പ്രിയം: ഭാഗം 17

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കുറെ നാള് കൂടിയാണ് എന്നെ കാണുമ്പോ പേടിയോ വെറുപ്പോ ഇല്ലാതെ സന്തോഷത്തോടെ സ്വീകരിക്കുന്നവരെ കാണുന്നത്... സത്യത്തിൽ ഇപ്പൊ.. ഇപ്പൊ എന്റെ മനസ്സിൽ ഭയങ്കര സന്തോഷമാണ് തോന്നുന്നത്... അവന്റെ കണ്ണു നിറഞ്ഞിരുന്നു.. അത് കേൾക്കവേ മാളുവിന്റെ കണ്ണും നിറഞ്ഞു.. ചുറ്റും പരക്കുന്ന കൂരിരുളിലും കാറിനുള്ളിലെ അരണ്ട വെളിച്ചത്തിലും അനന്തന്റെ കണ്ണിൽ നിന്നൊഴുകി ഇറങ്ങുന്ന നീർത്തുള്ളി മാളു വ്യക്തമായി കണ്ടിരുന്നു.. അതിന്റെ തിളക്കത്തിൽ താനിത്രകാലവും കാണാത്ത മറ്റൊരു അനന്തനെ അവൾ കാണുന്നുണ്ടായിരുന്നു.. തിരിച്ചറിയുന്നുണ്ടായിരുന്നു.. എന്തോ.. ആ നിമിഷമവളുടെ കണ്ണിൽ അവനോട് വല്ലാത്തൊരിഷ്ടം തോന്നി..

അത്രമേൽ ആർദ്രമായൊരിഷ്ടം.. ********** വീട്ടിലേയ്ക്ക് കാർ കയറുമ്പോഴേ കണ്ടു സിറ്റൗട്ടിൽ തന്നെ കാത്തിരിക്കുന്ന അച്ചുവിനെയും സുധാമ്മയെയും അച്ഛനെയും.. അവൾ ചിരിയോടെയാണ് ഇറങ്ങിയത്.. അതേ ചിരിയോടെ ഇറങ്ങുന്ന അനന്തനെ കണ്ടതും അവരുടെയൊക്കെ കണ്ണുകൾ സന്തോഷത്തിൽ തിളങ്ങി.. ഒത്തിരി വൈകി.. അച്ചു ഓടിവന്ന് മാളുവിന്റെ കയ്യിൽ തൂങ്ങിക്കൊണ്ട് പറഞ്ഞു.. ഞാൻ അവിടെ കിടന്നുറങ്ങിപ്പോയെടി.. അനന്തൻ പറഞ്ഞു.. ആഹാ.. കല്യാണം കഴിഞ്ഞ് ആദ്യമായി പോയത് ഉറങ്ങാനാണോ.. അച്ചുവവനെ കളിയാക്കി.. ഞാനോർത്തു ഇന്ന് നിങ്ങളവിടെ തങ്ങുമെന്ന്.. ഇവരോട് കേറി കിടക്കാൻ ഞാൻ പറഞ്ഞതാ.. അതിനാ അവൾ നിന്നെ മുൻപ് വിളിച്ചത്..

ചന്ദ്രശേഖർ പറഞ്ഞു.. നിന്ന് മഞ്ഞു കൊള്ളാതെ ചെല്ലു പിള്ളേരെ... സുധാമ്മ കണ്ണു കൂർപ്പിച്ചു.. നിങ്ങള് കഴിച്ചോ.. മ്മ്.. കഴിച്ചല്ലോ..നല്ല ചൂട് പൊറോട്ടേം ചിക്കൻ ഫ്രൈയും അതും ചിക്കൻ.. എന്തോ ടേസ്റ്റ് ആയിരുന്നെന്നോ.. അനന്തൻ കള്ള ചിരിയോടെ പറഞ്ഞതും അച്ചുവിന്റെ മുഖം വാടി.. എന്നിട്ട് എനിക്കെന്തിയെ.. പിന്നേ.. ഞങ്ങള് കഴിക്കുന്നതൊക്കെ നിനക്കും വേണോ.. അനന്തൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. എന്നാലും ഏട്ടത്തി പോലും എന്നെ ഓർത്തില്ലല്ലോ.. ഞാനാണേൽ നിങ്ങളേം നോക്കി പട്ടിണിക്ക് ഇരിക്കുവായിരുന്നു.. ശോ.. അച്ചുവിന്റെ മുഖത്താകെ സങ്കടം നിറഞ്ഞു.. അനന്തൻ അങ്ങു ചിരിച്ചു.. സത്യം പറയ് ഏട്ടത്തി.. നിങ്ങള് വാങ്ങീട്ട് വന്നില്ലേ..

