പ്രിയം: ഭാഗം 22

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അഞ്ചിത.. ആര്യന്റെ നാവിൽ നിന്നാ പേര് കേട്ടതും അനന്തൻ സംശയത്തോടെ ആര്യനെയും അഞ്ചിതയെയും മാറി മാറി നോക്കി നിന്നുപോയി.. കാര്യമെന്തെന്നറിയാതെയെങ്കിലും അവളുടെയാ വരവും തലേന്ന് ആര്യൻ പറഞ്ഞ കാര്യങ്ങളും അനന്തന്റെ ഹൃദയത്തിൽ ഒരു തരം വല്ലാത്ത ആശങ്ക നിറച്ചിരുന്നു... ചുറ്റുമുള്ളവരൊക്കെയും ആര്യനൊഴികെ അവളോട് എന്തൊക്കെയോ ചോദിക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന തിരക്കിലായിരുന്നു.. അവളെന്ന പെണ്ണ് തങ്ങൾക്കിടയിൽ വലിയൊരു ദുരന്തത്തിന് കാരണമാകുമെന്നറിയതെ തന്റെ പ്രിയപ്പെട്ട മകന്റെ ജീവിതം അവൾ കാരണം തകർന്നുപോകുമെന്നറിയതെ അവളെ സത്കരിക്കുന്ന തിരക്കിലായിരുന്നു അവരൊക്കെയും..

അഞ്ചിത എന്താ ഇവിടെ.. ആര്യന്റെ ശബ്ദം ഉയർന്നതും അഞ്ചിത ചിരിയോടെ അവനെ നോക്കി.. സോറി സർ.. ഇത് ഏൽപ്പിക്കാൻ വന്നതാണ്. ഇമ്പോസിഷൻ.. നീ മോൾക്ക് ഇമ്പോസിഷൻ കൊടുത്തോ ആര്യാ.. സുധാമ്മ അവനെ നോക്കി.. അമ്മേടെ മോൾക്ക് ഇമ്പോസിഷൻ കൊടുത്തില്ല . അവളെ പഠിപ്പിക്കുന്നത് ഞാനല്ലല്ലോ.. അതുമല്ല മരം കേറിയും കണ്ണിൽ കണ്ട ആണ്പിള്ളേരെ തല്ലിച്ചും ക്ലാസ്സിൽ കയറാതെ സിനിമയ്ക്കും മറ്റും പോയി നടക്കുവല്ലല്ലോ അമ്മേടെ മോള്.. ആര്യൻ ഗൗരവത്തിൽ ചോദിച്ചതും സുധാമ്മയുടെ മുഖം മങ്ങി.. അഞ്ചിതാ.. താൻ ഇങ്ങോട്ട് വന്നതെന്തിനാ.. ഇമ്പോസിഷൻ ഇങ്ങോട്ട് കൊണ്ടുവരാനാണോ ഞാൻ പറഞ്ഞത്..

സർ ഞാൻ.. അഞ്ജിതയുടെ മുഖം മങ്ങി... ബാക്കി ചുറ്റുമുള്ളവർ മൗനമായി കഴിഞ്ഞിരുന്നു.. ചോദിച്ചത് കേട്ടില്ലേ അഞ്ചിത.. ഇങ്ങോട്ട് കൊണ്ടുവരാനാണോ ഞാൻ പറഞ്ഞത്. ഇത്തവണ ആര്യന്റെ സ്വരം കടുത്തിരുന്നു.. അഞ്ചിത ചാടി എഴുന്നേറ്റു.. അ..അല്ല.. പിന്നെന്തിനാ ഇങ്ങോട്ട് വന്നത്.. ഇത് എഴുതി പഠിച്ചു കോളേജ് തുറക്കുന്ന ദിവസം വരാനല്ലേ ഞാൻ പറഞ്ഞത്.. ഇത്രേം ദിവസം എന്നെ വിളിച്ചു ശല്യം ചെയ്തതൊക്കെ ഞാൻ ക്ഷമിച്ചു.. പക്ഷെ ഇങ്ങനെ വീട്ടിൽ കേറി വന്ന് ഷോ കാണിച്ചാൽ ഞാൻ ക്ഷമിക്കില്ല.. സോറി സർ.. മ്മ്.. ആര്യൻ കടുപ്പത്തിൽ ഒന്നുകൂടി മൂളി.. അനന്താ.. ഞാനൊന്ന് പുറത്തു പോവാ.. അവനോട് മാത്രം പറഞ്ഞ ശേഷം ആര്യൻ പുറത്തേക്കിറങ്ങി പോയി..

