പ്രിയം: ഭാഗം 16

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

എന്താടി.. അവൾ അമ്മുവിനെ നോക്കിയതും അവൾ പുറത്തേയ്ക്ക് ചൂണ്ടി.. അവിടെ വാതിൽക്കൽ നിൽക്കുന്നവനെ കാണേ മാളുവിന്റെ കണ്ണുകൾ അനുസരണയില്ലാത്ത പെയ്യാൻ തുടങ്ങി... അനന്തേട്ടൻ.. അവൾ സ്വയമറിയാതെ മന്ത്രിച്ചു..നേരിയ ഭയത്തോടെ . അവൻ കയ്യും കെട്ടി നിൽക്കുകയാണ്. എല്ലാം കെട്ടുവെന്നത് വ്യക്തം.. മാളുവിന്റെ നോട്ടം കണ്ട് സൗദാമിനിയും ദേവനും അവിടേയ്ക്ക് നോക്കി.. ദേവന്റെ മുഖത്ത് പകപ്പ് നിറഞ്ഞു.. അനന്തൻ അകത്തേയ്ക്ക് കയറി വന്നു.. മാളുവും അമ്മുവും പരസ്പരം നോക്കി നിന്നുപോയി.. എന്താ അളിയാ.. ഇവിടെ ആകെയൊരു ബഹളം.. അനന്തൻ ഒരു ചിരിയോടെ ദേവന്റെ തോളിൽ കയ്യിട്ട് ചോദിച്ചു.. ഒ.. ഒന്നുമില്ല..

ആഹാ.. ഞാനോർത്തു എന്തോ പ്രശ്നമുണ്ടെന്ന്.. വെറുതെ ഇങ്ങനെ ഒച്ചയെടുക്കുന്നത് മോശമല്ലേ അളിയാ.. ഒരു വയ്യാത്ത ആളുള്ള വീടല്ലേ ഇത്.. ഈ ബഹളം കേട്ടാൽ പുള്ളിക്കും വിഷമമാകില്ലേ..അല്ലെ അമ്മൂസെ.. അവൻ ചെറു ചിരിയോടെ ചോദിച്ചതും അമ്മു തലയാട്ടി.. അതാണ്.. ആ കൊച്ചിന്റെ വിവരം പോലും തനിക്കില്ലല്ലോ ദേവാ. അനന്തനവനെ ഒന്ന് ഗൗരവത്തിൽ നോക്കി.. ദേവൻ പെട്ടെന്ന് അനന്തന്റെ കൈ തട്ടിമാറ്റി കാറ്റുപോലെ ഇറങ്ങി പോയി. അനന്തനാ പോക്ക് നോക്കി അൽപ്പനേരം നിന്നു.. പിന്നെ തിരിഞ്ഞ് എല്ലാവരെയും നോക്കി.. എല്ലാവരും പകച്ചു നിൽക്കുകയാണ്. തന്നെ തീരെ പ്രതീക്ഷിച്ചില്ലെന്നത് വ്യക്തം.. അവൻ അമ്മുവിനെ നോക്കി ഒന്ന് കണ്ണുചിമ്മി കാണിച്ചു..

അവൾ ഒന്ന് മൃദുവായി പുഞ്ചിരിച്ചു.. മോൻ.. മോനിരിക്ക്.. സൗദാമിനി പെട്ടെന്ന് പറഞ്ഞു.. അനന്തൻ മറുത്തൊന്നും പറയാതെ കസേരയിലേക്ക് ഇരുന്നു.. അവൻ.. അവനങ്ങനെയാ.. ഒന്നും തോന്നരുത്.. കുറെ കാലമായി വീടും കുടുംബവും ഒന്നും വേണ്ട അവനു.. കുടിച്ചാൽ മതി.. കുറെ അലവലാതി കൂട്ടുകാരും ഉണ്ട്.. അവരുടെ കൂടെ കുടിക്കും എന്നിട്ട് അവറ്റ്യോള് പറയുന്നത് കേട്ട് ഇവിടെ വന്ന് കിടന്ന് തുള്ളും.. സൗദാമിനി ദേഷ്യവും സങ്കടവും കൂടികലർന്ന ശബ്ദത്തിൽ പറഞ്ഞതും അനന്തൻ പുഞ്ചിരിച്ചു.. അവൻ മാളുവിനെ നോക്കി.. അവളുടെ നിറഞ്ഞ കണ്ണുകളും മുഖം താഴ്ത്തിയുള്ള നിൽപ്പും കണ്ടതും താനെല്ലാം കേട്ടു എന്നത് അവൾക്ക് മനസ്സിലായി എന്നവന് ബോധ്യമായി..

