ഉറവിടം: ഭാഗം 38

ഉറവിടം: ഭാഗം 38

എഴുത്തുകാരി: ശക്തി കല ജി

വാതിൽക്കൽ നിൽക്കുന്ന അച്ഛനെ കണ്ട് ഒരു പൊട്ടി കരച്ചിലോടെ എഴുന്നേറ്റു അദ്ദേഹത്തിന് അടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും മേഘ ക്ഷീണം കൊണ്ട് താഴേക്ക് വീണുപോയിരുന്നു… അച്ഛൻ അവളെ വാരിയെടുത്തു കട്ടിലിൽ കിടത്തി .. “അച്ഛൻ ഇനി എന്നെ വിട്ട് പോവല്ലേ ഞാൻ ചത്തുപോകും “എന്ന് പറഞ്ഞ് അവൾ ഉറക്കെയുറക്കെ കരഞ്ഞു.. ” ഇല്ല പോകില്ല” അച്ഛൻ ചേർത്തുപിടിച്ചിരുന്നു നിൻ്റെ അമ്മയോടുള്ള ദേഷ്യത്തിൽ എൻ്റെ പൊന്നിനെ ഞാനോർത്തില്ല “എന്നോട് ക്ഷമിക്ക് ” എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു….

മീനാക്ഷിയുടെ ചുവടുകൾ പിന്നിലേക്ക് വച്ചു.. സഞ്ജയുടെ നെഞ്ചിൽ തട്ടിയാണ് നിന്നത്…. അകന്നു മാറി മുറത്തേക്കിറങ്ങി… വീണു കിടക്കുന്ന കരിയിലകളിലേക്കു നോക്കി നിന്നു… മേഘയുടെ കരച്ചിൽ അവളുടെ ഹൃദയത്തിലേക്ക് തുളച്ചുകയറുന്നത് പോലെ തോന്നി… അവൾ മുറ്റത്തേക്കിറങ്ങി.. ചെരിപ്പിടാതെ കരിയിലകൾക്ക് മുകളിൽ കൂടി ചവിട്ടി നടന്നു… അച്ഛൻ അടുത്തില്ലാതിരുന്നിട്ടും അമ്മ തനിക്ക് ഒരു കുറവും അറിയിച്ചിട്ടില്ല. ….മഹിയുടെയും മേഘയുടെയും അവസ്ഥ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നുകയാണ്…. ഇവിടെ വന്നിട്ട് ഏതെങ്കിലുമൊരു ഹോട്ടലിലേക്ക് മാറണം എന്ന് കരുതിയാണ് ഇങ്ങോട്ടേക്ക് വന്നത്..

പക്ഷെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് അവൾക്ക് ഹോട്ടലിലേക്ക് പോകാൻ തോന്നിയില്ല …സഞ്ജയ് സാർ പറഞ്ഞതനുസരിച്ച് ഇനിയും കുറച്ച് ദിവസങ്ങൾ ഉണ്ട് .. ..രണ്ടു മൂന്നു ദിവസം ഇവിടെ നിൽക്കാം എന്ന് അവൾ കരുതി .. . അവൾ ചുറ്റുപാടുo നോക്കി… മഴ പെയ്തിട്ട് ദിവസങ്ങൾ ആയിന്ന് തോന്നുന്നു… മുറ്റത്തെ ചെടികൾ തല കുമ്പിട്ട് നിൽക്കുന്നു… അവൾ ചൂലെടുത്തു മുറ്റം തൂത്തുവാരി എല്ലാം കൂട്ടിയിട്ട് കത്തിച്ചു… മനസ്സിലെ വേദനകളിൽ നിന്നും രക്ഷ നേടാൻ ഓരോ ജോലികൾ ചെയ്തു കൊണ്ടിരുന്നു… ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ടിരുന്നപ്പോൾ സഞ്ജയ് അവളുടെ അടുത്തേക്ക് വന്നു.. ” ഞാൻ വീട്ടിലേക്ക് പോവാ..വരുന്നോ…അമ്മയ്ക്ക് കാണണം എന്ന് പറഞ്ഞിരുന്നു…. നടന്നു പോകാം.. വണ്ടിയിവിടെ കിടക്കട്ടെ ” സഞ്ജയ് ചോദിച്ചു..

