പ്രിയം: ഭാഗം 10

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഹാപ്പി ഫസ്റ്റ് നൈറ്റ് ഏട്ടത്തി.. അച്ചു കണ്ണിറുക്കി കാട്ടിക്കൊണ്ട് പറഞ്ഞു.. മാളുവിന് ചിരി വന്നില്ല.. ഒരല്പം പോലും നാണം തോന്നിയില്ല.. പകരം ആ മനസ്സിൽ എന്തൊക്കെയോ ആധികളായിരുന്നു.. വ്യാകുലതകളായിരുന്നു... അനന്തനോടുള്ള അടങ്ങാത്ത ഭയമായിരുന്നു.. ഈ രാത്രി തന്നെ കാത്തിരിക്കുന്നതെന്തെന്നറിയതെ ആ പടികൾ കയറുമ്പോഴും മനസ്സിൽ നിറയെ അഞ്ജിതയുടെ ശബ്ദമായിരുന്നു.. ആ വാക്കുകളായിരുന്നു.. ക്രൂരനായ ഒരാണിന്റെ രൂപമായിരുന്നു.. അടഞ്ഞു കിടക്കുന്ന വാതിലിന് മുൻപിൽ നിന്നവൾ സംശയിച്ചു നിന്നു.. ഒടുവിൽ രണ്ടും കല്പിച്ചവൾ കൊട്ടാൻ ശ്രമിച്ചതും വാതിൽ തുറന്നു പോയി.. അവൾ അകത്തേയ്ക്ക് നോക്കി .

ആരുമില്ല.. അവൾ അകത്തേയ്ക്ക് കയറി.. കയ്യിലൊക്കെയും പാല് വീണിട്ടുണ്ട്.. അപ്പോഴാണവൾ താനെത്ര വിറയ്ക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയത്.. പാൽ ഗ്ലാസ് മേശമേൽ വെച്ചവൾ ബാത്‌റൂമിൽ കയറി.. കയ്യും മുഖവും കഴുകി ഇറങ്ങിയതും കണ്ടു വാതിൽ അടയ്ക്കുന്ന അനന്തനെ.. തറഞ്ഞു നിന്നുപോയി മാളു.. അവൻ മാളുവിനോട് ഒന്നും മിണ്ടാതെ പോയി മൊബൈൽ ചാർജറിൽ നിന്ന് ഊരിയെടുത്തു.. അവൻ കട്ടിലിലേയ്ക്കിരുന്നു.. നല്ല ക്ഷീണമില്ലേ.. കിടന്നോളൂ.. തന്നെ നോക്കി അന്ധാളിച്ചു നിൽക്കുന്നയാ പെണ്ണിനോടായി അവൻ പറഞ്ഞു.. അവളപ്പോഴും അവിടെ തന്നെ നിൽക്കുകയായിരുന്നു.. ഡോ.. താൻ കിടക്കുന്നില്ലേ.. അവൻ ശബ്ദമൊന്ന് ഉയർത്തി ചോദിച്ചതും അവളുടെ മിഴി നിറഞ്ഞു..

അവൾ യാന്ത്രികമായി വന്ന് കട്ടിലിൽ ഇരുന്നു.. താൻ കിടന്നോ.. എനിക്കും നല്ല തലവേദന എടുക്കുന്നുണ്ട്.. അച്ചുവിന്റെ കയ്യിൽ ടാബ്‌ലറ്റ് കാണും. കഴിച്ചിട്ട് വരാം.. അതും പറഞ്ഞവൻ പുറത്തേയ്ക്ക് പോയി.. മാളുവിനെപ്പോഴും ഭയമായിരുന്നു.. അവൻ പോയതും വിറവലോടെ അവളാ കിടക്കയിൽ നോക്കി.. അധികം അലങ്കരങ്ങളൊന്നും ഇല്ല.. മെത്തയിൽ അങ്ങിങ്ങായി കുറച്ചു മുല്ലപ്പൂക്കൾ വിതറിയിട്ടുണ്ട്.. അവൾക്ക് ആ മുറി വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.. വിവാഹം. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്ന്.. പക്ഷെ താനൊ.. ഒരു പെണ്ണിനും ഉൾക്കൊള്ളാനാകാത്ത ഒരു കൊലയാളിക്കൊപ്പം ഒരു സംശയരോഗിക്കൊപ്പമാണ്

