അഥർവ്വ: ഭാഗം 4

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

ചിന്തകളിലെപ്പോഴോ ശ്രീയുടെ മുഖം എത്തിയപ്പോൾ അവിയുടെ മുഖം വിവർണ്ണമായി... പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്നൊരു തോന്നലാണ് ഉച്ച മുതൽക്കേ അവളെ അവിടൊന്നും കാണാതിരുന്നപ്പോൾ... പക്ഷേ അപ്പോഴത്തെ ദേഷ്യത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല മനസ്സിൽ.. അത്രയേറെ വിലപ്പെട്ട ഔഷധ കൂട്ടുകളാണ് നശിപ്പിച്ചു കളഞ്ഞത്... തല താഴ്ത്തി നിൽക്കുന്ന അവളുടെ രൂപം വീണ്ടും ഒരിക്കൽ കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ അവി കണ്ണുകളടച്ചു നിന്നു..... മനസ്സിലപ്പോൾ ഒരു പെണ്ണിന്റെ രൂപം തെളിഞ്ഞു വന്നു.... പട്ടു പാവാട ഉടുത്തു കാറ്റിൽ വട്ടം കറങ്ങുന്ന ഒരു പെണ്ണിന്റെ... അറിയാതെ അവനിൽ ഒരു ചിരി വിടർന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവേറെ വൈകിയിട്ടും ശ്രീക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല... ദേഷ്യപ്പെട്ടു നിൽക്കുന്ന അവിയുടെ രൂപമായിരുന്നു മനസ്സ് നിറയെ... ""ഹും... തനി വെട്ട്പോത്ത് തന്നെയാ....

മറ്റെന്നാൾ അല്ലി ഇങ്ങോട്ടേക്ക് ഒന്ന് വരട്ടെ... ശെരിയാക്കി കൊടുക്കുന്നുണ്ട്.... ഇനി എന്നേ എങ്ങനെയാ വഴക്ക് പറയുക എന്നൊന്ന് കാണട്ടെ..."". പിറുപിറുത്തുകൊണ്ട് കിടന്നു... എപ്പോഴോ കണ്ണിനെ മയക്കം തഴുകി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കണ്ണുകൾ ചിമ്മി തുറന്നപ്പോൾ തലയാകെ വല്ലാത്തൊരു ഭാരം പോലെ തോന്നി അവൾക്ക്.. മുന്നിലുള്ള കാഴ്ചകൾ ഒക്കെ അവ്യക്തമാകും പോലെ... വേദന കാരണം തലയോട് പൊട്ടിപ്പിളരും പോലെ... ഒരിക്കൽ കൂടി കണ്ണുകളൊന്ന് ചിമ്മി തുറന്നു... ഇരുട്ട് മാത്രമാണ് മുന്നിൽ നിറഞ്ഞു നിന്നത് ആദ്യം.... പതുക്കെ പതുക്കെ കണ്ണുകളാ ഇരുട്ടിനോട് പൊരുത്തപ്പെട്ടിട്ടാകണം മുന്നിലുള്ള കാഴ്ചകൾ ഒരു മങ്ങിയ രൂപം പോലെ തെളിഞ്ഞു വന്നു.... ഇരുട്ട് നിറഞ്ഞ ഒരു മുറിയിലാണ് താനിപ്പോൾ... മുകളിലെ ഓടിന്റെ ചെറിയ വിടവുകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശം മാത്രമാണ് മുറിയിൽ....

