പ്രിയം: ഭാഗം 23

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

വേണ്ട.. എനിക്കുറക്കം വരുന്നില്ല അനന്തേട്ടാ..അനന്തേട്ടൻ പറയ്.. എന്നിട്ടെന്തായി... അവളുടെ ചോദ്യത്തിന് അവനൊന്ന് പുഞ്ചിരിച്ചു.. ആര്യേട്ടനെ സ്നേഹിച്ചയാളെങ്ങനെയാണ് അനന്ദേട്ടനെ കല്യാണം കഴിച്ചത്.. അവൻ വീണ്ടും പഴയ ഓർമകളിലേക്ക് ഊളിയിട്ടു... ******** എന്താ ഏട്ടാ.. എന്ത് പറ്റി.. ആകെയൊരു മാറ്റം.. ആകെ അസ്വസ്ഥമായി നിൽക്കുന്ന ആര്യനോടായി അനന്തൻ ചോദിച്ചു.. ഹേയ്.. ഒന്നുമില്ലെടാ.. ഏട്ടാ.. ഏട്ടനെ ഞാനിന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ.. കഴിഞ്ഞ വരവ് വരെ ഇങ്ങോട്ട് വന്നാൽ ഈ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് ഓടിനടന്നിരുന്ന ആളാണ്..ഇതിപ്പോ.. എന്താ ഏട്ടാ.. ആര്യൻ അവനെ നോക്കി..

ആരോടെങ്കിലും ഒന്ന് തുറന്നു പറയണം എന്ന് ഞാനും വിചാരിക്കുന്നുണ്ട് അനന്താ.. ആര്യൻ അവനെ നോക്കി പറഞ്ഞു തുടങ്ങി.. എന്താ ഏട്ടാ.. അഞ്ചിത.. അവളാണ് പ്രശ്നം.. അനന്തൻ ഒന്ന് ഞെട്ടി.. താൻ ഊഹിച്ചതുപോലെ തന്നെ.. എന്താ ഏട്ടാ പ്രശ്നം.. അവൾക്ക് എന്നോട് പ്രണയമാണെന്ന്.. അന്നിവിടുന്ന് പോകുന്ന വഴിയേ പറഞ്ഞു..അപ്പോഴത്തെ ദേഷ്യത്തിന് കാറിൽ നിന്ന് പിടിച്ചിറക്കി നാലു വർത്തമാനവും പറഞ്ഞു ഞാൻ. പക്ഷെ കാറെടുക്കുന്നതിന് മുൻപ് തന്നെ അവൾ അടുത്തുണ്ടായിരുന്ന ഒരു കുളത്തിൽ ചാടി.. അനന്തൻ ഞെട്ടി അവനെ നോക്കി.. പിടിച്ചു വലിച്ചു കയറ്റി ഹോസ്പിറ്റലിലും ആക്കി അവളുടെ അച്ഛനെയും വിളിച്ചു പറഞ്ഞു..

സിത്തുവുമായി ഞാൻ ഇഷ്ടത്തിലാണെന്നും അവളോട് പറഞ്ഞു.. പക്ഷെ.. ആര്യനൊന്ന് നിർത്തി.. അവൾ വിടുന്ന കോളില്ല അനന്താ.. എപ്പോഴും എന്റെ പിന്നാലെ തന്നെയാണ് അവൾ.. ഒരു തരം വാശിയോടെ.. ഞാൻ എത്ര പറഞ്ഞാലും അവൾ കേൾക്കില്ല.. കോളേജിലൊക്കെ ഒരു ടോക്ക് ആയി തുടങ്ങി.. അനന്തൻ ചിരിച്ചു.. ഇതിനാണോ ഏട്ടനിങ്ങനെ ഡെസ്പ് ആയത്.. ആളുകളുടെ വായ മൂടിക്കെട്ടാൻ പറ്റില്ലല്ലോ ഏട്ടാ.. അതൊക്കെ വിട്ട് കളയ്.. അതല്ല അനന്താ.. കഴിഞ്ഞ ദിവസം എന്റെ ഒരു സ്റ്റുഡന്റ് ഒരു ഡൗട്ട് ചോദിക്കാൻ എന്റടുത്ത് വന്നിരുന്നു..

പ്രോജക്റ്റിൽ ആ കുട്ടിയുടെ ഗൈഡ് ഞാനാണ്.. ഇന്നലെ ആ കുട്ടിക്ക് ഒരു ആക്സിഡന്റ് പറ്റി.. അനന്തൻ അവനെ നോക്കി.. അവളാണ് അത് ചെയ്തത്.. അഞ്ചിത. എന്തിന്.. അനന്തൻ ചോദിച്ചു.. ആ കുട്ടി ഇടയ്ക്കിടെ എന്നെ കാണാൻ വന്നതിന്.. അവളോട് അഞ്ചിത വിലക്കിയതാണത്രേ.. പക്ഷെ എന്തോ ദേഷ്യത്തിന് അവൾ അഞ്ചിതയോട് ഇതിന്റെ പേരിൽ ഉടക്കി.. എന്തൊക്കെയോ പറഞ്ഞു.. ഇപ്പൊ ആ കുട്ടി കാലൊക്കെ ഒടിഞ്ഞു കിടക്കുവാ.. കേസ് കൊടുക്കാൻ പോലും അതിന് പേടിയാണ്... ആര്യൻ ടെൻഷനോടെ പറഞ്ഞു നിർത്തി.. എന്തോ എനിക്കൊരു വല്ലാത്ത പേടി പോലെ അനന്താ.. അവൾ.. അവളൊരു വല്ലാത്ത ക്യാരക്റ്റർ ആണ്..

