെ ശബ്ദം കേട്ടതും വേദ അവളെയും നോക്കി.. മറ്റേതോ ലോകത്തു നിന്നെന്നോണം.. അനുവും അവളെ കാണുകയായിരുന്നു. വല്ലാത്ത ഒരവസ്ഥ..

എത്ര പ്രശ്നങ്ങൾ നടന്നാലും അതിനൊക്കെ മുൻപിൽ ഒരു പുഞ്ചിരിയോടെ നിശ്ചയദാർഢ്യത്തോടെ നിന്നിരുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന പഴയ വേദയുടെ നിഴൽ രൂപം പോലുമല്ല തങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്നു അവർക്ക് തോന്നി.. അഴിഞ്ഞുലഞ്ഞ നീണ്ട മുടിയിഴകൾ പാറി പറന്നു ജട പിടിച്ചിരിക്കുന്നു.. തലയിലെ മുറിവ് ഇപ്പോഴും ഡ്രെസ്സ് ചെയ്ത് വെച്ചിരിക്കുകയാണ്.. കണ്ണുകൾ ക്ഷീണം കൊണ്ട് ഉള്ളിലേക്ക് കുഴിഞ്ഞു പോയത് പോലെ.. കണ്ണിനു ചുറ്റും കറുപ്പ് ബാധിച്ചിരിക്കുന്നു.. കണ്ണുകളിൽ നിര്ജ്‌ജീവത.. ശരീരം ക്ഷീണിച്ചു പകുതി ആയത് പോലെ.. കഴുത്തിനിരുവശത്തുമായി അതിന്റെ ഫലമെന്നോണം ഉണ്ടായ കുഴികൾ.. എല്ലു തെളിഞ്ഞു കാണാം.. അലസമായി ഉടുത്തിരിക്കുന്ന ദാവണി.. ഒരുപാട് പഴയതാണെന്നു കണ്ടാൽ അറിയാം..

എപ്പോഴും പുഞ്ചിരിച്ചിരുന്ന ചുണ്ടുകൾ കറുത്തു കരുവാളിച്ചിരിക്കുന്നു . ചുണ്ടിനു ഒരു വശത്തായി പൊട്ടിയ ഭാഗം കരിഞ്ഞു വരുന്നുണ്ട്.. ഒരു ഭ്രാന്തിയെ പോലെ.. ഓരോരുത്തരെയും മാറി മാറി നോക്കി നിൽക്കുന്ന അവളെ കാണേ മൂവരുടെയും നെഞ്ചു പൊടിഞ്ഞു.. സ്വാതി നിശ്ശബ്ദം ഒന്നു തേങ്ങി.. പഴയ ഏതോ ഓർമയിൽ അവളുടെ ഹൃദയം പിടഞ്ഞു.. പക അവളുടെ കണ്ണുകളിൽ ആളി കത്തി.. വേദാ.. എന്താ മോളെ നീ ഇങ്ങനെ.. കുളിച്ചില്ലേ നീ. അനു ചോദിച്ചു.. മറുപടി പറയാതെ വേദ സ്വാതിയെ വെറുതെ നോക്കി നിൽക്കുകയായിരുന്നു.. സ്വാതി അവൾക്കരികിൽ ചെന്നു നിന്നു.. മെല്ലെ അവളെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.. ഞങ്ങൾക്ക് വേദയോടായി അൽപ്പം സംസാരിക്കാനുണ്ട്.. വീണയെ നോക്കി സ്വാതി പറഞ്ഞു.. സംസാരിച്ചോ.. അതിനു ഞാനെന്ത് വേണം..

