അറിയാതെ ഒന്നും പറയാതെ – PART 5

അറിയാതെ ഒന്നും പറയാതെ – PART 5

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ശ്രീയുടെ കൈകൾ വിടുവിച്ചുകൊണ്ട് ഹരിശങ്കർ ഗോമതിയമ്മയുടെ മുന്നിലേക്കെത്തി അവന്റെ നോട്ടത്തെ നേരിടാനാവാതെ അവർ മുഖം കുനിച്ചു.

“അമ്മയെന്താ പറഞ്ഞതു…”
ശബ്ദം താഴ്ത്തി അവൻ തിരക്കി.

“മോനെ…അത്…അത്…അവർ നിന്ന് വിക്കി.

“ന്താ…പറഞ്ഞതെന്നല്ലേ ചോയ്ച്ചേ…”അവന്റെ അലർച്ചയിൽ എല്ലാവരും ഞെട്ടി.

“ഹരീ…നീയെന്തു ഭ്രാന്തായി കാട്ടണെ..”ശ്രീയോടിച്ചെന്നു അവനെ പിടിച്ചുലച്ചു.

“അതേടാ…അതേ…നിക്ക് ഭ്രാന്താണ്…. ഈ കുടുംബം ഇന്നീയവസ്ഥയിൽ എത്തിച്ച അവരുടെ ഓർമ തന്നെ എനിക്ക് ഭ്രാന്തു വരുത്തും .” അവൻ നിന്നു കത്തി. പിന്നെ ഗോമതിയുടെ നേരെ തിരിഞ്ഞു.

“കഴിഞ്ഞതെല്ലാം അമ്മയങ് മറന്നു അല്ലെ..?

“മോനെ….’അമ്മ…”

“മിണ്ടരുത്….അമ്മയൊരക്ഷരോം…മിണ്ടരുത്..ഉണ്ണിമോള് പോലും….”ചാരുവും ശ്രീയും വേവലതിയോടെ ഹരിയെ നോക്കി.

“ഇക്കണ്ട കാലമത്രയും ദാ.. ഇവനെ ഒന്നുമറിയിക്കാതെ നടക്കുവായിരുന്നു ഞാൻ…നെഞ്ഞുരുക്കി…ഉറക്കമില്ലാത്ത…” അരവിന്ദന്റെ നേരെ വിരൽ ചൂണ്ടി അയാൾ ഗോമതിയോട് പറഞ്ഞു.

അരവിന്ദന് ഒന്നും മനസ്സിലായില്ല.

“ഏട്ടാ…ന്തായി പറയണേ…കാര്യം ന്താച്ചാൽ പറയണുണ്ടോ” വേദനകൊണ്ട് പുളഞ്ഞു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു അരവിന്ദൻ. ഒന്നും മനസ്സിലാവാതെ ഇന്ദു വതിൽചാരി നിന്നു.

” മേലേ വീട്ടിൽ തൃപ്പടിയോട്ട് മഹാദേവർ എങ്ങനെയാനമ്മെ…തൃപ്പങ്ങോട്ടപ്പൻ ആയതു…ങേ….തൃപ്പടിയോട്ടപ്പൻ എങ്ങനെയാമ്മേ നാട്ടാരുടെ തൃപ്പങ്ങോട്ടപ്പൻ ആയതു…ങേ…ഈ കുടുംബത്തിന്റെ അമ്പലവും തേവരും വസ്തുവകകളും എങ്ങനെയാമ്മേ നാട്ടാരുടെ കയിൽആയതു…. ” വേദനയടക്കാനാവാതെ നെഞ്ചുതടവി ഹരി അരവിന്ദന്റെ കിടക്കയിലേക്കിരുന്നു.

“….പറയാൻ മറുപടിയൊന്നുമില്ല അമ്മക്ക് അല്ലെ…ചോദിക്കാൻ അവകാശമില്ലല്ലോ ഹരിശങ്കറിന്…അല്ലേയമ്മേ…ഓരോ തവണയും പിന്നിൽ നിന്ന് വാ പൊത്തി അരുത് മോനെ അരുത് മോനെയെന്നു പറഞ്ഞു പറഞ്ഞു അമ്മയെന്റെ നാവടക്കി…”

ഗോമതി വല്യവായിലെ നിലവിളിച്ചു.

“വല്ല്യമ്മേ… ന്തായിത്തു…ന്റെ മഹാദേവാ…ന്നെക്കൊണ്ട ഒന്നിനും ആവണില്ലല്ലോ… ന്റെ വലിയമ്മേ..കരയല്ലേ… ചരുവേടത്തി…വലിയമ്മയോടൊന്നു പറയ്യ്‌വോ…എനിക്ക് സഹിക്കണില്ലല്ലോ… ന്റെ മഹാദേവ…”അരവിന്ദൻ നെഞ്ചുപൊട്ടി കരഞ്ഞു.

