പ്രിയം: ഭാഗം 9

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൾക്കൊരു നല്ല ജീവിതമുണ്ടാകാൻ നെഞ്ചുപൊട്ടി ആ അമ്മ അപ്പോഴും ദൈവങ്ങളെ വിളിക്കുന്നുണ്ടായിരുന്നു.. പെറ്റമ്മയോളം കരുതലും സ്നേഹവുമുള്ള ആ പൊറ്റമ്മയുടെ പ്രാർത്ഥന.. അച്ചുവിന്റെ തോളിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മാളുവിന്റെ മനസ്സപ്പോഴും വിങ്ങുകയായിരുന്നു..അത്യധികം നീറ്റലോടെ.. തന്റെ ഭാവിയെന്തെന്നറിയതെ..കഴുത്തിൽ കിടക്കുന്ന താലി മനസ്സുകൊണ്ടൊന്ന് അംഗീകരിക്കാൻ പോലുമാകാതെ.. പഴയ മാതൃകയിലുള്ള ഒരു ഇരുനില വീടിനു മുൻപിൽ വന്ന് കാർ നിന്നു.. വാ ചേച്ചി.. അച്ചു പറഞ്ഞു.. മാളു പുറത്തേയ്ക്കിറങ്ങി.. സാമാന്യം നല്ല വലിപ്പമുള്ള വീട്.. പഴയ മാതൃകയിൽ ചെങ്കല്ല് കൊണ്ട് കെട്ടിയ ഒരാൾ പൊക്കമുള്ള മതിൽകെട്ടിനുള്ളിൽ പ്രൗഢിയോടെ നിൽക്കുന്ന പഴയ വീട്..

രണ്ടു ഗേറ്റ് ഉണ്ട്. ഒന്ന് പഠിപ്പുര.. അത് പൂർണ്ണമായും തടികൊണ്ട് നിർമ്മിച്ചതാണ്.. പിന്നെ വലിയ വണ്ടികൾ കയറി വരാൻ പാകമുള്ള വലിയ ഗേറ്റ്.. പറമ്പിന്റെ ഒരു കോണിലായി ചെറിയൊരു വീടുണ്ട്.. വാർത്ത കെട്ടിടം..മുറ്റം ഭംഗിയായി കെട്ടിത്തിരിച്ചിട്ടുണ്ട്.. കുറച്ചു ഭാഗം പുല്ല് വളർത്തി ബാക്കി ഉള്ളിടം ചെടികൾ വെച്ചിട്ടുണ്ട്. ബഡ് മാവും സപ്പോർട്ടയും വീടിനോട് ചേർന്നു നിൽക്കുമ്പോൾ മതിൽകെട്ടിനോട് ചേർന്ന് വലിയ ഒരു മാവും പേരയും ചാമ്പയും നിൽപ്പുണ്ട്.. ചേച്ചി വാ.. അച്ചു പറഞ്ഞു.. മാളു സാരി ഒതുക്കിപിടിച്ചു നടന്നു.. തന്റെ വലത് വശത്തായിനിൽക്കുന്നവനെ കാണേ അത്ര നേരം മനസ്സിലുണ്ടായിരുന്ന ചിന്തകൾ ആവിയായി പോയി..

പകരം അഞ്ചിതയുടെ വാക്കുകൾ കാതിൽ നിറഞ്ഞു.. സുധാമ്മയും പ്രായമായ മറ്റുചിലരും വാതിൽക്കലേയ്ക്ക് വന്നു.. ആരതിയുഴിഞ്ഞ് അവളുടെ നെറ്റിയിൽ കുങ്കുമം തൊട്ടു കൊടുത്തു.. ശേഷം അനന്തന്റെ നെറ്റിയിലും. വലത് കാലുവെച്ചു കയറി വാ മോളെ.. അഞ്ചു തിരിയിട്ട് കൊളുത്തിയ നിലവിളക്ക് അവൾക്ക് നൽകി സുധാമ്മ പറഞ്ഞു.. അവൾ വിറവലോടെ വിളക്ക് വാങ്ങി.. വലതുകാൽ വെച്ചു കയറി അടുത്ത പടിയിലേയ്ക്ക് കയറിയതും സാരിതുമ്പിൽ തട്ടി അവളൊന്ന് മുൻപോട്ടാഞ്ഞു.. അപ്പോഴേയ്ക്കും അനന്തൻ അവളുടെ കയ്യിൽ പിടിച്ചു.. ദേവീ.. മോളെ സൂക്ഷിച്ച്.. സുധാമ്മ പറഞ്ഞു.. അപ്പോഴേയ്ക്കും അനന്തൻ അവളുടെ സാരി പിടിച്ചു കൊടുത്തു.. അവൾ ഞെട്ടി അവനെ നോക്കി. അച്ചു അപ്പോഴേയ്ക്കും അവളെ പിടിച്ചിരുന്നു.. വാ ഏട്ടത്തി. അവൾ പറഞ്ഞു.. സുധാമ്മയുടെയും ചന്ദ്രശേഖരന്റെയും ചുണ്ടിൽ ഹൃദ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു..