ഒരുമാതിരി ഭ്രാന്ത് പോലെ ഒരു സ്വഭാവം.. ഏട്ടൻ ഇങ്ങനെ ടെൻഷൻ ആകാതെ.. അതല്ല.. ഇന്നലെ ആ സംഭവം അറിഞ്ഞതിൽ പിന്നെ ഞാൻ അവളെ കുറിച്ചു അന്വേഷിച്ചു.. അവൾ കഴിഞ്ഞ സൺഡേ ഇവിടെ ഉണ്ടായിരുന്നു.. ഇവിടെയോ.. മ്മ്.. നമ്മുടെ നാട്ടിൽ.. അന്നാണ് സിത്തുവിനെ ക്ഷേത്രത്തിൽ നിന്ന് വരുന്ന വഴി വണ്ടി ഇടിക്കാൻ പോയി എന്നൊക്കെ പറഞ്ഞത്..പേടിയാകുന്നു അനന്താ.. ആകെ ഒരു വല്ലാത്ത പേടി.. അവളാണോ എന്നൊന്നും അറിയില്ല.. പക്ഷെ അവൾക്കത് ചെയ്യാൻ മടിയൊന്നുമില്ല.. ആര്യൻ ഭയത്തോടെ പറഞ്ഞു നിർത്തി.. ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ.. ഞാൻ പറഞ്ഞതാണ് പലവട്ടം.. ഈ സ്നേഹം പിടിച്ചു വാങ്ങാൻ പറ്റുന്നതല്ല എന്നൊക്കെ..

അവൾക്കെന്തോ വാശി പോലെയാണ്.. ആര്യൻ നിസ്സഹായനായി പറഞ്ഞു.. ഏട്ടൻ വിഷമിക്കേണ്ട.. ഇത്തവണ ഏട്ടൻ പോകുമ്പോൾ ഞാനും വരാം.. ഏട്ടൻ ഇങ്ങനെ ടെൻഷൻ ആകേണ്ടന്നേ.. അനന്തൻ ചെറു ചിരിയോടെ പറഞ്ഞതും ആര്യന് ഒരു ആശ്വാസം തോന്നി... അല്ലെങ്കിലും പണ്ടേ അങ്ങനെയാണ്.. മൂത്തത് താൻ ആണെങ്കിലും തന്റെ ഏത് പ്രശ്നങ്ങളിലും തനിക്ക് താങ്ങ് അനന്തനാണ്.. അനന്തന്റെ ഒരു വാക്കിൽ പോലും തനിക്ക് വല്ലാത്ത ധൈര്യം കിട്ടും പോലെ അവനു തോന്നി.. ആ ആശ്വാസത്തിൽ അവൻ അകത്തേയ്ക്ക് നടക്കുമ്പോൾ ആലോചനയോടെ നിൽക്കുകയായിരുന്നു അനന്തൻ.. അഞ്ചിത എന്ന കരിനിഴലിനെ തന്റെ കുടുംബത്തിൽ നിന്ന് ഒഴിവാക്കാൻ ഉള്ള മാർഗങ്ങൾ തേടുകയായിരുന്നു.. ********

മിസ് അഞ്ചിത രാജശേഖരൻ.. അനന്തൻ ചെറു ചിരിയോടെ അവളെ നോക്കി.. എന്താണ് ആര്യൻ ചന്ദ്രശേഖരന്റെ അനിയൻ ഡോക്ടർ സർ ഇവിടെ.. അഞ്ചിത പുച്ഛത്തോടെ ചോദിച്ചു.. കുടുംബമടക്കം എല്ലാ വിവരങ്ങളും അറിഞ്ഞു വെച്ചിട്ടുണ്ടല്ലോ താൻ.. അവൻ ക്യാന്റീനിൽ ഇരിക്കുന്ന അഞ്ചിതയ്ക്ക് എതിരായി ഇരുന്നുകൊണ്ട് പറഞ്ഞു.. ഉണ്ട്.. ചെന്നു കയറാനുള്ള വീടും വീട്ടുകാരെയും നേരത്തെ അറിഞ്ഞു വെയ്ക്കുന്നത് നല്ലതല്ലേ.. അഞ്ചിത അവളിൽ സ്വതവേയുള്ള പുച്ഛം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു.. അനന്തൻ ചിരിച്ചുകൊണ്ട് ചുറ്റും ഒന്ന് നോക്കി.. പലരും തങ്ങളെ ശ്രദ്ധിച്ചിരിപ്പുണ്ട്.. അവൻ അവളെ പാളി നോക്കി.. വല്ലാത്ത വിജയ ചിരി.. മോളെ.. അഞ്ചിതാ രാജശേഖരോ..

