അറിയാതെ ഒന്നും പറയാതെ – PART 7

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ
“ചേച്ചി…ഇതു..ഇതു…ഉണ്ണിയാ… ചേച്ചി…” ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.
“ഏത് ഉണ്ണി? ” ഇന്ദു സംശയത്തോടെ അമൃതയെ നോക്കി.
“ചേച്ചി..അരവിന്ദേട്ടന്റെ അനിയത്തി ഉണ്ണിലക്ഷ്മി”
അമൃത പറഞ്ഞു നിർത്തിയതും ഇന്ദു വിശ്വാസം വരാതെ അവളെ തുറിച്ചു നോക്കി.
അവളുടെ ഇരു ചുമലിലും ഇന്ദുവിന്റെ പിടിമുറുകി. അമൃതയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നു.
“സത്യമാണോ മോളെ നീയീ പറയുന്നേ…നിനക്ക് തെറ്റിയിട്ടില്ലല്ലോ….” ഇന്ദു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവളുടെ അന്നേരത്തെ ഭാവം അമൃതയുടെ ഭയം ഇരട്ടിപ്പിച്ചു.
“സത്യാ ചേച്ചി…ഇതു ഉണ്ണിലക്ഷ്മി തന്നെയാണ്.”
ഇന്ദുവിന്റെ മിഴികൾ കുറുകി വന്നു.
പെട്ടന്ന് ഇന്ദുമിത്ര ചാടിയെഴുന്നേറ്റു മേശവലിപ്പിൽ നിന്നും മൊബൈൽ ഫോണും എടുത്ത് താഴേക്ക് ഓടി. അവളിറങ്ങി ചെന്നപ്പോഴേക്കും ഹരിശങ്കറും ശ്രീകാന്തും പുറത്തേക്കിറങ്ങി പോയിരുന്നു്.
വാതിലടച്ചു തിരിഞ്ഞ ചാരുലത കാണുന്നത് ഒരു ഭ്രാന്തിയെ പോലെ ഓടിയിറങ്ങി വരുന്ന ഇന്ദുവിനെയും അവൾക്ക് പിന്നാലെ അതേ പോലെ പാഞ്ഞു വരുന്ന അമൃതേയുമാണ്.
ചാരു ഓടിച്ചെന്നു ഇന്ദുവിനെ പിടിച്ചു.
“എന്താ മോളെ ..എന്താപറ്റിയത്” അവളെ പിടിച്ചു നിർത്തിക്കൊണ്ടു ചാരു ചോദിച്ചു.
ചാരുവിനെ തള്ളിമാറ്റിക്കൊണ്ടു ഇന്ദു ടെലിഫോണിനടുത്തേക്ക് പാഞ്ഞു ചെന്നു. മൊബൈൽ ഫോണിൽ നോക്കി
ഏതൊക്കെയോ നമ്പറുകൾ ഡയൽ ചെയ്തു അവൾ. അവസാനം അതിൽ ഏതോ നമ്പർ കണക്ട് ആയി.
ചാരുവും അമൃതയും ഒന്നും മനസിലാകാതെ നോക്കി നിന്നു.
തിടുക്കത്തിൽ എന്തൊക്കയോ പറഞ്ഞവൾ ഫോൺ വച്ചു. ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു മുറിയിലേക്ക് നടന്നു.
പിന്നാലെ അമൃതയും. ചാരു അമൃതയുടെ കൈ പിടിച്ചു നിർത്തി ‘എന്താ ‘ന്നെ ചോദിച്ചു, ‘അറിയല്ലന്നവൾ ‘ഇരുവശത്തേക്കും ശിരസിളക്കി കാണിച്ചു. പിന്നെ ഇന്ദുവിന്റെ പിന്നാലെ കോണിപ്പടി കയറി മുകളിലേക്ക് പോയി.
ചാരുലത ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ചപടി നിന്നു്.
വാതിൽ അടച്ചു ബെഡിൽ വന്നിരുന്ന ഇന്ദു മെയിൽ തുറന്നു.
കല്യാണത്തിന്റെ ആറാം നാൾ സിദ്ധു മടങ്ങിപ്പോയത്തിന് ശേഷം ഇന്നാണ് ഇന്ദു മെയിൽ ചെക്ക് ചെയ്യുന്നത്.