“ഇല്ല.. ഞാൻ വരുന്നില്ല…. ഇവരെ വിട്ടിട്ട് എങ്ങനെ വരും… മേഘയ്ക്ക് ഗുളിക കൊടുത്തതേയുള്ളു… പനി മാറിയിട്ടില്ല”… പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ഞാൻ തിരികെ ബാംഗ്ലൂർക്ക് പോകും” .. ആരും വേണ്ട”അവൾ തിരിഞ്ഞ് നോക്കാതെ മറുപടി പറഞ്ഞു.. ” ഉം.. എന്നാൽ ആദ്യം പോയി എന്തെങ്കിലും കഴിക്ക്.. എന്നിട്ട് മതി ജോലി ചെയ്യുന്നത് ” ശാസനയോട് പറഞ്ഞിട്ട് നടന്നകലുന്നവനെ അവനറിയാതെ നോക്കി നിന്നു…. ആ ഹൃദയം മൊത്തം എന്നോടുള്ള പ്രണയമാണ്.. എന്ത് ഭംഗിയായിട്ടാണ് പ്രണയിക്കുന്നത്.. മിഴികളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രണയം…. കരുതലും സ്നേഹവും മാത്രം പിശുക്കിയെ പ്രകടമാക്കു.. ആദ്യമായി സാറിനെ കണ്ട് ഭയന്ന ദിവസമോർത്ത് അവൾക്ക് ചിരി വന്നു.. പ്രണയം മുരടനായ ഒരാളെ ഇത്രയ്ക്ക് സൗമ്യനാക്കി മാറ്റുമോ..

അന്ന് പ്രഹരമേൽപ്പിച്ചയാൾ ഇന്ന് വിരൽതുമ്പിൽ തൊടുന്നത് പോലും വളരെ മൃദുവായി… അച്ഛൻ വന്ന് വിളിച്ചപ്പോഴാണ് സ്വപ്ന സഞ്ചാരത്തിൽ നിന്ന് പിൻതിരിഞ്ഞത്.. “അതൊക്കെ പിന്നെ ചെയ്യാം. ആദ്യം വന്ന് എന്തെങ്കിലും കഴിക്കു” അച്ഛൻ വിളിച്ചു പറഞ്ഞു.. “ശരി അച്ഛാ.. ദാ വരണു ” അവൾ പൈപ്പ് ഓഫ് ചെയ്തു.. മുറിയിൽ പോയി കുളിച്ച് ഒരു ദാവണി എടുത്തുടുത്തു.. കണ്ണാടിയിൽ നോക്കി സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞു.. മഹിയ്ക്ക് മീനാക്ഷിയോട് സംസാരിക്കാൻ പോലും ധൈര്യം കിട്ടിയില്ല. മൗനം തുടർന്നു.. മേഘ അവളുടെ അച്ഛൻ്റെ മടിയിൽ നിന്ന് എഴുന്നേറ്റു മാറിയതേയില്ല. അവൾക്ക് ഇനിയും അച്ഛൻ തന്നെ വിട്ടു പോകുമോ എന്ന ഭയമുണ്ടാകണം.. അവരുടെ അവസ്ഥ കണ്ട് മനസ്സിൽ ഉള്ള ദേഷ്യവും വിഷമവും എങ്ങോ പോയിരുന്നു .

പഴയതുപോലെ തന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി ..എന്തായാലും അമ്മ എന്ന ഒരാൾ വീട്ടിലില്ലാത്തത് ഒരു വല്യ കുറവ് തന്നെയാണ്.. അമ്മയും അച്ഛനും ആണ് ഒരു കുടുംബത്തിന് അഴക്. അവരില്ലെങ്കിൽ കുടുംബം എന്ന് പറയാൻ കഴിയില്ല അവർ രണ്ടുപേരും ഒരുമിച്ച് ചേർന്നാലേ കുടുംബം നല്ലതായിട്ട് പോവുകയുള്ളൂ … അമ്മ എത്ര ദുഷ്ട്ട സ്ത്രീയാണെങ്കിലും മക്കൾക്ക് സ്വന്തം അമ്മയാണ് എറ്റവും നല്ല സ്ത്രീ.. മക്കളുടെ മനസ്സിൽ അവർ നല്ലവരാണ് . പക്ഷേ അവർ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കണമല്ലോ .അനുഭവിച്ചേ തീരൂ . അവൾ ബാക്കിയിരുന്ന കഞ്ഞി അച്ഛനും അവൾക്കും വിളമ്പി.. ” അച്ഛാ കഴിക്കാൻ വായോ” അവൾ വിളിച്ചു.