അനന്തന്റെ ഭാവം മാറിയത് അഞ്ചിത ശ്രദ്ധിച്ചിരുന്നു... അവളവനെ കൂർപ്പിച്ചു നോക്കി.. അങ്ങനെ വരുന്നവർക്കും പോകുന്നവർക്കുമൊക്കെ സ്വപ്നം കാണാനുള്ളതല്ല മേലേപ്പാട്ടെ മരുമകൾ സ്ഥാനം.. അനന്തൻ കുറച്ചു മുൻപൊട്ടാഞ്ഞു അധികം ശബ്ദമില്ലാതെ എന്നാൽ തീർത്തും പുച്ഛത്തോടെ പറഞ്ഞു.. അതിനൊരു മിനിമം ക്വാളിറ്റി വേണം.. അഞ്ചിതയുടെ മുഖത്തെ ചിരി പാടെ മാഞ്ഞു പോയി.. അതിനീ അഞ്ചിതാ രാജശേഖരൻ ഇനിയും ഒരു ജന്മം കൂടി ജനിക്കണം.. മിനിമം ക്വാളിറ്റി ഉള്ള ഒരു തന്തയ്ക്കും തള്ളയ്ക്കും... അല്ലാതെ സ്വന്തം മകളെ ഇങ്ങനെ വല്ലവന്റെയും തലയിലേക്ക് എറിഞ്ഞു കൊടുത്ത് അവളെങ്ങനെയോ പോയി തുലയട്ടെ എന്നു ചിന്തിക്കുന്ന ഒരപ്പന്റെയും അമ്മയുടെയും മകളായി ജനിച്ച് ഇതുപോലെ നാട്ടുകരെക്കൊണ്ടു പറയിപ്പിച്ചു നടക്കുന്നവൾ ആകരുത് എന്നു..

ഡോ.. അഞ്ചിത അലറുകയായിരുന്നു.. ഇരുന്ന കസേര തട്ടിത്തെറിപ്പിച്ചവൾ എഴുന്നേറ്റു.. അവനും കസേര മെല്ലെ നീക്കി എഴുന്നേറ്റു.. അഞ്ചിത പകയോടെ അവനെ നോക്കി.. ആ മുഖം അപ്പോഴും ശാന്തമായിരുന്നു.. പക്ഷെ ആ കണ്ണുകൾ.. അഗ്നി പോലെ എരിയുന്നുണ്ടായിരുന്നു.. താൻ.. താൻ ആരോടാ ഈ സംസാരിക്കുന്നത്.. അഞ്ചിത ദേഷ്യത്തിൽ കിതയ്ക്കുന്നുണ്ടായിരുന്നു.. നിന്നോട് തന്നെ.. അധികം ഉറഞ്ഞു തുള്ളേണ്ട താൻ.. അങ്ങനെ താൻ കിടന്നു ബഹളം വെച്ചാലൊന്നും അനന്തൻ പോകില്ല.. പിന്നെ ഞാൻ വന്നത് ഇനി മേലാൽ ആവശ്യമില്ലാതെ എന്റെ കുടുംബത്ത് കേറി കളിക്കരുത് എന്നു ഓർമ്മിപ്പിക്കാനാണ്..

മേലേപ്പാട്ടെ മരുമകൾ ആകാം എന്നൊരു സ്വപ്നം നീ കണ്ടു തുടങ്ങിയിട്ടുണ്ടെങ്കിൽ ആ വെള്ളമങ്ങു വാങ്ങി വെച്ചേയ്ക്കണം.. പിന്നെ എന്റെ സിത്തു.. അവളെനിക്ക് എന്റെ അച്ചൂനെ പോലെ തന്നെയാണ്.. അവളെ നീ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നു ഞാനറിഞ്ഞു.. വീണ്ടും പറയുകയാണ് അഞ്ചിതാ.. ഇനി മേലാൽ ഏട്ടന്റെ പിന്നാലെ നടക്കരുത്.. അവന്റെ ജീവിതം അത് നേരത്തെ തീരുമാനിച്ചതാണ്.. എന്റെ സിത്തുവിന്റെ നിഴലിൽ പോലും താരതമ്യം ചെയ്യാനുള്ള ഒരു യോഗ്യതയും നിനക്കില്ല.. ഈ ജന്മം ഉണ്ടാകാനും പോകുന്നില്ല.. അഞ്ചിത ചുറ്റും നോക്കി.. ഇത്തവണ അനന്തന്റെ ശബ്ദം നന്നേ ഉയർന്നിരുന്നു... എല്ലാവരും തങ്ങളെ നോക്കി നിൽക്കുകയാണ്..

