അറിയാതെ ഒന്നും പറയാതെ – PART 4

അറിയാതെ ഒന്നും പറയാതെ – PART 4

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ഹരിയേട്ടനെ കൊണ്ട് ശ്രീയേട്ടന്റെ അരികിൽ വിട്ടിട്ടു തിരിച്ചു പോരുവായിരുന്നു.

സ്കൂളിന്റെ മുന്നിൽ എത്തിയപ്പോ ആരും ഇല്ലാതെ ഒറ്റക്ക് സ്കൂൾ ഗേറ്റിൽ പിടിച്ചൊരു പെണ്കുട്ടി .

കണ്ണു മിഴിഞ്ഞു പോയി.

അവളുടെ സൗന്ദര്യത്തിൽ.

മുന്നോട്ട് പോയി ബൈക്കു വട്ടം ചുറ്റി വീണ്ടും തിരിച്ചുവന്നു.

എതിരെയുള്ള പെട്ടിക്കടയുടെ മുന്നിൽ വണ്ടി വെച്ചു വൈറ്റിങ്റൂമിൽ കേറി മറഞ്ഞുനിന്നു നോക്കി.

ഹോ…ഹൃദയമിങ്ങനെ നുരഞ്ഞു പൊന്തി. ആദ്യം തോന്നിയത് വല്ലാത്ത വിശപ്പായിരുന്നു… പിന്നെ ദാഹം…പിന്നെ ഉഷ്ണം…നിക്കാനും ഇരിക്കാനും വയ്യ…

അവളെ നോക്കുമ്പോ നോക്കുമ്പോ കൈ വിയർക്കുന്നു… കാല്കഴക്കുന്നു…

കൈ നിറയെ നീലകാക്കപ്പൂവും പിടിച്ചു സ്കൂൾബാഗും തോളിലിട്ട് നിക്കുന്നു.

ഇവൾ ആരാ…? പേരെന്താ….? എവിടുന്നു വരുന്നു..?

അവളെത്തന്നെ നോക്കി ചുറ്റുപാടും വിസ്മരിച്ചു അങ്ങനെ നിക്കുമ്പോഴാണ് അവളുടെ മുന്നിലേക്ക് അവർ വന്നത്….ബൈക്കിൽ ഹരിയേട്ടനും കൂടെ ശ്രീയേട്ടനും …

അവളുടെ അരുകിൽ നിർത്തി എന്തൊക്കയോ പറയുന്നുമുണ്ട്…

അവൾ ചിരിക്കുന്നു…ഹോ….തന്റെ ഹൃദയം അപ്പൂപ്പന്താടി പോലെ ….

അവർ യാത്രപറഞ്ഞുപോയി…

ഓടിച്ചെന്നു അവളെ കെട്ടിപ്പിടിക്കാൻ കൈ തരിച്ചു…..

ബൈക്കിൽ പറന്നുചെന്ന് അവളെ തട്ടിക്കൊണ്ട് പോയാലോ എന്നുവരെ ആലോചിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ചേച്ചിമാരെന്ന് തോന്നിക്കുന്ന രണ്ടു പേര് വന്നു അവളെ കൂട്ടിപ്പോയി.

അവൾ പോയിക്കഴിഞ്ഞിട്ടും തനിക്കു അവിടുന്ന് അനങ്ങാൻ കഴിഞ്ഞില്ല.
എത്രനേരം താനാ വെയ്റ്റിംഗ് റൂമിൽ ഇരുന്നെന്നു ഒരു നിശ്ചയവുമില്ല.

താനവളെ പ്രണയിക്കാൻ തുടങ്ങിയിരുന്നു.

തിരിക വീട്ടിലെത്തിയപ്പോ സന്ധ്യ കഴിഞ്ഞിരുന്നു. ഹരിയേട്ടൻ വന്നിട്ടുണ്ട്. അടുത്തുചെന്ന് ഒന്ന് ശ്രമിച്ചാലോ….

പയ്യെ ഹരിയേട്ടന്റെ അരികെ ചെന്നു.

” അരവിന്ദാ…എവിടാരുന്നു…നീയ്..”

“അതു…എട്ടാ….ഒന്നു പുറത്തു…..”

“പുറത്തോ…ആരുടെ പുറത്തു….”ഹരി ഗൗരവത്തിൽ അവനെ നോക്കി.

‘അതു…നിങ്ങടെ…ദേ.. എന്നെക്കൊണ്ട് പറയിക്കണ്ട…അയ്യട..ഒന്നുമറിയാത്തൊരു പവിത്രൻ…കണ്ണടച്ചു പാലുകുടിച്ചാ ആരും അറിയില്ല്യാന്നാ വിചാരം…ശെരിയാക്കി തരാട്ടോ…..’തൂണിൽ പിടിച്ചു മച്ചിൽ നോക്കി മനസിൽ പറഞ്ഞു അരവിന്ദൻ.

“നീയെന്തിനാ ഹരി ഏതുനേരോം അവനെയിങ്ങനെ വഴക്കു പറയുന്നേ…ങേ….” വലിയമ്മ അവനെ ശാസിച്ചു.

” ഇല്ല്യാ…. ഞാനൊന്നും പയണില്ല്യേ…ആ ഇളയമ്മേടെ കാര്യറിയാല്ലോ…രണ്ടാൾക്കും ല്ല്യേ…ചുറ്റിത്തിരിഞ്ഞു നടക്കാണ്ട് വല്ലതും ഇരുന്നു പടിച്ചൂടെ ഇവന്…പി എസ് സി യുടെ ഒരു റാങ്ക് ലിസ്റ്റിൽ കേറണച്ചാ ന്താ പാടെന്ന് വല്ലോ അറിയ്യോ അമ്മക്ക്…”

“ഇല്ല്യാ…നിക്കൊന്നും അറിയില്ല്യാ…”

“ന്നാ ചിലക്കാണ്ട് ഒരിടത്തിരുന്നോളൂ അമ്മ ട്ടോ…”

ഹരി ദേഷ്യത്തിൽ എണീറ്റുപോയി.

