പ്രിയം: ഭാഗം 14

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പോകും നേരവും വേണി മാളുവിനെ ഒന്ന് നോക്കി.. അപ്പോഴും ആ മുഖത്തെ ഭാവം അവൾക്ക് മനസ്സിലായിരുന്നില്ല.. എങ്കിലും അഞ്ജുവിന്റെ വാക്കുകൾ അവളെ അത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വേണിയ്ക്ക് മനസ്സിലായിരുന്നു.. അവൾ അനന്തനെ ഒന്നുകൂടി നോക്കി.. അവർ പോകുന്നതും നോക്കി നിൽക്കുമ്പോൾ അനന്തന്റെ ചുണ്ടിൽ അത്രയ്ക്ക് മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു..അല്ലെങ്കിലും ഒറ്റപ്പെടലിന്റെ ആഴങ്ങളിൽ കിട്ടുന്ന ഒരു ചെറു പുഞ്ചിരിയ്ക്ക് പോലും അത്ര ഭംഗി ഉണ്ടാകുമല്ലോ.. വേണിയ്ക്ക് അവനോട് സഹതാപം തോന്നി. ഒരുപക്ഷേ നിങ്ങളിനിയുമേറെ വേദനിക്കേണ്ടി വരും എന്നവളുടെ ഉള്ളം അവനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.. വേദനയോടെ..

*********** അനന്തൻ റൂമിൽ വരുമ്പോൾ മാളു തുണിയൊക്കെയും ബാഗിലേയ്ക്ക് അടുക്കി വയ്ക്കുകയായിരുന്നു.. കട്ടിലിൽ അലക്കിയിട്ട തന്റെ തുണികൾ കിടപ്പുണ്ട്.. അവൻ അവളോട് ഒന്നും മിണ്ടാതെ അവന്റെ തുണികൾ എടുത്തു കസേരയിൽ ഇട്ടു.. മാളു സംശയത്തോടെ നോക്കി നിൽക്കവേ അനന്തൻ വസ്ത്രങ്ങളൊന്നൊന്നായി മടക്കി. ശേഷം അലമാര തുറന്നു. ഒരു ഡ്രോയറിലെ അവന്റെ വസ്ത്രങ്ങൾ എല്ലാമെടുത്തു പുറത്തേയ്ക്ക് വെച്ചു.. ശേഷം മറ്റൊരെണ്ണം തുറന്ന് ഭദ്രമായി വൃത്തിയായി വസ്ത്രങ്ങളൊക്കെയും അതിൽ അടുക്കി വെച്ചു.. ഈ ഡ്രോ താൻ ഉപയോഗിച്ചോളൂ. അനന്തൻ ഒഴിച്ചിട്ട അറ നോക്കി പറഞ്ഞ ശേഷം പുറത്തേയ്ക്ക് നടന്നു..

ആ.. അമ്മ പറഞ്ഞിരുന്നു തന്റെ വീട്ടിൽ നാളെ പോകണമെന്ന്.. രാവിലെ ഞാൻ കൊണ്ടുവിടാം.. അതും പറഞ്ഞവൻ ഇറങ്ങിപ്പോയി.. മാളു അപ്പോഴും ഒന്നും മിണ്ടാതെ അവനെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു.. പിന്നെ ബാഗിൽ അടുക്കി വെച്ച ഡ്രസ് ഒക്കെയും ഡ്രോയറിലേയ്ക്ക് അടുക്കി വെച്ചു.. മേശയിൽ നിറയെ ബുക്കുകളാണ്.. മുറിയിലൊക്കെയും ചെറു പൊടിമണവുമുണ്ട്.. നാളെ പോകണമല്ലോ എന്നോർക്കവേ അവൾ താഴേയ്ക്ക് ചെന്നു. അമ്മേ.. എന്താ മോളെ.. പൊടി അടിക്കുന്ന ചെറിയ ചൂലുണ്ടോ.. ഈ രാത്രി എന്തിനാ മോളെ.. ആ ബുക്ക് ഷെൽഫിൽ നിറയെ പൊടിയാണ് അമ്മേ.. റൂമിലൊക്കെ ചെറിയ പൊടിമണം.. ആ കൊച്ചു പ്ലാസ്റ്റിക്ക് ചൂല് സ്റ്റോറിൽ ഇരിപ്പുണ്ട്..