ഹരിയവന്റെ മിഴികൾ തുടച്ചു “കാണുന്നുണ്ടോ അമ്മേ അമ്മയീ കരച്ചിൽ..
ഇതു കാണാതിരിക്കാൻ വേണ്ടിയ ഈക്കണ്ട കാലമത്രയും ഹരി മൗനമായത്….എന്നിട്ട് അമ്മയെന്താ ചെയ്തത്….എല്ലാത്തിന്റെയും അവകാശി…ദേ കിടക്കുന്നു..ഒരവകാശവും ഇല്ലാതെ…” അരവിന്ദന്റെ നേരെ കൈ ചൂണ്ടി അതു പറയുമ്പോഴേക്കും ഹരിയുടെ ഒച്ച ചിലമ്പിച്ചു പോയി.

” ഹരീ…പോട്ടെടാ.. ഒന്നും പറയല്ലേ…പഴയതൊക്കെ ആവർത്തിക്കാൻ ഇടയാക്കല്ലേടാ..”ശ്രീകാന്ത് അവന്റെ അരികിൽ ചെന്നവന്റെ ചുമലിൽ കൈയമർത്തി.

“ഇല്ല ശ്രീ…ഞാനായിട്ട് ഒന്നിനും മുതിരില്ല…പക്ഷെ…ഒന്നും തീർന്നിട്ടില്ല…അവർ വരുന്നുണ്ട്…ഹരിശങ്കറിന്റെയും അരവിന്ദന്റെയും വീഴ്ച കാണാൻ..”ഹരി പറഞ്ഞു നിർത്തിയതും ഗോമതി ഒരു ഞെട്ടലോടെ അവനെ നോക്കി .

“ഹരീ…”

“അതേ ശ്രീ…അവരായിരുന്നു വിളിച്ചത്….ചന്ദ്രോത്തു മൃദുല….അരവിന്ദന്റെ ഇളയമ്മ….ഇനിയെന്റെ അരവിന്ദന്റെ ജീവനാണ് അവർക്ക് വേണ്ടതെങ്കിൽ … വിടില്ല ഞാനവരെ…തെക്കേപ്പാട്ടെ കുളത്തിൽ വെള്ളം ഇനിയും ബാക്കിയുണ്ട്…” ഹരി കടപ്പല്ലു ഞെരിച്ചു. ശ്രീ പെട്ടന്ന് ഹരിയുടെ വാപൊത്തി അരുതെന്ന് തലയിളക്കി. ശ്രീയുടെ കയ്യെടുത്തു മാറ്റി സാവകാശം ഹരി കോണിയിറങ്ങി..പിന്നാലെ ശ്രീകാന്തും.

കുറച്ചുനേരം മൗനമായി കടന്നു പോയി ഇന്ദു എല്ലാവരുടെയും മുഖത്തു മാറിമാറി നോക്കി. ഗോമതി വിങ്ങിക്കരഞ്ഞുകൊണ്ട് ഉണ്ണിക്കുട്ടനേം ചേർത്തുപിടിച്ചു ഹരിപോയ പുറകയിറങ്ങി. ചാരുലത അരവിന്ദനെ ഒന്നു നോക്കിയിട്ട് അമ്മുക്കുട്ടിയെ എടുത്തു ഒരു നിമിഷം ഇന്ദുവിനെ വിളിക്കണോ വേണ്ടയോ എന്നാലോചിച്ചു നിന്നിട്ട് മുറിവിട്ടുപോയി.

മുറിയിൽ വീണ്ടും ഇന്ദുവും അരവിന്ദനും തനിച്ചായി. എന്തു പറയണമെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല.

തൊട്ടുമുൻപ് മുറിയിൽ നടന്നതൊക്കെ അവളെ വല്ലാതെ പേടിപ്പിച്ചിരുന്നു. മെല്ലെയവൾ വാതിൽക്കൽ നിന്നു അരവിന്ദന്റെ അടുത്തേക്ക് ചെന്നു.

“അരവിന്ദാ…ന്താ ഇതൊക്കെ… ആരാ അവരൊക്കെ…ഹരിയേട്ടൻ പറഞ്ഞതു…എനിക്കിതൊന്നും….” എന്തുകൊണ്ടോ അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു.

“ഏയ്…ഇന്ദു ..ന്തായിതു…താൻ കാരയ്യാ…വേണ്ടട്ടോ….”

“സോറി അരവിന്ദാ…സോറി… പെട്ടന്നെനിക്ക് സിദ്ധുനെ ഓർമ്മ വന്നു.” മുഖം അമർത്തി തുടച്ചവൾ അരവിന്ദന്റെ കട്ടിലിനരുകിൽ ഇരുന്നു.