അവൾക്ക് വിശപ്പ് തുടങ്ങിയിരുന്നു.. എങ്കിലും അച്ഛൻ വരട്ടെയെന്ന് കാത്തിരുന്നു.. അച്ഛന് പകരം മേഘയാണ് വന്നത്. “എങ്ങനുണ്ട് പനി. ” മീനാക്ഷി ചോദിച്ചു. ” ഇപ്പോ മാറി.. അച്ഛൻ വന്നപ്പോൾ പനിയും പോയി.. “.അച്ഛനുള്ള കഞ്ഞി ഞാൻ കൊടുത്തോളാം” എന്ന് പറഞ്ഞ് മേഘ കഞ്ഞി എടുത്തു കൊണ്ടുപോയി.. മീനാക്ഷിയ്ക്ക് ചെറിയ വിഷമം തോന്നിയെങ്കിലും അവൾ ഒറ്റയ്ക്കിരുന്നു കഴിച്ചു… പിന്നിട്ടുള്ള ദിവസങ്ങളിലും മേഘ അവളെ അവഗണിച്ചു കൊണ്ടിരുന്നു.. മഹിയും സംസാരിക്കാറില്ല.. മഹിയും മീനാക്ഷിയും വീണ്ടും ഓഫീസിൽ പോയി തുടങ്ങി.. സഞ്ജയിയെ ഓഫീസിൽ കണ്ടില്ല.. മീനാക്ഷി കാര്യങ്ങൾ എല്ലാം നടത്തുന്നത് കണ്ട് അവരുടെ അച്ഛൻ സന്തോഷിച്ചു ..തനിക്ക് എത്ര മക്കൾ ഉണ്ടെങ്കിലും എല്ലാ മക്കളും ഒരുപോലെ തന്നെയാണ് .

ഇനിയും ആരേയും ഉപേക്ഷിക്കാനും വയ്യ … ഒരു ദിവസം അദ്ദേഹം മീനാക്ഷിയേയും രണ്ടുപേരും പിടിച്ച് അടുത്തിരുത്തി പറഞ്ഞു.. “എനിക്ക് നിങ്ങൾ മൂന്നുപേരും ഒരുപോലെയാണ്.. നിങ്ങൾ മൂന്നു പേരും ഈ വീട്ടിൽ വേണം എന്നാണ് എൻ്റെ ആഗ്രഹം . ഒരു മകൾക്ക് വേണ്ടി മാത്രം മറ്റു മക്കളേ വേദനിപ്പിക്കാൻ വയ്യ.. അതേ പോലെ മക്കൾക്ക് വേണ്ടി ഒരു മകളേയും വേദനിപ്പിക്കാൻ വയ്യ.. “എന്ന് അദ്ദേഹം പറഞ്ഞു മീനാക്ഷി അദ്ദേഹത്തെ നോക്കി.. അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.. ഒരുപക്ഷേ തന്നെക്കാൾ കൂടുതൽ ഇഷ്ടം മേഘയോടും മഹിയോടും ഉണ്ടാവും .അദ്ദേഹം തോളിലിട്ടു കളിപ്പിച്ചു വളർത്തിയതല്ലേ.. അങ്ങനെ വളർത്തിയ മകൾ പട്ടിണി കോലമായി പനി പിടിച്ചു കട്ടിലിൽ കിടക്കുന്നത് കണ്ടു അച്ഛൻ്റെ ഹൃദയം വേദനിച്ചു കാണും..