ഡൽഹിയിൽ നിന്നും, ലഡാക്കിൽ നിന്നും സിദ്ധു അയച്ച മെയിൽ മൂന്നെണ്ണം തുറന്നു നോക്കാതെ കിടക്കുന്നുണ്ടായിരുന്നു.
അവൾ വേഗം അതു തുറന്നു നോക്കി.
അവൾക്കൊപ്പം അതു നോക്കിയിരുന്ന അമൃത ഒരു നടുക്കത്തോടെ ഇന്ദുവിന്റെ കൈകളിൽ അള്ളിപ്പിടിച്ചു.
കുടുകൂടെ ഒഴുകിയ കണ്ണുനീർ തുടക്കാതെ ലാപ്ടോപ്പ് അടച്ചു ഇന്ദു അതിനു മേലേക്ക് കുനിഞ്ഞിരുന്നു ഹൃദയംപൊട്ടിക്കരഞ്ഞു.
അവളെ കെട്ടിപ്പിടിച്ചു അമൃതയും.
ആ സമയം ശ്രീകാന്തും ഹരിശങ്കറും ചെല്ലുമ്പോൾ അരവിന്ദൻ അതേ കിടപ്പ് കിടക്കുക ആയിരുന്നു. അവന്റെ അരുകിൽ ഉണ്ണിക്കുട്ടൻ ഉറങ്ങികിടക്കുന്നു.
“അരവിന്ദാ…നീ ഉറങ്ങിയില്ലേ…”അവന്റെ അടുത്തേക്കിരുന്നു ഹരി ചോദിച്ചു.
അരവിന്ദൻ മിഴികൾ തുറന്നു.
അടുത്ത് ഹരിയേട്ടനും ശ്രീയേട്ടനും..
“ആ…ഇല്ല്യാ ഏട്ടാ…ഉറക്കം വരണില്ല്യാ…”
അവന്റെ ശബ്ദത്തിനു നനവാർന്നിരുന്നു.
“നീ കരയ്യാ…? ഹരി അവന്റെ മുഖം പിടിച്ചു തന്റെ നേരെയാക്കി.
“ഏയ് ..ഇല്ലേട്ടാ…ഓരോന്നു ഓർത്തപ്പോ …”
“മ്മ് സരല്ല്യാ ഡാ… നിന്റെ എട്ടനല്ലേ കൂടെ ഉള്ളത്…മ്മ്..” അരവിന്ദനെ ഒന്നു നോക്കിയിട്ട്
ഉണ്ണിക്കുട്ടനെ എടുത്തു തോളിൽ ഇട്ടുകൊണ്ട് ഹരി പുറത്തേക്കിറങ്ങി.
ഗോമതി കോണി കയറി വരുന്നുണ്ടായിരുന്നു അപ്പോൾ.
ഉണ്ണിക്കുട്ടനെ കൊണ്ട് ഗോമതിയുടെ മുറിയിൽ കിടത്തി ഹരി.
“അമ്മേ ഉണ്ണിക്കുട്ടൻ ഇന്ന് ഇവിടെ കിടന്നോട്ടെ….എനിക്ക് കുറച്ചു ജോലി ഉണ്ട്..അമ്മേം കിടന്നോളൂ.” അവർക്ക് മുഖം കൊടുക്കാതെ ഹരി പുറത്തേക്കിറങ്ങി.
നിസ്സംഗതയോടെ അവന്റെ പോക്ക് നോക്കി നിന്നിട്ട് അവർ വാതിലടച്ചു.
ഹരി തിരിച്ചു മുകളിൽ കയറി ചെല്ലുമ്പോൾ ശ്രീ അരവിന്ദനെയും കൊണ്ട് ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വരുകയായിരുന്നു.
അരവിന്ദനെ കട്ടിലിലേക്ക് ചാരിയിരുത്തിയിട്ട് ശ്രീ ചെന്നു വാതിലടച്ചു.
അരവിന്ദൻ ഒന്നും മനസിലാകാതെ എട്ടാന്മാരെ മാറിമാറി നോക്കി.
ഹരിശങ്കർ ചെന്നു ജനാലയുടെ ഇരുവശങ്ങളിലും കൈ പിടിച്ചു പുറത്തേക്ക് നോക്കിനിന്നു.
അരവിന്ദന് അപകടം മണത്തു. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പറയേണ്ടിയോ ചെയ്യേണ്ടിയോ വരുമ്പോഴും വെല്ലുവിളികൾ ഏറ്റെടുക്കാറുള്ളപ്പോഴുമാണ് ഏട്ടൻ ഇങ്ങനെ നിൽക്കാറുള്ളത് എന്നവനോർത്തു.