അരവിന്ദൻ അവളെ നോക്കി വേദനയമർത്തി പുഞ്ചിരിച്ചു.

“ഇന്ദു പൊക്കോളൂ….ഞാനൊന്നു കിടക്കട്ടെ…”മറ്റൊന്നും പറയാതെ അവൻ കണ്ണുകളടച്ചു.

ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ അങ്ങിങ് നോക്കിയൊന്നു നിന്നിട്ട് ഇന്ദു പുറത്തിറങ്ങി വാതിൽ ചാരി.

ഇന്ദുവിറങ്ങി ചെല്ലുമ്പോൾ ശ്രീകാന്തും ചാരുവും കുഞ്ഞുമായി പോകാൻ നിക്കുവായിരുന്നു. വല്ലാത്തൊരു നിശബ്ദത അവിടെ താളം കെട്ടിനിന്നു.

മൗനമായി ഓരോ നോട്ടം കൈമാറി ശ്രീകാന്ത് അവരുമായി മുറ്റത്തേക്കിറങ്ങി.

******** ********** ******
ആ രാത്രി അങ്ങനെ കടന്നുപോയി .

പിറ്റേന്നുരാവിലെ,

“ഇന്ദു ചേച്ചി…ഇന്ദുചേച്ചി….” അമൃതയുടെ സ്വരവും തുടരെ വാതിലിൽ മുട്ടുന്ന ശബ്ദവും കേട്ടാണ് ഇന്ദു ഉറക്കത്തിൽ നിന്നുമുണർന്നത്. കണ്ണുഞെരടി എഴുന്നേറ്റുചെന്നു വാതിൽ തുറന്നപ്പോ മുന്നിൽ ചയക്കപ്പുമായി അമൃത നിൽക്കുന്നു.

“ആ അമൃത… കേറിവാ… ഇതെന്താ..ഇന്ന് കോളേജിൽ പോകണ്ട..?

” ഇല്ല ചേച്ചി….ഇന്നലെ കോളേജിൽ വല്ല്യ തല്ലും ബഹളവുമൊക്കെ ആരുന്നേ…രണ്ടുമൂന്നു ദിവസത്തേക്ക് നി കോളേജ് ഉണ്ടാവുന്ന് തോന്നണില്യ..” ചയക്കപ്പ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അമൃത പറഞ്ഞു.

“ഞാനൊന്നു ഫ്രഷ് ആയി വരട്ടെ കേട്ടോ” കപ്പ് വാങ്ങി മേശമേൽ വച്ച് അവളോട് പറഞ്ഞുകൊണ്ട് ഇന്ദു ബാത്റൂമിലേക്ക് പോകാൻ തിരിഞ്ഞു.

“ഇന്ദു ചേച്ചി നമുക്ക് അമ്പലത്തിലൂടെ പോകാം ..മ്മ്..?”

“നേരം പോയില്ലേ..”

“ഇല്ല ചേച്ചി , എട്ടുമണി ആവുന്നേയുള്ളൂ”

“ശെരി ..ന്നാൽ നിക്കു ഞാനൊന്നു കുളിച്ചു റെഡി ആയി വരട്ടെ..”അലമാരയിൽ നിന്നും ഡ്രസ് എടുത്തുകൊണ്ട് അവൾ തിരിഞ്ഞു .

“വേഗന്നു വരണേ..ഞാൻ താഴെ ഉണ്ടാവുട്ടോ….” അമൃത വിളിച്ചു പറഞ്ഞു താഴേക്കു പോയി.

പടിപ്പുര പിന്നിട്ട വഴിയിലിറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോളാണ് അമൃത ചോദിച്ചത്.

“ന്താ ചേച്ചി അരവിന്ദേട്ടന് പറ്റിയത്. ” ഇന്ദു അവളുടെ മുഖത്തേക്ക് നോട്ടമേറിഞ്ഞു.
ന്നിട്ട് നടന്ന സംഭവം മുഴുവൻ പറഞ്ഞു.

എങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവളതു മുഴുവൻ കേട്ടു.

‘സരല്ല്യ കുട്ടി.. കുറച്ചു ദിവസം കഴിയുമ്പോ ഒക്കെ ഭേദാകും” ഇന്ദു അവളെ ആശ്വസിപ്പിച്ചു. അവളതിനു മറുപടി ഒന്നും പറഞ്ഞില്ല.

അല്പനേരം രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല .

“ആരാ അമൃത ഈ മൃദുല. അരവിന്ദന്റെ ആരാ അവർ.” ഇന്ദു പെട്ടന്ന് ചോദിച്ചു.

