ഈറൻമേഘം: ഭാഗം 50

ഈറൻമേഘം: ഭാഗം 50

എഴുത്തുകാരി: Angel Kollam

ജോയലും അമേയയും പിറ്റേന്ന് രാവിലെ ബാംഗ്ലൂരിലെത്തി.. അത്രയും ദൂരെ തനിയെ ഡ്രൈവ് ചെയ്തതിന്റെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ജോയലിന് ഡ്യൂട്ടിക്ക് പോകാൻ കഴിഞ്ഞില്ല.. അവൻ ഹോസ്പിറ്റലിൽ വിളിച്ചു ലീവിന് പറഞ്ഞു.. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ദിവസം ലീവെടുത്തത് കൊണ്ട് അമേയയ്ക്ക് ഡ്യൂട്ടിക്ക് പോകാതെ മറ്റ് നിർവാഹമൊന്നും ഇല്ലായിരുന്നു.. കുറച്ചു നേരം റസ്റ്റ് എടുത്തിട്ട് അവൾ ഈവെനിംഗ് ഡ്യൂട്ടിക്ക് പോയി.. ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ എമർജൻസിയ്ക്ക് മുൻപിൽ ജോയൽ കാത്തു നിൽപ്പുണ്ടായിരുന്നു.. അമേയ അവന്റെ അടുത്തെത്തി ചോദിച്ചു.. “ഇച്ചായാ ഒത്തിരി നേരമായോ വന്നിട്ട്?”

“ഇല്ല.. അഞ്ച് മിനിട്ടായതേയുള്ളൂ ” “അകത്തേക്ക് വരാഞ്ഞതെന്താ?” “നീ ഹാൻഡ് ഓവർ കൊടുക്കുകയല്ലേ ശല്യപെടുത്തണ്ടെന്ന് കരുതി..” “ഉം.. ഇച്ചായന്റെ യാത്രാക്ഷീണമൊക്കെ മാറിയോ?” “മാറി.. ” അവർ ഇടവഴിയിലൂടെ നടന്ന് തുടങ്ങിയപ്പോൾ ജോയൽ അവളുടെ കൈ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.. “പെണ്ണേ.. നിന്നെ ഞാനെത്ര മാത്രം മിസ്സ്‌ ചെയ്‌തെന്നറിയാമോ?” “എനിക്കും അങ്ങനെ ആയിരുന്നു ഇച്ചായാ ” “നീ ഇവിടേക്ക് വരാൻ ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരിക്കുകയായിരുന്നു ” “ചേച്ചിയ്ക്ക് മാറ്റമുള്ളത് പോലെയാണ് ഞങ്ങൾക്കെല്ലാവർക്കും തോന്നിയത്.. എത്രയും പെട്ടന്ന് ചേച്ചി പഴയത് പോലെ ആയിരുന്നുവെങ്കിൽ എനിക്ക് അവളോട് നമ്മുടെ കാര്യം ധൈര്യത്തോടെ സംസാരിക്കാമായിരുന്നു ”

“എന്തായാലും ഇപ്പോൾ വേണ്ട.. ഇത്രയും നാളുകൾ നമ്മൾ കാത്തിരുന്നില്ലേ.. ഇനിയും ക്ഷമയോടെ കാത്തിരിക്കാം ” ഫ്ലാറ്റിലെത്തിയതിന് ശേഷം അമേയ കുളിച്ചു റെഡിയായി വന്നപ്പോളേക്കും ജോയൽ ഡൈനിങ് ടേബിളിൽ ഭക്ഷണം എടുത്തു വച്ചിരുന്നു.. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതിന് ശേഷം രാത്രി വൈകുന്നത് വരെ സംസാരിച്ചിരുന്നിട്ട് ഇരുവരും ഉറങ്ങാൻ പോയി.. ദിവസങ്ങൾ കടന്ന് പോയി.. അമേയ ചേച്ചിയെ ഇടയ്ക്കിടയ്ക്ക് വിളിച്ചു സംസാരിക്കുമായിരുന്നു.. സംസാരത്തിൽ ആ പഴയ ഉത്സാഹമൊന്നും വന്നിട്ടില്ലെങ്കിലും അവൾക്ക് നല്ല മാറ്റമുള്ളത് പോലെ അമേയയ്ക്ക് തോന്നി.. രണ്ടു മാസങ്ങൾ കടന്ന് പോയി.. ധന്യയുടെ വിവാഹം തീരുമാനിച്ചതനുസരിച്ചു അവൾ നാട്ടിലേക്ക് പോകുന്നതിന് മുൻപ് അമേയയേ ഫോൺ ചെയ്തു..