അവന്റെ പോക്ക് നോക്കി കുസൃതിച്ചിരിയോടെ നിൽക്കുന്ന അഞ്ചിതയെ ഒരു പേടിയോടെയാണ് അനന്തൻ നോക്കിയത്.. ******* വൈകുന്നേരം ദീപവുമായി സുധാമ്മ ഇറങ്ങി വരുമ്പോഴാണ് ആര്യൻ തിരികെ വന്നത്.. ചെരുപ്പ് ഇറയത്ത് ഊരിയിട്ട ശേഷം അവൻ അകത്തേയ്ക്ക് കയറി.. അകത്തേയ്ക്ക് കടന്നതും ആര്യൻ തറഞ്ഞു നിന്നുപോയി.. അച്ചുവിനൊപ്പം ചെസ് കളിച്ചുകൊണ്ടിരുന്ന അഞ്ചിത. അച്ചുവിന്റെ പുതിയ പട്ടുപാവാടയും ബ്ലൗസുമാണ് വേഷം. അമ്മായി കൊണ്ടുവന്നതാണ്.. അവൾക്കൊരുപാട് വലുതായതുകൊണ്ടു മാറ്റി വെച്ചിരുന്നതാണ്.. അവനും ഒരു പേടി തോന്നി.. എന്ത് ഭാവിച്ചാണ് അവൾ.. അവൻ ഓർത്തു.. പോയില്ലേ താൻ...

ആര്യന്റെ ചോദ്യം കേട്ടതും സുധാമ്മ അകത്തേയ്ക്ക് വന്നു.. അത് മോനെ മോൾക്കീ നാടൊക്കെ ഒത്തിരി ഇഷ്ടമായി എന്നു പറഞ്ഞു.. സിറ്റിയിൽ വളർന്നതല്ലേ.. അമ്പളത്തിലൊക്കെ പോയിട്ട് ആ കുട്ടി നിന്റെ കൂടെ മറ്റന്നാൾ കോളേജിലേക്ക് വന്നാൽ പോരെ.. എന്റെ കൂടെയോ.. എന്തിന്.. അതുമല്ല ഇവിടെ മത്രേയുള്ളോ കാവും കുളവും അമ്പലവും ഒക്കെ.. ഇവര് ജീവിക്കുന്നത് ഇതൊന്നുമില്ലാത്ത ഏത് സിറ്റിയിലാണ്.. ചുമ്മാ ഓരോ അടവ്.. അല്ല തന്റെ വീട്ടിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ അഞ്ചിതാ.. ആര്യൻ ഈർഷ്യയോടെ ചോദിച്ചു.. അവൾ സങ്കടത്തോടെ തലകുനിച്ചു.. ഈ കുട്ടിയുടെ അച്ഛനെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്..