ജനലുകളൊക്കെ എന്തോ ഉപയോഗിച്ച് മറച്ചിരിക്കുകയാണെന്ന് തോന്നുന്നു... നൂല് പോലെയൊരു വെളിച്ചം മാത്രം ഉള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്... അവൾക്ക് തൊണ്ട വരളും പോലെ തോന്നി... ശരീരമാകെ വേദനിക്കും പോലെ.... കൈകാലുകൾ ഒക്കെ തണുപ്പിൽ കിടന്നിട്ട് മരം പോലെ കോച്ചിപ്പിടിച്ചിരിക്കുന്നു...പതിയെ കൈ ഒന്ന് അനക്കി നോക്കി... ഒരു പെരുപ്പും വേദനയും ഉള്ളിലേക്ക് അരിച്ചു കയറും പോലെ... കൈകൾക്ക് ബലം കൊടുത്തു എഴുന്നേൽക്കാൻ ശ്രമിക്കുംതോറും ശരീരം കൂടുതൽ തളരും പോലെ... ഒരു നിമിഷം തറയിലേക്ക് തന്നെ മുഖമമർത്തി കിടന്നു... തളർച്ചയോടെ പതിയെ എഴുന്നേറ്റു ചുവരിലേക്ക് ചാരി ഇരുന്നു... എന്തൊക്കെയോ ഗന്ധങ്ങൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.... കർപ്പൂരം കത്തിച്ചതിന്റെയും കുങ്കുമത്തിന്റെയും ഗന്ധമാണ് അതെന്നറിഞ്ഞപ്പോൾ അവളിൽ ഒരാളലുണ്ടായി... ആരോ അകത്തേക്ക് വരുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു... അത് കേട്ട ദിശയിലേക്ക് കാതുകൾ കൂർപ്പിച്ചു വെച്ചു....കണ്ണ് തുറന്നതിന് ശേഷം കേട്ട ഏക ശബ്ദം അതാണെന്ന തിരിച്ചറിവിൽ ശരീരം വിറയ്ക്കും പോലെ തോന്നി അവൾക്ക്...

ഇടയ്ക്കെപ്പോഴോ ആ ചുവടുകൾ ഒന്ന് നിന്നു.... ഒരു നിമിഷം വീണ്ടും അതിനായി കാതോർത്തതും ഒരു മുഴക്കത്തോടെ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു... കണ്ണിലേക്കു തുളഞ്ഞു കയറിയ പ്രകാശത്തിൽ അവൾ മിഴികൾ ഇറുക്കെ അടച്ചു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഒരു ഞെട്ടലോടെ ശ്രീ കണ്ണുകൾ വലിച്ചു തുറന്നു... ഇല്ല... താനിപ്പോഴും തന്റെ മുറിയിൽ തന്നെയാണ്... അവൾ ആശ്വാസത്തോടെ നെഞ്ചിലേക്ക് കൈ വെച്ചു ശക്തിയായി ശ്വാസം എടുത്തു... ശരീരം ആകെ വിയർത്തു കുളിച്ചിരുന്നു... വീണ്ടും ഒരിക്കൽ കൂടി..... ഉള്ളിൽ ഭയം നിറയും പോലെ തോന്നി അവൾക്ക്... എല്ലാമൊരു തോന്നലാണെന്ന് സമാധാനിക്കുമ്പോഴും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് ഉള്ളിൽ ഇരുന്നാരോ പറയും പോലെ... ഇപ്പോഴും രാത്രി തന്നെയാണെന്ന് പുറത്തെ ഇരുട്ട് കണ്ടപ്പോൾ മനസ്സിലായി.. ഫോണെടുത്തു സമയം ഒന്ന് നോക്കി... ഒരു മണി കഴിഞ്ഞിട്ടേ ഉള്ളു... നല്ല പേടി തോന്നിയെങ്കിലും അമ്മയെ വിളിച്ചില്ല... ജപിച്ചു കെട്ടിയതോടെ ആ സ്വപ്‌നങ്ങൾ ഒക്കെ തന്നെ വിട്ട് പോയി എന്ന് വിചാരിച്ചു ഇരിക്കുകയാകും പാവം...

അതങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു... കുറച്ചു സമയം എടുത്തു മനസ്സൊന്നു ശാന്തമാകാൻ... നേരം വെളുക്കാൻ ഇനിയുമേറെ സമയമുണ്ട് എന്ന് കണ്ടപ്പോൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു... പക്ഷേ അപ്പോഴും ആ സ്വപ്നം ഒരു കനലായി ഉള്ളിൽ അവശേഷിച്ചിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ നേരത്തെ അലാറം വച്ചിരുന്നു.... ആദ്യം എഴുന്നേൽക്കാൻ മടി കാണിച്ചു ഒരിക്കൽ കൂടി പുതപ്പിനടിയിലേക്ക് ചുരുണ്ടു കൂടിയെങ്കിലും ഇന്നലത്തെ അവിയുടെ അലർച്ച മനസ്സിലേക്ക് വന്നപ്പോൾ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു... ""ഹോ... ഇന്നും വൈകിയേനെ..."" സ്വയം പറഞ്ഞുകൊണ്ട് വേഗം എഴുന്നേറ്റിരുന്നു... ഇത്രയും നേരത്തെ എഴുന്നേറ്റു ശീലമില്ലാത്തതിനാൽ കണ്ണുകൾ രണ്ടും കുറച്ചു നേരം കൂടി അടച്ചിരുന്നു... പിന്നെ എഴുന്നേറ്റു പതിയെ പുറത്തേക്ക് നടന്നു... അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു.. പാത്രങ്ങളുടെ തട്ടും മുട്ടും ഒക്കെ കേൾക്കാനുണ്ട്... പല്ല് തേപ്പും ഒക്കെ കഴിഞ്ഞു നേരെ മുറ്റത്തേക്ക് ഇറങ്ങി... ഇന്നലെ പെയ്ത മഴയുടെ എന്നത് പോലെ മുറ്റമാകെ നനഞ്ഞു കിടക്കുന്നുണ്ടായിരുന്നു...