തന്റെ വാസം..ഇനിയുള്ള തന്റെ ജീവിതം എന്താകുമെന്നോ ഭാവി എന്താകുമെന്നോ അറിയില്ല.. എന്തിന് ഈ രാത്രി അയാൾ തന്നെ എന്ത് ചെയ്യുമെന്ന് പോലും അറിയില്ല.. അവൾ തളർച്ചയോടെ കിടക്കയുടെ ഒരു കോണിലേയ്ക്ക് നീങ്ങി കിടന്നു.. കട്ടിലിൽ മടക്കി വെച്ചിരുന്ന പുതപ്പെടുത്തവൾ പുതച്ചു.. ഉറക്കം വരുന്നുണ്ട്. വല്ലാത്ത ക്ഷീണം. നല്ലാത്തലവേദന.. അവൾ കണ്ണുകൾ മെല്ലെയടച്ചു.. *********** മയക്കം അവളെ പൊതിഞ്ഞു തുടങ്ങിയതും മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അവൾ കണ്ണുകൾ വലിച്ചു തുറന്നു.. മദ്യത്തിന്റെ രൂക്ഷ ഗന്ധം മുറിയിൽ നിറഞ്ഞു... മാളു ഭയത്തോടെ എഴുന്നേറ്റു..അനന്തൻ ആടിയാടി അവൾക്കരികിലേക്ക് ചെന്നു.. അവൾ ഭയത്തോടെ പിന്നിലേയ്ക്ക് നീങ്ങി ഭിത്തിയിലേയ്ക്ക് തട്ടി നിന്നു.. വേ.. വേണ്ട.. മാളു ഭയത്തോടെ പറഞ്ഞു..

അവളുടെ തൊണ്ട ഇടറി...കണ്ണുകൾ നിറഞ്ഞൊഴുകി.. അതെന്താ വേണ്ടാത്തെ.. നീയെന്റെ ഭാര്യ അല്ലെ.. അതും പറഞ്ഞവൻ സാരിക്കിടയിലൂടെ അവളുടെ വയറിൽ പിടിച്ചു.. മാളു കുതറിക്കൊണ്ട് മാറാൻ ശ്രമിച്ചതും ബലമായി പിടിച്ചു നിർത്തി അവനവളുടെ ചുണ്ടിലേയ്ക്ക് തന്റെ അധരങ്ങൾ ചേർത്തു.. മാളു പൊള്ളിപ്പിടഞ്ഞുപോയി.. കണ്ണുകൾ ഇറുക്കിയടച്ചു അവൾ.. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.. ചുണ്ട് പൊട്ടി ചോര ചുവച്ചു... അവളുടെ പിടച്ചിൽ ആസ്വദിച്ചെന്നോണം അവൻ അവളുടെ വയറ്റിൽ മുറുക്കി പിടിച്ചു.. ശ്വാസം കിട്ടാതെയായതും മാളു സർവ്വശക്തിയുമെടുത്തവനെ തള്ളി മാറ്റി.. അവളിൽ നിന്നടർന്ന് മാറിയതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. ആ ദേഷ്യത്തിൽ അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു.. മാളു കട്ടിലിലേക്ക് വീണുപോയി.. അവളൊന്ന് എഴുന്നേൽക്കും മുൻപേ അവൻ അവളിലേക്ക് വീണിരുന്നു..

അനന്തേട്ടാ വേണ്ട.. അവൾ കരഞ്ഞു.. അനന്തനവളുടെ മൂക്കിൽ കടിച്ചു.. മദ്യത്തിന്റെ രൂക്ഷഗന്ധം അവളെ പൊതിഞ്ഞു.. എതിർക്കാൻ ശ്രമിക്കുംതോറും കൂടുതൽ ശക്തിയോടെ അവനവളിലേക്ക് പടർന്നുകൊണ്ടേയിരുന്നു..മാളുവിനു ശരീരം മുഴുവൻ വല്ലാതെ വേദനിച്ചു. എതിർപ്പുകൾക്കിടയിലും അവളുടെ വസ്ത്രങ്ങൾ അവളിൽ നിന്ന് പറിച്ചെറിയപ്പെട്ടു..ക്രൂരമായി അവളുടെ ശരീരം പിച്ചിച്ചീന്തപ്പെട്ടു.. വേദന അവൾക്ക് താങ്ങാൻ കഴിയുമായിരുന്നില്ല.. അവൾ പൊട്ടിക്കരഞ്ഞു.. താങ്ങാനാകാതെ . അമ്മേ.. ഒരു നിലവിളിയോടെ അവൾ പിടഞ്ഞെഴുന്നേറ്റു.. മാളു വല്ലാതെ പേടിച്ചു പോയിരുന്നു.. ചുറ്റുമുള്ള കൂരിരുട്ട്.. തന്റെ അരികിൽ ആരോ കിടക്കും പോലെ തോന്നി അവൾ ഭയന്ന് ഭിത്തിയിലേയ്ക്ക് ചാരി ഇരുന്നു.... പെട്ടെന്ന് റൂമിലെ ലൈറ്റ് തെളിഞ്ഞു.. എന്താടോ.. അനന്തൻ.. അവൾ ഞെട്ടലോടെ അവനെ നോക്കി..

