ഈറൻമേഘം: ഭാഗം 48

ഈറൻമേഘം: ഭാഗം 48

എഴുത്തുകാരി: Angel Kollam

ഗിരീഷിനോടൊപ്പം ഭവാനിയും അമേയയും ഹോസ്പിറ്റലിലേക്ക് പോയിരുന്നു.. അനിതയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചതും ഗിരീഷ് കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. അനിതയെ പരിശോധിച്ചതിന് ശേഷം ഡോക്ടർ ഗിരീഷിനെ കൺസൽറ്റിംഗ് റൂമിലേക്ക് വിളിപ്പിച്ചു.. ഗിരീഷ് ആകാംഷയോടെ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.. “എന്താ ഡോക്ടർ? എന്തെങ്കിലും പ്രശ്നമുണ്ടോ?” “ഇത്രയ്ക്ക് ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല ഗിരീഷ്.. അനിതയുടെ ബ്ലഡ്‌പ്രഷർ കൂടുതലാണ്..

തന്നെയുമല്ല അനിത വല്ലാതെ പേടിച്ചിരിക്കുന്നത് പോലെ തോന്നുന്നു.. ഈ അവസ്ഥയിൽ നോർമൽ ഡെലിവറിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നത് അപകടമാണ്.. ബ്ലഡ്‌ പ്രഷർ ഇനിയും കൂടിയാൽ അത്‌ അമ്മയ്ക്ക് കുഞ്ഞിനും ദോഷം ചെയ്യും അതുകൊണ്ട് തല്കാലത്തേക്ക് ബിപി കുറയ്ക്കാനുള്ള മെഡിസിൻ കൊടുത്തിട്ടുണ്ട്.. സിസേറിയൻ ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.. ഗിരീഷിന്റെ അഭിപ്രായം കൂടി അറിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് കരുതി ” “ഡോക്ടർ എനിക്കെന്റെ അനിതയെയും കുഞ്ഞിനേയും ഒരു അപകടവുമില്ലാതെ കിട്ടിയാൽ മാത്രം മതി..

അതിനിപ്പോൾ സിസേറിയൻ ചെയ്യണമെങ്കിൽ എത്രയും പെട്ടന്ന് ചെയ്തോ.. ഞാനെന്താ ചെയ്യേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി ” “ഗിരീഷ്… റിലാക്സ്.. അനിതയെപ്പോലെ താനുമിങ്ങനെ ടെൻഷൻ അടിക്കാതെ.. ആദ്യം പതിനായിരം രൂപ അഡ്വാൻസ് അടച്ചിട്ടു വരൂ.. പിന്നെ അനിതയുടെ ബ്ലഡ്‌ ഗ്രൂപ്പിലുള്ള ഒന്ന് രണ്ട് ഡോണർമാരെ കൂടി കണ്ടുപിടിച്ചു വച്ചേക്ക്.. സാധാരണ ബ്ലഡൊന്നും വേണ്ടി വരില്ല നമ്മളൊരു മുൻകരുതലിനു വേണ്ടി പറയുന്നതാണ്..നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും കോംപ്ലിക്കേഷൻ ഉണ്ടായാൽ ആ സമയത്ത് കിടന്ന് ഓടേണ്ടി വരരുതരല്ലോ അതാ പറഞ്ഞത് ” “അതൊക്കെ ഉടനെ ശരിയാക്കാം ഡോക്ടർ.. വേറെ എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?” ഡോക്ടർ തന്റെ മുന്നിലിരുന്ന ഫയലിൽ നിന്നും ഒരു കടലാസെടുത്തു ഗിരീഷിന്റെ നേർക്ക് നീട്ടികൊണ്ട് പറഞ്ഞു.. “ഇത് ഓപ്പറേഷനുള്ള സമ്മതപത്രമാണ്..