പൂജാമുറിയുടെ തട്ടിൽ വിളക്ക് വെച്ചവൾ അനന്തനരികിലായി തൊഴുതു നിന്നു.. ഒന്നും പ്രാർത്ഥിക്കുവാനുണ്ടായിരുന്നില്ല അവൾക്ക്.. മനസ്സ് നീറി പുകയുന്നു.. എവിടേക്കാണ് കൃഷ്ണാ എന്റെ ജീവിതം കൊണ്ടുപോകുന്നത്.. അത്ര മാത്രം അവൾ മനസ്സിൽ ചോദിച്ചു.. ഇങ്ങനൊരു ദാരിദ്ര്യം പിടിച്ച പെങ്കൊച്ചിനെയെ കിട്ടിയുള്ളോ സുധേ നമ്മുടെ കൊച്ചന്.. ആ ചോദ്യം കേട്ട് കൊണ്ടാണ് അവൾ തിരിച്ചു വന്നത്.. അവളുടെ മനസ്സ് വിങ്ങി.. ദാരിദ്ര്യം എന്നത് അത്ര മോശം കാര്യമൊന്നും അല്ലല്ലോ സീമേ.. ആ കുട്ടിയെ എനിക്കും ചന്ദ്രേട്ടനും ഇഷ്ടമായി.. അനന്തനും.. നല്ല കുട്ടി.. നല്ല സ്വഭാവം.. പിന്നെന്ത് വേണം.. ഏതായാലും ജീവിക്കാനുള്ള വക ഈ കുടുംബത്തുണ്ട്..അതില്ലേലും ജോലിക്ക് പോയി കുടുംബം നടത്തിയിരുന്ന കൊച്ചാ അത്.. അതുകൊണ്ട് വെറുതെ ഓരോന്ന് പറയേണ്ട . സുധാമ്മ പറഞ്ഞു.. എന്നാലും അതിന്റെ കാതിലും കഴുത്തിലും ഒന്നുമല്ലല്ലോ നാത്തൂനെ...

കെട്ടിന് മുന്നേ കുറച്ചു സ്വർണ്ണം കൊണ്ടവിടെ കൊടുത്താലും മതിയായിരുന്നു.. അതിന്റെ ആവശ്യമെന്താ.. കല്യാണം കഴിക്കുമ്പോൾ കാതിലും കഴുത്തിലും സ്വർണ്ണം വേണമെന്ന് നിയമമൊന്നും ഇല്ലല്ലോ.. അതുമല്ല ഞാൻ വിലയ്ക്കെടുക്കുകയൊന്നുമല്ല അതിനെ. അവർക്കും അഭിമാനമുണ്ട്.. അങ്ങോട്ട് കാശും പണവും കൊടുത്തു വാങ്ങാനൊന്നും ഞാനില്ല.. അതിനുള്ളത് മതി.. അതെന്തായാലും.. സുധ അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് അവളെ കണ്ടത്.. ഹാ മോള് വന്നോ..അച്ചൂ.. ഇങ്ങു വാ.. അച്ചു അവിടേയ്ക്ക് വന്നു.. മോൾക്ക് ഞങ്ങളെ ഒന്നും മനസ്സിലായി കാണില്ലല്ലോ.. ഇയാളെ അറിയാല്ലോ..അനന്തന്റെ അമ്മ.. പേര് സുധർമ്മ..പിന്നെ ഞാൻ അവന്റെ അച്ഛൻ.. ചദ്രശേഖരൻ.. ഇത് അച്ചു.. അർച്ചന..

ഞങ്ങളുടെ ഒരേയൊരു പെൺതരി.. അച്ചു ചിരിയോടെ അവളുടെ കൈപിടിച്ചു.. പിന്നെ ഞങ്ങളുടെ മൂത്ത സന്താനം ആര്യൻ. അവൻ കൽക്കട്ടയിലാണ്. അവന്റെ ഭാര്യ സിത്താരയും.. അത് ഇയാളുടെ മൂത്ത ഏട്ടന്റെ മോളാട്ടോ.. മാളു ചിരിക്കാൻ ശ്രമിച്ചു.. പിന്നെ ഇത് ഇയാളുടെ ഇളയ ഏട്ടന്റെ ഭാര്യ. സീത.. ഇത് സീതയുടെ മോള് കൃഷ്ണപ്രിയ... പ്രിയ പുച്ഛത്തോടെ ചിരിച്ചു.. ഇത് സീമ.. എന്റെ ചേച്ചിയുടെ മോളാണ്..പിന്നെ ഇത് മിനി.. ഇവിടുത്തെ ഓൾ ഇൻ ഓൾ എന്നു പറയാം.. അപ്പുവും അതേ. എല്ലാവരെയും അയാൾ പരിചയപ്പെടുത്തി..അവളൊന്ന് ബദ്ധപ്പെട്ട് പുഞ്ചിരിച്ചു.. അച്ചൂ.. മാളൂന് മുറി കാണിച്ചു കൊടുക്കൂട്ടൊ.. സുധാമ്മ പറഞ്ഞു.. വാ ഏട്ടത്തി..

അവൾ മാളുവിനെയും വിളിച്ചു മുകളിലേക്ക് നടന്നു.. അനന്തൻ എവിടെ ചന്ദ്രേട്ടാ.. സുധ ചോദിച്ചു.. പുറത്തു നിന്നാരെയോ വിളിക്കുവാ.. ആര്യൻ കുഞ്ഞാണെന്ന് തോന്നുന്നു.. മിനി പറഞ്ഞു... മ്മ്.. സുധാമ്മ മൂളി.. പാവം കുട്ടിയാ അല്ലെ മിനി.. അതേ സുധാമ്മേ.. കണ്ടാലേ അറിയാം.. മിനി പുഞ്ചിരിച്ചു.. നിനക്ക് കവടി നിരത്തലായിരുന്നോ ജോലി. മുഖലക്ഷണം പറയാൻ.. സീത പറഞ്ഞു.. എന്തിനാ നാത്തൂനെ ചൂടാകുന്നത്.. അവൾ ഞാൻ ചോദിച്ചതിന്റെ മറുപടിയല്ലേ പറഞ്ഞത്.. മ്മ്.. സീത ഒന്ന് മൂളി.. നീ വാ പെണ്ണേ.. എനിക്കൊന്ന് കിടക്കണം.. അതും പറഞ്ഞു പ്രിയയെയും വിളിച്ചവർ അകത്തേയ്ക്ക് നടന്നു.. എന്ത് സ്വഭാവമാ ഇത്.. സുധാമ്മയുടെ ചോദ്യത്തിന് ചദ്രശേഖർ ചിരിച്ചു.. ആ ചിരി കണ്ടതും സുധാമ്മയും പുഞ്ചിരിച്ചു.. എന്നാലും എന്റീശ്വരന്മാരെ എന്റെ വിളി നീ കേട്ടല്ലോ..ഇനിയെങ്കിലും എന്റെ കുഞ്ഞിന്റെ ജീവിതം നന്നാവണെ..