മോള് എടുത്തോ.. പിന്നെ പനി മുഴുക്കെ വിട്ടിട്ടില്ലല്ലോ.. അതോണ്ട് അനന്തനോട് പറഞ്ഞാൽ മതി... വേണ്ടാത്ത ബുക്കൊക്കെ ആ പൂട്ടിക്കിടക്കുന്ന മുറിയിൽ കൊണ്ടുവെയ്ക്കാൻ പറയ് അവനോട്. ഒറ്റയ്ക്ക് കിടക്കുമ്പോ അവനു പ്രശ്നമില്ല.. ഇപ്പൊ മോളൂടെ ഇല്ലേ..ഒരു പണിയും ഇല്ലാഞ്ഞിട്ടാ ചുമ്മാ ആ മുറി മുഴുക്കെ സാധനം കൊണ്ട് വെച്ചേക്കുന്നത്.. അതൊക്കെ ആ മുറിയിലെ ഷെൽഫിൽ വെച്ചിരുന്നതാണ്..കേസും വക്കാണവും ഒക്കെ കഴിഞ്ഞ് ഇവിടെ വന്നപ്പോ ആകെ വല്ലായ്മയായിരുന്നു അവനു..എപ്പോഴും മുറിയടച്ചിട്ടുള്ള ഇരിപ്പ്.. സുധാമ്മയുടെ മുഖം മ്ലാനമായി.. കാണുന്നവരൊക്കെ പേടിയോടെ നോക്കും. പുച്ഛിക്കും.. സഹതപിക്കും. അതൊക്കെയും അവനിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ല.. അന്നും അവൻ അവന്റെ വിഷമങ്ങളൊന്നും ആരോടും പറയില്ല.. ആ മുറിയും അവനും മാത്രമായി അവന്റെ ലോകം..ഇടയ്ക്ക് എനിക്കും പേടിയായി..

എന്റെ കുഞ്ഞിന്റെ സമനില തെറ്റിപ്പോവോന്ന് പോലും പേടിച്ചിട്ടുണ്ട് ഞാനും ചന്ദ്രേട്ടനും.. അപ്പോഴും എന്റെ സങ്കടമൊക്കെ കേട്ട് ദർശ മോള് ഇങ്ങോട്ട് അടിക്കടി ഓടി വരുമായിരുന്നു.. വെറുതെ അവനുമായി സംസാരിച്ചിരിക്കും.. ചിലപ്പോ പാട്ട് പാടി കൊടുക്കും.. മോളോട് മാത്രം എന്തെങ്കിലും സംസാരിക്കും.. ചിലപ്പോ മോളോട് ഓരോന്ന് പറഞ്ഞു കരയും.. പിന്നെ പിന്നെ മോള് തന്നെയാ ബുക്കൊക്കെ വായിക്കാൻ പറഞ്ഞത്.. അവിടുന്നങ്ങോട്ട് പിന്നെ വായനയായി അവന്റെ ലോകം..പണ്ടേ വായിക്കുന്നത് വല്യ ഇഷ്ടമാണ്.. ആ മുറിയിലിരുന്ന ബുക്കൊക്കെ അവന്റെ റൂമിലാക്കി.. പിന്നെ ഇടയ്ക്ക് അച്ചുമോളും ദർശമോളും ബുക്ക് വാങ്ങി കൊടുക്കും...

അങ്ങനെയാണ് ആ മുറി ഈ കോലമായത്.. സുധാമ്മ ഒന്ന് നിശ്വസിച്ചു.. ഒരുകണക്കിന്‌ ഞാനും അവന്റെയീ അവസ്ഥയ്ക്ക് കാരണമാണ്.. ആവുന്നതും എന്റെ കുഞ്ഞ് പറഞ്ഞതാണ് അവനാ കല്യാണം വേണ്ടെന്ന്.. എന്റെ ഭീഷണി ഒന്ന് കൊണ്ട് മാത്രമാണ് അവൻ അഞ്ചുനേ കല്യാണം കഴിച്ചത്.. അവർ കണ്ണുനീരൊപ്പി... ആഹാ.. ഇവിടെ മെലോഡ്രാമ തുടങ്ങിയോ.. ചന്ദ്രശേഖറാണ്.. മാളു ബദ്ധപ്പെട്ടൊന്ന് പുഞ്ചിരിച്ചു . സുധാമ്മയിൽ നിന്ന് കേട്ടതൊക്കെയും അവളെ ചെറുതായി വേദനിപ്പിച്ചിരുന്നു.. ആദ്യരാത്രി തന്നെയാണോ പേടി എന്ന് ചോദിക്കുന്ന ഒരു പുരുഷനെ അവളോർത്തു.. അന്നാ മുഖത്ത് എന്ത് ഭാവമായിരുന്നു.. ഒരിക്കലെങ്കിലും താൻ അല്ല എന്നുപറയുമെന്ന് കരുതികാണില്ലേ.. പ്രതീക്ഷിച്ചുകാണില്ലേ.. മാളു ഓർത്തു.. മോളെ... അവളുടെ മുഖം മങ്ങിയത് കണ്ടതും ചന്ദ്രശേഖർ അവളെ തട്ടിവിളിച്ചു. മോളിതൊന്നും കാര്യമാക്കേണ്ട..ഇയാൾ ഇങ്ങനെയാണ്..