ഇറങ്ങി പോണം. സ്വാതി ഉറപ്പോടെ പറഞ്ഞു.. ഡി . എടി പൊടി വിളി ഒന്നും ഇവിടെ വേണ്ട. എന്നെ നിങ്ങൾക്ക് ശെരിക്ക് അറിയില്ല.. എന്റെ ഒരു കോളിൽ പോലീസ് വന്നു വാതിൽക്കൽ നിൽക്കും.. പറഞ്ഞില്ല എന്നു വേണ്ട.. സ്വാതി കത്തുന്ന കണ്ണുകളോടെ പറഞ്ഞു.. വീണ കലിയോടെ അവരെ നോക്കി.. ആൻ അപ്പോഴേയ്ക്കും വേദയുടെ അരികിൽ ചെന്നിരുന്നു അവളെ തന്നിലേക്ക് ചേർത്തുപിടിച്ചിരുന്നു.. വീണ വേദയെ ഭീഷണിപ്പെടുത്തും പോലെ ഒന്നു നോക്കി പുറത്തേയ്ക്ക് പാഞ്ഞു.. പിന്നാലെ അനു ചെന്നു വേദയുടെ മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു.. സ്വാതി വേദയ്ക്കരികിൽ ഇരുന്നു.. കുറച്ചു നേരം വല്ലാത്ത നിശബ്ദത അവിടെ നിറഞ്ഞു.. അന്ന് വർക്ക് ഒരു വിധം തീർത്തു വന്നപ്പോഴേയ്ക്കും 12 മണി കഴിഞ്ഞിരുന്നു.. ഞാനും മറ്റ് 3 പേരും കൂടി ഒരു ഗ്ലാസ് ചായ കുടിക്കാൻ തീരുമാനിച്ചു.. ദീപൻ കെറ്റിലിൽ വെള്ളം വെച്ചു കഴിഞ്ഞാണ് ഞാൻ നിന്നെ വിളിക്കാൻ ഫോൺ നോക്കിയത്..

അപ്പോഴാണ് ഫോൺ മിസ് ആണെന്ന് മനസ്സിലായത്.. ഫോൺ അവിടെ എവിടെയെങ്കിലും കാണും എന്നു കരുതി ആദ്യം വിളിച്ചു നോക്കി.. സ്വിച്ച് ഓഫ് ആയിരുന്നു.. അപ്പോൾ ഫോൺ നോക്കാൻ കൂടെ ഉണ്ടായിരുന്നവരെ ഏൽപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി.. പുറത്തു അടുത്തെവിടെ എങ്കിലും നീ കാണുമെന്നു കരുതിയാണ് ഞാൻ ഇറങ്ങി നടന്നത്.. അപ്പോഴും ക്യാമ്പസ് ഫ്രണ്ട് ഗ്രൗണ്ടിൽ നിറയെ ആളുകൾ ആയിരുന്നു.. സ്വാതി പറഞ്ഞു തുടങ്ങി.. വേദ മൗനമായി ആനിന്റെ തോളിൽ കിടന്നു.. മുൻവശത്തു എവിടെയും നിന്നെ കണ്ടില്ല.. ഇനി സ്റ്റേജിന്റെ സൈഡിൽ എവിടെയെങ്കിലും ഉണ്ടെങ്കിലോ എന്നു കരുതി അവിടെയും നോക്കി.. എങ്ങും കാണാതെ വന്നപ്പോഴേയ്ക്കും ടെൻഷൻ ആയി.. അപ്പോഴേയ്ക്കും ഹോസ്റ്റലിൽ നിന്നും അനുവും വന്നിരുന്നു..

ഞങ്ങൾ രണ്ടാളും ചേർന്ന് അവിടെയൊക്കെ തിരഞ്ഞു.. പിന്നെയാണ് ബാക്കിലേയ്ക്ക് വന്നത്.. കെമിസ്ട്രി വിഭാഗത്തിൽ ചെന്നപ്പോൾ അവിടെ ലൈറ്റ് ഒക്കെ തീരെ കുറവാണ്.. ഒന്നു തിരഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അവിടെ മൂലയ്ക്കായി കുറച്ചു കാലി മദ്യക്കുപ്പികളും മറ്റും കണ്ടത്.. ഒന്നുകൂടി അടച്ചിട്ട ക്ലാസ്സിലും ലാബിലും ഒക്കെ നോക്കി.. സിക്ക് റൂമിൽ ഒഴികെ.. തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് സിക്ക് റൂമിൽ ഒരു ഞരക്കം കേട്ടത്.. തുറന്നു നോക്കുമ്പോ.. സ്വാതി വേദയെ നോക്കി.. ആനിന്റെ തോളിലേയ്ക്ക് നിർജ്ജീവമായി ചാഞ്ഞു കിടക്കുമ്പോഴും വേദയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്.. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല.. ചുണ്ടൊക്കെ പൊട്ടി ഇരിക്കുന്നത് കണ്ടപ്പോ ഒരു സംശയം തോന്നി. അങ്ങനെ ഒന്നും ആകരുതെ കുറെ വിളിച്ചു.. പിന്നെ പിടിച്ചു എഴുന്നേല്പിക്കാൻ നോക്കിയപ്പോഴാണ് തലയിണയിൽനിറയെ ചോര കണ്ടത്..

