പ്രിയം: ഭാഗം 18

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അതും പറഞ്ഞവൾ പുറത്തേയ്ക്ക് പോയി.. ആര്യൻ തളർച്ചയോടെ കിടക്കയിലേക്ക് ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. പഴയതൊക്കെയും ഒരു പുകമറയ്ക്കപ്പുറം തന്നെ നോക്കി പുച്ഛിക്കും പോലെ അവനു തോന്നി.. ഇല്ലനന്താ... ഇനിയൊരിക്കലും ഈ ഏട്ടൻ നിന്റെ ജീവിതത്തിലെ സങ്കടങ്ങൾക്ക് കാരണമാകില്ല.. ഒരിക്കലും.. അവൻ മനസ്സിൽ പറഞ്ഞു..ആ നിമിഷം അവന്റെ മനസ്സിൽ അനന്തൻ മാത്രമേയുണ്ടായിരുന്നുള്ളൂ.. അവനപ്പോൾ ഒരേട്ടൻ മാത്രമായിരുന്നു.. അനന്തന്റെയും അച്ചുവിന്റെയും സ്നേഹിക്കാൻ മാത്രമറിയുന്ന ഏട്ടൻ.. ********* അച്ചുവെവിടെ അമ്മേ.. ആര്യന്റെ സംസാരം കേട്ട് അവർ ഗൗരവത്തോടെ തിരിഞ്ഞുനോക്കി.. എന്തിനാ.. ഇനീം കരയിക്കാനാണോ..

ആര്യൻ ചെറു ചിരിയോടെ വന്നു സുധാമ്മയുടെ തോളിൽ കയ്യിട്ട് നിന്നു.. മാറി നിൽക്ക് ആര്യാ.. അല്ലേൽ തന്നെ എന്റെ തോളിൽ എപ്പോഴും നീരാ.. സുധാമ്മ ദേഷ്യത്തിൽ അവന്റെ കയ്യെടുത്തു മാറ്റി പാത്രങ്ങൾ കൊണ്ട് സിങ്കിൽ ഇട്ടു.. ഇവിടെ ഇതൊക്കെ അമ്മയാണോ ചെയ്യുന്നത്.. മിനി എന്തിയെ.. അവൻ ചോദിച്ചു... അവള് പോയി..ശ്രീകുട്ടൻ വന്നു കൊണ്ടുപോയി.. സുധാമ്മ പറഞ്ഞു.. അവര് പോയെങ്കിൽ എന്താ.. അവളില്ലേ.. അച്ചുവും പിന്നെ അനന്തന്റെ.. സുധാമ്മ അവനെ ദേഷ്യത്തോടെ നോക്കി.. അവൻ ഒന്ന് പതറി.. പിന്നെ പുഞ്ചിരിച്ചു.. അച്ചു പിണക്കമായിരിക്കും.. പക്ഷെ ആ പെണ്ണ് എന്തിയെ.. അവളാരാ ഇവിടുത്തെ മഹാറാണിയോ..അമ്മയെ ജോലി ചെയ്യിച്ചിട്ട് സപ്രമാഞ്ചത്തിൽ ഇരിക്കാൻ..

ഇതൊക്കെ മരുമകളുടെ ജോലി അല്ലെ.. എനിക്ക് മരുമക്കൾ രണ്ടാണ്.. മാളു ഇങ്ങോട്ട് വന്നിട്ട് അധികം.ആയില്ലല്ലോ.. എനിക്ക് അസുഖം.തുടങ്ങിയിട്ട് കൊല്ലം അഞ്ജെട്ട് കൊല്ലമായി.. സിത്തു എന്തിയെ.. അവർ ചോദിച്ചു.. അമ്മേ അവൾക്കാകെ വല്ലപ്പോഴുമാണ് ലീവ് കിട്ടുന്നത്.. അതുപോലാണോ മാളു.. അതിനെന്താ.. മാളു ഇവിടുത്തെ ജോലി ചെയ്യാറില്ല എന്നു നിന്നോട് ആരാ പറഞ്ഞത്.. ഇവിടെ ചെയ്യാനുള്ളതൊക്കെ അവൾ ചെയ്യുന്നുണ്ട്.. പിന്നെ ഇങ്ങനെ ചെറിയ ജോലി ചെയ്യാൻ എനിക്ക് ഇപ്പൊ പ്രയാസവും ഇല്ല.. സിത്തുവും മാളുവും അച്ചുവും എനിക്ക് ഒരുപോലെയാ.. ആരും അവരെക്കാൾ മോളിലും താഴെയും ഒന്നുമല്ല.. അവർ അതും.പറഞ്ഞു പാത്രം കഴുകി.. സോറി അമ്മേ..

