അഥർവ്വ: ഭാഗം 2

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്രീയെ ഒന്ന് ഗൗരവത്തോടെ നോക്കിയിട്ട് അഥർവ്വ പുറത്തേക്ക് ഇറങ്ങിയതും രാജീവ്‌ മുറ്റത്തേക്ക് ഓടി വന്നതും ഒരുമിച്ചായിരുന്നു.. ""അവിക്കുഞ്ഞെ...... """ വാക്കുകൾ കിട്ടാതെ ശ്വാസം എടുക്കാൻ പാട് പെട്ടുകൊണ്ട് അയാൾ റോഡിലേക്ക് വിരൽ ചൂണ്ടുന്നുണ്ടായിരുന്നു... ""എന്താ രാജീവേ.."". അഥർവ്വയുടെ നെറ്റി ഒന്ന് ചുളിഞ്ഞു.. ""വി..... വിശ്വനെ.... പാ.... പാമ്പ്..... "" വാക്കുകൾ പൂർത്തിയാക്കാതെ അയാൾ വഴിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടിരുന്നു... വിളറി വെളുത്ത അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നു... കേട്ട വാർത്തയുടെ ഞെട്ടലിലായിരുന്നു അഥർവ്വ.... കാലങ്ങൾക്ക് ശേഷം വീണ്ടുമൊരു സർപ്പദംശനം...അവന്റെ കണ്ണുകൾ ഒന്ന് കൂർത്തു.. രാജീവിനെ ഒന്ന് നോക്കി വേഗത്തിൽ പൂജാ മുറിയിലേക്ക് തിരിഞ്ഞു നടന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുറ്റത്തേക്ക് എത്തിയ ജഗന്നാഥൻ രാജീവിനെ കണ്ടോന്ന് നെറ്റി ചുളിച്ചു... അവന്റെ ഭയം നിറഞ്ഞ മുഖം കണ്ടപ്പോൾ കാര്യം എന്താകും എന്നൊരു സംശയം അയാളിൽ നിറഞ്ഞു.. ""എന്താ രാജീവ.... എന്താ കാര്യം..."" ""അത്.... ചിറയ്ക്കലെ വിശ്വനെ പാമ്പ് കൊത്തി... റോഡിൽ കൂടി നടക്കുന്ന വഴിക്കാണ് കൊത്തിയത്.... ""പറഞ്ഞവസാനിപ്പിക്കുമ്പോഴും രാജീവന്റെ മുഖത്ത് അതേ പേടി നിറഞ്ഞു നിന്നു.. കേട്ട വാർത്തയുടെ ഞെട്ടലിൽ ജഗന്നാഥന്റെ കൈകൾ അറിയാതെ ഒന്ന് നെഞ്ചിലേക്ക് പോയി... കാലങ്ങൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി മണ്ണിൽ സർപ്പ സാന്നിധ്യം.... മൂടിക്കെട്ടിയ ആകാശം പോലെ അയാളുടെ മനസ്സും കലുഷിതമാകാൻ തുടങ്ങിയിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അഥർവ്വ വേഗം പൂജാ മുറിയുടെ അകത്തേക്ക് കയറി.... വടക്ക് ഭാഗത്തായി എന്നും കരുതലായി വച്ചിരുന്ന മരുന്നുകളുടെ കൂട്ടത്തിലേക്ക് വളരെ വേഗത്തിൽ കൈകൾ ചലിച്ചു... ആവശ്യമുള്ളതൊക്കെ ദ്രുത ഗതിയിൽ തന്നെ കൈകളിലേക്ക് എടുത്തതിനു ശേഷമാണ്