ഞങ്ങൾ പിന്നെ ബാക്കി കൂടെ ഉള്ളവരെയും വിളിച്ചാ നിന്നെ കാറിൽ കയറ്റിയത്. കാര്യം അറിയാഞ്ഞത് കൊണ്ട് തൽക്കാലം പ്രിൻസിയെ മാത്രേ വിളിച്ചു പറഞ്ഞുള്ളു.. അവിടെ ചെന്ന് ഡോക്ടറെ കണ്ട് കഴിഞ്ഞാണ് എന്താ സംഭവിച്ചത് എന്നു മനസ്സിലായത്.. അപ്പോഴേയ്ക്കും തന്റെ വീട്ടുകാർ വന്ന് ആകെ പ്രശ്നം ഉണ്ടാക്കി.. ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നിറക്കി വിട്ടു.. അപ്പൊ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നു കരുതിയാണ് ഞങ്ങൾ പോയത്. പിറ്റേന്നും ഞങ്ങൾ വന്നപ്പോൾ അതായിരുന്നു അവസ്ഥ. നിനക്ക് എങ്ങനെ ഉണ്ടെന്നു പോലും അറിയാൻ കഴിഞ്ഞില്ല.. ഞങ്ങൾ കൊടുത്ത കംപ്ലൈന്റ് അവർ പ്രിൻസിയെ സ്വാധീനിച്ചു പിൻവലിച്ചു.. പോലീസിൽ കംപ്ലൈന്റ് ചെയ്യും എന്ന് പറഞ്ഞപ്പോൾ തന്റെ അപ്പ ഞങ്ങളോട് ചൂടായി.. സ്വാതി പറഞ്ഞു.. അത് കഴിഞ്ഞും ഞാനും സ്വാതിയും ആനും കൂടെ വന്നതാ..

തന്നെ ഡിസ്ചാർജ് ആക്കുന്നതിന്റെ അന്ന്.. പക്ഷെ അന്ന് ഞങ്ങളോട് തന്റെ വീട്ടുകാരെല്ലാം ചേർന്ന് ഒത്തിരി പ്രശ്നം ഉണ്ടാക്കി.. തനിക്ക് ഞങ്ങളെ കാണാൻ താല്പര്യം ഇല്ല എന്നും പറഞ്ഞു.. അനു പറഞ്ഞു. വേദ ഒന്നും മിണ്ടിയില്ല.. ആദ്യം ഞങ്ങൾക്ക് വിവേകിനെയും ഗൗതത്തെയും ആയിരുന്നു സംശയം.. പക്ഷെ അന്ന് ഞങ്ങൾ നിന്നെയും കൊണ്ട് ആശുപത്രിയിൽ എത്തി കഴിഞ്ഞു ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും വിവേകുമായി അവർ അവിടെ എത്തിയിരുന്നു.. ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും അവർ അവരുടെ ആംബുലൻസിൽ ആയിരുന്നു അവരെ കൊണ്ടുവന്നത്.. അതും അവിടെ ട്രീറ്റ്മെന്റ് കഴിഞ്ഞു. കുറെ അന്വേഷിച്ചു.. അന്ന് ആരാണ് അവിടെ ഉണ്ടായിരുന്നത് എന്നു ആർക്കും അറിയില്ല. സ്വാതി കൂട്ടിച്ചേർത്തു.. വേദാ. നമുക്ക് പോലീസിൽ കംപ്ലൈന്റ് കൊടുക്കാം..