ആകാശം ഇപ്പോഴും മൂടപ്പെട്ടു തന്നെ കിടക്കുന്നു.... മഴ പെയ്തു തോർന്ന മുറ്റത്തു വെറുതെ നടക്കാൻ പണ്ട് മുതലേ ഇഷ്ടമുള്ള കാര്യമാണ്.. ചെരുപ്പ് ഇടാതെ മുറ്റത്തേക്ക് ഇറങ്ങി... കാൽപാദത്തിലൂടെ ഒരു തണുപ്പ് ശരീരമാകെ പടരും പോലെ... കണ്ണുകൾ അടച്ചു ഒരു നിമിഷം നിന്നു.... ഇനിയും നിന്നാൽ നേരം വൈകും എന്ന് അറിയാവുന്നതുകൊണ്ട് വേഗം തന്നെ ചെരുപ്പ് കാലിലേക്കിട്ട് മുറ്റമടിക്കാൻ തുടങ്ങി... മഴ പെയ്തതുകൊണ്ട് തന്നെ മുറ്റമാകെ ഇലകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.... ഒരു വിധം എല്ലാം തൂത്തു കഴിഞ്ഞു നടു നിവർത്തിയപ്പോളാണ് അവി റോഡിൽ കൂടി പോകുന്നത് കണ്ടത്... രാവിലെ നടക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു... അബദ്ധത്തിൽ പോലും ഇങ്ങോട്ടേക്കു നോക്കുന്നില്ല... ഇന്നലത്തെ അതേ ഗൗരവം തന്നെ നിറഞ്ഞിരുന്നു മുഖത്ത്... അവനെ നോക്കി ഒന്ന് ചുണ്ട് കോട്ടി വേഗം അകത്തേക്ക് നടന്നു..പെട്ടെന്ന് തന്നെ കുളിച്ചു ഒരുങ്ങി... ""ഇനി എന്നേ എങ്ങനെ വഴക്ക് പറയും എന്നൊന്ന് അറിയണമല്ലോ....."" ഒരുങ്ങുന്നതിനിടയിൽ സ്വയം പിറുപിറുത്തു... നീളൻ മുടി എടുത്തു പിന്നിക്കെട്ടി വച്ചു... രാവിലെ തല നനയ്ക്കാറില്ല മുടി ഉണങ്ങാനുള്ള താമസം കാരണം.. കഴിക്കാൻ ഇരുന്നപ്പോഴും അമ്മയുടെ മുഖത്ത് ഗൗരവം ആയിരുന്നു.. ഇന്നലെ പറയാതെ വൈകി വന്നതിന്റെയാണ്.... ഈ സ്വപ്നങ്ങളുടെ കടന്നു വരവോടെ അമ്മക്ക് വല്ലാത്ത ഭയമാണ്...

ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും ഗൗരവത്തിന് കുറവൊന്നും ഉണ്ടായില്ല... കഴിച്ചു കൈ കഴുകിയ ഉടനേ പിന്നിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു.. ""സത്യായിട്ടും ഇനി പറയാതെ എവിടെയും പോകില്ല എന്റെ അമ്മേ..."". കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു പറഞ്ഞതും പയ്യെ ആ മുഖത്തെ ഗൗരവം മാറുന്നത് കണ്ടു... ""ഹ്മ്മ്... ""ഒന്നമർത്തി മൂളിക്കൊണ്ട് മാലതി പുഞ്ചിരിച്ചപ്പോൾ ശ്രീയിലും ഒരു ചിരി വിടർന്നു.. മരുന്ന് ശാലയിലേക്ക് കയറുമ്പോൾ അവിയേട്ടൻ വന്നു കാണരുതേ എന്ന പ്രാർത്ഥനയായിരുന്നു... പ്രതീക്ഷിച്ചത് പോലെ തന്നെ ആളെത്തിയിട്ടില്ല... അതുകൊണ്ട് വേഗം തന്നെ അകത്തേക്ക് ചെന്ന് ജോലി തുടങ്ങി... കൂടെയുള്ള പല മുഖങ്ങളിലും ഇന്നലത്തെ സഹതാപം നിറഞ്ഞിരുന്നെങ്കിലും അവയൊന്നും കാര്യമാക്കിയില്ല... എല്ലാർക്കും ഒരു പുഞ്ചിരി നൽകി ജോലിയിലേക്ക് തന്നെ തിരിഞ്ഞു.. മരുന്ന് ശാലയുടെ അകത്തേക്ക് കയറിയപ്പോൾ അഥർവ്വയുടെ കണ്ണുകൾ ചുറ്റും ഒന്ന് തിരിഞ്ഞു... ഒടുവിലത് അവൻ വരുന്നത് കണ്ടതും കൂടുതൽ ഗൗരവത്തിൽ ജോലി ചെയ്യുന്ന ശ്രീയിൽ എത്തി നിന്നു... ഇടയ്ക്കിടക്ക് ഒളിക്കണ്ണിട്ട് ഇങ്ങോട്ട് നോക്കുന്നതും ആ മുഖത്തെ ഗൗരവം ഒന്നുകൂടി കൂടുന്നതും കണ്ടപ്പോൾ അവി പൊട്ടി വന്ന ചിരി അടക്കി അവളെയൊന്ന് തറപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് നടന്നു...

അവി പോയെന്ന് കണ്ടതും ശ്രീ ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ടു... അന്ന് ചെയ്ത ജോലികളിലെല്ലാം കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നു... അവി മുന്നിൽ കൂടി പോകുമ്പോൾ മാത്രം മുഖത്ത് ഗൗരവം നിറച്ചു എങ്ങോട്ടെങ്കിലും നോക്കി നിൽക്കും... അവളുടെ ഒളിച്ചുകളിയും പരിഭവവും മനസ്സിലായെങ്കിലും അവി പ്രതികരിക്കാനായി പോയില്ല... ""ശ്രീയേച്ചി.... കൈയോന്നി കിട്ടിയില്ലല്ലോ കൂട്ടിന്..."" ഭൈമ വന്നു പറഞ്ഞപ്പോഴാണ് അത് മരുന്നുപുരയിൽ ഇരിക്കുന്ന കാര്യം ഓർത്തത്.. സമയം കളയാതെ അങ്ങോട്ടേക്ക് നടന്നു... പറിച്ചെടുക്കുന്ന ചെടികളൊക്കെ വാടാതെ വെള്ളം തളിച്ച് അവിടെയാണ് സൂക്ഷിക്കുന്നത്... ഒരിക്കലും ചൂട് കൂടാത്ത രീതിയിൽ സജ്ജമാക്കിയ മുറിയാണ്... അതിനാൽ തന്നെ വാടാതെ എത്ര കാലം വേണമെങ്കിലും ഇരിക്കും.. തടി മേശയുടെ മുകളിലായി വച്ചിരിക്കുന്ന കൈയോന്നി കണ്ടതും അവിടേക്ക് നടന്നു... കൈ നീട്ടി അതെടുക്കാൻ തുടങ്ങുമ്പോളാണ് ചേർന്നുള്ള അലമാരയിൽ ഒരു തിളക്കം പോലെ കണ്ടത്.. മുന്നിൽ കണ്ട കാഴ്ചയിൽ അലറി വിളിക്കാൻ പോലും കഴിയാതെ ശ്രീ തറഞ്ഞു നിന്ന് പോയി.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകുണ്ഠത്തിന്റെ മുറ്റത്തായി വന്നു നിന്ന കാറിൽ നിന്നും രണ്ടു കാൽപാദങ്ങൾ മണ്ണിലേക്ക് ഇറങ്ങിയതും അവിയുടെ ഉള്ളം കൈയിലെ ഗരുഡ ചിഹ്നം ഒരിക്കൽ കൂടി സ്വർണ്ണ വർണ്ണമായി........................ തുടരും...........

അഥർവ്വ : ഭാഗം 3

Share this story