നയനം: ഭാഗം 27

നയനം: ഭാഗം 27

A Story by സുധീ മുട്ടം

ഒരിക്കലും ഞാൻ തീരെ പ്രതീക്ഷിക്കാത്ത മുഖം..വെറുതെയല്ല ഫോണിലൂടെ കേട്ടസ്വരം എനിക്ക് പരിചിതമായി എനിക്ക് അനുഭവപ്പെട്ടത്…. “നീയെന്താടി കരുതിയത്..ആദികേശ് ജയിലിൽ ആയെന്ന് കരുതി നീ രക്ഷപ്പെട്ടന്നോ…നിന്നെയങ്ങനെ വെറുതെ വിടാൻ കഴിയുമോ എനിക്ക്…” “ദീപിക.. ആദികേശ് കോളേജിൽ വെച്ചു സ്നേഹിച്ചവൾ…എല്ലാവരും കരുതിയത് ആദിയെ ഇവൾ തേച്ചെന്നാണു..ഋഷിയും അങ്ങനെയാണ് പറഞ്ഞത്… എന്റെ മനസ്സ് ഡിഗ്രി ക്ലാസിലേ അവസാന വർഷ ബാച്ചിലേ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അതിവേഗം കടന്നു പോയി….. എന്തുപറ്റി നയനേ നീയിന്നും താമസിച്ചുവല്ലോ” ഗായത്രിയുടെ പരിഭവത്തിലുളള സ്വരം എന്റെ കാതിൽ വന്നലച്ചു… “എന്നും കരുതും ഗായൂ നേരത്തെ ഇറങ്ങണമെന്ന് പക്ഷേ..”

വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ഞാൻ ദൃഷ്ടികൾ ഗായത്രിയിൽ നിന്ന് പിൻ വലിച്ചു.. “ഉം ഉം മനസ്സിലായി…കൂടുതൽ ഒന്നും പറയേണ്ട” അർത്ഥഗർഭമായ പുഞ്ചിരിയോടെ അവളെന്നെയൊന്ന് നുള്ളി… “പോടീ നീ കരുതുന്ന പോലെയൊന്നുമില്ല” ഗായത്രിയുടെ കളിയാക്കൽ സത്യമാണെങ്കിലും അത് അംഗീകരിച്ചു കൊടുക്കാൻ എനിക്ക് കഴിയില്ല.പിന്നെ നാളെയതും പറഞ്ഞാകും അടുത്ത കളിയാക്കൽ… എന്നും രാവിലെ ഹരിയേട്ടനുമായി സംസാരിച്ചിരിക്കും.അത് കോളേജിലേക്ക് പോകാൻ സമയമാകുമ്പോഴാണ്…. ഹരിയേട്ടന്റെ കുസൃതികൾ കണ്ടു നിന്നു സമയം പോകുന്നത് അറിയില്ല.ഹരിയേട്ടൻ കുട്ടിക്കാലത്ത് അധികം അടുപ്പം കാണിച്ചിരുന്നില്ല.മനസ്സുകൾ തമ്മിൽ അടുക്കാൻ പിന്നെയും വൈകിപ്പോയി. പിന്നീട് ആൾ തന്നെ ഇഷ്ടം അറിയിച്ചപ്പോൾ എന്റെ മനസ്സും അങ്ങോട്ട് ചാഞ്ഞുപോയി….

ഞങ്ങൾ രണ്ടു പേരും കൂടി വേഗം നടന്ന് ബസ് സ്റ്റോപ്പിൽ എത്തി.ഭാഗ്യത്തിനു സ്ഥിരം പോകുന്ന ബസ് എത്തിയിരുന്നില്ല… കുറച്ചു കഴിഞ്ഞു സ്ഥിരമായി പോകുന്ന ബസ് വന്നു.പതിവുപോലെ നല്ല തിരക്കുണ്ട്.കോളേജിലെയും സ്കൂളിലെയും വിദ്യാർത്ഥികളാൽ ബസ് നിറഞ്ഞു കവിഞ്ഞിട്ടുണ്ട്… ഒരുവിധത്തിൽ ഞാനും ഗായത്രിയും കൂടി ബസിലെ തിരക്കിലേക്ക് അലിഞ്ഞു ചേർന്നു… കുലുങ്ങിയും നിരങ്ങിയും തളളുകൊണ്ടൊരു പരുവമായി ഞങ്ങൾ കോളേജ് ജംക്ഷനിൽ ഇറങ്ങി… ബസിൽ നിന്നും ഇറങ്ങി ഞങ്ങൾ ദീർഘശ്വാസം വലിച്ചു വിട്ടു… കോളേജ് ക്ലാസിലെത്തുമ്പോൾ ക്ലാസ് തുടങ്ങാനുള്ള സമയം ആകുന്നതേയുളളൂ.ഞാനും ഗായത്രിയും കൂടി നേരെ ക്ലാസിലെത്തി… “ടാ ഋഷി എവിടെ ആയിരുന്നെടാ രണ്ടു ദിവസം” ഗായത്രി വിശേഷം ചോദിച്ചു കൊണ്ട് ഋഷികേശിനു അരുകിലിരുന്നു….

