അഥർവ്വ: ഭാഗം 5

adharva

എഴുത്തുകാരി: അമ്മു അമ്മൂസ്

തടി മേശയുടെ മുകളിലായി വച്ചിരിക്കുന്ന കൈയോന്നി കണ്ടതും അവിടേക്ക് നടന്നു... കൈ നീട്ടി അതെടുക്കാൻ തുടങ്ങുമ്പോളാണ് ചേർന്നുള്ള അലമാരയിൽ ഒരു തിളക്കം പോലെ കണ്ടത്.. മുന്നിൽ കണ്ട കാഴ്ചയിൽ അലറി വിളിക്കാൻ പോലും കഴിയാതെ ശ്രീ തറഞ്ഞു നിന്ന് പോയി.... ഒരു ചെറിയ നാഗം അലമാരയുടെ ഒരു മൂലയിലായി പതുങ്ങി ഇരിക്കുന്നതാണ് കണ്ടത്... തന്നെ കണ്ടെന്നത് പോലെ ചെറുതായി തലയൊന്ന് ഉയർത്തി നോക്കുന്നത് കണ്ടു... താൻ കൈ നീട്ടിയിരുന്നെങ്കിൽ അതിന്റെ അത്രയും അടുത്തുകൂടി ആയിരുന്നേനെ തന്റെ കൈ കടന്നു പോകേണ്ടത്... ഓർക്കുമ്പോൾ ദേഹമാകെ ഒരു വിറയൽ കടന്നു പോകും പോലെ തോന്നി... നിലവിളിക്കണമെന്നും പുറത്തേക്ക് ഓടണമെന്നും ഉണ്ട്... പക്ഷേ കഴിയുന്നില്ല.. നാവ് തളരും പോലെ... ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഒരു പാമ്പിനെ അടുത്ത് കാണുന്നത്....

അത് പതിയെ അറ്റത്തേക്ക് ഇഴയാൻ തുടങ്ങുന്നത് കണ്ടു..... തനിക്ക് നേരെ ആയപ്പോൾ ഇഴച്ചിൽ നിർത്തി ചെറിയ വാലും ചുരുട്ടി പത്തി വിരിക്കാൻ ശ്രമിച്ചുകൊണ്ട് തനിക്ക് അഭിമുഖമായി നിൽക്കുന്ന നാഗത്തെ കാൺകെ ഉള്ളം കാലിലൂടെ ഒരു പെരുപ്പ് ദേഹമാകെ പടരും പോലെ... രാവിലെ കണ്ട കാഴ്ചകളൊക്കെ മുന്നിലൂടെ കടന്നു പോയി... ഒരോർമ്മപ്പെടുത്തൽ പോലെ.... നെറ്റിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുള്ളികൾ പോലും തുടച്ചു നീക്കാതെ അവളതിനെ ഭയത്തോടെ തുറിച്ചു നോക്കി നിന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇതുവരെയുള്ള കണക്കുകൾ നോക്കിയിട്ട് കസേരയിലേക്ക് ചാരി ഇരിക്കുകയായിരുന്നു അഥർവ്വ.... എന്തോ ഒരു അസ്വസ്ഥത പോലെ.... പുറത്ത് മഴ പെയ്യുന്നുണ്ടായിരിന്നു... മഴത്തുള്ളികൾ മുറ്റത്തേക്ക് വീണു ചിതറി തെറിക്കുന്ന സ്വരം കേട്ട് കണ്ണുകൾ അടച്ചു കിടന്നു അവി... അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നത് പോലെ.. സർപ്പ സാന്നിധ്യം അറിഞ്ഞെന്നോണം ഉള്ളം കൈയിലെ ഗരുഡന്റെ മുദ്ര സ്വർണ്ണ വർണ്ണത്തിൽ തിളങ്ങിയപ്പോൾ അവിയൊരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു... ആദ്യമായി ഈ മണ്ണിലും ആ സാന്നിധ്യം എത്തിയിരിക്കുന്നു... അവന്റെ കണ്ണുകൾ ഒന്ന് കുറുകി....