“ആമി.. എന്റെയും പ്രസാദേട്ടന്റെയും വിവാഹമാണ്.. ഈ മാസം ഇരുപത്തിമൂന്നാം തീയതി.. ചേച്ചിയുടെ ഡെലിവറിയ്ക്ക് ലീവെടുത്തു പോയത് കൊണ്ട് നിനക്കിനി ഉടനെ ലീവെടുത്തു വരാൻ കഴിയില്ലെന്ന് എനിക്കറിയാം.. നിന്റെ പ്രാർത്ഥന ഉണ്ടാകണം ” “ഉറപ്പായിട്ടും പ്രാർത്ഥിക്കാം മോളെ.. നീ ലീവ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഒരു ദിവസം ഇങ്ങോട്ടേക്കു വരണം കേട്ടോ ” “ഉറപ്പായും വരാം കേട്ടോ ” “ഓക്കേ ഡി.. വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്” “താങ്ക്യൂ ഡിയർ ” ഞായറാഴ്ച ജോയലിനും അമേയയ്ക്കും ഓഫായിരുന്നു.. അടുക്കളയിൽ പാചകത്തിലായിരിക്കുമ്പോൾ ആനി വീഡിയോ കാൾ വിളിച്ചു.. ജോയൽ അമ്പരപ്പോടെ ഫോണെടുത്തിട്ട് ചോദിച്ചു.. “എന്ത് പറ്റി മമ്മി പതിവില്ലാതെ ഞായറാഴ്ചയൊക്കെ വീഡിയോ കാൾ വിളിക്കുന്നത്?” “പള്ളിയിലെന്തോ പൊതുയോഗമോ മീറ്റിങ്ങോ ഒക്കെയുണ്ട്.. പപ്പാ അവിടെ നിൽക്കുന്നതേയുള്ളൂ..

ഞാൻ തിടുക്കപ്പെട്ടു ഇങ്ങ് പോന്നതാണ്.. എനിക്ക് നിന്നെയും എന്റെ മോളെയും കാണാൻ വല്ലാത്ത ആഗ്രഹം തോന്നി ” അമേയ ആനിയ്ക്ക് കാണാൻ പാകത്തിൽ അടുത്തേക്ക് വന്നു നിന്നു.. “സുഖമാണോ മോളെ?” “അതേ ” “മോളുടെ ചേച്ചിയുടെ കാര്യമൊക്കെ ജോക്കുട്ടൻ പറഞ്ഞു.. മോൾ വിഷമിക്കണ്ട.. എല്ലാം ശരിയാകും.. ദൈവത്തിന്റെ പദ്ധതി അനുസരിച്ചേ എല്ലാം നടക്കത്തുള്ളൂവെന്ന് മാത്രം കരുതിയാൽ മതി ” “ഉം ” ജോയൽ ആനിയോട് ചോദിച്ചു.. “മമ്മീ.. ഞങ്ങളുടെ കാര്യം പപ്പയോട് സൂചിപ്പിക്കുകയെങ്കിലും ചെയ്തോ.. ” “ജോക്കുട്ടാ.. അതിന് പറ്റിയ ഒരു സാഹചര്യവും ഒത്തുവന്നില്ല.. നിങ്ങൾ വിഷമിക്കണ്ട.. പറ്റിയ സാഹചര്യം ഉണ്ടായാൽ ഞാൻ പപ്പയെ പറഞ്ഞു സമ്മതിപ്പിച്ചോളാം ” “ഉം.. അവൾ വിളിക്കാറുണ്ടോ മമ്മീ ?” “അവൾ എത്ര തിരക്കാണെങ്കിലും ഡെയിലി വിളിക്കും.. നീ അവളെയൊന്ന് വിളിക്കുക പോലും ചെയ്യില്ലെന്ന് അവളിന്ന് പരാതി പറഞ്ഞു..