ഋഷിയും ഏട്ടൻ ആദികേശുമായിട്ട് ഗായത്രി കട്ടകമ്പിനിയാണ്..അവരുമായിട്ടെന്നല്ല ഗായത്രി ഒരുവിധപ്പെട്ടവരുമായിട്ട് നല്ല ചങ്ങാത്തമാണ്… ആൺപെൺ ഭേദമില്ലാതെ സംസാരിക്കുന്നതിനാൽ ഗായത്രിയെ എല്ലാവർക്കും നല്ല പരിചയമാണ്.ഞാനാണെങ്കിൽ ആരോടും അധികം അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറും.പെൺകുട്ടുകളോട് സംസാരിക്കുമെങ്കിലും ആൺകുട്ടികളോട് ഞാൻ മിണ്ടാറേയില്ല.അതിനൊരു അപവാദമെന്ന് പറയാമെന്നത് ഋഷികേശിനോട് ചെറിയ രീതിയിലൊരു സൗഹൃദം ഉണ്ടെന്നുളളതാണ്… ഋഷി എന്നോട് ഇങ്ങോട്ടു കയറി അടുപ്പം സ്ഥാപിച്ചതാണ്. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അവൻ പിന്മാറിയില്ല.ഒടുവിൽ ഋഷിയെന്നിൽ സൗഹൃദ നേടിയെടുക്കുന്നതിൽ വിജയിച്ചെങ്കിലും ഞാനൊരു അതിർവരമ്പ് ഇട്ടിരുന്നു… എനിക്ക് ഹരിയേട്ടനുമായുളള അടുപ്പം ഋഷിക്കും മറ്റും നന്നായിട്ടറിയാം.

അല്ല കോളേജിൽ മിക്കവർക്കും അറിയാം..അതിനു പ്രധാന കാരണം ഗായുവിന്റെ എല്ലില്ലാത്ത നാക്കാണ്… അതുകൊണ്ട് ഉണ്ടായ ഏറ്റവും നല്ല ഗുണമെന്നത് ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ ആരും കൂടാൻ ശ്രമിച്ചില്ല എന്നതായിരുന്നു… ഗായത്രിക്ക് പിന്നെ പ്രണയമെന്നത് ഒരുനേരം പോക്ക് മാത്രമാണ്. ആരുവന്നു പ്രണയം പ്രകടിപ്പിച്ചാലും അവൾ നിരാശപ്പെടുത്തില്ല.സമ്മതമെന്ന് തലകുലുക്കി സമ്മതിക്കും… ഒരിക്കൽ ഞാൻ ഗായത്രിയോട് സൂചിപ്പിച്ചിരുന്നു ഇതത്ര നന്നല്ലെന്ന്.അതിനും ഗായുവിനു മറുപടി ഉണ്ടായിരുന്നു… “എടീ നയനേ കോളേജ് ലൈഫിൽ ഇതൊക്കെയൊരു പതിവാണ്. അവർക്ക് നമ്മളെക്കൊണ്ട് സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് തന്നെയല്ലെ ഏറ്റവും വലുത്” “എന്റെ പൊന്നേ ഞാൻ പറഞ്ഞതു തിരിച്ചെടുത്തു” ഞാൻ തമാശയോടെ അവളെ തൊഴുത് കാണിച്ചു. ഗായത്രി കുടുകുടാന്ന് ചിരിച്ചു തുടങ്ങി…