‘ന്റെ ..മഹാദേവാ….ഈ പുറപ്പാട് ന്തിനാണെന്നു മനസിലാവനില്ല്യല്ലോ…. തോല്പിക്കരുതെ എന്നെ നീ…’ അവൻ മനസുരുക്കി പ്രാർത്ഥിച്ചു.
ശ്രീ ചെന്നു അവന്റെ അരികിലിരുന്നു കരം കവർന്നു.
“അരവിന്ദാ..നീ അറിയാത്ത കുറച്ചു കാര്യങ്ങൾ നമ്മുടെ തറവാടിനെ ചുറ്റിപ്പറ്റിയും..നിന്റെ അച്ഛനമ്മമാരെപ്പറ്റിയിയും ഉണ്ട്. പക്ഷെ ഇനി നീയത് അറിയാതിരിക്കാൻ പാടില്ല അതു പറയാൻ വേണ്ടിയാണ് ഹരിയുടെ കൂടെ ഞാൻ കൂടി ഈ രാത്രിയിൽ വന്നത്. “ശ്രീ പറഞ്ഞു.
അരവിന്ദന് ശ്രീയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.
“നീ വിശ്വസിച്ചിരിക്കുന്നതു പോലെ നിന്റെ ‘അമ്മ കുളിക്കാൻ പോയപ്പോ തെക്കേപ്പാട്ടെ കുളത്തിൽ മുങ്ങി മരിച്ചതല്ല…അതൊരു കൊലപാതകം ആയിരുന്നു.”
അരവിന്ദൻ ഞടുങ്ങി പോയി. തൃപ്പാടിയോട്ട് തറവാടിന്റെ മേൽക്കൂര അപ്പാടെ തന്റെ നെറുകയിലേക്ക് പതിച്ചതുപോലെ അവനു തോന്നി. അതിൽനിന്ന് ഒരായിരം വണ്ടുകൾ തലയിലേക്ക് തുളച്ചു കയറുന്ന വേദന അവനു അനുഭവപ്പെട്ടു.
അരവിന്ദൻ അലറിക്കരഞ്ഞു. ശ്രീകാന്ത് അവന്റെ വായ പൊത്തി അവനെ തന്റെ നെഞ്ചോട് ചേർത്തമർത്തി നെറുകയിൽ ചുണ്ടമർത്തി…
“കരയരുത്….ഇത്രനാളും നിന്റെ ഏട്ടൻ ഇതൊക്കെ നെഞ്ചിലടക്കി ആരെയും ഒന്നും അറിയിക്കാതെ കൊണ്ടു നടന്നില്ലേ..മോനെ..എല്ലാം നിനക്ക് വേണ്ടിയാണ്.”
അരവിന്ദന്റെ കരച്ചിലിന്റെ ആക്കം കുറയുന്നത് വരെ അയാൾ അവനെ നെഞ്ചോട് ചേർത്ത ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
“ഇനി പറയുന്നത് ഒരൊന്നും നീ സമചിത്തതയോടെ കേൾക്കണം. നിനക്ക് മാത്രേ ന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ….കാരണം…” ശ്രീ മുഴുമിക്കാതെ നിർത്തി ഹരിയെ നോക്കി. അപ്പോഴും അയാൾ അതേ നിൽപ്പ് തുടർന്നു.
“പറ ശ്രീയേട്ടാ…ന്താ കാരണം..ഇത്ര നാളായിട്ടും…. ന്താണ് ഹരിയേട്ടൻ ഇതൊക്കേ അറിയമായിട്ടും ഒന്നും ചെയ്യതിരുന്നെ….” അരവിന്ദൻ ശ്രീയെ അള്ളിപ്പിടിച്ചു. അവന്റെ നെറ്റിയിലേം കൈകളിലേം മുറിവിൽ ചോര പൊടിച്ചു തുടങ്ങിയിരുന്നു.
വയ്യാത്ത കാലിന്റെ വേദന മറന്നു അവൻ ചാടിയെണീക്കാൻ ശ്രമിച്ചു. വേച്ചു വീഴാൻ പോയ അവനെ ശ്രീകാന്ത് തങ്ങിപ്പിടിച്ചു നെഞ്ചോട് ചേർത്തു.