അവൻ അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പറഞ്ഞു.. എന്നോട് നീ എന്തേലും തെറ്റ് ചെയ്തോ.. അവർ അവനെ തെല്ല് രൂക്ഷമായി നോക്കി..ഇല്ലെന്നവൻ തലയാട്ടി.. എന്നാൽ പിന്നെ നീ വേദനിപ്പിച്ചവരോട് പോയി സോറി പറയ്.. എനിക്കാരുടെയും ക്ഷമാപണത്തിന്റെ ആവശ്യമൊന്നുമില്ല.. അവർ പറഞ്ഞു.. പിന്നെ.. ഇന്ന് അച്ചുവിനോട് പറഞ്ഞത് ഞാൻ ക്ഷമിച്ചു.. നാളെ മാളുവിനോട് ചൂടയാൽ ക്ഷമിക്കില്ല.. അതോർത്തു വെച്ചോ.. അവളുടെയും അനന്തന്റെയും ജീവിതത്തിൽ നീ ഇടപെടരുത്.. എനിക്കത്രെ പറയാനുള്ളൂ.. അതും പറഞ്ഞവർ അവനെ ഒന്നിരുത്തി നോക്കി പുറത്തേയ്ക്ക് പോയി.. അവൻ സങ്കടത്തോടെ അവരെ നോക്കി നിന്നു.. അമ്മേ അച്ചു... അവൻ എന്തോ ഓർത്തെന്നപോലെ വീണ്ടും ചോദിച്ചു..

അനന്തന്റെ കൂടെ പുറത്തുപോയി.. അവർ അത്രയും പറഞ്ഞു മുറിയിലേയ്ക്ക് പോയി.. ********* അച്ചൂ.. പയ്യെ.. കടലിലേയ്ക്ക്‌ മാളുവിന്റെ കൈപിടിച്ചോടുകയും തിരികെ തിരയെക്കാൾ വേഗത്തിൽ കരയിലേക്ക് ഓടുകയും ചെയ്യുന്ന അച്ചുവിനോടായി അവൻ വിളിച്ചുപറഞ്ഞു... അവൻ കൺ നിറയെ കാണുകയായിരുന്നു അവളുടെ സന്തോഷം.. അവളുടെ കൈകൾ മാളുവിന്റെ കൈകളിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു..രണ്ടാളും വലിയ സന്തോഷത്തിലാണ്.. അവൻ മാളുവിനെ നോക്കി നിന്നു.. സന്തോഷവതിയാണ് അവൾ.. അച്ചുവിനോടൊപ്പം തുള്ളിച്ചാടി നിന്ന് ചിരിക്കുന്നുണ്ട്.. അവളുടെ ഇളം ചുണ്ടുകളെക്കാൾ അവളുടെ കുഞ്ഞു നീണ്ട കണ്ണുകൾ ആ കടലിനെ ഉള്ളിലൊളിപ്പിച്ചു പുഞ്ചിരിക്കുന്നതായി അവനു തോന്നി..

കല്യാണംകഴിഞ്ഞ ശേഷം അവളെ ഇത്രയും സന്തോഷത്തോടെ ആദ്യമായി കാണുകയാണ്.. അനന്തേട്ടാ.. ഐസ് ക്രീം.. അച്ചു ഊദിവന്നവന്റെ കയ്യിൽ തൂങ്ങി പറഞ്ഞു.. അവൻ അവൾക്ക് പിന്നാലെ പൂഴിമണലിലൂടെ സാരിയൊതുക്കി നടക്കാൻ പാടുപെട്ടു നടന്നുവരുന്ന മാളുവിനെ നോക്കി.. അവളുടെ മുട്ടോളം സാരിയിൽ മുഴുക്കെ പൂഴിയാണ്.. അവളവനെ നോക്കി ചിരിച്ചു കാട്ടി.. തനിക്കും വേണോ ഐസ് ക്രീം.. അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.. എന്നാൽ നിങ്ങൾ ഇവിടെ നിൽക്ക്.. ഞാൻ പോയി വാങ്ങി വരാം.. പെട്ടെന്ന് വരണേ.. അച്ചു പറഞ്ഞതും അവൻ രണ്ടാളെയും നോക്കി ചിരിച്ചുകൊണ്ട് നടന്നു.. ഏട്ടാ.. ഇനി നമുക്കൊരു സെൽഫി എടുക്കാം..