അല്ല അനന്തേട്ടൻ എവിടെ പോയതാ.. ഞാനോർത്തു ഇങ്ങോട്ടൊന്നും വരാൻ ഇഷ്ടമല്ലാത്തോണ്ട് പോയതാണെന്ന്.. അമ്മു ചോദിച്ചു.. ഹേയ്.. ഞാൻ ഒരു അത്യാവിശ കാര്യത്തിന് പോയതാ.. അവൻ പുഞ്ചിരിച്ചു.. ഞാൻ കുടിക്കാൻ എടുക്കാം.. മാളു അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.. പുറകെ സൗദാമിനിയും.. എങ്ങനുണ്ട് തന്റെ പഠിത്തം.. അനന്തൻ അമ്മുവിനെ നോക്കി ചോദിച്ചു.. കുഴപ്പമില്ല ഏട്ടാ.. അവൾ അവനെ നോക്കി പറഞ്ഞു.. അപ്പോഴേയ്ക്കും മാളു ഒരു ഗ്ലാസ്സിൽ ജ്യൂസ് കൊണ്ടുവന്നിരുന്നു.. സൗദാമിനി വന്ന് മുൻപേ കൊണ്ടുവെച്ചതൊക്കെ തിരിച്ചു കൊണ്ടുപോയി മാറ്റി എടുത്തുകൊണ്ടു വന്നു.. അവൻ അതിൽ നിന്ന് ഒരു കുഴലപ്പം എടുത്തു അമ്മുവിന് നീട്ടി..

അവൾ മടിച്ചു നിന്നതും സൗദാമിനി വാങ്ങിക്കോളാൻ ആംഗ്യം കാട്ടി.. അതോടെ അവളത് സന്തോഷത്തോടെ വാങ്ങി.. അവനും അതിൽ നിന്നൊന്ന് എടുത്തു.. അച്ഛൻ.. അവൻ മാളുവിനെ നോക്കി.. അശോകേട്ടൻ അകത്തെ മുറിയിലാണ്. ഇറങ്ങി വരാനൊന്നും പറ്റില്ല.. മ്മ്..അവൻ മൂളി.. മാളൂ.. വണ്ടിയിൽ നമ്മൾ വാങ്ങിയ കവറൊക്കെ ഇരിപ്പുണ്ട്..ഇങ്ങെടുക്കാമോ.. അവൾ സംശയത്തോടെ അവനെ നോക്കിയതും അവൻ കാറിന്റെ കീ അവൾക്കായി നീട്ടി... അവൾ ഒന്നും മിണ്ടാതെ അതും വാങ്ങി പുറത്തേയ്ക്ക് നടന്നു.. കാർ തുറന്നതും അതിൽ കുറെ കവറുകൾ ഇരിക്കുന്നത് കണ്ടു.. ഒറ്റ നോട്ടത്തിൽ തുണിക്കടയിലെ കവറുകളാണ് എന്നവർക്ക് ബോധ്യമായി..

അവളത് വാരിയെടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു.. അവൻ അപ്പോഴേയ്ക്കും വന്ന് അതൊക്കെ അവളിൽ നിന്നും വാങ്ങി സൗദാമിനിയ്ക്ക് നീട്ടിയിരുന്നു.. അവർ സംശയത്തോടെ അവനെ നോക്കി.. നിങ്ങൾക്കുള്ള ഡ്രെസ്സാ.. ഇഷ്ടമായോ എന്നു നോക്കണേ.. ഇല്ലെങ്കിൽ മാറ്റി വാങ്ങാനാ.. അനന്തൻ പറഞ്ഞതും അവർ മാളുവിനെ നോക്കി.. അവൾ അവനെ നോക്കി അന്ധാളിച്ച് നിൽക്കുകയാണ്.. എന്തിനാ ഇത്.. ഇതൊക്കെ.. ഞങ്ങളുടെ ഒരു സന്തോഷത്തിന്..അല്ലേടോ.. അവൻ പറഞ്ഞുകൊണ്ട് അവളെ നോക്കി.. അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... ആ കണ്ണുകൾ സൗദാമിനിയിൽ ആയിരുന്നു.. നിറഞ്ഞ കണ്ണുകളൊപ്പി അവർ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി.. തുറന്ന് നോക്ക് ആന്റി..

ഇഷ്ടമായില്ലെങ്കിൽ മാറ്റി വാങ്ങാം.. നിങ്ങൾ കൊണ്ട് തന്നതല്ലേ.. അതെന്തായാലും നിക്ക് അത് മതി.. വാങ്ങാൻ തോന്നിയല്ലോ.. അവർ കണ്ണുതുടച്ചു.. മാളുവിനും സങ്കടം വന്നു.. ആദ്യമായിട്ടാണ് ആരെങ്കിലും ഒരു സമ്മാനം അവർക്കായി നീട്ടുന്നത്.. അതാകാം ഇത്ര സന്തോഷം.. സാധാരണ ഓണത്തിന് പോലും താൻ കിട്ടുന്ന ശമ്പളം ചെറിയമ്മയ്ക്ക് കൊടുക്കേയുള്ളു.. പലചരക്കും പച്ചക്കറിയും വാങ്ങി ബാക്കിയുള്ളതിന് എല്ലാവർക്കും ഓരോ ജോടി ഡ്രെസ്സും വാങ്ങും.. ആ സമയത്ത് മാത്രമാണ് അവരൊരു പുതിയത് ധരിക്കുന്നത്.. അതല്ലെങ്കിൽ ഇടുന്ന നൈറ്റി കീറണം..അല്ലെങ്കിൽ ആരുടെയെങ്കിലും കല്യാണം.. അവൾ അനന്തനെ നോക്കി.. ആ കണ്ണിൽ അടങ്ങാത്ത നന്ദിയുണ്ടായിരുന്നു..