അതിനു ശേഷം അരവിന്ദന്റെ ഹൃദയം കീറിമുച്ചുകൊണ്ട് ശ്രീകാന്ത് ആ കഴിഞ്ഞ കാലം അവനെ പറഞ്ഞു കേൾപ്പിച്ചു.
പുറത്തേക്ക് നോക്കി നിന്ന ഹരിശങ്കറിന്റെ ഹൃദയ രക്തം കണ്ണിലൂടെ ധാരധാരയായി ഒഴുകി. അയാൾ അരവിന്ദനെ നോക്കാനാവാതെ പുറത്തേക്ക് മിഴിപാകി നിന്നു.
“അരവിന്ദാ….ഇതൊക്കെയാണ് നടന്നത്…ഇത്രനാളും നിന്നിൽ നിന്നും ഒക്കെ മറച്ചു വെക്കേണ്ടി വന്നു. ഒക്കെ നിന്റെ ജീവൻ നിലനിർത്താൻ വേണ്ടി ഏട്ടന്മാർക്ക് ചെയ്യേണ്ടി വന്നു….ചന്ദ്രോത്തു കാരുടെ കണ്ണിൽ നിന്നും നിന്നെ മറച്ചു പിടിക്കണമായിരുന്നു ഞങ്ങൾക്ക്… നേരത്തെ നീയിതൊക്കെ അറിഞ്ഞാൽ ആ വൃത്തികെട്ട സ്‌ത്രീയും പൊതുവാളും കൂടി നിന്നെ ഇല്ലാതാക്കുമൊന്നു ഭയമായിരുന്നു ഞങ്ങൾക്ക്….നിനക്ക് ഇതൊന്നും അറിയില്ല എന്നതുകൊണ്ടാണ് അവർ ഇത്രനാളും നിന്നെ വെറുതെ വിട്ടത്…”
അയാൾ ഒന്നു നിർത്തി പിന്നെ തുടർന്നു..
അരവിന്ദൻ ഹൃദയം തകർന്ന് ഹരിശങ്കറെ നോക്കി…
“ഏട്ടാ….ഒന്നെന്റെ അടുത്തു വന്നിരിക്കുവോ….ഒന്നു നോക്കേട്ടാ എന്നെ….. ഹരിയെട്ടാ….”അരവിന്ദന്റെ ശബ്ദം കരച്ചിലായി മാറി.
ഹരിശങ്കർ ഒന്നാടിയുലഞ്ഞു…തിരിഞ്ഞൊരു കാറ്റുപോലെ വന്നു അരവിന്ദന്റെ അരികിലേക്കിരുന്നു… അരവിന്ദൻ ഒരു നിലവിളിയോടെ അയാളുടെ നെഞ്ചിലേക് ചാഞ്ഞു. അയാളവനെ നെഞ്ചോടമർത്തി നെറുകയിൽ മുകർന്നു.
മിഴികൾ തുടച്ചു കൊണ്ട് ശ്രീകാന്ത് എഴുന്നേറ്റു.
“ഹരിയെട്ടാ… ന്താ..ഇതൊക്കെ ന്നോട് നേരത്തെ…പറയാതിരുന്നത്…ഞാനൊന്നും അറിഞ്ഞില്ല്യല്ലോ..ന്റെ മഹാദേവാ…
….ഏട്ടാ…ഏട്ടൻ ..ന്റെ എട്ടനാണ്..അങ്ങനെ അല്ലാന്ന് ആരു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല്യാ….ഇനിയേട്ടൻ …ഒരാളോടും…ഒരാളോടും…പറയരുത്….ആരും ഇനിയിതു അറിയരുത്….”
ഒരു ഭ്രാന്തനെ പോലെ അരവിന്ദന് പുലമ്പികൊണ്ടിരുന്നു.
“മോനെ…അരവിന്ദാ..നോക്ക്…ഏട്ടൻ പറയട്ടെ…”ഹരിയവന്റെ മുഖം പിടിച്ചു നേരെയാക്കി മിഴികൾ തുടച്ചു..തലയിണ ഉയർത്തി അതിലേക്ക് ചരിയിരുത്തി.
അരവിന്ദൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി വിങ്ങിവിങ്ങി കരഞ്ഞുകൊണ്ട് ഇരുന്നു. നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന മിഴിനീർ പുറംകയ്യൽ തുടച്ചുകൊണ്ട ഹരിശങ്കർ അരവിന്ദനെ തന്നെ നോക്കിയിരുന്നു.
