മഴപോൽ: ഭാഗം 10

മഴപോൽ: ഭാഗം 10

എഴുത്തുകാരി: മഞ്ചാടി

“”അയ്യേ… അയ്യേ…. അമ്പൂട്ടി പേടിച്ചേ…. അമ്പൂട്ടി പേടിച്ചേ…. പേടി തൊണ്ടി അമ്പിളി… കൂയ്… കൂയ്….”” ആ പെണ്ണിനെ കളിയാക്കി കൊണ്ടവൻ കൊച്ചു കുട്ടികളെ പോലെ കിടന്ന് തുള്ളി ചാടി…. അവന്റെ കുഞ്ഞു കളി കണ്ട് ദേശിച്ചു നിന്നുരുന്നവളും അറിയാതെ ഒന്ന് ചിരിച്ചു പോയ്‌…. ആ ഭ്രാന്തനോടുള്ള ഇഷ്ടവും വാത്സല്യം ഉള്ളിൽ പതിൻ മടങ്ങ് കൂടുന്ന പോലെ…. ചിരിക്കുമ്പോളവന്റെ താടി രോമങ്ങൾകിടയിലൂടെ ഒളിഞ്ഞു നോക്കുന്ന നുണകുഴികളിൽ പിടി മുറുക്കിയൊരു മുത്തം കൊടുക്കാനാണപ്പോൾ അവൾക്ക് തോന്നിയത്….

“”അമ്പൂട്ടി കുളി കഴിഞ്ഞോ….. അമ്പൂട്ടി എത്ര നേരായി കുളിക്കാൻ കേറീട്ട്…. മതി…. വേഗം വായോ…. നിക്ക് കഥ കേൾക്കാൻ കൊതിയാവുന്നുണ്ട്….. അമ്പൂട്ടി…. “” കുളി കഴിഞ്ഞ് വന്നിട്ട് കഥ പറഞ്ഞു തരാം എന്നേറ്റു പോയതാണ് അമ്പിളി … കുളി മുറിക്കുള്ളിൽ കയറിയതെ ഉണ്ടായിരുന്നൊള്ളു…. അതിന് മുന്നേ ആ ഭ്രാന്തൻ വാതിൽ തല്ലി പൊളിക്കാൻ തുടങ്ങിരുന്നു….ഒട്ടും ക്ഷമയില്ലാത്തൊരു കുറുമ്പൻ…. “”ന്റെ ഉണ്ണിയേട്ടാ….ദ വരുന്നു…. ഒന്നടങ്ങി നിന്നെ….വല്യച്ഛനുണ്ട് ട്ടോ… താഴെ…. അടി കിട്ടുവേ…. “” മുഖവും വീർപ്പിച്ചു പോയി എന്ന് തോന്നുന്നു…. പിന്നേ വാതിലിൽ മുട്ടും തട്ടും ഒന്നും കേട്ടില്ല…ആ പെണ്ണ് തിടുക്കത്തിൽ കുളി കഴിഞ്ഞിറങ്ങി….തോർത്ത്‌ മുണ്ടിൽ വാരി കെട്ടിയിരുന്ന നീളൻ മുടി അഴിച്ചിട്ട് നന്നായി തുവർത്തുകയായിരുന്നവൾ….

മുന്നിലുള്ള നില കണ്ണാടിയിലൂടെ കണ്ടു…. മുഖം ഒരു കുട്ടയ്ക്ക് വീർപ്പിച്ചിരിക്കുന്ന ഉണ്ണിയേട്ടനെ…. വലിയൊരു തലയിണ മടിയിൽ വെച്ചിട്ടുണ്ട്…. അതിന്റെ മുകളിൽ കൈ താടക്ക് കൊടുത്ത് ഇരിപ്പാണ് …. ആ ഭ്രാന്തന്റെ ചുണ്ടുകൾ കുറുമ്പോടെ കൂർത്തിരുന്നു… തിളങ്ങുന്ന പാതിരാ കണ്ണിൽ അവളോടുള്ള പരിഭവമായിരുന്നു…. “”ഉണ്ണിയേട്ടോയ്…. ന്നോട് പിണക്കാണോ….ന്റെ ഉണ്ണിക്കുട്ടൻ… ഹ്മ്മ് “” എത്ര വിളിച്ചിട്ടും ആൾക്കൊരു കുലുക്കവുമില്ല…നെറ്റി ചുളിച്ച് അവളെ നോക്കി ചുണ്ട് കോട്ടി….ദേഷ്യം കൊണ്ട് മൂക്കിൻ തുമ്പ് ചുവന്ന് തുടുത്തിരുന്നു….ചുണ്ടിൽ ഊറിയ ചിരിയാലെ ആ പെണ്ണ് മുടി ചീകി കുളിപ്പിന്നലിലിട്ടു….ഒളി കണ്ണിട്ട് നോക്കുമ്പോൾ ഉണ്ണിയേട്ടൻ പിന്നിലിരുന്ന് കൊഞ്ഞനം കുത്തുന്നു…..