തന്റെ പ്രിയപ്പെട്ടവരുടെ മുഖത്ത് അത്രമേൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിരിയിച്ചതിന്.. അമ്മൂസെ.. നോക്ക്... അവൻ പറഞ്ഞു..ആ വിളിയിൽ ഒരേട്ടന്റെ വാത്സല്യം മുഴുക്കെയുണ്ടായിരുന്നു.. അവൾ പുഞ്ചിരിച്ചുകൊണ്ട് കവർ വാങ്ങി കൊണ്ടുവെച്ചു തുറന്നു നോക്കി.. സൗദാമിനിയ്ക്ക് രണ്ട് സാരിയായിരുന്നു.. അമ്മുവിന് രണ്ടു ചുരിദാർ പീസ്.. അച്ഛന് രണ്ടു ഷർട്ടും കസവ് മുണ്ടും.. പിന്നെയും ഒരു ഷർട്ട് ഉണ്ടായിരുന്നു.. ദേവനായിരിക്കും എന്നവൾ ഊഹിച്ചു. കറുത്ത തുണിയിൽ നിറയെ ചുവന്ന ഹാൻഡ് വർക്ക് ചെയ്ത ഒരു ചുരിദാറും പീച്ച് നിറത്തിൽ നീല ഡിസൈൻ ഉള്ള മറ്റൊന്നുമായിരുന്നു അമ്മുവിനുള്ളത്.. എങ്ങനുണ്ട്.. അനന്തൻ ചോദിച്ചു.. ഒത്തിരി ഇഷ്ടായി..

ഇതിനൊത്തിരി വിലയായി കാണില്ലേ.. അമ്മു നിഷ്കളങ്കമായി ചോദിച്ചു.. അനന്തൻ കണ്ണു ചിമ്മി കാട്ടി.. മാളൂ. അച്ഛനുള്ളത് എടുക്ക്..അച്ഛനെ കാണേണ്ടേ.. അനന്തൻ ചോദിച്ചു. മാളു നിറഞ്ഞ കണ്ണോടെ അവനെ നോക്കി.. പിന്നെപോയി അച്ഛനായി വാങ്ങിയത് എടുത്തു.. അവൻ അവൾക്ക് പിന്നാലെ ചെന്നു.. ആർത്തിയോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന ആ വൃദ്ധനിൽ അവന്റെ കണ്ണുകൾ പതിഞ്ഞു.. മാളു പോയി അച്ഛന്റെ അടുത്തിരുന്നു.. അച്ഛാ.. അനന്തേട്ടൻ.. അവൾ നേർമയായി പറഞ്ഞു.. അയാളുടെ കണ്ണുനിറഞ്ഞൊഴുകി.. അതിനൊപ്പം പുഞ്ചിരിയും വിരിഞ്ഞു.. അവനും അയാൾക്കരികിൽ ചെന്നു.. മെല്ലെയാ കാലിൽ തൊട്ട് തൊഴുതു.. അയാൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു..

ഒരച്ഛന്റെ അനുഗ്രഹം.. അവനും അയാൾക്കരികിൽ ചെന്നു.. മാളു എഴുന്നേറ്റു കൊടുത്തതും അവൻ ഇരുന്നു.. ഒരിടം വരെ പോകാനുണ്ടായിരുന്നു.. അതാ മുൻപേ പോയത്.. സന്തോഷമായോ.. അവൻ ചോദിച്ചതും അയാൾ ചിരിച്ചു.. അവൻ മാളുവിന്റെ കയ്യിൽ നിന്നാ ഡ്രസ് വാങ്ങി ആ മടിയിൽ വെച്ചു കൊടുത്തു.. അച്ഛനുള്ളതാണ്.. അവൻ പറഞ്ഞു.. ആ കണ്ണുകൾ നിർത്താതെ പെയ്യുന്നത് വാതിൽക്കൽ നിന്ന സൗദാമിനിയിലും സന്തോഷം നിറച്ചു.. ചില നിമിഷം അങ്ങനെയാണ്.. ഹൃദയം നിറഞ്ഞാലും കണ്ണുകൾ കവിഞ്ഞൊഴുകും.. കാഴ്ച്ചക്കാർക്ക് സന്തോഷം നൽകിക്കൊണ്ട്.. *********** ഊണൊന്നും അത്ര നന്നായിട്ടുണ്ടാകില്ല.. എല്ലാം ദൃതി വെച്ചു തട്ടി കൂട്ടിയതാ.. സൗദാമിനി വിളമ്പവേ പറഞ്ഞു..