എവിടെയായിരിക്കും എന്ന ചിന്തയിൽ ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നു.... ശേഷം അതിവേഗം എഴുന്നേറ്റു മരുന്നുപുരയിലേക്ക് നടക്കുമ്പോൾ ഒരോ മാറ്റത്തിന്റെയും കാരണം അന്വേഷിക്കുകയായിരുന്നു മനസ്സ്... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പാമ്പിനെ തന്നെ ഭയത്തോടെ നോക്കി നിൽക്കുകയായിരുന്നു ശ്രീ.... ഇവിടെ നിന്നും പോകാൻ നോക്കിയാൽ ആക്രമിക്കുമോ എന്നൊരു ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു...ആക്രമിക്കാൻ തയ്യാറെടുക്കുമ്പോഴാണ് പത്തി വിരിക്കുക എന്ന് കേട്ടിട്ടുണ്ട്... മരണഭയം ഉള്ളിൽ നിറഞ്ഞു തുടങ്ങിയിരുന്നു... ഇതുവരെ കടന്നു പോയ നിമിഷങ്ങളോരോന്നായി മനസ്സിൽ തെളിയുന്നു... ആ നാഗം പത്തി വിരിച്ചു നേരെ നിന്നപ്പോഴേക്കും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.... അവളെ തന്നെ നോക്കിയെന്നത് പോലെ ആ നാഗത്തിന്റെ പത്തിയൊന്ന് ഇരു വശങ്ങളിലേക്കും ചലിച്ചു.... പിന്നെയൊരു നിമിഷത്തേക്ക് ചലിക്കാതെ അവളിലേക്ക് തന്നെ നോട്ടം പായിച്ചു... പിന്നോട്ടെന്ന് തലയനക്കി മുന്നിലേക്ക് ആയുമ്പോളേക്കും പിടിച്ചു കെട്ടിയത് പോലെ അതവിടെ ചലനമറ്റ് ഇരുന്നു... കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു ശ്രീ... ആരോ നടന്നു വരുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നതും പത്തി താഴ്ത്തി ഇഴഞ്ഞു മാറാൻ നിൽക്കുന്ന സർപ്പതിനെയാണ് കണ്ടത്...

"'നീയെന്താ ഇവിടെ..... ""അഥർവ്വയുടെ മുഴക്കത്തോട് കൂടിയുള്ള ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി... ഗൗരവം നിറഞ്ഞ മുഖവുമായി വാതിൽപ്പടിയിൽ നിൽക്കുന്ന അവനെ കണ്ടതും ഉള്ളിലൊരു ആശ്വാസം നിറയും പോലെ... തിരിഞ്ഞു നോക്കിയപ്പോളേക്കും നാഗം നിന്ന ഇടം ശൂന്യമായിരുന്നു... ഇതുവരെ ഇല്ലാതിരുന്ന ശ്വാസം തിരിച്ചു കിട്ടിയത് പോലെ തോന്നി അവൾക്ക്...എങ്കിലും ആ വെപ്രാളം വിട്ട് മാറിയിരുന്നില്ല.. അവളുടെ മുഖത്തെ പരിഭ്രമം നോക്കി നിൽക്കുകയായിരുന്നു അവി. ആകെ വിയർത്തിട്ടുണ്ട്... അവന്റെ കണ്ണുകൾ ആ മുറിയിലാകെ ഒന്ന് പരതി.. കൈയിലെ ഗരുഡ ചിഹ്നം സ്വർണ്ണ നിറത്തിൽ നിന്നും സാധാരണ രൂപത്തിലേക്ക് മാറിയിരിക്കുന്നു... സർപ്പ സാന്നിധ്യം അവിടെ നിന്നും വിട്ട് പോയിരിക്കുന്നു എന്ന് മനസ്സിലായി.. ""ചോദിച്ചത് കേട്ടില്ലേ.... നീ ഇപ്പൊ എന്തിനാ ഇങ്ങോട്ടേക്കു വന്നതെന്ന്..."" അവൾ മറുപടി പറയാതെ നിൽക്കുന്നത് കണ്ടിട്ട് ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു... ശ്രീ ഞെട്ടിക്കൊണ്ട് കൈയോന്നിക്ക് നേരെ വിരൽ ചൂണ്ടി... ""എന്നിട്ട്... ഇതുവരെ എടുത്തിട്ട് പോകാറായില്ലേ... "" അവൻ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെയാണോ അവളിൽ നിന്നും കിട്ടാൻ പോകുന്നത് എന്നറിയാൻ വേണ്ടി ഒരിക്കൽ കൂടി ചോദിച്ചു..