ഐസ് ക്രീം കഴിക്കുന്നതിനിടയിൽ അനന്തന്റെ തോളിൽ ചാഞ്ഞു കിടന്നുകൊണ്ട് അച്ചു പറഞ്ഞു.. അനന്തൻ മാളുവിനെ നോക്കി.. അവൾ ഐസ് ക്രീം കഴിച്ചുകൊണ്ട് മറ്റേതോ ചിന്തയിൽ പുഞ്ചിരിയോടെ കടലിലേക്ക് നോക്കിയിരിക്കുകയാണ്.. ഏട്ടാ.. ഏട്ടത്തിയെ പിന്നെ വായിന്നോക്കാം.. ആദ്യം ഇത് പറയ്.. അച്ചു അവനെ തോണ്ടി പറഞ്ഞതും അവൻ ചമ്മലോടെ ചിരിച്ചു.. മ്മ്.. അവൻ മൂളി.. അവൾ ഫോണെടുത്തവനോട് ചേർന്നിരുന്ന് ഒന്ന് രണ്ടു ഫോട്ടോ എടുത്തു.. ഏട്ടത്തി.. ആ വിളിയിലാണ് മാളു ചിന്തകളിൽ നിന്നുണർന്ന് അവരെ നോക്കിയത്.. എന്താച്ചൂ.. ഇങ്ങോട്ട് നീങ്ങിയിരിക്ക്.. ഇതൊരുമാതിരി എന്നേം ഏട്ടനേം ആലുവ മണപ്പുറത്ത് പോലും കണ്ടിട്ടില്ലാത്ത ഭാവത്തിൽ ഇരിപ്പ്..ഇങ്ങോട്ട് വാ..

നമുക്ക് സെൽഫിയെടുക്കാം.. അവൾ പറഞ്ഞു.. മാളു ചെറു ചിരിയോടെ അവനരികിലേയ്ക്ക് നീങ്ങിയിരുന്നു.. അച്ചു അപ്പോഴേയ്ക്കും അവരോന്നിച്ചുള്ള സെൽഫി എടുത്തു.. ഇനി എഴുന്നേറ്റെ.. അച്ചു രണ്ടാളെയും എഴുന്നേൽപ്പിച്ചു.. ഇനി ഏട്ടന്റെയും ഏട്ടത്തിയുടേം ഫോട്ടോ.. കടലിനെ ഫേസ് ചെയ്ത് നിൽക്ക്.. അച്ചു രണ്ടാളെയും ഒന്നിച്ചു പിടിച്ചു നിർത്തിയതും അനന്തൻ മാളുവിനെ ഒന്ന് പാളി നോക്കി.. ഒന്ന് ചേർന്ന് നിൽക്ക് രണ്ടാളും.. അച്ചു മുൻപോട്ട് വന്ന് മാളുവിനെ അനന്തനോട് ചേർത്തു നിർത്തി.. മാളുവിന്റെ ഹൃദയമിടിപ്പൊന്നുയർന്നു.. അവൾ അനന്തനെ നോക്കിയതും അവനും അതേ അവസ്ഥയിലാണെന്ന് തോന്നി..