എന്നെയും ഉപേക്ഷിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല അതുകൊണ്ട് പക്ഷേ ആരെയും വേദനിപ്പിക്കാതിരിക്കാൻ തീരുമാനങ്ങൾ മാറ്റേണ്ടിയിരിക്കുന്നു.. എന്തായാലും അവരുടെ മനസ്സിലെ വിഷമങ്ങൾ കുറയുന്നത് വരെ അവരോടൊപ്പം ഇവിടെത്തന്നെ താമസിക്കണം എന്ന് കരുതി. സഞ്ജയ് പോലും അവളെ അന്വേഷിച്ചു വരികയോ ഫോൺ വിളിക്കുകയോ ചെയ്തില്ല അവൾക്ക് ഒരുതരത്തിൽ ആശ്വാസമായിരുന്നു കുറച്ച് ദിവസം കൊണ്ട് വീട് പഴയതുപോലെ ആയി തുടങ്ങി .. അവൾ അച്ഛനോടൊപ്പം വയലിൻ്റെ പ്രോഗ്രാമിന് പോയിത്തുടങ്ങി. മഹി ഓഫീസിലേക്കും മേഘ കോളേജിലേക്കും പോയിത്തുടങ്ങി… മനോ ഇടയ്ക്ക് കേസിൻ്റെ ആവശ്യത്തിനുവേണ്ടി വീട്ടിലേക്ക് വന്നു പോയിക്കൊണ്ടിരുന്നു ..

അപ്പോഴൊക്കെ മേഘയുടെ പരിഭ്രമം മീനാക്ഷി തിരിച്ചറിഞ്ഞിരുന്നു.. അങ്ങനെ വീട്ടിലെ മാറ്റങ്ങളെ അതിശയത്തോടെ നോക്കി കാണുകയായിരുന്നു മനോ എന്ന പോലീസുകാരൻ.. വീട്ടിലുള്ളവർ തന്നെ വാദിയും പ്രതികളും കുറ്റവാളികളും . അതുകൊണ്ട് കോടതി വാദിക്കാനോ കേസ് മുൻപോട്ട് കൊണ്ടുപോകാനോ പറ്റുന്നില്ല.. വാദപ്രതിവാദങ്ങൾക്ക് സാഹചര്യവും ഇല്ല തെളിവുകൾ വച്ച് മുത്തശ്ശനും അമ്മയ്ക്കും ഉള്ള ശിക്ഷ കിട്ടി …. മനോയുടെ മനസ്സ് മേഘയിൽ മാത്രം കുരുങ്ങി കിടന്നു പോയി.. മനോ നേരിട്ട് അച്ഛനോട് പെണ്ണ് ചോദിച്ചു.. മേഘയോട് ചോദിച്ചപ്പോൾ ഇഷ്ട്ട കുറവൊന്നുമില്ല എന്നു പറഞ്ഞു.. മേഘയെ കാണാൻ മനോയുടെ വീട്ടിൽ നിന്നും ബന്ധുക്കളെ കൂട്ടി വരാം എന്ന് പറഞ്ഞു അവൻ പോയി..

സഞ്ജയിയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും മറുപടി ഒന്നും പറയാതെ അവൻ ഫോൺ കട്ട് ചെയ്തു . തന്നോട് ദേഷ്യം ആയിരിക്കും വാക്ക് പാലിക്കാത്തതിൽ … വന്നിട്ട് ദിവസങ്ങൾ ഒരു പാടായിരിക്കുന്നു… മഹിയുടെ പേരിലേക്ക് വേഗം സ്വത്ത് മാറ്റണം.. എന്നാലെ സിന്ധ്യയുമായുള്ള വിവാഹം നടക്കു.. ഈ കാര്യത്തെക്കുറിച്ച് അദ്ദേഹത്തിനോട് സംസാരിക്കണം എന്ന് അവൾ തീരുമാനിച്ചു … അച്ഛൻ്റെ അടുത്തേക്ക് ചായയുമായി ചെന്നു.. മേഘ അച്ഛൻ്റെ അരികിൽ തന്നെയിരിക്കുന്നുണ്ടായിരുന്നു.. ചായയുമായി നിൽക്കുന്ന അവളെ കണ്ടു അച്ഛൻ അടുത്ത ഇരിക്കാൻ പറഞ്ഞു.. മീനാക്ഷി ചായ അച്ഛൻ്റെ കൈയ്യിൽ കൊടുത്തു.. “എന്തോ കാര്യം പറയാൻ ഉണ്ടല്ലോ എൻ്റെ കുട്ടിക്ക് എന്താ കാര്യം ” സ്വത്ത് എഴുതിക്കൊടുക്കുന്നനെക്കുറിച്ച് ആണെങ്കിൽ പറയേണ്ട …