എല്ലാവരുടെയും ചുണ്ടിൽ പുച്ഛത്തിൽ കുതിർന്നൊരു പുഞ്ചിരി.. അവൾക്ക് അത് താങ്ങാൻ കഴിയുമായിരുന്നില്ല.. അവൾ അനന്തനെ നോക്കി.. ഡോക്ടർ അനന്തൻ ചന്ദ്രശേഖർ എന്ന എന്നിലെ ഒരു മുഖമേ ഇതുവരെ നീ കണ്ടിട്ടുള്ളു.. എനിക്ക് പോലും ഇഷ്ടമില്ലാത്ത മറ്റൊരു അനന്തൻ എന്റെ ഉള്ളിലുണ്ട്..ഇനി ഒരിക്കൽ കൂടി നീ എന്നെ ഇങ്ങോട്ട് വരുത്തിച്ചാൽ.. അനന്തന്റെ കണ്ണുകളിൽ പകയെരിഞ്ഞു.. അവന്റെ ശാന്തമായ മുഖം ദേഷ്യത്തിൽ ചുവന്നിരുന്നു.. അപ്പൊ ശെരി.. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതെയിരിക്കട്ടെ.. അതും പറഞ്ഞ് അനന്തൻ ഇറങ്ങിയതും ഒരു പെണ്കുട്ടി ഓടി വന്ന് അവനെ ഇടിച്ചു നിന്നു..

അവൾ കിതപ്പോടെ അതിലുപരി ടെന്ഷനോടെ അവനെയും തന്നെയും നോക്കി അവന്റെ കൈപിടിച്ചുവലിച്ചു സ്വാതന്ത്ര്യത്തോടെ പോകുന്നതും നോക്കി അവൾ നിന്നു.. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. പക. പെണ്ണിന്റെ പക. അത് സർവ്വതും ചുട്ടെരിക്കും.. സർവരെയും നോവിക്കും. അത് ചിലപ്പോൾ ക്രൂരമാകും.. അത് ചിലപ്പോൾ സർവ്വവും നശിപ്പിക്കുന്ന ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കും.. തന്നെ പിന്തുടർന്നു വരുന്ന ആ പെണ്ണിന്റെ പകയറിയാതെ ദച്ചുവിന്റെ ശാസന ചിരിയോടെ കേട്ടുകൊണ്ട് കാർ ഡ്രൈവ് ചെയ്യുകയായിരുന്നു അനന്തൻ.. പ്രണയത്തോടെ... **********

ഓകെ സ്റ്റുഡന്റ്‌സ്.. അപ്പോൾ ബാക്കി നാളെ എടുക്കാം.. ആര്യൻ അതും പറഞ്ഞു ബുക്കുമെടുത്തു ക്ലാസ്സിൽ നിന്നിറങ്ങി.. മനസ്സാകെ അസ്വസ്ഥമാണ്.. ആഴ്ച രണ്ടു കഴിഞ്ഞു അനന്തൻ വന്നു അഞ്ചിതയുമായി പ്രശ്‌നങ്ങൾ ഉണ്ടാക്കി പോയിട്ട്.. പിന്നീട് ഇതുവരെ അവൾ കോളേജിൽ വന്നിട്ടില്ല.. ഒരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത പോലെ മനസ്സിൽ ആകെയൊരു ആധി.. ആര്യൻ ആലോചനയോടെ സ്റ്റാഫ് റൂമിൽ ചെന്നിരുന്നു.. എന്താണ് ആര്യൻ സർ... ആകെയൊരു വൈക്ലബ്യം.. ശ്രീനി.. ഒരു പാലക്കാടൻ പട്ടരാണ്.. ആര്യന്റെ സുഹൃത്ത്.. ഗസ്റ്റ് ലെക്ച്വർ ആണ്.. ആര്യൻ അവനെ നോക്കി.. ശ്രീനി.. ഞാൻ ഇന്ന് ഉച്ച കഴിഞ്ഞു ലീവ് എടുത്താലോ എന്നാലോചിക്കുവാ.

ആകെയൊരു തലവേദന.. നീ വെറുതെ ടെന്ഷൻ ആകുവാണ്.. അവൾ പഠിപ്പ് നിർത്തി പോയി കാണും.. ശ്രീനി കൂളായി പറഞ്ഞു.. എനിക്ക് പേടിയാണ് ശ്രീനി.. അനന്തൻ. ഒരവശ്യവുമില്ലാതെ അവനെയും ഈ കാര്യത്തിൽ വലിച്ചിട്ടു.. ഇപ്പൊ സത്യം പറഞ്ഞാൽ അഞ്ചും പത്തും തവണയാണ് ഞാൻ വീട്ടിൽ വിളിക്കുന്നത്.. പേടിയാണ്.. എന്തിനും പോന്നവളാണ് അഞ്ചിത.. ഒന്നും ആലോചിക്കാതെ എടുത്തു ചാടുന്ന ഒരച്ഛനും ഏട്ടനും.. എനിക്ക് പേടിയാ ശ്രീനി.. ഈ മാസം കൂടെ. അത് കഴിഞ്ഞാൽ ഞാൻ റിസൈൻ ചെയ്യുകയാണ്.. ഇവിടം മടുത്തു എനിക്ക്.. സിത്തു ഇത്തവണ പോകുമ്പോൾ അവളോട് പറയണം അവിടെങ്ങാനും ഒരു ജോലി സെറ്റാക്കാൻ.. ആര്യൻ പറഞ്ഞു.. മ്മ്..