നിന്റെ വീട്ടുകാർ സമ്മതിക്കില്ല എന്നറിയാം.. പക്ഷെ.. അത് അതാര് ചെയ്താലും അവർ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടേ.. നീ ഒന്നു കൂടെ നിന്നാൽ മതി.. നിനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കോളാം.. സ്വാതി പറഞ്ഞു.. വേദ അപ്പോഴും നിശബ്ദ ആയിരുന്നു.. വേദാ.. ആൻ വേദനയോടെ വിളിച്ചു.. എനിക്ക് പരാതികൾ ഇല്ല സ്വാതി.. പരാതിയോ പരിഭവമോ ഒന്നും.. ഒന്നുമില്ല.. മെല്ലെ ആനിന്റെ തോളിൽ നിന്നെഴുന്നേറ്റ് ജനാലയ്ക്ക് അരികിൽ പോയി ചാരി നിന്നവൾ പറഞ്ഞു.. വേദാ.. വേണ്ട… വഴി പിഴച്ചുപോയവൾ ആണ് ഞാൻ.. കുടുംബത്തിന്റെ മുഴുവൻ അന്തസ്സും അഭിമാനവും നശിപ്പിച്ചവൾ.. എനിക്കിനി ശബ്ദം ഇല്ല.. മരിച്ചുപോയി വേദ.. അവളുടെ വാക്കുകൾക്ക് കാരിരുമ്പിന്റെ ഉറപ്പ് ഉണ്ടായിരുന്നു.. ഞാൻ നിന്നെ തെറ്റിദ്ധരിച്ചിട്ടില്ല സ്വാതി..

അന്നാ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നിട്ടാണ് ഞാൻ ആ ഭാഗത്തേക്ക് പോയത്. നിന്റെ ഫോൺ നിലത്തു കിടക്കുന്നത് കണ്ടപ്പോഴേ ചതി ഞാൻ മണത്തതാണ്.. നിനക്ക് അപകടം പറ്റി എന്നായിരുന്നു എന്റെ ചിന്ത . പക്ഷെ അവരുടെ കരു ഞാനാണെന്നു തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഒരുപാട് വൈകി പോയിരുന്നു. ഒന്നെതിർക്കാൻ പോലും കഴിയാത്ത വിധം മയക്കുമരുന്ന് ശരീരത്തിൽ കുത്തിവച്ചു അവർ എന്നെ ഉപയോഗിച്ചപ്പോൾ മരിച്ചു പോയതാണ് പഴയ വേദ.. ഇവിടെ വന്ന് ഇന്നീ നിമിഷം വരെ കുറ്റപ്പെടുത്തലുകൾ അല്ലാതെ പരിഭവവും പരാതിയും അല്ലാതെ ഒന്നും ഞാൻ കേട്ടിട്ടില്ല.. കേസ് കൊടുക്കേണ്ട എന്നത് ഈ കുടുംബത്തിന്റെ തീരുമാനം ആണ്.. മരിച്ചു പോയവൾക്ക് അതിനെ എതിർക്കാൻ കഴിയില്ലല്ലോ സ്വാതി.. ഞാൻ മരിച്ചവളാണ് . ജീവിച്ചിരിക്കെ കുറച്ചു നിഴലുകൾ ചേർന്ന് കൊന്നു കളഞ്ഞവൾ..

എനിക്ക് എല്ലാം നഷ്ടമായി.. ചുറ്റുമുള്ളവരുടെ കണ്ണിൽ ഞാൻ വെറുക്കപ്പെട്ടവളാണ്.. തെറ്റ് ചെയ്തില്ലെങ്കിലും അവർക്കെന്നെ ഇപ്പോൾ അറപ്പാണ്.. മറ്റാരുടെയൊക്കെയോ കൈകളാൽ പിച്ചിച്ചീന്തപ്പെടുമ്പോൾ പെണ്ണ് പിഴച്ചുപോകും.. ഞാനും പിഴച്ചുപോയി.. ഒരു കാര്യത്തിൽ മാത്രമേ എനിക്ക് നിന്നോട് പരിഭവം ഉള്ളു.. നശിച്ചുപോയി എന്നറിഞ്ഞപ്പോൾ നിനക്ക് എന്നെ രക്ഷിക്കാതെ മടങ്ങാമായിരുന്നു.. ഒരുപക്ഷേ ജീവിതത്തിൽ നീയെന്നോട് ചെയ്ത ഏറ്റവും വലിയ ചതി തന്നെ നീയന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു എന്നതാണ്.. വേണ്ടിയിരുന്നില്ല.. ഇനി കേസ് വേണ്ട..എനിക്ക് പരാതി ഇല്ല.. എനിക്ക് കിട്ടേണ്ട ശിക്ഷയാണ് കിട്ടിയത്. ഇതിലും ക്രൂരമായി ഒരുവളെ ശിക്ഷിക്കാൻ ആർക്കാണ് കഴിയുക.. തന്നെ ക്രൂരമായി ഭോഗിച്ചവർ ആരാണെന്നു പോലും അറിയാത്ത അവസ്ഥ. എത്ര പേർ ചേർന്നാണ് തന്നെ ക്രൂശിച്ചത് എന്നുപോലും അറിയാത്ത അവസ്ഥ..

