പ്രിയം: ഭാഗം 15

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

മാളുവിന്റെ മുഖമൊന്ന് മാറിയെങ്കിലും അവൾ ചായഗ്ലാസ് മേശയിൽ വെച്ചിട്ട് പുറത്തേയ്ക്ക് പോയി.. കുറച്ചു കഴിഞ്ഞവൾ തിരിച്ചു വരുമ്പോഴേയ്ക്കും ഗ്ലാസ് കാലിയായിരുന്നു.. കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ഗ്ലാസ്സിലേയ്ക്കും കട്ടിലിൽ കൈ കണ്ണിനു കുറുകെ വെച്ചു മയങ്ങുന്നവനിലേയ്ക്കും അവൾ മാറി മാറി നോക്കി.. എന്തോ അപ്പോഴവളുടെ കണ്ണുകളിൽ ഭയമായിരുന്നില്ല.. മറിച്ച് വല്ലാത്തൊരുത്തരം കുറ്റബോധമായിരുന്നു.. നിരാശയായിരുന്നു..വേദനയായിരുന്നു.. ********* ഇനി എന്താമ്മേ ജോലിയുള്ളത്.. അടുക്കളയിലേക്ക് അവൾ വരുമ്പോൾ സുധാമ്മ ഉച്ചയ്ക്കലത്തേയ്ക്കുള്ള പച്ചക്കറിയൊക്കെ നുറുക്കി കഴിഞ്ഞിരുന്നു.. മിനി സാമ്പാർ വെച്ചുകൊണ്ടിരിക്കുകയായിരുന്നു..

ഇനിയിപ്പോ എന്താ.. ഇവിടെ അങ്ങനെ ജോലിയൊന്നുമില്ല.. പിന്നെ മോള് പോയി ഒരുങ്ങ്.. വീട്ടിൽ പോകാനുള്ളതല്ലേ.. നേരത്തെ ചെല്ലണം.. ഒരുമണിക്ക് രാഹുകാലം തുടങ്ങും.. അതിനു മുൻപ് വീട്ടിൽ ചെന്ന് കേറണം.. സുധാമ്മ പറഞ്ഞു.. പോകും വഴി രണ്ടാളും കൂടെ അമ്പലത്തിലും ഒന്ന് പോണം.. കല്യാണം കഴിഞ്ഞ് അമ്പലത്തിൽ പോയിട്ടില്ലല്ലോ.. അവനു വലിയ മടിയുള്ള കാര്യമാണ്.. എന്നാലും മോള് പറയ്.. അവർ പറഞ്ഞു.. മാളു ഒന്ന് പുഞ്ചിരിച്ചു.. മോളെന്നാൽ നിന്ന് സമയം കളയേണ്ട.. 10അരയ്ക്ക് ഉച്ചപൂജ കഴിയും.. മോള് പോയി ഒരുങ്ങ്.. അവനോട് കുളിക്കാൻ പറയ്... ചൂടുവെള്ളം വേണമായിരിക്കുമോ.. മിനി ചോദിച്ചു..

ആ.. കാഞ്ഞിക്കലത്തിന്റെ മോളിലെ ചരുവത്തിൽ വെള്ളം ഇല്ലേ..അവനു വേണമെങ്കിൽ അത് മതിയായിരിക്കും.. അവർ പറഞ്ഞു.. മാളു മുറിയിലേയ്ക്ക് നടന്നു.. ഗുഡ് മോർണിംഗ് ഏട്ടത്തി.. അച്ചു കണ്ണു തിരുമ്മി പുറത്തേയ്ക്ക് വരുന്നതെയുണ്ടായിരുന്നുള്ളൂ.. ബെസ്റ്റ്.. ഗുഡ് മോർണിംഗ്.. എങ്ങോട്ടാ രാവിലെ.. ചേട്ടായിയുമായി റൊമാൻസ് ആണോ.. മ്മ്.. ഉവ്വ.. ഞാൻ അമ്പലത്തിൽ പോവാ.. എന്നിട്ടെന്റെ വീട്ടിലോട്ടും. മാളു പറഞ്ഞു.... അയ്യോ.. ഇന്നപ്പോ വരത്തില്ലേ നിങ്ങള്..അല്ല കല്യാണം കഴിഞ്ഞ് വിരുന്നിന് പോയാൽ അവിടെ നിൽക്കുവല്ലേ പതിവ്.. അവൾ സങ്കടത്തോടെ ചോദിച്ചു.. മാളു അപ്പോഴാണ് അതിനെപ്പറ്റി ആലോചിച്ചത് തന്നെ.. ഏട്ടത്തി..

എന്റെ നല്ല ഏട്ടത്തിയല്ലേ.. ഇന്നവിടെ നിൽക്കല്ലേ.. ഇങ്ങു വരണേ... നിങ്ങള് രണ്ടാളും കൂടെ ഇല്ലേൽ എനിക്ക് ബോറടിക്കും.. അവിടെ നിൽക്കണോന്ന് നിര്ബന്ധമൊന്നുമില്ലല്ലോ.. അച്ചു അവളെ നോക്കി കൊഞ്ചിക്കൊണ്ട് ചോദിച്ചു.. അതൊന്നും ശെരിയാകില്ല അച്ചൂ.. ചന്ദ്രശേഖറാണ്.. നിനക്ക് മാത്രമല്ല.. നിന്റെ ഏട്ടനെയും ഏട്ടത്തിയെയും കൂടെ നിർത്താനും വിരുന്നു കൊടുക്കാനുമൊക്കെ അവിടെ ഉള്ളവർക്കും ആഗ്രഹം കാണും..നിന്നെക്കാൾ കുഞ്ഞല്ലേ അമ്മു...അവൾക്കും കാണില്ലേ ആഗ്രഹം.. ചന്ദ്രശേഖർ പറഞ്ഞു.. മാളു അച്ചുവിനെ നോക്കി മുഖം വാടിയിട്ടുണ്ട്.. മോള് അവൾ പറയുന്നതൊന്നും നോക്കണ്ട..ചെന്ന് ഒരുങ്ങാൻ നോക്ക്.. അവരവിടെ കാത്തിരിക്കുന്നുണ്ടായിരിക്കും...