മാളു അനന്തന് ചോറ് വിളമ്പി നൽകി..അപ്പോഴേയ്ക്കും അമ്മു തോരനും അവിയലും സാമ്പാറും ഒക്കെ വിളമ്പി.. ഇതൊരു സദ്യവട്ടമുണ്ടല്ലോ.. അനന്തൻ ചിരിച്ചു.. നീയും ഇരിക്ക് മാളൂ.. സൗദാമിനി പറഞ്ഞു.. ഞാൻ നിങ്ങളുടെ കൂടെ.. അതൊന്നും വേണ്ട.. വിരുന്നിന് വരുമ്പോ രണ്ടാളും ഒന്നിച്ചാ ഇരിക്കേണ്ടത്... അമ്മൂ.. നീയും ഇരിക്ക്.. അവർ നിർബന്ധപൂർവ്വം മക്കളെയും ഇരുത്തി.. അവർക്കും വിളമ്പി നൽകി.. ഇനിയെന്തിനാ ആന്റി നിൽക്കുന്നെ... ഇരിക്ക്... അവൻ പറഞ്ഞു.. അതേ.. ചെറിയമ്മയും ഇരിക്ക്.. അവരെയും കൂടെ പിടിച്ചിരുത്തി അവരാ ഊണ് കഴിക്കുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷവും ആത്മസംതൃപ്തിയും കൊണ്ട് സൗദാമിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയുന്നുണ്ടായിരുന്നു..

തന്റെ മകളെ പിടിച്ചേല്പിച്ച കൈകൾ അവൾക്ക് അത്രമേൽ സുരക്ഷിതമാണെന്ന പൂർണ്ണ ബോധ്യത്തിൽ. ഇത്തിരി കൂടി കഴിക്ക്‌ അനന്താ. എഴുന്നേൽക്കാൻ തുടങ്ങിയതും സൗദാമിനി പറഞ്ഞു.. വേണ്ട ആന്റി.. വയറു നിറഞ്ഞു.. ഇത് തന്നെ ഓവറാണ്. സാധാരണ ഇത്രേം കഴിക്കാറില്ല.. ഇതിപ്പോ കൂട്ടാനൊക്കെ സൂപ്പർ ടേസ്റ്റ്.. അതുകൊണ്ട് കഴിച്ചതും കൂടിപ്പോയി.. അവൻ ചിരിയോടെ പറഞ്ഞു.. മാളുവിനും സന്തോഷമായിരുന്നു.. അവനോടവൾക്ക് ഒരുപാടൊരുപാട് നന്ദി തോന്നി.. കടപ്പാട് തോന്നി..തന്റെ കുടുംബത്തെ ഇത്ര നന്നായി ചേർത്തുപിടിക്കുന്നതിന്..കൂടെ കൂട്ടുന്നതിന്.. സന്തോഷിപ്പിക്കുന്നതിന്.. അനന്തന് കിടക്കണമായിരിക്കും.. മോള് റൂം കാണിച്ചു കൊടുക്ക്.. സൗദാമിനി പാത്രങ്ങൾ അടുക്കളയിൽ കൊണ്ടുവെയ്ക്കുന്ന മാളുവിനോടായി പറഞ്ഞു.. അനന്തേട്ടാ.. മ്മ്.. കിടക്കണോ.. അകത്ത് എന്റെ മുറീല് കിടക്കാം.. അവൾ പറഞ്ഞു..

അവൻ അവൾക്കൊപ്പം മുറിയിലേയ്ക്ക് നടന്നു.. ബാം എന്തെങ്കിലും ഉണ്ടോടോ.. എനിക്ക് പിടലിക്ക് നല്ല പെയിൻ.. അവൻ പറഞ്ഞതും അവൾ അവനെ നോക്കി.. ആ മേശേല് തലവെച്ചു കിടക്കണോണ്ടാ.. അതും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി. അവൻ ആ മുറിയാകെ ഒന്ന് നോക്കി. ഒരു കട്ടിലും മേശയും കസേരയും സ്റ്റീൽ അലമാരയും ഉള്ള കൊച്ചുമുറി.. അമ്മുവിന്റെ പുസ്തകങ്ങളൊക്കെ മേശയിൽ അടുക്കി വെച്ചിരിക്കുന്നു.. ഭിത്തിയിൽ പഴയ രീതിയിൽ വാർത്തു വെച്ച ഒരു ഷെൽഫ് ഉണ്ട്. അതിലാകെ എഞ്ചിനീയറിങ്ങിന്റെ ബുക്കുകളും മറ്റും ഇരിപ്പുണ്ട്.. അവനാ കട്ടിലിൽ ഇരുന്നു.. മേശയിൽ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന ഒരു ഫോട്ടോ..