“എടീ ഭാവിയിൽ ഇതൊക്കെ ഓർക്കുമ്പോൾ നമുക്ക് നല്ലൊരു സുഖകരമായ ഓർമ്മയാകും” “നീ ഓർത്തോ എനിക്ക് സമയമില്ല” “നല്ലതൊന്നും നിനക്ക് വിധിച്ചിട്ടില്ലെടീ” “ഓ..വേണ്ടായേ” എത്രയൊക്കെ പറഞ്ഞാലും ഗായത്രി മാറില്ലെന്ന് അറിയാവുന്നതിനാൽ ഞാനും പതുക്കെ എല്ലാം നിർത്തി… “ഹലോ ഗുഡ് മോർണിംഗ് മേഡം” ഋഷി ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്നു.. “എന്തുവാടെ ഇത്ര ഗഗനമായി ചിന്തിക്കുന്നത്” “ഒന്നൂല്ല ഋഷി..” “ഹരിയേട്ടനെ കുറിച്ചല്ലേയുള്ളൂ തനിക്ക് ചിന്തിക്കാൻ.. ആ നടക്കട്ടെ” ഋഷി ഇരിക്കുന്നടത്തേക്ക് സ്ഥാനം മാറി..ഗായത്രി എന്റെ അടുത്തും വന്നിരുന്നു… ക്ലാസെടുക്കാൻ പ്രൊഫസർ എത്തിയതോടെ എല്ലാവരും നിശബ്ദരായി.ഉച്ചവരെ സമയം പെട്ടെന്ന് കടന്നു പോയി…

അതു കഴിഞ്ഞുളള ക്ലാസ് അറുബോറാണെങ്കിലും ക്ലാസ് അറ്റൻഡ് ചെയ്യാതിരിക്കാൻ കഴിയില്ല… ഗായത്രിയും ഋഷിയുമൊക്കെ ഉച്ച കഴിഞ്ഞു ക്ലാസ് കട്ടു ചെയ്തെങ്കിലും ഞാൻ അവരുടെ കൂടെ പോയില്ല.എനിക്ക് പഠിക്കണം അതുമാത്രമേ ഞാൻ ചിന്തിച്ചിരുന്നുളളൂ… ക്ലാസ് രസം കൊല്ലി ആയിരുന്നെങ്കിലും ഞാൻ കടിച്ചു പിടിച്ചിരുന്നു.കുട്ടികൾ വളരെ കുറവായിരുന്നു….. പ്രൊഫസർ എബ്രഹാം സർ ക്ലാസ് കഴിഞ്ഞു ഇറങ്ങിയതിനു പിന്നാലെ എല്ലാവരും ഇറങ്ങി.ഞാൻ ഗായത്രിയെ തേടി അവിടെയൊക്കെ നടന്നു.ഒടുവിൽ കോളേജ് ലൈബ്രറിയിൽ നിന്ന് ഞാൻ അവളെ കണ്ടെത്തി… “നിനക്കൊന്ന് പറയാരുന്നില്ലേ ഇവിടെ കാണുമെന്ന് ഞാൻ എവിടെയെല്ലാം തിരക്കി ഗായൂ” “സോറിയെടീ ഞങ്ങൾ എല്ലാവരും കൂടി വെളിയിലൊന്ന് പോയിരുന്നു. നമ്മുടെ ദീപികയില്ലേ അവളുടെ വകയൊരു ഗ്രാന്റ് ചിലവ് ഉണ്ടായിരുന്നു”

“ആദികേശിന്റെ lover ദീപികയാണൊ” ഞാൻ ഗായത്രിയുടെ മുഖത്ത് കണ്ണുകൾ ഉറപ്പിച്ചു.. “അതേന്നെ” “പെട്ടന്നായിരുന്നു തീരുമാനം. ഋഷി ക്ഷണിച്ചതോടെ നിരസിക്കാനും എനിക്ക് കഴിഞ്ഞില്ല‌.സോറിയെടീ” ഗായത്രി എന്നോട് ക്ഷമ ചോദിച്ചതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.ഞാൻ ദീപികയെ ഓർക്കുകയായിരുന്നു… ഋഷിയുടെ ഏട്ടൻ ആദികേശിന്റെ കാമുകിയാണു ദീപിക.ഞങ്ങളുടെ ക്ലാസ് മേറ്റാണവൾഅസ്ഥിക്ക് പിടിച്ച പ്രണയമെന്നൊക്കെ പറഞ്ഞു കേട്ടിട്ടെയുളളൂ..പക്ഷേ നേരിൽ കാണുന്നത് ആദ്യമായിട്ട് ആണ്… ദീപിക…സമ്പന്നതയിൽ ജനിച്ചു വളർന്നവൾ‌.അച്ഛന്റെയും അമ്മയുടെയും ഒരെയൊരു മകൾ.ഒറ്റപ്പുത്രി എന്ത് ആവശ്യപ്പെട്ടാലും മകളുടെ ആഗ്രഹം സാധിക്കാനായി മൽസരിക്കുന്നവർ…