അല്ല നിങ്ങൾ രണ്ടാളും ഇനി എന്ത് നോക്കാനാ.. എടാ ഇനിയും വെച്ചു നീട്ടാതെ ആ കല്യാണം അങ്ങു നടത്ത്.. അനന്തൻ.. ആര്യൻ ശ്രീനിയെ നോക്കി.. അനന്തന് എന്താ കുഴപ്പം. അവനാ കുട്ടിയുമായി കല്യാണം കഴിക്കണം എന്നു തോന്നുമ്പോൾ കെട്ടിക്കോളും.. എന്റെ ഒരഭിപ്രായത്തിൽ നിന്നെക്കാളും നല്ല സ്‌ട്രോങ് ആണ് അനന്തൻ.. കാര്യപ്രാപ്തിയുണ്ട്.. നല്ല സ്വഭാവവും. ശ്രീനി അവനെ നോക്കി.. ആ മുഖത്ത് സാധാരണ ഇതൊക്കെ പറയുമ്പോഴുള്ള കുശുമ്പിന് പകരം വാത്സല്യമാണ്. മതി ഈ ശോകം ഭാവം.. നീ ലീവെടുത്തു വീട്ടിൽ പോയി ഒരു ചായയും കുടിച്ചു റെസ്റ്റ് എടുക്ക്.. അപ്പോഴേയ്ക്കും ഈ പിള്ളേർക്ക് സ്‌പെഷ്യൽ ക്ലാസ്സും എടുത്തിട്ട് ഞാനും വന്നേയ്ക്കാം...

ശ്രീനി പറഞ്ഞു.. കാർ പാർക്ക് ചെയ്ത് വീട്ടിൽ ചെല്ലുമ്പോൾ ആര്യന് തലവേദന കൊണ്ട് തല പൊട്ടിപോകും പോലെ തോന്നുന്നുണ്ടായിരുന്നു.. ആഹാരം കഴിച്ച് ഒരു ഗുളികയും കഴിച്ചവൻ നേരെ കട്ടിലിലേക്ക് വീണു.. കണ്ണുകൾ മെല്ലെ അടഞ്ഞു പോകുമ്പോൾ അടുക്കളയിൽ എന്തോ തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം ഭാഗികമായി അവൻ കേൾക്കുന്നുണ്ടായിരുന്നു.. ********** ഡാ.. ആര്യാ.. ഡാ.. ശ്രീനിയുടെ വീണ്ടും വീണ്ടുമുള്ള വിളി കേട്ടാണ് ആര്യൻ കണ്ണുകൾ വലിച്ചു തുറന്നത്.. ഇതെന്ത് ഉറക്കമാ ആര്യാ.. നിനക്ക് കിടക്കുമ്പോൾ കതകെങ്കിലും അടച്ചൂടേ. എല്ലാം തുറന്നിട്ടിട്ട്.. ഞാൻ..ഞാൻ അടച്ചതായിരുന്നല്ലോ.. ആര്യൻ തലയ്ക്ക് കൈകൊടുത്തിരുന്നു പോയി.. ബെസ്റ്റ്..

തലവേദന എടുത്തു ബോധമില്ലാതെ കിടന്നപ്പോൾ ഓർത്തു കാണില്ല.. ഞാൻ വന്നപ്പോൾ കതകൊക്കെ തുറന്നു കിടക്കുവാ.. അല്ല നീയെന്തിനാ ഈ ഉടുത്തിരുന്ന ഷർട്ടൊക്കെ അഴിച്ചു നിലത്തിട്ടത്.. സാധരണ നീറ്റ് ആൻഡ് ക്ളീൻ ആയിട്ട് നടക്കുന്ന ആളല്ലേ നീ.. ശ്രീനി നിലത്തുകിടന്ന ഷർട്ട് എടുത്തുകൊണ്ട് ചോദിച്ചു.. ഞാൻ.. ഞാൻ ഷർട്ട് അഴിച്ചില്ലായിരുന്നല്ലോ.. തന്നിൽ പൊതിഞ്ഞു കിടക്കുന്ന പുതപ്പ് എടുത്തു മാറ്റി ആര്യൻ എഴുന്നേറ്റു.. പിന്നെ ഇങ്ങോട്ട് ആരാണ്ട് വന്നോ.. നീ പോയൊന്ന് കുളിക്ക്.. ഞാൻ ഒരു ചായ ഇടാം. അത് കുടിച്ചു കഴിയുമ്പോൾ ബോധം വരും... ശ്രീനി അതും പറഞ്ഞ് അടുക്കളയിൽ പോയി.. ആര്യൻ ആലോചനയോടെ അൽപ്പനേരം കൂടി ഇരുന്നു.. ശേഷം മാറ്റാനുള്ളതും എടുത്തു കുളിക്കാൻ കയറി.. *********

