ശിവഭദ്ര: ഭാഗം 23

ശിവഭദ്ര: ഭാഗം 23

എഴുത്തുകാരി: ദേവസൂര്യ

അവന്റെ നിശ്വാസം മുഖത്തടിച്ചപ്പോൾ…അവളൊന്ന് പൊള്ളിപ്പിടഞ്ഞു…ധാവണിക്കിടയിലൂടെ നഗ്നമായ വയറിൽ അവന്റെ കൈകൾ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവൾ പിടപ്പോടെ അവനിൽ നിന്നകന്ന് മാറാൻ ശ്രമിച്ചു….പക്ഷെ അവന്റെ കൈകൾ മുറുകുന്നതും അവളെ നെഞ്ചോട് ചേർക്കുന്നതും അവളറിഞ്ഞു….ആദ്യമൊന്ന് എതിർത്തെങ്കിലും അവൾ പിന്നീട് അവനോട് ചേർന്നിരുന്നു….കവിളുകൾ വെള്ളത്തുള്ളികളാൽ കുതിർന്ന അവന്റെ വിരിഞ്ഞമാറിൽ ചേർത്ത് വെച്ചു…. കുസൃതിയോടെ…പ്രണയത്തോടെ….അവന്റെ ഇടനെഞ്ചിൽ പതിയെ ചുംബിച്ചു…. ഇരുവരുടെ ചുണ്ടിലും ചെറുപുഞ്ചിരി ഉണ്ടായിരുന്നു….. “”ശിവേട്ടാ…”” ആർദ്രമായി അവൾ വിളിക്കുന്നത് കേട്ടപ്പോൾ അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി അവളുടെ കണ്ണുകളിലേക്ക് നോക്കി…

“”എന്തോ പറയാൻ ഉണ്ടല്ലോ??…. ”” അവൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു…. “”ഞാനും പൊക്കോട്ടെ വൈഗേച്ചിടേം രുദ്രേട്ടന്റേം കൂടെ അമ്പലത്തിലേക്ക്….”” ചിണുങ്ങി ചോദിക്കുന്നവളെ സംശയത്തോടെ അവൻ നോക്കി… “”നീ പോണതിന് എന്തിനാ എന്റെ അനുവാദം….മ്മ്ഹ്ഹ്?? “” “”അമ്മ പറഞ്ഞല്ലോ…നിശ്ചയം കഴിഞ്ഞാൽ പിന്നെ കെട്ടുന്ന ചെക്കനോട് ചോദിച്ചിട്ട് വേണം എല്ലായിടത്തും പോകേണ്ടത് ന്ന്…”” അവളുടെ വാക്കുകൾക്ക് പതിഞ്ഞ ചിരി കേട്ടതും അവൾ സംശയത്തോടെ നോക്കി… “”ന്തിനാ കളിയാക്കുന്നെ…അമ്മ പറഞ്ഞതാ…”” “”ഓരോരോ വിശ്വാസങ്ങൾ..അതോർത്ത് ചിരിച്ചതാ…ഏതായാലും ചോദിച്ച സ്ഥിതിക്ക്..നീ ഇപ്പൊ പോവണ്ടാ…”” അവന്റെ വാക്കുകൾ കേട്ടതും അവളുടെ മുഖം മങ്ങി…അവൾ പതിയെ അവനിൽ നിന്നകന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും…അവളെ വീണ്ടും ചേർത്ത് പിടിച്ചു…