പക്ഷെ അതിനും മുകളിൽ അവന്റെ കണ്ണുകൾ ചുറ്റുമുള്ളവരിലേയ്ക്ക് പാളി വീഴുന്നുണ്ടായിരുന്നു.. സമൂഹത്തിനോടുള്ള ഭയം അവളാ കണ്ണിൽ കണ്ടു.. അടുത്ത നിമിഷം അച്ചു അവന്റെ കൈകൾ അവളുടെ തോളിലേയ്ക്കിട്ടു.. അവൻ പതർച്ചയോടെ അവളെ നോക്കിയതും അവളൊരു ചിരിയോടെ അവനിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു.. അവനത് വല്ലാത്ത ഒരാശ്വാസമായിരുന്നു.. ആദ്യം ഭയത്തോടെ അവളുടെ തോളിൽ വിറവലോടെ വെച്ചിരുന്ന കൈകൾ പതിയെ തന്നിൽ മുറുകുന്നത് അവളറിഞ്ഞു.. അവളിൽ ഭംഗിയുള്ളൊരു ചിരി വിരിഞ്ഞു.. അത്രമേൽ ഭംഗിയോടെതന്നെ അച്ചുവത് ക്യാമറയിൽ ഒപ്പിയെടുത്തു.. അവൾ ഫോണിൽ ഫോട്ടോ എടുത്ത ശേഷവും അനന്തന്റെ കൈകൾ അവളിൽ തന്നെയായിരുന്നു..

മാളുവും അതെതിർക്കാൻ പോയില്ല.. അപ്പോഴേയ്ക്കും അച്ചു അവർക്കരികിൽ വന്നു അനന്തനെ ചാരി നിന്ന് അവന്റെ മറുകൈ അവളുടെ തോളിലേയ്ക്കും ചേർത്തുവെച്ചു.. അച്ചുവിന്റെ ക്യാമറയിൽ പതിയുന്ന ഓരോ ചിത്രങ്ങളിലും അനന്തന്റെ പുഞ്ചിരി നിറഞ്ഞ ഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു.. ഭംഗിയോടെ.. ********** അവരെന്താമ്മേ ഇത്രേം നേരമായിട്ടും വരാത്തത്.. വാങ്ങികൊണ്ടുവന്ന പൊറോട്ടയും ചിക്കനും മേശയിൽ വെച്ച് ആര്യൻ ചോദിച്ചു.. കൊച്ചു കുട്ടിയോളൊന്നും അല്ലല്ലോ... അനന്തന്റെ കൂടെയല്ലേ പോയിരിക്കുന്നത്.. അവരിങ്ങോട്ട് വന്നോളും.. ചന്ദ്രശേഖർ ആണ് മറുപടി പറഞ്ഞത്.. അല്ല ചന്ദ്രേട്ടന് കഞ്ഞി എടുക്കട്ടേ.. സുധാമ്മ ചോദിച്ചു.. പിള്ളേര് വന്നിട്ട് മതി.. അയാൾ പറഞ്ഞു..

അച്ഛൻ കഞ്ഞി കുടിക്കാൻ പോവാണോ.. ഞാൻ ഇതൊക്കെ വാങ്ങിയത് എല്ലാവർക്കൂടെയാണ്... ആര്യൻ പരിഭവത്തോടെ പറഞ്ഞു.. രാത്രി ഞാൻ കട്ടി ആഹാരം കഴിക്കാറില്ല ആര്യാ.. പ്രായമായി വരികയല്ലേ.. വയറിനു പിടിക്കില്ല... ഇന്നാണെങ്കിൽ എനിക്ക് രാവിലെ മുതൽ വയറിന് സുഖമില്ലാതെ ഇരിക്കേമാ... അയാൾ പറഞ്ഞു.. ഇതൊന്നും ഇപ്പൊ ആരും അറിയാറില്ലല്ലോ ആര്യാ..അന്വേഷിക്കാറുമില്ല.. സുധാമ്മ വേദനയോടെ പറഞ്ഞു.. അവനും മുഖം താഴ്ത്തി.. ഇനി അതും പറഞ്ഞുടക്കേണ്ട അമ്മേം മോനും... ആ സുധേ.. ഞാൻ നാളെ പോകും. അത്യാവിശമായി കുറെയേറെ ഫയൽസ് നോക്കാനുണ്ട്.. കേസുകൾ കുറെ പെൻഡിങ് ആണ്.. മ്മ്.. സുധാമ്മ മൂളി.. അവർ വീണ്ടും അകത്തേയ്ക്ക് പോയി..