ചന്ദ്രശേഖർ പറഞ്ഞതും മാളു അച്ചുവിനെ നോക്കി.. നീ വരുന്നോ എന്റെ കൂടെ.. മാളുവിന്റെ ചോദ്യം കേട്ടതും അച്ചുവിന്റെ കണ്ണുകൾ വിടർന്നു. അവ ചെറുതായി നനഞ്ഞു വന്നു. ഇല്ലെന്നവൾ തലയാട്ടി.. ശേഷം മാളുവിന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു.. താങ്ക്സ് ഏട്ടത്തി.. ഞാൻ വെറുതെ പറഞ്ഞതാ.. പക്ഷെ ഇപ്പൊ ഭയങ്കര സന്തോഷം തോന്നുന്നു... എനിക്ക്.. എനിക്കെന്റെ ഏട്ടനെ എന്നിൽ നിന്ന് അകറ്റാതിരുന്നാൽ മതി.. ഏട്ടത്തി എന്നെ സ്നേഹിച്ചാൽ മതി.. അതും പറഞ്ഞവൾ കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് പോയി.. അവളുടെ ആ പോക്ക് നോക്കി അത്ഭുതത്തോടെ മാളു നിന്നു.. ഒരുപാട് അനുഭവിച്ചിട്ടുണ്ട് അവളും.. ചന്ദ്രശേഖർ പറഞ്ഞതും മാളു അയാളെ സംശയത്തോടെ നോക്കി..

അതൊക്കെ ഞങ്ങൾ മറക്കാൻ നോക്കുവാ മോളെ... അതാ മോളോട് ഒന്നും പറയാഞ്ഞത്..മോള് അതൊന്നും നോക്കേണ്ട.. സന്തോഷമായി പോയിട്ട് വാ.. അയാൾ പറഞ്ഞു. അവൾ അലിവോടെ അയാളെ നോക്കി.. ശേഷം മുൻപോട്ട് നടന്നു.. അവൾ തിരിച്ചു മുറിയിൽ ചെല്ലുമ്പോഴും അനന്തൻ മയങ്ങുകയായിരുന്നു..അവൾ അവനെ നോക്കി നിന്നു.. അനന്തേട്ടാ.. അവളുടെ വിളിയിൽ അവൻ കണ്ണുതുറന്നു.. അമ്പലത്തിൽ പോവാൻ അമ്മ പറഞ്ഞു.. ഞാനില്ല.. തനിക്ക് പോകണമെങ്കിൽ പോകാം... അവനതും പറഞ്ഞെഴുന്നേറ്റു.. അല്ല.. വീട്ടിൽ പോകണം..പോകും വഴി അമ്പലത്തിൽ കേറി തൊഴണമെന്നാ പറഞ്ഞത്.. അവൾ പറഞ്ഞു.. എന്താ അനന്താ.. അപ്പോഴേയ്ക്കും സുധാമ്മ അങ്ങോട്ട് വന്നിരുന്നു..

മോളിതുവരെ റെഡിയായില്ലേ... അമ്പലത്തിലെ ഉച്ചപൂജയ്ക്ക് മുൻപ് അങ്ങു ചെല്ലണം.. ഞാൻ ഒരമ്പലത്തിലോട്ടും ഇല്ല.. അനന്തൻ പറഞ്ഞു.. പറ്റില്ല.. ആ മോളെ ക്ഷേത്രത്തിലേക്ക് ഞാനും ചന്ദ്രേട്ടനും അച്ചുവും കൂടെ വരുന്നുണ്ട്.. എന്നിട്ട് നിങ്ങൾ അനന്തന്റെ കാറിൽ പൊയ്ക്കോ... ഞങ്ങൾ ചന്ദ്രേട്ടന്റെ കൂടെ ഇങ്ങോട്ട് വന്നോളാം.. സുധാമ്മ പറഞ്ഞു.. നിങ്ങള് പെട്ടെന്ന് റെഡിയാക്.. ഞാനും ചെന്ന് ഒരുങ്ങട്ടെ.. അതും പറഞ്ഞവർ താഴേയ്ക്ക് പോയി.. അപ്പോഴേയ്ക്കും മാളു പോയി മാറ്റുവാനുള്ള സാരി എടുത്തിരുന്നു.. അവനെ അവളൊന്ന് പാളി നോക്കി.. ആ മുഖത്ത് ദേഷ്യമാണ്.. അവളത് കാര്യമാക്കാതെ അവന്റെ അടുത്തേയ്ക്ക് ചെന്നു.. അനന്തേട്ടൻ കുളിക്കുന്നില്ലേ..