ഭക്ഷണം കഴിച്ചു അരവിന്ദൻ വീണ്ടും ഹരിയുടെ അടുത്തു ചെന്നു.

കാലുപിടിച്ചിട്ടാണേലും… അറിയണം

വല്ലതും…..അവളെക്കുറിച്ചു…ന്തേലും അറിയാൻ…ഈയൊരു മാർഗമേ തൽക്കാലം ഉള്ളു.

ഹരി കിടന്നു കഴിഞ്ഞിരുന്നു.

ചെന്നു അരികത്തു കേറിയങ് കിടന്നു. വയറിലൂടെ കൈചുറ്റി കാലെടുത്തു ഹരിയുടെ മേലേ വച്ചു .

ഹരി കണ്ണു പാതിതുറന്നു നോക്കി അരവിന്ദന്റെ കിടപ്പുകണ്ടു ചുണ്ടിൽ ചിരിയൂറി.

“ന്താടാ…നിനക്ക് വിഷമായോ…ഏട്ടൻ വഴക്കു പറഞ്ഞതു…”

“ഇല്ലെട്ടാ…നിക്ക് ന്തു വിഷമം..ന്റെ എട്ടനല്ലേ…” നല്ലോണം സുഖിപ്പിച്ചേക്കാം…അല്ലെങ്കിൽ ഒന്നും പറഞ്ഞില്ലെങ്കിലോ അവനോർത്തു

“മ്മ് …ന്നാ ഉറങ്ങിക്കോട്ടോ…”അയാൾ അവന്റെ കയ്യിന്മേൽ വിരലോടിച്ചു.

അയാൾ പാതി ഉറക്കത്തിലായി.

“ഏട്ടാ….ഏട്ടോ…”

“മ്മ്..”

“ഏട്ടാ…ആരാരുന്നു… ഏട്ടാ ആ പെണ്കുട്ടി..”
അവൻ മെല്ലെ ചോദിച്ചു.

“ഏതു…ആ…അതു..ചാരു ആടാ..”അയാള് ഉറക്കത്തിൽ പിറുപിറുത്തു.

“അതല്ല ഏട്ടാ…മറ്റേത്….”

“അതു സ്വപ്ന….”അയാൾ ആർധബോധത്തിൽ പിന്നെയുംപറഞ്ഞു…

“ഒന്നുകൂടിയുണ്ടല്ലോ..ഏട്ടാ…മറ്റേതു …ആ ചെറുത്…”

“അതു ചാരുന്റെ അനിയത്തിയാടാ.. ഇന്ദു.”പറഞ്ഞുകൊണ്ട് ഹരി തിരിഞ്ഞു കിടന്നു അവനെ കെട്ടിപ്പിടിച്ചു.

ഹരിയെ ഉണർത്താതെ മെല്ലെ കൈ എടുത്തുമാറ്റി അരവിന്ദൻ പയ്യെ എഴുന്നേറ്റു…

ഹോ….പേരുകിട്ടി… ബാക്കി കണ്ടുപിടിക്കാം. ..തൽക്കാലമിത് മതി . തിരിഞ്ഞു ഹരിയെ നോക്കി… ‘അയ്യട…കള്ളകാമുകന്റെ കിടപ്പു കണ്ടില്ലേ….നാളെയാട്ടേ കേട്ടാ… ശെരിയാക്കി താരാ….’ പുതപ്പെടുത്തു ഹരിയെ പുതപ്പിച്ചു ചുണ്ട് കടിച്ചു തലയിളക്കി ഒച്ചകേൾപ്പിക്കാതെ മെല്ലെ അവൻ മുറിവിട്ടു.

കോണിപ്പടി കേറി മുകളിലെ വരാന്തയിൽ ചെന്നു. കൈവരിയിന്മേൽ ചാഞ്ഞു നിന്നു ആകശത്തെക്ക് നോക്കി പുഞ്ചിരിച്ചു.

ഇന്ദു….

ഹോ…..അവളുമായി ഒറ്റകാഴ്ചയിലെ തന്റെ മനസ് പ്രണയത്തിലായത് അവനറിഞ്ഞു.

അവളെ സ്വന്തമാക്കണമെന്നു അവൻ കൊതിച്ചു. തന്റെ കൊച്ചു വീടിനുള്ളിൽ അവളെ പ്രണയിച്ചു…താലോലിച്ചു…. ഒന്നിച്ചുള്ളൊരു ജീവിതം അവനാഗ്രഹിച്ചു.

വരാന്തയിലെ അരമതിലിൽ നീണ്ടുനിവർന്ന കിടന്നു സ്വപ്നം കണ്ടു അവിടെ കിടന്നവൻ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ അവനുണർന്നു ചെല്ലുമ്പോ ഹരി കാപ്പികുടിച്ചുകൊണ്ടിരിക്കയാണ്.

അവൻ ചെന്നു ഹരിക്കരുകിലൊരു കസേര വലിച്ചിട്ടിരുന്നു. വലിയമ്മ അരികിൽ നിന്നു വിളമ്പി കൊടുക്കുന്നു.

ഒളികണ്ണിട്ട് ഹരിയെനോക്കി..മ്മ്…. ഒന്നുമറിയാത്ത പോലെ ഇരിക്യാ…കള്ളൻ.

“മ്മ് …ന്തേ…ചായ വേണ്ടേ..?” ഹരി ഗ്ലാസിലേക്ക് ചായ ഒഴിച്ചു അവന്റെ മുന്നിലേക്ക് നീട്ടിവെച്ചു.

