പ്രിയം: ഭാഗം 26

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഇനി എന്ത് സംഭവിച്ചാലും എന്റെ മകൾക്ക് അവൻ മതി.. മേലേപ്പാട്ടെ ഡോക്ടർ അനന്തൻ ചന്ദ്രശേഖരൻ..നീ അവനെ വിളിച്ചു പറയ്.. അതും പറഞ്ഞയാൾ കുടിലതയോടെ ചിരിക്കുമ്പോൾ ആര്യൻ ഒരുങ്ങുകയായിരുന്നു.. തന്റെ ജീവിതത്തിനായി ഉഴിഞ്ഞു വെച്ച തന്റെ അനിയന്റെ ജീവിതത്തിലെ സന്തോഷങ്ങളെ അടക്കം ചെയ്ത പെട്ടിക്കുമേൽ അവസാന ആണിയുമടിക്കുവാൻ.. വേദനയോടെ.. നിസ്സഹായമായി.. ******** കുഡ് യു പ്ലീസ് സ്റ്റോപ്പ് ദിസ് ദർശന.. ദച്ചു പൊട്ടിക്കരയുകയായിരുന്നു.. സി. എനിക്കറിയാം ഇത് തന്റെ പ്രശ്നം അല്ലെന്ന്.. പക്ഷെ.. പക്ഷെ എനിക്ക് വലുത് അനന്തനാണ്.. അവൻ മാത്രം.. അത് പറയുമ്പോൾ ആര്യന്റെ തൊണ്ടയിടറി..

അല്ല ദർശനാ..എനിക്കിപ്പോൾ വലുതെന്റെ സിത്തുവും ഒത്തുള്ള ജീവിതമാണ്.. ഒരു തെറ്റിദ്ധാരണ കൊണ്ടവൾ ഒഴിഞ്ഞുപോകുമെന്ന് ഭയന്നിട്ടല്ല.. സമ്മതിക്കില്ല അവർ ഞങ്ങളെ ജീവിക്കാൻ..ഈയവസ്ഥയിൽ എന്റെ സിത്തുവിനെ എനിക്കങ്ങനൊരു അവസ്ഥയിലേക്ക് തള്ളിയിടാൻ കഴിയില്ല.. അവൻ മനസ്സിൽ പറഞ്ഞു.. ദർശനാ.. എനിക്കിഷ്ടമാണ് നിന്നെ.. ഈയവസരത്തിൽ മറ്റേത് തടസ്സം നിങ്ങൾക്കിടയിൽ വന്നാലും ആര്യനത് ഒഴിവാക്കി നിങ്ങളെ ഒന്നിപ്പിച്ചേനെ.. പക്ഷെ ഇത്.. നിനക്കാറിയാല്ലോ.. ഞങ്ങൾക്കൊക്കെ അനന്തൻ എന്നാൽ ജീവനാണ്.. അവനു നീയും..പക്ഷെ നീ അവനുമായി ചേർന്നാൽ.. നമുക്കെല്ലാവർക്കും അവനെ നഷ്ടപ്പെടും മോളെ..

അവന്റെ വാക്കുകളിൽ വല്ലാത്ത വേദന നിഴലിച്ചിരുന്നു.. അവനെന്തെങ്കിലും സംഭവിച്ചാൽ സഹിക്കുമോ നിനക്ക്.. നോ.. ദർശ അലറി.. അതാണ്.. ആർക്കും സഹിക്കില്ല.. ജാതകം വെറുതെയാണ് ഒന്നും വരില്ല എന്നൊക്കെ പറയാം.. പക്ഷെ.. അവൻ അവളെ നോക്കി.. എന്തെങ്കിലും സംഭവിച്ചാൽ..എനിക്ക് വലുത് അനന്തനാണ്.. സോ പ്ലീസ്.. നീ മറ്റൊരു വിവാഹത്തിന് തയാറാകണം.. ഇല്ല ഏട്ടാ.. എനിക്കതിന് കഴിയില്ല..അനന്തന്റെ സ്ഥാനത്ത് മറ്റൊരാൾ.. എനിക്കതിന് കഴിയില്ല ഏട്ടാ.. ഞാൻ മരിച്ചോളാം.. ആ വേദന ഞാൻ സഹിച്ചോളാം.. പക്ഷെ എന്റെ അനന്തൻ വിട്ട് പോകാൻ.. ഇങ്ങനൊന്നും പറയല്ലേ ഏട്ടാ.. അവൾ നെഞ്ചുപൊട്ടി കറഞ്ഞുകൊണ്ടവന്റെ കാലിലേക്ക് വീണു..

