അറിയാതെ ഒന്നും പറയാതെ – PART 2

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ
” ശ്രീ , ഇന്ദുവിന്റെ കാര്യം ഇനിയെന്താണ് ” ചെറിയ ഉരുളൻ കല്ലുകൾ പെറുക്കി തോട്ടിലെ വെള്ളത്തിലിക്കേറിഞ്ഞു ഓളപരപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഹരി ശ്രീയോട് ചോദിച്ചു.
താടിരോമങ്ങൾക്കിടയിലൂടെ വിരൽ കടത്തി ആലോചനയോടെ വിദൂരതയിലേക്ക് നോക്കി നിശ്ശബ്ദനായിരുന്നു ശ്രീകാന്ത്.
” അവൾക്ക് ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസല്ലേ ആയുള്ളൂ ഡാ… എത്രനാളാണ് ഇങ്ങനെ…ഇന്നലെയവളെ കണ്ടിട്ട് സഹിച്ചില്ല ” ഹരി പിന്നെയും പറഞ്ഞു.
“ഹരി….നാലുമാസമേ ആയുള്ളൂ സിദ്ധു പോയിട്ട്. എന്തു പറഞ്ഞാണ് അവളെയൊന്നു കൺവേയ് ചെയ്യിക്കുന്നത്. എനിക്കറിയില്ല…”
“അതു ശെരിയാണ്…പക്ഷെ…”
“മ്മ്.. സാവകാശം നമുക്കു അവളെ പറഞ്ഞു മനസിലാക്കാം…ഇപ്പോ അവള് സമാധാനയിരിക്കട്ടെ.”
“നിനക്കറിയ്യോ, ഇന്നലെ രാത്രിയിലും സ്വപ്നം കണ്ടുണർന്നു കരച്ചിലും ബഹളവും ആയിരുന്നു. വെറും ഇരുപത് ദിവസം അല്ലേയുള്ളൂ എന്നൊക്കെ നമുക്ക് പറയാഡാ …..അത്രേയുള്ളൂ.”
“മ്മ്… എനിക്കറിയാമെടാ…. എന്നാലും അവൾ ഒരു കൊച്ചു പെണ്ണ് അല്ലെടാ…..സ്വപ്ന പോകുമ്പോ എന്റെ ഉണ്ണിക്ക് മൂന്നു വയസ് അല്ലെ ഉണ്ടാരുന്നുള്ളൂ. എത്രയൊക്കെ നിർബന്ധിച്ചു നീ അടക്കം എല്ലാരും. അഞ്ചു വർഷം ആകുന്നു. ഇന്നും എനിക്കാവുന്നില്ല…..” ഹരി ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി.
പാടത്തിന്റെ നടുവിലൂടെയുള്ള തോടിന്റെ കൈവരിയിൽ കേറിയിരിക്കുകയായിരുന്നു അവർ. ചുവപ്പുരാശി പടർന്ന മാനത്തു കൂടി കൂടണയാൻ വെമ്പുന്ന പക്ഷികൾ പറന്നു നീങ്ങുന്നുണ്ടായിരുന്നു. അവയെ നോക്കി ശ്രീകാന്ത് നിശ്ശബ്ദനായിരുന്നു.
ചെറുപ്പം മുതലേ ഇണപിരിയാത്ത കൂട്ടുകാർ ആണവർ.
ചാരുവിന്റെയും ശ്രീകാന്തിന്റെയും പ്രണയത്തിനു കാവൽ നിന്നതു ഹരിശങ്കർ ആയിരുന്നു. തിരിച്ചു ഹരിയുടെയും സ്വപ്നയുടെയും സ്നേഹത്തിനു കൂട്ടുനിന്നത് ശ്രീകാന്തും.
ചാരുവും സ്വപ്നയും ഒരു കോളേജിൽ ആയിരുന്നു പഠിച്ചത്.
ശ്രീകാന്ത് ചാരുവിനെ കാണാൻ ടൗണിൽ എത്തിക്കഴിഞ്ഞാണ് ഹരി എത്തുന്നത്. ടൗണിൽ സാമാന്യം തരക്കേടില്ലാത്തൊരു ഷോപ്പ് ഉണ്ട് ഹരിക്ക്.
