പ്രിയം: ഭാഗം 2

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അമ്മേ.. നിലത്തുനിന്ന് തറ തുടച്ചുകൊണ്ടിരുന്ന മിനി എഴുന്നേറ്റ് ഓടി വരും മുൻപേ അവർ സ്റ്റെപ്പിൽ നിന്നും താഴേയ്ക്ക് വീണു പോയിരുന്നു.. അനന്താ.. മിനിയുടെ ഒച്ച മേലേപ്പാട്ടെ ചുവരുകളിൽ പ്രതിധ്വനിക്കവേ സുധാമ്മയുടെ നെറ്റിയിൽ നിന്നും ചോര ആ തറയിൽ തളം കെട്ടുന്നുണ്ടായിരുന്നു..അപ്പോഴും ആ ഹൃദയം മിടിക്കുന്നത് തന്റെ മകനായി മാത്രമായിരുന്നു... അശാന്തമായി.. അമ്മേ.. മുകളിൽ നിന്നും അനന്തൻ ഓടിയിറങ്ങി വന്നു.. അനന്തൻ കുഞ്ഞേ പെട്ടെന്ന് ആസ്പത്രീല് കൊണ്ടോവാം.. ചോര.. മിനി കരഞ്ഞുപോയി. അവരുടെ മടിയിലൊക്കെ നിറയെ ചോരയായിരുന്നു.. അനന്തനവരെ വാരിയെടുത്തു.. പിന്നെ കാറിനടുത്തേയ്ക്ക് ഓടി..തൊട്ട് പിന്നാലെ മിനിയും.. അപ്പേട്ടാ.. അനന്തന്റെ വിളി കേട്ട് ഔട്ട് ഹൗസ്സിൽ നിന്നും അപ്പേട്ടൻ ഓടിയിറങ്ങി വന്നു.. കീ.. അനന്തൻ ഉറക്കെ പറഞ്ഞതും അയാൾ അകത്തേയ്ക്ക് ഓടി.. അപ്പോഴേയ്ക്കും മിനി ഔട്ട് ഹൗസിലേക്ക് ഓടിയിരുന്നു.. അയാൾ കീയുമായി വന്നതും അവളതും വാങ്ങി ഓടി.. ഡോർ തുറന്നു നൽകി.. അനന്തൻ അവരെ അകത്തേയ്ക്ക് കോടതി..

എന്താ കുഞ്ഞേ പറ്റിയെ.. സ്റ്റെയറിൽ നിന്നു വീണു അപ്പേട്ടാ.. ഞാൻ ആശുപത്രിയിൽ കൊണ്ടുപോവാ.. ഇവിടെ ഉണ്ടാവണം.. അച്ചു വന്നാൽ അവളുമായി അങ്ങോട്ട് പൊന്നോളൂ.. ഞാൻ മാതായിലേയ്ക്കാ പോകുന്നേ.. അവൻ പറയുന്നതിനിടയിൽ മിനി ഉള്ളിൽ കയറി സുധാമ്മയുടെ തലയെടുത്തു മടിയിൽ വെച്ചിരുന്നു. അവൻ അകത്തേയ്ക്ക് ഓടി.. തിരിച്ചു വന്നത് അച്ഛന്റെ ഒരു മുണ്ടുമായിട്ടായിരുന്നു.. അത് വലിച്ചു കീറി മിനിയുടെ സഹായത്തോടെ അവരുടെ തലയിൽ കെട്ടി.. ശേഷം കാറുമെടുത്തു ദൃതിയിൽ ഹോസ്പിറ്റലിലേക്ക് പോയി.. ആ പോക്ക് നോക്കി അപ്പേട്ടൻ വേദനയോടെ നിന്നു.. ********* അച്ഛാ.. പതിഞ്ഞ ആ ശബ്ദം കേട്ടതും കുഴിഞ്ഞ കണ്ണുകൾ വലിച്ചു തുറന്നയാൾ അവളെ നോക്കി.. മാളു ചെറുങ്ങനെ പുഞ്ചിരിച്ചു.. എ.. എ.. എ..സാ.. അവളുടെ മുറിവ് കണ്ടതും വെപ്രാളത്തിൽ അയാൾ എന്തൊക്കെയോ ചോദിച്ചു.. വ്യക്തമാകാത്ത അക്ഷരങ്ങൾ പറക്കികൂട്ടി അയാൾ ചോദിക്കുന്നതും പറയുന്നതും എന്തെന്ന് തിരിച്ചറിയാനും പോന്ന അറിവ് അവൾ അതിനോടകം സായക്തമാക്കിയിരുന്നു..