സ്വത്ത് മഹിയുടെ പേരിൽ ആണേലും മേഘയുടെ പേരിലാണെങ്കിലും മീനൂട്ടിയുടെ പേരിലാണെങ്കിലും എനിക്ക് എല്ലാം ഒന്നുതന്നെയാണ് . എനിക്ക് നിങ്ങൾ മൂന്നുപേരും ഒരുപോലെയാണ് ” എന്ന് അദ്ദേഹം പറഞ്ഞു. ” മഹിയുടെയും സിന്ധ്യയുടെയും വിവാഹ കാര്യത്തെ കുറിച്ചാണ് .. പിണക്കം ഇനി അധികം നീട്ടികൊണ്ട് പോകരുത് .. നേരിട്ട് കണ്ട് സംസാരിച്ച് തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കണം”അമ്മ തിരികെ വന്നു കഴിഞ്ഞിട്ട് വിവാഹം നടത്താം” എന്ന് മീനാക്ഷി പറഞ്ഞു “അവൾ തിരിച്ചുവരുന്നതുവരെ കാക്കേണ്ട ആവശ്യമില്ല. എൻ്റെ മനസ്സിൽ അവൾ മരിച്ചുപോയിരിക്കുന്നു .. ഇനിയൊരിക്കലും എനിക്ക് അവളെ സ്നേഹിക്കാൻ കഴിയില്ല കൂടെ കൂട്ടാനും കഴിയില്ല .

എൻ്റെ മക്കളുടെ അമ്മ ഒരു പരിഗണന മാത്രം കാരണം എൻ്റെ മക്കളുടെ അമ്മയായി പോയില്ലേ ഉപേക്ഷിക്കാനും കഴിയില്ല “അദ്ദേഹം വിഷമത്തോടെ പറഞ്ഞു “എങ്കിൽ അച്ഛനും മഹിയും കൂടി നാളെ പോയി ദമോധർ സാറിനെ വീട്ടിൽ പോയി സംസാരിക്കണം” എന്ന് മീനാക്ഷി പറഞ്ഞു.. ” മീനൂട്ടി പറഞ്ഞത് ശരിയാണ്.. നമ്മുക്ക് എല്ലാവർക്കും ഒരുമിച്ച് പോകാം ” അച്ഛൻ പറഞ്ഞു. ‘ഞാൻ വരുന്നില്ല അച്ഛാ… എനിക്ക് അങ്ങോട്ടേക്ക് വരാൻ ഒരു മടി . ഒന്നും പറയാതെ ഒരു വാശിക്ക് അച്ഛനെയും കൂട്ടി പോയതല്ലേ.. അവിടെ അമ്മ എന്തെങ്കിലും ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ ഇല്ല” .അതുമല്ല ദാമോധർ സാറിന് എന്തോ ഒരു ഇഷ്ട്ടക്കേട് ഉണ്ട്” മീനാക്ഷി മുഖം കുനിച്ചു.. ..

” ഇണക്കങ്ങളും പിണക്കങ്ങളും ജീവിതത്തിൻ്റെ ഭാഗമല്ലേ ..അതിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചാൽ ജീവിതകാലം മുഴുവൻ ഓടേണ്ടി വരും നിൻ്റെ അമ്മയെ പോലെ… നിൻ്റെ ജീവിതം നല്ലതായിരിക്കണ്ടെ.. എന്തായാലും എല്ലാ തെറ്റിദ്ധാരണകളും വിഷമങ്ങളും എല്ലാം പറഞ്ഞു തീർക്കണം ” അതു കൊണ്ട് നമ്മൾ എല്ലാവരും പോകണം.. പിന്നെ മേഘയെ പെണ്ണുകാണാൻ വരുമ്പോൾ സഞ്ജയുടെ വീട്ടിൽ നിന്നും എല്ലാരും വരണ്ടേ.. ആ കാര്യവും നേരിട്ട് പറയാം” എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല. ” ശരി അച്ഛാ നാളെ എല്ലാവർക്കും കൂടി പോകാം ” അവൾ മുറിയിലേക്ക് പോയി.. രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല..