” മ്മ്…പിന്നേ… വേണം…വേണം..”

ഹരി സംശയിച്ചു അവനെ ഒന്നു നോക്കി.

“മ്മ്…ന്തേ…ഏട്ടാ..” അവൻ നിഷ്കളങ്കമായി ചോദിച്ചു.

” ഏയ്…ഒന്നുല്ല്യാ…നീയിന്നലെ എവിടെ കിടന്നാ ഉറങ്യെ…”

“ന്റെ മുറിലാണ് ഏട്ടാ…ന്ത്യേ…”

“ഏയ്…ഒന്നൂല്യ …” അവൻ ചായ കുടിക്കുന്നതിൽ ശ്രദ്ധിച്ചു. പിന്നേം ഒളികണ്ണിട്ട് ഹരിയെ നോക്കി.

ഹരി സംശയിച്ചുസംശയിച്ചു അവനെ നോക്കുന്നുണ്ടായിരുന്നു.

“അതേ….ഡാ.. ഞാനിന്നലെ നിന്നോട് ന്തൊക്കയോ പറഞ്ഞ പോലെ ഒരു തോന്നൽ..”

“പിന്നെ…ഏട്ടൻ ഇന്നലെ ന്നെ ന്തു വഴക്ക് പറഞ്ഞുന്നറിയ്യോ..ല്ല്യേ വലിയമ്മേ..” അരവിന്ദൻ ഗോമതിയെ നോക്കി കണ്ണിറുക്കി അവരത്കണ്ടു ചിരിച്ചുതലയിളക്കി

“അതുകഴിഞ്ഞു….”
“അതുകഴിഞ്ഞു …അതുകഴിഞ്ഞു ഏട്ടൻ പോയി ഉറങ്ങി…ല്ല്യേ വലിയമ്മേ”

“അതിനു നീയെന്തിനാ ല്ല്യേ വലിയമ്മേ ല്ല്യേ വലിയമ്മേ ന്നു ചോദിക്കണേ…”ഹരി സംശയിച്ചു ഒന്നുടെ നോക്കിയിട്ട് എന്തൊക്കയോ പിരിപിറുത്തുകൊണ്ട് എഴുന്നേറ്റു പോയി.

‘അയ്യട…പ്പോ പറഞ്ഞുതരാ ട്ടോ…’ അവൻ ചിരിയോടെ ആ പോക്ക് നോക്കിയിരുന്നു. ഗോമതി അവനെ തോണ്ടിവിളിച് വിരൽ മലർത്തി ‘എന്തേ’ ന്നെ ആംഗ്യം കാണിച്ചു. ‘ഒന്നില്ല്യാ’ന്നു കണ്ണടച്ചു ചുമലിളക്കി കാട്ടി അവനും ഹരിയുടെ പിന്നാലെ പോയി.

പിന്നെ ഹരിയേട്ടനും ശ്രീയേട്ടനും അറിയാതെ പോയി ചാരു എടത്തിയെം സ്വപ്നേടത്തിയേമൊക്കെ പരിചയപ്പെട്ടു. പക്ഷെ അവരോടു പോലും പറഞ്ഞിരുന്നില്ല ഇന്ദുവിനെ തനിക്ക് അത്രമേൽ ഇഷ്ടമാണെന്ന്. ആരും അറിയാതെ താനവളെ രഹസ്യമായി പ്രണയിച്ചു.

വർഷങ്ങൾക്ക് മുൻപ് നടന്നതൊക്കെ ഓർത്തു ഊറിചിരിച്ചുകൊണ്ടു അരവിന്ദൻ തെങ്ങിൻ തോപ്പിലൂടെ തൊടിയിലേക്ക് കയറി.

പെട്ടന്നാണ് അതു കണ്ടത്.

താഴെ തൊടിയിൽ ,വയലിലേക്ക് ഇറങ്ങുന്ന വഴിയോരത്ത് ഇന്ദു.

മരങ്ങൾക്കിടയിലൂടെ അരവിന്ദൻ അവളെതന്നെനോക്കി മുന്നോട്ട് നടന്നു. അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നുനിന്നിരുന്നു.

വെയിൽ ചായുന്നതെ ഉള്ളു.

അന്തിവെയിൽ അവൾക്ക് വല്ലാത്തൊരു മനോഹാരിത നല്കുന്നുണ്ടെന്നു അവനു തോന്നി.

വയലിലെ കൈത്തോടിന്റെ അരികിലേക്ക് ഇറങ്ങുകയാണ് അവൾ. അവളിറങ്ങുന്നതിനുമപ്പുറം മുതൽ കൈതക്കാടുകൾ നിറഞ്ഞു നിൽക്കുവാണ്.

ഒരു നിമിഷം അവൻ നോക്കി നിന്നു.

അവൾ മെല്ലെ തോട്ടിലേക്ക് കാലു വെച്ചു.

“ഏയ്…വേണ്ടട്ടോ…” അരവിന്ദൻ വിളിച്ചു പറഞ്ഞു.

ശബ്ദം കേട്ട് ഇന്ദു ഞെട്ടി പിന്തിരിഞ്ഞു നോക്കി. പെട്ടന്ന് ബാലൻസ് തെറ്റിയവൾ വീഴാനാഞ്ഞു

“ഏയ്…ഇന്ദു…സൂക്ഷിച്ചു…” അവന്റെ നെഞ്ചു കിടുങ്ങിപോയി.

പെട്ടന്ന് നേരെനിന്ന് അരവിന്ദനെ നോക്കിയവൾ.

“അരവിന്ദനോ….എവിടായിരുന്നു… എത്ര നേരായി പോയിട്ട്…”

“അവിടുന്ന് വേഗം ങ്ങട് കേറുട്ടോ….ആ കൈതക്കുള്ളിൽ മൂർഖൻ കാണും.”