സുധാമ്മ മനസ്സുരുകി പ്രാർത്ഥിച്ചു.. അത് കേട്ട് ചിരിയോടെ നിന്ന ആ അച്ഛനും മിനിയ്ക്കും അപ്പേട്ടനും ഒക്കെ ആ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.. ******* എങ്ങനുണ്ട് റൂം.. ഏട്ടത്തിയ്ക്ക് ഇഷ്ടായോ.. അച്ചു ചോദിച്ചു.. മാളു കഷ്ടപ്പെട്ട് ഒന്നു പുഞ്ചിരിച്ചു.. മാളുവാ മുറി വിശദമായി നോക്കി.. സാമാന്യം നല്ല വലിപ്പമുള്ള മുറി.. പുറത്തേയ്ക്ക് തുറക്കാൻ പാകത്തിനുള്ള രണ്ടു ജനാലകൾ.. ഒരു ഭിത്തിയിൽ കബോർഡ് ആണ്.. അതിന്റെ ഏറ്റവും ഒടുവിലത്തെ കള്ളിയിൽ നിറയെ ബുക്കുകളും.. നല്ല വലിപ്പമുള്ള ഒരു മേശയുണ്ട് മുറിയിൽ.. അതിലും ബുക്കുകൾ അടുക്കി വെച്ചിട്ടുണ്ട്.. അത്ര വലിയ കട്ടിലും മേശയും കസേരയും ഒക്കെ കിടന്നിട്ടും ഒരു വലിയ കട്ടിൽ കൂടെയിടാനുള്ള സ്ഥലം ആ മുറിയ്ക്കുണ്ട്.. ഇത് ബാത്റൂം.. അച്ചു ബാത്റൂം തുറന്നു കാണിച്ചു.. ഏട്ടന് ബുക്ക്‌സ് ഒത്തിരി ഇഷ്ടമാണ്.. ഒരുപാട് വായിക്കും.. പിന്നെ ഹി എസ് എ വെരി ഗുഡ് സിംഗർ..

അസ്സലായി പാടും.. പണ്ട് കർണാട്ടിക്ക്‌ ഒക്കെ പഠിച്ചിട്ടുണ്ട്.. ഈ മുറി പണ്ട് നല്ല വൃത്തിയ്ക്ക് കിടന്നിരുന്നതാ.. ഇപ്പൊ തൂക്കാനും തുടയ്ക്കാനും ഒന്നും ആരെയും ഇങ്ങോട്ട് അടുപ്പിക്കില്ല. ഈ ബുക്ക്‌സ് ഒന്നും എടുക്കേണ്ടാട്ടോ.. പൊടിയായിരിക്കും.. ഇന്നലെ ഞാനും മിനിച്ചേച്ചിയും കുറെ ഗുസ്തി പിടിച്ചിട്ടാ ഇവിടമൊക്കെ വൃത്തിയാക്കി തുടച്ചിട്ടത്.. എന്നിട്ടും ഷെൽഫിൽ തൊടീച്ചില്ല..സാധാരണ ഇതൊക്കെ ഏട്ടൻ തന്നെയാ ചെയ്യ.. മാളു അവളെ കേട്ടു നിന്നു.. ഹാ. ഒരു മിനിറ്റേ. അവൾ പോയി കബോർഡ് തുറന്നു.. ഒരു കവർ എടുത്തു. ഏട്ടത്തിയ്ക്കുള്ള സാരിയാണ്.. എന്റെ സെലകഷൻ ആട്ടോ..നോക്കിയേ . അച്ചു കവർ നൽകി.. മാളു അത് വാങ്ങിതുറന്നു നോക്കി.. കരിം പച്ച നിറത്തിൽ മാമ്പഴ മഞ്ഞ ബോർഡറുള്ള സാരി.. അതിന് ചേരുന്ന ബ്ലൗസും പാവാടയും ഒക്കെയുണ്ട്.. റെഡിമെയ്ഡ് ബ്ലൗസാ. കറക്റ്റ് ആകുമെന്ന് തോന്നുന്നു... ഇഷ്ടായോ.. അവൾ ചോദിച്ചു... മ്മ്..

കുഞ്ഞു കുട്ടികളുടെ നിഷ്കളങ്കതയുടെ തന്നെ നോക്കി നിൽക്കുന്നവളെ കാണേ മാളൂന് അമ്മുവിനെയാണ് ഓര്മവന്നത്.. പിന്നെ ഏട്ടത്തീടെ പെട്ടി ഇവിടെ വെച്ചിട്ടുണ്ടെ.. മേശയുടെ ഒരറ്റത്തായി പെട്ടി വെച്ചിരിക്കുന്നത് മാളു കണ്ടു.. എന്നാൽ ഏട്ടത്തി ഫ്രഷായി വാ.. ഞാൻ ഇവിടെ ഇരിക്കാം.. അച്ചു പറഞ്ഞു.. മ്മ്.. മാളു തലയിലെ പൂ അഴിച്ചു വെച്ചു.. ശേഷം വളകളും മാലയും കമ്മലും ഒക്കെ അഴിച്ചു വെച്ചു.. താലി ഒഴികെ എല്ലാ ആഭരണങ്ങളും മേശയിൽ വെച്ച ശേഷം അവൾ മറ്റുവാനുള്ള വസ്ത്രങ്ങളും എടുത്ത് ബാത്റൂമിലേയ്ക്ക് പോയി.. തിരികെ വന്നപ്പോഴും അച്ചു ഫോണിൽ കളിച്ചുകൊണ്ടവിടെ ഉണ്ടായിരുന്നു.. അവൾ പുഞ്ചിരിയോടെ സാരി ഒന്നുകൂടി അഴിച്ചു ഞൊറിഞ്ഞുടുത്തു.. എന്ത് ഭംഗിയാ ചേച്ചി സാരി ഉടുക്കുന്നത് കാണാൻ.. അച്ചു അവളെ നോക്കിയിരുന്നുകൊണ്ട് പറഞ്ഞു.. തുണിക്കടയിലല്ലേ ജോലി.. അതാ.. മാളു മറുപടി നൽകി..