മിക്കപ്പോഴും അരവിന്ദൻ ആണ് ഹരിയെക്കൊണ്ട് ശ്രീകാന്തിന് അടുത്തു വിടുന്നത്.
ചാരുവിന്റെ കോളേജിന് അടുത്തായിരുന്നു ഇന്ദുവിന്റെ സ്കൂൾ. ഹരിയും ശ്രീകാന്തും തിരികെപോയിക്കഴിയുമ്പോൾ ഇന്ദുവിനെയും കൂട്ടി ചാരു വീട്ടിലേക്ക് പോകും.
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അരവിന്ദൻ വന്നു.
” ആ …അരവിന്ദന് മറ്റന്നാളല്ലേ ഫിസിക്കൽ.” അവനെ കണ്ടയുടനെ ശ്രീ ചോദിച്ചു.
” അതേ ശ്രീയേട്ടാ.”
“ഇങ്ങു പോരാൻ ഞാനാടാ പറഞ്ഞേ… അതാകുമ്പോ എനിക്ക് പോകാമല്ലോ ഇവന്റെ കൂടെ….അവിടെ നിന്നാൽ കഴിഞ്ഞ തവണത്തെ പോലെയാകുമോന്ന് …. പേടിയാണെനിക്ക്.” ഹരി പറഞ്ഞു.
“അതു നന്നായെടാ”…
അരവിന്ദന് മിഴിനിറഞ്ഞു. ഇത്രയും സ്നേഹമുള്ള ഒരേട്ടനെ കിട്ടിയ താൻ ഭാഗ്യവാൻ ആണെന്നവന് തോന്നി.
പിന്നെയും പലതും പറഞ്ഞിരുന്നവർ കുറച്ചു നേരം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി.
നേരം ഇരുട്ടിയിരുന്നു അപ്പോൾ.
***** **************** *****
കഥകൾ പറഞ്ഞു അമ്മുക്കുട്ടിക്ക് ചോറുകൊടുത്തുകൊണ്ട് വരാന്തയിൽ ഇരിക്കുകയാണ് ചാരു. കയ്യിലൊരു പുസ്തകവുമായി വരാന്തയിലൂടെ അമൃത അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. മുറ്റത്തേക്കിറങ്ങുന്ന പടിക്കെട്ടിൽ അമ്മുക്കുട്ടിയെയും മടിയിൽ വെച്ചു ഇന്ദുവും.
പടിപ്പുര വരെയുള്ള വഴിയുടെ ഇരു വശങ്ങളിലും വളർന്നു പടർന്നു കിടക്കുന്ന മുല്ലവള്ളികളിൽ വിരിയാൻ തുടങ്ങുന്ന മൊട്ടുകളിൽ നിന്നും മത്തുപിടിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു.
പടിപ്പുരകടന്നു ശ്രീയും ഹരിയും വരുന്നത് ആദ്യം കണ്ടത് ഇന്ദുവാണ്.
” ചേച്ചി, ശ്രീയേട്ടൻ വരുന്നു.” ചാരുവിനോട് പറഞ്ഞുകൊണ്ട് അമ്മുക്കുട്ടയെ എടുത്തവൾ എഴുന്നേറ്റു.
” ആഹാ…അച്ഛന്റെ മോള് ഉറങ്ങിയില്ലേ ഇതുവരെ….?” ഇന്ദുവിന്റെ കയിൽ നിന്നും മോളെ വാങ്ങിക്കൊണ്ടായാൾ അവളുടെ കവിളിൽ ചുണ്ടമർത്തി. ‘ ഇല്ലച്ചേ’ എന്നുപറഞ്ഞവൾ അയാളുടെ തോളിലേക്ക് ചാഞ്ഞു.
” ഹരിയേട്ടനും ഉണ്ടായിരുന്നോ…അരവിന്ദൻ എവിടെ….?” എന്നു ചോദിച്ചുകൊണ്ട് ചാരു അകത്തേക്ക് കയറി കൂടെ ഇന്ദുവും അമൃതയും.