പിന്നെ അമ്പലം എല്ലായിടത്തും ഉണ്ടായിട്ട് എന്തിനാ എല്ലാവരും മൂകാംബികയ്ക്കും ഗുരുവായൂരും ഒക്കെ പോവാൻ ഇഷ്ടം കാണിക്കുന്നത്.. ഓരോടത്തും ഒരോ പ്രത്യേകത.. അത്രേയുള്ളൂ..നീയിനി ഇതിന്റെ പേരിൽ ആ കുട്ടിയോട് ദേഷ്യപ്പെടാൻ നിൽക്കേണ്ട ആര്യാ.. സുധാമ്മ പറഞ്ഞതും ആര്യൻ ദേഷ്യത്തോടെ മുകളിലേക്ക് പോയി.. ******** സത്യം പറയ് അഞ്ചിതാ എന്താ തന്റെ ഉദ്ദേശം.. തിരികെ പോകും വഴിക്കാണ് ആര്യൻ അവളോടത് ചോദിച്ചത്.. അവൾ നിഷ്കളങ്കമായി ഒന്നും അറിയില്ലെന്ന മട്ടിൽ അവനെ നോക്കി. എന്ത് ഉദ്ദേശം.. ഒന്നുമല്ലല്ലോ സർ.. പിന്നെ എന്തിനായിരുന്നു ഈ നാടകമൊക്കെ.. ഞാനൊരു അധ്യാപകനാണ്.. എനിക്ക് മനസ്സിലാകും നിന്റെയൊക്കെ സ്വഭാവം..

ആര്യൻ.പറഞ്ഞു.. ഉള്ളത് പറയാല്ലോ സർ.. എനിക്ക് ആ വീട് ഒരുപാട് ഇഷ്ടമായി.. നാടും.. ക്ഷേത്രവും കുളവും നാട്ടുകാരും കുന്നും മലയും.. പുലർച്ചെയുള്ള മഞ്ഞും..പിന്നെ.. പിന്നെ സാറിനെയും.. ആര്യന്റെ കാല് ബ്രേക്കിൽ അമർന്നു.. അവൻ അതൂഹിച്ചിരുന്നുവെങ്കിലും ഒട്ടും കൂസാതെയുള്ള ആ മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ലെന്നതായിരുന്നു സത്യം... അവനവളെ ഞെട്ടലോടെ നോക്കി.. വാട്ട്.. ഐ ലവ് യു ആര്യൻ സർ.. ഗെറ്റ് ഔട്ട്.. വാട്ട്.. അഞ്ചിത മനസ്സിലാകാത്ത പോലെ ചോദിച്ചതും ആര്യൻ പുറത്തേക്കിറങ്ങി ദേഷ്യത്തിൽ വന്ന് ഡോർ തുറന്നവളെ വലിച്ചു പുറത്തേയ്ക്ക് നിർത്തി.. അഞ്ചിത ഭയന്നു പോയിരുന്നു..

നിനക്കൊക്കെ ഒരു വിചാരമുണ്ട്.. നിന്റെയൊക്കെ പണവും സൗന്ദര്യവും കണ്ടാൽ വാലുമാട്ടി പുറകെ വരുന്നവരാണ് എല്ലാ ആണുങ്ങളും എന്ന്.. പക്ഷെ ആ കണക്കിൽ ആര്യനെ കൂട്ടേണ്ട നീ.. നിനക്ക് പ്രേമിക്കാനും പുറകെ നടന്നു നിന്റെയൊക്കെ പലവിധ ആഗ്രഹങ്ങൾ തീർക്കാനുമൊക്കെ ഒരുപാട് പേരെ കിട്ടും.. അതിന് ആര്യനെ നോക്കേണ്ട നീ.. കിട്ടുകയുമില്ല.. ആര്യൻ ഉറഞ്ഞു തുള്ളുകയായിരുന്നു.. അഞ്ചിത ചുറ്റും നോക്കി.. അധികം ആൾപാർപ്പ് ഉള്ള സ്ഥലമല്ല.. ഇടവഴിയുമാണ്.. തൊട്ടടുത്തൊരു കുളമുണ്ട്. അടുത്തൊരു ആൽമരം.. തീർത്തും നിശബ്ദമായ സ്ഥലം.. എന്താ സർ എന്നിൽ കണ്ട കുറവ്.. പഠിക്കാത്തതാണോ..