അവൾ തലയിൽ ചുറ്റിയിരുന്ന തോർത്ത് അഴിച്ചു ചുറ്റും നോക്കി.. വാഷ് റൂമിൽ ഭിത്തിയിൽ സ്റ്റാൻഡ് ഉണ്ട് ഏട്ടത്തി.. അച്ചു പറഞ്ഞതും അവൾ തോർത്ത് കൊണ്ടു വിരിച്ചിട്ടു. ശേഷം മുടിയൊന്ന് വിടർത്തിയിട്ടു.. കൊണ്ടുവന്ന പെട്ടിയിൽ നിന്ന് തന്നെ പൗഡറും കണ്മഷിയും എടുത്തു.. കണ്ണെഴുതി പൊട്ട് തൊട്ട് ഐലൈനറും എഴുതി കുങ്കുമവും തൊട്ടവൾ റെഡിയായി.. അഴിച്ചിട്ട മുടി ഒന്ന് കയ്യാൽ കോതി കുളിപ്പിന്നൽ പിന്നിയിട്ട് വിടർത്തിയിട്ടു.. കുങ്കുമച്ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം തൊട്ടടുത്തു നെറ്റിയിൽ ചാർത്തവേ അവളുടെ പുഞ്ചിരി മാഞ്ഞു പോയിരുന്നു..അവളുടെ കാതിൽ അഞ്ജുവിന്റെ ശബ്ദം നിറഞ്ഞിരുന്നു.. സൂപ്പർ.. അച്ചുവിന്റെ ശബ്ദം..

വാ.. നമുക്ക് പോയി ചായ കുടിക്കാം.. അമ്മ വന്നു വിളിച്ചാരുന്നു.. അച്ചു പറഞ്ഞു.. ഇപ്പൊ എനിക്കൊന്നും വേണ്ട . താഴത്തെ പടയോർത്തിട്ട് ആണെങ്കിൽ വേണ്ട.. ആരും ഇല്ലവിടെ.. കുഞ്ഞമ്മായി കാണും. അവരും മോളും ആ റൂമിലായിരിക്കും.. ബാക്കിയുളകവരെയൊക്കെ അമ്മ പറഞ്ഞുവിട്ടു.. ഏട്ടത്തി വാന്നേ.. അതും പറഞ്ഞച്ചു അവളുമായി താഴേയ്ക്ക് ചെന്നു.. ഹാളിലെ ടിവിയിൽ ന്യൂസ് ഓടുന്നുണ്ട്... ഞങ്ങളുടെ ഗ്രെയ്റ്റ് ഫാദർ ഇവിടെ ഉണ്ടെങ്കിൽ 24×7 ഇവിടെ ന്യൂസ് ചാനൽ ഓടും.. കണ്ടില്ലേ പുന്നാര മോന്റെ കല്യാണ ദിവസം പോലും ഇതിന്റെ മുന്പിലടയിരിക്കുന്നത്.. അച്ചു പറഞ്ഞതും ചന്ദ്രശേഖർ ചിരിച്ചു.. ആ ഇളി കണ്ടോ.. അച്ചൂ... അച്ഛനോട് ഇങ്ങനാണോ പെണ്ണേ സംസാരിക്കുന്നെ.. സുധാമ്മ ഒരു ട്രേയിൽ ചായയും ഉള്ളിവടയുമായി വന്നു ചോദിച്ചു.. എന്റച്ഛനല്ലേ.. അമ്മേടെ അച്ഛനല്ലല്ലോ.. അതും പറഞ്ഞവൾ സോഫയുടെ പിടിയിലിരുന്ന് അയാളുടെ തോളിൽ കയ്യിട്ട് ഇരുന്നു.. കൊച്ചു കുഞ്ഞാണെന്ന വിചാരം.. അടുത്ത കൊല്ലം കോളേജിലെ പഠിത്തം കഴിഞ്ഞാൽ ഞാൻ പിടിച്ചു കെട്ടിച്ചുവിടും നോക്കിക്കോ.. ഓ പിന്നെ..

അതിപ്പോ അമ്മ ഭീഷണിയായി പറഞ്ഞതാണെങ്കിൽ കോമഡി ആയിട്ടുണ്ട്... അമ്മയിന്നിപ്പോ എന്നെ കെട്ടിച്ചാലും ഞാൻ ഹാപ്പി . ബാക്കി സപ്ലി എഴുതണ്ടല്ലോ.. അടി.. സുധാമ്മ ചായ ടീപ്പോയിൽ വെച്ചു അവൾക് നേരെ തമാശയായി കയ്യോങ്ങി.. അവൾ ചിരിച്ചു. ആ സന്തോഷം കാണേ മാളുവിന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.. മോളിതൊന്നും നോക്കേണ്ട. രണ്ട് ആണ്മക്കൾക്ക് ശേഷം ജനിച്ച ഒരേയൊരു പെണ്ണായോണ്ട് കൊഞ്ചിക്കൽ ഇത്തിരി കൂടിപ്പോയി. അതിന്റെ എല്ലാ തോന്ന്യവാസവും കയ്യിലുണ്ട് അവൾക്ക്.. സുധാമ്മ പറഞ്ഞു.. മോള് ഇരിക്ക്..ചായ കുടിക്ക്.. ഡി ചായ കുടിക്ക്.. സുധാമ്മ ചന്ദ്രശേഖറിന് ചായ നൽകി ഒരു കപ്പ് മാളുവിനും നീട്ടി അച്ചുവിനോടായി പറഞ്ഞു.. അവൾ അച്ഛനൊപ്പമിരുന്ന് ചായ കുടിക്കുന്ന അച്ചുവിനെ നോക്കി ആലോചനയോടെ ഇരുന്നു.. വീട്ടിൽ വിളിച്ചോ മോളെ . സുധാമ്മ ചോദിച്ചു.. ഇല്ല.. വിളിക്കണം.. സാധാരണ വൈകീട്ട് മറുപടിക്ക് വരുന്ന ചടങ്ങുണ്ട്..