ഒന്നുമല്ലെങ്കിലും നിന്റെ പെങ്ങളല്ലേടാ അവൾ? ആഴ്ചയിൽ ഒരിക്കലെങ്കിലും അവളെ വിളിച്ചൊന്നു വിശേഷം തിരക്കാമല്ലോ?” “എന്റെ ഫോണിൽ ഔട്ട്‌ഗോയിങ് മാത്രമല്ല ഇൻകമിങ് ഫെസിലിറ്റിയും ഉണ്ടെന്ന് മമ്മി പുന്നാര മോളോടൊന്ന് പറഞ്ഞേക്ക്.. അവൾക്ക് വേണമെങ്കിൽ എന്നെയും ഒന്ന് വിളിക്കാമല്ലോ ” “അവൾക്ക് ഒത്തിരി പഠിക്കാനില്ലേ ജോക്കുട്ടാ.. അതുകൊണ്ട് ബിസി ആയിരിക്കും ” “എങ്കിൽ ഞാൻ അതിനേക്കാളും വല്യ ബിസിയാണ് ” “ഇതുപോലെ രണ്ടെണ്ണം.. ഇത്രയും വലുതായിട്ടും കുട്ടിക്കളി മാറിയിട്ടില്ലല്ലോ.. നീ ഒന്ന് വിളിക്ക് ജോക്കുട്ടാ അവളെ ” “ആലോചിക്കട്ടെ ” പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ആനി തിടുക്കത്തിൽ പറഞ്ഞു. “ജോക്കുട്ടാ പപ്പാ വന്നെന്ന് തോന്നുന്നു… പിന്നെ വിളിക്കാം ” കാൾ കട്ട്‌ ചെയ്തിട്ട് ആനി മുൻവാതിലിന്റെ നേർക്ക് നടന്നു.. ആനി വാതിൽ തുറന്നു കൊടുത്തപ്പോൾ അകത്തേക്ക് കയറുന്നതിനിടയിൽ ജോസഫ് പറഞ്ഞു..

“ആലുംതടത്തെ ഡേവിഡിന്റെ മോന്റെ കല്യാണമെന്ന്.. ആ ചെക്കന് ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസേ ഉള്ളൂ ” “അതിനിപ്പോളെന്താ കുഴപ്പം?” “ഒരു കുഴപ്പവുമില്ലേ? ജോക്കുട്ടന് എത്ര വയസായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?” “പിന്നേ.. കല്യാണമാണോ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം? ജോക്കുട്ടന് താല്പര്യം ഉള്ളപ്പോൾ അവൻ കല്യാണം കഴിച്ചോട്ടെ.. നമ്മളായിട്ട് എന്തിനാ നിർബന്ധിക്കുന്നത്?” “അവനൊ ഇങ്ങനെ ആയിപോയി നീയെന്താ ഇങ്ങനെ ആയിപ്പോയതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല ആനി..” വസ്ത്രം മാറാൻ വേണ്ടി ജോസഫ് അകത്തെ മുറിയിലേക്ക് പോയപ്പോൾ ആനി ഗാഡമായ ചിന്തയിലിരുന്നു.. ഇപ്പോൾ ജോസഫ് ജോക്കുട്ടന്റെ വിവാഹക്കാര്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത്..