ദീപികയുടെ പണത്തിന്റെ ഹുങ്ക് അവളുടെ വേഷവിധാനങ്ങളിലും കാണാമായിരുന്നു. എന്നെ കാണുന്നത് ദീപികക്ക് വെറുപ്പാണ..ഗായുമായി നല്ല കൂട്ടും… “നമുക്ക് പോകാം ഗായൂ..സമയം വൈകുന്നു” ഗായത്രിയെ ഞാൻ ഓർമ്മപ്പെടുത്തിയതോടെ അവളും ഞാനും ബസ് സ്റ്റോപ്പിലേക്ക് നടന്നു… ബസ് കയറി ഒരുമിച്ച് ഇരുന്നെങ്കിലും എന്റെ മനസ് മറ്റെവിടെയൊക്കയോ ആയിരുന്നു.. ട്രീറ്റ് നടന്നത് ഗായൂ പറഞ്ഞെങ്കിലും അതെന്തിന്റെ ആണെന്ന് മാത്രം പറഞ്ഞിരുന്നില്ല.. ഞങ്ങളുടെ സ്റ്റോപ്പിൽ ബസ് നിന്നതോടെ ഞാനും ഗായുവും ഇറങ്ങി.ഗായത്രിയോട് എന്തിന്റെ ട്രീറ്റാണു നടന്നതെന്ന് ചോദിച്ചാലോ? “അയ്യേ വേണ്ട ഗായത്രിയെന്ത് കരുതും എന്നെ കുറിച്ച്.. വീടിനു അടുത്ത് എത്താറായതും ഗായത്രി യാത്ര പറഞ്ഞു പിരിഞ്ഞു.. ഞാൻ ഹരിമംഗലത്തേക്കും കയറി. അമ്മ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു… ” എന്തായിത്ര താമസിച്ചത്”

അമ്മയുടെ മുഖത്ത് ഞാൻ താമസിച്ചതിന്റെ നീരസത്തേക്കാൾ ആധിയാണു എന്ന് മനസിലായതും ഞാൻ ലച്ചുവിനെ സമാധാനപ്പെടുത്തി “സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു അമ്മേ” ആദ്യമായി അമ്മയോട് കളളം പറയേണ്ടി വന്നതിന്റെ വേദന എന്നിൽ ഉണ്ടായി.ഗായത്രിയെ തേടി നടന്നതിന്റെ കാരണം അറിയിച്ചാൽ നൂറായിരം ചോദ്യങ്ങൾ നേരിടേണ്ടി വരും… “എങ്കിൽ പിന്നെ നിനക്കിങ്ങു തനിയെ വന്നാലെന്താ” അങ്ങനെയും ചോദിക്കാന്‍ അമ്മ മടിക്കില്ലെന്ന് എനിക്ക് അറിയാം.. വൈകുന്നേരം അമ്മയെ അടുക്കളയിൽ സഹായിച്ചു.അപ്പോഴേക്കും ഹരിയേട്ടനും വീട്ടിലെത്തി ചേർന്നിരുന്നു… “അമ്മേ ഹരിയേട്ടനെത്തി…ചായ കൊടുക്കട്ടെ” വെറുതെയൊരു ജാമ്യം എടുക്കലാണെങ്കിലും ഹരിയേട്ടനും ഞാൻ തന്നെയാണ് ചായയുമായി ചെല്ലുക… പതിവുപോലെ ചായയുമായി ഞാൻ ഹരിയേട്ടനും അരികിലേക്ക് ചെന്നു.