ഒരിക്കലും അണയാത്ത കെടാ വിളക്കിന്റെ തിരി അണയാൻ എന്നത് പോലെ മങ്ങി കത്തുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നത്... വേഗം തന്നെ എണ്ണ എടുത്തു വിളക്കിലേക്ക് കുറേശ്ശേ ഒഴിച്ചു കൊടുത്തു... തിരി നീട്ടി മുൻപോട്ട് വെച്ചു... വീണ്ടും അതേ ശോഭയോടെ ആ തിരി നിറഞ്ഞു കത്തുമ്പോൾ അവിയുടെ ചുണ്ടിലും ഒരു ചിരി വിടർന്നിരുന്നു... മരുന്നുകളുമായി പുറത്തേക്ക് വേഗത്തിൽ നടക്കുമ്പോഴും അവന്റെ കണ്ണുകൾ അന്തരീക്ഷമാകെ ഉഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മൂടിക്കെട്ടിയ കാർമേഘം നിറഞ്ഞു നിൽക്കുന്ന ആകാശത്തേക്ക് നോക്കുംതോറും കാലങ്ങൾക്ക് ശേഷം വീണ്ടും ഒരിക്കൽ കൂടി സംഭവിക്കുന്ന അനർത്ഥങ്ങളുടെ കാരണം തേടുകയായിരുന്നു അവന്റെ മനസ്സ്.. രാജീവിന്റെ കൂടെ റോഡിലേക്ക് നടക്കുമ്പോഴും കണ്ണുകൾ ചുറ്റും തിരഞ്ഞു... വെട്ടിയൊതുക്കിയ, ഒരല്പം പോലും കാടുകളില്ലാത്ത പരുപരുത്ത കല്ലുകൾ നിറഞ്ഞ വഴിയിൽ എങ്ങനെ സർപ്പ ദംശനമേറ്റു എന്നത് ഒരു സമസ്യയായി മുൻപിൽ നിൽക്കും പോലെ തോന്നി അവന്. റോഡിൽ എത്തിയപ്പോൾ തന്നെ കണ്ടു ചെറിയ ഒരു ആൾക്കൂട്ടം...

വിശ്വന്റെ ചുറ്റുമാകണം.. എല്ലാ മുഖങ്ങളിലും ഭയം നിറഞ്ഞു നിൽക്കുന്നു... അവരെയെല്ലാം വകഞ്ഞു മാറ്റിയിരുന്നു രാജീവൻ അപ്പോഴേക്കും.. വേദന സഹിക്കാൻ കഴിയാതെ ഇടയ്ക്കിടെ പിടഞ്ഞുകൊണ്ട് അബോധാവസ്ഥയിലേക്ക് പോകുന്ന വിശ്വനെ അവനൊന്നു നോക്കി... കാൽ പാദത്തിലാണ് കടിയേറ്റിരിക്കുന്നത്... നീല നിറം ശരീരമാകെ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു... അവി രാജീവിനെ ഒന്ന് നോക്കി... അതിന്റെ അർത്ഥം മനസ്സിലായത് പോലെ രാജീവ്‌ വേഗത്തിൽ തന്നെ ആളുകളെ കുറച്ചു ദൂരേക്ക് മാറ്റി നിർത്തി.. അവി സമയം കളയാതെ വിശ്വന്റെ അരികിലേക്ക് മുട്ടുകുത്തി ഇരുന്നു... ഉറകല്ലിലേക്ക് മരുന്നുകൾ ഓരോന്നായി ചേർത്ത് ഉരയ്ക്കാൻ തുടങ്ങി... കൂട്ടുകൾ എല്ലാം കൂടി ചേർത്ത് രണ്ടു പല്ലിന്റെയും പാടുകൾക്ക് മീതെ വച്ചു.... വിശ്വനിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല... അവി കണ്ണുകൾ അടച്ചു വിശ്വന്റെ നെറുകയിലേക്ക് കൈപ്പത്തി അമർത്തി... ശേഷം ഗരുഡ പഞ്ചാക്ഷരി മന്ത്രം മൂന്ന് വട്ടം ഉരുവിട്ടു... അവന്റെ ഉള്ളം കൈയിലെ ഗരുഡന്റെ അടയാളം സൂര്യശോഭയാൽ ഒന്ന് തിളങ്ങി...