വായിച്ചു നോക്കിയിട്ട് ഒപ്പിട്ട് തരൂ ” ഗിരീഷ് ഡോക്ടർ തന്റെ നേർക്ക് നീട്ടിയ പേപ്പറിൽ എന്താണെന്ന് വായിച്ചു പോലും നോക്കാതെ ഒപ്പിട്ടു കൊടുത്തു.. ഡോക്ടർ ഗിരീഷിനോട് എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ അകത്ത് നിന്നൊരു നേഴ്സ് തിടുക്കത്തിൽ അവരുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.. “മേഡം.. ഫീറ്റൽ ഹാർട്ട്റേറ്റ് കുറയുന്നുണ്ട് ” ഡോക്ടർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.. “പെട്ടന്ന് റെഡിയാക്കിയിട്ട് തീയറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യ് ” “ഓക്കേ മേഡം ” ഡോക്ടർ ഗിരീഷിന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു.. “ഗിരീഷ് പെട്ടന്ന് അഡ്വാൻസ് അടച്ചിട്ടു വന്നോളൂ.. അനിതയെ ഉടനെ തന്നെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റും ” ഗിരീഷ് ധൃതിയിൽ ക്യാഷ്കൗണ്ടറിലേക്ക് നടന്നു.. ബില്ലടച്ചിട്ട് തിരികെ വന്നപ്പോളേക്കും അനിതയെ ഓപ്പറേഷൻ തീയറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ തുടങ്ങുകയായിരുന്നു..

അവൻ അനിതയെ കിടത്തിയിരുന്ന ട്രോളിയുടെ അടുത്തേക്കെത്തി.. ഗിരീഷിനെ കണ്ടതും അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.. “ഏട്ടാ.. എനിക്ക് പേടിയാകുന്നു ” “പേടിക്കണ്ട.. ഞങ്ങളെല്ലാവരും ഇവിടെയുണ്ട് ” അവൾ ഗിരീഷിന്റെ വലതുകരം കവർന്നെടുത്തു ചുംബിച്ചു.. രണ്ടാമത്തെ നിലയിലായിരുന്നു ഓപ്പറേഷൻ തീയറ്റർ.. അനിതയെ ഉള്ളിലേക്ക് കയറ്റാൻ തുടങ്ങിയപ്പോൾ ഗിരീഷ് അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.. “പെട്ടന്ന് നമ്മുടെ വാവയെയും കൊണ്ട് വാ.. ” അനിതയുടെ മിഴികൾ നിറഞ്ഞൊഴുകി.. ഗിരീഷിന്റെ മിഴികളിലും നനവ് പടർന്നു..

ഓപ്പറേഷൻ തീയറ്ററിന്റെ മുന്നിലുള്ള ചാരുകസേരകളിൽ ഒന്നിലായി ഗിരീഷ് ഇരുന്നു.. അവന്റെ തൊട്ടടുത്ത് അമേയയും ഭവാനിയും വന്നിരുന്നു.. ഗിരീഷിന്റെ മുഖത്ത് സമ്മിശ്രഭാവങ്ങൾ മിന്നി മറഞ്ഞു.. അൽപസമയം കഴിഞ്ഞപ്പോൾ ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു.. അവളുടെ നെഞ്ചോട് ചേർന്ന് തൂവെള്ള തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുണ്ടായിരുന്നു.. അവൾ അവിടെ ഇരുന്ന എല്ലാവരെയും മാറിമാറി നോക്കിയിട്ട് ചോദിച്ചു.. “അനിതയുടെ ബന്ധുക്കളുണ്ടോ?” അവർ മൂന്നുപേരും തിടുക്കത്തിൽ എഴുന്നേറ്റു ആ നഴ്സിന്റെ അടുത്തേക്ക് ചെന്നു.. അവരുടെ നേർക്ക് കുഞ്ഞിന്റെ മുഖം കാണിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു..

“മോനാണ് ” ഭവാനി വിറയാർന്ന കൈകളോട് ആ കുഞ്ഞിനെ ഏറ്റുവാങ്ങി തന്റെ നെഞ്ചോട് ചേർത്തു.. ഗിരീഷ് ആകാംഷയോടെ ചോദിച്ചു.. “സിസ്റ്റർ.. അനിത?” “അനിതയ്ക്കൊരു കുഴപ്പവുമില്ല.. കുറച്ച് നേരം കൂടി കഴിയുമ്പോൾ പോസ്റ്റ്‌ ഓപ്പറേറ്റീവ് ഐസിയൂവിലേക്ക് മാറ്റും.. ഇന്നൊരു ദിവസം ആ ഐസിയൂവിലയിരിക്കും.. നാളെ രാവിലെയേ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുള്ളൂ ” “എനിക്കവളെയൊന്ന് കാണണം സിസ്റ്റർ” “ഐസിയൂവിലേക്ക് ഷിഫ്റ്റ്‌ ചെയ്യുമ്പോൾ കാണാം.. ” അവർ മൂന്നുപേരും കുഞ്ഞിനെ കണ്ടു കഴിഞ്ഞപ്പോൾ നേഴ്സ് കുഞ്ഞിനെ തിരികെ വാങ്ങിയിട്ട് അകത്തേക്ക് പോയി.. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോളാണ് അനിതയെ ഐസിയൂവിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്.. അവളെ പുറത്തേക്ക് കൊണ്ട് വന്നപ്പോൾ ഗിരീഷ് അടുത്തേക്ക് നടന്ന് ചെന്നു..