“അത്…ചേച്ചി….അരവിന്ദേട്ടന്റെ അച്ഛന്റെ രണ്ടാംഭാര്യയാണ്…അരവിന്ദേട്ടന്റെ ഇളയമ്മ.”

“മ്മ്….ന്താ അവർ തമ്മിൽ പ്രശ്‌നം..”

“അത്ര കൃത്യയിട്ടൊന്നും നിക്കറിഞ്ഞൂടാ…പക്ഷെ…അവരെ ഹരിയേട്ടൻ ഇവിടെ അടുപ്പിക്കൂല്ല… അരവിന്ദേട്ടന്റെ ‘അമ്മ മരിക്കണ സമയത്തു കുറച്ചീസം അവരവിടെ ഉണ്ടാരുന്നു എന്നൊക്കെയ ന്റെ’അമ്മ പറഞ്ഞു കേട്ടിട്ടുള്ളത്… പിന്നെ ഈ കാണുന്ന സ്ഥലോക്കെ അരവിന്ദേട്ടൻറേം ഹരിയേട്ടൻറെമൊക്കെ ആയിരുന്നെ…”വഴിയുടെ ഇരുവശവും പാടവുമൊക്കെ ചൂണ്ടിക്കാണിച്ചു അവൾ.

“”അരവിന്ദന്റെ ‘അമ്മ എങ്ങനെയാ മരിച്ചത്….”

“അതു…തെക്കേപ്പാട്ടെ..കുളത്തിൽ മുങ്ങി മരിച്ചൂന്നാ പറഞ്ഞു കെട്ടിരിക്കുന്നെ.”

“മ്മ്…അപ്പൊ ഈ ഉണ്ണിമോള് ആരാ….”

“അതു…അരവിന്ദേട്ടന്റെ അനുജത്തിയാ…ആ ഇളയമ്മേടെ മാത്രം മോളാണെന്നും അതല്ല അരവിന്ദേട്ടന്റെ അച്ഛന്റെ മോളാണെന്നും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്…ശെരിക്കും ന്തന്നെന്നു നിക്ക് വല്ല്യ നിശ്ചയം ഇല്ല്യാ ചേച്ചി”.

“മ്മ്..”

നടന്നുനടന്ന് അവർ അമ്പലത്തിൽ എത്തി. ഇന്ദു ഗോപുരവാതിലിന്റെ മുകളിലേക്ക് നോക്കി അവിടെ ‘തൃപ്പങ്ങോട്ട് മഹാദേവ ക്ഷേത്രം ‘എന്നെഴുതി വച്ചിട്ടുണ്ടായിരുന്നു .

അവളൊരുനിമിഷം അങ്ങനെ തന്നെ നിന്നു. അവളുടെ നോട്ടം കണ്ട അമൃതയും നോക്കി.

“എന്താ ചേച്ചി…”

“ഈ പേര്…”

“അരവിന്ദേട്ടന്റെ വീട്ടുപേരാണ് ചേച്ചി…ഈ അമ്പലവും ആ കാണുന്ന ആയിരപ്പറ പാടവും ഒക്കെ അവരുടെ ആയിരുന്നു..അവരുടെ മുത്തച്ഛൻ ഇവിടുത്തെ ഒരു ജന്മി ആയിരുന്നു.”

ഇന്ദു വിസ്മയിച്ചു അവളെ നോക്കി.

“പിന്നെ ഹരിയേട്ട്ൻറേം അരവിന്ദേട്ടൻറേം അച്ഛന്മാരുടെ കാലമായപ്പോഴേക്കും എല്ലാം ഇല്ലാണ്ടായി. ദാ ആ കാണുന്ന വീടും അവിടെ കുറച്ചു സ്ഥാലവും ഒക്കെ ഉള്ളു ഇപ്പോ മിച്ചം…

“എങ്ങനെയാണ് ഇതൊക്കെ നഷ്ടപ്പെട്ടത്.”

“അതറിയില്ല്യ ചേച്ചി.” അവർ അമ്പലത്തിലേക്ക് കേറി.

“വാ ചേച്ചി” ഇന്ദുവിന്റെ കൈപിടിച്ചു വഴിപാട് കൗണ്ടറിന് നേരെ നടന്നു അമൃത.

ഇന്ദുവിനെ ഒന്നു നോക്കിയിട്ട് അമൃത പേരും നാളും പറഞ്ഞുകൊടുത്തു.

“അരവിന്ദൻ, മകയിരം…ശിവന് ഒരു ധാര ഒരു പുറകുവിളക്ക്” ഇന്ദു വിടർന്ന മിഴികളോടെ അവളെ നോക്കി.