“”പിണങ്ങല്ലേ…നീയിപ്പോ ദാ എന്നോടിങ്ങനെ ചേർന്നിരിക്കുന്നത് എന്ത് കൊണ്ടാണ് ഭദ്രേ…?? “” അവന്റെ ചോദ്യത്തിന് അവൾ മനസ്സിലാവാത്ത പോലെ അവനെ ഉറ്റുനോക്കി… “”ഇവിടെ ആരും ഇല്ലാത്തത് കൊണ്ടല്ലേ..നമുക്കിടയിലെ സ്വകാര്യ നിമിഷമാണിത്…അതുപോലെ അവർക്കും വേണ്ടേടൊ…താൻ കൂടെ പോയാൽ എങ്ങെനെയാ…അവരെ എത്രയും വേഗം സെറ്റ് ആക്കണ്ടേ നമുക്ക്…”” അവന്റെ വാക്കുകൾ കേട്ടപ്പോൾ ആണ്…അവളത് ഓർത്തത്…അവൾ ഒന്ന് പുഞ്ചിരിച്ചു…പിന്നെ പതിയെ അവനിൽ നിന്നകന്ന് മാറി… “”ന്നാ ഞാൻ പോവാ പോലീസെ…അമ്പലത്തിൽ പോണില്ല…മണിക്കുട്ടിക്ക് പുല്ല് അരിയാൻ ഉണ്ട്…”” “”ഓഹോ…നേരത്തെ പറഞ്ഞത് മറന്നോ…

നമ്മുടെ സ്വകാര്യനിമിഷം ആണിത്…”” അവളെ കുസൃതിയോടെ നോക്കി മീശപിരിച്ചു പറയുന്നത് കേട്ടപ്പോൾ…അവളുടെ മുഖം ചുവന്നു…കണ്ണിൽ തെളിഞ്ഞ നാണം മറച്ചു പിടിച്ചു…അവനെ കൂർപ്പിച്ചു നോക്കി…. “”അതിന്?? “”… “”അല്ല…പറഞ്ഞു ന്നെ ഉള്ളൂ…ഞാൻ പോണു…”” നിരാശയോടെ പറയുന്നവനെ കണ്ടപ്പോൾ ചിരിയാണ് വന്നത്….തിരിഞ്ഞു നിന്ന് ആ മുഖം കൈകളിൽ എടുത്ത് കവിളിൽ ചുണ്ടുകൾ ചേർക്കുമ്പോൾ….ആ കവിളിലും നുണക്കുഴി തനിക്കായി വിരിഞ്ഞിരുന്നു…. കണ്ണിൽ പ്രണയത്തോടുള്ള പുഞ്ചിരി ഉണ്ടായിരുന്നു…. “”ഇനി ഞാൻ പൊക്കോട്ടെ??…”” ആ കണ്ണിലേക്ക് നോക്കി ചോദിക്കുമ്പോൾ…ആ കണ്ണിലെ പ്രണയം വ്യക്തമായി കാണാമായിരുന്നു… തിരികെ വീട്ടിലേക്ക് നടക്കുമ്പോളും…ചുണ്ടിൽ ചെറുപുഞ്ചിരി തത്തി കളിച്ചിരുന്നു.. ചുണ്ടിലെ ചെറുനീറ്റൽ എന്തോ പറയാതെ പറഞ്ഞിരുന്നു….കവിളുകൾ നാണത്താൽ ചുവന്നിരുന്നു…. ❤🖤❤

രുദ്രനും വൈഗയും അമ്പലത്തിൽ എത്തുമ്പോൾ…അധികം ആൾത്തിരക്കില്ലായിരുന്നു…വൈഗ വഴിപാട് കൗണ്ടറിൽ പോയി പുഷ്പാഞ്ജലിക്ക് ചീട്ട് ആക്കി വരുമ്പോളേക്കും…രുദ്രൻ കാൽ കഴുകി വന്നിരുന്നു… “”വാ തൊഴുതു വരാം….”” രുദ്രൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ വൈഗയും കൂടെ ചെന്നു….ഭഗവാന്റെ സന്നിധിയിൽ നിന്ന് തൊഴുമ്പോളും…വൈഗയുടെ മനസ്സ് ശൂന്യമായിരുന്നു… ചുണ്ടിൽ ചെറുപുഞ്ചിരി മാത്രം ബാക്കിയായി ഉണ്ടായിരുന്നുള്ളു…. ഇല ചീന്തി…പ്രസാദം പൂജാരി തന്നപ്പോൾ…അവൾ മോതിരവിരലിനാൽ എടുത്ത്…അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു…എന്തിനെന്നറിയില്ല…അവന്റെ കണ്ണുകൾ നിറയുന്നതവൾ അറിഞ്ഞിരുന്നു…. ഒന്നും മിണ്ടാതെ പിന്തിരിഞ്ഞു നടക്കുന്നവനെ കണ്ടപ്പോൾ തന്നെ മനസ്സിലായി ആ മനസ്സിൽ ദേവുവിന്റെ ഓർമ്മകൾ ഓടിയെത്തിയേക്കാം എന്ന്…

അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു…വേദന കലർന്ന പുഞ്ചിരി… ഇങ്ങനെ ഒന്ന് ഓർക്കുവാൻ പോലും ഒരോർമ തനിക്ക് തന്നിട്ടില്ലല്ലോ…പ്രണയത്തോടുള്ള ഒരു നോട്ടം പോലും തനിക്കായി ഓർക്കുവാൻ ഇല്ലല്ലോ….കുശുമ്പ് തോന്നുന്നു ദേവുവിനോട്.അവൾക്കായി നൽകിയിരുന്ന പ്രണയത്തിനോട്…എല്ലാം അറിയാമായിരുന്നിട്ടും മനസ്സ് എന്തിനോ വേണ്ടി കൊതിച്ചു പോവുന്നോ??… ഈ താലിച്ചരട് തന്നിൽ മാറ്റം വരുത്തുന്നുവോ??… “”ഏയ്യ്…ഇയാൾ എന്ത് ആലോചിച്ചു നിൽക്കുവാടൊ വരുന്നില്ലേ??…”” രുദ്രന്റെ ചോദ്യം ആണവളെ ചിന്തകളിൽ നിന്നുണർത്തിയത്…അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെയൊപ്പം നടന്നകന്നു…. ബൈക്ക് വഴി മാറി പോകുന്നത് കണ്ടപ്പോൾ വൈഗയ്ക്ക് സംശയം തോന്നിയിരുന്നു…

ബൈക്ക് ഒരു കുന്നിന്റെ താഴെ കൊണ്ട് നിർത്തിയപ്പോൾ അവൾ സംശയത്തോടെ അവനെ നോക്കി… “”ഇറങ്ങടോ…”” അവന്റെ വാക്ക് കേട്ടപ്പോൾ…അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി…ആ കണ്ണിൽ എപ്പോളും കാണാറുള്ള പുഞ്ചിരി ഉണ്ടായിരുന്നു…മുഖത്തേക്ക് പാറി വീണു കിടക്കുന്ന കുറുനിരകൾ വിയർപ്പിനാൽ കുതിർന്നിരുന്നു….അവൾ ചുറ്റും ഒന്ന് നോക്കി…ശേഷം ബൈക്കിൽ നിന്നിറങ്ങി… ചെറിയ പുല്ലുകൾ നിറഞ്ഞ ഒരു താഴ്‌വാരം…ഒറ്റനോട്ടത്തിൽ കണ്ടാൽ മൊട്ടകുന്ന് പോലെ…ദൂരെ കുന്നിന്റെ മുകളിൽ ഒരു കരിങ്കൽ കാണാം…അതിന് മുകളിൽ ആയി നിൽക്കുന്ന പാരിജാത പൂക്കൾ നിറഞ്ഞ ഒരു മരം…. “”വാടോ…നമുക്കൊന്ന് നടന്നു വരാം…”” രുദ്രൻ പറഞ്ഞ് മുന്നിലൂടെ നടന്നപ്പോൾ പിന്നീട് ഒന്നും മിണ്ടാതെ പിന്നാലെ നടന്നു…. “”ഞാനും ദേവുവും ഇടക്ക് ഇവിടെ വരാറുണ്ടായിരുന്നു….