. ""അ.... അവിടെ ഒ... ഒരു പാമ്പ്."" അലമാരയുടെ നേരെ വിരൽ ചൂണ്ടി വിക്കലോടെ പറയുന്നവളെ പിരികം ചുളിച്ചു ഒന്ന് നോക്കിയിട്ട് അലമാരയുടെ അടുത്തേക്ക് നടന്നു.. സൂക്ഷിച്ചു നോക്കിയിട്ടും ഒന്നും കാണാൻ കഴിഞ്ഞില്ല... കാരണങ്ങൾ തേടുകയായിരുന്നു മനസ്സ്.. അവളെ നോക്കിയപ്പോൾ ഇപ്പോഴും അതേ സ്ഥലത്ത് തന്നെ നിൽക്കുന്നത് കണ്ടു... ""പാമ്പ് പോയില്ലേ... നിനക്കിനിയും മരുന്നെടുത്തു പോകാറായില്ലേ..."" ചോദ്യം കേട്ടതും ശ്രീ പെട്ടെന്ന് തന്നെ കൈയൊന്നിയും എടുത്തു പുറത്തേക്ക് നടന്നു... കൈകൾ രണ്ടും ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു... പക്ഷേ ഇനിയും അവിടെ നിൽക്കും തോറും പേടി കൂടുകയേ ഉള്ളു എന്ന് അറിയാമായിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകുണ്ഠത്തിന്റെ മുറ്റത്തായി അതേ സമയം വന്നു നിന്ന കാറിൽ നിന്നും രണ്ടു കാൽപാദങ്ങൾ ആ മണ്ണിലേക്ക് പതിച്ചതും അവിയുടെ കൈയിലെ ഗരുഡന്റെ മുദ്ര ഒരിക്കൽ കൂടി സ്വർണ്ണ വർണ്ണമായി... മറ്റെവിടെയോ വീണ്ടും സർപ്പ സാന്നിധ്യം കണ്ടെത്തിയോ എന്ന തോന്നലിൽ അവനത് ശ്രദ്ധിച്ചിരുന്നില്ല...

അയാളാ മണ്ണിൽ ഒന്നമർത്തി ചവിട്ടി നിന്നു. ചുറ്റിനും ഒന്ന് കണ്ണുകൾ പായിച്ചു.. പഴമയുടെ പ്രൌഡിയോടെ തലയെടുപ്പിൽ നിൽക്കുന്ന തറവാട് കണ്ടതും അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങി... ചുറ്റുമുള്ള പ്രകൃതിയിലും മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു... ആ വരവ് ഇഷ്ടപ്പെടാത്തത് പോലെ ഒരു സീൽക്കാര ശബ്ദത്തോടെ വീശിയടിച്ച കാറ്റിനെ നോക്കി അയാളൊന്ന് പുച്ഛത്തോടെ ചിരിച്ചു... മരങ്ങൾക്ക് മുകളിലിരുന്ന പക്ഷികൾ ചിലച്ചുകൊണ്ട് ആകാശത്തിന് ചുറ്റും പറന്നു നടക്കാൻ തുടങ്ങിയിരുന്നു... അയാളൊരു നിമിഷം കണ്ണുകൾ അടച്ചു വലതു കൈപ്പത്തി കഴുത്തിലെ മാലയിൽ മുറുക്കി കണ്ണുകൾ അടച്ചു നിന്നു... എന്തൊക്കെയോ മന്ത്രങ്ങൾ ജപിക്കും പോലെ ആ അധരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു... അന്തരീക്ഷം പതിയെ തെളിഞ്ഞു തുടങ്ങിയിരുന്നു... വീശിയടിച്ച കാറ്റ് പതിയെ ശാന്തമായി പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങി... ആകാശത്തിന് ചുറ്റും വട്ടമിട്ടു പറന്ന പക്ഷികൾ ഓരോന്നായി വീണ്ടും ചില്ലകളിലേക്ക് ചേക്കേറി..