ആ.. അവൾ കണ്ണുപൊത്തി അലറി വിളിച്ചു.. എന്താടോ.. എന്ത് പറ്റി.. അനന്തൻ എഴുന്നേറ്റവളോട് ചോദിച്ചു.. എന്നെ..എന്നെ ഒന്നും ചെയ്യല്ലേ.. പ്ലീസ്.. അവൾ പൊട്ടിക്കരഞ്ഞു.. അനന്തന് ഒന്നും മനസ്സിലായില്ല. എന്താ മാളൂ.. അവൻ പേടിയോടെ ചോദിച്ചു.. എ... എനി.. എനിക്ക് പേടി. പേടിയാ.. നിങ്ങളെ പേടിയാ എനിക്ക്.. നിങ്ങള്.. നിങ്ങള് ദുഷ്ടനാ.. കൊലയാളിയാ. എനിക്ക് പേടിയാ.. അവൾ പൊട്ടിക്കരഞ്ഞു.. അനന്തൻ തറഞ്ഞു നിന്നുപോയി.. അവന്റെ ഹൃദയം ആരോ കീറിമുറിച്ചെന്നോണം വേദനിച്ചു.. അനന്താ.. അനന്താ.. വാതിലിൽ തട്ട് കേട്ടതും അവൻ പോയി വാതിൽ തുറന്നു.. എന്താ മോനെ. എന്ത് പറ്റി.. സുധാമ്മ ചോദിച്ചു.. അറിയില്ലമ്മേ.. എന്തോ സ്വപ്നം കണ്ടൂന്ന് തോന്നുന്നു. അവൻ ശാന്തമായിപറഞ്ഞു.. അവർ അകത്തേയ്ക്ക് ചെന്നു.. മാളൂ..എന്താ മോളെ.. അവർ കട്ടിലിൽ ഇരുന്ന് അവളെ തട്ടി വിളിച്ചുകൊണ്ട് ചോദിച്ചു..അവൾ ഞെട്ടലോടെ ചുറ്റും നോക്കി..

അനന്തന്റെ മുറി.. തന്റെ അരികിൽ ഇരിക്കുന്ന സുധാമ്മ... അവൾ തന്നെ നോക്കി.. വസ്ത്രങ്ങളൊക്കെയുണ്ട്.. കണ്ടതൊക്കെയും സ്വപ്നമായിരുന്നുവോ.. അവൾ മറ്റൊന്നും ചിന്തിക്കാതെ അവരെ ഇറുകെ പുണർന്ന് പൊട്ടിക്കരഞ്ഞു.. ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു.. അവർക്ക് പിന്നാലെ വന്ന ചദ്രശേഖറും അച്ചുവും അനന്തനൊപ്പം ആ രംഗം നോക്കി നിൽക്കുകയായിരുന്നു.. അവർ ഒന്നും മിണ്ടാതെ അവളെ തഴുകിക്കൊണ്ടിരുന്നു.. കുറച്ചുനേരമെടുത്തു അവളൊന്ന് ശാന്തമാകാൻ.. അതുവരെയും ഒരു പരിഭവവും ഇല്ലാതെ അവരവളെ തഴുകിക്കൊണ്ടിരുന്നു.. കരച്ചിലൊന്നടങ്ങിയതും അവർ അവളുടെ മുഖം പിടിച്ചുയർത്തി.. എന്താ മോളെ.. അവൾ കാണു തുടച്ചു.. ഒന്നുമില്ലെന്നാ ഭാവത്തിൽ തലയാട്ടി.. അപ്പോഴും അവൾക്ക് ഏങ്ങി ഏങ്ങി ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല.. ദുസ്വപ്നം കണ്ടോ.. അവർ ചോദിച്ചു.. ആ ചോദ്യത്തിനവൾ അതെയെന്ന് തലയാട്ടി..