അവളുടെ ചോദ്യം കേട്ടതും അനന്തൻ ദേഷ്യത്തോടെ അവളെ നോക്കി.. എനിക്ക് അമ്പളത്തിൽ പോകുന്നത് ഇഷ്ടമല്ല.. അതെന്താ അനന്തേട്ടൻ നിരീശ്വരവാദിയാണോ.. മാളുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് അനന്തനവളെ നോക്കി.. അമ്മേടെ ആഗ്രഹമല്ലേ.. എന്തിനാ എതിർക്കുന്നത്.. പ്രാർത്ഥിക്കാൻ ഇഷ്ടമില്ലെങ്കിൽ പ്രാർത്ഥിക്കേണ്ട.. കൂടെ വന്നൂടെ.. അവൾ ചോദിച്ചു.. അവനൊന്നും മിണ്ടാതെ ഡ്രോയർ തുറന്ന് മറ്റുവാനുള്ള വസ്ത്രങ്ങളുമെടുത്തു കുളിക്കാൻ കയറി.. നിങ്ങളെ എനിക്ക് തീരെ മനസ്സിലാകുന്നില്ല അനന്തേട്ടാ.. ആരോടാണീ ദേഷ്യവും വാശിയും.. അവൾ സ്വയം ചോദിച്ചു.. ശേഷം കയ്യിലിരുന്ന കറുത്ത കര സെറ്റുസാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു.. ഏട്ടത്തി.. എന്താടാ..

അച്ചു ഒരു സാരിയും ഉടുത്താണ് നിൽക്കുന്നത്..ഉടുത്തിരുന്നത് തീരെ ശെരിയായിട്ടില്ല.. അവൾ മാളുവിനെ ഭംഗിയായി ഇളിച്ചു കാട്ടി.. ഉടുപ്പിച്ചു തരുമോ.. വാ.. മാളു അവളെ അകത്തേയ്ക്ക് വിളിച്ചു..ശേഷം അവളെ കണ്ണാടിക്കു മുൻപിൽ നിർത്തി ഭംഗിയായി സാരി ഞൊറിഞ്ഞുടുപ്പിച്ചു.. എങ്ങനുണ്ട്.. സൂപ്പർ.. അച്ചു പുഞ്ചിരിച്ചുകൊണ്ട് പറയുമ്പോഴാണ് അനന്തൻ കുളിച്ചിറങ്ങി വന്നത്.. അച്ചു നീ കുളിച്ചോ.. അനന്തൻ സംശയത്തോടെ അവളെ നോക്കി... കളിയാക്കുവൊന്നും വേണ്ട. നിങ്ങളുടെ കൂടെ അമ്പലത്തിൽ വരാനുള്ള ഐഡിയ തന്നെ എന്റെയാ.. ഒരു സ്വീറ്റ് റിവഞ്ച്.. അച്ചു ചിരിച്ചു...അനന്തന്റെ മുഖം പെട്ടെന്ന് മങ്ങി.. ഏട്ടാ എങ്ങനുണ്ട് എന്നെ കാണാൻ.. ഇപ്പൊ കണ്ടാൽ വല്ലോരും കൊത്തിക്കൊണ്ട് പോവോ..

അച്ചു പെട്ടെന്ന് ചോദിച്ചതും അവനൊന്ന് ചിരിച്ചു.. പോയി കുറച്ചു പുട്ടിയും കൂടെ കമഴ്‌ത്ത്‌..ചെല്ലു.. അനന്തൻ പറഞ്ഞതും കോക്രി കാട്ടി അവൾ താഴേയ്ക്ക് ഓടി.. താൻ ഇന്നവിടെ നിൽക്കുമോ.. മാളു അനന്തനെ നോക്കി.. അനന്തേട്ടൻ നിൽക്കുമോ അവിടെ.. തിരിച്ചുള്ള ചോദ്യത്തിന് നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി.. ഇല്ല.. അത് ശരിയാകില്ല.. മ്മ്.. അതും പറഞ്ഞവൾ താഴേയ്ക്ക് ഇറങ്ങി.. എന്താ ഏട്ടത്തീടെ മുഖം പെട്ടെന്ന് വാടിയത്.. അച്ചുവിന്റെ മുറിയിലേയ്ക്ക് ചെന്നതും അവൾ ചോദിച്ചു. ഒന്നുമില്ലല്ലോ.. അവൾ പറഞ്ഞു.. അനന്തനിറങ്ങിയില്ലേ മോളെ.. സുധാമ്മ ചോദിച്ചു.. വരുന്നുണ്ട്.. അവൾ പറഞ്ഞു തീർന്നതും അനന്തൻ ഇറങ്ങി വന്നിരുന്നു.. ഒരു കറുപ്പ് ജുബ്ബയാണ് വേഷം..

കറുത്ത കര മുണ്ടും.. മുടി വൃത്തിയായി ചീവി ഒതുക്കി വെച്ചിട്ടുണ്ട്. മുഖത്ത് അവളിന്നുവരെ കാണാത്ത ഭംഗിയുള്ളൊരു പുഞ്ചിരി.. സൂപ്പർ ഏട്ടാ..ഇപ്പൊ ഇതെന്റെ പഴയ അനന്തേട്ടനായി.. അച്ചു ഓടിച്ചെന്നവന്റെ തോളിൽ തൂങ്ങി.. മതി പെണ്ണേ.. അനന്താ വാ ഇറങ്ങാം.. സുധാമ്മ പറഞ്ഞതും അവരിറങ്ങി.. ക്ഷേത്രത്തിൽ ചെന്ന് ദേവിയ്ക്ക് മുൻപിൽ തൊഴുതു നിൽക്കുമ്പോഴും മാളുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു..എന്തൊക്കെയോ ചിന്തകളിൽ പെട്ടവളുടെ മനസ്സ് ഉഴലുകയായിരുന്നു... തെറ്റേത്ശെരിയേത് എന്നിപ്പോഴും എനിക്കറിയില്ല ദേവീ..പക്ഷെ എന്തുകൊണ്ടൊ ഈ മനുഷ്യനെ വെറുക്കാൻ എനിക്കിപ്പോ കഴിയുന്നില്ല...