തൊട്ട് പിന്നാലെയായി മറ്റൊരു വാഹനം ആ മുറ്റത്തേക്ക് കടന്നു വരുന്ന ശബ്ദം കേട്ടതും അയാൾ പതിയെ കണ്ണ് തുറന്നു വീണ്ടും മുഖത്തൊരു പുഞ്ചിരി അണിഞ്ഞു... പിന്നാലെ വന്ന കാറിൽ നിന്നും ചുരിദാർ ധരിച്ചു അലസമായി മുടി പിന്നിയിട്ട ഒരു പെൺകുട്ടി ഇറങ്ങി... ചമയങ്ങൾ ഒന്നുമില്ലാത്ത മുഖത്ത് രണ്ടു കണ്ണുകൾ മാത്രം നീട്ടി എഴുതിയിരുന്നു... അവളയാളെ നോക്കി പരിചിത ഭാവത്തിൽ ചിരിച്ചു.... ""എന്താ ഡോക്ടറെ വന്ന കാലിൽ തന്നെ നിൽക്കുന്നത്.... ഞങ്ങളുടെ വീടൊക്കെ അങ്ങ് ബോധിച്ചു എന്ന് തോന്നുന്നല്ലോ...."'. അയാളെ നോക്കി ഒരു കണ്ണിറുക്കി അവൾ പറഞ്ഞപ്പോൾ അയാളൊന്ന് ചിരിച്ചു.... വളരെ ഗൂഢമായ ഒരു ചിരി... ""സത്യം പറയാല്ലോ അല്ലി... താൻ പറഞ്ഞപ്പോൾ ഞാനിത്രയും വിചാരിച്ചില്ല... ഇതിപ്പോൾ എനിക്കീ മണ്ണ് വിട്ട് പോകാൻ തോന്നുന്നില്ലെടോ... ഇതൊക്കെയെന്റെ സ്വന്തമെന്നത് പോലെ..."" അയാൾ രണ്ടു കൈകളും ആകാശത്തേക്ക് വിടർത്തി ഒരിക്കൽ കൂടി ആ മണ്ണിന്റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചു എടുത്തു... അയാളെ നോക്കി ചിരിയോടെ നിന്നു അല്ലി... പുറത്തു വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ജഗന്നാഥൻ... അല്ലിയെ കണ്ടപ്പോൾ അയാളുടെ മുഖം വിടർന്നു...

""മോളെ..... എപ്പോ എത്തി നീയ്...."" ചിരിയോടെ അടുത്തേക്ക് വരുന്ന അയാളെ കണ്ടതും അവളോടി ആ നെഞ്ചിൽ ചാരി നിന്നു... ""വന്നിറങ്ങിയതേ ഉള്ളു അച്ഛേ.... അച്ഛെടെ അല്ലിക്കുട്ടി ഇനി എങ്ങോട്ടും പോകുന്നില്ല..."" അവൾ രണ്ടു കൈകൾ കൊണ്ടും ജഗന്നാഥനെ ചുറ്റിപ്പിടിച്ചു കൊഞ്ചലോടെ പറഞ്ഞു... അയാൾ സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടമർത്തി... ഇതൊക്കെ കണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ അതിന് ശേഷമാണ് അയാൾ ശ്രദ്ധിച്ചത്.... അവനെ അയാളൊന്ന് സൂക്ഷിച്ചു നോക്കി... പക്ഷേ ഉള്ളിലൊന്നും തന്നെ തെളിഞ്ഞില്ല... ""ഇതാര മോളെ... "" അച്ഛന്റെ സംശയത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അല്ലി മുഖമുയർത്തി... ""അച്ഛാ ഇത് ഡോക്ടർ ദക്ഷ്... ആളൊരു ആയുർവേദ ഡോക്ടർ ആണ്... ഇപ്പോൾ നമ്മുടെ നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി വന്നതാ..."" അല്ലിയുടെ മറുപടി കേട്ടപ്പോൾ ജഗന്നാഥൻ ഒന്ന് ചിരിച്ചു... ""ആഹാ അവിയുടെ കൂട്ടരാ ല്ലേ... അവനിപ്പോൾ മരുന്ന് ശാലയിലാണ് അല്ലെങ്കിൽ കാണാമായിരുന്നു...."" ദക്ഷ് ഒന്ന് ചിരിച്ചു... ""ഇനിയും ഒരുപാട് സമയം ബാക്കിയല്ലേ അച്ഛാ കൂടിക്കാഴ്ച്ചക്ക്.....എന്തായാലും അവിയെ കാണാതെ ഞാൻ എങ്ങോട്ട് പോകാനാ...."" അവന്റെ മറുപടിയുടെ പൊരുൾ മനസ്സിലാകാതെ ജഗന്നാഥൻ ചിരിക്കുമ്പോൾ.. ഉള്ളിലെ അസ്വസ്ഥതകളുടെ കാരണം അറിയാതെ കണ്ണുകൾ അടച്ചു ഇരിക്കുകയായിരുന്നു അവി....................... തുടരും...........

അഥർവ്വ : ഭാഗം 4

Share this story