നിമിഷങ്ങൾ യുഗങ്ങൾ പോലെ തോന്നിച്ചു ഹരിശങ്കറിന്.
“അരവിന്ദാ..മോനെ…ഏട്ടൻ ഇത്രയും നാൾ ഇതൊക്കെ എങ്ങനെ പറയും ന്നറിയതെ….ഞാൻ നിന്റെ ആരുമല്ലാന്നു…” അയാളെ പറയാൻ അനുവദിക്കാതെ ചോരപൊടിയുന്ന കൈ ഉയർത്തി അരവിന്ദൻ അയാളുടെ വാപൊത്തി.
അവന്റെ കൈഎടുത്തുമാറ്റി അയാൾ തുടർന്നു”……ഏട്ടന് അവകാശമില്ല ഇതൊന്നും ചോദിക്കാൻ…ഒരിക്കൽ ചോദിക്കാൻ ശ്രമിച്ചതാണ്…പക്ഷെ…
…തൃപ്പാടിയോട്ട ഒരേയൊരു അവകാശി അരവിന്ദനാണ്…ഹരിശങ്കറിനോ ഉണ്ണിലക്ഷ്മിക്കോ അതിൽ യതോരവകാശവും ഇല്ല….
….നിന്റെ അച്ഛനെക്കൊണ്ടു ചന്ദ്രോത്തു മൃദുല എഴുതിയുണ്ടാക്കിയ കള്ള ഒസ്യത് ആണ് ഇക്കണ്ട മുതൽ എല്ലാം ഉണ്ണിലക്ഷ്മിക്ക് ആയതു….
പക്ഷെ…മൃദുല തോറ്റുപോയി… നിന്റെ അമ്മയെച്ചതിച്ചു കൊന്ന്, അച്ഛനെ വകാവരുത്തിയതിനു ശേഷമാണ് അവർ അറിയുന്നത് നിന്റെ അച്ഛച്ഛൻ സ്വത്തുക്കൾ മുഴുവൻ നിന്റെ പേരിലാണ് എഴുതിയിരിക്കുന്നതെന്ന്…
…നിന്റെ വലിയച്ഛന്റെ വളർത്തു മകനായ ഹരിശങ്കറിനോ….മൃദുലയുടെ മാത്രം മകളായ ഉണ്ണിലക്ഷ്മിക്കോ ഒരവകാശവും ഇല്ല.
ഹരിശങ്കർ പറഞ്ഞു നിർത്തി.
….അതറിഞ്ഞ അന്നുമുതൽ അവർ നിന്നെയും വകവരുത്താൻ നടന്നു. ഓരോ ആണ്ടിലും നിന്റെ അമ്മവീട്ടിലെ കാവിലെ വിളക്കെടുപ്പ് അടുക്കുമ്പോൾ എന്റെ നെഞ്ചിലൊരു ആളലാണ്….നിനക്ക് ആറുമാസം പ്രായമുള്ളപ്പോഴാ കാവിലെ വിളക്കെടുപ്പിനു എല്ലാരും പോയപ്പോൾ നിന്റെ അമ്മയെ അവർ തെക്കേപ്പാട്ടെ കുളത്തിൽ മുക്കി…..” പറയാൻ വന്നത് പൂർത്തീകരിക്കാനാവാതെ ഹരിശങ്കർ നെഞ്ചു തടവി മിഴികൾ ഇറുക്കിയടച്ചു.
അരവിന്ദന്റെ കണ്ണുകൾ രണ്ട് അഗ്നി ഗോളങ്ങളായി മാറി.
“ഏട്ടാ…വിശദമായിട്ട് പറ ഏട്ടാ…പൊട്ടും പൊടിയും വിട്ടുപോകാതെ എനിക്കറിയണം….ന്റെ അമ്മക്കും അച്ഛനും…ന്താണ് സംഭവിച്ചതെന്ന്..”കടപ്പല്ലു ഞെരിച്ചു അരവിന്ദൻ പറഞ്ഞു.
നേരം വെളുക്കുവോളം ആ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടന്നു.