അതൊന്നും ഉണ്ടാകില്ലെന്ന് ആദ്യമേ സൗദാമിനി പറഞ്ഞിരുന്നു..മോളുടെ അച്ഛനും വയ്യാതെ ഇരിക്കുവല്ലേ.. പിന്നെ അങ്ങോട്ട് ചെല്ലാൻ വീട്ടുകാര് ഇങ്ങോട്ട് വന്ന് വിളിക്കണം എന്നൊന്നുമില്ലല്ലോ.. മോളുടെ വീടല്ലേ... രണ്ടീസം കഴിഞ്ഞാൽ അവിടേയ്ക് അനന്തനെയും കൂട്ടി ചെന്നാൽ മതി.. സുധാമ്മ പറഞ്ഞു.. അപ്പോഴേയ്ക്കും ഫോണുമായി അനന്തനും വന്നു. എല്ലാവരെയും ഒന്ന് നോക്കി അവൻ ചായയും എടുത്ത് മുകളിലേയ്ക്ക് പോയി.. റൂമൊക്കെ കണ്ടോ മോളെ.. മ്മ്.. ഞാനെല്ലാടോം കാണിച്ചു.. അച്ചു പറഞ്ഞു.. അനന്തന്റെ ചേട്ടൻ ആര്യന് ഇങ്ങോട്ട് വരാൻ ലീവ് കിട്ടിയില്ല. അവൻ അവിടുത്തെ ഒരു കോളേജിലെ ലക്ച്വർ ആയി ജോലി ചെയ്യുകയാണ്..സിത്താര മോള് അവിടെ ഇറിഗേഷൻ ഡിപ്പാർട്മെന്റിലാണ്.. രണ്ടാൾക്കും പെട്ടെന്ന് ലീവ് കിട്ടില്ല.. അതാ വരാഞ്ഞത്.. അടുത്ത ആഴ്ചത്തേയ്ക്ക് അവരും വരും.. മ്മ്.. മാളു മൂളി.. മോള് സി എസ് ആയിരുന്നു അല്ലെ..

ചന്ദ്രശേഖർ ചോദിച്ചു.. മ്മ്.. ഏത് സെമസ്റ്റർ വരെ കംപ്ലീറ്റ് ചെയ്തു.. 6.. സെം എക്സാം കഴിഞ്ഞു വന്നപ്പോഴായിരുന്നു അച്ഛന് വയ്യാണ്ടായത്.. മ്മ്. അന്നൊക്കെ എം ജി അല്ലായിരുന്നോ. ഇപ്പൊ എം ജിയ്ക്ക് എൻജിനീയറിങ് ഇല്ല. കെ ടി യു ആയില്ലേ.. സപ്ലി എഴുതാണമെങ്കിലും അറ്റന്റൻസും മറ്റും പ്രശ്നമാക്കില്ലേ.. അതുമല്ല ലാബും ചെയ്യേണ്ടേ.. മ്മ്. ഞാനിടയ്ക്ക് അന്വേഷിച്ചതാണ്.. മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുത്തു യൂണിവേഴ്സിറ്റിയിൽ പോയി കാര്യം പറയാൻ പറഞ്ഞു.. ഇനിയിപ്പോ ഞങ്ങളുടെ കാലാവധി കഴിയാറുമായി.. ഈ വർഷം കൂടിയേ ടൈം ഉള്ളു.. ആ.. അത് നമുക്ക് നോക്കാം.. ഞാനൊന്ന് അന്വേഷിക്കട്ടെ.. എല്ലാ സബ്ജക്റ്റിന്റെയും ട്യൂഷൻ വേണമായിരിക്കുമല്ലോ.. ഞാൻ.. ഞാനത് വിട്ടതാ.. പ്രൊജക്റ്റും സെമിനാറും ഒക്കെ ഉണ്ടായിരുന്ന സമയമാണ്.. അതിന്റെയൊക്കെ സപ്ലി എഴുതാൻ പാടാണ്.. മോള് വിഷമിക്കേണ്ട.. ഞാനൊന്ന് നോക്കട്ടെ. അതല്ലെങ്കിൽ ബി സി എയ്ക്കോ മറ്റോ ഫ്രഷ് അഡ്മിഷൻ എടുക്കാം നമുക്ക്.. രണ്ടു വർഷം കൂടെ എടുക്കുമെന്നേയുള്ളൂ.. ബി ടെക്ക് തന്നെ വേണമെങ്കിൽ അതും നോക്കാം..