മേലേപ്പാട്ടെ മുറ്റത്തേക്ക് കാർ നിർത്തി അകത്തേയ്ക്ക് ഓടുമ്പോൾ ആര്യന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.. അച്ഛൻ വിളിച്ച് അത്യാവിശമായി വരണം എന്നു പറഞ്ഞത് കേട്ട് ഓടിപ്പാഞ്ഞു വന്നതായിരുന്നു അവൻ.. എന്താ അച്ഛാ.. എന്താ പ്രശ്നം.. 'അമ്മ എവിടെ.. ഞാനിവിടെ ഉണ്ട്.. നീ കിടന്ന് വെപ്രാളപ്പെടേണ്ട..ഇവിടെ തൽക്കാലം ഒരു പ്രശ്നവും ഇല്ല.. സുധാമ്മ പറഞ്ഞുകൊണ്ട് സംഭാരം അവനു നേർക്ക് നീട്ടി.. പിന്നെന്തിനാ ഇങ്ങനെ ഓടിപ്പായിച്ച് എന്നെ ഇങ്ങോട്ട് വരുത്തിയത്.. ആര്യൻ ദേഷ്യത്തിൽ ചോദിച്ചു.. അതിന് പിന്നിലെ കുശാഗ്രബുദ്ധി അനന്തേട്ടന്റെയാ ഏട്ടാ.. അച്ചു ഓടിവന്ന് അവന്റെ തോളിൽ തൂങ്ങി പറഞ്ഞു.. അനന്തനോ.. എന്തിന്..

വെറുതെ.. പെട്ടെന്ന് നിന്നെ പിടിച്ചു കെട്ടിച്ചേയ്ക്കാം എന്നു കരുതി.. ചന്ദ്രശേഖർ പറഞ്ഞു.. കളിക്കാതെ കാര്യം പറയ് അമ്മേ.. ആര്യന് ക്ഷമ നശിച്ചിരുന്നു.. സത്യമാ ഏട്ടാ.. അനന്തൻ പുഞ്ചിരിയോടെ പടിയിറങ്ങി വന്നു.. ആര്യൻ അവനെ നോക്കി.. അതെല്ലോ.. നാളെ മേലേപ്പാട്ടെ ആര്യൻ ചന്ദ്രശേഖറിന്റെയും സിത്താരയുടെയും കല്യാണമാണ്.. വല്യ ആഘോഷമൊന്നുമില്ല.. നമ്മുടെ കുടുംബക്ഷേത്രത്തിൽ വച്ചൊരു ചെറിയ ചടങ്ങ്.. പിന്നെ ആഘോഷം വേണമെന്ന് നിര്ബന്ധമാണെങ്കിൽ കല്യാണം കഴിഞ്ഞൊരു പാർട്ടി നടത്താം.. എന്താ. വാട്ട്.. ആര്യൻ അവനെ ഞെട്ടലോടെ നോക്കി.. അതെല്ലോ..

നാളെ സിത്തു ഏട്ടത്തി ഒഫിഷ്യൽ ആയി എന്റെ ഏട്ടത്തിയായി മേലേപ്പാട്ടെ പടികടന്നു വരുന്നുവെന്ന്.. അച്ചു അവനെ ഒന്നുകൂടി ചേർത്തുപിടിച്ചു പറഞ്ഞു.. ആരോട് ചോദിച്ചിട്ടാ ഇപ്പൊ ഇങ്ങനെ ഒരു കല്യാണം.. അതും ഇത്ര ദൃതി പിടിച്ച്.. ആര്യൻ ഈർഷ്യയോടെ ചോദിച്ചു.. ആര്യാ വേണ്ട.. സിത്തു മോൾക്ക് അടുത്ത മാസം ആദ്യം പോണം.. തിരിച്ച്.. ഇനിയും വെച്ചു നീട്ടുന്നതിനോട് ഏട്ടനും ഏട്ടത്തിയ്ക്കും ആർക്കും താൽപര്യമില്ല.. എന്നാൽ പിന്നെ നല്ലൊരു മുഹൂർത്തം നോക്കിയിട്ട് നിന്നോട് പറയാം എന്നു കരുതിയപ്പോൾ ഈയടുത്തുള്ള ഏറ്റവും നല്ല മുഹൂർത്തമാണ് നാളെ എന്നാണ് ജ്യോത്സ്യൻ പറഞ്ഞത്.. രണ്ടുപേരുടെയും കല്യാണം ഒന്നിച്ചു നടത്താം എന്നു പറഞ്ഞപ്പോൾ അതിപ്പോ ഇവന് കല്യാണം വേണ്ട എന്ന്..