അവൾ മുറ്റത്തേക്കിറങ്ങി.. നിലാവിൻ്റെ വെളിച്ചത്തിൽ മുറ്റത്തു കൂടി നടന്നു..വിവാഹക്കാര്യം ശരിയായാൽ മതിയായിരുന്നു …… ഞാൻ കാരണം അവരുടെ ഇഷ്ടങ്ങളെ സ്വപ്നങ്ങളും നഷ്ട്ടം ആകാൻ പാടില്ല . ” ചേച്ചി ഉറങ്ങിയില്ലേ” മേഘ ചോദിക്കുന്നത് കേട്ടാണ് മീനാക്ഷി തിരിഞ്ഞു നോക്കിയത്.. ” ഇല്ല” അവൾ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു നിന്നു.. മേഘ അവളെ പുറകിൽ നിന്നു വയറിൽ ചുറ്റിപ്പിടിച്ചു പുറത്തിൽ മുഖമമർത്തി നിന്നു.. മേഘയുടെ പെട്ടെന്നുള്ള പ്രവർത്തിൽ അവളൊന്ന് ഞെട്ടി.. ” വെറും ഉടമ്പടിയ്ക്കാണ് സഞ്ജയേട്ടൻ ചേച്ചിയെ വിവാഹം കഴിച്ചത് എന്ന് ഞാനറിഞ്ഞു … ഞങ്ങൾക്ക് വേണ്ടിയാ അല്ലെ.. മഹിയേട്ടൻ്റെയും സിന്ധ്യേച്ചിയുടെയും വിവാഹം നടക്കാൻ വേണ്ടിയാ എന്ന് സഞ്ജയേട്ടൻ പറഞ്ഞു… .ഞങ്ങൾക്ക് സ്വത്തും പണവും ഒന്നും വേണ്ട…

ചേച്ചി സഞ്ജയേട്ടനൊടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് ഞങ്ങൾക്ക് കാണണം.. അതു കൊണ്ടാ ചേച്ചിയോട് അകലം കാണിച്ചത് “.. ചേച്ചി സന്തോഷമായി ജീവിച്ചാലെ മഹിയേട്ടൻ സന്തോഷത്തോടെ ജീവിക്കു.. ഞാനും വിവാഹം കഴിക്കു… ” ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതo തന്നെ വിട്ടു കൊടുത്ത ആ അമ്മയുടെ മകൾക്ക് വേണ്ടി എനിക്കിത്രയെങ്കിലും ചെയ്യണം”മേഘയുടെ വാക്കുകൾ കേട്ട് അവൾ വിശ്വസിക്കാനാവാതെ നിന്നു.. കരഞ്ഞു തുടങ്ങിയവളെ കൈയ്യിൽ പിടിച്ച് തനിക്കഭിമുഖമായി നിർത്തി.. ” എന്നെ അവഗണിച്ചാൽ ഞാൻ പോകും എന്ന് കരുതിയെങ്കിൽ തെറ്റി.. എനിക്കൊരിക്കലും നിങ്ങളെ വിട്ടു പോകാൻ കഴിയില്ല.. ൻ്റെ സഹോദരങ്ങളല്ലേ നിങ്ങൾ… ഒറ്റയ്ക്കാക്കി പോയതിൽ വിഷമമേയുള്ളു.. ” മീനാക്ഷി മേഘയെ ചേർത്തു പിടിച്ചു വിടിന് അകത്തേക്ക് കയറി.. എല്ലാം കേട്ടുകൊണ്ട് മഹിയും അവിടെ നിൽക്കുന്നുണ്ടായിരുന്നു..