അതല്ലെങ്കിൽ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ എടുത്ത് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്ത് അണ്ണാ യൂണിവേഴ്സിറ്റിയിലോ മറ്റോ ഫൈനൽ ഇയർ ചെയ്യാം. എന്തായാലും മോള് ഇപ്പൊ അതോർത്ത് ടെൻഷൻ ആകേണ്ട കേട്ടോ.. ചന്ദ്രശേഖർ പറഞ്ഞു.. മാളുവിന് അത്ഭുതം തോന്നി.. താൻ ഏറ്റവും സന്തോഷിക്കേണ്ട വാക്കുകളാണ് ഇവയൊക്കെ.. എന്നിട്ടും ഒരു തരിമ്പ് പോലും സന്തോഷം തോന്നുന്നില്ല. ഈ രാത്രി താൻ കഴിയേണ്ടത് മേലേപ്പാട്ടെ അനന്തനോപ്പമാണെന്ന ചിന്ത പോലും അവളെ തളർത്തുന്നുണ്ടായിരുന്നു.. നീയെങ്ങോട്ടാ അനന്താ.. ഒരുങ്ങിയിറങ്ങി വരുന്നത് കണ്ട് സുധാമ്മ ചോദിച്ചു.. ഞാനൊന്ന് പുറത്തിറങ്ങിയിട്ട് വരാം.. അതും പറഞ്ഞു മറ്റാരെയും കേൾക്കാൻ നിൽക്കാതെ അവൻ പുറത്തേയ്ക്ക് പോയി.. മോള് വിഷമിക്കേണ്ട.. അവൻ ഇത്രേം നാളും ഇങ്ങനെയായിരുന്നു.. അതാ.. അതൊക്കെ മാറ്റിയെടുക്കാം കേട്ടോ.. അച്ഛനാണ്.. എന്തിന് എന്നവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു..

അയാൾ പുറത്തേയ്ക്ക് പോയതിൽ അവൾക്ക് അത്രമേൽ ആശ്വാസമായിരുന്നു.. എന്നാൽ അടുത്ത നിമിഷം വീണ്ടും ഭയം അവളിൽ പിടിമുറുക്കി.. മദ്യപിക്കുവാൻ പോയതാകുമോ.. . അഞ്ജിതയുടെ വാക്കുകൾ വീണ്ടും ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങി.. ********* ചെറിയമ്മേ.. മാളുവിന്റെ ശബ്ദം ഇടറിയിരുന്നു.. അവൾക്ക് വല്ലാതെ സങ്കടം തോന്നുന്നുണ്ടായിരുന്നു.. എന്താ മോളെ. എന്താ നിന്റെ സ്വരമൊക്കെ വല്ലാതെ.. സൗദാമിനി ആധിയോടെ ചോദിച്ചു.. ഒന്നുമില്ല ചെറിയമ്മേ.. എനിക്ക് നിങ്ങളെയൊക്കെ കാണാൻ തോന്നുവാ.. അവൾ കണ്ണുനീരൊപ്പി.. അവർക്ക് അൽപ്പം ആശ്വാസമായി.. അതൊക്കെ എല്ലാ പെണ്കുട്ട്യോളും കല്യാണം കഴിഞ്ഞു പോകുമ്പോ തോന്നണ സങ്കടമാ.. സാരോല്യാട്ടോ.. അവർ വാത്സല്യത്തോടെ ആശ്വസിപ്പിച്ചു.. നീയങ്ങനെ വിളിച്ചു കരയുമ്പോ നെഞ്ചിലൊരു ആളലാ.. അവരുടെ വാക്ക് കേട്ടതും ഉള്ളിലുള്ള സങ്കടം തികട്ടി വരും പോലെ മാളുവിനു തോന്നി.. അവൾ പക്ഷെ മൗനം പാലിച്ചു.. എങ്ങനുണ്ട് മോളെ അവിടുള്ളോര്.. കുഴപ്പോന്നൂല്യ ചെറിയമ്മേ.. ഇവിടുത്തെ അമ്മയ്ക്കൊക്കെ വല്യ കാര്യാ..

പിന്നെ അച്ഛനും പാവാ.. പിന്നെ അനന്തേട്ടന്റെ പെങ്ങള് നമ്മുടെ അമ്മൂനെ പോലാ.. എന്റെ വാല് പോലെ കൂടെയുണ്ട്.. മാളു പറഞ്ഞു.. അനന്തനോ... സൗദാമിനിയ്ക്ക് അതറിയാനായിരുന്നു വെപ്രാളം... കുഴപ്പമൊന്നുമില്ല ചെറിയമ്മേ.. വല്യ കാര്യാ ന്നെ.. ഗൃഹപ്രവേശത്തിന് ഞാൻ വീഴാൻ പോയി . അപ്പൊ സാരിയൊക്കെ പിടിച്ചു തന്നാ ഇങ്ങട് കേറ്റിയത്.. അവൾ പറഞ്ഞതും അവർക്ക് പാതി ജീവൻ കിട്ടിയതു പോലെയായി.. കഴിയില്ല ചെറിയമ്മേ.. നിങ്ങളുടെയൊക്കെ മനസ്സ് നോവിക്കാൻ വയ്യ.. അതോണ്ട് മാത്രം അറിഞ്ഞ സത്യങ്ങൾ മാളുവിന്റെ നെഞ്ചിലിരിക്കട്ടെ.. സഹിക്കാൻ കഴിയണില്യാച്ചാ മാത്രം പറയാം ഞാൻ.. അവൾ മനസ്സിൽ പറഞ്ഞു.. ദേവേട്ടൻ.. വിഷയം മാറ്റാൻ എന്നോണം അവൾ ചോദിച്ചു.. ഹാ.. എത്തീട്ടുണ്ട്.. നാലു കാലിൽ.. ഇവിടെ കിടന്ന് കുറെ ബഹളം വെച്ചു. വാ കഴച്ചപ്പോ നിർത്തി.. അത്രതന്നെ.. ആ തിണ്ണമേൽ കിടപ്പുണ്ട്..