ഞാൻ പഠിച്ചോളാം സാറിനു വേണ്ടി.. കൂട്ടുകെട്ടാണോ.. എല്ലാം.. എല്ലാവരെയും ഉപേക്ഷിക്കാം ഞാൻ.. ഈ ഡ്രെസ്സിങ് ആണോ.. അതും മാറ്റാം.. അച്ചൂനെ പോലെ പാവാടയും ബ്ലൗസും അല്ലെങ്കിൽ സാരി ആക്കാം.. ഈ കൊല്ലം കൂടെ കഴിഞ്ഞാൽ പി ജി കഴിയും എന്റെ... ഇന്നുവരെ എന്റെ അച്ഛൻ എന്റെ ഇഷ്ടത്തിനൊന്നും എതിര് നിന്നിട്ടില്ല . ഇക്കാര്യത്തിലും എനിക്കുറപ്പുണ്ട്..ഞങ്ങൾ രണ്ടുപേരാണ്.. ഞാനും കിച്ചനും.. ഞങ്ങൾക്കുള്ളതാ അച്ഛന്റെ സർവ്വ സ്വത്തുക്കളും.. പിന്നെന്താ വേണ്ടേ.. ആര്യന് ദേഷ്യം വരുന്നുണ്ടായിരുന്നു.. ഇതൊന്നും എനിക്ക് വേണ്ട.. നിന്നെയും വേണ്ട..

സ്വർണ്ണവും പണവും കൊണ്ടു തുലാഭാരം നടത്തി നിന്നെ നൽകാം എന്നു പറഞ്ഞാലും നിന്നെ പോലെയൊരു പെണ്ണിനെ ആര്യന് വേണ്ട.. അത്രയ്ക്ക് മോശമാണ് നിന്റെ ബാക്ക് ഗ്രൗണ്ട്.. അത്രയ്ക്ക് മോശമാണ് എന്റെ കണ്ണിൽ നീ.. ആര്യൻ അവളെ നോക്കി പറഞ്ഞു.. ഇപ്പൊ നീയീ പറഞ്ഞതിനൊക്കെ കരണമടച്ചൊരെണ്ണം ആണ് നിനക്ക് തരേണ്ടത്.. പിന്നെ പെണ്ണിനെ തല്ലുന്നത് വലിയ കാര്യമൊന്നുമായി എനിക്ക് തോന്നിയിട്ടില്ല.. അതുകൊണ്ടു മാത്രമാണ് നീ ഇപ്പൊ എന്റെ മുൻപിൽ ഇത്രയും പറഞ്ഞിട്ടും ഇങ്ങനെ നിൽക്കുന്നത്.. കോളേജിലോട്ട് എങ്ങനാണെന്ന് വെച്ചാൽ പോയാൽ മതി.. എന്റെ കൂടെ വരേണ്ട.. അതും പറഞ്ഞാര്യൻ കാറിലേക്ക് കയറി..

അഞ്ചിത അപമാന ഭാരത്താൽ തലകുനിച്ചു.. ആര്യന്റെ ഓരോ വാക്കുകളും അവളുടെ സിരയിൽ ഒഴുകിയെത്തി.. അവളുടെ കണ്ണുനിറഞ്ഞു.. ഉള്ള് നീറി.. കണ്ണുകൾ ചുവന്നു...പേശികൾ വലിഞ്ഞു മുറുകി.. ആര്യൻ കാർ റിവേഴ്‌സ് എടുത്തു തിരിച്ചു . ശേഷം മിററിലൂടെ അവളെ നോക്കിയതും അവന്റെ കാൽ അവൻ പോലുമറിയാതെ ബ്രേക്കിൽ അമർന്നു.. അഞ്ചിത ആ കുളത്തിലേക്ക് ചാടിയിരിക്കുന്നു.. അവനിറങ്ങി ഓടി.. ആ കുളത്തിലേക്ക് ഒരു നിമിഷം നോക്കി നിന്നു.. അവൾ വെള്ളം കുളിച്ചു താഴുന്നുണ്ട്.. ഉയരുകയും താഴുകയും മരണവെപ്രാളത്തിൽ കൈകാലിട്ടടിക്കുകയും ചെയ്യുന്നുണ്ട്.. ആര്യന് ഉള്ളിലൊരു ഭയം തോന്നി..