******** ********* ********** *******
കോളിങ് ബെൽ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് ചാരുലത എഴുന്നേറ്റത്. കണ്ണുതുറന്നു നോക്കിയപ്പോൾ നേരം നന്നേ വെളുത്തിരുന്നു. അമ്മുക്കുട്ടിക്കരികെ തലയിണ എടുത്തുവച്ചു മുടിവാരി കെട്ടിക്കൊണ്ട് അവൾ എഴുന്നേറ്റു ചെന്നു പൂമുഖ വാതിൽ തുറന്നു.
മുന്നിൽ ഉറക്കച്ചടവോടെ ശ്രീകാന്ത്.
“ശ്രീയേട്ടാ….”
“മ്മ്…നീയെനിക്ക് കടുപ്പത്തിലൊരു ചായ തരൂ…. വല്ലാത്ത തലവേദന.” ചെന്നിയിൽ വിരലമർത്തികൊണ്ട് അയാൾ അകത്തേക്ക് കയറി.
“ശ്രീയേട്ടാ….ന്തായി….നിക്കൊരു സമാധാനവും ഇല്ല. ഒരുപോള കണ്ണടച്ചിട്ടില്ല ഇന്നലെ” അവൾ അയാളുടെ പുറകെ ചെന്നു.
“നീയൊന്നു സമാധാനപ്പെടു ചാരു..ആദ്യം എനിക്കൊരു ചായ തരൂ…ഒക്കെ പറയാം.” മുഖം കഴുകി തുടച്ചു അയാൾ സെറ്റിയിലേക്ക് ചാരി കണ്ണടച്ചു.
തിടുക്കത്തിൽ ശ്രീകാന്തിനുള്ള ചായയുമായി ചാരുലത വന്നു.
“ശ്രീയേട്ടാ…ചായ.” അയാൾ കണ്ണുതുറന്നു നേരെയിരുന്നു ചായവാങ്ങി.
“എന്തായി …ശ്രീയേട്ടാ…അരവിന്ദൻ…പിന്നേ.. ഇന്നലെ ഇവിടെ ഇന്ദു….”അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് മുറ്റത്തു ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം. ചാരു എഴുന്നേറ്റു വതിൽക്കലേക്ക് ചെന്നു. പുറകെ ശ്രീകാന്തും.
ചാരുലതയുടെ അച്ഛന്റെ ഡ്രൈവർ ആയിരുന്നു അത്. അയാൾ വണ്ടിതിരിച്ചിട്ട് ഇറങ്ങി വന്നു. ശ്രീകാന്തും ചാരുലതയും ഭയന്നു പോയി.
“എന്താ…ദിവകാരേട്ടാ രാവിലെ…അച്ഛന്…”ചാരു വെപ്രാളത്തോടെ ഓടിയിറങ്ങി ചെന്നു.
“ഒന്നുമില്ല കുഞ്ഞേ….ഇന്ദു മോള് രാവിലെ ഇവിടെ വരെ വരാൻ പറഞ്ഞു…. എവിടേക്കോ പോകാനുണ്ടെന്നു…”അയാൾ ചാരുലതയെ നോക്കി പറഞ്ഞു.
ശ്രീയും ചാരുവും പരസ്പരം നോക്കി. അവർക്കൊന്നും മനസിലായില്ല.
‘ഈ കുട്ടി…ഇതെന്താ…ഈ കാട്ടണെ…ഞാനൊന്നു നോക്കട്ടെ ‘ന്നും പറഞ്ഞു അവൾ അകത്തേക്ക് തിരിഞ്ഞു.
ശ്രീയേട്ടാ…ഒരു വിളിയോടെ അവൾ പിന്നിൽ നിന്നും ശ്രീകാന്തിന്റെ കയ്യിൽ പിടിച്ചു വലിച്ചു. ഡ്രൈവറോട് എന്തോ ചോദിക്കാനാഞ്ഞ ശ്രീകാന്ത് തിരിഞ്ഞു നോക്കി. അവന്റെ പുരികം ചുളിഞ്ഞു.
അകത്തു നിന്നും ദൂരെയാത്രക്ക് റെഡി ആയപോലെ ലഗേജ് ബാഗുമായി പുറത്തേക്ക് വരുന്നു ഇന്ദുമിത്ര. അവളുടെ പുറകെ വാൽനക്ഷത്രം പോലെ അമൃതയും.
ഒന്നും മനസിലാകാതെ വീണ്ടും ചാരുവും ശ്രീയും പരസ്പരം നോക്കി.