“ആ …ഇന്ദുവിനെ ഒന്നും കാണാം എന്നു കരുതി ചാരു…” പറഞ്ഞുകൊണ്ട് ഹരി ഇന്ദുവിനെ നോക്കി പുഞ്ചിരിതൂകി.
“ഇരിക്കു ഹരിയേട്ട. “മോളെ ശ്രീയുടെ കയ്യിൽ നിന്നും വാങ്ങിയവൾ.
” മോളെയെന്നു മുഖം കഴുകിച്ചു വരട്ടെ. ശ്രീയേട്ടൻ കുടിക്കാൻ എടുക്കു കേട്ടോ ” എന്നുപറഞ്ഞു ചാരു അകത്തേക്ക് നടന്നു.
അമൃത വാതിൽക്കൽ വന്നു മെല്ലെ പടിപ്പുരയിലേക്ക് ഒളികണ്ണിട്ടു നോക്കി. അരവിന്ദന്റെ നിഴൽ പോലും അവിടെ കണ്ടില്ല. അവൾക്ക് വല്ലാത്ത നിരാശ തോന്നി.
അരവിന്ദൻ മേലേ വീട്ടിൽ ഏത്തിയിട്ടുണ്ടെന്നറിഞ്ഞാൽ എന്തെങ്കിലും കാരണമുണ്ടാക്കി അവൾ ശ്രീയുടെ വീട്ടിലേക്ക് ഓടിയെത്തും. അവൾക്ക് അത്രക്ക് ഇഷ്ട്ടമാണ് അരവിന്ദനെ.
പക്ഷെ ആർക്കും അതറിയില്ലായിരുന്നു.
പുസ്തകവുമായി മെല്ലെയവൾ കോണിപ്പടി കയറി മുകളിലേക്ക് പോയി.
നീളൻ വരാന്തയിലൂടെ വടക്കേമുറിയിലേക്ക് ചെന്നു ജനാലകൾ മലർക്കെ തുറന്നു. മേലെവീട്ടിൽ അരവിന്ദന്റെ മുറിയിൽ ആ സമയം ലൈറ്റ് തെളിഞ്ഞു. അവളുടെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു. വിരൽ കടിച്ചു ജനൽ വിരിക്കു പിന്നിൽ മറഞ്ഞുനിന്നവൾ.
ശ്രീയും ഹരിയും ചാരുവും ഇന്ദുവിനൊപ്പം വിശേഷങ്ങൾ പറഞ്ഞിരുന്നു.
അമ്മുക്കുട്ടി ശ്രീയുടെ തോളിൽ ചാഞ്ഞുറക്കമായി.
അൽപ്പനേരം കഴിഞ്ഞപ്പോൾ ഉണ്ണിക്കുട്ടൻ നോക്കിയിരിക്കും എന്നുപറഞ്ഞു ഹരി യാത്രപറഞ്ഞു.
അത്താഴം കഴിക്കാൻ അമൃതയെ വിളിക്കാൻ ഇന്ദു മുകളിലേക്ക് എത്തുമ്പോൾ മേലെവീട്ടിൽ നിന്നും ഒഴുകിയെത്തുന്ന പാട്ടു കേട്ടു. അവൾ ജനാലക്കരുകിലേക്ക് ചെന്നു വിരിമാറ്റി പുറത്തേക്ക് നോക്കി.
‘ വൃശ്ചിക പൂനിലവേ പിച്ചക പൂനിലവേ മച്ചിന്റെ മെലിരുന്നൊളിച്ചു നോക്കാൻ ലജ്ജയില്ലേ…ലജ്ജയില്ലേ…നിനക്ക് ലജ്ജയില്ലേ…..’ മുകളിലെ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് അരവിന്ദൻ ആണെന്ന് പെട്ടന്നവൾക്ക് മനസിലായി.
അവൾ ഒന്നുകൂടി നോക്കി ആ നിമിഷമാണ് അരവിന്ദന്റെ നോട്ടം താഴേക്ക് ചെന്നത്.
അവൻ കൈവരിയിൽ മുട്ടുകളൂന്നി പുഞ്ചിരിച്ചുകൊണ്ട് കൈ ഉയർത്തിക്കാട്ടി.