ഒന്നൂല്യ അച്ഛാ.. ചെറിയൊരു ആക്സിഡന്റ്. ഒന്നും പറ്റിയില്ല.. പിന്നെ ആശുപത്രിയിൽ ചെന്നാൽ അവർക്ക് ഉള്ള മെഷീനിൽ ഒക്കെ കേറ്റി ഇറക്കണേൽ ഒരിത്തിരി ഭേദോള്ള മുറിവൊക്കെ വേണ്ടേ.. അതിന് കെട്ടി വെച്ചതാ. ഏതായാലും കാശ് മുടക്കി കെട്ടി.. എന്നാൽ ഒരു ഭംഗിക്ക് അതവിടെ ഇരിക്കെട്ടെന്ന് ഞാനും കരുതി.. മാളു ചെറു ചിരിയോടെ പറഞ്ഞു.. ആ കണ്ണുകൾ അപ്പോഴേയ്ക്കും നിറഞ്ഞു.. അയ്യേ.. മാളൂന്റെ അച്ഛൻ കരയാ.. മോശാട്ടോ.. മാളു പറഞ്ഞു.. മുറിയിലെ അരണ്ട 60 വാട്ട് ബൾബിന്റെ മഞ്ഞ വെളിച്ചത്തിൽ അയാളുടെ കണ്ണുനീരിന്റെ തിളക്കം അവൾ കണ്ടിരുന്നു.. അവൾ വെറുതെ ചുറ്റും നോക്കി.. തടി കൊണ്ടുള്ള ജനാല ആകെ പോയി കഴിഞ്ഞു.. ആഞ്ഞൊന്ന് തുറക്കാൻ ശ്രമിച്ചാൽ അത് പൊളിഞ്ഞു പോകും.. ഭിത്തി പൊളിഞ്ഞിളകി പലയിടത്തും വെട്ടുകല്ലു തെളിഞ്ഞു കാണാം. പഠിക്കുമ്പോളെന്തൊക്കെ ആശകളായിരുന്നു.. പഠിച്ചിറങ്ങി നല്ലൊരു ജോലി കിട്ടിയാൽ വീടൊക്കെ ഒന്ന് മോഡിഫൈ ചെയ്യണം.. ഒന്നുമില്ലെങ്കിലും പോയിരിക്കുന്ന ജനലുകളും കതകുകളും മാറ്റി കൊള്ളാവുന്നത് വെയ്ക്കണം...

ഇളകി കിടക്കുന്ന തറയൊക്കെ പൊളിച്ചു മാറ്റി ഒരിത്തിരി കോണ്ക്രീറ്റിട്ട് തേയ്ക്കണം.. അടുക്കളയിലെ പൊട്ടിയ ഷീറ്റോക്കെ മാറ്റി വേറെ ഇടണം.. എല്ലാം പോയി.. എൻജിനീയറിങ് മൂന്നാം വർഷത്തെ പരീക്ഷ കഴിഞ്ഞു വീട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു കവലയിൽ പെട്ടിക്കട നടത്തുന്ന സുധാകരേട്ടൻ അച്ഛന് നെഞ്ചു വേദന വന്ന് ആശുപത്രിയിലായ കാര്യം പറഞ്ഞത്.. ബാഗും ബുക്കും അവിടെ കളഞ്ഞിട്ട് ഓടിയ ഓട്ടം താലൂക്ക് ആശുപത്രിയുടെ ഐ സിയുവിന്റെ മുന്പിലാണ് നിന്നത്... അറ്റാക്ക് ആയിരുന്നത്രെ.. അടുത്തുള്ള തടിമില്ലിലെ ലോറി ഓടിക്കുമായിരുന്നു അച്ഛൻ..അതായിരുന്നു ആകെയുള്ള വരുമാനവും.. അതും നിലച്ചതോടെ കടമായി.. ബാധ്യതകളായി.. ആരോടൊക്കെയോ കാലുപിടിച്ചു ചെറിയമ്മ ഏതോ ഇഞ്ചക്ഷനുള്ള കാശ് അടച്ചു.. ജീവൻ രക്ഷപെട്ടു.. പക്ഷെ.. അവൾ അയാളെ നോക്കി.. പിന്നീട് എഴുന്നേറ്റിട്ടില്ല.. ആദ്യമൊന്നും ഒന്നും മിണ്ടില്ലായിരുന്നു.. പിന്നെ പിന്നെ കൂടെയിരുന്നു സംസാരിക്കാൻ തുടങ്ങി.. തന്റെയും അമ്മുവിന്റെയും സ്ഥിരം വായാടിത്തത്തിന്റെ ഫലമായി ഇപ്പൊ ഇങ്ങനെ എണ്ണിപ്പറക്കി എന്തൊക്കെയോ പറയും..