ഈ മനുഷ്യനിലെ തെറ്റും ശെരിയും എത്രേം പെട്ടെന്ന് എന്റെ മുൻപിൽ തെളിയിച്ചു തരണേ ദേവീ.. സ്നേഹിച്ചു തുടങ്ങിയിട്ടൊടുക്കം എന്നെ കരയിക്കരുതെ ദേവീ.. അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.. അനന്തനൊപ്പം ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ പല കണ്ണുകളും ഒരു അത്ഭുത ജീവിയെന്നോണം തന്റെയും അവന്റെയും നേർക്ക് വരുന്നത് അവൾ കണ്ടിരുന്നു.. അവൾക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവനെയൊന്ന് നോക്കി.. ആ മുഖത്തെ ഭാവം.അനിർവചനീയമാണ്... എങ്കിലും ഒന്നും തന്നെ ബാധിക്കുന്നില്ലെന്ന് ഭവിക്കാൻ ശ്രമിക്കുമ്പോഴും അവനെ ആ നോട്ടവും സഹതാപത്തോടെ തന്നിലേക്ക് നീങ്ങുന്ന നോട്ടങ്ങളും അസ്വസ്ഥമാക്കുന്നുവെന്ന് അവൾക്ക് ബോധ്യമായിരുന്നു.. അതുകൊണ്ട് തന്നെ പരമാവധി അവനിൽ നിന്ന് അകന്നു നടക്കാൻ അവൾ ശ്രമിച്ചു..

പൂജ കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും കാലത്ത് അവന്റെ ചുണ്ടിൽ വിരിഞ്ഞ ഇളം പുഞ്ചിരി പൂർണ്ണമായും മാഞ്ഞു പോയികഴിഞ്ഞിരുന്നു.. പകരമവിടെ അഗാധമായ ദുഃഖമായിരുന്നു.. വേദനയായിരുന്നു... മാളുവിനെന്തുകൊണ്ടോ അവനോട് അലിവ് തോന്നി.. സ്നേഹം തോന്നി.. എങ്കിലും എന്തോ ഒന്ന് അവളെ അവനിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു...അകറ്റി നിർത്തുന്നുണ്ടായിരുന്നു.. ********** അമ്മേ..ചേച്ചി വന്നൂ... അമ്മു ഉറക്കെ വിളിച്ചു പറഞ്ഞതും സൗദാമിനി വെപ്രാളപ്പെട്ട് പുറത്തേയ്ക്ക് ഓടിവന്നു.. ഇറങ്ങ്.. അനന്തേട്ടൻ ഇറങ്ങുന്നില്ലേ.. ഇല്ല.. അവൻ പറഞ്ഞു.. ഒന്ന് കേറീട്ട് പൊയ്ക്കോ . അച്ഛൻ..അച്ഛൻ കാത്തിരിക്കും.. താൻ ഇറങ്ങ്..

അവൻ വീണ്ടും കടിപ്പിച്ചു പറഞ്ഞതും മാളു ഇറങ്ങി.. അനന്തൻ കാറു വന്നതുപോലെ റിവേഴ്‌സ് എടുത്തു തിരിച്ചു പോയി.. സൗദമിനിയുടെയും അമ്മുവിന്റെയും പുഞ്ചിരി ആ പോക്ക് കണ്ടതും മാഞ്ഞു പോയിരുന്നു.. അനന്തൻ അല്ലെ.. മ്മ്.. എന്താ പോയെ.. സൗദാമിനി ചോദിച്ചു... അത് ചെറിയമ്മേ.. എ... എന്തോ അത്യാവിശമായിട്ട് ആരെയോ കാണാൻ.. എന്നാലും മോശമായി പോയി..ഞാനിത്രേം നേരം നിങ്ങളേം നോക്കി ഇരിക്കുവായിരുന്നു. പാവം അച്ഛൻ.. രാവിലെ മുതല് ചോദിക്കുന്നുണ്ട് ചേച്ചിയേം ചേട്ടനേം.. അമ്മു സങ്കടം പറഞ്ഞു.. അനന്തൻ നിന്റെ ദേവേട്ടനെ പോലെ ഒന്നുമല്ല.. അവരൊക്കെ വലിയ ആളുകളാണ്.. തിരക്കുകൾ കാണും.

എല്ലാം നമ്മളോട് പറയാൻ പറ്റിയെന്നും വരില്ല.. നീ നിന്ന് കൊഞ്ജാതെ മാറ്.. മോള് കേറി വാ.. സൗദാമിനി കൈ സരിത്തുമ്പിൽ തുടച്ചുകൊണ്ട് പറഞ്ഞു. മാളുവിന്റെ മുഖവും വാടിയിരുന്നു.. അവിടെ സുഖമല്ലേ മോൾക്ക്.. മ്മ്. മാളു മൂളി.. അച്ഛൻ.. അച്ഛന് എങ്ങനുണ്ട്.. ഇപ്പൊ ഒരു കുഴപ്പവുമില്ല.. അത് മാത്രമല്ല ഇത്തിരി ഭേദമുണ്ട് താനും.. പഴയത് പോലെയല്ല . സംസാരിക്കുമ്പോ വാക്കുകൾ കുറച്ചൂടെ ക്ലിയർ ആകുന്നുണ്ട്.. അവർ പറഞ്ഞു.. അവൾ അച്ഛന്റെ അരികിലേയ്ക്ക് ചെന്നു.. അച്ഛാ.. ആ വിളിയിൽ സങ്കടമുണ്ടായിരുന്നു.. സന്തോഷമുണ്ടായിരുന്നു.. അവളോടി ചെന്നാ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.. എ.. താ മോ..ഏ.. ഒന്നൂല്ല അച്ഛാ.. സന്തോഷം കൊണ്ടാ...