അവർ പുഞ്ചിരിച്ചു.. സാരമില്ല വീട് മാറി കിടന്നതുകൊണ്ടാകും.. മോള് കിടന്നോ.. കേട്ടോ.. അവർ അവളെ തഴുകി.. കിടക്കയിൽ കിടത്തി.. അവൾക്കൊരു കുഞ്ഞുമ്മ നൽകി.. ചിലപ്പോ അപ്രതീക്ഷിതമായി ഇങ്ങനൊക്കെ നടന്ന് വീടൊക്കെ മാറി കിടന്നതിന്റെയാകും മോനെ.. അവൾ വല്ലാണ്ട് പേടിച്ചുപോയി . പാവം.. നീ കിടന്നോ.. സുധാമ്മ പറഞ്ഞു.. അവൻ അച്ഛനെ നോക്കി. അയാൾ അവന്റെ തോളിൽ തട്ടി.. അവൻ അവൾക്കൊരു ചിരി നൽകി.. നിങ്ങൾ പോയി കിടന്നോ.. അവൻ പറഞ്ഞു.. എന്താ നീ പോണില്ലേ.. അവൻ അച്ചുവിനെ നോക്കി.. പാല്.. അവൾ മേശ ചൂണ്ടി കാണിച്ചു.. എന്താ പാല് വേണോ.. മ്മഹും.. അവൾ വേണ്ടാന്ന് തലയാട്ടി.. വാ പെണ്ണേ.. അതും പറഞ്ഞു സുധാമ്മ അവളെയും വിളിച്ചിറങ്ങി.. തലവേദനയാണെന്നും പറഞ്ഞു വന്നതല്ലേ.. നീ കിടന്നോ.. ചന്ദ്രശേഖർ അതും പറഞ്ഞിറങ്ങി.. അനന്തൻ ഡോർ ലോക്ക് ചെയ്ത് കട്ടിലിൽ വന്നിരുന്നു..

മാളു അപ്പോഴും ഏങ്ങി കരയുകയായിരുന്നു.. എന്നെയാണോ തനിക്ക് പേടി.. അവന്റെ ശാന്തമായ സ്വരം കേട്ടവൾ അവനെ നോക്കി.. ചോദിച്ചത് കേട്ടില്ലേ.. അവൻ അവളെ നോക്കി.. ആണോ.. മ്മ്.. എന്തിനാ പേടി.. അവൾ മിണ്ടിയില്ല.. പക്ഷെ വീണ്ടും കരഞ്ഞു.. അവൻ അവളെ നോക്കി.. പറ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ.. അവൻ ചോദിച്ചു.. മ്മ്.. എന്താ പറഞ്ഞത്.. അവൾ അവനെ നോക്കി.. പേടിയോടെ.. പറയ്.. അവന്റെ ശബ്ദം തെല്ലൊന്നുയർന്നു..അവൾ പിടഞ്ഞെഴുന്നേറ്റിരുന്നു.. അത്.. അത്.. കുടിക്കും എന്നു പറഞ്ഞു.പിന്നെ.. പിന്നെ ഉപദ്രവിക്കുമെന്ന് പറഞ്ഞു.. ഒത്തിരി.. കൊല്ലുമെന്ന് പറഞ്ഞു.. എനിക്ക് പേടിയാ നിങ്ങളെ.. ശെരിക്കും പേടിയാ.. എന്നെ ഒന്നും ചെയ്യല്ലേ.. എനിക്കെന്തേലും ആയാൽ.. ആരൂല്യ ന്റമ്മൂന്.. .. ഗതികേട് കൊണ്ടാ ഞാനിവിടെ. ഞാൻ.. ഞാനെങ്ങോട്ടേലും പൊക്കോളാം... പ്ലീസ്.. അവളവന് നേരെ കൈകൂപ്പി.. അവന്റെ കണ്ണും നിറഞ്ഞു..