തനിക്കും അമ്മുവിനും ചെറിയമ്മയ്ക്കും അല്ലാതെ ലോകത്താർക്കും മനസ്സിലാകാത്ത അച്ഛന്റെ ഭാഷ.. മാളു ആ കണ്ണുകൾ തന്റെ കയ്യാൽ തുടച്ചു കൊടുത്തു. പിന്നെയാ നെറ്റിയിൽ മെല്ലെ ചുംബിച്ചു.. മരുന്നൊക്കെ കഴിച്ചോ.. മാളുവിന്റെ ചോദ്യത്തിന് അയാൾ അതെയെന്ന് കാണിച്ചു.. അവൾ എഴുന്നേറ്റ് പോയി മരുന്ന് പെട്ടി തുറന്നു..ഒരു പെട്ടി നിറയെ മരുന്നുകൾ... പല വർണ്ണത്തിലും രൂപത്തിലും ഉള്ളവ.. തന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചു കൊണ്ടുവരുന്ന അമൃത് ഇതൊക്കെയാണ്.. മരുന്നിന്റെ അളവൊക്കെ ഓരോ കവർ തുറന്നവൾ പരിശോധിച്ചു.. ആ നീയിവിടെ നിൽക്കുവായിരുന്നോ.. അമ്മു വിളക്ക് വെച്ചിട്ട് നിന്നെ കണ്ടില്ലെന്നും പറഞ്ഞു നടപ്പുണ്ട്.. സൗദാമിനി പറഞ്ഞു.. ആ..കൊളസ്‌ട്രോളിന്റെ മരുന്ന് കഴിയാറായല്ലോ ചെറ്യമ്മേ.. മാളു പറഞ്ഞു.. ആസ്പത്രിയിൽ കൊണ്ടുപോകേണ്ട സമയമായി.. നന്ദേട്ടൻ വരട്ടെ.. ഞാൻ സംസാരിക്കാം.. മാളു പറഞ്ഞു. ആ.. ഇന്നാകുമ്പോ പറ്റിയ കോലത്തിലാകും വരവ്.. ആ തേയില പാത്രത്തിൽ കിടന്ന 300 കൊണ്ടുപോയിട്ടുണ്ട്.. അമ്മൂന് പുതിയ ചുരിദാർ തയ്ക്കാൻ നീ ഇന്നലെ തന്ന കാശാ അത്..

സൗദാമിനി മുഖം താഴ്ത്തി.. ശേഷം കിടക്കയിൽ കിടക്കുന്ന അശോകനെ നോക്കി.. വരട്ടെ.. ഞാൻ സാവകാശം പറഞ്ഞോളാം.. അതല്ലെങ്കിൽ ഞാൻ നാളെ അരുണിനോട് വരാൻ പറയാം.. ആ എന്നാൽ അതാകും നല്ലത്.. ആ ചെക്കനാണേൽ ഒന്നുമറിയേണ്ട.. അവൻ തന്നെ തൂക്കിയെടുത്ത് ആട്ടോയിൽ കയറ്റിക്കോളും.. തിരിച്ചും.. മോളൊന്ന് വിളിച്ചു നോക്ക്..അല്ല നാളത്തേക്കിന് കാശ്.. സൗദാമിനി നോക്കി.. ഞാൻ കടേന്ന് കാശ് ചോദിച്ചിട്ടുണ്ട് ചെറിയമ്മേ.. നോക്കട്ടെ. കിട്ടിയാൽ അരുണിന്റെ കയ്യിൽ ഏൽപ്പിച്ചേക്കാം.. ആ.. അതുമതി.. ഇങ്ങോട്ട് കാശുമായി വരാതിരിക്കണതാ നല്ലത്.. ആ കാലൻ കണ്ടാൽ കൊണ്ടുപോകും.. സൗദാമിനി പല്ലു ഞെരിച്ചു.. അത് വിട് ചെറിയമ്മേ.. അടുക്കളേൽ ഇനി പണി എന്തെങ്കിലും ഉണ്ടോ.. ഓ.. കഞ്ഞി വാങ്ങി ആ പാലും ഒറയൊഴിക്കണം.. ഞാൻ പോവാ മോളെ.. ഞാൻ ചെയ്തേക്കാം ചെറിയമ്മേ.. ചെറിയമ്മ കുറച്ചുനേരം റെസ്റ്റെടുക്ക്.. അതും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി.. സൗദാമിനി അശോകനരികിൽ ഇരുന്നു.. പാവം..പെടാപ്പാട് പെടുന്നുണ്ട്.. സൗദാമിനി കസേരയിൽ കിടന്ന തുണി ഒന്നൊന്നായി മടക്കിക്കൊണ്ട് പറഞ്ഞു..