അച്ചു പെട്ടെന്ന് മാളുവിനെ നോക്കി ചോദിച്ചതും അവൾ കള്ള ചിരിയോടെ തലയാട്ടി.. അച്ചു കൊതിയോടെ ഓടിപ്പോയി കാർ തുറന്ന് കവർ എടുത്തു മൂക്കിനരികിൽകൊണ്ടുവന്ന് ആഞ്ഞു മണം പിടിച്ചു.. സ്സ്.. എന്നാ മണമാ.. നിങ്ങള് പെട്ടെന്ന് പോയി ഡ്രെസ്സ് മാറി വാ ഏട്ടത്തി.. നിക്ക് ഭയങ്കര വിശപ്പാ.. അയ്യടി കൊതിച്ചി.. അവൾ അച്ചുവിനെ തഴുകി.. മതി മതി.. വാ.. സുധാമ്മ ചിരിയോടെ പറഞ്ഞു.. താങ്ക്സ് എലോട്ട് ഏട്ടത്തി.. കഴിച്ചുകഴിഞ്ഞു പാത്രം കഴുകിക്കൊണ്ട് നിൽക്കവേ അച്ചു വന്ന് മാളുവിന്റെ വയറിൽ വട്ടം പിടിച്ചു പറഞ്ഞു.. ചിക്കനും പൊറോട്ടയ്ക്കുമാണെങ്കിൽ നിന്റെ ചേട്ടൻ വാങ്ങിയതാണ്.. മാളു പറഞ്ഞു.. അതിനല്ലെന്നെ.. എത്ര നാള് കൂടീട്ടാണെന്നോ അനന്തേട്ടൻ ഇത്ര ഹാപ്പിയായി ഇരിക്കുന്നത്..

എന്റടുത്ത് വഴക്കുണ്ടാക്കുന്നത്.. ചിരിക്കുന്നത്.. ഏട്ടനിന്ന് ഒത്തിരി ഹാപ്പിയാ.. എല്ലാറ്റിനും കാരണം ഏട്ടത്തിയാ.. ഒരിക്കൽ അഞ്ചുവേചി കാരണം മാഞ്ഞു പോയ ചിരിയാ ഏട്ടന്റെ.. ഈ വീട്ടിലെ എല്ലാർക്കും വേണ്ടി ഏട്ടൻ നശിപ്പിച്ച ജീവിതം.. എപ്പോഴും ഞാനോർക്കും എന്തിനാ എന്റേട്ടൻ ഇത്ര പാവമായതെന്ന്.. അതോണ്ടല്ലേ എല്ലാരൂടെ എന്റേട്ടന്റെ ജീവിതം തകർത്തത്.. അച്ചുവിന്റെ സ്വരമിടറി... അവൾ കരഞ്ഞുപോയി..മാളുവിന് ഒന്നും മനസ്സിലായില്ല..എങ്കിലും അവൾ അച്ചുവിനെ നെഞ്ചോട് ചേർത്തുപിടിച്ചു.. അയ്യേ.. നീ കരയാ.. സന്തോഷം കൊണ്ടാ ഏട്ടത്തി... ഭയങ്കര സന്തോഷമായി എനിക്കിന്ന്.. അമ്മ പറഞ്ഞത് നേരാ.. ഒരു കല്യാണം കൊണ്ടാ എന്റേട്ടൻ തകർന്നു പോയത്..

വേറൊരു കല്യാണം കൊണ്ടെന്റെ ഏട്ടന്റെ ജീവിതവും നന്നായി.. അച്ചു അവളെ ചേർന്നു നിന്നു പറഞ്ഞു.. എന്തൊക്കെയോ ചോദിക്കണം എന്നവൾക്കുണ്ടായിരുന്നു.. പക്ഷെ എന്തുകൊണ്ടോ അച്ചുവിനോടൊന്നും ചോദിക്കാൻ അവൾക്കപ്പോൾ കഴിഞ്ഞില്ല.. രണ്ടാളും ഇവിടെ നിൽക്കുവാണോ.. മാളു മോള് പോയി കിടന്നോ.. ഇന്ന് യാത്രയൊക്കെ കഴിഞ്ഞു വന്നതല്ലേ.. അച്ചുവേ.. ആ പാത്രം കഴുകിക്കേടി.. സുധാമ്മ പറഞ്ഞതും അച്ചു അവളെ പിടിച്ചു മാറ്റി പാത്രങ്ങൾ ഒക്കെ അടുക്കി വെച്ചു.. മോള് പോയി കിടന്നോ.. സുധാമ്മ പറഞ്ഞതും അവർക്കൊരു പുഞ്ചിരി നൽകി അവൾ മുറിയിലേയ്ക്ക് നടന്നു.. ഗുഡ് നൈറ്റ് അച്ഛാ.. ഗുഡ് നൈറ്റ് മാളൂ.. അയാൾ പറഞ്ഞു... അവൾ പുഞ്ചിരിയോടെ പടി കയറി.. *********

അവൾ മുറിയിൽ ചെല്ലുമ്പോൾ അനന്തൻ കട്ടിലിൽ കിടന്നു മായങ്ങുകയായിരുന്നു.. അവളവനെ ഒന്ന് നോക്കി വാഷ് റൂമിലേയ്ക്ക് കയറി.. തിരിച്ചവൾ ഇറങ്ങുമ്പോൾ അവൻ എഴുന്നേറ്റ് ഫോണുമായി നിൽക്കുകയായിരുന്നു.. അവൻ അവളെ നോക്കി പുഞ്ചിരിച്ചു ശേഷം വാതിൽ തുറന്നു.. അനന്തേട്ടാ.. അവൻ തിരിഞ്ഞു നോക്കി.. ഇന്നും എവിടേലും പോയി ഇരുന്നിട്ട് രാത്രി ഈ മേശേല് തലവെച്ചു കിടന്നാ പിടലിവേദന കൂട്ടാനാണോ പ്ലാൻ.. അവൾ ചോദിച്ചു.. ഹേയ്.. അത് മാറി.. താൻ കിടന്നോ.. രാത്രി ഇനി പേടിച്ചു നിലവിളിക്കേണ്ട.. അവൻ ചിരിയോടെ പറഞ്ഞു.. അത് അന്ന് സംഭവിച്ചതല്ലേ.. അന്ന് നിങ്ങളെ എനിക്ക് പേടിയായിരുന്നു... ഇന്നിപ്പോ പേടിയില്ലേ..