‘അരുതേ…അരുതേ…നോക്കരുതെ….’ പെട്ടന്ന് പാട്ടിന്റെ ബാക്കി കേട്ട് അവൾ വല്ലാതായി പിന്നിലേക്ക്മാറി.
അരവിന്ദന്റെ ഹൃദയം പൂത്തുലഞ്ഞു.
ഹരിയേട്ടനെ കൊണ്ടുവിട്ടിട്ടു ഇന്ദുവിനെ കാണാനായി ആരോരുമറിയാതെ അവളുടെ സ്കൂൾ പരിസരങ്ങളിലൂടെ ചുറ്റിയടിച്ചിരുന്ന നാളുകൾ അവന്റെ ഓർമയിൽ തെളിഞ്ഞു.
ചുണ്ടിലൂറി വന്ന പുഞ്ചിരിയുടെ മാധുര്യം നുണഞ്ഞുകൊണ്ട് വീണ്ടും അവൾ നോക്കുന്നുണ്ടോ എന്നറിയനായി അവൻ കാത്തുനിന്നു.
ഇന്ദു ആകെ വല്ലാതായി. ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങിവന്ന അമൃത ഇന്ദുവിന്റെ മുഖഭാവം കണ്ട് ആശ്ചര്യപ്പെട്ടു.
“എന്തേ ഇന്ദുചേച്ചി” അവൾ ഓടി അരികത്തെത്തി.
ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച മിണ്ടാതെ എന്നവൾ അമൃതയോട് ആംഗ്യം കാട്ടി. എന്നിട്ട് ജനാലക്ക് നേരെ വിരൽ ചൂണ്ടി.
അപ്പോഴാണ് പാട്ടിന്റെ വരികൾ അമൃത കേൾക്കുന്നത്. അവൾ വേഗം ജനലക്കരുകിലേക്ക് ചെന്നു പുറത്തേക്ക് നോക്കി.
ഇന്ദുവിനെ പ്രതീക്ഷിച്ചു നിന്ന അരവിന്ദന്റെ മുഖം മ്ലാനമായി. അവൻ വേഗം പിന്തിരിഞ്ഞു മുറിയിലേക്ക് കയറിപ്പോയി.
പാട്ടു പൂർത്തിയാകാതെ നിന്നു.
അവൾ ഇന്ദുവിന്റെ കൈ പിടിച്ചു വലിച്ചു അവളെ ജനലരികിലേക്ക് കൊണ്ടുവന്നു.
അവർ ഇരുവരും മുകളിലേക്ക് നോക്കി നിന്നു.
എന്താണ് കാര്യമെന്ന് ഇന്ദുവിന് അപ്പോഴും മനസിലായില്ല.
ആ നിമിഷം മുറിയിലെ ലൈറ്റ്അണഞ്ഞു.
അമൃതയും ഇന്ദുവും മുഖാമുഖം നോക്കി. തലയിൽ കൈവച്ചു ‘ഈശ്വരാ…. പെട്ടുന്നാ തോന്നണെ..’ ന്നുപറഞ്ഞു അമൃത കിടക്കയിലേക് ഇരുന്നു. ഒരു പുഞ്ചിരിയോട് ഇന്ദു ജനൽ പാളികൾ വലിച്ചടച്ചു.
മേലേ വീട്ടിലെ ,ആ മുറിയിൽ…. ജനലക്കരുകിൽ ഇരുട്ടിൽ നിന്നും അരവിന്ദൻ പുഞ്ചിരിയോടെ അതു കണ്ടു. തലയിണയിൽ മുഖമമർത്തി കിടക്കയിലേക്ക് മറിയുമ്പോൾ എന്നോ കൊഴിഞ്ഞു പോയ തന്റെ സ്വപ്നങ്ങൾ ഹൃദയത്തിൽവീണ്ടും തളിരിടുന്നതു അയാളറിഞ്ഞു.
*** *** *** *** *** *** *** ***
വാതിലിൽ മുട്ടുന്നത് കേട്ടാണ് ഇന്ദു കണ്ണുതുറന്നത്.