അവൾ പുഞ്ചിരിച്ചു.. എന്തിനാടോ ഇനി താൻ കരയേണ്ട. പഴയതൊക്കെ കഴിഞ്ഞില്ലേ.. ഇപ്പൊ നമ്മുടെ മോന് ഒരു ഭാര്യയുണ്ട്.. ഒരു കുടുംബമുണ്ട്.. അവനേം നമ്മളേം ഒക്കെ സ്നേഹിക്കാൻ ഇവളെപോലൊരു മോളേയും കിട്ടിയില്ലേ.. പിന്നെന്ത് വേണം എന്റെ സഹധർമ്മിണിക്ക്.. ചന്ദ്രശേഖർ ചോദിച്ചു. അവർ ചിരിച്ചു.. എന്റെ പ്രാർത്ഥന കേട്ട് ദേവികൊണ്ട് തന്നതാ ഇവളെ.. ഇനിയെനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ.. എന്റെ മോന്റെ കുഞ്ഞിനെ കൂടെ ഒന്ന് കാണണം.. ഒരു നോക്ക് മതി.. അതൂടെ കഴിഞ്ഞിട്ട് എന്നെ അങ്ങോട്ട് വിളിച്ചാലും എനിക്കൊരു പരിഭവവുമില്ല.. എന്റെ മോനൊരു ആണല്ല എന്നും പറഞ്ഞല്ലേ അവളുടെ അച്ഛൻ അന്നിവിടെ വന്ന് ബഹളം വെച്ചത്.. അയാളുടെ മുന്നിൽ കൂടെ എന്റെ കുഞ്ഞിന്റെ കുഞ്ഞ് നടന്നു പോണം.. സുധാമ്മ പറഞ്ഞതും മാളു അവിശ്വസനീയതയോടെ അവരെ നോക്കി.. എന്തൊക്കെയാണ് തനിക്ക് ചുറ്റും നടക്കുന്നത്..

ആരൊക്കെയോ എന്തൊക്കെയോ പറയുന്നു.. അഞ്ജിതയുടെ വാക്കുകൾ അവളോർത്തു.. ശേഷം അമ്മയിപ്പോൾ പറഞ്ഞ വാക്കുകളും.. അവളാകെ സംശയത്തിലായിരുന്നു.. എന്തുകൊണ്ടോ അവൾക്കപ്പോൾ ആരെയും വിശ്വാസം തോന്നിയില്ല.. അവൾ പടികയറി മുകളിലേക്ക് ചെന്നു.. അപ്പോഴും മുറിയിൽ അവൻ ഉണ്ടായിരുന്നില്ല.. അവൾ കിടക്കയിലേയ്ക്കിരുന്നു..ആലോചനയോടെ.. ******** അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല നിറ നീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല എങ്കിലും നീ അറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌.. നിന്നെ തഴുകുന്നതായ്‌.. ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിൻ നേർക്കു നീട്ടിയില്ല.. ഹൃദ്യമനോഹരമായ ആ പാട്ട് കേട്ടാണ് മാളു വാതിൽക്കൽ നിന്ന് ബൽക്കണിയിലേയ്ക്ക് നോക്കിയത്..