“ഇയ്യോ ആണോ….അറിഞ്ഞില്ല്യ”പേടിയോടെ കൈതക്കൂട്ടത്തിലേക്ക് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി അവൾ വരമ്പിലേക്കും പിന്നെ തൊടിയിലേക്കും കയറി.

“അരവിന്ദനെ നോക്കി കുറെ നേരമിരുന്നു. പിന്നെ അമ്മക്ക് കിടക്കണമെന്നായപ്പോ ഞാനിങ് പൊന്നു.”

“അതു നന്നായി… ഞാൻ വെറുതെ അമ്പല പരിസരത്തുടെ..ഒന്നു ചുറ്റി.”

അവൻ കയ്യാലമേലേക്കു കേറി ഒരു കിളിഞ്ഞിൽ മരത്തിന്റെ കൊമ്പിലേക്ക് ചാരി നിന്നു അവളോട് പറഞ്ഞു. ആ തൊടിയിലെ ഏറ്റവും ഉയരമുള്ള കയ്യാല ആയിരുന്നത്. അതിനു താഴെ പൊട്ടക്കിണർ പോലൊരു കുഴിയും.

“ന്തായിരുന്നു അവിടെ ….കൈതക്കാട്ടിൽ നിറയെ മൂർഖൻ പാമ്പുകൾ ഉണ്ടാവുട്ടോ…തനിയെ ഇവിടെക്കൊന്നും ഇറങ്ങേണ്ട…”

അവന്റെ നേരെ നടന്നുചെന്നു അവൾ.

” ആണോ..അമ്പല പരിസരത്തേക്ക് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ കൂടി വന്നേനെയെല്ലോ…വീട്ടിൽ കുറച്ചിരുന്നപ്പോ ബോറടിച്ചു….ഇവിടെ ചുറ്റിനടന്നപ്പോ… നിറയെ നീലകാക്കപ്പൂവ് നിക്കുന്നു…”

ന്തോ ഓർമയിൽ അരവിന്ദന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നുകൊഴിഞ്ഞു”ഇപ്പോഴും ഉണ്ടോ ആ ഇഷ്‌ട്ടോക്കെ…”ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.

“എന്താ..”

“ഏയ്…ഒന്നൂല്യ… ഇങ്ങു കേറിപ്പോരുട്ടോ …
..പുറത്തൊക്കെ പോണച്ചാൽ ന്തേ ഞാനിറങ്ങിയപ്പോ പറഞ്ഞില്ല… കൊണ്ടാവായിരുന്നില്ല്യേ കൂടെ ഞാൻ…”

“ഞാനറിഞ്ഞില്ലലോ….അരവിന്ദൻ പോകുന്നത് എവിടേക്കെന്നു… അറിയാതെ …ഒന്നും ..പറയാതെ …
..അല്ലെ പോയത്.”

അവൾ പറഞ്ഞതുകേട്ട ഒന്നും മിണ്ടാതെ അവളിൽ നിന്നും നോട്ടമെടുക്കാതെ അവൻമനസിൽ പറഞ്ഞു ‘അതേ എന്നെ അറിയാതെ എന്നോടൊന്നും പറയാതെ ആയിരുന്നില്ലേ നീ പോയത്’.

“നാളെ…എന്താ , ഫിസിക്കൽ ആണെന്ന് ‘അമ്മ പറഞ്ഞു.”

അവൾ അവനു നേരെ താഴെ ചെന്നു നിന്നു് മുകളിലേക്ക് തലയുയർത്തി.

“ആ…അതേ…എസ് ഐ… ഏട്ടന്റെ നിർബന്ധമാ..അതാ പുറത്തെങ്ങും ഇറങ്ങാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ട്യേ…എന്തെങ്കിലും കുഴപ്പം അയാച്ചാൽ ഏട്ടന് അത് വല്ല്യ വിഷമാകും…”

അവൻ ചിരിച്ചു.

“അതെന്തേ..അരവിന്ദന് ഇഷ്ട്ടല്ലേ…”

“ഇഷ്ട്ട്…

മറുപടി പറഞ്ഞുകൊണ്ട് അവൻ നേരെ മുകളോലേക്ക്‌നോക്കി കിളിഞ്ഞിൽ കമ്പിൽ കയ്യെത്തിപിടിക്കയും…കാൽ വഴുതി കമ്പുമൊടിച്ചു മൂക്കുംകുത്തി കയ്യാല മേലെന്നു താഴെ കുഴിയിലേക്ക് മറിഞ്ഞു…

“യ്യോ…..മ്മേ…’അരവിന്ദൻ അലറിവിളിച്ചു…

“അയ്യോ…അരവിന്ദാ….” നിലവിളിച്ചുകൊണ്ടു
ഇന്ദു പാഞ്ഞു ചെന്നു അരവിന്ദനു നേരെ കൈ നീട്ടി. അവളുടെ വിരൽത്തുമ്പിൽ സ്പർശിച്ചു അവൻ താഴേക്കു പതിച്ചു അതിനു മേലേക്ക് അലച്ചുതല്ലി മരത്തിന്റെ കൊമ്പും. ഇന്ദു ഓടി മാറി.

“അയ്യോ….അമ്മേ…പറ്റണില്ല്യാ….ഇന്ദു…കാലോടിഞ്ഞെന്നാ തോന്നണെ…ഹോ….അമ്മേ…”അവൻ വേദനകൊണ്ട് പുളഞ്ഞു.