മഹിയുടെ മുഖം കുറ്റബോധം കൊണ്ട് കുനിഞ്ഞു പോയി.. പിറ്റേദിവസം രാവിലെ എല്ലാവരും എഴുന്നേൽപ്പിച്ച് നിർബന്ധിച്ചു കുളിപ്പിക്കാൻ കയറ്റി.. വേഗം ആഹാരം ഉണ്ടാക്കി മേശപ്പുറത്ത് കൊണ്ടു വെച്ചു അവളും കുളിച്ചു ഒരുങ്ങി അന്നത്തെ ഓറഞ്ച് കളർസാരി ആണ് ഉടുത്തത് .. മേഘയിൽ പഴയ കുസൃതിയും ചിരിയും എല്ലാം തിരികെ വന്നിരിക്കുന്നു മ..ഹിയുടെ കണ്ണുകളിൽ എന്തോ ഒരു പരിഭ്രമം.. ” വിവാഹം ശരിയാകുമോ ” അവൻ ചോദിച്ചു.. “ഉറപ്പായും സമ്മതിക്കും “മീനാക്ഷി ആശ്വസിപ്പിച്ചു . എല്ലാവരും വണ്ടിയിൽ കയറി . മഹി ഡ്രൈവിംഗ് സീറ്റിൽ കയറി.. അച്ഛൻ മഹിയുടെ കൂടെ മുമ്പിലിരുന്നു. മീനാക്ഷിയും മേഘയും പുറകിലിരുന്നു … സഞ്ജയുടെ വീട്ടിൽ മുന്നിൽ നിൽക്കുമ്പോൾ വണ്ടി നൽകുമ്പോൾ മീനാക്ഷിയുടെ ഹൃദമിടിപ്പ് ഉയർന്നു.. മുറ്റത്തുതന്നെ സഞ്ജയുടെ അമ്മ ഉണ്ടായിരുന്നു. മീനാക്ഷിയ്ക്ക് അവരെ ഫേസ് ചെയ്യാൻ മടിയായിരുന്നു . വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ സഞ്ജയുടെ അമ്മ മീനാക്ഷിയെ കെട്ടിപ്പിടിച്ചു .

“എങ്ങനെ തോന്നി ഞങ്ങളെ എല്ലാം ഉപേക്ഷിച്ചു പോകാൻ.. ഇങ്ങനെയൊരു അമ്മ ഉണ്ടെന്ന് നിനക്ക് ഓർമ്മയില്ലായിരുന്നു അല്ലേ. അകത്തേക്ക് വാ .. എല്ലാത്തിനും ചേർത്ത് ഞാൻ തരുന്നുണ്ട് .”സഞ്ജയുടെ അമ്മ പറഞ്ഞു മീനാക്ഷി മറുപടി ഒന്നും പറയാതെ നിന്നു പരുങ്ങി.. “എല്ലാവരും അകത്തേക്ക് വരു” ദാമോദർ എല്ലാവരെയും ക്ഷണിച്ചു.. മീനാക്ഷി ദാമോധർ സാറിനെ നോക്കിയതേയില്ല .. അവൾ സഞ്ജയുടെ അമ്മയുടെ പുറകേ ചെന്നു .. വേഗം കയറിയപ്പോൾ ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ട്.. സഞ്ജയ് മാത്രം അവിടെയില്ലായിരുന്നു.. അച്ഛൻ്റെ കൂടെ അവളും ഇരുന്നു .. “എന്താ രാവിലേ എല്ലാരുo കൂടി “ദാമോധർ സർ ചോദിച്ചു.. ” വീട്ടിലെ പ്രശ്നങ്ങൾ എല്ലാം അറിഞ്ഞല്ലോ.. ഇപ്പോൾ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾ തരണം ചെയ്ത് കഴിഞ്ഞു..

എൻ്റെ മകൾ നിങ്ങളോട് പറയാതെ മാറി നിന്നത് തെറ്റാണ്… ക്ഷമിക്കണം.. ഞങ്ങൾ മീനാക്ഷിയെ തിരികെ കൊണ്ടാക്കാൻ വന്നതാണ് ” അച്ഛൻ പറയുന്നത് കേട്ട് മീനാക്ഷി മാത്രം ഞെട്ടി… ബാക്കിയെല്ലാരും യാതൊരു ഭാവഭേദവുമില്ലാതെയിരിക്കുന്നു… എല്ലാരും കൂടി അറിഞ്ഞിട്ടാണെന്ന് അവൾക്ക് മനസ്സിലായി.. ” ഇന്ന് നിങ്ങൾ വന്നില്ലാരുന്നെങ്കിൽ മീനൂട്ടിയെ കൊണ്ടുവരാൻ ഞങ്ങൾ അങ്ങോട്ട് വരാനിരിക്കയായിരുന്നു ” ദാമോധർ സർ പറഞ്ഞപ്പോൾ വീണ്ടും ഞെട്ടി.. ആരാണോ തന്നെ ഈ വീട്ടിൽ നിന്നും സഞ്ജയ് സാറിൻ്റെ ജീവിതത്തിൽ നിന്നും പോകാൻ പറഞ്ഞ ആ ആൾ തന്നെ വിളിക്കാൻ വരാനിരിക്കയയിരുന്നു എന്നു പറഞ്ഞു കേട്ടപ്പോൾ മീനാക്ഷിയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… ” സഞ്ജയ് മുകളിൽ ഉണ്ട്…