എന്തിനാ അച്ഛാ അമ്മയ്ക്ക് എന്നോടിത്ര ദേഷ്യം.. ആര്യൻ വേദനയോടെ ചോദിച്ചു.. അയാൾ ഒന്ന് പുഞ്ചിരിച്ചു.. വെറുതെയാടോ.. മിനിഞ്ഞാന്ന് വരെ നീയിങ്ങോട്ട് വരുന്നില്ല കുഞ്ഞിനെ പോലും കാണാൻ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു നടന്നവളാണ്... നിങ്ങളുടെയൊക്കെ അമ്മയല്ലേ..അതു തന്നെയാണ് പ്രശ്നവും.. നിങ്ങളുടെ എല്ലാവരുടെയും അമ്മയാണ് അവൾ.. അച്ചുവിനോട് ചൂടായതാണെങ്കിൽ അത് ഞാൻ പറഞ്ഞില്ലേ അച്ഛാ.. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ്.. അപ്പൊ മുതൽ അവളോടൊന്ന് സോറി പറയാൻ നോക്കുവാ.. അവളെ ഒന്ന് കണ്ടു കിട്ടിയിട്ട് വേണ്ടേ..അമ്മയ്ക്ക് ഒക്കെ അറിയാം.. ഇത് അതൊന്നുമല്ല.. അമ്മ എന്നെ മനപൂർവം വേദനിപ്പിക്കുവാ..എനിക്കറിയാം..

അമ്മേടെ മനസ്സിൽ ഇപ്പോഴും പഴയതൊക്കെ തന്നെയാ.. ആര്യൻ പറഞ്ഞു.. അതവൾ എങ്ങനെയാണ് ആര്യാ മറക്കുക.. നിനക്ക് അതൊക്കെ പഴയ കാര്യങ്ങളാണ്.. നിന്റെ ഒരാളുടെ സ്വാർത്ഥത കൊണ്ട് എത്ര ജീവിതങ്ങളാണ് കരിനിഴൽ വീണതെന്ന് നിനക്കറിയാമോ.. അനന്തൻ ഒന്ന് ചിരിച്ചു കാണാൻ തുടങ്ങിയിട്ട് ആകെ കുറച്ചു നാളുകളെ ആയിട്ടുള്ളു. മാളു വന്നതിന് ശേഷം.. അതുവരെ അവനെ കാണുന്ന ഓരോ നിമിഷവും ഞാനും നിന്റെ അമ്മയും എത്ര നീറിയിട്ടുണ്ടെന്നോ.. അച്ചു എത്ര കരഞ്ഞിട്ടുണ്ടെന്നോ.. അപ്പോഴൊക്കെയും ദർശമോളായിരുന്നു ഞങ്ങൾക്ക് ആകെയുള്ള തണൽ.. അവൾ ഒരാൾ കാരണമാണ് അവനിപ്പോഴും സ്വബോധത്തിൽ ജീവിക്കുന്നത്.. ഡിപ്രഷനിലേയ്ക്ക് പോകുമോ എന്നുവരെ ഞങ്ങൾ പിടിച്ചിരുന്ന സമയത്തു അവളുടെ ജീവിതം പോലും ഒരു വശത്ത് മാറ്റി വെച്ചവൾ എന്റെ കുഞ്ഞിന് കാവലിരുന്നു..

അപ്പോഴൊക്കെയും അവളെ കാണുമ്പോ സുധ നെഞ്ചുപൊട്ടി വിങ്ങുമായിരുന്നു. അവളോട് ചെയ്തുപോയ തെറ്റോർത്തിട്ട്.. എല്ലാറ്റിനും അറിഞ്ഞോ അറിയാതെയോ കാരണം നീയായിരുന്നു ആര്യാ.. നിന്റെ സ്വാർത്ഥത ആയിരുന്നു അല്ലെ.. അച്ഛാ ഞാൻ.. കുറ്റപ്പെടുത്തിയതല്ല ആര്യാ.. എനിക്കറിയാം.. സിത്തൂ മോൾക്ക് വേണ്ടിയാണ് നീ അങ്ങനെ.. പക്ഷെ നിന്റെ മുൻപിൽ അപ്പോഴും വേറെ ഒരുപാട് വഴികളുണ്ടായിരുന്നു.. അതൊക്കെ കഴിഞ്ഞതാണ്.. പക്ഷെ ഇന്നും അതിന്റെ വേദനയിൽ ജീവിക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഇവിടെ.. ആ മുറിവുകൾ ഉണങ്ങി വരുന്നതെയുള്ളൂ.. നീ പഴയതുപോലെ ഇടപെടുമ്പോൾ ചിലപ്പോൾ ആ മുറിവിൽ നിന്ന് വീണ്ടും രക്തം കിനിഞ്ഞേക്കാം..