ഒരു ചെറു ചിരിയോടെ ഫോൺ കാതോട് ചേർത്തവൻ പാടുകയാണ്.. മാളുവിന്റെ കണ്ണുകൾ വികസിച്ചു വന്നു.. അത്ര ആർദ്രമായ സ്വരം.. അവൾ മറ്റെല്ലാം മറന്നു കണ്ണടച്ചു അൽപ്പനേരം അവന്റെ പാട്ടിനു കാതോർത്തു.. തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും നിന്‍ മൃദുമേനിയൊന്നു തലോടിയില്ല.. എങ്കിലും..നീയറിഞ്ഞു.. എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്‌.. നിന്നെ പുണരുന്നതായ്.. ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല.. അവൻ ഒന്ന് പൊട്ടിച്ചിരിക്കുന്നു.. മാളു അവനെ അവനറിയതെ നോക്കി നിന്നു.. അവന്റെ ചിരിയവൾ ആദ്യമായി കാണുകയായിരുന്നു.. അമ്മ പറഞ്ഞത് ഓർമ വന്നു.. എല്ലാവരാലും ഒറ്റപ്പെട്ട് ആ മുറിയിൽ കഴിഞ്ഞവൻ.. ദർശയാകും മറുപുറത്തെന്നവൾക്ക് തോന്നിയിരുന്നു.

അവളോടല്ലാതെ ആരോടും അവനത്ര കാര്യമായി ഇടപെടുന്നതും കാണാറില്ലായിരുന്നു.. എപ്പോഴോ സംസാരം നിർത്തി തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കയ്യും കെട്ടി നിൽക്കുന്ന മാളുവിന്റെ ഭാവം അവൻ കാണുന്നത്.. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. എന്താ.. അവൻ ചോദിച്ചതും അവൾ അവനരികിലേയ്ക്ക് വന്നു.. അസ്സലായി പാടി.. നല്ല രസമായിരുന്നു കേട്ടിരിക്കാൻ.. പുഞ്ചിരിയോടെ പറയുന്നവളെ അവൻ കാണാൻ പാടില്ലാത്തതെന്തോ കണ്ടതുപോലെ നോക്കി നിന്നു... അച്ചു പറഞ്ഞിരുന്നു പാടുമെന്ന്..എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല.. പാട്ട് പഠിച്ചിട്ടുണ്ടോ.. അവനപ്പോഴും അത്ഭുതമായിരുന്നു.. കുറച്ചു മുൻപ് വരെ തന്നെ കണ്ടാൽ ഭയത്തോടെ ഒഴിഞ്ഞുമാറിയിരുന്നവളാണ്.. പാട്ട് പഠിച്ചിട്ടുണ്ടോ എന്ന്.. മാളു വീണ്ടും ചോദിച്ചു.. മ്മ്.. അതും പറഞ്ഞനന്തൻ അകത്തേയ്ക്ക് കയറിപ്പോയി..

അവളാ പോക്ക് നോക്കി നിന്നു.. അതേ.. അവൻ എന്തെന്ന അർത്ഥത്തിൽ തിരിഞ്ഞുനോക്കി.. അമ്മ കഴിക്കാൻ വിളിക്കുന്നുണ്ട്.. അവൾ പറഞ്ഞു.. എനിക്ക് വിശപ്പില്ല.. അതും പറഞ്ഞവൻ മുറിയിലേയ്ക്ക് പോയി.. അവളുടെ മുഖമൊന്ന് മാറി.. എങ്കിലും അവനു പിന്നാലെ അവൾ മുറിയിലേയ്ക്ക് പോയി.. അതേ.. അവൻ തിരിഞ്ഞു നോക്കി.. അമ്മ കാത്തിരിക്കും.. അമ്മയോട് ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി.. ഇവിടിങ്ങനെ എന്നുമെല്ലാരും ഒന്നിച്ചിരുന്ന് കഴിക്കാറൊന്നുമില്ല..വിശക്കുന്നവർ കഴിക്കും..ഞാനിത്തിരി കഴിഞ്ഞു കഴിച്ചോളാം..ചോറില് ഞാൻ വെള്ളമൊഴിച്ചോളാം എന്നമ്മയോട് പറഞ്ഞേയ്ക്ക്.. അവൾ നോക്കി നിൽക്കുന്നത് കണ്ടതും അവൻ പറഞ്ഞു..ശേഷം ഷെൽഫിൽ നിന്നേതോ ബുക്കെടുത്ത് വായിക്കാൻ തുടങ്ങി.. അവൾ മൗനമായി പുറത്തേയ്ക്ക് പോയി.. തിരിച്ചവൾ വരുമ്പോഴും അവൻ വായനയിൽ മുഴുകിയിരിക്കുകയാണ്..