ഈ അവസരം മുതലാക്കി മെല്ലെ കാര്യം അവതരിപ്പിച്ചാലോ? എല്ലാം കേട്ട് കഴിയുമ്പോൾ അദ്ദേഹം എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല.. എടുത്തു ചാടി ഒന്നും ചെയ്യണ്ട.. പതിയെ ബുദ്ധി ഉപയോഗിച്ച് എന്തെങ്കിലും ചെയ്താൽ മതിയെന്ന് മനസ്സിൽ കരുതിക്കൊണ്ട് ആനി ആലോചനയോടെ ഇരുന്നു.. ആനിയുടെ മനസ്സിൽ പല ആശയങ്ങളും മിന്നി മറഞ്ഞു.. എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.. ആനിയുടെ അടുത്തേക്ക് നടന്നു വരുന്നതിനിടയിൽ ജോസഫ് ചോദിച്ചു.. “നീയെന്താ ആനി ചിന്താവിഷ്ടയായ സീതയെപ്പോലെ ഇരിക്കുന്നത്?” എങ്ങനെയെങ്കിലും അയാളോട് പതിയെ ജോയലിന്റെയും അമേയയുടെയും വിഷയം അവതരിപ്പിക്കണമെന്ന ചിന്ത മാത്രമേ ആനിയുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

“അച്ചായാ ആ ആലുംതടത്തെ ചെക്കൻ കെട്ടാൻ പോകുന്ന പെങ്കൊച്ചിന് എന്തെങ്കിലും ജോലിയുണ്ടോ?” “ലണ്ടനിൽ നേഴ്സ് ആണ്.. ആ ചെക്കനും അവിടെ നേഴ്സ് ആണല്ലോ.. അവർ തമ്മിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തേയുള്ള അടുപ്പമാണെന്ന് കേൾക്കുന്നു ” “അതെയോ?” “അതേ.. രണ്ടാളും അവിടെ ഏതോ കോളേജിലാണ് നഴ്സിംഗ് പഠിച്ചത്..” ആനിയ്ക്ക് ഒരു ഐഡിയ തോന്നി.. കുറച്ചു അഭിനയിച്ചേക്കാമെന്ന് കരുതിക്കൊണ്ട് ആനി പറഞ്ഞു.. “ഓ.. ഇപ്പോളത്തെ പിള്ളേരുടെ ഒരു കാര്യമേ.. കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്ന അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാടിന് ഒരു വിലയും കൽപ്പിക്കാതെയല്ലേ ഓരോരുത്തരെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് ” “അതെന്താ ആനി നീ അങ്ങനെ പറയുന്നത്. ഒരു കണക്കിന് പറഞ്ഞാൽ പ്രണയവിവഹമല്ലേ നല്ലത്..

തികച്ചും അപരിചിതരായ രണ്ടു വ്യക്തികൾ ഒരുമിച്ച് താമസിക്കുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലത് പരസ്പരം അടുത്തറിയാവുന്ന രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കുന്നതല്ലേ? നമ്മുടെ മോളുടെയും പ്രണയവിവാഹം ആയിരുന്നല്ലോ പിന്നെന്താ നീയിപ്പോൾ ഇങ്ങനെ പറയുന്നത്??” “ഞാൻ മറ്റൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. പ്രണയിച്ചയാളെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യുന്നതൊക്കെ നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.. പക്ഷേ ചിലരൊക്കെയുണ്ട് അപ്പന്റെയും അമ്മയുടെയും വാക്കുകൾക്കൊന്നും ഒരു വിലയും കൊടുക്കാതെ ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങി പോകുന്നവർ ” “അതിപ്പോൾ ആരുടെ കയ്യിലെ തെറ്റാണ്? നമ്മുടെ മക്കൾ ഒരാളെ ഇഷ്ടമാണെന്ന് അറിയിക്കുമ്പോൾ മക്കളുടെ ജീവിതത്തിലെ സന്തോഷത്തിന് വേണ്ടി അത്‌ നടത്തികൊടുക്കുകയല്ലേ വേണ്ടത്?