അതുകൊണ്ട് നീയിവിടെ ഓരോരുത്തരോടും ഇടപെടുമ്പോൾ സൂക്ഷിക്കണം.. നിന്നെപ്പോലെ അല്ല മറ്റുള്ളവർ.. അതുകൊണ്ട് തന്നെ നീ ഓരോന്ന് പറയുമ്പോഴും പ്രവർത്തിക്കുമ്പോഴും നീ കാണുന്ന അർത്ഥമാകില്ല മറ്റുള്ളവർ കാണുന്നത്.. അയാൾ അതും പറഞ്ഞെഴുന്നേറ്റു ആലോചനയോടെ പുറത്തേയ്ക്ക് നടന്നു.. ആര്യൻ പഴയ ഓർമകളിൽ തറഞ്ഞിരിക്കുകയായിരുന്നു അപ്പോഴും..അവന്റെ കണ്ണിൽ എപ്പോഴും ചെറു പുഞ്ചിരിയോടെ മാത്രം എപ്പോഴും കാണപ്പെട്ടിരുന്ന അനന്തന്റെ മുഖം ഓടിയെത്തി.. തൊടരുതെന്നെ..നിങ്ങൾ.. നിങ്ങൾ ഒരാൾ കാരണമാ.. എന്തിനായിരുന്നു എല്ലാം..ഏട്ടാന്ന് വിളിച്ചപ്പോഴും അച്ഛനെപ്പോലെ കണ്ടു ബഹുമാനിച്ചിട്ടല്ലേയുള്ളൂ..എന്നിട്ടും..

അനന്തന്റെ വാക്കുകൾ.. ആദ്യമായും അവസാനമായും അവനൊരാളെ കുറ്റം പറഞ്ഞത് അന്നായിരുന്നു.. അതും അവൾക്ക് വേണ്ടി.. അവൾക്ക് വേണ്ടി മാത്രം..അവളെ കൂടി ചതിച്ചതുകൊണ്ട് മാത്രം.. അവനു മനസ്സ് നീറുന്നതായി തോന്നി.. ഹൃദയം വിങ്ങി.. ചില മുറിവുകൾ അങ്ങനെയാണ്.. കാലപ്പഴക്കം കൂടും തോറും അവയങ്ങനെ പഴുത്തുകൊണ്ടിരിക്കും...ഒരിക്കലും കരിയാതെ.. ********* അടുത്ത ആഴ്ച ഞങ്ങൾ മടങ്ങും.. എല്ലാവരും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴായിരുന്നു ആര്യന്റെ വാക്കുകൾ.. കുഞ്ഞിന് ചോറുകൊടുത്തുകൊണ്ടിരുന്ന സിത്താര പോലും അവനെ ഞെട്ടലോടെ നോക്കി.. മറ്റാരും അഭിപ്രായമൊന്നും പറഞ്ഞില്ല..

പക്ഷെ എല്ലാവരിലും ഒരു തരം വേദന ആര്യൻ കണ്ടു.. അച്ചൂ... സോറി മോളെ.. അത്രയും..അത്ര മാത്രം പറഞ്ഞുകൊണ്ടാവാൻ നിറകണ്ണുകളോടെ എഴുന്നേറ്റ് പോകുമ്പോൾ അനന്തന്റെ കണ്ണുകളും അവനിൽ പതിഞ്ഞിരുന്നു.. ഒരു മാസം ഇവിടുണ്ടാകും എന്നല്ലേ മോള് പറഞ്ഞത്.. സുധാമ്മ സിത്തുവിനെ നോക്കി.. ആര്യന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും ഒക്കെ ആര്യന്റേത് മാത്രമല്ലേ അപ്പച്ചി.. അതിൽ എനിക്കെന്താ റോൾ.. ആ ഞാൻ നാളെ വീട്ടിലേയ്ക്ക് പോകും. തിരിച്ചു പോകും മുന്നേ എനിക്ക് വീട്ടിൽ ഒരീസമെങ്കിലും നിൽക്കണം.. അനന്താ നിങ്ങൾ വരുന്നോ.. കല്യാണം കഴിഞ്ഞങ്ങോട്ട് പോയില്ലല്ലോ.. സിത്തു വിഷയം മാറ്റാൻ ചോദിച്ചു.. നോക്കട്ടെ സിത്തൂ.. ഞാനെപ്പോഴും ഫ്രീ അല്ലെ.. അവൻ പറഞ്ഞു..

