അഥർവ്വ: ഭാഗം 3

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

""എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ നിനക്ക്.... രാവിലെ തോന്നുമ്പോൾ ജോലിക്ക് വരുന്നു.. തരുന്ന ജോലി പോലും വൃത്തിക്ക് ചെയ്യില്ല... നിനക്ക് തോന്നും പോലെയൊക്കെ ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ.... പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞേരെ.... വേറെ ആളിനെ എടുക്കാൻ ഒരു പാടും ഇല്ല....."" അവിയേട്ടന്റെ ഉറക്കെയുള്ള സ്വരം കേട്ടപ്പോൾ അറിയാതെ തല താഴ്ന്നു പോയിരുന്നു... ശെരിയാണ് തന്റെ തെറ്റാണ്... ഒരു നിമിഷം വേറെ എന്തോ ആലോചനയിൽ ആയിപ്പോയി.... പക്ഷേ ആ വാക്കുകൾ വല്ലാതെ മുറിവേൽപ്പിക്കുന്നു... കവിളിനെ നനച്ചു താഴേക്ക് ഒഴുകുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റാൻ ശ്രമിക്കാതെ തല താഴ്ത്തി നിന്നു... വീണ്ടും വീണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ""എന്തെങ്കിലും പറഞ്ഞാൽ ഉടനേ മൂങ്ങയെ പോലെ തല താഴ്ത്തി നിന്നോണം... ഈ പാഴായി പോയ മരുന്നിന്റെ ഒക്കെ വില നിനക്ക് അറിയാമോ... എവിടെയൊക്കെ അന്വേഷിച്ചിട്ടാണ് ഇപ്പോഴും ഈ കൂട്ടുകൾ കണ്ടു പിടിക്കുന്നതെന്ന്...

ഒരു കാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ആ ജോലിക്ക് നിൽക്കരുത്... പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്... ഇന്നിനി ഇവിടെ കണ്ടു പോകരുത്....."" അവി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു... ഒരുപാട് അന്വേഷിച്ചു കൊണ്ട് വരുന്ന മരുന്നുകളാണ്... ഇന്നും ഇവിടുത്തെ മരുന്ന് അന്വേഷിച്ചു ആളുകൾ വരുന്നത് ഒരിക്കലും മായം കലരാതെ അതവരുടെ കൈകളിൽ എത്തുന്നതുകൊണ്ടാണ്... പല മരുന്ന് ചെടികൾക്കും പരിമിതി ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് എല്ലാം തയ്യാറാക്കുന്നത്... കൂട്ട് തെറ്റി പാഴായി പോയ മരുന്നിലേക്ക് നോക്കും തോറും വീണ്ടും ഉള്ളിൽ ദേഷ്യം നിറയും പോലെ തോന്നി അവിക്ക്... ശ്രീയെ നോക്കിയപ്പോൾ ഇപ്പോഴും തല ഉയർത്തിയിട്ടില്ല... ഇടയ്ക്കിടക്ക് ഏങ്ങലടിക്കുന്നത് പോലെ തോൾ ചലിക്കുന്നുണ്ട്... ശബ്ദം പുറത്തേക്ക് വരാതെ വാ കൂട്ടിപ്പിടിച്ചിരിക്കുകയാണ് എന്ന് തോന്നുന്നു... അവളെ ഒന്ന് കൂടി ഒന്ന് കനപ്പിച്ചു നോക്കി പുറത്തേക്ക് നടന്നു.. അവി പുറത്തേക്ക് പാഞ്ഞു പോകുന്നത് കണ്ടതും ശ്രീ പതിയെ മിഴികൾ ഉയർത്തി...