പെട്ടെന്നവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.. മാളുവാ കണ്ണിലേക്ക് നോക്കി നിന്നു.. പ്രതീക്ഷ നിറഞ്ഞൊരു നോട്ടം.. അവൾ പുഞ്ചിരിയോടെ ഇല്ലെന്ന് തലയാട്ടി.. അതെന്താ.. അതെനിക്ക് അറിയില്ല... എനിക്ക് നിങ്ങളോട് പേടി തോന്നുന്നില്ല.. അവൾ പുഞ്ചിരിയോടെയാണ് പറഞ്ഞത്.. മ്മ്.. എന്നാൽ ഞാൻ നിലത്തു കിടന്നോളാം.. അതും വേണ്ട.. അനന്തേട്ടനും എനിക്കും കിടക്കാനുള്ള സ്ഥലം ഇതിലുണ്ടല്ലോ.. വന്ന് കിടക്കാൻ നോക്ക്.. എനിക്ക് ഉറങ്ങണം.. ലൈറ്റ് അണയ്ക്കണം. അവളതും പറഞ്ഞു കട്ടിലിന്റെ ഒരു മൂലയിലേയ്ക്ക് ഒതുങ്ങി കിടന്നു.. ഇടയ്ക്കൊന്ന് കണ്ണു തുറന്നവൾ നോക്കിയതും അവൻ പോയി വാതിൽ ലോക്ക് ചെയ്ത് അവൾക്കൊപ്പം വന്നു കിടന്നു..കയ്യെത്തിച്ചവൻ ലൈറ്റ് ഓഫാക്കിയതും അവൾ ചെറു ചിരിയോടെ കണ്ണടച്ചു.. അവളുടെയാ പുഞ്ചിരി നോക്കി അവനും കണ്ണടച്ചു കിടന്നു..കുറച്ചു നാളുകൾ കൂടി അത്രമേൽ ശാന്തമായ ഒരുറക്കം..

********* അനന്തൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ ഷെൽഫിലിരുന്ന ബുക്കുകളൊക്കെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. നാളുകൾ കൂടി തുറന്നിട്ട ജനാല വഴി മുറിയിലാകെ വെട്ടം നിറഞ്ഞിരിക്കുന്നു.. അവൻ മാളുവിനെ നോക്കി. അവൾ ഒരു ഇളം നീല കർട്ടൻ ജനാലയിൽ ഇട്ടുകൊണ്ട് നിൽക്കുകയാണ്.. ഇതെന്താടോ.. അവൻ അത്ഭുതത്തോടെ ചോദിച്ചു.. മുറിയൊതുക്കുവാ.. എന്ത് പൊടിയാ ഇതിലൊക്കെ.. എന്നാൽ പറഞ്ഞാൽ പോരായിരുന്നോ.. ഞാൻ ചെയ്തേനെ.. സാരമില്ല..ഞാൻ ചെയ്തോളാം.. അതും പറഞ്ഞവൾ കർട്ടൻ ഇട്ടു.. ശേഷം ബുക്കുകളിലെ പൊടിയൊക്കെ തുണിയാൽ തൂത്തുമാറ്റി അടുക്കി വെച്ചു. നമുക്കീ ബുക്ക് ആ മുറിയിലേയ്ക്ക് മറ്റാഡോ..ഇവിടെ ഇരുന്നാൽ വീണ്ടും പൊടിയാകും.. അനന്തൻ പറഞ്ഞു.. സാരമില്ല.. അനന്തേട്ടൻ വായിക്കുന്നതല്ലേ.. മ്മ്.. അവനൊന്ന് മൂളി കുറച്ചു ബുക്കുകൾ എടുത്തുകൊണ്ടു പുറത്തേയ്ക്ക് പോയി..

മാളു അവന്റെ പോക്ക് നോക്കി ഒരു ചിരിയോടെ അടുക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് ഒരു ഫയൽ താഴേയ്ക്ക് വീണത്... അവളത് കയ്യിലെടുത്തു തുറന്ന് നോക്കി... അനന്തന്റെ സർട്ടിഫിക്കറ്റുകളാണ്.. അവൾ ഓരോന്നായി എടുത്തു നോക്കി.. എം ഡിയുടെ സർട്ടിഫിക്കറ്റ് കണ്ടതും അവളുടെ കണ്ണു വിടർന്നു.. ഇവിടെന്താ ഏട്ടത്തി പരിപാടി.. അതും ചോദിച്ച് അച്ചു കട്ടിലിലേക്ക് വന്നിരുന്നു.. അനന്തേട്ടൻ ഡോക്ടറാണോ.. അടിപൊളി.. അപ്പൊ കെട്ട്യോന്റെ ജോലീം കൂലീം ഒന്നും അറിഞ്ഞൂടെ... ഇല്ലെന്ന് മാളു തലയാട്ടി. ഇപ്പൊ പ്രാക്ട്ടീസ് ചെയ്യുന്നില്ലെന്നേയുള്ളൂ.. ഏട്ടൻ ഡോക്ടർ ആണ്.. കാർഡിയോളജിസ്റ്റ്.. ഏട്ടൻ വർക്ക് ചെയ്തിരുന്ന ആശുപത്രിയിലെ ഏറ്റവും തിരക്കുളള ഡോക്ടറായിരുന്നു ഏട്ടൻ...