അഞ്ചിത.. അനന്തൻ ഞെട്ടി തിരിഞ്ഞു നോക്കി.. അഞ്ചിത.. അവരെന്നെ വിളിച്ചിരുന്നു.. എ..എന്തിന്.. അവന്റെ മുഖത്തെ ഭാവം അവൾ സൂക്ഷ്മമായി ശ്രദ്ധിച്ചു.. അവിടെ പതർച്ചയോഭയമോ അല്ല.. മറിച്ച് വല്ലാത്ത ഒരു തരം ദേഷ്യമാണ് എന്നവൾക്ക് തോന്നി.. ചോദിച്ചത് കേട്ടില്ലേ.. അനന്തന്റെ ശബ്ദം തെല്ലൊന്നുയർന്നു.. മാളു ഞെട്ടലോടെ അവനെ നോക്കി.. അത്.. മാളു മുഖം താഴ്ത്തി.. നിങ്ങളെപ്പറ്റിയാണ് പറഞ്ഞത്.. നിങ്ങൾ വളരെ മോശം ഒരാളാണെന്ന്... കൂടെ ജീവിച്ച സമയം അവരെ ഒരുപാട് ഉപദ്രവിച്ചുവെന്ന്...സംശയരോഗിയാണ് എന്നു...നിങ്ങൾ അവരെ ഉപദ്രവിക്കുന്നത് തടുക്കാൻ വന്ന അവരുടെ ആങ്ങളെയെ കൊന്നു എന്നു..

പിന്നെ.. അനന്തന്റെ മുഖം ചുവക്കുന്നത് അവൾ കണ്ടു.. പറയണോ എന്നവൾ ഒരുനിമിഷം ആലോചിച്ചു.. പിന്നെ.. നിങ്ങളെന്റെ അമ്മൂനെ പോലുംമോശമായി കാണുമെന്ന്.. അനന്തന്റെ സർവ്വ സമനിലയും കൈവിട്ട് പോയിരുന്നു.. എപ്പോഴാ.. എപ്പോഴാ അവൾ വിളിച്ചത്.. അനന്തന്റെ ശബ്ദത്തിൽ പോലും വല്ലാത്ത ദേഷ്യമായിരുന്നു.. ചോദിച്ചത് കേട്ടില്ലേ.. ഇത്തവണ ശബ്ദം കുറച്ചുകൂടി ഉയർന്നു.. മാളു ഒന്ന് ഞെട്ടി.. അത്..ആദ്യം കല്യാണത്തിന് തൊട്ട് മുമ്പ്.. പിന്നെ. പിന്നെ ഇന്ന് വൈകീട്ട്.. അടുത്ത നിമിഷം അനന്തനവളെ പിടിച്ചു ചുവരിലേയ്ക്ക് ചേർത്തു.. അവന്റെയാ നീക്കം അവളൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവൾ പതറി അവനെ നോക്കി.. അവന്റെ കണ്ണുകൾ ചുവന്ന് തീ പാറും പോലെ ആയിരുന്നു..

അ..അനന്തേട്ടാ.. അവന്റെ കയ്യുടെ പിടുത്തം മുറുകി.. അവൾക്ക് നല്ലതുപോലെ വേദനിച്ചു.. എന്നിട്ട് . എന്നിട്ടെന്താ നീ പറയാതിരുന്നത്.. അവന്റെ ശബ്ദം.. നോവുന്നു.. അവൾ കൈ ഒന്നുലച്ചു.. അവൻ പിടുത്തം വിട്ടു..അവളുടെ കൈ തിണിർത്തു വന്നു. ചോദിച്ചത് കേട്ടില്ലേ.. അവൻ വീണ്ടും ഒച്ചയെടുത്തു.. മാളുവിന്റെ കണ്ണുനിറഞ്ഞു.. അവൾ വിളിച്ചിട്ട് നീയെന്താ പറയാഞ്ഞതെന്ന്.. ഞാൻ.. ഞാൻ.. പറയെടി.. നീ.. നീ അവളുടെ ആളല്ലേ.. അവൾ പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്.. അവന്റെ വാക്ക് കേട്ട് അവൾ ഞെട്ടി അവനെ നോക്കി.. അനന്തേട്ടാ.. അവൾ ശാസനയോടെ വിളിച്ചു.. വേണ്ട..ഇപ്പൊ ഇപ്പോ എനിക്ക് തോന്നുന്നുണ്ട്. എല്ലാം എല്ലാം നിന്റെ അഭിനയമായിരുന്നുവെന്ന്..