അവളെ തന്നെ നോക്കി നിൽക്കുന്ന സഹതാപം നിറഞ്ഞ കണ്ണുകളാണ് ആദ്യം കണ്ടത്... അവയെ നോക്കി ഒരു മങ്ങിയ പുഞ്ചിരി വരുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി... വീണ്ടും അവിടെ നിൽക്കാൻ തോന്നിയിരുന്നില്ല.. കണ്ണ് രണ്ടും അമർത്തി തുടച്ചു പുറത്തേക്ക് നടന്നു.... വീണ്ടും അനുസരണക്കേട് കാട്ടി അവ നിറയുന്നുണ്ടെങ്കിലും വാശിയോടെ തുടച്ചു മാറ്റി... ഈ സമയത്തു വീട്ടിലേക്ക് പോകാൻ പറ്റില്ല എന്ന് നന്നായി അറിയാമായിരുന്നു... വൈകുന്നേരം അഞ്ചു മണി കഴിയാതെ ഇവിടുത്തെ മരുന്ന് ശാല അടയ്ക്കാറില്ല... ഇപ്പോൾ വീട്ടിലേക്ക് ചെന്നാൽ പിന്നെ അമ്മേടെ വക ചോദ്യങ്ങൾ നിറയും... ബാഗും തോളിലേക്ക് ഇട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ എപ്പോഴും ഒരാശ്വാസത്തിനായി പോയിരിക്കാറുള്ള ആ കുന്നിൻ ചെരിവ് തന്നെയായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുൻപിലുള്ള അഗ്നിയിലേക്ക് ഒരിക്കൽ കൂടി നെയ്യ് കോരി ഒഴിച്ചു അയാൾ ... അടുത്ത നിമിഷം ഒരാളലോടെ ഉയർന്നു പൊങ്ങിയ അഗ്നിയിലേക്ക് തെച്ചി പൂവും ദർഭ പുല്ലും ഇട്ടു...

അവ കരിഞ്ഞു അന്തരീക്ഷത്തിൽ പടർന്നു തുടങ്ങിയ ഗന്ധം ഒരു നിമിഷത്തേക്ക് അവൻ കണ്ണുകൾ അടച്ചു ആസ്വദിച്ചു... ഇരുൾ നിറഞ്ഞ ആ മുറിയിൽ രക്ത വർണ്ണത്തിൽ തറയിലാകെ സിന്ദൂരം പടർന്നു കിടന്നിരുന്നു.... മുന്നിലായി ഒരുക്കിയ ഹോമകുണ്ഠത്തിലേക്ക് മാറി മാറി പൂജാ സാധനങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നു അയാൾ... ആ മുഖത്ത് നിറഞ്ഞു നിന്നത് തന്ത്രങ്ങൾ മാത്രമായിരുന്നു.... മുപ്പതിൽ താഴെ മാത്രം പ്രായം പറയുന്ന ആ മുഖത്ത് പക്ഷേ ലോകമേറെ കണ്ടവന്റെ കൗശലം നിറഞ്ഞിരുന്നു... വീണ്ടും ഒരിക്കൽ കൂടി താലത്തിലെ പൂജാ സാധനങ്ങൾ അവൻ അഗ്നിയിലേക്ക് അർപ്പിച്ചു... കണ്ണുകൾ അടച്ചിരുന്നു മന്ത്രങ്ങൾ ഉരുവിടുമ്പോൾ മുന്നോട്ടുള്ള ലക്ഷ്യം മാത്രമായിരുന്നു അവനിൽ നിറഞ്ഞു നിന്നത്... മന്ത്രങ്ങൾ ഉരുവിട്ട് കഴിഞ്ഞു ഓട്ടുരുളിയിൽ കുങ്കുമം കലക്കി വച്ചിരിക്കുന്ന വെള്ളത്തിലേക്ക് അവന്റെ കൈകൾ ഒന്ന് ചലിച്ചു... ഉരുളിക്ക് ഉള്ളിലെ ജലത്തിന് മുകളിലായി കൈതലം അമർത്തിക്കൊണ്ട് വീണ്ടും ഒരിക്കൽ കൂടി കണ്ണുകൾ അടച്ചു ജപിക്കുമ്പോൾ അവന്റെ കണ്ണിലൊരു പെണ്ണ് തെളിഞ്ഞു വന്നു... അവളെങ്ങനെ പരിഭവം പറഞ്ഞുകൊണ്ട് കുന്നിൻ ചെരിവിലേക്കുള്ള കയറ്റം കയറുകയായിരുന്നു...