മൂന്നാല് ദിവസായില്ലേ ഞാൻ അച്ഛനേം നിങ്ങളെ ആരേം കാണാതെ.. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.. അ..ൻ...ത..ൻ വന്നു.. എന്നെ കൊണ്ടാക്കിയിട്ട് എന്തോ അത്യാവിശത്തിന് പോയതാ.. അത് പറഞ്ഞതും അച്ഛന്റെ മുഖം വാടുന്നത് അവൾ കണ്ടു.. അനന്തേട്ടൻ വരും അച്ഛാ.. ആരെയോ കാണാൻ ഉണ്ട്.. അതാ ദൃതിയിൽ പോയത്... എന്റച്ഛനെ കാണാൻ വരും അനന്തേട്ടൻ.. എന്തോ അവൾക്ക് അങ്ങനെ പറയാനാണ് തോന്നിയത്. ആ കുഴിഞ്ഞ കണ്ണുകൾ വിടരുന്നത് അവൾ കണ്ടു.. ആണോ ചേച്ചി.. സത്യമാണോ.. അമ്മു ഓടിവന്ന് അവളെ പിടിച്ചു.. ചെ.. ഞാനോർത്തു അനന്തേട്ടന് ജാഡകേറി പോയതാണെന്ന്.. സങ്കടപ്പെട്ട് ഇരിക്കുവായിരുന്നു.. ഞാൻ ചെന്നമ്മയോട് പറയട്ടെട്ടോ..

അതും പറഞ്ഞു അമ്മു ഓടി.. അച്ഛന്റെ അടുത്തായത് കൊണ്ട് ഒന്നും പറയാനും മാളുവിന് കഴിഞ്ഞില്ല..അവൾ നിസ്സഹായമായി അച്ഛനെ നോക്കി.. ആ കണ്ണുകൾ തന്റെ മേലാകെ വെപ്രാളപ്പെട്ട് ഓടി നടക്കുന്നുണ്ട്.. കഴുത്തിലെ താലിമാലയിലും നെറ്റിയിലെ സിന്ദൂര പൊട്ടിലും പുതിയ സാരിയിലും ബ്ലൗസിലും കയ്യിലെ സ്വർണ്ണ വളയിലും ഒക്കെയാ കണ്ണുകൾ ഓടി നടന്നു.. ആ കണ്ണുകളിൽ സന്തോഷം വിടർന്നു.. കണ്ണു നനഞ്ഞു.. അച്ഛന്റെ കണ്ണു നനയുന്നത് കണ്ട് ആദ്യമായി ഹൃദയം നിറയുന്നത് മാളു അറിഞ്ഞു.. അവൾക്ക് സങ്കടം വന്നു.. അപ്പോഴവൾ പണികഴിഞ്ഞു വരുന്ന അച്ഛനെ ഏട്ടനൊപ്പം കാത്തിരിക്കുന്ന അഞ്ചു വയസ്സുകാരിയായി മാറിയിരുന്നു..

അച്ഛൻ വരുമ്പോൾ ആ വിയർപ്പ് പൊടിഞ്ഞ ഞരമ്പ് തെളിഞ്ഞ കൈകളിൽ എണ്ണമയമുള്ള പത്രക്കടലാസുകൊണ്ടുള്ള പൊതി കാണും.. ചിലപ്പോഴൊക്കെ ഏട്ടനോട് അച്ഛൻ അന്ന് കൊണ്ടുവരുന്ന പൊതിയിലെ പലഹാരത്തിന്റെ പേരിൽ തർക്കിക്കും.. ഏട്ടൻ പരിപ്പുവടയെന്ന് പറഞ്ഞാൽ ഉഴുന്നുവടയെന്ന് താനും പറയും.. ഉഴുന്നുവടയെന്ന് പറഞ്ഞാൽ ഉള്ളിവടയെന്നോ സുഖിയനെന്നോ പറയും.. പറയുന്ന സാധനം അച്ഛൻ കൊണ്ടുവന്നാൽ ഏട്ടന്റെ പങ്കിലെ ഒരു ചെറു കഷ്ണം തനിക്ക് കിട്ടും.. അതല്ലെങ്കിൽ തിരിച്ചും. പക്ഷെ അങ്ങോട്ട് കിട്ടുമ്പോൾ തന്നെ തിരിച്ചും ഏട്ടന് നൽകും.. അവനു കുറഞ്ഞു പോകരുതല്ലോ.. അവളുടെ മിഴികൾ നിറയുമ്പോഴും ചുണ്ടിൽ അത്രമേൽ ഭംഗിയുള്ള പുഞ്ചിരി വിരിയുന്നത് അശോകൻ കണ്ടിരുന്നു.. ആ മനുഷ്യന്റെ കണ്ണുകളിൽ ആഴത്തിൽ പുഞ്ചിരി വിരിഞ്ഞു..