നീ ഒഴിഞ്ഞു പോയാലും അവൻ വരും നിന്നെ തേടി.. അനന്തന് മറ്റൊരു ആലോചന വന്നിട്ടുണ്ട്.. അവൻ അതിന് സമ്മതിക്കണം.. നീയും മറ്റൊരു ബന്ധത്തിൽ സമ്മതിച്ചാൽ മാത്രമേ അത് നടക്കൂ.. അല്ലെങ്കിൽ അവൻ ഏത് വിധേനയും നിന്നെ സ്വന്തമാക്കും.. ഇനി മരിക്കാൻ നീ തീരുമാനിച്ചാൽ അവനും വരും നിനക്ക് പിന്നാലെ.. ഇനി ബാക്കിയുള്ള തീരുമാനം നിന്റെയാണ് ദർശനാ.. നിനക്ക് തീരുമാനിക്കാം.. പക്ഷെ ആ തീരുമാനത്തിൽ ഞങ്ങൾക്ക് അനന്തൻ നഷ്ടപ്പെട്ടാൽ ഒരു കുടുംബത്തിന്റെ മൊത്തം ശാപവും നിന്റെ മേൽ ഉണ്ടാകും.. നീ തീരുമാനിക്ക്..അനന്തനെ വേണോ അവന്റെ ജീവൻ വേണോ എന്ന്..

അതും പറഞ്ഞ് കാലിൽ കെട്ടിപ്പിടിച്ചു കരയുന്നവളെ നിർദാക്ഷണ്യം അവഗണിച്ച് അവൻ നടന്നുപോകുമ്പോൾ അവന്റെ ഹൃദയവും വേദനിക്കുന്നുണ്ടായിരുന്നു.. പക്ഷെ ആ വേദനയ്ക്ക് മുകളിൽ അവൻ സ്വർത്ഥനായി.. തന്റെ ജീവിതത്തിനായി.. ******** എന്താടാ.. ഹോട്ടലിൽ തനിക്ക് എതിരായി ഇരിക്കുന്നവനെ വേദനയോടെ ദച്ചു നോക്കി.. ശേഷം ബാഗ് തുറന്ന് ഒരു കവർ അവനു നൽകി.. അതിലെ അക്ഷരങ്ങൾ കാണേ അവന്റെ ഹൃദയം ഒരു കത്തിയാൽ കഷ്ണം കഷ്ണമായി അരിയുന്ന വേദന അവനു തോന്നി.. ദർശന വെഡ്‌സ് അവിനാശ്.. ദചൂ... സ്സ്.. ഒന്നും ചോദിക്കരുത്.. തളർന്നുപോകും ഞാൻ.. ഇത് തീരുമാനിച്ചതല്ല..

എനിക്കിനിയും അവസരമുണ്ട്.. വിവാഹത്തിന് ഒരു നിമിഷം മുൻപ് ഞാൻ അനന്തനൊപ്പം വന്നാലും അവിനാശ് സഹിക്കും എന്നു പറഞ്ഞിട്ടുണ്ട്.. പക്ഷെ.. ഇനി തീരുമാനം അനന്തന് തരികയാണ് ഞാൻ.. ഒന്നുകിൽ ഈ മുഹൂർത്തത്തിൽ ദർശന അവിനാശിന്റെ ഭാര്യയാകും.. അതല്ലെങ്കിൽ ഈ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക്.. ദച്ചൂ.. അനന്തന്റെ ജീവൻ വച്ചൊരു സാഹസത്തിന് ദര്ശനയ്ക്ക് കഴിയില്ല.. അനന്തന് എന്തെങ്കിലും സംഭവിച്ചാൽ.. അതിലും നല്ലത് എന്റെ മരണമല്ലേ അനന്താ.. ദച്ചൂ.. ആ വിളിയിൽ സർവ്വം തകർന്നവന്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു.. വയ്യ അനന്താ.. ഞാൻ തളർന്നു പോകുന്നു..