അതെത്ര ക്രൂരമാണ്.. ഇനി എന്തിന് പരാതിപ്പെടണം.. അവരെ തിരിച്ചറിയാനോ.. എണ്ണം എടുക്കാനോ… അത് കൊണ്ട് എന്റെ കുടുംബത്തിന് എന്ത് ലാഭം.. സ്വന്തം കുടുംബത്തിന്റെ മാനം നഷ്ടപ്പെടുത്തിയവൾ എന്ന പേര് ഇപ്പോഴേ എനിക്കുണ്ട്.. ഇനിയും കൂടുതൽ പേരുകൾ വേദയ്ക്ക് വേണ്ട. അതാരാണെങ്കിലും അവർ ജയിക്കട്ടെ.. എനിക്ക്.. എനിക്കറിയേണ്ട.. വേദാ.. സ്വാതി ഇടറിയ ശബ്ദത്തിൽ വിളിച്ചു.. ഇനി എന്നെ കാണാൻ നിങ്ങൾ വരരുത്.. ആരും. വേദ മരിച്ചു.. നിങ്ങളുടെ വേദയുടെ അടക്കം കഴിഞ്ഞു.. അവൾ വെറും പുകച്ചുരുളുകൾ മാത്രമാണ് ഇന്ന്.. ഈ വേദയ്ക്ക് ജീവൻ ഇല്ല. വെറും ശ്വാസമാണ്.. ഈ ശരീരത്തെ ആർക്കും എന്തും ചെയ്യാം.. എന്തും.. നിങ്ങൾ പൊയ്ക്കോളൂ.. ഇനി എനിക്ക് ആരെയും കാണേണ്ട.. പ്ലീസ്.. വേദ അവർക്ക് നേരെ കൈകൂപ്പി..

ആനും അനുവും സ്വാതിയും പോകാനായി ഇറങ്ങി.. വാതിൽ തുറന്നു ഒരിക്കൽ കൂടി സ്വാതി വേദയെ നോക്കി.. അത് ആരായാലും ഞാൻ കണ്ടെത്തും വേദാ..ഇനി നിന്നെ കാണാൻ കഴിയുമോ എന്നെനിക്ക് അറിയില്ല.. പക്ഷെ ഇനി നമ്മൾ കാണുമ്പോൾ അതെന്നായാലും അവരുടെ പേര് എന്റെ കയ്യിൽ ഉണ്ടാകും.. അവർക്കുള്ളത് കൊടുക്കാൻ ഞാൻ ദൈവത്തെ ആശ്രയിക്കുന്നില്ല.. നിനക്കുള്ള നീതി ഞാൻ നടപ്പിലാക്കും വേദാ.. ഇതെന്റെ വാക്കാണ്.. അത്രയും പറഞ്ഞവൾ ഇറങ്ങിപോകുമ്പോൾ വേദനകൾ തിങ്ങിയ ഒരു ഏങ്ങലോടെ വേദ ഊർന്ന് നിലത്തേയ്ക്ക് ഇരുന്നു പോയിരുന്നു.. ********** വേദയുടെ കണ്ണുകൾ വെറുതെ കലണ്ടറിലേയ്ക്ക് നീങ്ങി. 4ആം തീയതി ആണ്. നാളെ കല്യാണം . അവൾ ജനലയ്ക്കലേയ്ക്ക് നീങ്ങി .