അവൾക്കേറ്റവും ഇഷ്ട്ടമുള്ള സ്ഥലങ്ങളിൽ ഒന്നാണിത്…ദാ ആ കാണുന്ന പാരിജാത മരം കണ്ടോ….എപ്പോളും അവളുടെതാണ് എന്നാണ് അവൾ പറയുക…ഞാൻ കളിയാക്കുമ്പോൾ എന്നോട് ഒത്തിരി വാശി പിടിക്കും…അതിൽ നിന്ന് പൂവ് പറിച്ചു തരാൻ പറയും…ആ പൂവ് ശ്വസിച്ചു കൊണ്ട് ദാ ഈ ഇടനെഞ്ചിൽ ചാഞ്ഞിരിക്കും. “”ഈ പൂവിന്റെ മണമാണ് എന്റെ രുദ്രേട്ടന്റെ പ്രണയത്തിന് എന്ന് പറയും…””…. അവന്റെ സ്വരം ഇടറുന്നതവൾ അറിഞ്ഞിരുന്നു…ആ കണ്ണുകളിൽ കണ്ണുനീർ പൊടിയുന്നത് കണ്ടപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്ത പിടച്ചിൽ വരുന്നതറിഞ്ഞു….ഉള്ളം പിടയുന്നു…കാരണമറിയാതെ…ചെറുനോവ് ഉണരുന്നു….അവൾ അലിവോടെ അവനെയൊന്ന് നോക്കി….അവൻ ഓർമകളിൽ എന്നപോലെ ആ ബെഞ്ചിൽ ഇരുന്നു….

അപ്പോളും പാരിജാത പൂവിന്റെ നേർത്ത ഗന്ധം അവിടെയാകെ പരന്നിരുന്നു.. “”വല്ലാതെ വേദനിക്കുന്നു വൈഗേ എനിക്ക്.. തനിക്ക് ഒരുപക്ഷെ ഒത്തിരി കാത്തിരിക്കേണ്ടി വരും…ഒത്തിരി…”” അവന്റെ കണ്ണുകൾ അവളുടെ പുഞ്ചിരി മങ്ങിയ കണ്ണുകളിൽ ആയിരുന്നു…ചുണ്ടിൽ ചെറുപുഞ്ചിരി മാത്രം അലങ്കാരമാക്കുന്നവൾ…. “”ഒത്തിരി വേദനിക്കുന്നു എന്നറിയാം…ദേവു ആവാൻ എനിക്ക് അറിയില്ല…പക്ഷെ എന്നും ഉണ്ടാവും കൂടെ…ഒരു നിഴൽ പോലെ…”” അവന്റെ തോളിൽ പതിയെ ചെറുപുഞ്ചിരിയോടെ കൈകൾ വച്ചു…ആ നിറഞ്ഞ കണ്ണുകളോടെ വല്ലാത്ത പ്രണയം തോന്നുന്നത് അവൾ കൗതുകത്തോടെ അറിഞ്ഞു….അവളിൽ അവനോട് വല്ലാത്ത സ്നേഹം തോന്നുന്നതറിഞ്ഞു…..