വീശിയടിക്കുന്ന കാറ്റിനെ വക വയ്ക്കാതെ കണ്ണ് തുടച്ചും പരിഭവം പറഞ്ഞും ചുവടുകൾ ഓരോന്നായി വയ്ക്കുന്ന ആ പെണ്ണങ്ങനെ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു... ""ശ്രീനിത....."" അവന്റെ അധരങ്ങൾ ഒരു മന്ത്രം പോലെ ആ പേര് ഉരുവിട്ടു... തന്റെ ലക്ഷ്യത്തിനായി കാലം കാത്തു വച്ചവൾ.... ഒരു വട്ടം കൂടി അവളുടെ പേര് ഒരു മന്ത്രം പോലെ ജപിക്കുമ്പോൾ വീണ്ടുമൊരിക്കൽ കൂടി ഒരു ചക്രവ്യൂഹം അവന്റെ ഉള്ളിൽ തയ്യാറായി തുടങ്ങിയിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കുന്നിൻ ചരുവിലെക്ക് നടക്കുകയായിരുന്നു ശ്രീ... ഇപ്പോഴും കണ്ണുകൾ നിറയുന്നുണ്ട്... ""ഹും.... ദുഷ്ടൻ.... ഒന്ന് സ്നേഹത്തോടെ വഴക്ക് പറഞ്ഞാലെന്താ.... ചെയ്തത് തെറ്റാണെന്നും വിചാരിച്ചു എല്ലാരുടേം മുന്നില് വഴക്ക് പറയുന്നതെന്തിനാ...."" അവൾ സ്വയം പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു... പെയ്യാനൊരുങ്ങി എന്നത് പോലെ അന്തരീക്ഷത്തിൽ മേഘങ്ങൾ നിറഞ്ഞിരുന്നു.. കുന്നിന്റെ ചരുവിലായി ഉള്ള ചെറിയ കാവിന്റെ മുന്നിൽ എത്തിയപ്പോളാണ് ചുവടുകൾ നിന്നത്... പണ്ടിവിടെ കുറച്ചു കുടുംബങ്ങൾ താമസിച്ചപ്പോൾ ഉള്ള കാവാണ്.. ഇപ്പോളവരൊക്കെ ജീവിത സൗകര്യം തേടി പട്ടണത്തിലേക്ക് താമസം മാറ്റിയപ്പോൾ പൂജകളൊക്കെ നിന്നു...

ഇപ്പോൾ വർഷത്തിൽ ഒരിക്കൽ ആയില്യത്തിന് മാത്രമാണ് പൂജ നടത്താറു... അല്ലാത്തപ്പോൾ ആരും ഇങ്ങോട്ടേക്കു വരാറില്ല.. ഇവിടേക്ക് വരുമ്പോൾ മനസ്സിന് വല്ലാത്തൊരു ശാന്തത തോന്നാറുണ്ട്... നാഗത്താൻമാരുടെ മുന്നിൽ തൊഴുതു പ്രാർത്ഥിക്കുമ്പോളേക്കും മനസ്സിലെ വിഷമങ്ങൾ പകുതി ഒഴിഞ്ഞു പോകും പോലെ... കുറച്ചു നേരം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു നിന്നു... ഉള്ളിലെ വിഷമങ്ങൾ കുറയുന്നത് പോലെ.... തൊഴുതു മാറുമ്പോൾ മനസ്സ് ശാന്തമായിരുന്നു.... ""നാളെ മുതൽ ആകട്ടെ... ഒരു പാഠം പഠിപ്പിക്കുന്നുണ്ട് ഞാൻ.... ""സ്വയം പറഞ്ഞുകൊണ്ട് നിന്നു... തണുത്ത കാറ്റ് വീശി അടിച്ചപ്പോൾ കൈകൾ രണ്ടും വിടർത്തി കണ്ണുകൾ അടച്ചു നിന്നു... കുഞ്ഞ്നാൾ മുതലേ ഉള്ള ശീലമാണ്.. കണ്ണടച്ചു കാറ്റിനെ ആസ്വദിക്കുന്നത്.... അന്നൊക്കെ നീളൻ പട്ടുപാവാട കാറ്റിൽ പാറിപ്പറക്കുന്നത് കാണാൻ വേണ്ടി മാത്രം മുറ്റത്തേക്ക് ഓടി ഇറങ്ങുമായിരുന്നു.... രണ്ടു കൈകളും വിടർത്തി ആ കാറ്റിൽ വട്ടം കറങ്ങുമായിരുന്നു... ഓർമ്മകൾ വീണ്ടും ഒരിക്കൽ കൂടി മനസ്സിലേക്ക് വിരുന്നെത്തിയപ്പോൾ കണ്ണുകളടച്ചു ഒന്ന് പുഞ്ചിരിച്ചു.... ചെറുതായി മഴ പൊടിഞ്ഞു തുടങ്ങിയപ്പോളാണ് വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തത്... സമയം വൈകുന്നേരത്തോട് അടുത്ത് തുടങ്ങിയിരുന്നു....