അമ്പിളി പെണ്ണപ്പോൾ പൊട്ടി വന്ന ചിരിയെ പിടിച്ചു നിർത്താൻ പാട് പെടുകയായിരുന്നു…. ചിരിച്ചാ ആ ഭ്രാന്തൻ പിണങ്ങി പോകും പിന്നേ അവളെ കളിക്കാൻ കൂട്ടില്ല….. അവന്റെ കുഞ്ഞു കളികളോടായിരുന്നു അവൾക്കേറ്റവും പ്രിയം… കണ്ണാടിക്ക് മുന്നിലിട്ടിരുന്ന മേശയുടെ ഓരത്തുള്ള കുങ്കുമ ചെപ്പ് കയ്യിലെടുത്തവൾ…അതിൽ നിന്നുമൊരു നുള്ളെടുത്തു…. നെറ്റിയിൽ ചാർത്തുന്നതിന് മുന്നേ ഉണ്ണിയേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി….പിന്നേ നുള്ളിയെടുത്ത കുങ്കുമം ചെപ്പിലേക്ക് തന്നെ തട്ടി കളഞ്ഞു… താലി കെട്ടിയവന്റെ കൈ കൊണ്ട് നെറ്റിയിൽ സിന്ദൂരം ചാർത്താൻ ആ പൊട്ടി പെണ്ണിന് ഏറെ കൊതി തോന്നി… പിന്നേ ഒന്നും നോക്കിയില്ല… ആ ഭ്രാന്തന്റെ അരികിലേക്കവൾ നടക്കുക്കുമ്പോൾ കയ്യിൽ കുങ്കുമ ചെപ്പും ഉണ്ടായിരുന്നു…

അവന്റെ മുന്നിലേക്ക് നീട്ടിയതും ഉണ്ണിയേട്ടൻ ചുണ്ട് ചുളുക്കി മുഖം വെട്ടിച്ചിരുന്നു….കുറച്ചു കഴിഞ്ഞതും ആ രക്തവർണ്ണമുള്ള പൊടിയിലേക്ക് തന്നെ ഉറ്റു നോക്കുന്നുണ്ട്…. കണ്ണുകൾ കൗതുകത്തോടെ വിടർന്നു വന്നു…. അതിൽ തൊട്ട് നോക്കാൻ ഉണ്ണിക്കുട്ടന് നല്ല പൂതിയുണ്ടെന്ന് ആ മുഖം കണ്ടാലറിയാം… “”ഉണ്ണിയേട്ടാ…. നിക്ക് തൊട്ടു തായോ…. “” ചെപ്പിലേക്ക് വിരൽ താഴ്ത്തിയവൻ അവളുടെ തുടുത്ത കവിളിൽ വെച്ചു തേച്ച് കൊടുത്തു…. ഉണ്ണിയേട്ടനെ നോക്കി കുറുമ്പോടെ ചുണ്ട് കൂർപ്പിച്ചവൾ…. പിന്നേ കവിളിൽ പടർന്ന കുങ്കുമം സാരി തലപ്പ് കൊണ്ട് തുടച്ചെടുത്തു… “”ഉണ്ണിയേട്ടാ….അവിടെയെല്ല…. ദേ ഇവിടെയാ… “” അവന്റെ കൈ പിടിച്ച് നെറ്റിയിൽ തൊട്ട് കാണിച്ചു കൊടുത്തു…. ഏറെ കൗതുകത്തോടെ ആ പെണ്ണിന്റെ സീമന്ത രേഖയാ ഭ്രാന്തൻ നീട്ടി ചുവപ്പിക്കുമ്പോൾ അവളുടെ നോട്ടം ആവേശത്തോടെ വിടർന്നു നിൽക്കുന്ന അവന്റെ പാതിരാ കണ്ണുകളിലായിരുന്നു…