“”ഇയാൾ പൊക്കോ വീട്ടിലേക്ക്…എനിക്ക് പുറത്ത് പോകേണ്ട ആവശ്യം ഉണ്ട്… തിരികെ വീട്ടിൽ എത്തി പടിക്കൽ ബൈക്ക് നിർത്തി രുദ്രൻ വൈഗയോട് പറഞ്ഞു…. “”ഉച്ചക്ക് കഴിക്കാൻ വരുമോ??..”” പതർച്ചയോടെ ആണെങ്കിലും ഒരു ഭാര്യയുടെ സ്നേഹം കലർന്ന സ്വരം…. “”നോക്കാം….ഉറപ്പില്ല….”” കൂടുതൽ ഒന്നും പറയാതെ ബൈക്ക് എടുത്ത് പോകുന്നവനെ നോക്കുമ്പോൾ…അവൾ പോലും അറിയാതെ പ്രണയം നിറയുന്നതവൾ അറിഞ്ഞു….വളരെ കുറച്ചു നേരം കൊണ്ട് അയാൾ തന്നെ എത്രയേറെ സ്വാധീനിച്ചു.. എന്നവൾ ആലോചിച്ചു….അയാൾ മാത്രമല്ല…അവളുടെ കൈ കഴുത്തിൽ കിടക്കുന്ന താലിയിൽ എത്തി നിന്നു….താലിയിൽ കൈ മുറുകി….ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു….കണ്ണിൽ നിന്ന് മറയുവോളം വെറുതെ നോക്കി നിന്നു…. ❤🖤❤🖤❤

രാത്രി ബാൽക്കണിയിലെ സോഫയിൽ ഇരിക്കുകയായിരുന്നു മഹി…ചെവിയിൽ വെച്ച ഹെഡ്സെറ്റിൽ നിന്നും പാട്ട് ഒഴുകി എത്തുന്നുണ്ട്… “”മൂവന്തിയോളം നീ ഒരുമിച്ചു കൂടെ… ജീവന്റെ ഉൾപൂവിൽ നറുമഞ്ഞുപോലെ… പറയാനാകാതെ അകതാരിൽ താനേ… നിറയുന്നു എന്തോ… ഇരുവരും ഒരുമൊഴി തിരയുകയോ….”” വരികളിലൂടെ അവൻ ഓർമകളിലൂടെ സഞ്ചരിച്ചു…കണ്ണ് മുന്നിൽ ഒരു പെൺകുട്ടി തെളിഞ്ഞു വന്നു….കടുംകാപ്പി മിഴികൾ ഉള്ളവൾ…കണ്ണിൽ ഒരായിരം കഥകൾ ഒളിപ്പിക്കുന്നവൾ…ചുണ്ടിൽ എപ്പോളും പുഞ്ചിരി നിറക്കുന്നവൾ…. അവളെ ഓർക്കുംതോറും വല്ലാത്ത പ്രണയം തോന്നിയവന്…ഒരു നോട്ടം കൊണ്ട് പ്രണയിക്കാൻ…മൗനം കൊണ്ട് പ്രണയിക്കാൻ വല്ലാത്ത ആഗ്രഹം തോന്നി… അത്രമേൽ സുന്ദരമായ പ്രണയം…

നിമിഷനേരം കൊണ്ട് കണ്ണിൽ വേദന നിറഞ്ഞു…ആ കണ്ണുകളിൽ ഒരിക്കലും തന്നോട് പ്രണയം തോന്നിയില്ലല്ലോ എന്ന പരിഭവം നിറഞ്ഞു…കണ്ണിൽ കുശുമ്പ് നിറഞ്ഞു….വിങ്ങുന്ന നൊമ്പരം നിറഞ്ഞു…. അവൻ മറക്കാൻ എന്നപോലെ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് വീണ്ടും പാട്ടിൽ ലയിച്ചു…. “”ഏകാന്തമീയെന്റെ ഉയിരിന്റെയാഴം… താനേ തൊടുന്നു നീ മഴത്തുള്ളി പോലെ… മൊഴിയെക്കാളേറെ…മധുവാകും മൗനം… ഇരവാകും നേരം… ഇരുമനം എറിയുമിതൊരു കനലായ്…. ഒരു മൊഴി ഒരു മൊഴി പറയാം…. ഉരുകിയ മനമിനി തഴുകാം…. മിഴികളിൽ ഒരുചിരി എഴുതാം…. വരികളിൽ തണൽ മരമാകാം… ഇരുകോണിൽ നിന്നും…. ഇല പോലെ നമ്മൾ…തെളിനീരിൽ മെല്ലെ… അലകളിലൊഴുകി വന്നിനിയരികെ….”” അവന്റെ ഓർമ്മകൾ ഒരിക്കൽ കൂടെ പിൻകാലത്തേക്ക് പോയി….കണ്ണുകളിൽ അപ്പോഴും പാട്ടിനനുസരിച്ചു കണ്ണിൽ നിന്ന് മിഴിനീർ പൊടിഞ്ഞിരുന്നു…