ഏട്ടന്റെ മുഖം കോപത്താൽ ചുവന്നിരിക്കുന്നത് കണ്ടിട്ട് ഞാനാകെ അമ്പരന്നു പോയി… “എന്തുപറ്റി ഏട്ടാ..” ചായക്കപ്പ് ഏട്ടനു നേരെ നീട്ടിയെങ്കിലും അത് വാങ്ങിയില്ല… “നീയെന്താടി കോളേജിൽ നിന്ന് വരാൻ ലേറ്റായത്” ഹരിയേട്ടൻ അലറുകയായിരുന്നു.ഞാൻ ഞെട്ടിപ്പോയി.. “ഈശ്വരാ ഈ വാർത്ത ആരാണു ഹരിയേട്ടനു മുമ്പിൽ എത്തിച്ചത്… ” ഏട്ടാ അത് ഞാൻ ” “കളളം പറയാൻ നിൽക്കേണ്ട നയനേ സത്യങ്ങൾ മുഴുവനും അറിഞ്ഞിട്ടാണു ഞാൻ ചോദിക്കുന്നത്” വികാരക്ഷോഭത്താൽ ഹരിയേട്ടന്റെ മുഖം ഉയർന്നു താഴുന്നത് ഞാൻ കണ്ടു.പിന്നെ മറ്റൊന്നും ചിന്തിച്ചില്ല ക്ലാസ് കഴിഞ്ഞു ഗായത്രിയെ തിരക്കി നടന്നതൊക്കെ ഞാൻ വിവരിച്ചു…. “അതുശരി ഇത്രയേയുള്ളോ..ഞാൻ കരുതി..” ഹരിയേട്ടൻ ചിരിക്കുന്നത് കണ്ടിട്ടാണു ഞാൻ പറ്റിക്കപ്പെട്ടതാണെന്ന് മനസിലായത്..

“ദുഷ്ടൻ എന്നെ കബിളിപ്പിച്ചതാണല്ലേ..” ഞാൻ കരയുമെന്ന് ആയതോടെ ഹരിയേട്ടൻ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. “ദേ ദേഹത്ത് തൊട്ടുളള ആശ്വസിപ്പിക്കലൊന്നും വേണ്ട അതൊക്കെ വിവാഹം കഴിഞ്ഞു മതി” ഹരിയേട്ടനെ ഞാൻ ശ്വാസിച്ചതും ആൾ ചമ്മിയകന്നു മാറി.ഞാനതു കണ്ടിട്ടു തികട്ടി വന്ന ചിരിയൊതുക്കുവാൻ ശ്രമിച്ചു… രാത്രിയിൽ പതിവുപോലെ അമ്മയോട് ഒട്ടിയാണു ഞാൻ കിടന്നത്.രാവിലെ സ്വിച്ചിട്ട കീ പോലെ എഴുന്നേറ്റു ജോലൊയൊതുക്കി കോളേജിലേക്ക് പോയി… അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി… ഒരു ബുധനാഴ്ച ദിവസം ഉച്ചക്ക് ഗായത്രി വീണ്ടും ക്ലാസിൽ നിന്നും മുങ്ങി.ഈ പ്രാവശ്യം ഞാൻ അവളെ തനിയെ വിട്ടില്ല കൂടെ ഞാനും ചെന്നു..ഗായത്രി എന്നെ ഒഴിവാക്കിയതുമില്ല…. ഞാനും ഗായത്രിയും കൂടി ലാബിനു സമീപമുള്ള ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് ചെന്നു.അവിടെ ചെന്ന ഞാൻ അമ്പരന്നു പോയി…

ദീപികക്ക് ചുറ്റും കുറച്ചു പെൺകുട്ടികൾ വട്ടം കൂടി നിൽപ്പുണ്ട്.അവളുടെ കയ്യിലിരിക്കുന്ന എന്തിനോ വേണ്ടി എല്ലാവരും ദീപികയോട് കെഞ്ചുന്നുണ്ട്… “ബഹളം വെക്കാതെ എല്ലാവർക്കും തരാം” ആ സമയത്താണ് എന്റെയും ഗായത്രിയുടെയും വരവ്..ഗായുവിന്റെ കൂടെ എന്നെ കണ്ടതും ദീപിക ആദ്യമൊന്ന് ഞെട്ടിയെങ്കിലും സമർത്ഥമായി അത് മറച്ചു പിടിച്ചു… ദീപിക എന്നെ മൈൻഡ് ചെയ്യാതെ ഗായത്രിയെ നോക്കി… “ഗായത്രി സാധനമെടുക്ക്” ദീപിക ആവശ്യപ്പെട്ടതോടെ ഗായത്രി ബാഗിൽ നിന്നൊരു പാക്കറ്റ് എടുത്തു ദീപികയെ ഏൽപ്പിച്ചു… “ഗായത്രിയിനി പൊയ്ക്കോളൂ” ദീപിക ആജ്ഞാ സ്വരത്തിൽ പറഞ്ഞതോടെ ഗായത്രി എന്നെയും കൂട്ടി അവിടെ നിന്ന് പുറത്തേക്കിറങ്ങി… “എന്താടീ ഗായൂ പായ്ക്കറ്റിൽ..എന്തിനാ മറ്റുള്ള പെൺകുട്ടികൾ ബഹളം വെക്കുന്നത്” “എനിക്ക് അറിയില്ല നയനേ അതെന്താണെന്ന്…