മന്ത്രത്തിന്റെ ഒരോ അക്ഷരത്തിലും അതിന്റെ പ്രകാശം വർദ്ധിച്ചു വന്നു... മൂന്നാമത്തെ മന്ത്രവും ചൊല്ലി കഴിഞ്ഞപ്പോൾ അവി കണ്ണടച്ചു കൈപ്പത്തി വിശ്വന്റെ നെറുകയിൽ മൂന്ന് പ്രാവശ്യം ഉഴിഞ്ഞു... കൈപ്പത്തിയിലെ സ്വർണ്ണ വെളിച്ചം വിശ്വന്റെ നെറുകയിലൂടെ പതിയെ ശരീരത്തിലേക്ക് അരിച്ചിറങ്ങി... അവ കടന്നു പോകുന്ന ശരീരഭാഗങ്ങളിൽ നിന്നും നീല നിറം പൂർണ്ണമായും വിട്ട് മാറി തുടങ്ങിയിരുന്നു.. നിമിഷങ്ങൾ കഴിഞ്ഞതും വിശ്വൻ തളർച്ചയോടെ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു.. എഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം അയാൾക്ക് ഉണ്ടായിരുന്നില്ല... ശരീരത്തിനാകെ വല്ലാത്തൊരു ഭാരം പോലെ... അതു മനസ്സിലാക്കി എന്ന പോലെ അവി പതിയെ അയാളെ പിടിച്ചുഎഴുന്നേൽപ്പിച്ചു... വിഷത്തിന്റെ തളർച്ച കാരണമാകാം അയാൾക്കൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല... കണ്ണുകൾ മാത്രം ഇടയ്ക്കിടെ ഒന്ന് തുറന്നു തളർച്ചയോടെ ഇരിക്കുന്ന അയാളുടെ കൈ പിടിച്ചു നാഡീമിടിപ്പ് നോക്കി അവി... ""ഇനി കുഴപ്പമില്ല... ഒരു കാര്യം ചെയ്യ് ആരെങ്കിലും ഒരു വണ്ടി വിളിച്ചു ഇയാളെ വീട്ടിലേക്ക് എത്തിക്കൂ...

രണ്ടു ദിവസത്തേക്ക് ശരീരം മുഴുവൻ നല്ല തളർച്ച കാണും.. പേടിക്കേണ്ട കാര്യമില്ല.. വിഷം ഏറ്റതിന്റെയാണ്. രണ്ടു ദിവസം കഴിയുമ്പോൾ മാറിക്കോളും...."" ചുറ്റും കൂടിയ മുഖങ്ങളിലെല്ലാം ആശ്വാസം നിഴലിക്കുന്നത് കണ്ടു.. ഇതെല്ലാം ഒരു കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ശ്രീ... ആദ്യമായിട്ടാണ് ഇങ്ങനെയൊന്നു കാണുന്നത്... അവിയേട്ടൻ മരുന്നും എടുത്തു പോകുന്നത് കണ്ടപ്പോൾ പിന്നാലെ വന്നതാണ്... പക്ഷേ അപ്പോഴേക്കും രാജീവേട്ടൻ ആളുകളെയൊക്കെ അടുത്ത് നിന്ന് മാറ്റിയിരുന്നു... അവിയേട്ടൻ കൈയിലെ മരുന്നൊക്കെ ഉരച്ചു മുറിവിലേക്ക് ഇടുന്നത് കൗതുകത്തോടെ നോക്കി നിന്നു. പക്ഷേ ആളിൽ കാര്യമായ വ്യത്യാസം ഒന്നും കണ്ടിരുന്നില്ല... അതിനാൽ തന്നെ ഭയത്തോടെയാണ് നിന്നത്... അവിയേട്ടൻ ആളുടെ നെറുകയിൽ കൈ വെച്ച് എന്തൊക്കെയോ പറയുന്നത് കണ്ടു... കുറച്ചു കഴിഞ്ഞപ്പോളെക്ക് ആ ശരീരത്തിൽ നിന്ന് നീല നിറം അല്പാല്പമായി വിട്ട് മാറി തുടങ്ങിയിരുന്നു...