ദർശേച്ചിയും ഏട്ടനും മെഡിക്കൽ കോളേജിൽ ഒന്നിച്ച് പഠിച്ചതാ.. അച്ചു അത് പറയുമ്പോഴും ഏതോ ഓർമ്മയിൽ അവളുടെ കണ്ണു നിറഞ്ഞിരുന്നു.. അച്ചൂ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. എന്താ ഏട്ടത്തി.. അവൾ അച്ചുവിനെ നോക്കി.. എന്താ രണ്ടാളും കൂടെ.. അപ്പോഴേയ്ക്കും അനന്തനും തിരിച്ചു വന്നിരുന്നു.. അതോടെ മാളു മൗനമായി.. എന്താ ഏട്ടത്തി ചോദിക്കാൻ വന്നത്.. അച്ചു അവളെ നോക്കി. അത്.. ഞാൻ വെറുതെ.. പെട്ടെന്ന് അപ്രതീക്ഷിതമായി അനന്തന്റെ കണ്ണുകൾ പിന്നിൽ നിന്നാരോ മറച്ചിരുന്നു.. മാളു അവന്റെ പിന്നിലേയ്ക്ക് നോക്കിയതും ഒരു പെണ്കുട്ടിയാണ്.. 27,28 വയസ്സ് വരും.. ജീൻസും ടോപ്പുമാണ് വേഷം.. മാളു നോക്കുന്നത് കണ്ടതും മിണ്ടരുത് എന്നവൾ ആംഗ്യം കാണിച്ചു..

അവൾ അച്ചുവിനെ നോക്കി.. അവൾ പുഞ്ചിരിയോടെ നിൽക്കുകയാണ്.. അനന്തൻ അവളുടെ കൈയ്യിൽ പിടിച്ചു.. അവളുടെ മോതിരവിരലിൽ കിടക്കുന്ന മോതിരത്തിൽ തൊട്ടതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. സിത്തൂ..വിട്ടെ.. അവൻ പറഞ്ഞു.. ശേ.. മനസ്സിലാക്കി.. അതും പറഞ്ഞവൾ അവനെ വിട്ട് എല്ലാവരെയും ചമ്മലോടെ നോക്കി.. ഇതാണല്ലേ എന്റെ ശത്രു.. അവൾ മാളുവിനെ നോക്കി പറഞ്ഞതും മാളു അച്ചുവിനെ സംശയത്തോടെ നോക്കി.. അവളപ്പോഴും ചിരിയോടെ നിൽക്കുകയാണ്.. അവൾ അനന്തന്റെ തോളിൽ കയ്യിട്ട് അവനെ കൊണ്ടുവന്ന് മാളുവിന്റെ അടുത്തു നിർത്തി.. അവരെ രണ്ടാളെയും നോക്കി.. കൊള്ളാമല്ലേ.. അച്ചുവിനോട് പുരികമുയർത്തി അവൾ ചോദിച്ചതും അച്ചു തലയാട്ടി..

മാളു ആകെ ആശയക്കുഴപ്പത്തിലായി.. ഡോ... താനിങ്ങനെ വണ്ടറടിച്ചു നിൽക്കേണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാണ്.. ആൻഡ് ആം സിത്താര.. പറഞ്ഞുവരുമ്പോൾ തന്റെ ചേച്ചിയായിട്ട് വരും.. ആര്യേട്ടന്റെ വൈഫ്... അച്ചു കൂട്ടിച്ചേർത്തു... മാളു പുഞ്ചിരിച്ചു.. ആര്യന്റെ വൈഫ് ആയിട്ട് മാത്രമല്ല.. എന്റെ അച്ഛന്റെ പെങ്ങളുടെ മക്കളാണ് ഇതുങ്ങളൊക്കെ..അല്ലെ പെണ്ണേ.. അതും ചോദിച്ചു സിത്താര അച്ചുവിന്റെ തോളിൽ കയ്യിട്ടു.. ആര്യൻ.. അനന്തൻ അവളെ നോക്കി.. താഴെ അച്ഛന്റെ കൂടെയുണ്ട്.. ചെക്കനോ.. അച്ചു ചോദിച്ചു.. അച്ഛന്റെ മടിയിൽ കേറി.എം വാ മാളുവേച്ചി.. നമുക്ക് അമ്പാടിയെ കാണാം.. അച്ചു പറഞ്ഞു.. അമ്പാടി.. ആര്യേട്ടന്റെ മോനാ.. രണ്ടര വയസ്സുണ്ട്..