പുതപ്പുമാറ്റി കണ്ണുതിരുമി നോക്കിയപ്പോൾ അമൃത വാതിൽ തുറക്കുന്നു. കയ്യെത്തി ബെഡ് ലാംബിനരുകിലിരുന്നു വാച്ചെടുത് സമയം നോക്കിയപ്പോ 7.35. എഴുന്നേറ്റു ഭിത്തിയിലേക്ക് ചാരിയിരുന്നു തലയിണ എടുത്തു മടിയിൽ വെച്ച അതിലേക്ക് കൈമുട്ടൂന്നി അവൾ അമൃതയെ നോക്കി.
വാതിൽ തുറന്നപ്പോൾ ബെഡ് കോഫിയുമായി ചാരു മുന്നിൽ.
” ഗുഡ്മോർണിങ് ചാരു ചേച്ചി”
” ഗുഡ്മോർണിങ്….ഇന്ദു എഴുന്നേറ്റില്ലേ മോളെ” അമൃതയുടെ കയ്യിലേക് ചയകൊടുത്തുകൊണ്ട് ചാരു മുറിക്കുള്ളിലേക് നോക്കി.
“എഴുന്നേറ്റു ചേച്ചി..” തിരിഞ്ഞു നോക്കിയിട്ടവൾ മറുപടി പറഞ്ഞു.
“ശെരി എന്നാൽ വേഗം ഫ്രഷ് ആയിട്ട് തഴത്തെക്കു പോര് രണ്ടാളും. …ട്ടോ” അവൾ തിരിഞ്ഞു വരാന്തയിലൂടെ താഴേക്ക് നടന്നു.
അമൃത ചായയുമായി ഇന്ദുവിനരുകിലേക്കെത്തി.
അവൾ കുളിച്ചു ചുരിദാരിലേക്ക് വേഷം മാറിയിരുന്നു. ദവാണിയിലും അവൾക്ക് ചേരുന്നത് ആ വേഷം ആണെന്ന് ഇന്ദുവിന് തോന്നി. മുടി നെറുകയിൽ വെച്ചു തോർത്തു ചുറ്റിക്കെട്ടിയിരുന്നു.
ഇന്ദുവിന് ചായകൊടുത്തു നിലക്കണ്ണാടിയുടെ മുൻപിൽ നിന്നവൾ മുടിയിൽ നിന്നും തോർത്തു മാറ്റി കുടഞ്ഞു തുമ്പു കെട്ടിയിട്ടു.
കണ്ണെഴുതി പൊട്ടുവച്ചിട്ട് ചായക്കപ്പെടുത്തു ഇന്ദുവിന്റെ അരികെ ഇരുന്നു.
“ചേച്ചി…ഞാൻ പോയിട്ട് രണ്ടീസം കഴിഞ്ഞു വരാട്ടോ. നാളെ എനിക്ക് ക്ലാസ് എക്സാം ഉണ്ട്….ന്തേ? …എന്നിട്ട് നമുക്ക് ചില സ്ഥലങ്ങളിൽ ഒക്കെ പോകാം …..ട്ടോ” ചായ മൊത്തിക്കുടിച്ചുകൊണ്ടവൾ ഇന്ദുവിനോട് പറഞ്ഞു.
ഇന്ദു തലയാട്ടി പിന്നെ എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു.
അവരിറങ്ങി ചെല്ലിമ്പോൾ ചാരു ടേബിളിൽ പാത്രങ്ങൾ നിരത്തുകയായിരുന്നു.
” ആ…എഴുന്നേറ്റോ…വാ വാ…ഇന്നേ ശ്രീയേട്ടന്റെ ഒരു കോളീഗിന്റെ മോളുടെ മാര്യേജ് ആണ്. പോയിട്ട് ഈവനിംഗ് ആകുമ്പോഴേക്ക് തിരിച്ചെത്താം. ” അവൾ പാത്രത്തിലേക്ക് ബ്രേക്ഫാസ്റ്റ് വിളമ്പിതുടങ്ങി.
” ഒഴിവാക്കാൻ പറ്റിയില്ല ഇന്ദു” ശ്രീകാന്ത് കൈകഴുകി കസേരയിലേക്കിരുന്നുകൊണ്ട പറഞ്ഞു.