. അടങ്ങാത്ത ഇഷ്ട്ടം തോന്നിയാ ഭ്രാന്തനോടവൾക്ക്…നിഷ്കളങ്കത ഏറെയുള്ള അവന്റെ കുഞ്ഞു മനസ്സിനോട് നിറച്ചും പ്രേമം തോന്നി…. പീലികൾ തിങ്ങി നിറഞ്ഞ അവന്റെ മിഴികളിൽ ആ പെണ്ണില്ലാതാകുന്നത് പോലെ…. അവനിൽ വികൃതി നിറയുന്നതും കള്ളത്തരം നിറഞ്ഞ കുസൃതി ചിരി ചൊടികളിൽ വിരിയുന്നതും അവളറിഞ്ഞതേ ഇല്ലേ…. തിടുക്കത്തിൽ അവളുടെ കയ്യിലുള്ള ചെപ്പ് വാങ്ങി ഉണ്ണിയേട്ടൻ ആ പെണ്ണിന്റെ നീണ്ട കഴുത്തിലങ്ങ് കൊട്ടി…കുങ്കുമം അവളുടെ മേലിലാകെ ചിതറി വീണു…. പിന്നേ കുറച്ചെടുത്ത് ഇരു കവിളിലും നെറ്റിയിലും വാരി തേച്ചു… “”ഉണ്ണിയേട്ടാ….. എന്ത് പണിയാ കാണിച്ചേ….. ഡാ കള്ളാ…. ഞാൻ വല്യച്ചനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ….ഞാൻ ഇപ്പൊ കുളിച്ചതേ ഉള്ളു…. “” സ്ഥലകാല ബോധം വന്നവൾ അലറിയതും ആ ഭ്രാന്തൻ മുറി വിട്ട് ഓടിയിരുന്നു…. ഉറക്കെ ഉറക്കെ ചിരിക്കുന്നുണ്ട്…..

തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്… “”ഞ… ഞ്ഞ…. ഞ്ഞെ….. നീ പൊടി കൊമ്പൂട്ടി…. നീ കഥ പറഞ്ഞു തന്നില്ലല്ലോ….. കളിക്കാൻ കൂട്ടില്ലെടി നിന്നെ… നോക്കിക്കോ….. “” ദേഷ്യത്തിൽ കൈ നെറ്റിയിലടിച്ചു പോയവാൾ … “”ന്തിന്റെ കേടായിരുന്നു നിക്ക്….അങ്ങേരെ കൊണ്ട് ഒന്ന് സിന്ദൂരം തൊടീപ്പിക്കാൻ പൂതി തോന്നീട്ടല്ലേ…. ഇതിപ്പോ സിന്ദൂരത്തില് ന്നേ…. അങ്ങട്ട് കുളിപ്പിച്ചു…….”” പദം പറഞ്ഞു കൊണ്ടവൾ കുങ്കുമത്തിൽ മുങ്ങിയ മുഖവും കഴുത്തും കഴുകാൻ കുളി മുറിയിലേക്ക് തന്നെ നടന്നിരുന്നു…  “”ഉണ്ണിയേട്ടാ….. ഇങ്ങു വന്നേ…. ഈ ആവി ഒന്ന് പിടിച്ചേ….ന്നിട്ട് വേണം ഉച്ചക്കത്തെ മരുന്ന് കഴിക്കാൻ…. ഉണ്ണിയേട്ടാ…. വാശി പിടിക്കാതെ വായോ…. നല്ല ഉണ്ണി കുട്ടനല്ലേ…. ഇത് കഴിഞ്ഞിട്ട് അമ്പൂട്ടി പാട്ട് പാടി തരും…. കഥകള് പറഞ്ഞു തരും… പിന്നെല്ലേ ഇന്ന് വൈകുന്നേരം ഉണ്ണിയേട്ടന് ഏറ്റവും ഇഷ്ട്ടപെട്ട അടപ്പായസം അമ്പൂട്ടി ഉണ്ടാക്കി തരൂല്ലോ….