അച്ഛനോ.. സങ്കടാണോ അച്ഛന്.. മ്മ്.. അത് പിന്നെ കാണാണ്ടിരിക്കുമോ.. പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാർക്കും ഒരു ദിവസം ഈ വേദന പറഞ്ഞിട്ടുള്ളതല്ലേ... അമ്മു എന്തിയെ.. ഇവിടുണ്ട്..വൈകുന്നേരം വരെ അവളുടെ മൂന്നാല് കൂട്ടുകാരികൾ ഉണ്ടായിരുന്നു.. ഇപ്പൊ ചേച്ചിയെ കാണണം എന്നൊക്കെ പറഞ്ഞിരിപ്പുണ്ട്.. മാളുവിന്റെ കണ്ണൊന്ന് നിറഞ്ഞു.. ഹാ.. നീയെന്നാൽ വെച്ചോ മോളെ.. ചെന്ന ദിവസം തന്നെ മുറിയിൽ ചടഞ്ഞിരുന്നാൽ ഓരോരുത്തരും ഓരോന്ന് പറയും.. മ്മ്.. സങ്കടപ്പെടേണ്ട.. അവിടെ എന്റെ കുട്ടിക്ക് ഒരു കുറവും വരുത്തില്ല എന്നുറപ്പ് പറഞ്ഞിട്ടുണ്ട്.. മ്മ്.. മാളുവിന്റെ സങ്കടം അധികരിച്ചു.. മോളെന്നാൽ വെച്ചോ.. അച്ഛന് കഞ്ഞി കൊടുക്കട്ടെ.. അതും പറഞ്ഞു നിറകണ്ണുകളോടെ സൗദാമിനി വെച്ചു.. മാളുവിനും വല്ലാത്ത സങ്കടമായി..വീടും അമ്മുവും ചെറിയമ്മയും അച്ഛനും ദേവേട്ടനും ഒക്കെ മനസ്സിൽ നിറഞ്ഞു..

ഇടയ്ക്കിടെയുള്ള ചെറു പൊട്ടിത്തെറികൾ ഒഴിച്ചാൽ മനോഹരമായ തന്റെ കൊച്ചു ലോകം.. ആഹാ.. ഇവിടിരുന്ന് ദിവാസ്വപ്നം കാണുവാണോ ഏട്ടത്തി.. അച്ചുവാണ്.. അവളോടി വന്ന് മളുവിനരികിലിരുന്നു.. ഈ ഏട്ടത്തി വിളി കുറച്ചൂടെ ഫ്രണ്ട്ലി ആക്കം.. മാളുവേച്ചി.. അത് മതി.. സുഖം അതാ.. അവൾ മാളുവിന്റെ മുടി ഒന്നുകൂടി വിടർത്തിയിട്ടു പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. യ്യോ.. ഞാൻ മറന്നു.. അമ്മയെന്നെ മാളുവേച്ചിയെ വിളിക്കാൻ വിട്ടതാ.. അവിടെ കഴിക്കാനിരുന്നു എല്ലാരും... മാളു എഴുന്നേറ്റു.. എനിക്ക് വിശപ്പില്ല മോളെ.. അയ്യേ.. ഫസ്റ്റ് നൈറ്റിൽ പട്ടിണി കിടക്കുന്ന നായികമാരൊക്കെ സിനിമേലെ കാണൂ.. അല്ല അത് പറഞ്ഞപ്പോഴാ ഓർത്തെ.. ലൈഫിൽ ഫുഡ് മസ്റ്റാ.. ആ അത് നേരാ.. അഞ്ചാറ് ഫസ്റ്റ് നൈറ്റ് കഴിഞ്ഞ എക്സ്പീരിയൻസ് ഉള്ള ആളാണ് അവള്.. അപ്പോഴേയ്ക്കും സുധാമ്മ അകത്തേയ്ക്ക് വന്നു..

അയ്യോ മാതാശ്രീ ഈ വയ്യാത്ത കാലും വെച്ചു ഇങ്ങോട്ട് എനിക്കിട്ട് താങ്ങാൻ വന്നതാണോ.. അച്ചു അവരെ നോക്കി.. ഡി.. അനന്തനും അച്ഛനും ഒക്കെ ഇരുന്നു.. നീയങ്ങോട്ട് ചെല്ലു.. വാ മോളെ.. സുധാമ്മ മാളുവിന്റെ കൈപിടിച്ചു.. വിശക്കുന്നില്ല അമ്മേ.. അതൊന്നും പറഞ്ഞാൽ പറ്റില്ല..അത്താഴ പട്ടിണി കിടക്കരുത്.. അതും നല്ലോരു ദിവസവുമായിട്ട്.. വാ.. അവർ നിർബന്ധപൂർവ്വം അവളെ വിളിച്ചുകൊണ്ട് വന്നു.. അപ്പോഴേയ്ക്കും അച്ചുവും ഒരു ചെയറിൽ ഇരുന്നിരുന്നു.. അനന്തൻ അവൾക്ക് ചോറ് വിളമ്പി നല്കുന്നുണ്ടായിരുന്നു.. മോളിരിക്ക്.. അല്ല ഞാൻ പിന്നെ ഇരിക്കാം.. ഇപ്പൊ വിളമ്പാം.. ഓ പിന്നെ.. അതിന്റെ ആവശ്യമൊന്നുമില്ല.. ഇവിടെല്ലാരും തന്നെ വിളമ്പി കഴിച്ചോളും..മാളുചേച്ചി ഇരിക്ക്.. അച്ചു പറഞ്ഞുകൊണ്ട് മീൻ വറുത്തത് രണ്ടുകഷ്ണം എടുത്തു പ്ലേറ്റിലേയ്ക്ക് വെച്ചു.. നിന്റെ ഡയറ്റ് കഴിഞ്ഞോ.. ചന്ദ്രശേഖർ ചോദിച്ചു.. ആ.. എന്റെ ചേട്ടന്റെ കല്യാണ ഡെയ്റ്റിൽ ഡയറ്റ് ഇല്ല.. അതും പറഞ്ഞവൾ ചിക്കൻ കറി കൂടി വിളമ്പി.. എല്ലാവരും ചിരിച്ചു.. മോളിരിക്ക്.. അതും പറഞ്ഞവർ നിർബന്ധപൂർവ്വം അവളെ അനന്തനൊപ്പം ഇരുത്തി..