“പിന്നെ ഇന്ദുമിത്ര…നക്ഷത്രം… അവൾ വിരൽകടിച്ചു ഇന്ദുവിനെ നോക്കി….’ആയില്യം’ …ഒരു പുഞ്ചിരിയോടെ ഇന്ദു പൂർത്തിയാക്കി.”

“എന്താ വേണ്ടത് വഴിപാട് “കൗണ്ടറിൽ നിന്നിരുന്നയാൾ വിളിച്ചു ചോദിച്ചു.

“അതു തന്നെ മതി…”അവൾ മറുപടി നൽകി.

“അമൃതക്ക് വഴിപാട് ഒന്നും വേണ്ട” ഇന്ദുവിന്റെ ചോദ്യത്തിന് വിഷാദത്തിലൊന്നു ചിരിച്ചിട്ട് വേണ്ട എന്നവൾ തലയിളക്കി.

രസീതും വാങ്ങി അകത്തേക്ക് നടക്കുമ്പോൾ ഇന്ദു അവളെ ശ്രദ്ധിച്ചു. അവളുടെ മുഖത്തു വിഷാദം നിഴലിച്ചിരുന്നു.

പ്രാർത്ഥിച്ചു നിക്കുമ്പോ അമൃത ഏങ്ങിയെങ്ങി കരഞ്ഞു. ‘മഹാദേവാ… ന്റെ കണ്ണുനീര് കൊണ്ടാണോ നീ അരവിന്ദേട്ടനോട് ഇങ്ങനെ ചെയ്തത്…വേണ്ടിയിരുന്നില്ല ന്റെ തേവരെ…വേഗം പാവത്തിന് സുഖാക്കണേ…’ അവളുടെ മിഴികൾക്കിടയിലൂടെ കണ്ണുനീരൊഴുകിയിറങ്ങി. കണ്ടുനിന്ന ഇന്ദുവിന് അവളുടെ മാനസിക നില ബോധ്യമാകുന്നുണ്ടാരുന്നു.

അരവിന്ദനോട് അമൃതയെക്കുറിച്ചു പറയണം എന്ന് മനസ്സിലോർത്തു അവളുടെ അരിൽകിൽ നിശബ്ദമായി നിന്നു പ്രാർത്ഥിച്ചു ഇന്ദു. അവളുടെ ഉള്ളിൽ സിദ്ധുവിന്റെ മുഖം തെളിഞ്ഞു വന്നു.

തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചാരുലത നിശ്ശബ്ദയായിരുന്നു.

അവളെ ശ്രദ്ധിച്ചുകൊണ്ട് ഇന്ദു കഴിച്ചുകൊണ്ടിരുന്നു. അമൃതയും നിശ്ശബ്ദയാണല്ലോ എന്നോർത്തു ഇന്ദു ചാരുവിന്റെ നേരെ തിരിഞ്ഞിരുന്നു.

“ചേച്ചി…എന്താണ് യഥാർത്ഥത്തിൽ ഹരിയേട്ടന്റെ പ്രശ്നം. ”

“അതു മോളെ…അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ട്. പറഞ്ഞാൽ ഒന്നും തീരില്ല. ”

“എന്നാലും ചേച്ചി പറയു.”

ചാരുലത ഒന്നും മിണ്ടിയില്ല.

ഇന്ദു പിന്നെ ഒന്നും ചോദിച്ചതുമില്ല.

ഭക്ഷണം കഴിച്ചിട്ട് ‘ ചേച്ചി ഞങ്ങള് അരവിന്ദനെ ഒന്നു കണ്ടിട്ട് വരട്ടെ ‘ എന്നുപറഞ്ഞു അമൃതയെ കൂട്ടി ഇന്ദു മേലേ വീട്ടിലേക്ക് പോയി.

പൂമിഖത്തേക്കു കയറുമ്പോൾ നീ പോയി അരവിന്ദനെ കാണു ഞാൻ അമ്മയെ നോക്കിയിട് വരാം ന്നു പറഞ്ഞു ഇന്ദു അടുക്കളയിലേക്ക് നടന്നു.

ഒരു നിമിഷം സംശയിച്ചു നിന്നിട്ട് അമൃത മുകളിലേക്ക് കയറി.

അരവിന്ദൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിനെ സങ്കടവും ദേഷ്യവും കൂടിക്കലർന്ന ഒരു വല്ലാത്ത അവസ്ഥയിലാക്കിയിരുന്നു.

ഹരി പറഞ്ഞതിൽ പകുതിയുടെയും പൊരുൾ ഇപ്പോഴും അവനു പിടികിട്ടിയിരുന്നില്ല. കുറച്ചു നാളുകളായി ഹരിയേട്ടൻ തന്നെ ഒളിച്ചു താമസിപ്പിച്ചരിക്കുവാണോ എന്ന്‌ അവനു സംശയം തോന്നിയിരുന്നു.