അതുമല്ല ഓടിച്ചു പിടിച്ചുള്ള കല്യാണത്തിന് ദച്ചുമോളുടെ വീട്ടുകാരും സമ്മതിക്കുമോ.. അപ്പൊ അവൻ പറഞ്ഞു ഇത് നാളെ നടക്കട്ടെ എന്ന്.. അപ്പൊ നിനക്കും അതൊരു സർപ്രൈസ് ആകട്ടെ എന്നു കരുതി അത്രേയുള്ളൂ.. ചന്ദ്രശേഖർ പറഞ്ഞു.. അച്ഛാ.. എനിക്ക്.. എനിക്ക്.. ഇത്ര പെട്ടെന്ന്.. ഒന്നു പ്രീപെയർ അകാൻ പോലും ടൈം ഇല്ല.. ഇങ്ങനെയൊന്നുമല്ല എന്റെ മനസ്സിൽ.. എല്ലാവരെയും .. കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചുകൂട്ടി ഒരു കല്യാണം.. വല്യ അത്യാഢംബരം ഒന്നും ഇല്ലെങ്കിലും അതൊക്കെ മനസ്സിൽ ഉണ്ടായിരുന്നു.. ആര്യൻ പറഞ്ഞു.. മറ്റുള്ളവരെല്ലാവരും പരസ്പരം നോക്കി.. ഇതിപ്പോ.. അവൻ എല്ലാവരെയും നോക്കി..

ഞാൻ സിത്തുവിനോട് ഒന്ന് സംസാരിക്കട്ടെ.. അതും പറഞ്ഞ് ആര്യൻ റൂമിലേയ്ക്ക് പോയി.. അവൻ ഹാപ്പിയായിരിക്കും എന്നാ കരുതിയത്.. ഇതിപ്പോ.. കല്യാണം മാറ്റി വയ്‌ക്കേണ്ടി വരുമോ ചന്ദ്രേട്ടാ.. 'അമ്മ ഇങ്ങനൊന്നും ഓർക്കേണ്ട. ഏട്ടനോട് ഞാനൊന്ന് സംസാരിക്കട്ടെ.. അതും പറഞ്ഞ് അനന്തൻ മുകളിലേയ്ക്ക് ആര്യന് പിന്നാലെ പോയി.. അനന്തേട്ടൻ സെറ്റാക്കും അമ്മേ.. 'അമ്മ വിഷമിക്കേണ്ട.. ഞാൻ പോയി മൈലാഞ്ചി ഇടട്ടെ.. അച്ചു അതും പറഞ്ഞു പോയതും ചന്ദ്രശേഖറും സുധാമ്മയും പരസ്പരം നോക്കി.. ആശങ്കയോടെ.. ********

ഹലോ സിത്തു.. ആര്യൻ പറഞ്ഞു തുടങ്ങിയതും അനന്തൻ പിന്നിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു കാത്തോട് ചേർത്തു.. മതിയാക്കടി പെണ്ണേ.. ബാക്കി കിന്നാരമൊക്കെ നാളെ കെട്ട് കഴിഞ്ഞിട്ട്.. അതും പറഞ്ഞ് അനന്തൻ ഫോൺ കട്ട് ചെയ്‌ത് ആര്യനെ നോക്കി.. അനന്താ നീയെന്ത് പരിപാടിയാണ് കാണിച്ചത്.. ഏട്ടനെന്ത് ചെയ്യാൻ പോവാ.. നാളെ കല്യാണം വേണ്ടാന്ന് പറയാനോ.. എന്നാൽ അത് വേണ്ട.. അനന്താ.. ഏട്ടൻ അലറേണ്ട.. പലതും ആലോചിച്ച് തന്നെയാണ് ഞാനിങ്ങനെ തീരുമാനിച്ചത്.. ആര്യൻ അവനെ നോക്കി.. അഞ്ചിത.. പത്തിയ്ക്ക് അടികിട്ടിയ പാമ്പാണ്‌ അവൾ.. സൂക്ഷിക്കണം..

പലവട്ടം ഇപ്പോൾ ഇവിടെ പലർക്ക് നേരെയും പല തരത്തിൽ അവരുടെ ആളുകൾ അറ്റാക്ക് ചെയ്തു.. ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല ഒന്നും.. അവളെ പേടിച്ചിട്ടല്ല.. തിരിച്ചടിക്കാൻ അറിയാഞ്ഞിട്ടും അല്ല.. ദച്ചുവിന്റെ വാശി.. അനന്തൻ ആര്യനെ നോക്കി.. ഇതിപ്പോ നാലാളറിയെ ഒരു കല്യാണം നടത്തിയാൽ എങ്ങനെയെങ്കിലും അവൾ പ്രശ്നമുണ്ടാക്കും.. ഷുവർ ആണത്.. മറ്റെല്ലാവരും കാര്യങ്ങൾ അറിയും.. ഇതിപ്പോ മറ്റാരും അറിഞ്ഞിട്ടില്ല.. ആരും.. കല്യാണം എത്രയും വേഗം നടന്നു കഴിഞ്ഞാൽ അവൾ അടങ്ങിക്കോളും.. അതല്ലെങ്കിൽ പിന്നെ എന്നെ തടയില്ല എന്ന് ദച്ചു വാക്ക് തന്നിട്ടുമുണ്ട്.. അനന്താ.. ഏട്ടൻ വിഷമിക്കേണ്ട..