കണ്മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണ് മിഴിച്ചു നിന്ന് പോയി ശ്രീ... കണ്ണുകൾ രണ്ടും ഒന്ന് കൂടി തിരുമ്മി നോക്കിയിട്ടും വിശ്വാസം വന്നിരുന്നില്ല... അയാൾ പതിയെ തളർച്ചയോടെ കണ്ണ് ചിമ്മി തുറന്നപ്പോളേക്കും അവിയേട്ടൻ ആളെ പതിയെ എഴുന്നേൽപ്പിച്ചു തോളിലേക്ക് ചാരി ഇരുത്തുന്നത് കണ്ടു... അപ്പോഴും അയാൾക്ക് സംസാരിക്കാനായി നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല.. മുന്നിൽ ആരോ വന്നു നിൽക്കും പോലെ തോന്നിയപ്പോഴാണ് ആലോചനകളിൽ നിന്ന് ഉണർന്നത്... ഗൗരവത്തോടെ മുന്നിൽ നിൽക്കുന്ന അഥർവ്വയേ കണ്ടതും അറിയാതെ കണ്ണുകൾ കൈയിലെ വാച്ചിലേക്ക് നീണ്ടു.. ഇന്നും നേരം വൈകിയിരിക്കുന്നു... അവി പല്ല് ഞെരിക്കുന്നത് കണ്ടതും... അവനെന്തെങ്കിലും പറയും മുൻപേ കമ്പനിയിലേക്കുള്ള വഴിയേ കാലുകൾ ചലിച്ചു തുടങ്ങിയിരുന്നു... കുറച്ചു ദൂരം വേഗത്തിൽ ഓടിയിട്ട് തിരിഞ്ഞു നോക്കിയപ്പോഴും അവി അവിടെ തന്നെ കൈ കെട്ടി നോക്കി നിൽക്കുന്നത് കണ്ടു...

അത് കണ്ടപ്പോൾ പിന്നെ തിരിഞ്ഞു നോക്കാതെ വീണ്ടും ചുവടുകൾ വേഗത്തിലാക്കി നടന്നു... ""ഹോ ഭാഗ്യം... ഇപ്പൊ മനുഷ്യനെ സൂപ്പ് വെച്ച് കുടിച്ചേനെ... ഏത് നേരത്താണോ എന്തോ അവിടെ പോയി നിൽക്കാൻ തോന്നിയത്..."" കമ്പനിയുടെ മുന്നിൽ എത്തിയതും ശ്വാസം ശക്തിയിൽ എടുത്തുകൊണ്ട് ശ്രീ പിറുപിറുത്തു... വിയർത്തു കുളിച്ചിരുന്നു... സാരിയുടെ മുന്താണിയെടുത്തു വിയർപ്പ് ഒപ്പിക്കളഞ്ഞു അകത്തേക്ക് നടന്നു. യൂണിഫോം ആയി ഒരു കോട്ട് ഉണ്ട്.. പിന്നെ മുടി കവർ ചെയ്യാനുള്ളതും... ഡ്രെസ്സിങ് റൂമിൽ ചെന്നു മുടി ചീകി കെട്ടി കവർ ചെയ്തു വെച്ചു.. കോട്ടും ഇട്ട് പുറത്തേക്ക് ഇറങ്ങിയപ്പോളേക്കും അവിയേട്ടൻ ഗേറ്റ് കടന്നു വരുന്നത് ജനൽ വഴി കണ്ടു... വേഗം ഓടിച്ചെന്ന് ജോലി തുടങ്ങി.. മരുന്നുകളുടെയെല്ലാം കൂട്ടിന്റെ അളവ് പരിശോധിക്കുന്ന ജോലിയാണ് തനിക്കിവിടെ... ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന അതേ അളവിൽ തന്നെയാണോ മരുന്നുകളുടെ കൂട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് പരിശോധിക്കുന്ന ജോലി...