” സരല്യ , നിങ്ങൾ പോയിട്ട് വന്നോളൂ ”
“നീയിന്നു പോണുണ്ടോ തിരിച്ചു ” ചായ ഗ്ലാസിലേക്ക് പകർന്നുകൊണ്ട് അയാൾ അമൃതയോട് തിരക്കി.
” ഏട്ടാ…ഞാനിപ്പോൾ ഇറങ്ങും .നാളെ എനിക്കൊരു എക്സമുണ്ടായിരുന്നു. ”
” അയ്യോ.. അപ്പൊ ഇന്ദു തനിച്ചിവിടെയോ..? ” ചാരു ഉൽഖണ്ഡയോടെ ശ്രീയുടെ മുഖത്തുനോക്കി.
” അതിനെന്താ…ചേച്ചി…എനിക്ക് കുഴപ്പമില്ല. നിങ്ങൾ പോയിട്ട് വരു ”
ആവർ ഭക്ഷണം കഴിച്ചു.
“ചാരു ചേച്ചി ….ഞാനിറങ്ങുവാ ..” അമൃത അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“നിക്ക് കുട്ടി….ശ്രീയേട്ടൻ നിന്നെ കൊണ്ടാക്കുവായിരുന്നില്ലേ…” കൈതുടച്ചുകൊണ്ടു ചാരു പുറത്തേക്കിറങ്ങിവന്നു.
അമൃത മുറ്റത്തേക്കിറങ്ങി തൊടിയില്നിന്നുമൊരു വാഴയിലതുമ്പു പൊട്ടിച്ചു ചെടിയിൽ നിന്നും അഞ്ചാറുപൂക്കൾ ഇറുത്തെടുത്തു. ഇന്ദു അതുനോക്കി പൂമുഖത്തു നിൽക്കുന്നുണ്ടായിരുന്നു.
” വേണ്ട ചേച്ചി…പോണ വഴിക്ക് എനിക്കേ…. മഹാദേവന്റെ അമ്പലത്തിൽ കൂടി ഒന്നു കേറണം…” അവൾ പുറത്തേക്കിറങ്ങി ഇന്ദുവിനോടു കൈവീശി ചാരുവിനോടും യാത്ര പറഞ്ഞു.
” ശ്രീയേട്ടാ …ഞാൻ പോയിട്ട് വരാട്ടോ …”അകത്തേക്ക് നോക്കിവിളിച്ചു പറഞ്ഞു മറുപടിക്ക് കാത്തു നിൽക്കാതെ അവൾ പടിപ്പുരക്ക് നേരെ ഓടി.
അവൾ പോയതും ഞാനൊന്നു റെഡി ആവട്ടെ മോളെയെന്നു പറഞ്ഞു ചാരു അകത്തേക്ക് പോയി.
ഇന്ദു മുറ്റത്തേക്കിറങ്ങി.
പൂത്തുനിക്കുന്ന മുല്ലപ്പൂക്കളുടെ അരികിലൂടെ പടിപ്പുരയിലേക്ക് മെല്ലെ നടന്നു.
നിറയെ പൂക്കളുമായിനിൽക്കുന്ന ചെമ്പരത്തിയുടെ മേലേക്ക് മിഴികളുയർത്തിയപ്പോഴാണ് മേലേ വീട്ടിൽ നിന്നും ഷർട്ടിന്റെ കൈകൾ തെറുത്തുവച്ചുകൊണ്ട് അരവിന്ദൻ വഴിയിലേക്കിറങ്ങുന്നത് അവൾ കണ്ടത്. അവന്റെ കട്ട താടിയും വിടർന്ന കണ്ണുകളും ചിരിക്കാത്ത മുഖവും…..
…..പെട്ടന്നവൾക്ക് സിദ്ധുവിനെ ഓർമ വന്നു.
അവൾ ആശ്ചര്യത്തോടെ മിഴികൾ വിടർത്തി.
അരവിന്ദൻ വഴിയിലേക്കിറങ്ങി വേഗത്തിൽ നടന്നു.