അവൻ വേഗം ഒരു വശത്തായുള്ളകുളത്തിന്റെ പടികെട്ടിലേയ്ക്ക് ഓടി.. ഷൂവും കണ്ണാടിയും പടിയിലേയ്ക്ക് വെച്ച ശേഷം അവനൊന്നുകൂടി ചുറ്റും നോക്കി കുളത്തിലേക്ക് ചാടി.. കുറച്ചു നീന്തിയാ ശേഷമാണ് അഞ്ചിതയെ കയ്യിൽ കിട്ടിയത്.. അവനവളെ വലിച്ചു തന്നോട് ചേർത്തു.. അവൾ അവന്റെ കയ്യിൽ കിടന്നു കുതറി.. വിട്.. നിങ്ങൾക്ക് വേണ്ടല്ലോ.. വി.. വി.. വിട് . അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.. അവനവളെ ബലമായി വലിച്ചു തന്റെ നെഞ്ചോട് ചേർത്തു.. അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു നീന്തി.. കാരയോളം എത്തും മുൻപേ അവനും കൈ കുഴയുന്നുണ്ടായിരുന്നു.. എന്നിട്ടും വൻ ബദ്ധപ്പെട്ട് നീന്തി കരയ്ക്ക് കയറി..

അവളെ വലിച്ചു പടിയിൽ കിടത്തുമ്പോൾ അവൾക്ക് ബോധമുണ്ടായിരുന്നില്ല.. ആര്യൻ കിതപ്പോടെ പടിയിൽ ഇരുന്നു.. പിന്നെ മെല്ലെ അവളെ കയ്യാൽ ഉയർത്തി കയ്യിൽ കമഴ്ത്തി കിടത്തി.. പുറത്തു മെല്ലെ തട്ടി കൊടുത്തു.. ശേഷം നേരെ കിടത്തി വയറ്റിൽ മെല്ലെ അമർത്തി കൊടുത്തു.. അപ്പോഴും അവന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ആയിരുന്നു.. അധികം വെള്ളം കുടിച്ചിട്ടില്ല എന്നു മനസ്സിലായതും അവളെ കിടത്തി അവനാ പടിയിലേയ്ക്ക് നിവർന്നിരുന്ന് ശ്വാസമെടുത്തു.. ആകെ നനഞ്ഞ ശരീരവും ആ പ്രദേശത്തെ ഇളം തണുപ്പുള്ള കാറ്റും അവനിൽ തളർച്ചയുണ്ടാക്കി.. അവനവളെ തട്ടിയുണർത്തി.. നേരെയിരുത്തി..

അവൾ അവന്റെ നെഞ്ചിലേക്ക് കിടന്നവനെ ചുറ്റിപ്പിടിച്ചിരുന്നു.. അവൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചിട്ടും അവൾ വിട്ടില്ല.. എൻ.. എനിക്ക് വയ്യ സർ.. അവൾ കിതപ്പോടെ പറഞ്ഞതും അവൻ ഈർഷ്യയോടെ അവളെ ബലമായി അടർത്തി മാറ്റി എഴുന്നേറ്റു.. ആരെങ്കിലും പറഞ്ഞോ ഇതിനകത്തോട്ട് എടുത്തു ചാടാൻ.. അവന്റെ വാക്കുകളിൽ ഒരല്പം പോലും അലിവ് ഉണ്ടായിരുന്നില്ല എന്നത് അവളെ വീണ്ടും നോവിച്ചു.. സാറിന്..സാറിന് വേണ്ടിയല്ലേ.. ഇഷ്ടമായിട്ടാ സർ.. അവൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടതും പരമാവധി അവൻ സംയമനം പാലിച്ചു.. അവളെ പിടിച്ചെഴുന്നേല്പിച്ചു കാറിൽ കയറ്റി..