ചെയ്തു ചെയ്തു ശീലം ആയതുകൊണ്ട് ഇപ്പോൾ പേരും ലിസ്റ്റും നോക്കാതെ തന്നെ ഒരോ കൂട്ടും എത്ര അളവിലാണ് മരുന്നിനു വേണ്ടത് എന്ന് പഠിച്ചു കഴിഞ്ഞിരുന്നു... അവി അകത്തേക്ക് കയറി പോകുന്നത് ഒന്ന് ഒളിക്കണ്ണിട്ട് നോക്കി ജോലി തുടർന്നു... ""എങ്ങാനും ജോലി ചെയ്യുന്നത് കണ്ടില്ലായിരുന്നു എങ്കിൽ ഇപ്പോൾ തന്നെ കിട്ടിയേനെ..."" ഇന്ന് രാവിലെ നടന്നതിൽ തന്നെയായിരുന്നു മനസ്സ് പലപ്പോഴും... ""അവിയേട്ടന് അപ്പോൾ ഇതൊക്കെ അറിയാമോ.."". സ്വയം പലപ്പോഴും ചോദിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഉച്ച കഴിഞ്ഞിരുന്നു ജോലിയൊക്കെ ഒരു വിധം ഒതുക്കി തീർത്തപ്പോൾ... ഊണ് കഴിക്കാനായി എഴുന്നേൽക്കുമ്പോളാണ് രമ്യ അടുത്തേക്ക് പരിഭ്രമത്തോടെ വരുന്നത് കണ്ടത്... ""ചേച്ചി....മരുന്നിന്റെ കൂട്ട് തെറ്റി.... അവി സർ കണ്ടു.... ആകെ പ്രശ്നമായി.... ചേച്ചിയേ വിളിക്കുന്നു..."". ഒറ്റ ശ്വാസത്തിൽ പേടിയോടെ പറയുന്ന അവളുടെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലൊരു ഭയം നിറഞ്ഞു... എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്ന് തോന്നിയെങ്കിലും അത് കൂടുതൽ പ്രശ്നം ആകുമെന്ന് അറിയാവുന്നതിനാൽ അവളുടെ കൂടെ ചെന്നു...

""ഈ മരുന്നുകൾ ഇത്രയും പാഴായിപ്പോയില്ലേ... എവിടെയൊക്കെ അന്വേഷിച്ചിട്ട ഇതിന്റെ പല കൂട്ടുകളും കിട്ടുന്നത് എന്നറിയാമോ... ഇഡിയറ്റ്‌സ്.... എന്തിനാ നിങ്ങൾക്കൊക്കെ ശമ്പളം തരുന്നത്..."" അകത്തേക്ക് ചെന്നപ്പോഴേ അവിയേട്ടന്റെ ഉച്ചത്തിലുള്ള സ്വരം കേട്ടു... തന്നെ കണ്ടതും ആ മുഖത്ത് ദേഷ്യം വീണ്ടും ഉറഞ്ഞു കേറുന്നത് കണ്ടു.... ""എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ നിനക്ക്.... രാവിലെ തോന്നുമ്പോൾ ജോലിക്ക് വരുന്നു.. തരുന്ന ജോലി പോലും വൃത്തിക്ക് ചെയ്യില്ല... നിനക്ക് തോന്നും പോലെയൊക്കെ ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ.... പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞേരെ.... വേറെ ആളിനെ എടുക്കാൻ ഒരു പാടും ഇല്ല....."" അവിയേട്ടന്റെ ഉറക്കെയുള്ള സ്വരം കേട്ടപ്പോൾ അറിയാതെ തല താഴ്ന്നു പോയിരുന്നു... ശെരിയാണ് തന്റെ തെറ്റാണ്... ഒരു നിമിഷം വേറെ എന്തോ ആലോചനയിൽ ആയിപ്പോയി.... പക്ഷേ ആ വാക്കുകൾ വല്ലാതെ മുറിവേൽപ്പിക്കുന്നു... കവിളിനെ നനച്ചു താഴേക്ക് ഒഴുകുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റാൻ ശ്രമിക്കാതെ തല താഴ്ത്തി നിന്നു... വീണ്ടും വീണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു................... തുടരും...........

അഥർവ്വ : ഭാഗം 1

Share this story