കൂരിരുട്ട് മാറി ഭൂമിയിലേക്ക് വെളിച്ചം വീണു തുടങ്ങുന്നതെയുള്ളൂ.. ഇനി ഒരൊറ്റ ദിവസത്തെ പുലരി മാത്രം തനിക്ക് ബാക്കിയുണ്ട്..താനായി കൽപ്പിച്ചെടുത്ത ഈ കരാഗ്രഹ വാസത്തിൽ നിന്നും പറിച്ചെറിയപ്പെടാൻ.. നാളെ താൻ മറ്റൊരാളുടെ ഭാര്യ ആകും.. ആരൊക്കെയോ ചേർന്ന് പിച്ചിച്ചീന്തിയ ഈ ശരീരത്തിന് നാളെ മറ്റൊരു അവകാശി വരും.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. ഒരിറ്റ് കണ്ണുനീർ മെല്ലെ അവളുടെ കവിൾ തടങ്ങളെ ചുംബിച്ചു ഒഴുകി ഇറങ്ങി.. വേദാ.. അമ്മയാണ്.. അവൾ അവരെ ചോദ്യ ഭാവത്തിൽ നോക്കി.. അവർ ഒരു പട്ടു സാരിയും കുറച്ചു ആഭരങ്ങളും മറ്റും കട്ടിലിലേക്ക് വെച്ചു.. തൊട്ട് പുറകെ കയറിവന്ന വീണ കുറച്ചു മുല്ല പൂക്കളും ഒരുങ്ങുവാനുള്ള എന്തൊക്കെയോ സാധനങ്ങളും വെച്ചു.. അവൾ ചോദ്യ ഭാവത്തിൽ അവരെ നോക്കി.. നീ വേഗം കുളിച്ചൊരുങ്ങു.. നാളെയല്ലേ കല്യാണം.. നേർത്ത ശബ്ദത്തിൽ വേദ ചോദിച്ചു. അല്ല.. ഇന്നാണ്.. വീണ പറഞ്ഞതും ഞെട്ടലോടെ വേദ അവരെ നോക്കി..

കൂട്ടുകാരികളോട് പറഞ്ഞു ഇന്ന് തന്നെ ഇവിടുന്ന് രക്ഷപെടാൻ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ.. അത് മുൻകൂട്ടി അപ്പയും ഗോവിന്ദേട്ടനും ഒക്കെ മനസ്സിൽ കണ്ടിരുന്നു.. അതുകൊണ്ടാ ഒരു ദിവസം നീട്ടി അപ്പ പറഞ്ഞത്.. വേദ ഞെട്ടലോടെ അവളെ നോക്കി.. വേദയ്ക്ക് വല്ലാത്ത പുച്ഛം തോന്നി. മറ്റാരോടും അല്ല തന്നോട് തന്നെ. ആർക്കും തന്നെ വിശ്വാസമില്ല.. അവരാരും തനിക്ക് ആരുമല്ല എന്നവൾക്ക് തോന്നി.. നോക്കി നിൽക്കാതെ ഒരുങ്ങു വേദാ . കുറച്ചു ദൂരെയാണ് കല്യാണം.. അവിടേയ്ക്ക് കുറെ അധികം സമയത്തെ യാത്രയുണ്ട്. തൽക്കാലം നീ വേഗം ഒരുങ്ങു.. 7 മണിക്ക് ഇവിടുന്ന് ഇറങ്ങണം.. നമ്മുടെ തൊട്ടടുത്ത 10ഓ 12ഓ ബന്ധുക്കളെയെ ക്ഷണിച്ചിട്ടുള്ളൂ.. അവരൊക്കെ ഇപ്പൊ വരും.. ആർക്കും അറിയില്ല ഒന്നും.. വെറുതെ ഷോ കാണിച്ചു അറിയിക്കരുത്..

വീണ പറഞ്ഞു.. വേദ കട്ടിലിൽ ഇരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ നോക്കി.. അവൾ വികാരഭേദമെന്യേ അവരെ നോക്കി.. പോയി കുളിക്ക് കുട്ടി.. ഭാനു പറഞ്ഞു.. വേദ അലമാരയിൽ നിന്നും മറ്റുവാനുള്ള വസ്ത്രങ്ങൾ എടുത്തു കുളിമുറിയിൽ കയറി.. നീ ബാഗൊക്കെ തയാറാക്കിയില്ലേ.. വീണയോടായി ഭാനു ചോദിച്ചു.. എല്ലാം റെഡി ആണ്.. ആഭരങ്ങൾ ബാക്കി കൂടി ഞാൻ എടുക്കട്ടേ.. 501 പവൻ ഉണ്ട്… എല്ലാം കൃത്യമാണോ എന്തോ.. അല്ല അവർക്കിപ്പോ ഇവൾ കൊണ്ടുചെല്ലുന്ന സ്വർണ്ണത്തിന്റെ കണക്കൊന്നും വേണ്ടായിരിക്കും.. നമ്മൾ 501 അല്ല അവളെ തൂക്കി അവളോളം സ്വർണ്ണം കൊടുത്താലും അവർ നമ്മളോട് കാണിക്കുന്ന ദയയ്ക്ക് മതിയാകില്ല.. അവർ അവളെ സ്വീകരിക്കുന്നില്ലേ. അത് തന്നെയാ വലിയ കാര്യം.. വീണ പറഞ്ഞു.. മ്മ്.. ഇനി അവളെ ഒന്നും പറയേണ്ട..