അവളോടി പടിപ്പുരയിൽ ചെന്നു വാതിൽ മറഞ്ഞു അരവിന്ദനെ നോക്കിനിന്നു….പിൻ തിരിഞ്ഞു പോകുമ്പോൾ സിദ്ധു പോകുന്നപോലെ …..നെഞ്ചിനുള്ളിൽ ഒരു പ്രാവ് ചിറകടിച്ചു പറക്കുന്നത് അവളറിഞ്ഞു. പെട്ടന്ന് നെഞ്ചിൽ കയ്യമർത്തി ഒരു ചുഴലിക്കാറ്റുപോലെ അവളകത്തെക്കു പാഞ്ഞു.
*** *************************** ***
അമ്പലത്തിലേക്കുള്ള വഴി തിരിയുമ്പോൾ മുന്നിൽ അമൃത നടന്നു പോകുന്നതവൻ കണ്ടു.
അവളെ കടന്നുഅവൻ മുന്നോട്ട് നടന്നു.
“അരവിന്ദേട്ടാ…”
അവന്തിരിഞ്ഞു നോക്കി.
“മ്മ് ….ആ ..നീയോ…ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു”. ഒഴുക്കൻ മട്ടിലവൻ പറഞ്ഞു.
“ഞാൻ അരവിന്ദേട്ടനെ കാണാൻ വന്നതാണ്.”
“എന്നെ കാണണോ..? അതെന്തിന്..?”
അവളൊരു നിമിഷം നിശ്ശബ്ദയായി.
” അരവിന്ദേട്ടൻ …ഇപ്പൊ എന്നോട് എന്താണ് സംസാരിക്കാത്തത്.”
“അതിനു ഞാനെപ്പോഴാണ് നിന്നോട് സംസാരിച്ചിട്ടുള്ളത്…നീയല്ലേ …എന്നെ കാണുമ്പോ…കാണുമ്പോ…തടഞ്ഞു നിർത്തി സംസാരിക്കാറുള്ളത്.” അവൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു.
ഇനിയെന്തു പറയണമെന്ന് അറിയതെ അവൾ ഇടവും വലവും നോക്കി മുഖം കുനിച്ചു.
അമ്പലത്തിലേക്ക് പോകുകയും വരുകയും ചെയ്യുന്ന ആൾക്കാർ അവരെ അർത്ഥം വെച്ചു നോക്കുന്നത് കണ്ട് അരവിന്ദന് ജാള്യത തോന്നി.
” അരവിന്ദേട്ടൻ എന്നെ എന്തിനാണ് ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…? ”
അവളുടെ ശബ്ദം ദയനീയമായിരുന്നു. അവൾ ഇപ്പോൾ കരയുമോ എന്നവൻ പേടിച്ചു. ആരെങ്കിലും കാണുന്നുണ്ടോന്നു ചുറ്റിലുമൊന്നു നോക്കി.
അവൻ അവളുടെ നേരെ തിരിഞ്ഞു.
” നോക്ക് അമൃതാ… നീയെന്താണ് ന്നെക്കുറിച്ചു ധരിച്ചു വച്ചിരിക്കുന്നത് ന്നെനിക്കറിയില്ല. പക്ഷെ…എനിക്ക് നിന്നെ മറ്റൊരു രീതിയിലും കാണാൻ കഴിയില്ല. ” കടുത്ത സ്വരത്തിൽ പറഞ്ഞിട്ട് അവൻ മുന്നോട്ട് നടന്നു.
ഒരു നിമിഷം കൊണ്ടവൾ തകർന്നു പോയി.
ഓടി അരവിന്ദന്റെ മുന്നിൽ കേറി നിന്നു…നിറഞ്ഞുകവിഞ്ഞ മിഴികൾ തുടച്ചു…കണ്മഷി പടർന്നു അവളുടെ മുഖമാകെ വല്ലാതെ ആയിരുന്നു.