പിന്നെ ഒട്ടും വൈകാതെ തിരിച്ചു ഇറങ്ങാൻ തുടങ്ങി... വീട്ടിൽ എത്തിയപ്പോൾ തന്നെ വാതിൽക്കൽ ദേഷ്യപ്പെട്ടു നിൽക്കുന്ന അമ്മയെയാണ് കണ്ടത്..വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ആറ് കഴിഞ്ഞിരിക്കുന്നു.... വെറുതെയല്ല ഈ ചൂട്... എന്നും വരുന്നതിലും ഒരു മണിക്കൂർ വൈകി... അമ്മയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു അകത്തേക്ക് നടന്നു... കമ്പനിയിൽ നടന്നതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു... അറിഞ്ഞാൽ ഇപ്പോൾ തുടങ്ങും അവിമോന്റെ മരുന്നെല്ലാം നശിപ്പിച്ചു എന്നും പറഞ്ഞിട്ട്.... അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ദേഷ്യപ്പെട്ടു... എല്ലാം തലയാട്ടി സമ്മതിക്കും പോലെ നിന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവി...വൃശ്ചികത്തിന്റെ തണുപ്പ് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു.... ഇന്ന് രാവിലെ മുതൽ നടന്ന ഒരോ സംഭവങ്ങളിൽ കൂടിയും സഞ്ചരിക്കുകയായിരുന്നു മനസ്സ്... ഇതുവരെ ഇല്ലാത്തത് പലതും ഈ മണ്ണിൽ സംഭവിച്ചു തുടങ്ങിയിരിക്കുന്നു..

എത്രയൊക്കെ ചിന്തിച്ചിട്ടും അവയുടെ കാരണം മാത്രം ഉള്ളിൽ തെളിയുന്നുണ്ടായിരുന്നില്ല... ആകെ ഒരു മൂടൽ ബാധിച്ചിരിക്കുന്നു മനസ്സിന്... അത്രമേൽ പ്രിയപ്പെട്ടതെന്തിനോ അനർത്ഥം വരും പോലെ... ചിന്തകളിലെപ്പോഴോ ശ്രീയുടെ മുഖം എത്തിയപ്പോൾ അവന്റെ മുഖം വിവർണ്ണമായി... പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്നൊരു തോന്നലാണ് ഉച്ച മുതൽക്കേ അവളെ അവിടൊന്നും കാണാതിരുന്നപ്പോൾ... പക്ഷേ അപ്പോഴത്തെ ദേഷ്യത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല മനസ്സിൽ.. അത്രയേറെ വിലപ്പെട്ട ഔഷധ കൂട്ടുകളാണ് നശിപ്പിച്ചു കളഞ്ഞത്... തല താഴ്ത്തി നിൽക്കുന്ന അവളുടെ രൂപം വീണ്ടും ഒരിക്കൽ കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ അവി കണ്ണുകളടച്ചു നിന്നു..... മനസ്സിലപ്പോൾ ഒരു പെണ്ണിന്റെ രൂപം തെളിഞ്ഞു വന്നു.... പട്ടു പാവാട ഉടുത്തു കാറ്റിൽ വട്ടം കറങ്ങുന്ന ഒരു പെണ്ണിന്റെ... അറിയാതെ അവനിൽ ഒരു ചിരി വിടർന്നു..................... തുടരും...........

അഥർവ്വ : ഭാഗം 2

Share this story