അപ്പോളും അനസ്തേഷ്യയുടെ മയക്കത്തിലായിരുന്നു അനിത.. വാടിയ ചേമ്പിൻതണ്ട് പോലെ അവൾ കിടക്കുന്നത് കണ്ടപ്പോൾ ഗിരീഷിന് നൊമ്പരം തോന്നി.. അതേസമയം അവൾക്കും കുഞ്ഞിനും ഒരു ആപത്തുമില്ലാതെ ദൈവം തനിക്ക് തന്നല്ലോ എന്നോർത്തപ്പോൾ സമാധാനവും തോന്നി.. ജനിച്ച സമയത്ത് ഹാർട്ട്റേറ്റ് കുറവായത് കൊണ്ട് ഒരു ദിവസത്തെ ഒബ്സെർവഷന് വേണ്ടി അനിതയുടെ കുഞ്ഞിനേയും ഐസിയൂവിലേക്ക് മാറ്റി.. ഐസിയൂവിന്റെ മുൻപിലുള്ള കസേരയിൽ ഗിരീഷ് ഇരുന്നു.. ഐസിയൂവിൽ നിന്ന് ഏതെങ്കിലും നേഴ്സ് പുറത്തേക്ക് വരുന്നത് കണ്ടാൽ ഗിരീഷ് തിടുക്കത്തിൽ അവരുടെ അടുത്തേക്ക് ചെന്ന് അനിതയെപ്പറ്റി തിരക്കും..

പലതവണ ഇതാവർത്തിച്ചപ്പോൾ ഒരു നേഴ്സ് കടുത്ത സ്വരത്തിൽ പറഞ്ഞു.. “നിങ്ങളിങ്ങനെ ഇടയ്ക്കിടയ്ക്ക് വന്നിട്ട് അനിതയ്ക്കെങ്ങനെയുണ്ടെന്ന് ചോദിക്കണ്ട.. അനിതയ്ക്ക് ബോധം വീഴുമ്പോൾ ഞങ്ങൾ അറിയിച്ചോളാം.. ഇനിയും രണ്ടു മണിക്കൂറെങ്കിലും എടുക്കും ആ കുട്ടിക്ക് ബോധം വരാൻ ” “ബോധം വരുമ്പോൾ എന്തെങ്കിലും കഴിക്കാൻ കൊടുക്കാമോ സിസ്റ്റർ?” “വൈകുന്നേരം ഡോക്ടർ റൗണ്ട്സിന് വന്നതിന് ശേഷമേ എന്തെങ്കിലും കൊടുക്കാൻ പറ്റുള്ളൂ ” “അവൾ രാവിലെ ബ്രേക്ക്‌ഫാസ്റ്റ് പോലും കഴിച്ചതല്ല സിസ്റ്റർ.. രാവിലെ എഴുന്നേറ്റു വന്നപ്പോൾ തന്നെ വേദനയാണെന്ന് പറഞ്ഞു ” “ചേട്ടൻ ടെൻഷനടിക്കണ്ട.. അനിതയ്ക്ക് ഐവി ഫ്ലൂയിഡ് ഇട്ടിട്ടുണ്ട്.. അതുകൊണ്ട് ഉടനെ ഭക്ഷണം കൊടുത്തില്ലെങ്കിലും കുഴപ്പമില്ല..”

ഗിരീഷിന്റെ മുഖത്തെ വിഷാദം ശ്രദ്ധിച്ചു കൊണ്ട് ആ നേഴ്സ് പറഞ്ഞു.. “നിങ്ങൾ എല്ലാവരും പോയി എന്തെങ്കിലും കഴിച്ചിട്ടു വന്നോളൂ.. അനിതയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ അറിയിച്ചോളാം ” അനിതയ്ക്ക് ബോധം വന്നതിന് ശേഷമേ അവിടെ നിന്ന് എങ്ങോട്ടെങ്കിലും പോകുകയുള്ളു എന്ന് മനസിലുറപ്പിച്ചു കൊണ്ട് ഗിരീഷ് വീണ്ടും കസേരയിൽ വന്നിരുന്നു.. അമേയ ജോയലിനെ ഫോൺ ചെയ്ത് അനിതയുടെ ഡെലിവറി കഴിഞ്ഞ വിവരം അറിയിച്ചു.. തൊട്ടടുത്ത് ഭവാനി ഇരിക്കുന്നത് കൊണ്ട് തന്നെ കൂടുതലൊന്നും സംസാരിക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു.. അമേയ ഫോൺ കട്ട് ചെയ്തതും ജോയൽ ഒരു ചെറുപുഞ്ചിരിയോടെ തന്റെ സ്ക്രീൻസേവറിലുള്ള അമേയയുടെ ഫോട്ടോയിലേക്ക് നോക്കിയിട്ട് പറഞ്ഞു..