ശേഷം ഡ്രൈവിങ് സീറ്റിൽ കയറി വീണ്ടും അവളെനോക്കി.. ഈർഷ്യയോടെ തന്നെ സീറ്റ് ബെൽറ്റ് വലിച്ചിട്ടവൻ വണ്ടി എടുത്തു.. അഞ്ജിതയുടെ കണ്ണുകൾ മെല്ലെ അടഞ്ഞുപോകുന്നത് അവൻ കണ്ടിരുന്നു.. ********* ഉണരുമ്പോൾ അഞ്ചിത ആദ്യം കണ്ടത് പുഞ്ചിരിയോടെ ഒരു സൂചിയുമായി തനിക്ക് നേരെ കുനിഞ്ഞു വരുന്ന ഒരു നേഴ്സിനെ ആണ്.. എ.. എന്താ.. ഇന്ജെക്ഷൻ.. കുത്തും പറഞ്ഞവർ അവളുടെ കയ്യിലെ ക്യാനുലയിലേയ്ക്ക് ആ മരുന്ന് കുത്തി വെച്ചു.. അഞ്ചിത വേദനയാൽ കണ്ണുകൾ ഇറുക്കി അടച്ചു.. കഴിഞ്ഞു.. നേഴ്‌സ് പറഞ്ഞതും കണ്ണുതുറന്നചുറ്റും നോക്കി.. കൂടെ വന്ന ആളെയാണോ നോക്കുന്നത്.. സർ പുറത്തുണ്ട്.. നേഴ്‌സ് പറഞ്ഞു..

അവർ പുഞ്ചിരിയോടെ ഇറങ്ങി പോയതും ആര്യൻ അകത്തേയ്ക്ക് വന്നു.. കഴിഞ്ഞതൊക്കെയും ഓർത്തുകൊണ്ട് തിരിഞ്ഞതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ആര്യനെയായിരുന്നു.. അവൾക്ക് നാണം തോന്നി.. നനവോടെ അവന്റെ മുന്പിൽ കിടക്കുന്നതോർക്കവേ അവൾ ചെറുതായി തലയുയർത്തി പുതപ്പ് നോക്കി..ആര്യന് കാര്യം മനസ്സിലായതും അവൻ കട്ടിലിന്റെ മറ്റൊരു മൂലയ്ക്കിരുന്ന പുതപ്പെടുത്തു നിവർത്തി അവളെ പുതപ്പിച്ചു.. അവൾ നന്ദിയോടെ അവനെ നോക്കി.. എന്റെ വീട്ടിലും ഉണ്ടൊരു പെണ്കുട്ടി.. നിന്നെയും ആ കണ്ണോടെയേഞാൻ കാണുന്നുള്ളൂ.. അതുകൊണ്ട് പറയുവാ. ഇനി ഇങ്ങനെ ഒരു തോന്ന്യവാസം കാട്ടിയാൽ അവിടെ കിടക്കെയുള്ളൂ..

അതല്ലാതെ ഇതുപോലെയുള്ള ഷോ ഓഫ് കാണിച്ച് എന്റെ മനസ്സ് മാറ്റാം എന്നാണ് ചിന്തയെങ്കിൽ വേണ്ട. ഇത് ജീവിതമാണ് കുട്ടി.. സിനിമയല്ല.. എ..എന്നോട് ഒട്ടും ഇഷ്ടം തോന്നുന്നില്ലേ . അഞ്ചു കരഞ്ഞുകൊണ്ടാണ് ചോദിച്ചത്.. അങ്ങനെ തോന്നിയാലും അതൊരിക്കലും പ്രണയമാകില്ല അഞ്ചിതാ.. അവൻ തീർത്തു പറഞ്ഞു.. പിന്നെ ഫോണെടുത്തു ഓണാക്കി അവൾക്ക് നേരെ നീട്ടി.. സിത്താര.. ഞാൻ വിവാഹം ചെയ്യാൻ പോകുന്ന കുട്ടിയാണ്.. വർഷങ്ങളായി ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്.. അവനോട് ചേർന്നിരിക്കുന്ന സിത്തുവിനെ നോക്കവേ അഞ്ജിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..