ദേവനും അമ്മുവും മാളുവും.. ദേവന് 15ഓ 16ഓ വയസ്സുള്ളപ്പോൾ എടുത്തതായിരിക്കും.. അവനാ ഫോട്ടോ കൈനീട്ടി എടുത്തു.. പുഞ്ചിരിക്കുന്ന മാളുവിന്റെ മുഖം.. കല്യാണ ശേഷം വളരെ വിരളമായിട്ടെ അവനാ ചിരി കണ്ടിട്ടുള്ളു എന്നോർത്തു... ബാം.. മാളു അവനു നേരെ ബാം നീട്ടി പറഞ്ഞു.. ഞാൻ പുരട്ടിത്തരണോ. നോ.. ഞാൻ പുരട്ടിക്കോളാം.. അവൻ ബാമുമായി അലമാരയുടെ മുൻപിൽ പോയി നിന്നു. മാളു ചെന്ന് ലൈറ്റ് ഇട്ടു. ഇവിടെ അങ്ങനെ വല്യ സൗകര്യങ്ങളൊന്നുമില്ല.. മ്മ്.. അവൻ മൂളി.. ബാം പുരട്ടുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ മാളുവിൽ പതിയുന്നുണ്ടായിരുന്നു. അവൾക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് അവനു തോന്നി.. തനിക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ.. മ്മ്.. എന്തേ..

താങ്ക്സ്.. എന്തിന്.. അവളവനെ നോക്കി.. അവന്റെ കണ്ണിൽ പതിവില്ലാത്തൊരു കുസൃതി ചിരി.. ഇവിടെ വന്നതിന്.. എല്ലാവർക്കും ഡ്രസ് വാങ്ങിയതിന്.. ഞങ്ങളോടൊപ്പം ഫുഡ് കഴിച്ചതിന്.. അച്ഛനോട് സംസാരിച്ചതിന്.. അവൻ പുഞ്ചിരിച്ചു.. താനെന്റെ ഭാര്യയല്ലേ.. അവളവനെ പാളി നോക്കി.. അല്ല.. മറ്റുള്ളോരുടെ മുൻപിൽ അങ്ങനെ ആണല്ലോ..അപ്പൊ ഇതൊക്കെ എന്റെ കടമയാണ്.. അവൻ പുഞ്ചിരിയോടെ പറഞ്ഞു.. ദേവേട്ടൻ പറഞ്ഞതൊന്നും കാര്യമാക്കേണ്ട.. അത് നിങ്ങളോടുള്ള ദേഷ്യമല്ല.. എന്നോടുള്ള ദേഷ്യത്തിന് പറഞ്ഞതാ.. തന്നോട് അയാൾക്കെന്തിനാ ദേഷ്യം.. തന്റെ അച്ഛനോടുള്ള ദേഷ്യാണോ.. അവൻ ബാം പുരട്ടിയ ശേഷം അവൾക്ക് നൽകി കട്ടിലിൽ വന്നിരുന്നുകൊണ്ട് ചോദിച്ചു..

അച്ഛനോടും എന്നൊടുമൊക്കെ വല്യ കാര്യമായിരുന്നു ദേവേട്ടനോട്.. ഒരു സമയം വരെ അമ്മൂനെക്കാളും ദേവേട്ടനിഷ്ടം എന്നോടായിരുന്നു..പിന്നെന്താ പറ്റിയെ എന്നറിയില്ല.. കുറച്ചുമോശം കൂട്ടുകെട്ട് തുടങ്ങി.. പിന്നെ കുടിയായി വലിയായി.. അച്ഛൻ ചൂടായി ഒരീസം.. അന്ന് ആദ്യമായി ദേവേട്ടൻ അച്ഛനോട് ചൂടായി... ചെറിയമ്മയും ദേവേട്ടനോട് ചൂടായി.. പിന്നെ പിന്നെ ദേവേട്ടനു എല്ലാരോടും ദേഷ്യമായി.. എന്നോടും.. ഇപ്പൊ എന്നെ കാണണതേ ദേഷ്യാ.. അവൾ പറഞ്ഞു.. മ്മ്.. അവൻ മൂളി.. എന്നോട് പറയാതെ ഡ്രെസ്സ് എടുക്കാൻ പോയതായിരുന്നു അല്ലെ.. ഞാനോർത്തു എന്നോടുള്ള ദേഷ്യത്തിന് തിരിച്ചു പോയിക്കാണും എന്ന്.. അവൾ പറഞ്ഞു.. തന്നോട് എനിക്കെന്തിനാ ദേഷ്യം..