വേഗം വന്ന് ആവി പിടിച്ചേ….. “” മഴ കൊണ്ട് പിടിച്ച പനിയൊക്കെ മാറിയെങ്കിലും ജലദോഷം ഇപ്പോഴും മാറീട്ടില്ല….ഊണ് കഴിച്ചു കഴിഞ്ഞതേ അമ്പിളി പെണ്ണവന്റെ പിറകെ കൂടിയതാണ്…. ഒന്നാവി പിടിപ്പിക്കാൻ….ആ ഭ്രാന്തനാണെങ്കിൽ ഒരു തരം ദുർവാശിയായിരുന്നു… മനക്കലെ തറവാട്ടിലെ മുതിർന്നവർ ക്ഷേത്ര ദർശനം കഴിഞ്ഞ് കുറച്ച് മുന്നേ എത്തിയിട്ടേ ഉണ്ടായിരുന്നൊള്ളു…..എല്ലാവരും നന്നേ ക്ഷീണിച്ച് ഉറക്കം പിടിച്ചിരുന്നു…. അമ്പിളി പെണ്ണിനാണെങ്കിൽ അടുക്കളയിൽ പിടിപ്പതു പണിയുണ്ട്…. മുത്തശ്ശിക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിച്ച് ചൂടാക്കണം…. വൈകുന്നേരത്തേക്കുള്ള കടികളൊരുക്കണം….മഴക്ക് മുന്നേ ഉണങ്ങാനിട്ടിരുന്ന തുണികളെടുക്കണം… അതിനുമിടയിലാണ് ഉണ്ണിക്കുട്ടനുമായുള്ള അമ്പൂട്ടിയുടെ മൽപ്പിടുത്തം…. “”ഉണ്ണിയേട്ടാ ….. ഇങ് വന്നേ….. വല്യച്ഛൻ വന്നിട്ടുണ്ടെ…. ഞാൻ വിളിക്കണോ….. “”

പിന്നെയും നീട്ടിവിളിച്ചവൾ…. വല്യച്ഛന്റെ പേര് കേട്ടതും കാറ്റ് പോലെ ആ ഭ്രാന്തൻ പാഞ്ഞു വന്നു….രാവിലെ ഉണ്ടായിരുന്ന കുസൃതിയും കുറുമ്പുമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല…. പകരം എന്തോ ഒരു വിരസത അവനെ പിടി കൂടിയിരുന്നു…. കണ്ണുകൾ ചുവന്ന് കലങ്ങിയിട്ടുണ്ട് …. തല മുടി പാറി പറന്ന് നെറ്റിയിൽ വീണു കിടപ്പുണ്ട്….ഇടയ്ക്കിടെ ആ ഭ്രാന്തൻ ഏതോ ഒരു ഭാവത്തിൽ തല മാന്തി പറിച്ചു കൊണ്ടിരുന്നു… പിന്നേ കണ്ണുകൾ അമർത്തി തിരുമ്മി….. പല്ലുകൾ ഇടയ്ക്കിടെ ഞെരിക്കുന്നുണ്ട്….ആരും കേൾക്കാത്തവണ്ണം പതിയെ പതിയെ എന്തോ അവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു…. കൈയിലുണ്ടായിരുന്ന കമ്പിളി ആ പെണ്ണിൽ നിന്നും പിടിച്ചു വാങ്ങി…..തുളസിയും കഞ്ഞി കൂർക്കയും ഇട്ട് ചൂടാക്കിയ വെള്ളം വെച്ചിരുന്ന തൂക്കിലേക്ക് മുഖം പൂഴ്ത്തി കുനിഞ്ഞു നിന്നു …. പിന്നേ ആ വലിയ കമ്പിളി എടുത്ത് തല വഴി മൂടുകയും ചെയ്തു…..