അവൻ പറഞ്ഞു അവന്റെ കണ്ണുകൾ നിറഞ്ഞുവോ.. അവൻ ചെന്ന് കിടക്കയിൽ കുനിഞ്ഞിരുന്നു.. അവൾ കുറച്ചു നേരമെടുത്തു ഒന്ന് ശാന്തമാകാൻ... അവൾ അവനെ നോക്കി.. അവൻ വല്ലാത്ത മനസികാവസ്ഥയിലാണെന്ന് തോന്നി... അവൾ കയ്യിലേക്ക് നോക്കി.. അവന്റെ അഞ്ചു വിരലുകളും കയ്യിൽ ഉണ്ട്.. അവൾക്ക് ചെറിയ ഭയം തോന്നി. എങ്കിലും ആ വേദന താൻ അർഹിക്കുന്നുവെന്നും തോന്നി..അവൾ പതിയെ ചെന്ന് നിലത്ത് അവനരികിലായി ഇരുന്നു.. അവനപ്പോഴും മുഖം ഉയർത്തിയില്ല.. അവന്റെ ശ്വാസോച്ഛാശത്തിലെ വ്യതിയാനങ്ങൾ അവന്റെ മനസ്സിന്റെ വേദനയും വെപ്രാളവും ഒക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.. അ...അനന്തേട്ടാ.. അവൾ വിളിച്ചു. അവനൊന്ന് മുഖമുയർത്തി നോക്കിയത്പോലുമില്ല.. ഞാൻ.. ഞാൻ എങ്ങനെയാ അനന്തേട്ടാ നിങ്ങളോട് അത് പറയ.. നിങ്ങളെ ഒന്ന് മനസ്സിലാക്കാൻ പോലും കഴിഞ്ഞിട്ടില്ല എനിക്ക് ഇതുവരെ..

കേട്ടിട്ടുണ്ട് മേലേപ്പാട്ടെ അനന്തൻ ചന്ദ്രശേഖരനെ പറ്റി ഒരുപാട്.. നാട്ടിൽ പ്രചരിക്കുന്ന ഒരുപാട് കഥകൾ കേട്ട് തഴമ്പിച്ച എന്നെ സംബന്ധിച്ചു നിങ്ങൾ ഭയപ്പെടേണ്ട ഒരാളായിരുന്നു. ആദ്യമായി നമ്മൾ തമ്മിൽ കണ്ട ദിവസം ഓർക്കുന്നുണ്ടോ.. അന്ന്.. അന്ന് നിങ്ങൾ ആരാണെന്ന് അറിഞ്ഞ സമയം മുതൽ എനിക്ക് ഭയമായിരുന്നു.. കാരണം ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവളെ നേടാൻ എന്തും ചെയ്യുന്ന ഒരു ആഭാസന്റെ രൂപമായിരുന്നു എന്റെ മനസ്സിൽ നിങ്ങൾക്ക്. അവൻ അപ്പോഴും അവളെ നോക്കിയില്ല.. രണ്ടാം ദിവസം അന്ന് വഴിതെറ്റിയ അന്നും പിന്നെ ചെറിയമ്മയുടെ കൂടെ ആശുപത്രിയിൽ നിന്ന ദിവസവും നിങ്ങൾ ചെയ്ത ഓരോന്നും അറിഞ്ഞവർ പറഞ്ഞത് സൂക്ഷിക്കണം എന്നു മാത്രമാണ്..

അത് കേട്ട് വന്ന എനിക്ക് മുൻപിലാണ് ചെറിയമ്മ അന്നേയ്ക്ക് മൂന്നാം നാൾ നമ്മൾ തമ്മിലുള്ള കല്യാണമാണ് എന്നു പറയുന്നത്.. അവൾ ഒന്നേങ്ങി.. കണ്ണു വാശിയോടെ തുടച്ചു.. ലോകം മുഴുവൻ ആഭാസനെന്ന് വിളിക്കുന്ന ഒരാൾ.. അയാളെപ്പറ്റി അതല്ലാതെ എനിക്കൊന്നും അറിയില്ല. ആരും ആ സമയം പോലും നിങ്ങളെപ്പറ്റി ഒരു നല്ലവാക്ക് എനിക്ക് പറഞ്ഞു തന്നില്ല . പലരും ഉപദേശമായി പറഞ്ഞത് പോലും സഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇറങ്ങി പോരാനാണ്.. കല്യാണത്തിന് തൊട്ട് മുൻപുള്ള നിമിഷം.. നിങ്ങളെ ഉൾക്കൊള്ളാൻ പാടുപെട്ട് ശ്രമിച്ചുകൊണ്ടിരുന്ന എനിക്ക് മുന്പിലാണ് അവരുടെ കോൾ വരുന്നത്.. എന്റെ മനസ്സിനെ അത് എത്ര മുറിവേല്പിച്ചു എന്നത് ഇപ്പോൾ പോലും എനിക്കറിയില്ല അനന്തേട്ടാ..