പക്ഷേ.. എന്തിനാ അനന്താ നമ്മൾ ഇങ്ങനെ സ്നേഹിച്ചത്.. എന്തിനായിരുന്നു എല്ലാം.. അവൾ വേദനയോടെ ചോദിച്ചു.. നീ.. നീ വാ.. ഈ നിമിഷം ഞാൻ നിന്റെ കഴുത്തിൽ താലി ചർത്താം.. ഒരു മരണത്തെയും എനിക്ക് പേടിയില്ല.. എനിക്ക് പേടിയുണ്ട്.. അനന്തന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെമുന്പിലും മരണം മാത്രമേ ഉണ്ടാകൂ.. പക്ഷെ അതോടൊപ്പം ഒരു കുടുംബത്തിന്റെ ശാപം കൂടി..പേടിയാ അനന്താ എനിക്ക്.. ഒന്നിച്ചുണ്ടായില്ലെങ്കിലും ദര്ശിയ്ക്ക് അനന്തൻ അന്യനാകുമോ..ഈ സ്നേഹം നഷ്ടമാകുമോ..ഇല്ല.. നമുക്ക് നമുക്ക് പിരിയാം അനന്താ.. പേടിയാ നിക്ക്.. അവൾ പൊട്ടിക്കരഞ്ഞു.. അവനൊന്നും മിണ്ടിയില്ല..

പക്ഷെ അവന്റെ കണ്ണുകൾ നിശബ്ദം പെയ്യുന്നുണ്ടായിരുന്നു.. ചുറ്റും എല്ലാം നിശ്ശബ്ദമായതുപോലെ.. എല്ലാ സന്തോഷങ്ങളും ഒന്നിച്ചു തന്നിൽ നിന്ന് പറിച്ചെറിയപ്പെടുകയാണ്.. മനസ്സിൽ ഒരായിരം ചിത്രങ്ങൾ.. ആദ്യമായി കണ്ടത്.. മിണ്ടിയത്.. കൂട്ടുകൂടിയത്.. പിണങ്ങിയത്.. എല്ലാ സൗഹൃദങ്ങളെയും മറച്ചുവെച്ചു വർഷങ്ങളോളം മൗനമായി പ്രണയത്തെ പകുത്തു നൽകിയത്.. അവന് ശരീരം തളർന്നു..ദാഹിക്കുന്നു.. പക്ഷെ കൈകൾ ചലിക്കുന്നില്ല..മുന്പിലിരിക്കുന്ന വെള്ളത്തെ ആർത്തിയോടെ നോക്കി.. ഇല്ല ചലനമില്ല.. അല്ലെങ്കിൽ തന്നെ താനീ നിമിഷം മരിച്ചു കഴിഞ്ഞില്ലേ..

അവന്റെ മനസ്സിൽ സ്വപ്നങ്ങളും വർണ്ണങ്ങളും നീർത്തിയ ഒരായിരം ഓർമകൾ കൂടുകൂട്ടി.. ഒടുവിൽ അവയൊക്കെയും പൊഴിഞ്ഞുപോയി.. അവിനാശിന്റെ മുഖം.. അതേ..കതിർമണ്ഡപത്തിൽ എല്ലാവരുടെയും നിറഞ്ഞ പുഞ്ചിരിക്കരികിൽ ദർശിയുടെ കഴുത്തിൽ താലി ചാർത്തുന്ന താൻ.. മെല്ലെയാ മുഖം അവിനാശിന്റേതായി മാറുന്നു.. വേദനിക്കുന്നു.. പെട്ടെന്നവന്റെ കൈകളിൽ ദച്ചുവിന്റെ കൈകൾ കൊരുത്തു.. പതറരുത്.. തളരരുത്.. നീയാണ് എന്റെ ബലം.. ഈ ജന്മം നമുക്ക് വിധിയില്ല അനന്താ.. അടുത്ത ജന്മം...അല്ല.. ഇനിയേത് ജന്മത്തിലും നമുക്കൊന്നിക്കാൻ വിധി ഉണ്ടാകാൻ വേണ്ടി നമുക്ക് ഈ ജന്മത്തിൽ ഒരു ജീവിതം കൊണ്ട് തപസ്സ് ചെയ്യാം നന്ദാ..

അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.. വഴക്ക് പറയണം എന്നുണ്ട്.. അവളെ ചേർത്തുപിടിച്ചു തന്റേതാക്കണം എന്നുണ്ട്.. പക്ഷെ അവൾ.. ഒന്ന് തീരുമാനിച്ചാൽ അവളതിൽ നിന്ന് പിന്മാറില്ല.. അതാണ് സ്വഭാവം.. അവനറിയാം അവളെ. അല്ല.. അവനോളം മറ്റാർക്കും അറിയില്ലവളെ.. ഈ നിമിഷം അവൾ അനുഭവിക്കുന്ന വേദന.. അതവന് മാത്രം തിരിച്ചറിയാൻ കഴിയുന്നതാണ്.. അവനു മാത്രം.. അവനവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി.. പിന്നെയാ കൈകളിൽ ചുംബിച്ചു.. നീ തളർന്നു പോകരുത് ദച്ചൂ.. ഞാനുണ്ട് കൂടെ.. ഏത് തീരുമാനത്തിനും.. വേണ്ട അനന്താ.. നീയെന്നെ ശപിക്കണം.. വഴക്ക് പറയണം.. ആട്ടി പായിക്കണം.. ചതിച്ചവളായി കാണണം..

അവൾ കരഞ്ഞു.. എന്നോളം നിന്നെ അറിയുന്ന മറ്റൊരാളെ കാട്ടി തരുന്ന നിമിഷം അനന്തൻ ഇതൊക്കെ ചെയ്യാം.. നീയില്ലായ്മ എന്നിൽ മരണം തന്നെയാണ് ദച്ചൂ.. പക്ഷെ നീ തളർന്നാൽ പിന്നെ.. പിന്നെ ഞാൻ എന്തിനാടാ.. അവനും കരഞ്ഞു.. നെഞ്ചുപൊട്ടി.. തിരിച്ചു വീട്ടിലേയ്ക്ക് അനന്തനൊപ്പമാണ് അവൾ പോയത്.. ആ നിമിഷവും അവർക്കിടയിലെ മൗനം വാചാലമായിരുന്നു.. പരസ്പരം ആശ്വാസ വാക്കുകൾ നൽകിയില്ല..കുറ്റപ്പെടുത്തിയില്ല.. ഒന്നും ചെയ്തില്ല.. പക്ഷെ ആ യാത്രയ്ക്കൊടുവിൽ അവർ പിരിഞ്ഞു പോയി... അല്ല.. അവർക്കിടയിലെ താലി എന്ന സ്വപ്നം പിരിഞ്ഞുപോയി..അല്ലെങ്കിലും ജന്മബന്ധങ്ങൾ മാത്രമല്ലേ പിരിയുകയുള്ളൂ..

ജന്മാന്തര ബന്ധങ്ങൾക്ക് വേർപിരിയലിന്റെ അതിർവരമ്പുകൾ അന്യമല്ലേ.. ********* അനന്താ.. ആര്യന്റെ വിളികേട്ട് അനന്തൻ കണ്ണു തുറന്നു.. ആര്യനവനെ നോക്കി.. ജീവിതത്തിൽ ആദ്യമായി അവന്റെ കണ്ണുകളിൽ നിരാശ നിറഞ്ഞിരിക്കുന്നു... അവന്റെ ചുണ്ടിൽ നിന്ന് എപ്പോഴുമുള്ളയാ പുഞ്ചിരി മാഞ്ഞു പോയിരിക്കുന്നു..കണ്ണുകളിലെ നിസ്സംഗത അവനെ തളർത്തിയിരിക്കുന്നു.. അമ്മയെന്നോടൊരു കാര്യം പറഞ്ഞു.. അഞ്ചിതയുമായുള്ള കല്യാണത്തിന് നിന്നെ സമ്മതിപ്പിക്കണമെന്ന്.. അനന്തൻ ഒന്ന് ചിരിച്ചു.. പുച്ഛത്തിൽ.. ഏട്ടന്റെ അഭിപ്രായം എന്താ ഈ വിവാഹത്തിൽ.. എനിക്ക്.. ഞാൻ.. ഞാനെന്ത് പറയാനാ..