ഹൃദയം വിങ്ങി.. അവനവൾക്കൊരു പുഞ്ചിരി നല്കി..എല്ലാം നഷ്ടപെട്ടവന്റെ പുഞ്ചിരി.. അവൻ മെല്ലെ എഴുന്നേറ്റു പോയി കസേരയിൽ ഇരുന്നു.. മാളു കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.. കിടന്നോളൂ.. ഞാൻ.. ഞാൻ.. പുറത്തുപോയ്ക്കോളാം...പേടിക്കേണ്ട.. അതും പറഞ്ഞവൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേയ്ക്ക് പോയി.. മാളുവാ പോക്ക് നോക്കിയിരുന്നു..വീണ്ടും ആ സ്വപ്നം കണ്ണിൽ നിറയുന്നു.. ഒരുവേള അതാണ് നടന്നത് എന്നവൾക്ക് വീണ്ടും തോന്നി.. ഇല്ല ഒന്നും സംഭവിച്ചില്ല തനിക്ക്.. അവൾക്ക് ഒരല്പം ആശ്വാസം തോന്നി. പക്ഷെ വീണ്ടും സങ്കടം നിറയുന്നു.. പേടി നിറയുന്നു.. അവൾക്ക് തളർച്ച തോന്നി.. ശരീരത്തിനെന്തോ ക്ഷീണം പോലെ.. അവൾ ലൈറ്റ് പോലും അണയ്ക്കാതെ കിടന്നു.. എപ്പോഴോ വാതിൽക്കൽ ഒരു ആളനക്കം തോന്നി..അവൾ എഴുന്നേറ്റിരുന്നു. സോറി.. ഞാൻ.. ഫോണെടുക്കാൻ.. എ.. എനിക്ക്.. എനിക്കെന്തോ..

അവളുടെ ശബ്ദത്തിന് വല്ലാത്ത വിറയൽ ഉണ്ടായിരുന്നു.. അനന്തൻ ഒന്നവളെ നോക്കി.. അവളപ്പോഴേയ്ക്കും കിടന്നുപോയിരുന്നു.. എന്ത് പറ്റി.. അവൻ കട്ടിലിൽ ഇരുന്നു സൗമ്യമായി ചോദിച്ചു.. അവൾ ഒന്നുകൂടി പുതപ്പിനുള്ളിലേയ്ക്ക് ചുരുണ്ടു.. അവനെന്തോ പോലെ തോന്നി..ഒന്നാലോചിച്ചിരുന്ന ശേഷം അവനവളുടെ നെറ്റിയിലേയ്ക്ക് കൈ ചേർത്തു.. എന്തോ തണുപ്പ് തോന്നി മാളു കണ്ണുകൾ വലിച്ചു തുറന്നു.. നല്ല ചൂടുണ്ടല്ലോ.. എന്ത് പറ്റി.. അവൻ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല...പകരം കണ്ണുനിറച്ചവനെ നോക്കി... അവനെഴുന്നേറ്റുപോയി മേശയുടെ ഡ്രോ തുറന്നു. എന്തൊക്കെയോ എടുത്തു നോക്കി.. ശേഷം പുറത്തേയ്ക്ക് പോയി.. കുറച്ചു കഴിഞ്ഞതും ആരുടെയോ സ്പര്ശമേറ്റവൾ കണ്ണു തുറന്നു.. അമ്മയാണ്.. അടുത്ത് അച്ഛനും അച്ചുവും ഉണ്ട്.. അവളുടെ കണ്ണുകൾ വീണ്ടും അടഞ്ഞുപോയി.. നല്ല പനിയാണല്ലോ അനന്താ. ആശുപത്രിയിൽ കൊണ്ടുപോയാലോ..