താഴെ കാണും വാ.. അതും പറഞ്ഞവൾ താഴേയ്ക്കോടി..മാളു അവൾക്ക് പിന്നാലെ നടന്നു.. എങ്ങനുണ്ട് അനന്താ പുതിയ ലൈഫ്. സിത്തു അവനെ നോക്കി.. അവന്റെ പുഞ്ചിരിയിലുണ്ടായിരുന്നു അവൾക്കറിയേണ്ടതെല്ലാം... അവളവനെ കണ്ണിമ ചിമ്മാതെ നോക്കി.. അവന്റെയാ പുഞ്ചിരി.. കണ്ണുകളിലെ തിളക്കം.. എന്നോ മാഞ്ഞുപോയ ആ പുഞ്ചിരി തിരികെ കൊണ്ടുവന്ന മാളുവിനോട് അവൾക്ക് വല്ലാത്ത സ്നേഹം തോന്നി... വാ... ഇവിടെയാകെ പൊടിയാണ്..മാളു തൂത്തു തുടയ്ക്കുവായിരുന്നു.. അനന്തൻ പറഞ്ഞുകൊണ്ട് താഴേയ്ക്ക് നടന്നു.. പിന്നാലെ സിത്തുവും.. സിത്തു മോളെന്തിയെ.. മിനി കൊണ്ടുവന്ന ജ്യൂസ് ആര്യന് നൽകിക്കൊണ്ട് സുധാമ്മ ചോദിച്ചു..

അനന്തന്റെ അടുത്തുണ്ടാകും. അങ്ങോട്ട് പോയി.. മറുപടി ഗൗരവത്തില്തന്നെയായിരുന്നു.. അപ്പോഴാണ് അച്ചു പടിയിറങ്ങി ഓടി വന്നത്.. വന്നപാടെ അച്ഛന്റെ മടിയിലിരുന്നു അയാളുടെ കണ്ണട കൊണ്ട് കളിച്ചുകൊണ്ടിരുന്ന അമ്പാടിയെ അവൾ കയ്യിലെടുത്തു.. ചെക്കാ.. എന്നാടാ അച്ഛനെപ്പോലെ നീയും ഗൗരവത്തിലാണോ.. അച്ചു അവന്റെ മൂക്കിൽ മൂക്ക് മുട്ടിച്ചു ചോദിച്ചു.. അവൻ അവളുടെ കയ്യിലിരുന്ന് കുതറി.. അവനെ നിലത്ത് നിർത്ത് അച്ചൂ.. അവനെങ്ങനെ ആരും എടുക്കുന്നത് ഇഷ്ടമല്ല.. ആര്യൻ പറഞ്ഞു.. ആ സംസാരം കേട്ടുകൊണ്ടാണ് മാളു വന്നത്.. മാളുവിനെ കണ്ടതും ആര്യൻ അവളെ ഗൗരവത്തിൽ നോക്കി.. ആ മോള് വന്നോ.. ദേ ആര്യാ ഇതാണ് മാളു മോള്.. മോളെ ആര്യൻ.. എന്റെ മൂത്ത സന്താനം.. ചന്ദ്രശേഖർ പറഞ്ഞു.. മാളു ഒന്ന് പുഞ്ചിരിച്ചു. ആര്യനവളെ ഗൗരവത്തിലൊന്ന് നോക്കിയതെയുള്ളൂ..

അവന്റെ മുഖത്തെ ഇഷ്ടക്കേട് മാളുവിന്റെ പുഞ്ചിരി അപ്പാടെ മായ്ച്ചു കളഞ്ഞു... പറയെടാ ചെക്കാ.. എന്തൊക്കെയാ നിന്റെ വിശേഷം..അപ്പച്ചീന്ന് വിളിച്ചേ.. അച്ചു അവനോട് കാര്യമായ കിന്നാരം പറച്ചിലിലാണ്.. അവനാകട്ടെ എങ്ങനെയും താഴെ ഇറങ്ങാനുള്ള തത്രപ്പാടിലും.. അവസാന അടവെന്നോണം അമ്പാടി ഉറക്കെ കരഞ്ഞു.. അതോടെ ആര്യൻ ചാടി എഴുന്നേറ്റു അച്ചുവിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്തു.. ഒന്നും.. ഒരക്ഷരം പറഞ്ഞാൽ അനുസരിക്കരുത് നീ.. എത്ര നേരമായി ഞാൻ പറയുന്നു അവനെ താഴെ നിർത്താൻ.. അതെങ്ങനെയാ . ഇവിടെ എല്ലാരും കൂടെ തലയിൽ കൊണ്ട് നടക്കുവല്ലേ.. അഹങ്കാരം കൂടി കൂടി അങ്ങ് അധികമായി.. അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആര്യന്റെ ശബ്ദമുയർന്നു.. അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു.. ആര്യേ.. നിനക്ക് പറഞ്ഞാൽ അനുസരിച്ചാൽ എന്താ അച്ചൂ..

വളർന്നു എന്നൊന്നും ഞാൻ നോക്കില്ല.. അഹങ്കാരം കാണിച്ചാൽ നീ എന്റെ കയ്യുടെ ചൂടറിയും.. അവനത് പറഞ്ഞതും അച്ചു എല്ലാവരെയും നോക്കി കരഞ്ഞുകൊണ്ട് അകത്തേയ്ക്ക് ഓടിപ്പോയി.. ആര്യൻ എല്ലാവരെയും നോക്കി.. ദേഷ്യത്തോടെ. അവന്റെ ഉച്ച കൂടിയതും അമ്പാടി കരച്ചിൽ നിർത്തിയിരുന്നു.. നിനക്ക് സമാധാനമായല്ലോ.. വന്നതും അവളെ കരയിച്ചു.. അതിനു ഞാനെന്ത് ചെയ്തു.. പിന്നെ.. അവള് നിന്റെ അനിയത്തിയല്ലേ.. അവൾക്കുംകനും നിന്റെ കുഞ്ഞിനെ ഒന്ന് കൊഞ്ചിക്കാൻ ആഗ്രഹം.. ആണ്ടു മൊത്തം വല്ലയിടത്തും പോയി കിടക്കും.. വരുമ്പോ പിന്നെ കുഞ്ഞിന്‌ ആരെയാ പരിചയം..പരിചയമില്ലാത്തവർ എടുത്താൽ കുഞ്ഞ് കരയും..