അത്രമേൽ വാത്സല്യം നിറഞ്ഞ പുഞ്ചിരി.. മാളൂ.. വാ മോളെ.. ജ്യൂസ് എടുത്തു വെച്ചിരിക്കുന്നു.. സൗദാമിനിയുടെ വിളി കേട്ടതും പിന്നെയും അച്ഛനെ നോക്കി.. പോയ്ക്കോളാൻ അച്ഛൻ കണ്ണുകൊണ്ട് സമ്മതം പറയുന്നത് അവൾ കണ്ടു.. മെല്ലെ അച്ഛന്റെ കവിളിൽ ഒരുമ്മ നൽകി.. ആ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒഴുകി വീണു.. ഞാൻ വരാമേ അച്ഛാ.. അതും പറഞ്ഞവൾ പുറത്തേയ്ക്ക് ചെന്നു.. സൗദാമിനി പുതിയ ചില്ലുഗ്ലാസ്സിൽ ജ്യൂസും പാത്രങ്ങളിൽ വടയും മിക്‌സ്ച്ചറും കുഴലപ്പവും ഒക്കെ നിരത്തി വെച്ചിരിക്കുന്നു.. ഇത്രേം ആർക്കാ ചെറിയമ്മേ.. നിനക്ക്.. കഴിക്ക്.. രണ്ടീസം കൊണ്ട് ക്ഷീണിച്ചു നീയ്.. ഹാ ബെസ്റ്റ്.. ലോകത്തിലെ എല്ലാ അമ്മമാർക്കുമുള്ള സെയിം ഡയലോഗ്..

3 ദിവസം കൊണ്ട് ചേച്ചി എത്ര ക്ഷീണിക്കാനാ.. ചുമ്മാതാ ചേച്ചി.. അതും പറഞ്ഞവൾ ഒരു കുഴലപ്പവും എടുത്തു വായിൽ വെച്ചു.. അസ്സൽ സ്വാദ്.. ചോദിച്ചിട്ട് അമ്മ ഒരെണ്ണം പോലും തന്നില്ല.. അമ്മു പരാതി പറഞ്ഞുകൊണ്ട് കഴിച്ചു.. മാളു പുഞ്ചിരിച്ചു.. രണ്ടു ദിവസം കൊണ്ട് അവളുടെ കുറുമ്പ് എത്രത്തോളം താൻ ആഗ്രഹിച്ചു എന്നത് അവൾക്ക് അപ്പോഴാണ് മനസ്സിലായത്.. നീ ജ്യൂസ് കുടിക്ക്.. അനന്തൻ എപ്പോ വരും.. ഊണിനു മുൻപ് വരുമോ മോളെ.. സൗദാമിനി പ്രതീക്ഷയോടെ ചോദിച്ചു.. മാളു നിസ്സഹായമായി അവരെ നോക്കി... മ്മ്.. വരും ചെറിയമ്മേ.. അവൾ പറഞ്ഞു.. അവൾക്ക് കുറ്റബോധം തോന്നി.. പാവങ്ങൾ.. അനന്തൻ ഇന്നിവിടെ തങ്ങില്ലായിരിക്കും അല്ലെ..

ഇവിടെ അങ്ങനെ സൗകര്യങ്ങളൊന്നും ഇല്ലല്ലോ.. സൗദാമിനി പറഞ്ഞു.. അനന്തേട്ടൻ അവിടുന്ന് മാറി നിൽക്കില്ല ചെറിയമ്മേ.. അവിടെ അച്ഛനും അമ്മയ്ക്കുമൊന്നും വയ്യല്ലോ... പിന്നെ അച്ചുവല്ലേ ഉള്ളു അവിടെ.. ഹാ.. അതും ശെരിയാണ്.. അനന്തന് ഒരു ചേട്ടനും കൂടെ ഉണ്ടല്ലേ..അയാൾ എവിടെയാ.. കൽക്കട്ടയിലോ മറ്റോ ആണ്.. ഞാൻ ഇതുവരെ ഫോട്ടോ പോലും കണ്ടിട്ടില്ല.. അതെന്താ.. അവരുടെ ഫാമിലി ഫോട്ടോയൊന്നും അവിടെ ഇല്ലേ.. ആ ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ ചേച്ചി.. മ്മ്. ഒരു കുഞ്ഞുമുണ്ട്.. അനന്തേട്ടന്റെ അമ്മാവന്റെ മോളെയാണ് ആ ചേട്ടൻ കല്യാണം കഴിച്ചിരിക്കുന്നത്.. ആ ചേച്ചിക്കും അവിടെ ജോലിയുണ്ട്.. മ്മ്.. സൗദാമിനി മൂളി.. അവിടെ ജോലിയ്ക്കൊക്കെ ആയമ്മ ചേച്ചിയെ സഹായിക്കുമോ..

അതോ ഈ സിനിമേലൊക്കെ കാണുന്ന പോലെ എല്ലാം ചേച്ചിയാണോ ചെയ്യുന്നേ.. അമ്മുവിനെ മാളു നോക്കി.. അവിടങ്ങനെ ജോലിയൊന്നുമില്ല മോളെ..എല്ലാം മിനിച്ചേച്ചിയാണ് ചെയ്യുന്നത്.. പിന്നെ റൂം ഒക്കെ ഒന്ന് അടിച്ചുവാരുന്ന ജോലിയേയുള്ളൂ.. അതാണെങ്കിൽ അനന്തേട്ടൻ ചെയ്യും. അവിടെ നിറയെ അനന്തേട്ടന്റെ ബുക്ക്‌സും ഒക്കെയാണ്.. മാളു പറഞ്ഞു.. അനന്തേട്ടൻ അതൊക്കെ ചെയ്യോ.. മ്മ്.. അനന്തേട്ടനാ കല്യാണത്തിന് മുന്നേ അമ്മയ്ക്ക് വയ്യാതെ വരുമ്പോഴൊക്കെ അവരുടെ റൂമൊക്കെ ക്ളീൻ ആക്കിയിരുന്നത്... പിന്നെ അടുക്കള ജോലിയും എന്തൊക്കെയോ അറിയാമെന്ന് തോന്നുന്നു.. മാളു പറഞ്ഞു.. സത്യത്തിൽ എനിക്ക് പേടിയായിരുന്നു ചേട്ടനെ..