ഒരാൾ അതെന്നെ കൊണ്ട് ഏൽപ്പിക്കും ഞാനത് ദീപികയുടെ കയ്യിലെത്തിക്കും എനിക്ക് നല്ല പ്രതിഫലവും കിട്ടും” ഗായൂ അങ്ങനെ പറഞ്ഞതോടെ എന്റെ തലയിലെന്തൊ അപായ സൂചന മുഴങ്ങി… “അന്ന് അവർ പാർട്ടി നടത്തിയത് എന്തിനാണ് ഗായൂ..” “ദീപികയുടെ ബർത്ത് ഡേ ട്രീറ്റ് ആയിരുന്നു” “മം” പെട്ടെന്ന് എന്തോ ഓർത്തതു പോലെ പാതി തുറന്നു കിടന്ന ജനാലയിലൂടെ അകത്തേക്ക് നോക്കിയതും ഞെട്ടിപ്പോയി… ഗായത്രി ഏൽപ്പിച്ച പായ്ക്കറ്റിൽ നിന്ന് എന്തെക്കയൊ പൊട്ടിച്ചെടുത്ത് ദീപിക ഓരോ പെൺകുട്ടികൾക്കും കുത്തിവെക്കുന്നതു കണ്ടു… “മയക്കുമരുന്ന്…” ഗായത്രിയെ തള്ളിമാറ്റി ഞാൻ ദീപികയുടെ അരികിലേക്ക് ഓടിച്ചെന്നു.കൈവീശി ആവുന്നത്ര ശക്തിയോടെ ഞാൻ അവളുടെ കരണത്ത് അടിച്ചു… ഓർമ്മയിൽ നിന്ന് ഞെട്ടിയതുപോലെ ദീപിക അലറി… “അന്ന് നീ എനിക്ക് നേരെ കൈവീശിയടിച്ചത് ഞാൻ മറന്നട്ടില്ല.നിനക്കായിട്ട് ഒരു അവസരത്തിനു ഞാൻ കാത്തിരിക്കുക ആയിരുന്നെടീ..”

ദീപികയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉയർത്തിയത്… “ദീപികേ അതൊക്കെ കഴിഞ്ഞതല്ലേ…നിന്റെ ഭാവിയെ ഓർത്ത് ഞാനത് ആരോടും പറഞ്ഞട്ടില്ലല്ലോ ഇന്നുവരെ” “നീ പറയണ്ടെടീ എന്നെ തല്ലിയ നിന്നെ വെറുതെ വിട്ടത് അന്ന് മറ്റൊരു വഴിയും ഇല്ലാത്തതിനാൽ ആയിരുന്നു.. ഇന്നത് എനിക്ക് ചെയ്തു തീർത്തേ പറ്റൂ…നിനക്ക് തീരെ പ്രതീക്ഷിക്കാത്ത രണ്ടു ആൾക്കാരെ കാണിച്ചു തരാം.അവരെക്കണ്ടു ഞെട്ടരുത്” മുന്നറിയിപ്പ് നൽകിയട്ട് നാക്കിന്റെ മുകളിൽ വിരൽ അമർത്തി അവൾ വിസിലടിച്ചു…. അപ്പോൾ അകത്തെ മുറിയിൽ നിന്നു ഇറങ്ങി വന്ന രണ്ടു പേരെ കണ്ടു ഞാൻ നടുങ്ങിപ്പോയി… ഒരിക്കലും തീരെ പ്രതീക്ഷിക്കാത്തവർ…. “ഹരിയേട്ടനും വർഷയും”……………………….,……………  (തുടരും) A story by സുധീ മുട്ടം

നയനം: ഭാഗം 26

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story