ഏട്ടന്റെ അനുവാദം ഇല്ലാതെ എവിടെയും പോകാൻ സമ്മതമില്ല. തന്നെ അമ്മയുടെ തറവാട്ടിൽ മുത്തച്ഛന്റ ഒപ്പം ആക്കിയിട്ട് കുറെ നാളായി. ഒരു കൂട്ടുകരുമായിട്ടൊ ബന്ധുക്കളുമായിട്ടൊ ഒരു ബന്ധവും ഇല്ലാതാക്കി.

നാലു ദിവസം മുന്നേ ഒരറിയിപ്പുമില്ലാതെ വന്നു കൂട്ടിക്കൊണ്ട് പോന്നു.

എന്തായിരിക്കും കാരണം. ഇളയമ്മ തന്നെ പലവിധം ദ്രോഹിക്കുന്നുണ്ട്…പക്ഷെ തന്നെ അപയപ്പെടുത്തും എന്ന ഏട്ടന്റെ ഭീതി എത്രയാലോചിച്ചിട്ടും അവനു ഉൾക്കൊള്ളാനായില്ല.

താനറിഞ്ഞു വച്ചേക്കുന്ന രഹസ്യങ്ങൾ തൽക്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ.

ഇളയമ്മയുടെ പുതിയ സംബന്ധക്കാരനുമായി അവർ ഇങ്ങു വരട്ടെ ചോദിക്കാനും പറയാനും അരവിന്ദന് ഏറെയുണ്ടെന്നു അറിയിക്കാം. വർധിച്ച ദേഷ്യത്തോടെ അവൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.

പെട്ടന്ന് വാതിൽ മുട്ടുന്ന ശബ്ദം.

അരവിന്ദൻ വതിൽക്കലേക്ക് നോക്കി.

വാതിൽ തുറന്നു അമൃത അകത്തേക്ക് വന്നു.
അവൾ ചെന്നു ജനാലാക്കാരുകിൽ നിന്ന് അരവിന്ദനെ നോക്കി. അവന്റെ കിടപ്പ് കണ്ടിട്ട് സഹിക്കാനാവാതെ വിങ്ങിവിങ്ങി കരഞ്ഞു.

” നിന്റെ ശാപമാണ്… ല്ല്യേ..?” പതിഞ്ഞ ശബ്ദത്തിൽ അരവിന്ദൻ അവളോട്‌ ചോദിച്ചു.

“യ്യോ ..അരവിന്ദേട്ടാ…ങ്ങാനൊന്നും പറയല്ലേ.. ഞാൻ അരവിന്ദേട്ടനെ ശപിക്ക്യോ… ഒരിക്കലുല്ല്യ അരവിന്ദേട്ടാ…” അവൾ വാപൊത്തി നിർത്താതെ കരഞ്ഞു.

“മ്മ്..ശെര്യാ… എന്നെ ശപിക്കാൻ വേണ്ടി ന്തു തെറ്റാ ഞാൻ നിന്നോട് ചെയ്തേ..ല്ല്യേ…? അവൻ വേദനയിൽ തലയിളക്കി സ്വയംനിന്ദിച്ചു ചിരിച്ചു.

“അരവിന്ദേട്ടാ…ഞാൻ…”

“അമൃതേ…നിന്നോട് നിക്ക് ഒരു ദേഷ്യവുമില്ല. ഇഷ്ട്ടം തോന്നാഞ്ഞതിന് കാരണവും ണ്ട് …പക്ഷെ ..നിക്കിപ്പോ അതൊക്കെ പറയാൻ പറ്റുന്ന സഹചര്യല്ല…” അവൻ പകുതിക്ക് വെച്ചു നിർത്തി.

“അരവിന്ദേട്ട…മറ്റാരെയെങ്കിലും ഇഷ്ട്ടച്ചാ അതു പറഞ്ഞൂടെ…”

“ഇഷ്ട്ടാണ്… ന്റെ ജീവനേക്കാളേറെ മറ്റൊരാളെ ഇഷ്ട്ടാണ് …പക്ഷെ നിക്കിപ്പോ അതു ആരോടും പറയാൻ പാടില്ല്യ…”അരവിന്ദൻ വേദന കടിച്ചമർത്തിപറഞ്ഞു.

ആ നേരം ഇന്ദു പടികൾ കേറി മുകളിലേക്ക് വന്നു. വാതിൽക്കൽ ചെല്ലുകയും അരവിന്ദനും അമൃതയും സംസാരിക്കുന്നതു കേട്ടു. അകത്തേക്ക് കേറാതെ അവൾ തിരികെ പോരാൻ തുടങ്ങി.