“അപ്പോൾ ഇനി അധികം വൈകാതെ നീ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമാകുകയാണ് അല്ലെ പെണ്ണേ?” തങ്ങളുടെ ജീവിതത്തിൽ ഇനി വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ ഓർത്തതും അവന്റെ മുഖം വിടർന്നു.. ഏറെനേരം കാത്തിരുന്നപ്പോൾ ഒരു നേഴ്സ് പുറത്തേക്ക് വന്നിട്ട് ഗിരീഷിനോട് പറഞ്ഞു.. “അനിതയ്ക്ക് ബോധം തെളിഞ്ഞു.. ചേട്ടനെ കാണണമെന്ന് പറഞ്ഞു ” ഗിരീഷ് ധൃതിയിൽ എഴുന്നേറ്റു.. നേഴ്സ് അവനോടായി പറഞ്ഞു.. “ചെരുപ്പ് ഇവിടെ ഊരിയിടണം.. പിന്നെ ആ റൂമിൽ പോയി ഗൗൺ ഇട്ടിട്ട് വേണം അകത്തേക്ക് കയറാൻ.. വെളിയിലെ ഇൻഫെക്ഷൻ അകത്തേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് ”

“ഓക്കേ ” ഗിരീഷ് നേഴ്സ് നിർദേശിച്ചത് പോലെ ഡ്രെസ്സിന്റെ മുകളിൽ കൂടി ഗൗൺ ഇട്ടിട്ട് അകത്തേക്ക് കയറി.. അനിത ദൂരേക്ക് നോക്കി കിടക്കുകയായിരുന്നു.. ഗിരീഷിനെ കണ്ടതും പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് വിളിച്ചു.. “ഏട്ടാ ” അവൻ അവളുടെ ഇരുകൈകളും കവർന്നെടുത്തു കൊണ്ട് പറഞ്ഞു.. “നമ്മുടെ മോനെ ഒരു ദിവസത്തെ ഒബ്സെർവഷന് വേണ്ടി ഐസിയൂവിലേക്ക് മാറ്റിയിരിക്കുകയാണ് ” “ഉം.. സിസ്റ്റർ പറഞ്ഞു ” താല്പര്യമില്ലാത്ത ഭാവത്തിലായിരുന്നു അവളുടെ മറുപടി.. അവളുടെ തണുത്ത പ്രതികരണം കേട്ടപ്പോൾ ഗിരീഷിന് അമ്പരപ്പായിരുന്നു.. ചിലപ്പോൾ സർജറി ചെയ്തതിന്റെ വേദന കൊണ്ടായിരിക്കും അവൾ കുഞ്ഞിനെപ്പറ്റി കൂടുതലൊന്നും തിരക്കാത്തതെന്ന് അവൻ കരുതി..

അനിതയുടെ ബെഡിനടുത്തു കുറച്ച് സമയം കൂടി അവൻ നിന്നു.. ഒരിക്കൽ പോലും അവൾ കുഞ്ഞിനെപ്പറ്റി ഒരു വാക്ക് പോലും ചോദിച്ചില്ലല്ലോ എന്നവൻ സങ്കടത്തോടെ ഓർത്തു.. ഗിരീഷിന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അനിത ചോദിച്ചു.. “ഏട്ടാ.. ഇനിയിപ്പോൾ മോനേ മതിയായിരിക്കും അല്ലെ.. എന്നോട് പഴയ സ്നേഹമൊന്നും ഇല്ലായിരിക്കും അല്ലെ?” “എന്താ മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്?” “സാധാരണ എല്ലായിടത്തും നടക്കുന്നത് അതൊക്കെയാണല്ലോ.. അതുകൊണ്ടാണ് ഞാനങ്ങനെ ചോദിച്ചത് ” “നമ്മുടെ കുഞ്ഞല്ലേ അത്‌ എന്ന് വച്ചാൽ നമ്മുടെ രണ്ടാളുടെയും ജീവന്റെ ഒരു ഭാഗം.. അവനോട് എനിക്ക് ഈ നെഞ്ച് നിറയെ സ്നേഹം ഉണ്ടെങ്കിലും അതിലും സ്നേഹം നിന്നോട് തന്നെയാണ് ” “ശരിക്കും?” “ശരിക്കും ” അനിതയുടെ മിഴികൾ വിടർന്നു..