പടിയിറങ്ങി വന്നു ഇന്ദു ലഗേജ് കാറിലേക്ക് വെച്ചു. തിരിച്ചു ശ്രീയുടെ മുന്നിൽ വന്നു നിന്ന് അയാളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തെ കല്ലിച്ച ഭാവം കണ്ട് അയാളൊന്നു അന്ധാളിച്ചു പിന്നെ ഭാര്യയെ നോക്കി.
“ശ്രീയേട്ടാ….ഞാനൊന്നു ബാംഗ്ലൂർക്ക് പോവാണ്… കുറച്ചു കാര്യങ്ങൾ ഉണ്ട്…ഒരാഴ്ച്ചക്കകം തിരിച്ചെത്തും ..”
“മോളെ…ന്തൊക്കെയാണിത്…കാര്യം ന്തന്നെന്നു ചേട്ടനോടും ചേച്ചിയോടും പറ… നീ തനിയെ അവിടെ വരെ പോകുകന്ന് പറഞ്ഞാൽ…നീ നിലക്ക് ഞാൻ കൂടി വരാം..”
അയാൾ പെട്ടന്ന് തിരിഞ്ഞു അകത്തേക്ക് നടക്കാൻ തുടങ്ങി.
“ശ്രീയേട്ടാ…വേണ്ടാ…ഞാൻ തനിയെ പൊക്കോളം…”അവളുടെ ശബ്ദത്തിലെ മുറുക്കം അയാളെ ഞെട്ടിച്ചു.
“മോളെ..നീയെന്തൊക്കെ ആണീ പറയുന്നത്…”ചാരുലത അവളെ പിടിച്ചുലച്ചു.
“ചേച്ചി…ഇപ്പോ എന്നോടൊന്നും ചോദിക്കരുത്…ഞാൻ പോയിട്ട് വരാം.” അമൃതയെ ഒന്നിരുത്തി നോക്കി പിന്നെ ഒരക്ഷരം മിണ്ടാതെ ഇന്ദു ചെന്നു കാറിൽ കയറി.
ഡ്രൈവർ അവരെ നോക്കി ഒന്നു തലയാട്ടി ശേഷം കാറിൽ കയറി. സാവധാനം ഇന്ദുവിനെയും കൊണ്ട് കാർ ഗേറ്റ് കടന്നു പുറത്തേക്ക് പോയി.
ശ്രീയും ചാരുവും മെല്ലെ അമൃതയുടെ നേരെ തിരിഞ്ഞു. പേടിയോടെ അവൾ ഇരുവരെയും മാറിമാറി നോക്കി.
******** *********** ***********
ഹരിശങ്കർ കോണികയറി ചെല്ലുമ്പോൾ അരവിന്ദൻ മച്ചിലേക്കും നോക്കി കണ്ണുതുറന്നു കിടക്കുകയായിരുന്നു.
അയാൾ അരികെ ചെന്നു അവന്റെ മുഖത്തു തലോടി. അവൻ അയാളുടെ കൈകൾ പിടിച്ചു കവിളോട് ചേർത്തു.
ഹരി അവനെയും തങ്ങിപ്പിടിച്ചു ബാത്റൂമിലേക്ക് പോയി.
തിരികെ അവനെ കൊണ്ട് കിടക്കയിലേക്ക് ചാരിയിരുത്തിയപ്പോഴേക്ക് ഗോമതി ഭക്ഷണവുമായി എത്തിയിരുന്നു.
“വലിയമ്മ താഴേക്ക് പൊക്കോളൂട്ടോ…ഞാൻ ഏട്ടന്റെ അടുത്തിത്തിരി ഇരിക്കട്ടെ..”അരവിന്ദൻ ഗോമതിയെ നോക്കി.
രണ്ടാളുടെയും മുഖത്തെ കടുത്ത ഭാവം അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. നിശ്ശബ്ദയായി അവർ താഴേക്കു പോയി.
“ഏട്ടാ…എനിക്ക് ഏട്ടനോട് മറ്റു ചിലതൂടെ പറയാനുണ്ട്.”
“മ്മ്….”
“ഏട്ടാ…എട്ടനറിയതെ ഞാൻ രണ്ടു തവണ ബാംഗ്ലൂർക്ക് പോയിരുന്നു.”
“മ്മ്…എനിക്കറിയാമെടാ…” അയാൾ പറഞ്ഞതു കേട്ട് അരവിന്ദൻ ഞെട്ടി.