“അരവിന്ദാ…. എഴുന്നേൽക്കാൻ ശ്രെമിക്കോ… ഞാൻ പിടിക്കാം..” കുഴിയുടെ മുകളിൽ നിന്ന് ഒരുവിധം മരച്ചില്ല വലിച്ചു മാറ്റി മുട്ടിമേൽഇരുന്നു അവൾ കുഴിയിലേക്ക് കൈ നീട്ടി . പറ്റാതെ വന്നപ്പോ കയ്യാലമേലെ കണ്ടൊരു കാട്ടുചെടിയിൽ പിടിച്ചു കുഴിയിലേക്ക് ഇറങ്ങാൻ ശ്രമിച്ചു…അവളുടെ കാൽ വഴുതി തുടങ്ങി…

“ഇന്ദു…വേണ്ടട്ടോ… വീഴും….”

“ഇയ്യോ…അരവിന്ദാ…ന്താ ചെയ്യാ…നിക്ക് ഞാൻ നോക്കട്ടെ ആരേലും ഉണ്ടൊന്നു”

അവൾ നിലവിളിച്ചുകൊണ്ട എഴുന്നേറ്റ് പാടത്തിന്റെ വരമ്പിലൂടെ ഓടി.

കുഴിയിൽ നിന്നും എഴുന്നേൽക്കാനാവാതെ അരവിന്ദൻ വിഷമിച്ചു. കാലു അനക്കാൻ പറ്റുന്നില്ല… വല്ലാത്ത ഭാരം….നിമിഷത്തിന് നിമിഷത്തിന് നീരുവച്ചു പൊന്തുവാണ്. നെറ്റിയിലൂടെ ചോര കണ്ണിലേക്ക് പടരുന്നുണ്ട്.
കൈ അനക്കാൻ ശ്രമിച്ചപ്പോ ജീവൻ പോണ വേദന. അവൻ പല്ലുകടിച്ചു വേദനയമർത്തി.

‘ ന്റെ …മഹാദേവാ…’ അവനവിടെ കിടന്നു വേദന കൊണ്ട് പുളഞ്ഞു.

” നോക്ക്…നോക്ക്…ഇവിടെയാണ്…”

പാടത്തെ പണിക്കാരെയും കൂടിവന്നു ഇന്ദു അരവിന്ദനെ പുറത്തെടുത്തു. ശരീരമാസകലം വേദന കൊണ്ടവൻ പുളഞ്ഞു.

“ഇയ്യോ …ചോരവരുന്നുണ്ടല്ലോ അരവിന്ദാ…””

ദുപ്പട്ടയുടെ തുമ്പുയർത്തി അവന്റെ നെറ്റിയിലൂടെയും മൂക്കിലൂടെയും ഒലിച്ചിറങ്ങിയ ചോര തുടച്ചു അവൾ.

“ഒന്നുല്ല്യ…ഇന്ദു…ഒന്നുല്ല്യ …എന്നെയൊന്നു വീട്ടിലേക്ക് കൊണ്ടോകുവോ” അവൻ ചോദിച്ചു.

ആദ്യം അവനെ വീട്ടിലേക്കും അവിടെനിന്നും ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി അവൾ.

ഹരിയേട്ടനേം ശ്രീയേട്ടനേം വിളിച്ചു വിവരമറിയിച്ചു.

ഹരി ഓടിക്കിതച്ചു ഹോസ്പിറ്റലിൽ എത്തി.

ഒബ്സർവഷൻ റൂമിലേക്ക് പാഞ്ഞു ചെല്ലുമ്പോൾ ഇടനാഴിയിൽ ഇന്ദു.

“ഇന്ദു…മോളെ…ന്റെ അരവിന്ദന്…”

“ഒന്നുമില്ല ഏട്ടാ…ഒന്നുമില്ല… കാലിൽ പൊട്ടലുണ്ട്..നെറ്റിയിലും മുഖത്തും ഒക്കെ ചില്ലറ മുറിവുകൾ…അത്രയേയുള്ളൂ…”

“എവിടെ അവൻ…”

“പൊട്ടലുള്ള കാലിൽ പ്ലാസ്റ്റർ ഇടുവാണ് …”ഒബ്സർവഷൻ റൂമിനു നേരെ വിരൽ നീട്ടിയവൾ.

ഹരി വാതിലിനു നേരെ ചെന്നു എന്തൊക്കയോ ചോദിച്ചു. തിരിച്ചു വന്നു വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു കയ്യിൽ മുഖം താങ്ങി
കൊച്ചു കുഞ്ഞിനെപോലെ കരഞ്ഞു.

“ഇയ്യോ…ഹരിയേട്ട…എന്തായിതു. അരവിന്ദന്…അത്രക്കൊന്നും ഇല്ല ഏട്ടാ…”
അവൾ അടുത്തു ചെന്നിരുന്നു അയാളുടെ ചുമലിൽ തൊട്ടു .

“അരവിന്ദന്റെ ബൈസ്റ്റാന്ഡേഴ്‌സ് ആരാ.” വാതിൽ തുറന്നു ഒരു നേഴ്‌സ് പുറത്തേക്ക് മുഖം നീട്ടി .

” ഞാനാണ് സിസ്റ്റർ” ഹരി വേഗം ചാടിയെഴുന്നേറ്റു ധൃതിയിൽ വതിൽക്കലേക്ക് ചെന്നു.

“ഡോക്ടർ വിളിക്കുന്നു…അകത്തേക്കു വന്നോളൂ.”

ഹരി അകത്തേക്ക് കേറി പുറകെ ഇന്ദുവും. വസ്ത്രങ്ങളിൽ ആകെ ചോരപ്പാടുകളുമായി
ബെഡിൽ കണ്ണടച്ചു അരവിന്ദൻ. കഴുത്തിലൂടെ തൂക്കിയ ഒരു വെളുത്ത തുണിയിൽ കൈ തൂക്കിയിട്ടിരിക്കുന്നു.
തലയിൽ ചുറ്റിക്കെട്ടിയിരിക്കുന്നു , കവിളിലും മറുകയ്യുടെ അവിടിവിടൊക്കെ മുറിവുകളിൽ മരുന്ന് തേച്ചു പിടിപ്പിച്ചിരിക്കുന്നു. ഷർട്ടിന്റെ ഒരു കൈ മുറിച്ചു മാറ്റിയിട്ടുണ്ട്. കൈലി മുട്ടുവരെ ഉയർത്തിവച്ചു കാലിൽ പ്ലാസ്റ്റർ ചെയ്തിരിക്കുന്നു.