അവൻ പുച്ഛത്തോടെ ചിരിച്ചു.. തനിക്കല്ലേ ദേഷ്യം.. പേടി.. വെറുപ്പ് ഒക്കെ.. അവൾ മുഖം കുനിച്ചു.. ഞാൻ പറഞ്ഞല്ലോ.. നിങ്ങളോട് എനിക്ക് വെറുപ്പൊന്നുമില്ല.. പിന്നെ എന്നെക്കൊണ്ട് ഈ വിവാഹം അംഗീകരിക്കാൻ പറ്റിയിട്ടില്ലായിരുന്നു.. അതാ ഞാൻ.. അന്ന് ഞാനെല്ലാം പറഞ്ഞില്ലേ.. അപ്പൊ എന്നോട് ചൂടായി..പിന്നെ എന്നോട് മിണ്ടിയതെയില്ലല്ലോ.. ഞാനെന്ത് പറയാനാടോ.. പിന്നെ ഞാൻ തന്നെ അവഗണിച്ചതോ ദേഷ്യം കാണിച്ചതോ ഒന്നുമല്ലാട്ടോ... എനിക്ക് തന്നോട് ദേഷ്യോമില്ല... അങ്ങനെ ഞാനാരേം അവഗണിക്കില്ല... കാരണം അങ്ങനെ വെറുക്കപ്പെടുന്നതിന്റെ അവഗണിക്കപ്പെടുന്നതിന്റെ വേദന മറ്റാരേക്കാളും എനിക്കറിയാം.. ആ ഞാൻ മറ്റാരോടും അങ്ങനെയൊന്ന് ചെയ്യില്ല.. വേദനയോടെ അത്രയും പറഞ്ഞവൻ കണ്ണുകളടച്ചു കിടന്നു.. അവൾക്കാ വാക്കുകൾ കൊണ്ടു മുറിവേറ്റു.. കണ്ണുകളടച്ചു ശാന്തമായി കിടക്കുന്നവനെ നോക്കി അവൾ നിന്നു..

അവഗണിക്കപ്പെടുന്ന ഒരു പുരുഷന്റെ രൂപം അവളുടെയുള്ളിൽ നിറഞ്ഞു.. അവന്റെ ചുറ്റും ഒരാൾക്കൂട്ടം തന്നെയുണ്ട്.. അവരൊക്കെ അവനെ പുച്ഛത്തോടെ നോക്കുന്നു.. ചിലർ പരിഹസിക്കുന്നു.. മറ്റുചിലർ ഭയത്തോടെയും അറപ്പോടെയും മാറി നടക്കുന്നു.. അവന്റെ കണ്ണിൽ നിറയെ വേദനയാണ്.. ഒറ്റപ്പെടുന്നതിന്റെ പരിഹസിക്കപ്പെടുന്നതിന്റെ വെറുക്കപ്പെടുന്നതിന്റെ.. അവളുടെയുള്ളിൽ വല്ലാത്തൊരു ഭാരം നിറഞ്ഞു.. ആ നിമിഷം മിഴിവോടെ അവന്റെ മറ്റൊരു മുഖം അവളിൽ നിറഞ്ഞു.. പ്രതീക്ഷയോടെ ഭാര്യയെ ആദ്യരാത്രി നോക്കിയ അവന്റെ മുൻപിൽ അയാളെ ഭയമാണ് എന്നവൾ വിളിച്ചു പറഞ്ഞപ്പോൾ ആ മുഖത്തു വിരിഞ്ഞ നിസ്സഹായത.. അവൾക്ക് വേദന തോന്നി..

അമർഷം തോന്നി. തന്നോട് തന്നെ പുച്ഛം തോന്നി.. ആ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ ഒഴുകി വീണു.. അവനായി. ആദ്യമായി.. ******** അനന്തൻ കണ്ണു തുറന്നപ്പോൾ ആരും മുറിയിൽ  ഉണ്ടായിരുന്നില്ല.. അവൻ പുറത്തേയ്ക്ക് ചെന്നു.. അവിടെ മാളു സൗദാമിനിയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയാണ്.. അവർ അരുമയായി അവളെ തലോടുന്നുണ്ട്..അമ്മു അവരുടെ തോളിൽ തലചായ്ച്ചു കിടപ്പുണ്ട്.. പോകണ്ടേടോ.. അനന്തൻ ചോദിച്ചതും മാളു എഴുന്നേറ്റു.. നിങ്ങൾ ഇറങ്ങുവാണോ.. സന്ധ്യ ആകാറായില്ലേ.. അവൻ പറഞ്ഞു.. അരുണിന്റെ വീട്ടിലോട്ട് ഒന്ന് പോകാണമായിരുന്നു.. ഇവിടെ എന്ത് ആവശ്യത്തിനും അവരാണ് ഓടിവരുന്നത്.. വിളിച്ചതാണ് അവരങ്ങോട്ട് കല്യാണത്തിന്റെ അന്ന് തന്നെ..