ഇന്ന് കല്യാണം അല്ലെ.. മനസ്സ് വിഷമിപ്പിക്കേണ്ട.. ഭാനു പറഞ്ഞു.. സംഭവിക്കാനുള്ളതൊക്കെ കഴിഞ്ഞു.. അമ്മയ്ക്ക് അറിയാല്ലോ ഗൗതം ചേട്ടന്റെ അച്ഛനും ആന്റിക്കും ഒന്നും ഈ കല്യാണത്തോട് വല്യ താല്പര്യം ഒന്നുമില്ല.. അങ്ങേരുടെ ഒറ്റ വാശിയിലാ ഈ കല്യാണം. അവിടെ ചെന്ന് അവളുടെ പഴയ ഭാവം എടുക്കരുത് എന്നു പ്രത്യേകം പറയണം.. പോയാലും വന്നാലും നഷ്ടം അവൾക്ക് തന്നെയാണ്.. അമ്മയെ അത്രയും ഓർമിപ്പിച്ചു വീണ ഇറങ്ങിപ്പോയി.. വേദ കുളിച്ചു വന്ന ശേഷം ഭാനു നൽകിയ കല്യാണ സാരി ധരിച്ചു.. 18 മുഴം പട്ട് വളരെ ഭംഗിയായി ഭാനുവും വീണയും ചേർന്ന് ഉടുപ്പിച്ചെടുത്തു.. കാതിൽ വലിയ ജിമിക്കി അണിഞ്ഞു കഴുത്തിലും കയ്യിലും നിറയെ വളയും മാലയും അണിഞ്ഞു ഒഡ്യാണം അണിഞ്ഞു അവൾ ഒരുങ്ങി ഇറങ്ങി..

തലമുടി ജട കളഞ്ഞു ചീകി ഒതുക്കി പിന്നി എടുത്തു നിറയെ പൂക്കളും ചൂടിയവളെ കണ്ണാടിയുടെ മുൻപിൽ ഇരുത്തി.. അടുത്ത ഒരു ബന്ധു തന്നെയാണ് വേദയെ ഒരുക്കിയത്… കയ്യിൽ നിറയെ മൈലാഞ്ചി ഇട്ട് അത് അധികം ചുവപ്പിക്കാതെ തന്നെ കഴുകി കളഞ്ഞിരുന്നു.. മിതമായ രീതിയിൽ മേക്കപ്പ് ചെയ്ത് അവളെ പുറത്തേയ്ക്ക് കൊണ്ടുവന്നു.. ആരോ അവളുടെ കയ്യിൽ വെറ്റയും പാക്കും മറ്റും നൽകി.. അവൾ മറ്റുള്ളവർ പറഞ്ഞതിനനുസരിച്ചു അനങ്ങുന്ന പ്രതിമ കണക്ക് എല്ലാവർക്കും ദക്ഷിണ നൽകി.. ജനിച്ചു വളർന്ന വീട് വിട്ട് അപ്രതീക്ഷിതമായി അവൾ ഇറങ്ങുമ്പോൾ ഒന്നു പൊട്ടി കരയാൻ പോലും കഴിയാതെ അവളുടെ മനസ്സ് മരവിച്ചു പോയിരുന്നു.. കാറിൽ ഇരുന്നു താണ്ടുന്ന ദൂരമത്രയും തന്റെ ജീവിതത്തിൽ ഇന്നുവരെ സംഭവിച്ച ഓരോന്നും അവളുടെ ഉള്ളിൽ തെളിഞ്ഞു വന്നു..