ആര്യന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതിവൾ മാത്രമായിരിക്കും.. ഈ സിനിമയിൽ കാണും പോലെ മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറാൻ ശ്രമിക്കുമ്പോൾ അയാൾക്കും സ്വന്തമായൊരു വ്യക്തിത്വവും ജീവിതവും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ ഭാവിയിൽ അതിന്റെ പേരിൽ താൻ കുറെ കാരയുമഞ്ജിതാ.. ഒരുപാട്.. അവൻ തിരിഞ്ഞു.. ഞാൻ പുറത്തുണ്ടാകും.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി..പിന്നെ തന്റെ ഫാദറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. പുള്ളി വന്നാൽ ഞാൻ പോകും.. ഇതൊക്കെ ഇവിടുന്ന് മറന്നിട്ട് കോളേജിലോട്ട് വന്നാൽ മതി.. അവിടെ വന്നിട്ട് വീണ്ടും ഷോ ഓഫ് നടത്താനാണ് തന്റെ ഉദ്ദേശമെങ്കിൽ ആര്യന്റെ മറ്റൊരു മുഖം കൂടി അഞ്ചിത രാജശേഖരൻ കാണും.. ഓർത്തോ..

അതും പറഞ്ഞു പുറത്തേയ്ക്ക് ദേഷ്യത്തിൽ പോകുന്ന ആര്യനെ നോക്കി അത്യധികം വേദനയോടെ അഞ്ചിത കിടന്നു.. അപ്പോഴും അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..ആര്യന് വേണ്ടി.. ********* അഞ്ചൂ.. മോളൂ.. കരഞ്ഞുകൊണ്ട് ആഹാരം പോലും കഴിക്കാതെ കിടക്കുന്നവളെ അരുമയായി തഴുകിക്കൊണ്ട് രാജശേഖരൻ വിളിച്ചതും അവളാ കൈകൾ വാശിയിൽ തട്ടി തെറിപ്പിച്ചു.. മോളൂ..ഇങ്ങനെ വാശി കാണിക്കാതെ.. എഴുന്നേൽക്ക് വാവേ.. രാജശേഖരൻ വീണ്ടും വാത്സല്യത്തോടെ അവളെ തഴുകി.. എനിക്കൊന്നും കേൾക്കേണ്ട.. അയാൾ.. അയാളെന്നെ എന്തൊക്കെ പറഞ്ഞു. അതൊക്കെ ഞാൻ അച്ഛനോട് പറഞ്ഞതല്ലേ.. എന്നിട്ടും..

അവൾ വീണ്ടും ഏങ്ങി തുടങ്ങി.. അയാൾ വേദനയോടെ ഭാര്യ കൗസല്യയെ നോക്കി.. അവരും വല്ലാത്ത വിഷമത്തിലാണ്.. അയാൾ അവളെ ബലമായി എഴുന്നേല്പിച്ചിരുത്തി.. ആഹാരം കഴിക്കാതെ ഒരുങ്ങാതെ കുളിക്കാതെ.. കരഞ്ഞുകരഞ്ഞു വീങ്ങിയ മുഖവുമായി ഇരിക്കുന്ന തന്റെ മകളെ കാണേ ആ അച്ഛന്റെ മുഖം വലിഞ്ഞു മുറുകി.. പറ.. എന്താ ഈ അച്ഛൻ മോൾക്കായി ചെയ്യേണ്ടത്.. ഇനിയവൻ നിന്നെ പഠിപ്പിക്കില്ല.. ആ കോളേജിൽ പഠിപ്പിക്കില്ല അതല്ലെങ്കിൽ കയ്യുംകാലും തല്ലിയൊടിച്ചൊരു മൂലയ്ക്ക് ഇടട്ടെ.. അയാൾ പകയോടെ ചോദിച്ചു.. എന്തൊക്കെയാ രാജേട്ടാ ഈ പറയുന്നത്.. കൗസല്യ വേദനയോടെ അയാളെ നോക്കി..