പക്ഷേ പലരും സ്വത്തിന്റെയും പണത്തിന്റെയും പേരിലും ജാതിയുടെയും മതത്തിന്റെയും വേർതിരിവ് കൊണ്ടുള്ള ദുരഭിമാനം കൊണ്ടും മക്കളുടെ സന്തോഷത്തിനു തടസ്സം നിൽക്കുന്നു.. അങ്ങനെയുള്ള സാഹചര്യത്തിൽ വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും തങ്ങൾ സ്നേഹിച്ചവരെ നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടും ആ പ്രണയിതാക്കൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിനവരെ കുറ്റപ്പെടുത്താൻ സാധിക്കുമോ?” “അതെന്താ അച്ചായൻ ഇങ്ങനെയൊക്കെ പറയുന്നത്? എന്റെ ഒരു പഴയ കൂട്ടുകാരി അംബികയുടെ മോൻ ഇതുപോലെ ഒരു പെങ്കൊച്ചിനെ ഇഷ്ടമാണെന്ന് അവളോട് വന്നു പറഞ്ഞു.. അവരാണെങ്കിൽ ഒന്നാംതരം നായർ തറവാട്ടിൽ ഉള്ളതാണ്.. ആ പയ്യനാണെങ്കിൽ ഏതോ ക്രിസ്ത്യാനിപെണ്ണിനോട് അസ്ഥിയിൽ പിടിച്ച പ്രേമം ആയിരുന്നു..

അവരുടെ കുടുംബത്തിന്റെ അന്തസ്സിന് ചേരാത്തത് കൊണ്ട് അംബികയും ഭർത്താവും ആ ബന്ധത്തെ നഖശിഖാന്തം എതിർത്തു.. അവരുടെ എതിർപ്പ് വക വയ്ക്കാതെ ആ പയ്യൻ ആ പെങ്കൊച്ചിനെയും വിളിച്ചിറക്കി കൊണ്ട് വന്ന് ഇപ്പോൾ ഒരു വാടക വീട്ടിലാണ് താമസം ” “നിനക്ക് അംബികയെന്നൊരു കൂട്ടുകാരി ഉള്ളതായിട്ട് നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ ” “അത്‌… അത്‌.. അതെന്റെ കൂടെ പണ്ട് വർക്ക്‌ ചെയ്തിരുന്നായാണ്.. കുറേ നാളായിട്ട് വല്യ ബന്ധമൊന്നും ഇല്ലായിരുന്നു.. ഈയിടെ തികച്ചും അപ്രതീക്ഷിതമായി വീണ്ടും സൗഹൃദം പുതുക്കിയതാണ് “. ആനി നിമിഷനേരം കൊണ്ടൊരു കളവ് പറഞ്ഞു.. “അങ്ങനെയൊരു പഴയ സുഹൃത്തിനെ കണ്ടു കിട്ടിയ കാര്യവും നീ പറഞ്ഞിട്ടില്ലായിരുന്നല്ലോ?” “അതിപ്പോൾ ഞാൻ മറന്ന് പോയത് കൊണ്ടല്ലേ പറയാതിരുന്നത്..

ഇതിപ്പോൾ എന്റെ സുഹൃത്തിന്റെ മകൻ ഒരു അന്യജാതിക്കാരി പെങ്കൊച്ചിനെ വിളിച്ചിറക്കി കൊണ്ട് പോയതിന്റെ സങ്കടം അവളെന്നോട് പങ്ക് വച്ചപ്പോൾ ഞാൻ അച്ചായനോട് പറഞ്ഞതാണോ കുഴപ്പം? ഇതിപ്പോൾ പോലീസുകാർ പ്രതിയെ ചോദ്യം ചെയ്യുന്നത് പോലെ എന്തൊക്കെയാ ചോദിക്കുന്നത് ” “ഈ അംബികയെപ്പറ്റി നീ ഇതുവരെ ഒരു വാക്ക് പോലും സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല അതാ ചോദിച്ചത്.. എന്തായാലും ആ വിഷയം വിട്ടേക്ക് ” “ആ അത്‌ തന്നെ.. അത്‌ വിട്ടേക്കാം ഇതല്ലല്ലോ നമ്മൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയം.. ” “ഞാൻ എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞല്ലോ.. നിന്റെ കൂട്ടുകാരി അവരുടെ മകന്റെ ആഗ്രഹത്തിന് എതിര് നിന്നത് കൊണ്ടല്ലേ ആ പയ്യൻ അവന്റെ ഇഷ്ടപ്രകാരം ഇറങ്ങിപ്പോയത്..ജാതിയുടെയും മതത്തിന്റെയും കുടുംബമഹിമയുടെയും ദുരഭിമാനത്തിന്റെയും പേരിൽ എന്തിനാണ് ആ പാവം കുട്ടികളുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്?