പാ..പാ..വ്.. മ്മ്.. പാവമാ.. അവരതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു.. ********** സുധർമ്മ.. സുധർമ്മയുടെ ആരാ കൂടെ.. ഞാനാ ഡോക്ടർ.. അനന്തൻ ചോദിച്ചു.. നിങ്ങളാരാ.. മകനാണ്.. ആ.. ഡോക്ടർ വിളിക്കുന്നുണ്ട്.. സർ ഐസിയുവിൽ സാറിന്റെ ക്യാബിനിൽ ഉണ്ട്.. ചെല്ലു.. അവനത് കേട്ട് അകത്തേയ്ക്കോടി.. ദേഹത്താകെ ചോരയാണ്.. മിനി അപ്പോഴും സങ്കടപ്പെട്ടിരിക്കുകയായിരുന്നു.. ഡോക്ടർ അമ്മ.. അനന്തൻ ഇരിക്ക്.. അവൻ അത്ഭുതത്തോടെ അയാളെ നോക്കി.. അമ്മ പറഞ്ഞതാ.. അനന്തൻ ആധിയെടുത്തിരിക്കുവാണെന്ന്.. അവൻ അൽപ്പം സമാധാനത്തോടെ ഇരുന്നു.. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.. ബി പി ഹൈ ആണ്.. വീണപ്പോ ഉള്ള മുറിവ്.. അത്രെയേയുള്ളൂ.. ഐ സി യുവിൽ നിന്ന് ഉടനെ മാറ്റാം.. പിന്നെ ഇന്നൊരീസം ഇവിടെ കിടക്കട്ടെ..ബിപി ഒന്ന് കുറഞ്ഞിട്ട് പോകാം.. ഡോക്ടർ പറഞ്ഞു.. അമ്മയ്ക്ക് വേറെ പ്രശ്നം ഒന്നുമില്ലല്ലോ അല്ലെ.. ഹേയ്.. പിന്നെ ബി പി ഇങ്ങനെ കൂടുന്നത് പ്രശ്നമാണ് കേട്ടോ.. അമ്മയ്ക്ക് ടെൻഷൻ നൽകുന്നത് ഒന്നും തൽക്കാലം പറയേണ്ട.. അനന്തൻ തല താഴ്ത്തി..

ഇറങ്ങി പോകാൻ അവരോട് ആവശ്യപ്പെട്ട രംഗം അവന്റെ മനസ്സിൽ നിറഞ്ഞു..അവന്റെ കണ്ണുകൾ നിറഞ്ഞു.. അമ്മയെ എനിക്കൊന്ന് കാണാൻ പറ്റുമോ ഡോക്ടർ.. പിന്നെന്താ.. പോയി കണ്ടോളൂ.. ഞാൻ സിസ്റ്ററിനോട് പറയാം.. പിന്നെ കാണുമ്പോൾ ഞാൻ പറഞ്ഞ കാര്യം മറക്കാതെ ഇരിക്കുക.. അമ്മ തൽക്കാലം ടെൻഷൻ ആകരുത്.. അങ്ങനെയുള്ള ഒരു കാര്യവും തൽക്കാലം പറയേണ്ട.. ഓകെ ഡോക്ടർ.. അവൻ എഴുന്നേറ്റു.. ഐ സിയുവിനുള്ളിൽ കിടക്കുന്ന അമ്മയെ നിറകണ്ണുകളോടെ അനന്തൻ നോക്കി.. അമ്മേ.. അവന്റെ വിളിയിൽ അവർ കണ്ണൊന്ന് ചിമ്മിതുറന്നു.. അവരവനായി ഒരു പുഞ്ചിരി നൽകി.. നെറ്റിയിലെ മുറിവിൽ അവനൊന്ന് വിരലോടിച്ചു.. മിനി.. പുറത്തുണ്ട്.. അവരാകെ പേടിച്ചുപോയി.. അനന്തൻ പറഞ്ഞു.. മ്മ്... അച്ചുവോ..അവളറിഞ്ഞോ.. വന്നില്ല.. അപ്പേട്ടനെ ഏൽപ്പിച്ചു.. അച്ഛനെ അറിയിച്ചോ.. അച്ഛനേം ആര്യനേം ഒന്നും അറിയിച്ചില്ല.. ഇത്ര നേരം ശ്വാസം വിട്ടിട്ടില്ല.. അവൻ പറഞ്ഞു.. അവർ ചിരിച്ചു. ശ്രദ്ധിക്കേണ്ടേ അമ്മേ.. അവനവരെ തഴുകി.. അനന്താ. അവനവരെ നോക്കി.. ഞാൻ മരിച്ചു പോകുമെന്നാ കരുതിയെ..