അതിനവളെ ഇത്രേം വഴക്കു പറയണമായിരുന്നോ.... സുധാമ്മ ദേഷ്യത്തോടെ ചോദിച്ചു.. എന്റെ കുഞ്ഞിനെ കരയിച്ചതുകൊണ്ടല്ലേ.. അവളോട് ഞാൻ പറഞ്ഞതല്ലേ.. ആണോ.. അങ്ങനെ സ്വന്തം മക്കൾ കരയുമ്പോ നിനക്ക് മാത്രമല്ല.. എല്ലാവർക്കും പൊള്ളും.. അതൊന്ന് ഓർക്കുന്നത് നല്ലതാണ്.. അതും പറഞ്ഞു സുധാമ്മ അടുക്കളയിലേക്ക് ദേഷ്യത്തോടെ പോയി.. അവന്റെ മുഖം വിളറി പോയിരുന്നു.. ആര്യൻ അച്ഛനെ നോക്കി.. അയാൾ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് നടന്നു.. അപ്പോഴാണ് സ്റ്റെപ്പിൽ കയ്യും കെട്ടി നിൽക്കുന്ന അനന്തനെയും അവനു പിന്നിൽ ദേഷ്യവും സങ്കടവും കലർന്ന ഭാവത്തിൽ നിൽക്കുന്ന സിത്താരയെയും അവൻ കണ്ടത്.. അവന് പെട്ടെന്ന് എന്ത് പറയണം എന്നുപോലും മനസ്സിലായില്ല.. മാളൂ.. താൻ പോയി അച്ചുവിനെ മോളിലോട്ട് കൊണ്ടുവാ.. ഞാൻ റൂമിലുണ്ടാകും..

മാളു അനന്തനെ നോക്കിയതും അവൻ അത്രയും പറഞ്ഞു മുകളിലേക്ക് നടന്നു.. പോകും വഴി സിത്താരയെ ഒന്ന് നോക്കാനും അവൻ മറന്നില്ല.. സിത്തൂ ഞാൻ.. അവൾ ഒന്നും മിണ്ടാതെ വന്ന് കുഞ്ഞിനെയും എടുത്തുകൊണ്ടവരുടെ റൂമിലേയ്ക്ക് പോയി.. ച്ഛെ.. അതും പറഞ്ഞവൻ സിത്താരയ്ക്ക് പിന്നാലെ പോകുന്നതും നോക്കി മാളു നിന്നു.. ശേഷമവൾ അച്ചുവിന്റെ മുറിയിലേയ്ക്ക് നടന്നു.. അപ്പോഴും അവളുടെ മനസ്സിൽ അവിടെ നടന്ന പല വാക്കുകളുടെയും പൊരുളറിയാത്ത ഒരുതരം ആധിയായിരുന്നു.. ******** അനന്തേട്ടാ.. മാളുവിന്റെ വിളിയിൽ അനന്തൻ മുഖത്തുനിന്നും കയ്യെടുത്തവളെ നോക്കി.. അവൻ മെല്ലെ എഴുന്നേറ്റു.. അച്ചു.. കിടന്നു..തലവേദനയാണ് പിന്നെ വരാം എന്ന് പറഞ്ഞു.. മ്മ്. അവൻ മൂളി. ആര്യേട്ടൻ നല്ല ദേഷ്യക്കാരനാണ് അല്ലെ.. അവൾ ചെറു ചിരിയോടെ ചോദിച്ചു.. മ്മ്.. വിഷമമായോ..

അവൾ ആർദ്രമായി അവനോട് ചോദിച്ചു.. അവൻ ഒന്നും മിണ്ടിയില്ല.. അവൾ കുറച്ചുനിമിഷം അവനെ നോക്കിയിരുന്നു.. ശേഷം കട്ടിലിൽ വെച്ചിരുന്ന ബുക്കുകൾ ഷെൽഫിലേയ്ക്ക് അടുക്കി വെച്ചു.. പിൻNഈ വന്ന്വീണ്ടും അവന്റെ അടുത്തിരുന്നു.. അച്ചു കരച്ചിൽ നിർത്തിയിട്ടാ ഞാൻ വന്നെ.. അതുമല്ല.. അവളുടെ ചേട്ടൻ തന്നെയല്ലേ.. എനിക്കിഷ്ടമല്ല അവളെ ആരെങ്കിലും വഴക്ക് പറയുന്നത്... അവളെങ്ങനെ വഴക്ക് കേൾക്കാനുള്ള കാര്യങ്ങളൊന്നും ചെയ്യാറുമില്ല.. വൻ വാശിയോടെ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. സാരമില്ല.. അവളുടെ സങ്കടം മാറ്റാൻ അവളെയും കൂട്ടി അനന്തേട്ടൻ ഒന്ന് പുറത്തു പോയിട്ട് വാ.. ബീച്ചിലോ മറ്റോ പോയാൽ മതി.. എന്നിട്ട് കഴിഞ്ഞ ദിവസത്തെപോലെ അവൾക്കിഷ്ടമുള്ള ഫുഡ് എന്തെങ്കിലും വാങ്ങി കൊടുക്ക്.. അവളൊന്ന് റിലാക്സ് ആകട്ടെ.. എന്താ.. മാളു ചോദിച്ചു.. അവൻ അവളെ നോക്കി..