“അരവിന്ദേട്ടാ…ന്റെ ഇഷ്ട്ടത്തെ സ്വീകരിക്കാതിരുന്നപ്പോ നിക്ക് തോന്നിയതാണ് ..പറഞ്ഞോളൂ…ആരായാലും പറഞ്ഞോളൂ…ഞാൻ മരിക്കയൊന്നുല്ല്യ.. പക്ഷെ അതാരാണെന്ന് അറിയാതെ ഞാനിവിടുന്നു പോവില്ല്യ.”

അവൻ ദീർഘമായി ഒന്നു നിശ്വസിച്ചു. പിന്നെ അവളുടെ മുഖത്തു തറപ്പിച്ചു നോക്കി.

പുറത്തു, ഇന്ദു അപ്പോഴേക്കും മുന്നോട്ട് നടന്നു പോയിരുന്നു.

” ഞാനതു പറയാം…എന്നെയോർത്തു നിന്റെ ജീവിതം തകരാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാനിതു പറയുന്നതെന്ന ഓർമ ണ്ടായിരിക്കണം എപ്പോഴും… മറ്റൊരാളും ഒന്നും അറിയരുത്.” താക്കീതു പോലെ പറഞ്ഞു ഒന്നു നിർത്തിയിട്ട് അയാൾ തുടർന്നു.

“ഇന്ദു….നിന്റെ ഇന്ദുചേച്ചിയാണ്… ന്റെയുള്ളിൽ നിറയെ” അവളുടെ കണ്ണിലേക്ക് നോക്കി അരവിന്ദൻ പറഞ്ഞു.

അമൃത ഞടുങ്ങി പോയി. വിശ്വാസം വരാതെ അവൾ അരവിന്ദനെ തുറിച്ചു നോക്കി.

“സത്യാണ് അമൃതേ …മറ്റാരെയും അറിയിക്കാതെ ഞാനിതു ഉള്ളിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് ആറേഴു വർഷായി… ഇവിടുത്തെ പ്രശ്നങ്ങൾ ഒതുങ്ങട്ടെന്നു വെച്ചു കാത്തിരുന്നു….പക്ഷേ… ഒന്നും നടന്നില്ല്യ…ദിപ്പൊ ങ്ങനെയുമായി…നിന്റെ ഉള്ളിൽ ങ്ങാനൊരു ആശ ണ്ടെന്നു ഞാനറിഞ്ഞില്ല്യ… ഇല്യാച്ചാൽ പണ്ടേ ഇതൊക്കെ തിരുത്തിയേനെ….”

അമൃതക്ക് അപ്പോഴും ശ്വാസം നേരെ വീണില്ല.
അവളെ ശ്രദ്ധിക്കാതെ അവൻ തുടർന്നു.

“പക്ഷെ..ന്റെ പ്രതീക്ഷ ഒക്കെ തെറ്റിച്ചുകൊണ്ട് എല്ലാരുടെ ഇന്ദുനേ സിദ്ധുവിന്റെ കൂടെ കെട്ടിച്ചു വിട്ടില്ല്യേ… ആരോടും ഒന്നും അറിയിച്ചില്ല്യ ഞാൻ…ജീവിതമേ വേണ്ടന്ന് വെച്ചു..ഏട്ടന് വേണ്ടി മാത്രം ജീവിക്കാന്ന് തീരുമാനിച്ചു….”

“ഏട്ടൻ പറയുന്നത് വിട്ട് മറ്റൊന്നും ചെയ്യില്ല്യാന്നു തീരുമാനിച്ചു. നീ ഇടക്ക് ചോദിച്ചിരുന്നില്ല്യേ ന്തിനാ അരവിന്ദേട്ടന് ഇത്രക്ക് ദേഷ്യമെന്നു…..ജീവിതത്തിൽ തോറ്റു പോയൊരാൾക്ക് മറ്റെന്തു വികരാണ് അമൃത തോന്നുക…ദേഷ്യാണ് ..എല്ലാത്തിനോടും…

ഒറ്റക്കാക്കി പോയ അച്ഛനോട്… അമ്മയോട്…പിന്നെയുമുണ്ട്… തൽക്കാലം നിന്നോട് ഇത്രോക്കെ പറയാൻ പറ്റുള്ളൂ… നീ …ന്നെ മറക്കണം… ഇന്ദു ഒറ്റക്കാണ്…എനിക്കവളുടെ കൂടെ പോയേ പറ്റൂള്ളു….”

അരവിന്ദൻ പറഞ്ഞു നിർത്തി അമൃതയുടെ നേരെ മുഖം തിരിച്ചു.

അവനെ ഒന്നു നോക്കുക കൂടി ചെയ്യാതെ ഒരു ജീവച്ഛവം കണക്കെ അവൾ പുറത്തേക്ക് പോയി.