വിവാഹമെന്നത് ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ പ്രധാന മുഹൂർത്ഥമാണ്.. ആ മുഹൂർത്തത്തിനു മുൻപ് അവൾ വൻ ഉൾക്കൊള്ളണം.. അടുത്ത നിമിഷം മുതൽ മറ്റൊരു വീട്ടിലേയ്ക്ക് പറിച്ചു നടപ്പെടുകയാണെന്ന തിരിച്ചറിവ്.. തനിക്ക് സ്വന്തമായവർ ആരും അരികിലില്ലാതെ ഇതുവരെ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരാൾക്കൊപ്പം ഒരു കുടുംബത്തിനൊപ്പമുള്ള ജീവിതം. അതൊക്കെ ആലോചിച്ചു ടെന്ഷനായി ഇരിക്കുമ്പോൾ ഒരാൾ വിളിച്ചിട്ട് വിവാഹം ചെയ്യുന്ന ആൾ ദുഷ്ടനാണ് പെണ്ണിനെ കണ്ടാൽ കടിച്ചു കീറും അതാണ് അനുഭവം എന്നൊക്കെ പറയുമ്പോ ഏത് പെണ്ണ് സഹിക്കും.. എനിക്കൊന്ന് നിങ്ങളെ ഉൾക്കൊള്ളാൻ പോലും ഇത്രയും ദിവസമായിട്ടും കഴിഞ്ഞില്ല..

നിങ്ങൾക്ക് അറിയോ ആദ്യരാത്രി ഞാൻ സ്വപ്നം കണ്ടത് പോലും ഒരു ദയയുമില്ലാതെ എന്നെ ഉപദ്രവിക്കുന്ന നിങ്ങളെയാണ്.. അത്രയ്ക്ക് പേടിച്ചിട്ടാ എനിക്ക്.. എനിക്ക് വയ്യാണ്ടായെ.. അതിനു ശേഷവും ഒന്ന് നിങ്ങളോട് സംസാരിക്കാൻ പോലും എനിക്ക് ധൈര്യം കിട്ടിയില്ല.. ആരോടാണ് ഞാൻ എന്തെങ്കിലും ചോദിക്കേണ്ടത്.. ആ പാവം അമ്മയോടൊ. അച്ചുവിനോടൊ..ഏട്ടനെന്ന് പറഞ്ഞാൽ അവൾക്ക് നൂറു നാവാണ്.. പിന്നെ അച്ഛൻ.. അതല്ലെങ്കിൽ എന്റെ വീട്ടുകാർ.. രക്ഷപ്പെടുത്തി വിടാൻ ശ്രമിച്ചിടത്ത് ഇങ്ങനൊക്കെയാണ് എന്നവർ അറിയാതിരിക്കാൻ കൂടെയാ ഞാൻ.. അവൾ കണ്ണുനീർത്തുടച്ചു.. ദർശേച്ചി വന്നു പറഞ്ഞപ്പോഴും എനിക്ക് പൂർണ്ണമായും നിങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല...

പക്ഷെ നിങ്ങളെപ്പറ്റിയുള്ള എന്റെ ധാരണകളിൽ എവിടെയോ പിഴച്ചു എന്നെനിക്ക് ബോധ്യമായിരുന്നു..അതൊന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും അടുത്ത കോൾ... ഒക്കെ കൂടി ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു എനിക്ക്.. എനിക്കൊക്കെയും ചോദിക്കണമായിരുന്നു.. പക്ഷെ ആരോട്. അച്ചുവെന്ന ഉത്തരം കിട്ടി.. പക്ഷെ അത് കഴിഞ്ഞപ്പോ എനിക്ക് തോന്നി നിങ്ങളാണ് അതിനു പറ്റിയ ആളെന്ന്.. അവൾ കണ്ണു തുടച്ചു.. അവൻ തലയ്ക്ക് താങ്ങ് എന്നോണം കൈ കൊടുത്തു.. കുറച്ചു നിമിഷത്തേയ്ക്ക് മൗനം അവിടെ നിറഞ്ഞു. അല്പനേരം കഴിഞ്ഞതും അനന്തൻ ഒന്നു മിണ്ടാതെ പുറത്തേക്കിറങ്ങി പോയി.. അവൾ അപ്പോഴും മൗനമായിരുന്നു..