പക്ഷെ അന്ന് അവിടെയൊക്കെ വന്നപ്പോ അവരുടെയൊക്കെ ഇടപെടലൊക്കെ കണ്ടപ്പോ തോന്നി അവരെപ്പോലെ ആ ചേട്ടനും പാവമാണെന്ന്.. ആണോ ചേച്ചി.. മാളു അമ്മുവിനെ നോക്കി.. മിണ്ടാതിരിക്ക് അമ്മൂ.. അവളുടെ സംശയങ്ങൾ.. സൗദാമിനി അവളെ നോക്കി കണ്ണുരുട്ടി.. അതൊന്നും നോക്കേണ്ട.. ചേച്ചി പറയ്.. മ്മ്.. പാവമാണ്.. അവൾ ആലോചനയോടെ പറഞ്ഞു.. എന്നാൽ ഏട്ടൻ വരട്ടെ.. ഞാൻ പറയാം ഇന്നിവിടെ നിൽക്കാൻ.. ഒരീസം മതി.. അ.. അതേടി.. വിളിച്ച് കേറ്റ് അവനെ.... ദേവന്റെ ശബ്ധം കേട്ടതും മാളു ചാടി എഴുന്നേറ്റു.. ഹാ..വന്നോ മേലേപ്പാട്ടെ പുതുപെണ്ണ്... ദേവൻ പുച്ഛത്തോടെ ചോദിച്ചുകൊണ്ട് ആടിയാടി വന്ന് ഇരുന്നു.. എന്താടി.. അവനു മതിയായിട്ട് കൊണ്ടു വിട്ടതാണോ.. അതല്ലേലും മേലേപ്പാട്ടെ സന്തതിക്ക് ഒരുത്തിയെ ഒന്നിലധികം ഉപയോഗിക്കുന്ന ശീലമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.. ദേവേട്ടാ.. മാളു ശാസനയോടെ വിളിച്ചു..

ഓ.. അവനെ പറഞ്ഞപ്പോ പൊള്ളിയോ കൊച്ചു തമ്പ്രാട്ടിക്ക്.. അവൻ കൊണ്ടുവെച്ചിരുന്ന വടയെടുത്തു കഴിച്ചുകൊണ്ട് ചോദിച്ചു... അല്ല.. അങ്ങനെ മടുത്തെങ്കിൽ പറഞ്ഞാൽ മതി.. ഇനി കെട്ടാൻ വരില്ലെന്നേയുള്ളൂ. കൂടെ പൊറുപ്പിക്കാൻ ഇപ്പോഴും ടോണി റെഡിയാ.. പ്ഫ എണീക്കെടാ.. സൗദാമിനി അലറുകയായിരുന്നു.. ദേവൻ ചാടിയെഴുന്നേറ്റുപോയി.. നിനക്ക് കൂട്ടിക്കൊടുക്കണോ ഇവളെ.. അവരുടെ കണ്ണുകൾ കത്തി.. അപ്പോഴേയ്ക്കും പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം അമ്മു കേട്ടിരുന്നു.. പക്ഷെ അവൾക്ക് പുറത്തേയ്ക്ക് പോകാൻ കഴിയുമായിരുന്നില്ല.. പറയെടാ.. നിനക്ക് കൂട്ടിക്കൊടുക്കണോ ഇവളെ.. നിന്റെ കൂട്ടുകാരന്റെ വെപ്പാട്ടിയായി വാഴിക്കണോ ഇവളെ..

സൗദാമിനിയുടെ മട്ടും ഭാവവും കണ്ട ദേവന്റെ ഉള്ളിലും പേടി തോന്നിയിരുന്നു.. അനിയത്തിയാ എന്നു പറഞ്ഞു നിന്നെ ഇവളുടെ കൈപിടിച്ചേല്പിച്ച ഒരു മനുഷ്യൻ കിടപ്പുണ്ട് ഈ ചുവരിനപ്പുറം.. ചെന്ന് ചോദിക്ക് അങ്ങേരോട് മോളെ കൂട്ടുകാരന്റെ വെപ്പാട്ടിയായി വാഴിക്കട്ടെയെന്ന്.. പോടാ.. പോയി ചോദിക്ക്.. അവർ അവനെ പിടിച്ചു തള്ളി.. ദേ തള്ളേ.. മിണ്ടരുത്.. കൊന്ന് കളയും ഞാൻ നിന്നെ.. പെണ്ണ്പിടിയും കള്ളക്കടത്തും ഒക്കെയായി നടക്കുന്ന ആ എമ്പോക്കിയെ പെങ്ങൾക്ക് വേണ്ടി കല്യാണമാലോചിച്ചവനല്ലേ നീ.. അല്ലെ.. ദേവൻ അവരെ നോക്കി.. ഓ.. ഇപ്പൊ എന്നിട്ട് ഒരു ദുസ്വഭാവവും ഇല്ലാത്ത ഒരു സദ്ഗുണ സമ്പന്നനെ ആണല്ലോ നിങ്ങൾ മോൾക്ക് കണ്ടെത്തിയത്..