സൗദാമിനി പറഞ്ഞു.. താനെന്താ എന്നിട്ടെന്നെ വിളിക്കാഞ്ഞേ.. അവൻ മാളുവിനെ നോക്കി.. നല്ല ഉറക്കമായിരുന്നില്ലേ അനന്തേട്ടൻ.. ഇനിയിപ്പോ ഈ സന്ധ്യയ്ക്ക് കേറി ചെല്ലുന്നത് മോശമല്ലേ ആന്റി.. സാരമില്ല ഗംഗാധരേട്ടനും ശോഭയ്ക്കും ഒക്കെ അങ്ങനെയൊന്നുമില്ല.. മക്കള് ചെല്ലു.. സൗദാമിനി പറഞ്ഞതും അനന്തൻ മാളുവിനെ നോക്കി. അവൾക്കവിടെ പോകാനുള്ള താല്പര്യം ആ കണ്ണുകളിൽ നിന്ന് വ്യക്തമായിരുന്നു... മ്മ്.. വാ..വേഗം ഇറങ്ങു.. അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു.. അവർ ചെല്ലുമ്പോൾ അരുണിന്റെ അമ്മ വിളക്ക് വയ്ക്കുകയായിരുന്നു.. അവരെ കണ്ടതും ശോഭയുടെ മിഴികൾ വിടർന്നു.. ആരാ ഇത്.. കേറിവാ രണ്ടാളും.. അവർ പറഞ്ഞു..

അനന്തനും മാളുവും അകത്തേയ്ക്ക് ചെന്നു.. ഗംഗാധരേട്ടൻ ഇറങ്ങിവന്നു..അനന്തന് അയാൾ ഹൃദ്യമായ ഒരു പുഞ്ചിരി നൽകി.. അവിടെ നിങ്ങൾ വന്നൂന്ന് സൗദാമിനി വിളിച്ചു പറഞ്ഞിരുന്നു.. ഇന്നിങ്ങോട്ട് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.. ഇത്രേം വൈകിയപ്പോ ഓർത്തു നാളെയോ മറ്റോ ഇറങ്ങുമായിരിക്കുമെന്ന്.. ശോഭ അവർക്ക് ചായ നീട്ടിക്കൊണ്ട് പറഞ്ഞു.. ഇത്രവേഗം ചായയിട്ടൊ ശോഭേച്ചി.. ഇത് ഇട്ട് വെച്ചിട്ട് വിളക്ക് വെയ്ക്കാൻ ഇറങ്ങിയതാണ്.. അച്ഛനും മോനും തോന്നുമ്പോഴല്ലേ ചായകുടി.. അവർ പുഞ്ചിരിച്ചു.. അനന്തനെന്താ ഒന്നും മിണ്ടാതെയിരിക്കുന്നത്.. ഹേയ്.. ഒന്നുമില്ല.. ഇവരുടെ സംസാരം കേട്ടിരുന്നതാ..അല്ല.. അരുൺ എവിടെ... ദേ ഇപ്പൊ വരും..

അടുത്ത വീട്ടിലെ രമണിചേച്ചിയെയും കൂട്ടി അമ്പലത്തിൽ പോയേക്കുവാ.. അവർ പറഞ്ഞു.. അപ്പോഴേയ്ക്കും ഓട്ടോ വാതിൽക്കൽ വന്നു നിന്നിരുന്നു.. കാർ കണ്ടതും അവൻ സംശയതോടെയാണ് അകത്തേയ്ക്ക് കടന്നത്.. മാളുവിനെയും അനന്തനെയും കണ്ടതും അവന്റെ മുഖം വിടർന്നു.. മാളൂ.. അവൻ സ്നേഹത്തോടെ വിളിച്ചു..അവൾ ചിരിച്ചതെയുള്ളൂ.. ഹായ് അനന്തേട്ടാ.. അവൻ വിളിച്ചു.. അമ്മയെന്താ ഇവര് വന്നത് പറയാതിരുന്നത്.. ഞാൻ വല്ലതും വാങ്ങി വന്നേനെ.. അവൻ പരിഭവിച്ചു.. ഞങ്ങൾ വന്നതെയുള്ളൂ ഡോ.. അനന്തൻ പറഞ്ഞു.. മീനു ഇപ്പൊ പരാതി പറയും.. അങ്ങോട്ട് ചെന്നില്ലെന്ന്.. അരുൺ ചിരിയോടെ പറഞ്ഞു.. ഇന്നിങ്ങോട്ട് ഇറങ്ങണമെന്ന് കരുതിയതല്ല..