ഇതിപ്പോൾ അവരെ പരസ്പരം വേർപിരിച്ചതിന് ശേഷം വേറെ വിവാഹം നടത്തിയാൽ അവർക്ക് രണ്ടുപേർക്കും സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് എന്താണുറപ്പ്?” “ഇതിപ്പോൾ മറ്റൊരാളുടെ ജീവിതം ആയത് കൊണ്ട് അഭിപ്രായം പറയുന്നത് കേൾക്കാൻ കൊള്ളാം.. ഇതിപ്പോൾ ജോക്കുട്ടന്റെ ജീവിതം ആയിരുന്നെങ്കിലും അച്ചായൻ ഇതേ അഭിപ്രായം തന്നെ പറയുമായിരുന്നോ?” “എനിക്ക് പല സമയത്തും പല അഭിപ്രായം ഒന്നുമില്ല.. ഇതിപ്പോൾ ആ പയ്യന്റെ സ്ഥാനത്ത് ജോക്കുട്ടൻ ആണെങ്കിലും ഞാൻ ഇതേ അഭിപ്രായം തന്നെ പറഞ്ഞേനെ ” “ജോക്കുട്ടൻ അന്യമതത്തിൽ പെട്ട ഒരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചാൽ അച്ചായന് പ്രശ്നം ഒന്നുമില്ലെന്നാണോ പറയുന്നത്?” ആനിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചെറുപുഞ്ചിരിയോടെ ജോസഫ് പറഞ്ഞു.. “അവൻ വിവാഹം ചെയ്തു ഒപ്പം ജീവിക്കേണ്ട പെൺകുട്ടിയെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം അവന് തന്നെയാണ് ആനി..

അതിൽ ഞാനെന്തിനാ എതിരഭിപ്രായം പറയുന്നത്?” “ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് പിന്നീട് എപ്പോളെങ്കിലും മാറ്റി പറയുമോ?” ജോസഫ് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തിട്ട് ഏതോ ഒരു ഫോട്ടോ നോക്കിക്കൊണ്ട് പുഞ്ചിരിയോടെ ആനിയോട് പറഞ്ഞു.. “എന്തായാലും ഞാൻ അഭിപ്രായം മാറ്റി പറയാൻ പോകുന്നില്ല.. പ്രത്യേകിച്ച് ജോക്കുട്ടൻ വിവാഹം ചെയ്യാൻ പോകുന്നത് ഈ പെൺകുട്ടിയെ ആണെങ്കിൽ ഞാൻ എതിർക്കുകയേ ഇല്ല ” ജോസഫ് ആ ഫോട്ടോ ആനിയുടെ നേർക്ക് നീട്ടി കാണിച്ചു.. ‘ജോയലും അമേയയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ‘ അത്‌ കണ്ടതും ആനിയുടെ മുഖം വിളറി വെളുത്തു.. ജോസെഫിന്റെ നോട്ടത്തെ നേരിടാനാകാതെ അവർ തല താഴ്ത്തി… തുടരും… ഭയങ്കര തിരക്കാണ് അതുകൊണ്ട് പ്രതീക്ഷിച്ച സമയത്ത് എഴുതി പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത്.. കാത്തിരിക്കുന്ന എല്ലാവരോടും ഒത്തിരി സ്നേഹം…………….തുടരും………………..

ഈറൻമേഘം: ഭാഗം 49

ഈറൻമേഘം എല്ലാഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story