സുധാമ്മ ചോദിച്ചു.. മ്മ്.. അതായിരിക്കും നല്ലത്.. നല്ല ടെംപറേച്വർ ഫീൽ ചെയ്യുന്നുണ്ട്. വെച്ചോണ്ടിരുന്നാൽ ചിലപ്പോ ഫിറ്റ്‌സോ മറ്റോ ആയാലോ.. നല്ല ഷിവറിങ് ഉണ്ട്.. അവൻ പറഞ്ഞു.. ഒരു കാര്യം ചെയ്...അമ്മ കിടന്നോ.. ഞാൻ കൊണ്ടുപോയ്ക്കോളാം ഞാനും വരാം ഏട്ടാ.. അച്ചു പറഞ്ഞു.. മ്മ്... അവൻ അതും പിറഞ്ഞവളെ വാരിയെടുത്തു..അവന്റെ ചൂടിലേയ്ക്ക് അവളൊന്ന് പതുങ്ങി..നീയാ ഷീറ്റ് കൂടെ എടുത്തോ അച്ചൂ.. അവൻ പറഞ്ഞു.. കാറിൽ കയറ്റി തന്നെ പുതപ്പിച്ചു കിടത്തുന്ന അനന്തന്റെ രൂപം മാളു കാണുന്നുണ്ടായിരുന്നു.. മെല്ലെ..മെല്ലെയവളുടെ കണ്ണുകൾ അടഞ്ഞു പോയി.. ********* കണ്ണ് തുറക്കുമ്പോൾ മാളുവിന് നല്ല തലവേദന തോന്നുന്നുണ്ടായിരുന്നു.. അവൾ ചുറ്റും നോക്കി.. ആശുപത്രിയാണ്... ബൈസ്റ്റാന്ഡേഴ്‌സ് ബെഡിൽ തന്നെ നോക്കിയിരിക്കുന്ന അനന്തനെ കണ്ടതും അവൾ ഭയത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു..

അപ്പോഴാണ് അവന്റെ മടിയിൽ ശാന്തമായി കിടന്നുറങ്ങുന്ന അച്ചുവിനെ അവൾ കണ്ടത്.. അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടും അനന്തൻ അനങ്ങിയില്ല.. അവൾ മെല്ലെ എഴുന്നേറ്റിരുന്നു.. നേരം പുലർന്നിട്ടില്ല എന്നത് വ്യക്തം. കയ്യിൽ ഡ്രിപ്പ് കയറുന്നുണ്ട്.. ക്ഷീണം കൊണ്ട് വീണ്ടും ഉറക്കം വരുന്നുണ്ട്.. അവൾ അനന്തനെ നോക്കി.. അവൻ ഇവിടെയെങ്ങുമല്ല എന്നു തോന്നി.. എങ്കിലും അവന്റെ കൈകൾ അച്ചുവിന്റെ മുടിയിൽ മെല്ലെ തലോടുന്നുണ്ട്.. ദേവേട്ടനെയാണ് അവൾക്ക് ഓർമ്മവന്നത്.. അവളുടെ കണ്ണു നിറഞ്ഞു.. എന്തിഷ്ടമായിരുന്നു തന്നെ.. കല്യാണം കഴിച്ചു ചെറിയമ്മ വന്നപ്പോ കൂടെ വന്നൊരു ചെക്കൻ.. ആദ്യമൊക്കെ മടിയായിരുന്നു കൂടെ കൂടാൻ.. പിന്നെ അച്ഛൻ ഒരീസം വിളിച്ചു നിർത്തി പറഞ്ഞു ഏട്ടനാണെന്ന്.. സത്യത്തിൽ നിനച്ചിരിക്കാതെ കിട്ടിയ കൂടെപ്പിറപ്പ്.. എന്തൊരു സ്നേഹമായിരുന്നു തന്നോട്. എന്ത് കരുതലായിരുന്നു.. അമ്മു ജനിച്ച് കഴിഞ്ഞപ്പോൾ കരുതി സ്നേഹം കുറയുമെന്ന്.. പക്ഷെ കുഞ്ഞമ്മു ചെറുങ്ങനെ തന്നെ ഉപദ്രവിക്കുമ്പോ പോലും ആ കൈ പിടിച്ചു അവനിലേക്ക് ആ ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയിരുന്നവനാണ്..

പല്ല് വന്ന സമയം അമ്മു തന്നെ കടിച്ചു കൈ മുറിച്ചപ്പോൾ രാത്രി മൊത്തം ഉറങ്ങാതെ തനിക്ക് കാവലിരുന്നവനാണ്. പിന്നെപ്പോഴാണ് ദേവേട്ടനു താൻ അന്യയായത്.. എപ്പോഴാണ് ഏട്ടൻ തന്നെ വെറുത്തു തുടങ്ങിയത്.. അറിയില്ല.. പ്ലസ് 2വിൽ പഠിക്കുമ്പോഴാണ് ഒരീസം മദ്യപിച്ചതിനെ ചൊല്ലി അച്ഛൻ ഏട്ടനെ ശകാരിച്ചത്.. അന്ന് അച്ഛനോട് കയർത്തു സംസാരിച്ചതിന് അച്ഛൻ രണ്ടടി നൽകി.. ആ ദേഷ്യത്തിന് അച്ഛനെ പിടിച്ചു തള്ളിയത് കണ്ട് വന്ന തനിക്ക് സഹിച്ചില്ല.. അതിന് ചൂടായ തന്നെ മുടിക്ക് കുത്തിപ്പിടിച്ചു ഭിത്തിയോട് ചേർത്തുവെച്ചു നടുവിന് ഇടിച്ചത് ഇന്നുമോർക്കുന്നു..ഭ്രാന്തമായ ഒരു ഭാവമായിരുന്നു അന്ന് ദേവനെന്ന് അവളോർത്തു.. കണ്ടു വന്ന ചെറിയമ്മ അന്നൊരുപാട് തള്ളി ഏട്ടനെ..