മ്മ്.. അതും പറഞ്ഞവൾ എഴുന്നേറ്റു.. നീയൊന്നും കഴിച്ചില്ലല്ലോ.. അനന്തൻ അവളെ കൂർപ്പിച്ചു നോക്കി.. എനിക്ക് വിശക്കുന്നില്ല.. ഓഹോ.. ഇരിക്കെടി അവിടെ. അനന്തൻ ഇടത് കയ്യാലെ അവളെ പിടിച്ചിരുത്തി അവൾക്ക് വിളമ്പി കൊടുത്തു.. പട്ടിണി കിടക്കാൻ കൽക്കട്ടയിൽ സ്ഥലമുണ്ടല്ലോ.. ഇവിടെ വേണ്ട..മിണ്ടാതെ കഴിച്ചിട്ട് പോയാൽ മതി.. അനന്തൻ തീർത്തു പറഞ്ഞു.. എല്ലാവരും അവരെ നോക്കി പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു..മാളുവിന്റെ കണ്ണിലും ആ സാഹോദര്യം നിറഞ്ഞു.. അവൾക്ക് ദേവനെയാണ് ഓർമ്മ വന്നത്.. ആ ഓർമ്മയിൽ അവളുടെ കണ്ണൊന്ന് നിറഞ്ഞതും അവൾ വേഗം സമർഥമായി അതൊളിപ്പിച്ചു പുഞ്ചിരിച്ചു.. ******** ഇതെന്തിനാണവോ എല്ലാം കൂടി ഇവിടിങ്ങനെ അടുക്കി വെച്ചിരിക്കുന്നത്.. അതും പറഞ്ഞു മേശയിൽ അടുക്കി വെച്ചിരുന്ന ബുക്കുകൾ എടുത്തവൾ ഷെല്ഫിനരികിലേയ്ക്ക് നീങ്ങി..

അവളുടെ കാലൊന്ന് കട്ടിലിൽ തട്ടിയതും കയ്യിലിരുന്നവ അപ്പാടെ താഴേയ്ക്ക് വീണു. മാളുവും വേദനയോടെ താഴേയ്ക്ക് ഇരുന്നുപോയി.. ഔച്ച്. അവൾ ചുണ്ടുകടിച്ചു വേദന വിഴുങ്ങി.. പെട്ടെന്നാണ് നിലത്തേയ്ക്ക് വീണ ഒരു ബുക്കിൽ നിന്ന് ഒരു മയിൽപ്പീലി വീണുകിടക്കുന്നത് അവൾ കണ്ടത്.. ആ കൗതുകത്തിൽ അവളതെടുത്തു.ബുക്കിലെഒരു പേപ്പറിനുള്ളിൽ ഭദ്രമായി വെച്ചിരിക്കുന്നുണ്ട് അത്...ഭംഗിയുള്ള ഒരു മയിൽപ്പീലി.. അതിനോടൊപ്പം ഒരു പേപ്പർ.. അവളത് കയ്യിലെടുത്തു വായിച്ചു.. പ്രണയമെന്നത് ഇത്രമേൽ തീവ്രമാണെന്ന പാഠം എന്നിലേക്ക് പകർന്ന് തന്ന എന്റെ അനന്തന്.. അനന്തന്റെ മാത്രം ദച്ചു.. മാളു വിശ്വാസം വരാതെ പലവട്ടം ആ വരികളിൽ കണ്ണോടിച്ചു..