അവൻ പുച്ഛിച്ചു... അതേ.. അവൻ ഒരാളെ കൊന്നിട്ടുണ്ടാകാം.. എന്നു കരുതി അവൻ വീട് കേറി പിഴപ്പിച്ച പെണ്ണുങ്ങളാരെയും ഞാൻ കണ്ടിട്ടില്ല.. അങ്ങനെ ഒരുത്തനാ ഞാനവളുടെ കൈപിടിച്ചു കൊടുത്തത്.. അവളെ നന്നയി നോക്കുമെന്ന് സംരക്ഷിക്കുമെന്ന് എനിക്ക് തോന്നിയ ഒരുവനൊപ്പം.. സൗദാമിനി പറഞ്ഞു.. ഓ.. നോക്കിയിരുന്നോ.. അവനെയും വീട്ടി കേറ്റിതാമസിപ്പിച്ചവസാനം എന്റെ പെങ്ങൾക്ക് വയറ്റിലുണ്ടാക്കി കൊടുക്കരുത്.. അവനെപ്പോലെ ഒരുത്തൻ വീട്ടിൽ കഴിഞ്ഞു എന്നറിഞ്ഞാൽ പോലും അവൾക്ക് നാളെയൊരു ബന്ധം കിട്ടില്ല.. മതി.. മാളു അലറുകയായിരുന്നു.. ഇനി അനന്തേട്ടനെപ്പറ്റി ദേവേട്ടനൊരക്ഷരം പറയരുത്.. പറഞ്ഞാൽ ഞാൻ കേട്ടു നിൽക്കില്ല.. മാളു പറഞ്ഞു..

അവളുടെ വാക്കുകൾ ഇടറിയിരുന്നു.. ഇത്ര നാളും ദേവേട്ടനോട് ഞാൻ മറുത്തൊരക്ഷരം മിണ്ടിയിട്ടില്ല.. അത് നിങ്ങളെ പേടിച്ചിട്ടല്ല ദേവേട്ടാ.. ഇഷ്ടം കൊണ്ടാ.. ജീവനാ നിങ്ങളെ എനിക്ക്.. അതോണ്ടാ . മാളു കരഞ്ഞുപോയി.. ഏത് ആപത്തിലും എന്റെ കൈപിടിച്ചു ഞാനുണ്ട് മാളൂട്ടി കൂടെ എന്നു പറയുന്ന ഒരു ദേവേട്ടൻ ഉണ്ടായിരുന്നു.. വളർന്നു വന്നപ്പോഴെപ്പോഴോ ഞാൻ അന്യയായിപ്പോയി എന്നുറക്കെ വിളിച്ചു നിങ്ങൾ പറയുമ്പോഴും ഉള്ളിന്റെയുള്ളിൽ എനിക്ക് നിങ്ങളോട് അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നു.. പലപ്പോഴും ഒറ്റയ്ക്ക് ഈ കുടുംബം താങ്ങി നിർത്താൻ നോക്കി തളർന്നു നിൽക്കുമ്പോ ആഗ്രഹം തോന്നിയിട്ടുണ്ട് നിങ്ങളൊരു താങ്ങായി വന്നിരുന്നെങ്കിലെന്ന്..

പക്ഷെ ഒക്കെയും പോയത് എപ്പോഴാണെന്നറിയോ.. എന്നെ കേറിപ്പിടിക്കാൻ നോക്കിയതിന് ഞാൻ തന്നെ ഇവിടുന്ന് തല്ലിയിറക്കിവിട്ട അയാളെ എനിക്ക് വേണ്ടി നിങ്ങൾ കല്യാണമാലോചിച്ചപ്പോൾ.. അതിനു വേണ്ടി അത്രയും തരം താഴ്ന്ന വാർത്തകൾ എന്നെയും ആ മനുഷ്യനെയും കൂട്ടിച്ചേർത്ത് നിങ്ങൾ മെനഞ്ഞുണ്ടാക്കിയപ്പോൾ.. ഇപ്പൊ നിങ്ങൾ പറഞ്ഞില്ലേ ഒരു വീട്ടിൽ കഴിഞ്ഞാൽ എന്റെ അമ്മൂന് പോലും ദോഷമാണെന്ന്.. ഒന്ന് ഞാൻ പറയാം..ഏട്ടനാണെന്നും പറഞ്ഞു നട്ടപാതിരയ്ക്ക് വീട്ടിൽ കണ്ട അലവലാതികളെയും വിളിച്ചു സ്വബോധമില്ലാതെ കേറി വരുന്ന നിങ്ങളുടെ ഒപ്പമുള്ളതിനെക്കാൾ സുരക്ഷിതയാണ് ആ മനുഷ്യന്റെ കൂടെ അമ്മു..

അവിടെയുമുണ്ട് ആ ഏട്ടന്റെ ചൂടേറ്റ് ആ തണലിൽ സുരക്ഷിതയായി കഴിയുന്ന ഒരു പെങ്ങൾ.. സുകൃതം ചെയ്യണം അങ്ങനെ ജീവിക്കാൻ.. ഇനി അനന്തേട്ടനെ പറ്റി അനാവശ്യമായി ഒരക്ഷരം മിണ്ടിയാൽ കേട്ട് നിൽക്കില്ല മാളു.. അയാൾ എന്റെ ഭർത്താവാണ്.. എന്നെക്കാൾ നിങ്ങൾക്ക് അറിയില്ലല്ലോ അനന്തേട്ടനെ.. മേലിൽ അദ്ദേഹത്തെപ്പറ്റി വല്ലോം പറഞ്ഞാൽ.. മാളു പറഞ്ഞു തീർന്നതും അമ്മു അവളെ തോണ്ടി.. എന്താടി.. അവൾ അമ്മുവിനെ നോക്കിയതും അവൾ പുറത്തേയ്ക്ക് ചൂണ്ടി.. അവിടെ വാതിൽക്കൽ നിൽക്കുന്നവനെ കാണേ മാളുവിന്റെ കണ്ണുകൾ അനുസരണയില്ലാത്ത പെയ്യാൻ തുടങ്ങി... അനന്തേട്ടൻ.. അവൾ സ്വയമറിയാതെ മന്ത്രിച്ചു..നേരിയ ഭയത്തോടെ ..............തുടരും………

പ്രിയം : ഭാഗം 14

Share this story