ഹരിയുടെ നെഞ്ചു പിടഞ്ഞുപോയി.

“അരവിന്ദാ…മോനെ…”അയാൾ ഓടി അവന്റെ അരികിലേക്ക് ചെന്നു അവനെ ചേർത്തുപിടിച്ചു.

“ആഹ്…”വേദനകൊണ്ട് അവൻ ഞരങ്ങി കണ്ണുകൾ തുറന്നു ചുറ്റും നോക്കി.

ചേർത്തു പിടിച്ചു ഹരിയേട്ടൻ.

മുന്നിൽ…ഇന്ദു..

“ആ..എന്താടോ…അരവിന്ദന്റെ ഏട്ടൻ ആണല്ലേ..”

പെട്ടന്ന് ഹരിക്ക് ബോധം വന്നതുപോലെ ചുറ്റും നോക്കി. ബെഡിന്റെ അരികിലുള്ള സ്ക്രീനിന്റെ മറവിൽ നിന്നും കൈകഴുകി തുടച്ചു ഒരു പുഞ്ചിരിയോടെ ഡോക്ടർ ഇറങ്ങിവന്നു. അരികിൽ ഒന്നുരണ്ടു നേഴ്‌സ്സ്.

“ഡോക്ടർ..ന്റെ അരവിന്ദന്…”

“ഒന്നുമില്ലടോ…കാലിനു ചെറിയൊരു പൊട്ടലുണ്ട്..കൈക് ..മ് ..വീണവഴിക്ക് ശക്തിയില് എവിടെയെങ്കിലും തട്ടിയിട്ടുണ്ടാകും… സാരമില്ല..പിന്നെ ചില്ലറ മുറിവുകൾ…പെട്ടന്ന് ഭേദമാകും. കാൽ നേരെ ആവാൻ ഒരു മാസം കംപ്ലീറ്റ് റെസ്റ്റ് എടുക്കണം… ഒക്കെ” അരവിന്ദനെ ഒന്നു നോക്കിയിട്ട് ഡോക്ടർ പുറത്തേക്ക് പോയി .

പിന്നാലെ നേഴ്‌സ്മാരും.

അരവിന്ദൻ കണ്ണുവലിച്ചു തുറന്നു ഹരിയെ നോക്കി. അവന്റെ ഹൃദയം വേദനകൊണ്ട് പിടഞ്ഞു.

“ഏട്ടാ…”ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു അരവിന്ദൻ..

“അയ്യേ…മോനെ …ഡാ.. അരവിന്ദാ…എന്താടായിതു..സാരല്ലെടാ..സരല്ല്യ.”നിറഞ്ഞുവന്നു മിഴികൾ അവനിൽനിന്നും മറച്ചുപിടിച്ചു അയാളവനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.

“ഏട്ടാ…മനഃപൂർവം അല്ലേട്ടാ… ഞാനൊന്നും..മനപ്പൂർവ്വം ല്ലേട്ടാ…ഏട്ടന്റെ സ്വപ്നങ്ങൾ …ഞാൻ തകർത്തു കളഞ്ഞല്ലോ…”അരവിന്ദന്റെ സങ്കടം മുഴുവൻ അതായിരുന്നു.

ഹരി മുഖം അമർത്തിതുടച്ചു.

“സരല്ല്യ..നീ അനങ്ങാണ്ട് കിടക്കണണ്ടോ..ഇന്ദു ഞാനൊന്നു ഡോക്ടറെ കണ്ടിട്ട് വരട്ടെ…” ഹരി അവർക്ക് മുഖം കൊടുക്കാതെ അരവിന്ദന്റെ അടുത്തുനിന്നും പുറത്തേക്ക് പോയി.

മുറിയിൽ ഇന്ദുവും അരവിന്ദനും തനിച്ചായി. അരവിന്ദന്റെ മുഖത്തേക്കു മിഴികൾ നട്ടു മേശക്കരുകിൽ കിടന്ന കസേരയിലേക്ക് ഇന്ദുവിരുന്നു. അരവിന്ദൻ കണ്ണുകളടച്ചു.

മൗനമായി നിമിഷങ്ങൾ കടന്നുപോയി.

“എല്ലാം വെറുതെ ആയി…”അരവിന്ദൻ പിറുപിറുത്തു. ഹരിയേട്ടന്റെ കുനിഞ്ഞ ശിരസ്സും ഇളയമ്മയുടെ പുച്ഛംനിറഞ്ഞ ചിരിയും അവന്റെയുള്ളിൽ തെളിഞ്ഞു വന്നു.

കടുത്ത മനോവേദനയിൽ അവൻ തലയിട്ടുരുട്ടി. അതുകണ്ട് ഇന്ദു എഴുന്നേറ്റു അവനരുകിൽ ചെന്നു ബെഡിലേക്കിരുന്നു അവന്റെ ചുമലിൽ തലോടി.

“അരവിന്ദാ…. എന്താ…എന്തായിത്..”

“എല്ലാം…എല്ലാം ഞാനായിട്ട് തകർത്തില്ല്യേ ഇന്ദു…ന്റെ ഏട്ടന്റെ സ്വപ്നങ്ങൾ..” ഗദ്ഗദംകൊണ്ട് ഒച്ചയടഞ്ഞു പറയാൻ വന്നത് മുഴുമിക്കാതെ ഇടതു കയ്യുയർത്തി അവൻ കണ്ണുതുടച്ചു.