എന്താ മാളൂ.. അനന്തൻ അപ്പോഴാണ് മുറിയിലേയ്ക്ക് വന്നത്.. അവൾ നിലത്തിരിക്കുന്നത് കണ്ടതും അവൻ ഓടിവന്ന് അവൾക്കരികിൽ ഇരുന്നു.. എന്താടോ.. കാല് തെറ്റി.. അവൾ വേദനയോടെ പറയുമ്പോഴും അനന്തൻ അവളുടെ നിറഞ്ഞ കണ്ണിലേയ്ക്കായിരുന്നു നോക്കിയത്.. എന്തിനാ ഇതൊക്കെകൂടി എടുത്തത്.. അതും പറഞ്ഞവൻ അവളെ പിടിച്ചെഴുന്നേല്പിച്ചു.. അവളെ ചേർത്തുപിടിച്ചു കട്ടിലിൽ ഇരുത്തുമ്പോഴും അവളുടെ കയ്യിലാ ബുക്ക് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. അവൻ വേഗം ഡ്രോ തുറന്ന് ഒരു ബാം കയ്യിലെടുത്തു.. അവളുടെ കാലു പിടിച്ചു മടിയിൽ വെച്ച് അവൻ മെല്ലെ ഉഴിഞ്ഞുകൊടുത്തു... അനന്തേട്ടാ.. അവൾ വിളിച്ചതും അവനവളെ നോക്കി..

അവളാ ബുക്ക് നിവർത്ത് അവനു നേർക്ക് നീട്ടി.. അവന്റെ കണ്ണൊന്ന് വിടർന്നു.. പിന്നെ അതിൽ അത്ഭുതം നിറഞ്ഞു.. ഒരു തിളക്കം.. പെട്ടെന്ന് കണ്ണൊന്ന് ചുരുങ്ങി.. ആ തിളക്കം കണ്ണുനീർ കൊണ്ട് മൂടപ്പെട്ടു.. വിരഹം നിറഞ്ഞു..വേദന നിറഞ്ഞു.. ആ നോട്ടം അവൻ മെല്ലെ പിൻവലിച്ചു.. പിന്നെ ബാം തിരികെ വെച്ചവൻ പുറത്തേയ്ക്ക് പോയി.. അവൻ പോയ വഴിയേ നോക്കി അവളിരുന്നു. നെഞ്ചിൽ എന്തോ ഒരു വേദന.. പ്രിയപ്പെട്ടത് എന്തോ ഒന്ന് തന്നിൽ നിന്ന് നഷ്ടമാകും പോലെ ഒരു തോന്നൽ.. പെട്ടെന്നത് വളരെയേറെ സംശയങ്ങൾക്ക് വഴിമാറി... അവൾ മെല്ലെ എഴുന്നേറ്റ് അവനു പിന്നാലെ നടന്നു.. അനന്തേട്ടാ.. പ്രതീക്ഷിച്ചതുപോലെ ബാൽക്കണിയിൽ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നവനെ നോക്കി അവൾ വിളിച്ചു..

അവൻ തിരിഞ്ഞു നോക്കിയില്ല... മഴയെ ആവാഹിച്ചൊരു തണുത്ത കാറ്റ് അവരെ തഴുകി പോയി.. അവൾ മെല്ലെ അവനു പിന്നിൽ ചെന്ന് നിന്നു.. ശേഷം അവനോടൊപ്പം നിന്നു. ഇഷ്ടമായിരുന്നു ല്ലേ.. മ്മ്... അവനൊന്ന് നേർമയായി മൂളി.. അത്രയ്ക്ക് ഇഷ്ടമായിട്ട് എന്താ പിന്നെ ഇങ്ങോട്ട് കൂട്ടാഞ്ഞാത്.. അവൾ അവനെ നോക്കി..ആ താനൊന്ന് പുഞ്ചിരിച്ചു.. ഇഷ്ടം മാത്രം പോരല്ലോ.. വിധിയും വേണ്ടേ.. ആ വാക്കുകളിലെ നഷ്ടബോധം മനസ്സിലാക്കാൻ അവൾക്ക് വേഗം കഴിയുമായിരുന്നു.. അവളവനെ നോക്കി.. അപ്പോഴും ആ ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു. അവന്റെയുള്ളിലെ വേദനകൾ മുഴുവൻ നിറഞ്ഞൊരു പുഞ്ചിരി..............തുടരും………

പ്രിയം : ഭാഗം 17

Share this story