“അതുമതിയെനിക്ക്.. നമ്മുടെ രണ്ടുപേരുടെയും സ്നേഹം എന്നും ഇതുപോലെ ഉണ്ടാകണം ” ഐസിയൂവിന് പുറത്തേക്ക് വന്നപ്പോൾ ഗിരീഷിന്റെ മുഖത്ത് ആശങ്കയായിരുന്നു.. അനിതയ്ക്ക് കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ് പറയുന്നു.. തന്റെ മനസിലെ വിഷമം അമ്മയേയും അമേയയേയും അറിയിക്കാതെയിരിക്കാൻ അവൻ ശ്രമിച്ചു.. വൈകുന്നേരം ഡോക്ടർ റൗണ്ട്സിന് വന്നതിന് ശേഷം ഗിരീഷിനെ അവരുടെ ക്യാബിനിലേക്ക് വിളിപ്പിച്ചു.. ആശങ്കയോടെയാണ് ഗിരീഷ് അവിടേക്ക് ചെന്നത്… അവനെക്കണ്ടതും ഡോക്ടർ മുഖവുര ഒന്നുമില്ലാതെ ചോദിച്ചു… “അനിതയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വഭാവികതയുള്ളതായി ഗിരീഷിന് തോന്നിയോ?”

“മേഡം വരാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു.. എന്താണ് അനിത ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല ” “ഞാൻ പറയുന്നത് ഗിരീഷ് സമാധാനത്തോടെ കേൾക്കണം.. അനിതയുടെ ഈ അവസ്ഥയ്ക്ക് ഞങ്ങൾ ഡോക്ടർമാർ ഇട്ടിരിക്കുന്ന പേരാണ് പോസ്റ്റ്‌പാർട്ടം സൈക്കോസിസ്.. പേര് കേട്ടിട്ട് ഞെട്ടണ്ട.. അതത്ര ഭീകരമായ രോഗമൊന്നുമല്ല.. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ഭീകരമായേക്കാവുന്ന ഒന്നാണ് ” “ഡോക്ടർ എന്താണ് പറയുന്നത്.. എനിക്കൊന്നും മനസിലാകുന്നില്ല ” “ഗർഭകാലാവസ്ഥയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ പല തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളുമുണ്ടാകും.. ഇങ്ങനെയുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് പോസ്റ്റ്‌പാർട്ടം സൈക്കോസിസ് എന്ന ഈ അവസ്ഥയ്ക്ക് കാരണം..

അനിതയുടെ കാര്യത്തിൽ ഒന്ന് രണ്ടു കാരണങ്ങൾ കൂടിയുണ്ട്.. ആറു വർഷങ്ങൾക്ക് ശേഷമാണ് ആ കുട്ടി ഗർഭിണിയാകുന്നത്.. അതുകൊണ്ട് തന്നെ ആ കുഞ്ഞിനെ നഷ്ടപെട്ടേക്കുമോ എന്നൊരു വേവലാതി അനിതയ്ക്ക് ഉണ്ടായിരുന്നു.. അവളുടെ ജീവൻ നഷ്ടപ്പെട്ടാലും ആ കുഞ്ഞിനെ ജീവനോടെ ഗിരീഷിന് കൊടുക്കണമെന്ന് ഓരോ തവണ ചെക്കപ്പിന് വരുമ്പോളും അനിത പറയുമായിരുന്നു.. അപ്പോൾപ്പിന്നെ ഒരു കുഴപ്പവുമില്ലാതെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്ന ഈ അവസ്ഥയിൽ അനിത എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് ഗിരീഷിന് സംശയം തോന്നാം.. അനിതയുടെ മനസിലെ ചില ചിന്തകളാണ് അവളുടെ ഇപ്പോളത്തെ ഈ അവസ്ഥയ്ക്ക് കാരണം..