അവർ തന്നെ അവൾക്ക് വിളമ്പി നൽകി.. മാളു ചിക്കിചികഞ്ഞ് ഇരിക്കുന്നത് ശ്രദ്ധിച്ചെങ്കിലും അനന്തൻ അവളെ നോക്കിയതേയില്ല.. അമ്മായി.. അവൾ ചുറ്റും നോക്കി ചോദിച്ചു.. അവരൊക്കെ നേരത്തെ കഴിച്ചെഴുന്നേറ്റു.. അതങ്ങനെയാണ്.. അച്ചു പറഞ്ഞു.. സുധാമ്മയാണ് ഏറ്റവും ആദ്യം കഴിച്ചെഴുന്നേറ്റത്.. അവർക്ക് പിന്നാലെ തന്നെ മാളുവും എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.. മിനി ചേച്ചി.. ഹാ.. അവള് ശ്രീകുട്ടനൊപ്പം പോയി.. മാളു സംശയത്തോടെ നോക്കി.. അവളുടെ ആങ്ങളയാണ്.. അവര് രണ്ടെണ്ണമേയുള്ളൂ.. വീട്ടിൽ. അവർ പാത്രം കഴുകിക്കൊണ്ട് പറഞ്ഞു... ഞാൻ കഴുകാം.. ഹേയ്.. വൈകുന്നേരം വരെയുള്ളത് അവള് കഴുകി . ഇപ്പൊ കഴിച്ച പാത്രങ്ങൾ അല്ലേയുള്ളൂ.

ഏതായാലും ഇന്ന് മോളൊന്നും ചെയ്യേണ്ട.. അവർ ചിരിച്ചു.. അപ്പൊ ഈ മിനിച്ചേച്ചി കല്യാണം കഴിച്ചില്ലേ.. മ്മ്. പ്രേമമായിരുന്നു.. കൊണ്ടുപിടിച്ച പ്രേമം.. പക്ഷെ വിവാഹത്തിന്റെ മൂന്നാം നാള് ഒരു ആക്സിഡന്റിൽ അവൻ പോയി.. മാളുവിന്റെ മുഖം മങ്ങി.. വിധി.. അതോടെ മിനി ആകെ തകർന്നു.. ഭ്രാന്താശുപത്രിയിൽ ആയിരുന്നു കുറച്ചുനാൾ.. അത് കഴിഞ്ഞപ്പോൾ മുതൽ ശ്രീകുട്ടൻ അവൾക്ക് വേണ്ടിയാണ് ജീവിച്ചത്.. ഇപ്പോഴും ഒരു കല്യാണം പോലും ലാഴിക്കാതെ അവനവളെയും ചേർത്തുപിടിച്ചു ജീവിക്കുന്നു.. സുധാമ്മ നേടുവീർപ്പിട്ടു.. മാളു പുഞ്ചിരിച്ചു.. അപ്പോഴേയ്ക്കും ഒരു ഗ്ലാസ്സിൽ പാല് പകർന്ന് മാളുവിന് നൽകി.. മാളു അവരെ നോക്കി.. നോക്കേണ്ട..

ഇതൊരു ചടങ്ങാണ്.. അവളാ പാല് വാങ്ങി.. മോളെ.. അനന്തൻ ഒരു പാവമാണ്.. അവനെപ്പറ്റി നാട്ടുകാർ ഒരുപാട് പറയുന്നുണ്ട്.. പക്ഷെ എനിക്കറിയുന്ന എന്റെ മകൻ അങ്ങനെയല്ല എന്നെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.. മാളു അവരെ നോക്കി.. കൂടുതൽ പറഞ്ഞു ബോറാക്കുന്നില്ല.. മോള് പൊയ്ക്കോ.. അനന്തനെ അച്ഛൻ പറഞ്ഞങ്ങോട്ട് വിട്ടോളും.. പോയി റെസ്റ്റെടുത്തോ.. അവർ സ്നേഹത്തോടെ പറഞ്ഞു.. പക്ഷെ മാളുവിനെ അപ്പോഴും അടിമുടി വിറയ്ക്കുകയായിരുന്നു.. അനന്തനൊപ്പം ഒരു മുറിയിൽ.. അവളെ ആ ചിന്ത പോലും തളർത്തി.. മോളെ.. സുധാമ്മ വീണ്ടും വിളിച്ചു.. മാളു ഞെട്ടി അവരെ നോക്കി.. എന്താ മോളെ.. എന്തെങ്കിലും പറയാനുണ്ടോ.. ഇല്ലമ്മേ.. ഞാൻ..

ഞാനെന്തോ.. എന്നാൽ മോള് പോയി കിടന്നോ.. അവർ പറഞ്ഞു.. അവൾ പാലുമായി തിരിഞ്ഞു നടന്നു.. ഹാപ്പി ഫസ്റ്റ് നൈറ്റ് ഏട്ടത്തി.. അച്ചു കണ്ണിറുക്കി കാട്ടിക്കൊണ്ട് പറഞ്ഞു.. മാളുവിന് ചിരി വന്നില്ല.. ഒരല്പം പോലും നാണം തോന്നിയില്ല.. പകരം ആ മനസ്സിൽ എന്തൊക്കെയോ ആധികളായിരുന്നു.. വ്യാകുലതകളായിരുന്നു... അനന്തനോടുള്ള അടങ്ങാത്ത ഭയമായിരുന്നു.. ഈ രാത്രി തന്നെ കാത്തിരിക്കുന്നതെന്തെന്നറിയതെ ആ പടികൾ കയറുമ്പോഴും മനസ്സിൽ നിറയെ അഞ്ജിതയുടെ ശബ്ദമായിരുന്നു.. ആ വാക്കുകളായിരുന്നു.. ക്രൂരനായ ഒരാണിന്റെ രൂപമായിരുന്നു................തുടരും………

പ്രിയം : ഭാഗം 8

Share this story