“സരല്ല്യാ…ഇപ്പോ ഒന്നും ഓർക്കേണ്ടട്ടോ…ഒക്കെ ശെരിയാവും… വരാനുള്ളത്…വരിക തന്നെ ചെയ്യും… അരവിന്ദൻ ഇപ്പൊ സമാധാനയിട്ട് കിടക്കു… ഞാനിവിടെ തന്നെയുണ്ട്…എങ്ങും പോവില്ലാട്ടോ…”അവൾ അവന്റെ ചുമലിൽ തലോടി ആശ്വസപ്പിച്ചുകൊണ്ടിരുന്നു.

അരവിന്ദൻ അവളുടെ മിഴികളിലേക്ക് നോക്കി കിടന്നു. കുറച്ചു മുമ്പ് ദേവൻ പറഞ്ഞതും ഇതു തന്നെയാണല്ലോ എന്നവൻ ഓർത്തു. ….വരാനുള്ളത് വരിക തന്നെ ചെയ്യും….’ഇതിൽ കൂടുതൽ ഇനിയെന്തു വരാൻ’ …അവന്റെ മിഴികൾ നിറഞ്ഞു പതിയെ അവൻ മിഴികളടച്ചു. കണ്ണുനീർ ഇരുചെന്നിയിലൂടെയും ഒഴുകിയിറങ്ങി.

ഡോക്ടറെ കണ്ടിട്ട് ബില്ല്‌ അടച്ചു ടാക്സിക് ഏർപ്പാടക്കികൊണ്ടു ഹരി ആശുപത്രി വരാന്തയിൽ നിൽക്കുമ്പോഴാണ് ശ്രീകാന്തും ചാരുവും അമ്മുക്കുട്ടിയുമായി എത്തിയത്.

ബൈക്കു പാർക്ക് ചെയ്യുമ്പോഴേ ചാരു ഹരിയെ കണ്ടുകഴിഞ്ഞിരുന്നു.

ശ്രീ ഓടിപാഞ്ഞു ഹരിയുടെ അടുത്തേക്ക് ചെന്നു.

“ഹരി…ഡാ… എന്താടാ പറ്റിയത്…” പിന്തിരിഞ്ഞു നിക്കുന്ന ഹരിയുടെ ചുമലിൽ പിടിച്ചു തന്റെ നേർക്ക് തിരിച്ചു ശ്രീ.

അവനെ കണ്ടതുംനിയന്ത്രണം വിട്ട് ‘ഡാ ന്റെ അരവിന്ദൻ’ന്നു പറഞ്ഞു വിങ്ങികരഞ്ഞുകൊണ്ട് ഹരിയവന്റെ ചുമലിലേക്ക് ചാഞ്ഞു. ശ്രീയവനെ ചേർത്തു പിടിച്ചു പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

പാടത്തേക്ക് തുറക്കുന്ന ജനലകളുള്ള ഒരു മുറി തുറന്നു വൃത്തിയാക്കി അരവിന്ദനെ എടുത്തു കൊണ്ട് വന്നു അതിലേക്ക് കിടത്തി ഹരിയും ശ്രീയും കൂടി.

ഇന്ദു ജനാലകൾ തുറന്നു വിരിമാറ്റിയിട്ടു.

ചാരു അലമാരയിലേക്ക് അവന്റെ മരുന്നും മറ്റും എടുത്തുവച്ചു. ഗോമതിയമ്മ എങ്ങലടിച്ചും മൂക്കുപിഴിഞ്ഞും കരച്ചിലടക്കിയും അരവിന്ദന്റെ അടുത്തിരിപ്പുണ്ട്. ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും ബെഡിന്റെ അരികിൽ ചെന്നു അരവിന്ദനെ അടിമുടി വീക്ഷിച്ചുകൊണ്ട നിൽപ്പുണ്ട്.

“കൊച്ചു.. ദെന്തേ പറ്റിയെ…”അരവിന്ദന്റെ കാലിലെ പ്ലാസ്റ്ററിൽ തൊട്ടുനോക്കി അമ്മുക്കുട്ടി അവന്റെ മുഖത്തേക്ക് നോക്കി.

ഉണ്ണിക്കുട്ടൻ വിളിക്കുന്ന കേട്ട് അവളും അരവിന്ദനെ ‘കൊച്ചു ‘ ന്നാണ് വിളിക്കുന്നത്.

“ഉണ്ണിക്കുട്ടനും അമ്മുട്ടിയും ഇങ്ങു പോരുട്ടോ.. കൊച്ചു റെസ്റ്റ് എടുക്കട്ടേ.” ചാരു രണ്ടുപേരോടുമായി പറഞ്ഞു.

“അരവിന്ദന് കുടിക്കാൻ ന്തേലും എടുത്തിട്ടു വരാം ഞാൻ..ഇന്ദു മോള് ഈ കുട്ടികളെ ഒന്നു നോക്കൂട്ടൊ…’അമ്മ വരു…വിഷമിക്കാണ്ട്… അവനു ഒന്നൂല്യ അമ്മേ..” ചാരു ചെന്നു ഗോമതിയെ പിടിച്ചെഴുന്നേല്പിച്ചു. അവരുടെ കരച്ചിൽ കണ്ട്‌ അരവിന്ദന് നെഞ്ചു നീറി. സഹിക്കാനാവാതെ ജനാലയിലൂടെ പുറത്തേക്കു നോക്കി കിടന്നവൻ.

“ശ്രീ ..നമുക്കു ഒന്നു കടയിലേക്ക് പോയിട്ട് വന്നാലോ…ഭാസ്ക്കാരേട്ടൻ പോകാൻ സമയം ആയി.” ഹരി ശ്രീയോട് പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.