” സാരല്ല്യ അരവിന്ദേട്ടാ…മനസിൽ ഞാനെന്തൊക്കയോ…സാരല്ല്യ…എനിക്ക് അരവിന്ദേട്ടനെ ഇഷ്ട്ടപ്പെടാമല്ലോ… അരവിന്ദേട്ടന്റെ വിവാഹം ആകുന്ന വരെ എങ്കിലും എനിക്ക് പ്രതീക്ഷയോടെ ഇരിക്കമല്ലോ…അല്ലെ..” തകട്ടിവന്ന കരച്ചിൽ അമർത്തിപ്പിടിച്ചു വാപൊത്തിയവൾ മുന്നോട്ട് ഓടി…
അരവിന്ദൻ എന്തുചെയ്യണമെന്നറിയാതെ ആ പോക്ക് നോക്കിനിന്നു
“ന്താ അരവിന്ദാ…ന്തേ ആ കുട്ടി കരഞ്ഞോണ്ട് ഓടണണ്ടല്ല്യോ… ന്താ..കാര്യം…” പാടവരമ്പിലൂടെ റോഡിലേക്ക് കയറിവന്ന മാരാരു അവനോട് ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
അരവിന്ദന്റെ കാലിൽ നിന്നൊരു പെരുപ്പ് അരിച്ചു കേറി.
” അതേ….അവളെ ഒരു ആന കുത്താൻ വന്നു…ആ…ന്താ…മാരാർക്ക് അതിനെ പിടിച്ചു കേട്ടണമെന്നു തോന്നണുണ്ടോ….” അവൻ മാരാരുടെ നേരെ തട്ടിക്കയറി.
” ഇയ്യാൾ അമ്പലത്തില് കൊട്ടണ കാര്യം മാത്രം നോക്കിയാൽ മതിട്ടോ…. ഒരു പ്രജാപതി ഇറങ്ങിരിക്കണ്…
നാട്ടാരുടെ ക്ഷേമം അന്വേഷിക്കാൻ…ഹ.” അയാളെ ദേഹിപ്പിച്ചൊന്നു നോക്കിയിട്ട് അമ്പലത്തിലേക്ക് വേഗം നടന്നു.
‘വല്ല കാര്യണ്ടാർന്നോ’ തോളിൽ കിടന്ന കസവുമുണ്ടെടുത് മുഖം തുടച്ചു ആരും കണ്ടില്ലന്നുറപ്പുവരുത്തി സ്വയം പറഞ്ഞുകൊണ്ട് മാരാരും അരവിന്ദന്റെ പിന്നാലെ അമ്പലത്തിലേക്ക് വെച്ചു പിടിച്ചു .
ആനക്കൊട്ടിലിലൂടെ മുന്നോട്ടു ചെന്നപ്പോൾ കൊടിമരത്തിന് അരികുചേര്ന്നു അമൃത നിൽക്കുന്നു. ഏങ്ങലടിയിൽ അവളുടെ ചുമൽ ചെറുതായി ഇളകുന്നുണ്ട്.
അവൻ ചെന്നു അവളുടെ അരികിൽ നിന്നു.
” അമൃതേ… നീയങ്ങനെ കരയാനും മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ…നീയെന്നെ ഒന്നു മനസിലാക്കു…എനിക്ക് കഴിയാത്തതുകൊണ്ടാണ്…”അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൻ പറഞ്ഞു.
അവനെയൊന്നു പാളിനോക്കിയിട്ട് മിഴികൾ തുടച്ചു അവൾ ചുറ്റമ്പലത്തിലേക്ക് കയറിപോയി.
അവനാ പോക്ക്നോക്കി വിഷാദത്തോടെ നിന്നു. അവന്റെ മിഴികൾ നിറഞ്ഞുവന്നു.
ആദ്യമായിട്ട് താനൊരു പെണ്കുട്ടിയെ വേദനിപ്പിക്കുവാണ്..മനസറിയാതെ.
ന്റെ മഹാദേവ…..ന്നെ തോല്പിക്കരുതെ…
ഞാനൊരു പ്രതീക്ഷയും ഇവൾക്ക് കൊടുത്തിട്ടില്ല…. ഒരു നോട്ടം കൊണ്ട് പോലും…..ഒരു പ്രലോഭനവും എന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല …ന്റെ മഹാദേവ……
അവൻ കൈകൾ കൂപ്പി കണ്ണടച്ചു.
മനസു നൊന്തു പ്രാർത്ഥിച്ചു.
തുടരും….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…