അമ്മേ.. അനന്തൻ അലറും പോലെ വിളിച്ചു.. പയ്യെ.. ആസ്പത്രിയാ... അവൻ തല കുനിച്ചു.. മോനെ.. അവനവരെ നോക്കി.. പേടിയാ അമ്മയ്ക്ക്.. ഞാനങ്ങു പോയാൽ.. ആര്യന് കുടുംബമായി.. കുഞ്ഞുങ്ങളും. അവരുടെ ജീവിതം..സാധാരണ അമ്മമാർക്ക് പെണ്മക്കളെ ഓർത്താ വേദന.. അച്ചുവിന്റെ കാര്യത്തിൽ എനിക്കാ ആധിയില്ല.. നിങ്ങൾ രണ്ടേട്ടന്മാരും അച്ഛനും അവളെ പൊന്നുപോലെ നോക്കുമെന്നറിയാം..പക്ഷെ നീ.. അവനവരെ നിറകണ്ണോടെ നോക്കി.. അമ്മയ്ക്കറിയാം കുട്ടീ നിന്റെ മനസ്സ്.. ഒരുപാട് വേദനിച്ചിട്ടുണ്ട് നീ.. എല്ലാം അമ്മയ്ക്കറിയാം.. പക്ഷെ ഇനിയും നീയങ്ങനെ ഒറ്റയ്ക്ക്.. അതമ്മയ്ക്ക് താങ്ങാൻ വയ്യ കുട്ടി.. അവർ കണ്ണു തുടച്ചു.. അമ്മേ പ്ലീസ്.. ചുമ്മാ ഓരോന്ന് കരുതി ടെൻഷൻ ആകല്ലേ.. എനിക്ക് വേറെ ടെൻഷൻ ഒന്നുമില്ല.. നിന്റെ കാര്യത്തിലാ ആധി.. എന്റെ കാര്യത്തിൽ എന്താ.. ഞാനെന്താ ഇള്ളാകുട്ടിയോ.. അവൻ ചൊടിച്ചു.. അമ്മയ്ക്ക് നീ കുഞ്ഞാ..അത് പോട്ടെ. നീ എനിക്കൊരു വാക്ക് തരാമോ അനന്താ.. അമ്മയ്ക്ക് എന്താ വേണ്ടത്..

അവൻ ചോദിച്ചു.. വേറൊന്നും വേണ്ട.. നീയാ അച്ഛൻ കൊണ്ടുവന്ന ആലോചനയ്ക്ക് സമ്മതിച്ചാൽ മതി.. സുധാമ്മ പ്രതീക്ഷയോടെ അവനെ നോക്കി.. അവൻ കണ്ണു നിറച്ചവരെ നോക്കി.. പിന്നെ കണ്ണു തുടച്ചവർക്കൊരു പുഞ്ചിരി നൽകി.. അമ്മ എന്ത് വേണമെങ്കിലും തീരുമാനിച്ചോ.. എനിക്ക് സമ്മതമാണ്.. അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകളെ വകവെയ്ക്കാതെ അനന്തൻ എഴുന്നേറ്റ് തിരിഞ്ഞു നടന്നു.. അവന്റെ പോക്ക് നോക്കി കണ്ണു നിറഞ്ഞു അവർ അവനെ നോക്കി പുഞ്ചിരിച്ചു.. മോനെ തോല്പിച്ചല്ലേ.. ഐ സിയുവിലെ നേഴ്‌സ് ചിരിയോടെ പറഞ്ഞപ്പോഴും ആ അമ്മ ചിരിക്കുകയായിരുന്നു.. അതേ.. അവൻ തോറ്റു.. വീണ്ടുമൊരിക്കൽ കൂടി ഈ അമ്മയ്ക്ക് വേണ്ടി.. അപ്പോഴും ആ നെഞ്ചു പിടയുകയായിരുന്നു.. അവനെയോർത്ത്...................തുടരും…………

പ്രിയം : ഭാഗം 1

Share this story