ഞങ്ങൾ ഇറങ്ങാൻ പോവായിരുന്നു.. മാളു പറഞ്ഞു.. ഈ മീനുവിന്റെ വീടെവിടെയാ.. അനന്തൻ ചോദിച്ചു.. ഒന്നോ രണ്ടോ വീടിനപ്പുറം.. അരുൺ പറഞ്ഞു.. എന്നാൽ അങ്ങോട്ട് കയറിയിട്ട് പൊയ്ക്കൂടെ.. ഗംഗാധരേട്ടൻ ചോദിച്ചു.. ഹാ.. ഇന്നിനി ഓടി അങ്ങോട്ട് പോകേണ്ട.. പിള്ളേര് വന്നേയുള്ളൂ.. ഞാൻ ഇവർക്ക് വല്ലതും വെച്ചുണ്ടാക്കി കൊടുക്കട്ടെ. അയ്യോ.. ഒന്നും വേണ്ട ചേച്ചി.. ഞങ്ങൾ ഇറങ്ങുവാ.. അതൊന്നും പറ്റില്ല..എന്റെ പെങ്ങളുകൊച്ച് കെട്ട് കഴിഞ്ഞാദ്യം വരുവാ.. ഒന്നും തരാതെ വിടാൻ പറ്റില്ല.. അരുൺ പറഞ്ഞു.. അതേ.. ഒന്നും കഴിക്കാതെ നിങ്ങൾ ഇറങ്ങിയാൽ ഞങ്ങൾക്ക് സങ്കടമാകും.. ഗംഗാധരേട്ടനും പറഞ്ഞു.. അയ്യോ..വിരുന്നിനൊക്കെ മറ്റൊരു ദിവസം വരാം..

ഇന്നിപ്പോ വൈകിയില്ലേ.. ഞങ്ങൾക്ക് തിരിച്ചു പോകണം.. അവിടെ വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊക്കെ വയ്യാതെ ഇരിക്കുവാ.. അതുകൊണ്ടാ . അവൻ പറഞ്ഞു.. ശോഭേ.. പലഹാരമൊന്നും ഇരിപ്പില്ലേ.. അനന്തൻ ബിസ്ക്കറ്റ് കഴിക്കുമോ.. പിന്നെന്താ.. അവൻ ചിരിച്ചതും അവർ ഓടിപ്പോയി അകത്തുനിന്ന് ബിസ്ക്കറ്റ് എടുത്തുകൊണ്ടു വന്നു.. അവൻ അതിൽ നിന്ന് ഒരെണ്ണം എടുത്തു കഴിക്കുന്നത് അവർ സംതൃപ്തിയോടെ നോക്കി നിന്നു.. എടുക്കെടി... അരുൺ പറഞ്ഞതും അവളും ബിസ്ക്കറ്റ് എടുത്തു കഴിച്ചു.. എന്നാലും നിങ്ങൾ വന്നിട്ട് ഒന്നും തരാതെ.. ഞങ്ങൾ വരാം ശോഭേച്ചി..ഉറപ്പായും വേറൊരു ദിവസം വരാം.. മാളു അവർക്ക് ഉറപ്പ് നൽകി.. വരുമ്പോ പറഞ്ഞിട്ട് വരണേ.. അനന്തൻ തലയാട്ടി.. അവർ പോകുന്നതും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന മുഖങ്ങൾ അനന്തൻ നിറഞ്ഞ മനസ്സോടെ നോക്കി നിന്നു..

കാർ തിരിഞ്ഞിട്ടും അവരെ നോക്കി നോക്കി പോകുന്ന അവനെ മാളു നോക്കി.. ഇതെന്താ ഇങ്ങനെ നോക്കുന്നത്.. മാളു ചെറു ചിരിയോടെ ചോദിച്ചു.. സത്യത്തിൽ ഒരുപാട് നാള് കൂടിയാണ് പരിചയം അധികമില്ലാത്ത ഒരിടത്ത് ഞാൻ പോകുന്നത്.. അങ്ങനെ പോകുമ്പോഴൊക്കെ മുഖം കറുപ്പിച്ച് നിൽക്കുന്നവരെ മാത്രേ ഞാൻ കണ്ടിട്ടുള്ളു.. കുറെ നാള് കൂടിയാണ് എന്നെ കാണുമ്പോ പേടിയോ വെറുപ്പോ ഇല്ലാതെ സന്തോഷത്തോടെ സ്വീകരിക്കുന്നവരെ കാണുന്നത്... സത്യത്തിൽ ഇപ്പൊ.. ഇപ്പൊ എന്റെ മനസ്സിൽ ഭയങ്കര സന്തോഷമാണ് തോന്നുന്നത്... അവന്റെ കണ്ണു നിറഞ്ഞിരുന്നു.. അത് കേൾക്കവേ മാളുവിന്റെ കണ്ണും നിറഞ്ഞു.. ചുറ്റും പരക്കുന്ന കൂരിരുളിലും കാറിനുള്ളിലെ അരണ്ട വെളിച്ചത്തിലും അനന്തന്റെ കണ്ണിൽ നിന്നൊഴുകി ഇറങ്ങുന്ന നീർത്തുള്ളി മാളു വ്യക്തമായി കണ്ടിരുന്നു.. അതിന്റെ തിളക്കത്തിൽ താനിത്രകാലവും കാണാത്ത മറ്റൊരു അനന്തനെ അവൾ കാണുന്നുണ്ടായിരുന്നു.. തിരിച്ചറിയുന്നുണ്ടായിരുന്നു................തുടരും………

പ്രിയം : ഭാഗം 15

Share this story