“അരവിന്ദാ..ഞങ്ങള് ന്നാ പോയിട് വരാം .. ഇന്ദു കുട്ടികളെ നോക്കിയോളു…രണ്ടാളും വലിഞ്ഞു കേറും..”ഇന്ദുവിനോടും അരവിന്ദനോടും പറഞ്ഞിട്ട് ഹരിയും ശ്രീയും മുറിക്ക് പുറത്തേക്കിറങ്ങി. ആ നിമിഷം താഴെ ഉമ്മറത്ത് ലൻഡ്‌ഫോണ് ബെല്ലടിച്ചു.

ഹരി താഴേക്കു ചെന്നു ഫോൺ എടുത്തു. ശ്രീ പുറത്തേക്കിറങ്ങി ബൈക്കിനടുത്തേക്കു പോയി.

“ഉണ്ണിക്കുട്ടാ……” ഹരിയുടെ അലർച്ചയിൽ മേലെവീടിന്റെ മേൽക്കൂര കിടുങ്ങി.

അടുക്കളയിലേക്ക് പോയ ചാരുവും ഗോമതിയും ഒറ്റയോട്ടത്തിന് ഉമ്മറത്തെത്തി.

ബൈക്കിലേക്ക് കേറാൻ തുടങ്ങിയ ശ്രീ ഞെട്ടിത്തിരിഞ്ഞു വീട്ടിനുള്ളിലേക്ക് ഓടിയെത്തി.

മുകളിൽ മുറിക്കുള്ളിൽ അരവിന്ദനും ഇന്ദുവും ഹരിയുടെ ശബ്ദം കേട്ട് എന്താണെന്നറിയാതെ ഞെട്ടി. ഇന്ദു ഓടി വതിൽക്കലോളം ചെന്നു പുറത്തേക്ക് നോക്കി.

‘ഇന്ദു…എന്താദ്‌..’അരവിന്ദന് ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു ..

അച്ഛന്റെ ശബ്ദം കേട്ട് ഉണ്ണിക്കുട്ടൻ അരവിന്ദന്റെ കട്ടിലിന്റെയോരത്തു നിന്നു ഇന്ദുവിന്റെ പിന്നിലേക്ക് ഓടി ചെന്നു അവന്റെ പിന്നാലെ അമ്മുക്കുട്ടിയും.

ഇന്ദു നോക്കുമ്പോൾ ഹരി പടികൾ ചവിട്ടിമെതിച്ചു കൊടുങ്കാറ്റ്‌പോലെ മേലേക്ക് വരുന്നു. പിന്നാലെ ശ്രീയും അതിനും പിന്നാലെ ചാരുവും ഗോമതിയും.

അവൾക്ക് ഒന്നും മനസ്സിലായില്ല.

വതിൽക്കലേക്ക് വന്നു അകത്തേക്ക് നോക്കി ഹരി. ഇന്ദുവിന് പിന്നിൽ മറഞ്ഞു നിക്കുന്നു എട്ടുവയസുകാരൻ ഉണ്ണിക്കുട്ടൻ.

മുറിക്കകത്തേക്ക് കേറി അവളുടെ പിന്നിൽ നിന്നും ഉണ്ണിക്കുട്ടനെ വലിച്ചിങ് മാറ്റിനിർത്തി അവന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ മുഖത്തു കണ്ട രൗദ്രഭാവം അവനെ പേടിപ്പിച്ചു.

“ഏട്ടാ…ഹരിയെട്ടാ..ന്താ..പറ്റ്യേ… ന്താന്നെച്ചാൽ പറയൂട്ടാ… വെറുതെ…ന്തായി കാട്ടണേ…”കട്ടിലിൽ കിടന്ന് അരവിന്ദനൻ പരവേശപ്പെട്ടു.

വതിൽക്കലേക്ക് ഓടിയെത്തിയ ശ്രീയും ചാരുവും ഗോമതിയും ഹരിയുടെ ഭാവം കണ്ടു പേടിച്ചു പോയി.

“ഹരീ..”ശ്രീ വേഗം അകത്തേക്ക് ചെന്നു ഹരിയുടെ കയ്യിൽ പിടിച്ചു. ഹരിയവന്റെ കൈകൾ തട്ടിമാറ്റി.

“ഉണ്ണിക്കുട്ടാ…ആരാടാ ഞാൻ കൊച്ചുന്റെ അടുത്തു പോയപ്പോ ഇങ്ങോട് വിളിച്ചത്…”

“അച്ഛാ…അതു…അതു…” ഉണ്ണിക്കുട്ടൻ നിന്നു വിറച്ചു.

“മോനെ…ഹരീ… അതു ബാംഗ്ളൂർ നിന്നു ഉണ്ണിമോള്….” ഗോമതിക്ക് പറഞ്ഞു പൂർത്തിയാക്കാൻ പറ്റുന്നതിനു മുൻപ് ഹരി വെട്ടിത്തിരിഞ്ഞു അവന്റെ കണ്ണുകളിൽ തീയാളുന്നത് കണ്ടു ഗോമതിയുടെ ഉള്ളു കിടുങ്ങി. ആലില പോലെയവർ വിറക്കാൻ തുടങ്ങി.

അരവിന്ദൻ ഒരു ഞെട്ടലിൽ വലിയമ്മേ നോക്കി. ശ്രീ ഹരിയുടെ കൈകളിൽ മുറുക്കി പിടിച്ചു. ചാരു നെഞ്ചിൽ കൈയമർത്തി പിന്നിലേക്ക് മാറി.

ഇന്ദു മാത്രം ഒന്നും മനസിലാകാതെ എല്ലാവരെയും മാറി മാറി നോക്കി.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

Share this story