അവന്റെ മട്ടും ഭാവവും കണ്ട് അമ്പിളിക്കുള്ളിൽ വല്ലാത്തൊരു പരിഭ്രമം ഉടലെടുക്കുന്നുണ്ടായിരുന്നു…. അറിയാതെ കൈകൾ കഴുത്തിലണിഞ്ഞിരുന്ന താലി മാലയിൽ മുറുകി വന്നു… കുറച്ച് കഴിഞ്ഞതും മൂടിയിരുന്ന കമ്പിളി വലിച്ചെറിഞ്ഞവൻ നിവർന്നു നിന്നു…. കണ്ണുകൾ കൂടുതൽ കലങ്ങിയിരുന്നു…. ആവി പിടിച്ച് മൂക്കിൻ തുമ്പും കവിളുകളും ചുവന്ന് വന്നിട്ടുണ്ട്… ചൊടികളിലെപ്പഴും തത്തി കളിക്കുന്ന ആ ഭ്രാന്തന്റെ കള്ള ചിരി എങ്ങോ മറഞ്ഞിരിക്കുന്നു…. പകരം വല്ലാത്തൊരസ്വസ്ഥത അവന്റെ മുഖത്ത് നിഴലിച്ചു…. “”എന്തേ… ന്റെ ഉണ്ണിക്കുട്ടന്…. വയ്യേ… ഹ്മ്മ്… “” ചൂടുണ്ടോ എന്ന് നോക്കാൻ അവന്റെ നെറ്റിയിൽ മെല്ലെ ഒന്ന് തൊട്ടതും ….വല്ലാത്തൊരു രൗദ്ര ഭാവം അവനിൽ നിറഞ്ഞു…. ഊക്കോടെ അവളുടെ കൈ തട്ടി എറിഞ്ഞ് ആ ഭ്രാന്തൻ മുകളിലേക്ക് പാഞ്ഞിരുന്നു…. “”ന്റെ തമ്പുരാനേ….ന്ത്‌ പറ്റി ആവോ….ഇത്രയും നേരം കുറുമ്പ് കാട്ടി നടന്നതാ….

പെട്ടന്ന് ഇപ്പൊ…ഒന്നും വരുത്തല്ലേ ന്റെ ഈശ്വരാ “” ഭയമവളെ വലിഞ്ഞു മുറുക്കും പോലെ….കൈ കാലുകൾ ചെറുതായി വിറച്ചു തുടങ്ങി…. മഞ്ചാടി മണികളുടെ നിറമുള്ള അധരങ്ങൾ ചോര വറ്റി വിളർത്തു വന്നു….കൈ രണ്ടും പരിഭ്രമത്തോടെ കൂട്ടി തിരുമ്മി ആ പെണ്ണ് പുറത്തേക്കൊന്ന് നോക്കി… മാനം കാർമേഘങ്ങൾ കൊണ്ട് മൂടിയിരുന്നു….നല്ല മഴക്കോളുണ്ട്… വീണ്ടും വീണ്ടും ഭയത്തോടെ ഹൃദയം തുടി കൊട്ടി…വല്ലാത്തൊരു തിടുക്കത്തോടെ അമ്പിളി പണികളൊക്കെ തീർത്ത് മുറിയിലേക്ക് മടങ്ങുമ്പോൾ ആദ്യത്തെ തുള്ളി ഭൂമിയിൽ വീണുടഞ്ഞു…. ആ ഭ്രാന്തനപ്പോഴേക്കും കട്ടിലിന്റെ ഒരു മൂലയിൽ ചുരുണ്ടു കൂടി ഉറങ്ങിയിരുന്നു…. ചെറുതായി ഞരങ്ങുന്നുണ്ട്…. ഉറക്കിൽ പോലും അവന്റെ മുഖത്തെ അസ്വസ്ഥത അവളെ കൂടുതൽ ഭയപ്പെടുത്തുകയായിരുന്നു…. നെറ്റിയിൽ വീണു കിടന്നിരുന്ന കുറു നിരകളെ വകഞ്ഞു മാറ്റി ഒരു വിറയലോടെ അവിടം ചുണ്ട് ചേർത്തവൾ…..