“ഏട്ടന്…എങ്ങനെ…”
“നിന്റെ നിഴൽ പോലെ ഞാനുണ്ട് മോനെ…പക്ഷെ എന്റെ കണ്ണുവെട്ടിച്ചു നീ അവിടെ പോയി…മ്മ്…സരല്ല്യ….നീ പറ… ന്താണ് കാര്യമെന്ന് ”
“ഏട്ടാ…പറയാൻ പോകുന്നത് അത്ര നല്ല കാര്യമല്ല.”
“മ്മ്…അറിയാം…നീ പറയു…”
“ഏട്ടാ…ഉണ്ണിലേക്ഷ്മി… അവൾ വിളിച്ചിട്ടാണ് ആദ്യം ഞാൻ പോയത്. അവൾക്ക് അവിടെ ഒരു പയ്യനുമായി അടുപ്പം ഉണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് ഇളയമ്മയും ആ കിളവനും സമ്മതിച്ചില്ല. അതിനു കൂട്ടുനിൽക്കാൻ ആയിരുന്നു എന്നെ വിളിച്ചത്.”
“മ്മ്..ന്നിട്ട്…”
“ആ ചെറുക്കനോട് ഞാൻ ഫോണിൽ സംസാരിച്ചു. അവനു ഇഷ്ടമായിരുന്നു. പക്ഷെ..വിവാഹത്തിൽ നിന്നും പിന്മാറണം എന്നു പറഞ്ഞു ഇളയമ്മയും അവരുടെ ഇപ്പോഴത്തെ കെട്ടിയവനും കൂടി ആ ചെറുക്കനെ ഭീഷണിപ്പെടുത്തിയിരുന്നു. അവസാനം അവന്റെ അച്ഛനെയും അമ്മയെയും കൊന്നുകളയും എന്നായപ്പോ മനസില്ല മനസോടെ അയാൾക്ക് പിന്മാരേണ്ടി വന്നു.”
“മ്മ്…പിന്നെ”
“എന്നോടിതൊക്കെ പറയുമ്പോ അയാൾ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. തിരിച്ചു നാട്ടിൽ പോന്നതിന് ശേഷം പിന്നെയും ഒരു ദിവസം അവൻ എന്നെ വിളിച്ചു. ”
“അതെന്തിന്…”ഹരി നെറ്റിചുളിച്ചു.
“ഒന്നു ബാംഗ്ലൂർ ചെന്ന് അവന്റെ അച്ഛനെയും അമ്മയെയും കാണാമോ എന്ന് ചോദിച്ചു.”
ഹരി സംശയത്തോടെ അരവിന്ദനെ നോക്കി.
“ഞാൻ പോയി ഏട്ടനോട് പറയാതെ. അവിടെ ചെന്നപ്പോ , ഇളയമ്മയുടെ ഭീഷണിക്ക് വഴങ്ങി ആ അച്ഛനും അമ്മയും അവരുടെ മകന്റെ വിവാഹം ഉറപ്പിച്ചിരുന്നു മറ്റൊരു പെണ്കുട്ടിയുമായി. വിവാഹ ക്ഷണകത്തു കണ്ടപ്പോഴായിരുന്ന് ഏട്ടാ ഞാൻ കൂടുതൽ തകർന്നത്.”അരവിന്ദന്റെ മിഴികൾ നിറഞ്ഞു തുളുമ്പി.
“ഡാ… മോനെ…ന്താ പറയെടാ…”
അരവിന്ദൻ മിഴികൾ തുടച്ചു.
“അവരുടെ മകൻ സിദ്ധാർഥിന്റെ വിവാഹം ഉറപ്പിച്ചത് ശ്രീയേട്ടന്റെ അനിയത്തി ഇന്ദുമിത്രയും ആയിട്ടായിരുന്നു.”
ഹരിശങ്കർ നടുങ്ങി കിടക്കയിൽ നിന്നും എഴുന്നേറ്റു. പകച്ചു അരവിന്ദന്റെ മുഖത്തേക്ക് നോക്കി.
തുടരും….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…
അറിയാതെ ഒന്നും പറയാതെ – ഭാഗം 1
അറിയാതെ ഒന്നും പറയാതെ – ഭാഗം 2
അറിയാതെ ഒന്നും പറയാതെ – ഭാഗം 3
അറിയാതെ ഒന്നും പറയാതെ – ഭാഗം 4