ഏറെ വൈകി കിട്ടിയ കുഞ്ഞായത് കൊണ്ട് തന്നെ ഗിരീഷും അമ്മയും ഇനി കുഞ്ഞിനെയായിരിക്കും ഏറെ സ്നേഹിക്കുന്നതെന്നും അനിതയ്ക്ക് നിങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാകില്ലെന്നൊക്കെ അവളുടെ മനസ്സിൽ അവൾ കരുതിയിട്ടുണ്ട് അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പെരുമാറുന്നത് ” “ഇനി ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ലേ മേഡം ” “തീർച്ചയായും ഉണ്ടാകും.. അതിന് ഗിരീഷിന്റെയും വീട്ടുകാരുടെയും സ്നേഹവും പരിചരണവും വേണം.. നിങ്ങളുടെ സ്നേഹപൂർണമായ പരിചരണം കാണുമ്പോൾ താൻ മനസ്സിൽ കരുതിയതൊക്കെ തെറ്റാണെന്ന് അനിതയ്‌ക്ക് മനസിലാകും.. പതിയെ പതിയെ അവൾ പഴയപോലെ അയിത്തീരുകയും ചെയ്യും”

“അവൾക്കെന്തെങ്കിലും മെഡിസിൻ വേണ്ടി വരുമോ ഡോക്ടർ?” “ഹേയ്.. അനിതയുടെ ഇപ്പോളത്തെ അവസ്ഥയ്ക്ക് മെഡിസിന്റെയൊന്നും ആവശ്യമില്ല.. തത്കാലത്തേക്ക് ഒരു കൗൺസിലിങ് കൊടുക്കാം.. ഒന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്ന് നോക്കാം.. ഇല്ലെങ്കിൽ അപ്പോളെന്ത് ചെയ്യണമെന്ന് തീരുമാനിക്കാം ” “ഓക്കേ ” “ഒരു കണക്കിന് പറഞ്ഞാൽ ഗിരീഷിനും വീട്ടുകാർക്കും ഭാഗ്യമുണ്ട്.. അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ അനിതയുടെ അവസ്ഥ നമുക്ക് മനസിലാക്കാൻ കഴിഞ്ഞത്.. പക്ഷേ പ്രസവശേഷമുള്ള ഇത്തരം വിഷാദരോഗങ്ങളെപ്പറ്റി യാതൊരു അറിവുമില്ലാത്ത ഒരുപാടാളുകൾ നമ്മുടെ ചുറ്റിലുമുണ്ട്..

പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന ഈ വിഷാദം സാധാരണയാണെന്നും അവർ പെട്ടന്ന് തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കരുതുന്നവരും ഉണ്ട്.. പക്ഷേ അതൊക്കെ വല്യ അപകടത്തിലേക്കാണ് നയിക്കുന്നത്.. പത്രത്തിലൊക്കെ വായിച്ചിട്ടില്ലേ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സ്ത്രീകളെപ്പറ്റി.. അതൊക്കെ ഈ വിഷാദരോഗത്തിന്റെ മൂർച്ഛിച്ച അവസ്ഥയാണ്.. വീട്ടുകാരുടെ സപ്പോർട്ട് ലഭിക്കാത്ത സ്ത്രീകളാണ് പൊതുവെ അങ്ങനെയൊക്കെ ചെയ്യുന്നത്.. ഈ അവസ്ഥയിലും ചേർത്ത് പിടിക്കാൻ കുടുംബം അവളോടൊപ്പമുണ്ടെങ്കിൽ അവൾ ഇതിനോയൊക്കെ മറികടക്കും..

അധികം താമസിയാതെ അനിത പഴയത് പോലെയാകും.. ഗിരീഷ് നിങ്ങളുടെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം കേട്ടോ.. അവരുടെ എല്ലാവരുടെയും പൂർണ്ണസഹകരണം ഉണ്ടെങ്കിൽ മാത്രമേ അനിതയെ നമുക്ക് എത്രയും പെട്ടന്ന് പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരാൻ സാധിക്കുകയുള്ളൂ ” “ശരി ” “നാളെ രാവിലെ അനിതയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും.. അതുകഴിഞ്ഞു കൗൺസിലിങ് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യാം..” “ഓക്കേ ” ഡോക്ടറിന്റെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതിന് ശേഷം ഗിരീഷ് അമ്മയോടും അമേയയോടും കാര്യങ്ങൾ പറഞ്ഞു.. ഗിരീഷ് സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അമേയയ്ക്ക് കാര്യങ്ങൾ മനസിലായി.. ഇതുപോലെ എത്ര രോഗികളെ ഹോസ്പിറ്റലിൽ വച്ച് താൻ കണ്ടിട്ടുള്ളതാണെന്ന് അവളോർത്തു..