പിന്നേ ആ ഭ്രാന്തനെ നെഞ്ചോളം പുതപ്പിച്ചു…. മഴ ശക്തിയാർജ്ജിച്ചു പെയ്യാൻ തുടങ്ങിയതും ഓടി ചെന്നവൾ തുറന്നിട്ടിരുന്നു ജന വാതിലുകൾ അടച്ചു പൂട്ടി കൊളുത്തിട്ടു…. ഇരു വശത്തായി കിടന്നിരുന്ന കർട്ടൻ വലിച്ചിട്ട് ജനൽ കമ്പികളെ മൂടി….. മഴ പൊടിയുന്ന ശബ്ദം കേട്ടാലെങ്ങാനും ഉണ്ണിയേട്ടൻ ഉണരുമോ എന്ന പേടിയായിരുന്നവളിൽ….. അടുത്ത് ചെന്നിരുന്ന് മെല്ലെ തട്ടി കൊടുത്തു…. ഇടക്കെപ്പഴോ ആ പെണ്ണും ഉറങ്ങിയിരുന്നു…. തുടരെ തുടരെയുള്ള ഫോണിന്റെ ശബ്ദമാണവളെ ഉറക്കിൽ നിന്നുമുണർത്തിയത്….മുത്തശ്ശിയോ വല്യച്ചനോ ഫോണെടുക്കുമെന്ന് വിചാരിച്ചെങ്കിലും ഫോൺ പിന്നെയും ശബ്‌ദിച്ചു…. കണ്ണും മുഖവും ഒന്ന് കൂട്ടി തിരുമ്മി അവൾ കട്ടിലിൽ നിന്നും താഴെ ഇറങ്ങി…. ഉണ്ണിയേട്ടനപ്പോഴും ഉറക്കത്തിലാണ്….മഴ തോർന്നിട്ടുണ്ട്…. അത് തന്നെ അവൾക്കൊരാശ്വാസമായിരുന്നു….

ഓടി ചെന്ന് ഫോണെടുത്ത് ചെവിയോട് ചേർത്തു…. “”hellow…. കാർത്തിക്ക് വർമ്മയുടെ വീടല്ലേ…”” “”അതെ… “” “”ഞങ്ങൾ MV മെന്റൽ ഹോസ്പിറ്റലിൽ നിന്നുമാണ് വിളിക്കുന്നത് monthly കാർത്തിക്കിന് വീട്ടിൽ വന്ന് ഞങ്ങൾ inject ചെയ്യുന്ന മരുന്ന് ഇപ്പൊ വന്നിട്ടില്ല……അതൊരു അമേരിക്കൻ മെഡിസിനാണ്….ഇപ്രാവശ്യം കുറച്ച് പ്രോബ്ലെംസ് കാരണം മരുന്ന് എത്താൻ താമസിക്കും….. സൊ രോഗിക്ക് സമയത്തിന് ആ മരുന്ന് കൊടുത്തില്ലെങ്കിൽ പ്രശ്നാണ്….വല്ലാതെ violent ആവും…. പേടിക്കാനൊന്നുല്ല ….പക്ഷെ നിങ്ങൾ സൂക്ഷിക്കണം…..ചിലപ്പോ അക്രമം കാണിക്കാം…. ഒരു കാരണ വശാലും പുറത്തിറങ്ങാൻ സമ്മതിക്കരുത് ട്ടോ… be very careful… മരുന്ന് വന്നാലുടൻ ഞങ്ങൾ അങ്ങോട്ട് എത്തിക്കാം…. ട്ടോ… ടെൻഷൻ ഒന്നും വേണ്ട…. thankyou “” ഫോൺ വെച്ചതേ ഉണ്ടായിരുന്നൊള്ളു…. അതിന് മുന്നേ എന്തൊക്കെയോ എറിഞ്ഞുടയുന്ന ശബ്ദത്തിന്റെ കൂടെ ഉണ്ണിയേട്ടന്റെ അലർച്ച കേട്ടതും ആ പെണ്ണ് മുകളിലേക്ക് ഓടിയിരുന്നു……………………………………. തുടരും…………..

ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 9

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story