മനോഹരമായി ഒരുക്കിയ കല്യാണ പന്തലിന് മുൻപിൽ ചെന്നിറങ്ങി വധുവിന് വസ്ത്രം മാറുവാനായി തയാറാക്കിയ മുറിയിലേയ്ക്ക് അവളെ കൊണ്ടിരുത്തി.. കഴിക്കാൻ തരട്ടെ വേദാ.. ഭാനു ചോദിച്ചു.. അവൾ വേണ്ട എന്നു തലയാട്ടി . ഇന്ന് വെള്ളം പോലും മോള് കുടിച്ചില്ലല്ലോ.. അവൾ മിണ്ടിയില്ല.. കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുകയായിരുന്നു അവൾ… ആരോ ഒരു ഗ്ലാസ് കാപ്പി കൊണ്ട് അവൾക്ക് മുൻപിൽ വെച്ചിട്ടും അവൾ അനങ്ങിയില്ല.. ആരൊക്കെയോ അടുത്ത ബന്ധുക്കൾ അവൾക്ക് ചുറ്റും വന്നു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു . ഫോട്ടോഗ്രാഫർമാർ പറഞ്ഞ രീതിയിലൊക്കെ അവരോടൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോഴും വേദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞില്ല..

ഗൗതത്തിന്റെ കുടുംബം മലയാളികൾ ആയിരുന്നതിനാൽ തന്നെ തിരുവനന്തപുരത്തു വെച്ചു അവരുടെ രീതിയിലുള്ള കല്യാണമാണ് നടക്കുന്നത് എന്നു അപ്പോൾ മാത്രമാണ് വേദയ്ക്ക് മനസ്സിലായത്.. പെണ്ണിനെ കൊണ്ടുവരൂ.. ആരോ പറയുന്നത് കേട്ട് ഭാനുവും വീണയും ചേർന്ന് വേദയെ പുറത്തിറക്കി.. അപ്പോഴേയ്ക്കും അപ്പയും ഗോവിന്ദും വന്നിരുന്നു. താലപ്പൊലിയ്ക്കൊപ്പം അവൾ സർവ്വഭാരണ വിഭൂഷിതയായി വേദിയിലേക്ക് വന്നു.. പന്തലിൽ ഇരിക്കുന്ന ഗൗതത്തെ അവളൊന്നു നോക്കി പോലുമില്ല.. അവനോടൊപ്പം ചെന്നിരുന്നു വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അവളെ പക്ഷെ പലവട്ടം അവൻ നോക്കുന്നുണ്ടായിരുന്നു..

ഹോമത്തിനും പ്രാര്ഥനയ്ക്കും ശേഷം സുഗന്ധമുള്ള അന്തരീക്ഷത്തിൽ എല്ലാ ചടങ്ങുകൾക്കും ശേഷം ഗൗതത്തിന്റെ താലി തന്റെ കഴുത്തിൽ മുറുകുമ്പോൾ പ്രാർത്ഥനകൾ ഏതുമില്ലെങ്കിലും അവൾ വെറുതെ കണ്ണടച്ചു കൈ കൂപ്പിയിരുന്നു.. അപ്പോഴേയ്ക്കും അവളുടെ കണ്ണിൽ നിന്നും അനുസരണ ഇല്ലാതെ ഒഴുകിയിറങ്ങിയ ഒരിറ്റ് ചൂട് കണ്ണുനീർ അവന്റെ കയ്യിലേക്ക് വീണ് അവന്റെ ഹൃദയത്തെ പൊള്ളിച്ചിരുന്നു.. അവന്റെ കയ്യാൽ തന്റെ സീമന്ത രേഖ ചുവന്നപ്പോൾ കണ്ണുനീർ കാരണം മറ്റൊന്നും കാണാതെ അവൾ നിസ്സഹായമായി ഇരിക്കുകയായിരുന്നു.. അഗ്നിസാക്ഷിയായി ഗൗതം കെട്ടിയ താലി അപ്പോഴും അവളുടെ ഇടനെഞ്ചോട് ചേർന്ന് മുൻപിൽ കത്തുന്ന അഗ്നിയുടെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…… തുടരും..

പെയ്‌തൊഴിയാതെ: ഭാഗം 28

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-