ഒരു തിരശീല പോലെ ഓർമ്മകൾ ഓടിയെത്തി…. ഉച്ചക്ക് എല്ലാവരെയും ക്യാന്റീനിൽ കണ്ടപ്പോൾ…മഹിയുടെ കണ്ണുകൾ ആതിക്കായി ചുറ്റും നോക്കി….അവളെ എവിടെയും കാണാഞ്ഞപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് കുറുകി….. “”നീ ആരെയാടാ നോക്കുന്നെ…ഏഹ്ഹ്??…”” സാലി മഹിയോട് ചോദിച്ചു…. “”ഏയ്യ്…ഒന്നുല്ലടാ…നിങ്ങൾ ഇവിടെ നിൽക്ക്…ഞാനിപ്പോ വരാം….ഒരാളെ കാണാനുണ്ട്….”” സാലിയോട് പറഞ്ഞു കൊണ്ട് ആതിയെ അന്വേഷിച്ചു കൊണ്ട്…മഹി ക്യാന്റീനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി….ചുറ്റും നോക്കുമ്പോൾ അവളെയെവിടെയും കാണാനില്ല….അവൻ സംശയത്തോടെ ചുറ്റും നോക്കുമ്പോൾ….ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു അവൾ…. “”ആഹാ….നീയിവിടെ ഇരിക്കുവായിരുന്നോ??…””

അവൻ കളിയായി പറഞ്ഞു…അവൾക്കരികിൽ ഇരിക്കുമ്പോൾ ആണ്…അവളുടെ കലങ്ങിയ കണ്ണുകൾ കാണുന്നത്.. “”എന്ത്‌ പറ്റി ആതി…ഏഹ്ഹ്??..എന്തിനാ നീ കരയുന്നെ…പറ…”” ആധിയോടുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ…അവൾ നിറകണ്ണുകളോടെ അവനെയൊന്ന് നോക്കി….കയ്യിൽ അടക്കി പിടിച്ച ഒരു പുസ്തകം അവനായി നീട്ടി…അവൻ ആ ബുക്ക്‌ സംശയത്തോടെ മറിച്ചു നോക്കി…അതിനിടയിൽ നിന്ന് ഒരു പെൺകുട്ടിയുടെ ഫോട്ടോ കിട്ടിയപ്പോൾ….അവന്റെ കണ്ണുകൾ ഒന്ന് കുറുകി…അവൻ സംശയത്തോടെ ആതിയെ നോക്കി….അവന്റെ നോട്ടത്തിനർദ്ധം മനസ്സിലായ പോലെ അവൾ വേദന നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…

“”ശിവേടെ പെണ്ണാണെത്രെ….ഒത്തിരി ആയി മനസ്സിൽ കൊണ്ട് നടക്കുന്നു എന്ന്….ഇന്നാണ് എനിക്ക് കാണിച്ചു തരുന്നത്…”” അവളുടെ വാക്കുകൾ കേട്ടതും വിശ്വാസം വരാത്ത പോലെ അവൻ ഫോട്ടോയിലേക്ക് നോക്കി…ആതിയുടെ കലങ്ങിയ കണ്ണുകൾ വല്ലാതെ നോവിക്കുന്നവൻ അറിഞ്ഞു…. ഉള്ളിൽ ആരോ വല്ലാതെ വേദനിപ്പിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു……..(തുടരും )….

ശിവഭദ്ര: ഭാഗം 22

Share this story