തടയാൻ ചെന്ന തനിക്കും കിട്ടി... പക്ഷെ എന്നിട്ടും ഏട്ടൻ കരഞ്ഞില്ല.. പിന്നീട് സ്ഥിരം മദ്യപാനിയായി മാറി. അച്ഛനോടും തന്നോടും വെറുപ്പായി.. ചിലപ്പോഴൊക്കെ ദേവേട്ടൻ അച്ഛനെ പേര് വിളിക്കാൻ തുടങ്ങി. ആദ്യമായി ദേവേട്ടൻ അച്ഛന്റെ പേര് വിളിച്ചു ചീത്ത പറഞ്ഞ ദിവസമാണ് അച്ഛൻ ആദ്യമായി കരയുന്നത് താൻ കണ്ടതെന്ന് അവളോർത്തു.. ഒടുവിൽ അച്ഛൻ വീണപ്പോഴും പ്രതീക്ഷിച്ചു ഒരു തണൽ.. പക്ഷെ അന്ന് ചെറിയമ്മയുടെ കെട്ടുതാലി കൊണ്ടു വിറ്റ് കൂട്ടുകാർക്ക് ദേവേട്ടൻ പാർട്ടി നടത്തി എന്നറിഞ്ഞപ്പോൾ തകർന്നുപോയി.. മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... കരഞ്ഞു കരഞ്ഞു ചുമ തുടങ്ങി.. ചുമ കേട്ടാണ് അനന്തൻ അവളെ നോക്കിയത്. വാശിയോടെ കണ്ണു തുടച്ചു പൊട്ടിക്കരയുന്നവളെ കാണേ കുറച്ചുമുൻപവൾ പറഞ്ഞ വാക്കുകൾ അവന്റെ ഹൃദയം ഭേദിച്ചു കടന്നുപോയി..

ഗതികേട് കൊണ്ട് തനിക്ക് മുൻപിൽ താലികെട്ടാൻ നിന്നുതന്നവൾ... വീണ്ടും വീണ്ടും അവൾ ചുമക്കുന്നത് കേട്ടതും അവൻ ശ്രദ്ധയോടെ അച്ചുവിനെ കട്ടിലിൽ കിടത്തി എഴുന്നേറ്റു പോയി മിനറൽ വാട്ടറിന്റെ കുപ്പി തുറന്ന് അവൾക്ക് നൽകി.. അവൾ എഴുന്നേറ്റിരുന്ന് അത് കുടിച്ചു.. അപ്പോഴേയ്ക്കും അവളുടെ മുഖം ചുവന്നിരുന്നു.. അവനൊന്നവളെ നോക്കി.. ശേഷം പുറത്തേയ്ക്ക് പോയി.. അൽപ്പം കഴിഞ്ഞതും ഡ്യൂട്ടി ഡോക്ടർ വന്നവളെ നോക്കി.. ശേഷം ഏതോ നേഴ്‌സ് ഒരു ഇഞ്ചക്ഷൻ കൂടി നൽകി.. മെല്ലെ മാളു ഉറക്കത്തിലേക്ക് വീണു പോകുന്നുണ്ടായിരുന്നു.. അപ്പോഴും അവളുടെ കാതിൽ നിറയെ അഞ്ജുവിന്റെ ശബ്ദമായിരുന്നു..ആ വാക്കുകളായിരുന്നു.. അനന്തനെന്ന ക്രൂരനായ കൊലയാളിയുടെ രൂപമായിരുന്നു...............തുടരും………

പ്രിയം : ഭാഗം 9

Share this story