ഗിരീഷിന്റെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറച്ച് പ്രയാസമായിരുന്നു.. എങ്കിലും ഗിരീഷും അമേയയും ചേർന്ന് അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞു മനസിലാക്കി.. വൈകുന്നേരം ജോയൽ ഫോൺ ചെയ്തപ്പോൾ ചേച്ചിയുടെ ഇപ്പോളത്തെ മാനസികാവസ്ഥ അമേയ അവനെ അറിയിച്ചു.. ഈ അവസ്ഥയിൽ തങ്ങളുടെ കാര്യം ഒരു കാരണവശാലും ചേച്ചിയെ അറിയിക്കേണ്ടെന്ന് ജോയൽ അവളോട് നിർദേശിച്ചു.. ചേച്ചിയുടെ ഡെലിവറി കഴിഞ്ഞാലുടനെ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ട് ഉടനെ ഈ വിവാഹം നടത്തണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം.. ഇതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും ഓർത്തില്ലല്ലോ.. പിറ്റേന്ന് അനിതയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു..

ഗിരീഷിന്റെ നിർദേശപ്രകാരം കുഞ്ഞിന് പാല് കൊടുത്തു എന്നല്ലാതെ ആ കുഞ്ഞിനെ കൊഞ്ചിക്കുകയോ നിറുകയിൽ ഒരുമ്മ കൊടുക്കുകയോ ഒന്നും ചെയ്തില്ല അവൾ.. ഗിരീഷിന് സങ്കടം വന്നെങ്കിലും അവനതൊന്നും പുറത്ത് കാണിക്കാതെ നിന്നു.. പത്തുമണി കഴിഞ്ഞപ്പോൾ സൈക്കോളജിസ്റ്റ്‌ റൂമിലെത്തി അനിതയ്ക്ക് കൗൺസിലിങ് കൊടുത്തു.. അദ്ദേഹം പോയതിന് ശേഷവും അനിതയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റമൊന്നും ഇല്ലായിരുന്നെങ്കിലും ക്രമേണ അവളുടെ സ്വഭാവം ശരിയാകുമെന്നോർത്ത് എല്ലാവരും സമാധാനിച്ചു.. അഞ്ചു ദിവസം കഴിഞ്ഞപ്പോൾ അനിതയെയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തു..

വീട്ടിലെത്തിയിട്ടും തങ്ങളുടെ റൂമിൽ ഏത് സമയവും ഇരിക്കാനാണ് അവൾ ഇഷ്ടപെട്ടത്.. അമേയയുടെ ലീവ് തീരാറായിരുന്നു.. ജോയലിനെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തന്റെ ചേച്ചിയെ ഈ അവസ്ഥയിൽ ഇട്ടിട്ട് പോകാൻ അവൾക്ക് തോന്നിയില്ല.. ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞപ്പോൾ ഒരാഴ്ച കൂടി ലീവ് നീട്ടിയെടുത്തോളാൻ പറഞ്ഞു.. അമേയ അന്നന്നത്തെ കാര്യങ്ങൾ ജോയലിനെ അറിയിക്കുന്നുണ്ടായിരുന്നു.. ഒരു ദിവസം രാത്രിയിൽ പതിവ് പോലെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അമേയ അവനോട് തിരക്കി.. “ഇച്ചായാ ഇവിടേക്ക് വന്നിട്ട് ചേച്ചിക്ക് ഒരു കൗൺസിലിങ് കൊടുക്കാമോ?”

“നാട്ടിലെ ഹോസ്പിറ്റലിലെ ഡോക്ടർ ഒരു തവണ എല്ലാകാര്യങ്ങളും ചേച്ചിയെ പറഞ്ഞു മനസിലാക്കിയതല്ലേ.. ഇനി ഞാനായിട്ടെന്ത് പറയാനാ?” “നാട്ടിലെ ഡോക്ടറെ പോലെയാണോ ഇച്ചായൻ? ഒന്നുമല്ലെങ്കിലും അത്രയും പ്രശസ്തമായ ഒരു ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റല്ലെ.. ഇവിടുത്തെ ഡോക്ടറിനെക്കാളും എക്സ്പീരിയൻസ് കൂടുതലുണ്ടാകുമല്ലോ?” “എന്നാലും ഞാനെങ്ങനെയാ കൊച്ചേ?” “ഒരെന്നാലും ഇല്ല.. ഇച്ചായന് വരാൻ പറ്റുമോ ഇല്ലയോ അത്‌ പറയ് ” “സാറ്റർഡേ ഈവെനിംഗ് കയറിയിട്ട് സൺ‌ഡേ മോർണിംഗ് വരാം.. പക്ഷേ ഒരു കണ്ടിഷൻ ഉണ്ട്.. തിരിച്ചു പോകുമ്പോൾ നമുക്ക് ഒരുമിച്ച് പോകാം” “ഒരുമിച്ചോ?”  “ഉം.. നിനക്ക് ഒരാഴ്ച കൂടിയല്ലേ ലീവ് നീട്ടികിട്ടിയുള്ളൂ.. അപ്പോൾ തിങ്കളാഴ്ച ഡ്യൂട്ടിക്ക് കയറണ്ടേ? ഞായറാഴ്ച നൈറ്റ്‌ ഉള്ള ബസിന് നമുക്കൊരുമിച്ചു പോകാം”