എന്റെ മോളെ ഞാനിന്നുവരെ നുള്ളി നോവിച്ചിട്ടില്ല... ആരും..ആരും അവളെ വേദനിപ്പിക്കുന്നത് ഈ രാജശേഖരൻ സഹിക്കില്ല.. അങ്ങനെ വന്നിട്ട്..ഒരുത്തൻ.. എനിക്ക് വേറൊന്നും വേണ്ട അച്ഛാ.. എനിക്ക് വേണ്ടത് അയാളെയാണ്.. ആര്യന് സാറിനെ..എന്നെ വേണ്ടെന്ന് പറഞ്ഞ അതേ നാവിനാൽ അയാൾ എന്നെ മതി അയാൾക്ക് എന്നു പറയണം.. എനിക്കത് കേൾക്കണം.. എന്നെ തള്ളി കളയാൻ ഉയർത്തിയ കയ്യാൽ അയാളെന്റെ കഴുത്തിൽ താലി ചാർത്തണം..ആ കയ്യാൽ എന്റെ നെറ്റിയിൽ.കുങ്കുമം ചാർത്തണം... എന്നെ ചേർത്തുപിടിക്കണം.. പറ്റുമോ.. തന്റെ മകളുടെ പകയെരിയുന്ന കണ്ണിലേക്ക് അയാൾ സൂക്ഷ്മമായി നോക്കി.. പറ്റുമോ അച്ഛാ.. പറ്റും.. ആര്യൻ ചന്ദ്രശേഖരൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി ചർത്തുന്നെങ്കിൽ അതീ രാജശേഖരന്റെ മകൾ അഞ്ജിതയുടെ കഴുത്തിലായിരിക്കും..

അതേ അച്ഛൻ മോൾക്ക് നൽകുന്ന വാക്കാണ്.. രാജശേഖരൻ അതും പറഞ്ഞിറങ്ങി പോകുമ്പോൾ അഞ്ജിതയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് വല്ലാത്ത തിളക്കമായിരുന്നു.. പക നിറഞ്ഞ തിളക്കം.. *********** എന്നിട്ട്.. മാളു അനന്തനെ നോക്കി.. അവന്റെ കണ്ണിൽ നീർത്തിളക്കം കണ്ടതും മാളു അവന്റെ കണ്ണു തുടച്ചു.. ഉറക്കം വരുന്നില്ലേ തനിക്ക്... അവൻ ചോദിച്ചു.. ഇല്ലെന്നവൾ തലയാട്ടി.. അവനൊന്നവളെ മെല്ലെ മുത്തി.. അവളുടെ നെറുകയിൽ.. ഉറങ്ങിക്കോ.. നേരമൊരുപാടായി.. വേണ്ട.. എനിക്കുറക്കം വരുന്നില്ല അനന്തേട്ടാ..അനന്തേട്ടൻ പറയ്.. എന്നിട്ടെന്തായി... അവളുടെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു.. ആര്യേട്ടനെ സ്നേഹിച്ചയാളെങ്ങനെയാണ് അനന്ദേട്ടനെ കല്യാണം കഴിച്ചത്.. അവൻ വീണ്ടും പഴയ ഓർമകളിലേക്ക് ഊളിയിട്ടു..............തുടരും………

പ്രിയം : ഭാഗം 21

Share this story