അവനു ആ സമയം വേണ്ടത് ഏകാന്തതയാണെന്ന് അവൾക്ക് തോന്നി.. അവൾ മെല്ലെ എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു.. നേരം പോകും തോറും അവളുടെ കണ്ണുകളിൽ ഉറക്കം സ്ഥാനം പിടിച്ചിരുന്നു..അവൾ മെല്ലെചാഞ്ഞു കിടന്നു.. എപ്പോഴോ അവൾ പൂർണ്ണമായും മയക്കത്തിലേയ്ക്ക് വീഴുമ്പോഴും കണ്ണുകളിൽ ഒരായിരം വേദനകൾ ഒളിപ്പിച്ച അനന്തന്റെ രൂപം ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.. ********* രാവിലെ മാളു കണ്ണു തുറക്കുമ്പോൾ പതിവ് പോലെ അനന്തൻ മേശയിൽ തലവെച്ചു കിടക്കുന്നുണ്ടായിരുന്നു.. അവളാ കിടപ്പ് അൽപ്പനേരം നോക്കിയിരുന്നു.. മനസ്സിലെന്തൊക്കെയോ ചിന്തകൾ സ്ഥാനം പിടിക്കാൻ തുടങ്ങവേ അവൾ എഴുന്നേറ്റുപോയി..

കുളി കഴിഞ്ഞവൾ വരുമ്പോഴും അവൻ നല്ല ഉറക്കമാണ്.. അവൾ താഴേയ്ക്ക് ചെന്നു.. നേരത്തെ ആയിരുന്നതിനാൽ സുധാമ്മ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.. എൽവർക്കുമുള്ള ചായ തിളപ്പിച്ച ശേഷം ഒരു കപ്പെടുത്തവൾ ചായ പകർത്തി.. മുകളിലേക്ക് നടക്കവേ സുധാമ്മയെ കണ്ടവൾ പുഞ്ചിരിച്ചു.. മോളിന്ന് നേരത്തെ ഉണർന്നോ.. അവൾ പുഞ്ചിരിച്ചതെയുള്ളൂ.. അനന്തനുള്ള ചായയാണോ.. മ്മ്.. എല്ലാവർക്കുമുള്ളത് ഇട്ടു വെച്ചു അമ്മേ.. അവൾ പറഞ്ഞു.. അവൾ മുകളിലേക്ക് ചെല്ലുമ്പോൾ അനന്തൻ വാഷ്‌റൂമിൽ നിന്നിറങ്ങി വരികയായിരുന്നു.. ചായ.. അവിടെ വെച്ചേയ്ക്കൂ.. അവൻ പറഞ്ഞു.. അവൾ അവനുനേരെ ചായ നീട്ടി.

അവനവളെ രൂക്ഷമായൊന്ന് നോക്കി പുറത്തേയ്ക്കിറങ്ങിപോയി.. മാളുവിന്റെ മുഖമൊന്ന് മാറിയെങ്കിലും അവൾ ചയഗ്ലാസ് മേശയിൽ വെച്ചിട്ട് പുറത്തേയ്ക്ക് പോയി.. കുറച്ചു കഴിഞ്ഞവൾ തിരിച്ചു വരുമ്പോഴേയ്ക്കും ഗ്ലാസ് കാലിയായിരുന്നു.. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഗ്ലാസ്സിലേയ്ക്കും കട്ടിലിൽ കൈ കണ്ണിനു കുറുകെ വെച്ചു മയങ്ങുന്നവനിലേയ്ക്കും അവൾ മാറി മാറി നോക്കി.. എന്തോ അപ്പോഴവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല.. മറിച്ച് വല്ലാത്തൊരുത്തരം കുറ്റബോധമായിരുന്നു.. നിരാശയായിരുന്നു..വേദനയായിരുന്നു..............തുടരും………

പ്രിയം : ഭാഗം 13

Share this story