നിങ്ങൾ വന്നത് അറിഞ്ഞു കാണില്ല…” ഞാൻ ചായയെടുക്കാം.. എല്ലാരും ഇന്നിവിടെ കൂടാം…”അമ്മ പറഞ്ഞു.. അമ്മ അടുക്കളയിലേക്ക് പോയപ്പോൾ മീനാക്ഷിയും മേഘയും എഴുന്നേറ്റു കൂടെ പോയി.. സിന്ധ്യ അടുക്കളയിൽ നിൽക്കുന്നത് കണ്ടു… അവളുടെ ഒരു നിഴൽ രൂപം പോലെ തോന്നിച്ചു.. കണ്ണിലെ തിളക്കവും കുസൃതിയും നഷ്ട്ടപ്പെട്ടിരിക്കുന്നു… മീനാക്ഷി അവളുടെ കൈയ്യിൽ പിടിച്ചപ്പോഴാണ് സിന്ധ്യ മുഖമുയർത്തി നോക്കിയത്.. “മഹി വന്നിട്ടുണ്ട്.. ചെല്ല്… നിങ്ങളുടെ കാര്യം സംസാരിക്കാനാണ് വന്നത് “മീനാക്ഷി പറഞ്ഞപ്പോൾ ആ മിഴികൾ വിടർന്നു അടുത്ത നിമിഷം സജ്ജലമായി…. ” മീനാക്ഷി സഞ്ജയ്ക്ക് ഈ ചായകൊടുത്തിട്ട് വാ ” അമ്മ ചായ അവളുടെ കൈയ്യിലേക്ക് കൊടുത്തു….. ” ഞാനോ ” മീനാക്ഷി പതർച്ചയോടെ ചോദിച്ചു..”പിന്നെ വഴിയേ പോകുന്നവരുടെ കൈയ്യിൽ കൊടുത്തു വിടണോ ” അമ്മ കളിയാക്കി..

അവൾ വേറെ വഴിയില്ലാതെ സഞ്ജയുടെ മുറിയിലേക്ക് നടന്നു.. വാതിൽ തുറന്ന് നോക്കി.. സർ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുകയാണ്.. ” ഞാൻ പേപ്പർസ് എല്ലാം ശരിയാക്കി അയച്ചു…. ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞാൽ ലണ്ടനിലേയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെയാക്കാം” എന്ന് പറഞ്ഞ് തിരിഞ്ഞതും മീനാക്ഷി ചായയുമായി നിൽക്കുന്നത് കണ്ടു.. അവൻ അവളെ മൈൻ്റ് ചെയ്യാതെ ചായ വാങ്ങി മുറിയിൽ നിന്നിറങ്ങി പോയി… അവളും ഹാളിലേക്ക് ചെന്നു.. ” സഞ്ജയ്ക്ക് ലണ്ടനിലേക്ക് പോകാൻ ഒരവസരം കിട്ടിയിട്ടുണ്ട്.. പോയാൽ അഞ്ചു വർഷം കഴിയാതെ തിരിച്ച് വരാൻ കഴിയില്ല.. അതുകൊണ്ട് സിന്ധ്യയുടെയും മഹിയുടെയും വിവാഹം രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം” എന്ന് ദാമോധർ സർ പറഞ്ഞു…. മീനാക്ഷിയ്ക്ക് വല്ലാത്ത വിഷമം തോന്നി.. സഞ്ജയ് സാറിന് പോകാതിരുന്നുടേ… ഇത്രയും ദൂരെ പേകേണ്ട കാര്യമെന്താ.. ഒന്നൂല്ലേലുo ഇടയ്ക്ക് കാണുകയെങ്കിലും ചെയ്യാരുന്നു… തനിയെ നിന്നു ചിന്തയിൽ മുഴുകി നിൽക്കുന്നവളുടെ മുഖഭാവമൊക്കെ കണ്ട് സഞ്ജയ്ക്ക് ചിരി വന്നു……………………………….. ” തുടരും…………..

ഉറവിടം: ഭാഗം 37

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story