കല്യാണം ഇത്ര സിംപിൾ ആയി നടന്നാലും എല്ലാവരെയും വിളിച്ചുകൂട്ടി നമുക്കൊരു പാർട്ടി നടത്താം.. എത്ര പേരെ വേണമെങ്കിലും വിളിക്കാം.. അനന്തൻ പറഞ്ഞു.. ആര്യന്റെ കണ്ണൊന്ന് നിറഞ്ഞു.. ഏട്ടന് താത്പര്യമില്ലെങ്കിൽ നമുക്കിത് ക്യാൻസൽ ചെയ്യാം.. ഏട്ടൻ പറഞ്ഞോളൂ.. വേണ്ട.. കല്യാണം നടക്കട്ടെ.. നീ പറഞ്ഞത് ശെരിയാണ്.. അഞ്ചിത ഒതുങ്ങണമെങ്കിൽ ഈ കല്യാണം നടക്കണം.. അതാണ് നല്ലത്.. ആര്യനും ആലോചനയോടെ പറഞ്ഞു.. ******** മോളെ.. മ്മ്.. എന്താമ്മേ.. കിച്ചൻ വന്നിട്ടുണ്ട്..നിന്നെ വിളിക്കുന്നു.. അവൾ സന്തോഷത്തോടെ എഴുന്നേറ്റു.. ഞാൻ ദേ വരുന്നു.. അതും പറഞ്ഞ് എഴുന്നേറ്റപ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്..

അവൾ ഫോണെടുത്തു.. ആണോ.. എപ്പോൾ.. മ്മ്.. ഞാൻ അന്വേഷിച്ചോളാം.. ഓകെ ഡി.. താങ്ക്സ്.. അവൾ അതും പറഞ്ഞു ഫോൺ വെച്ചു.. ആര്യൻ സർ നാട്ടിൽ പോയി എന്ന്. അച്ഛനോട് ഒന്ന് അന്വേഷിക്കാൻ പറയണം.. കല്യാണത്തിന്റെ ആലോചനകൾ വല്ലോം നടക്കുന്നുണ്ടോ എന്നുറപ്പിക്കണം. അറിയാല്ലോ.. അച്ഛനെനിക്ക് വാക്ക് തന്നതാണ്.. അഞ്ചു അമ്മയെ നോക്കി അതും പറഞ്ഞു കിച്ചുവിന്റെ മുറിയിലേക്കോടി.. എന്താ കൗസല്യേ.. രാജശേഖരൻ ചോദിച്ചു.. അയാൾ നാട്ടിൽ പോയത്രേ ആ ആര്യൻ സർ.. എന്തിനാണെന്ന് അന്വേഷിക്കാൻ പറയുവായിരുന്നു അവൾ.. അച്ഛൻ വാക്ക് കൊടുത്തതല്ലേ.. അതും പറഞ്ഞു വേദനയോടെ അവർ കിടക്കയിൽ ഇരുന്നു.. മ്മ്. ഞാൻ അന്വേഷിക്കാം.. എന്തിനാ രാജേട്ടാ ഇങ്ങനൊക്കെ..

മോള് ഇങ്ങനെ വാശി കാണിച്ചവനെ നേടിയെടുത്താൽ അവൾക്ക് സന്തോഷം കിട്ടുമോ.. ആ പയ്യന് അവളെ സ്നേഹിക്കാൻ പറ്റുമോ.. കൗസല്യ ആധിയോടെ ചോദിച്ചു.. ആ ഭയം എനിക്കുമില്ലെന്നാണോ നീ കരുതിയത്.. ആര്യൻ.. അവൻ എന്റെ മോളെ നോവിച്ചെങ്കിൽ അവനും വേദനിക്കും.. അല്ലാതെ അവനു ഞാൻ പിടിച്ചു കൊടുക്കില്ല എന്റെ മോളെ. അവന്റെ കല്യാണം നടക്കില്ല. അതാണ് ഞാൻ അവനു കൊടുക്കുന്ന ശിക്ഷ.. എന്തായാലും നാളെ അവന്റെ നാട്ടിൽ പോക്കിന്റെ ഉദ്ദേശം ഒന്നന്വേഷിക്കാം.. അയാൾ അതും പറഞ്ഞ് ഒരു സിഗരറ്റും എടുത്ത് ആലോചനയോടെ പുറത്തേയ്ക്ക് നടന്നു.. അപ്പോഴും കിച്ചുവിന്റെ മുറിയിൽ അഞ്ജുവിന്റെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു.. ദിവസങ്ങൾക്ക് ശേഷം അവളെ സന്തോഷത്തിൽ കണ്ടതിന്റെ ആശ്വാസം അയാളുടെ ഉള്ളിൽ നിറയുമ്പോഴും തന്റെ മകളെ വേദനിപ്പിച്ചവരോടുള്ള പക അയാളിൽ നിറഞ്ഞു കത്തുന്നുണ്ടായിരുന്നു..............തുടരും………

പ്രിയം : ഭാഗം 22

Share this story