“നമ്മൾ ഒരുമിച്ച് പോകുകയാണെന്ന് പറഞ്ഞാൽ ചേട്ടൻ എന്തെങ്കിലുമൊക്കെ വിചാരിച്ചാലോ?” “പിന്നേ.. ഇവിടെ ഒരു ഫ്ലാറ്റിലാണ് നമ്മൾ താമസിക്കുന്നതെന്ന് ചേട്ടനറിയാമല്ലോ.. അപ്പോൾപിന്നെ ഒരു ബസിൽ പോകുന്നതാണോ കുഴപ്പം?” “അതൊക്കെ ശരിയാണ്.. എന്നാലും ” “ഒരെന്നാലുമില്ല.. ഞാൻ ഞായറാഴ്ച വരാം.. എന്നിട്ട് നമ്മളൊരുമിച്ച് തിരികെ വരാം.. സമ്മതമാണോ?” “ഉം.. സമ്മതം ” പിറ്റേന്ന് രാവിലെ അമേയ ഞായറാഴ്ച ജോയൽ വരുമെന്ന് ഗിരീഷിനോട് പറഞ്ഞു..ഗിരീഷ് ആലോചനയോടെ പറഞ്ഞു.. “ജോയലിനെ വിളിച്ചാലോയെന്ന് ഞാനും ആലോചിച്ചതാണ്.. പക്ഷേ അമ്മയോടൊക്കെ എന്ത് പറയുമെന്നറിയാത്തത് കൊണ്ടാണ് പിന്നെ അതിനെപ്പറ്റി കൂടുതൽ ഒന്നും ചിന്തിക്കാഞ്ഞത് ” “വേറെ ഹോസ്പിറ്റലിൽ നിന്നും വരുന്ന സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞാൽ മതി അമ്മയോടും ചേച്ചിയോടും.. അല്ലാതെ ഇപ്പോൾ കൂടുതലൊന്നും വിശദമായി പറയണ്ട ” “നിനക്ക് വിഷമമുണ്ടോ ആമി?” “എന്തിന്?”

“അനിതയുടെ ഡെലിവറി കഴിയുമ്പോൾ എല്ലാക്കാര്യങ്ങളും അവളോട് തുറന്ന് പറഞ്ഞിട്ട് എത്രയും പെട്ടന്ന് നിങ്ങളുടെ കല്യാണം നടത്തണമെന്നല്ലേ നീ ആഗ്രഹിച്ചത്.. പക്ഷേ ഇപ്പോൾ?” “ചേട്ടാ.. ഞാനത്രയ്ക്ക് സ്വാർത്ഥയൊന്നുമല്ല.. ആദ്യം എന്റെ ചേച്ചിയുടെ അസുഖം മാറട്ടെ.. എന്നിട്ട് മതി എന്റെ കല്യാണം ” ഞായറാഴ്ച, രാവിലെ തന്നെ അമ്പലത്തിൽ പോകാനായി ഇറങ്ങി.. ജോയൽ വീട്ടിലേക്ക് വരുമ്പോൾ താനവിടെ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നു അമേയയ്ക്ക് തോന്നി.. ഇല്ലെങ്കിൽ ഒരുപക്ഷേ തങ്ങളുടെ മുഖഭാവത്തിൽ നിന്നും അനിതയ്ക്ക് എന്തെങ്കിലും മനസിലായാലോ എന്നവൾ ഭയന്നു.. അമേയ അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ വീടിന്റെ മുറ്റത്ത് ജോയലിന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.. ………….തുടരും………………..

ഈറൻമേഘം: ഭാഗം 47

ഈറൻമേഘം എല്ലാഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story