അമ്മുക്കുട്ടിക്ക് നേർത്ത പനിക്കോൾ കണ്ടു ചാരുലത അവളെയും ചുമലിൽ ഇട്ടു വരാന്തയിലൂടെ നടക്കുമ്പോഴാണ് വിങ്ങിക്കരഞ്ഞുകൊണ്ടു അമൃത ഓടിയകത്തെക്കു കേറിവന്നത്. പുറകെ അവളെ വിളിച്ചു കൊണ്ട് ഇന്ദുവും.

“ന്താ മോളെ…അമൃതക്ക് ന്തു പറ്റി..”

“അറിയില്ല ചേച്ചി…അരവിന്ദന്റെ മുറിയിൽ നിന്നും കരഞ്ഞുകൊണ്ടാണ് ഇറങ്ങി വന്നത്. ഞാൻ വിളിച്ചിട്ട് നിന്നത് കൂടിയില്ല. നോക്കട്ടെ ന്തണ്ന്നു.”

അവളും അമൃതക്ക് പിന്നാലെ അകത്തേക്ക് ഓടി.

ചാരുലതയുടെ മനസിൽ കാർമേഘം ഉരുണ്ടുകൂടി. അരവിന്ദനെ കണ്ടിട്ട് ഇത്രയും വിഷമം അവൾക് ഉണ്ടാവാൻ കാരണമെന്തായിരിക്കും. അവൾ സംശയത്തോടെ അകത്തേക്ക് നോക്കി.

******** ********** ******

ലഞ്ച് ബ്രേക്ക് സമയത്താണ് ഹരി ശ്രീയെ വിളിക്കുന്നത്.

“ശ്രീ..തിരക്കില്ലെങ്കിൽ നീയൊന്നു അവധിയെടുത്തു വരാമോ”

“അതിനെന്താടാ…ഞാനിപ്പോ എത്താം.”

“അല്ലെങ്കിൽ…കടയിലേക്ക് വേണ്ട ഡാ… ഞാനവിടെക്ക് വരാം.”

ഹരി ചെല്ലുമ്പോൾ ശ്രീ അവനെ പ്രതീക്ഷിച്ചു നിൽക്കുവാണ്. രണ്ടുപേർ കൂടി അത്ര തിരക്കില്ലാത്ത ഒരിടം കണ്ടുപിടിച്ചു.

റോഡരുകിലെ ചാരുബെഞ്ചിൽ ഇരുന്നുകൊണ്ട ശ്രീകാന്ത് ഹരിയുടെ മൂടിക്കെട്ടിയ മുഖത്തേക്ക് നോക്കി.

“എന്താടാ…ന്താ കാര്യം”

“ശ്രീ…അരവിന്ദൻ നമ്മളറിയാതെ പിന്നെയും ഒന്നിരണ്ടു തവണ ബാംഗ്ലൂർക്ക് പോയിരുന്നു.” അതുകേട്ട് അവിശ്വസനീയതയോടെ ശ്രീ ഹരിയെ നോക്കി.

“എപ്പോ… അതിനുള്ള സമയം എപ്പോഴാടാ..”

“അതു..അഞ്ചാറു മാസമായിട്ടുണ്ട്… കുറച്ചൂടെ കൃത്യമായിട്ട് പറഞ്ഞാൽ ഇന്ദുവിന്റെ കല്യാണത്തിന് രണ്ടു മാസം മുൻപ്.”

“എന്താടാ ഹരീ നീയീ പറയുന്നേ..”

“മ്മ്….അരവിന്ദൻ എന്തിനാ അവിടെ പോയതെന്ന് അറിയില്ല….പക്ഷെ…ഉണ്ണി ലക്ഷ്മിയെ സംബന്ധിക്കുന്ന എന്തോ ഒന്ന് അവിടെ നടന്നിട്ടുണ്ട്. ചന്ദ്രോത്തു മൃദുലയുടെ പുതിയ സംബന്ധക്കാരൻ ആ ബ്രിഗേഡിയർ … അയാളെ കുറിച്ചു ന്തൊക്കയോ അരവിന്ദന് അറിയാം. അതു കണ്ടെത്തണം.”

ഹരി പറഞ്ഞു നിർത്തി.

വലിയ ശബ്ദത്തോടെ പൊടിപറത്തി ഒരു കണ്ടെയ്‌നർ ലോറി അവരുടെ മുന്നിലൂടെ പാഞ്ഞു പോയി. അതിന്റെ ശബ്ദം ഹൃദയത്തിലൂടെ വെടിയുണ്ട കയറിപ്പോയത് പോലെ ഹരിക്ക് തോന്നി.

തുടരും….

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

Share this story