മ്മ്.. അവൻ മൂളിയതും മാളു ഒന്ന് നിശ്വസിച്ചു.. പിന്നെ എഴുന്നേറ്റ് ആ ഫയൽ എടുത്തു സർട്ടിഫിക്കറ്റുകൾ എടുത്തു നോക്കി.. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു അല്ലെ അനന്തേട്ടൻ.. അവനവളെ നോക്കി.. അവളൊന്ന് ചിരിച്ചു.. സത്യത്തിലനന്തേട്ടൻ ഡോക്ടർ ആണെന്ന് പോലും ഞാനിന്നാ അറിയണെ.. അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് ഫയലിലേയ്ക്ക് എല്ലാം അടുക്കിവെച്ചു.. പിന്നെ ഭദ്രമായി അലമാരയിൽ വെച്ചു പൂട്ടി.. അതിൽ നിധിയൊന്നുമില്ല.. അവൻ വാശിയോടെ പറഞ്ഞു.. കഷ്ടപ്പെട്ട് വാങ്ങിയതല്ലേ.. അപ്പോ സേഫായി ഇരിക്കട്ടെ..മറ്റെന്ത് നിധിയെക്കാളും മൂല്യം ഈ സർട്ടിഫിക്കറ്റിനുണ്ട്.. അവൾ തുപറഞ്ഞവനെ നോക്കി.. താൻ.. താൻ വരുന്നോ.. ഞങ്ങളോടൊപ്പം.. മടിച്ചു മടിച്ചാണ് അവനത് ചോദിച്ചത്.. അവളൊന്ന് പുഞ്ചിരിച്ചു.. ഞാൻ വരണോ.. പിണക്കവും സങ്കടവും അച്ചുവിനല്ലേ.. നിങ്ങള് ചേട്ടനും അനിയത്തിയും പോരെ..

അവൾക്ക് അങ്ങനെ സെൽഫിഷ്‌നെസ് ഒന്നുമില്ല.. താൻ വരുന്നെങ്കിൽ വാ.. അതല്ല എന്റെ കൂടെ വരാൻ മടിയാണെങ്കിൽ വേണ്ട.. അവൻ പറഞ്ഞു... അവൾ അവനെ ഒന്ന് നോക്കി നിന്നു.. പിന്നെ വരാമെന്ന് തലയാട്ടി...ആ പുഞ്ചിരി മെല്ലെ അനന്തനിലേയ്ക്കും വ്യാപിച്ചു.. ഇന്നവന്റെ ചുണ്ടിൽ വിരിഞ്ഞ ഓരോ പുഞ്ചിരിയുംതന്നിൽ അത്രയ്ക്ക് സന്തോഷം നിറയ്ക്കുന്നുണ്ട് എന്നവളോർത്തു.. എത്ര വേഗമാണ് അനന്തൻ ചന്ദ്രശേഖരൻ തനിക്ക് അത്രമേൽ പ്രിയപ്പെട്ടവനായത്.. അതോർക്കവേ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.. നിങ്ങളൊരു പാവമാണ് അനന്തേട്ടാ.. അച്ചു പറഞ്ഞതുപോലെ അത്രയ്ക്ക് പാവം.. താഴേയ്ക്ക് നടക്കുമ്പോൾ അവൾ ചിന്തിച്ചു.. ആ ചിന്ത പോലും അവളിൽ നിറയ്ക്കുന്ന സന്തോഷം ചെറുതായിരുന്നില്ല.. ******* സിത്തൂ.. ആര്യൻ ജനാല വഴി പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന സിത്താരയെ വിളിച്ചു.. അവൾ പ്രതികരിച്ചില്ല..

സിത്തൂ.. മോനുറങ്ങി.. അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.. ഉറങ്ങുന്ന കുഞ്ഞിനെ കിടത്താൻ ആര്യന് അറിയില്ലേ.. അവളുടെ ശബ്ദത്തിലുള്ള നീരസം അവനു മനസ്സിലാകുമായിരുന്നു.. അവൻ കുഞ്ഞിനെ പതിയെ കട്ടിലിൽ കിടത്തി... താൻ കൂടെ ഇങ്ങനെ തുടങ്ങല്ലേടോ.. കുഞ്ഞ് കരഞ്ഞതുകൊണ്ടല്ലേ ഞാൻ.. കുഞ്ഞ് കരഞ്ഞല്ലേയുള്ളൂ.. അവനൊന്നും സംഭവിച്ചില്ലല്ലോ.. അവന്റെ ദേഹം നൊന്തോ.. അതോ അവൻ വീണോ..അവന് വാശിയാണ്.. അതുണ്ടാക്കിയെടുത്തത് ആര്യനും.. ശെരിയല്ലേ.. ഡോ അതവൻ കുഞ്ഞല്ലേ.. അതിനച്ചു എന്ത് ചെയ്തു ആര്യാ.. അവളോട് ചൂടാകണം എന്നു മുൻകൂട്ടി കരുതി ചൂടായതൊന്നും അല്ല സിത്തൂ.. കുഞ്ഞ് കരയുന്നത് കണ്ടപ്പോൾ.. അതിനു ഓൾറെഡി അമ്മ കുറെ പറഞ്ഞല്ലോ.. സിത്തു അവനെ ദേഷ്യത്തിൽ നോക്കി.. അച്ചുവിന് നല്ല സങ്കടമായി.. അവൾ പറഞ്ഞു.. ഞാനവളോട് സോറി പറഞ്ഞോളാം..

ആര്യൻ ആലോചനയോടെ പറഞ്ഞു.. ബെസ്റ്റ്.. ആര്യനിന്ന് ചൂടായത് മാളുവിന്റെ മുൻപിൽ വെച്ചല്ലേ.. ആ കുട്ടി എന്ത് കരുതിക്കാണും.. അവനൊട്ടും ചേരുന്ന പെണ്ണല്ല.. അവനോളം പൊക്കവും നിറവും അന്തസ്സും അഭിമാനവും വിദ്യാഭ്യാസവും ഒന്നുമില്ല.. സിത്താര പുച്ഛത്തിൽ ചിരിച്ചു.. അവന്റെ അവസ്ഥ അതായതുകൊണ്ടാ ഞാനും ഒന്നും പറയാഞ്ഞത്.. ഓഹോ.. അവൾ അവനെ നോക്കി പുച്ഛിച്ചു.. ആ അവസ്ഥയ്ക്ക് കാരണക്കാരൻ ആരായിരുന്നു ആര്യാ.. ആര്യൻ ഞെട്ടി അവളെ നോക്കി.. അഭിമാനവും അന്തസ്സും ആഭിജാത്യവും സൗന്ദര്യവും വിദ്യാഭ്യാസവും ഒക്കെ ഒത്തിണങ്ങിയ ഒരുത്തിയെ അവന്റെ ലൈഫിലേയ്ക്ക് നിങ്ങളെല്ലാം കൂടെ ചേർത്തു വെച്ചിരുന്നല്ലോ..

അവളെവിടെ.. ആര്യൻ തല കുനിച്ചു.. പണവും പ്രതാപവും വിദ്യാഭ്യാസവും ഒന്നുമില്ലെങ്കിലും അവൾക്ക് ആവോളം ആത്മാഭിമാനമുണ്ട്.. പിന്നെ ഇതൊക്കെ ഉള്ളവളോടൊപ്പമുള്ള കുറച്ചു നാളത്തെ ജീവിതത്തിലെവിടെയും ഞാൻ അനന്തനിൽ കണാത്ത ഒരു കാര്യം ഞാനിന്ന് കണ്ടു.. അവന്റെ സന്തോഷം.. മനസ്സ് നിറഞ്ഞ ചിരി... ഒരിക്കൽ ആര്യൻ കാരണം അവനു നഷ്ടമായതാണ് അവയൊക്കെയും.. അതിനു അറിഞ്ഞോ അറിയാതെയോ നിങ്ങളും അപ്പച്ചിയും അമ്മാവനും മാത്രമാണ് കാരണം.. സിത്തു പറഞ്ഞു.. ആര്യന്റെ കണ്ണു നിറഞ്ഞു.. നിങ്ങളുടെ മനസ്സിലിപ്പോഴും ഒരു സ്വാർത്ഥൻ ഒളിഞ്ഞിരിപ്പുണ്ട് ആര്യാ.. ആര്യനവളെ നോക്കി..

ഇപ്പോഴും..പക്ഷെ എനിക്ക് പേടിയാണ് ആര്യാ.. വീണ്ടും ഈ കുടുംബത്തിൽ നമ്മൾ കാരണം ഒരു ദുരന്തം ഉണ്ടാകരുത്.. അങ്ങനെ തോന്നിയാൽ സിത്താര ഇവിടെ ഉണ്ടാകില്ല.. നിങ്ങളുടെ ജീവിതത്തിലും.. ഈ ഭൂമിയിൽ തന്നെ.. അതും പറഞ്ഞവൾ പുറത്തേയ്ക്ക് പോയി.. ആര്യൻ തളർച്ചയോടെ കിടക്കയിലേക്ക് ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പഴയതൊക്കെയും ഒരു പുകമറയ്ക്കപ്പുറം തന്നെ നോക്കി പുച്ഛിക്കും പോലെ അവനു തോന്നി.. ഇല്ലനന്താ... ഇനിയൊരിക്കലും ഈ ഏട്ടൻ നിന്റെ ജീവിതത്തിലെ സങ്കടങ്ങൾക്ക് കാരണമാകില്ല.. ഒരിക്കലും.. അവൻ മനസ്സിൽ പറഞ്ഞു..ആ നിമിഷം അവന്റെ മനസ്സിൽ അനന്തൻ മാത്രമേയുണ്ടായിരുന്നുള്ളൂ.. അവനപ്പോൾ ഒരേട്ടൻ മാത്രമായിരുന്നു.. അനന്തന്റെയും അച്ചുവിന്റെയും സ്നേഹിക്കാൻ മാത്രമറിയുന്ന ഏട്ടൻ...............തുടരും………

പ്രിയം : ഭാഗം 16

Share this story