പറയാമായിരുന്നല്ലോ.. അവളുടെ സ്വഭാവം.. ഏട്ടന്റെ പിന്നാലെ നടന്നത്.. ഏട്ടൻ വേണ്ടാന്ന് പറഞ്ഞപ്പോൾ സൂയിസൈഡിന് ശ്രമിച്ചത്. കൂട്ടുകെട്ട്.. ഒക്കെ പറയാമായിരുന്നല്ലോ.. എനിക്കറിയില്ല അനന്താ. അവൾക്കൊരുപാട് മാറ്റമുണ്ടെന്നാണ് അവളെ അറിയുന്നവരൊക്കെയും പറയുന്നത്.. ഈ വീടിനോടുള്ള ഇഷ്ടം കൊണ്ടാണത്രേ അവൾ അങ്ങനെയൊക്കെ ചെയ്തത്.. ആലോചിച്ചപ്പോൾ നല്ലൊരു ബന്ധം.. പിന്നെ അൽപ്പം കുട്ടിക്കളി ഉണ്ട് അവൾക്ക്.. അതൊക്കെ മാറും.. ആര്യൻ പുറത്തേയ്ക്ക് നോക്കി പറഞ്ഞു.. അപ്പൊ ഏട്ടന് സമ്മതം.. അവനും ആര്യനെ നോക്കിയില്ല.. അനന്താ.. ഞാൻ..ഞാൻ കാരണം ആ കുട്ടി ഒരുപാട് വേദനിച്ചു..

ഇനിയും അതുണ്ടാകാരുത് എന്നു കരുതി.. ആര്യൻ പറഞ്ഞൊപ്പിച്ചു.. ഏട്ടൻ അൽപ്പം സ്വാർത്ഥനായോ. അവന്റെ ചോദ്യം ആര്യന്റെ ഉള്ളൊന്നുലച്ചു.. എനിക്ക് ആരും കല്യാണം നോക്കേണ്ട.. എന്തുകൊണ്ട്.. മറുപടി സുധാമ്മയിൽ നിന്നായിരുന്നു.. ഒരിക്കൽ മനസ്സുകൊണ്ട് ഞാനൊരുവളെ സ്വന്തമാക്കിയതാണ്.. എത്ര നിങ്ങളൊക്കെ ചേർന്നു പറിച്ചെടുത്താലും അവൾക്ക് മാത്രമേ അനന്തന്റെ ഉള്ളിൽ സ്ഥാനമുണ്ടാകൂ.. അനന്തന്റെ ശബ്ദം ആദ്യമായി ഉയർന്നു.. ആ പെണ്ണിന്റെ വിവാഹമാണ് മറ്റന്നാൾ.. നിനക്ക് ഓർമയുണ്ടോ.. ഉണ്ട്.. ജാതകത്തിന്റെ പേരിൽ കരഞ്ഞു നിലവിളിച്ചു ക്രൂരമായി അവളെ കൊന്നു കളഞ്ഞതാണ് നിങ്ങളൊക്കെ..

ഈ അനന്തനറിയാം ദച്ചുവിനെ.. എന്റെ ദച്ചു പ്രാണൻ നഷ്ടപ്പെട്ടു പിടയുന്നുണ്ട്. ഹൃദയം പൊട്ടി വേദനിക്കുന്നുണ്ട്. മറ്റൊരാൾ അവളുടെ കഴുതിൽത്തലി ചാർത്തുന്ന നിമിഷം ചിലപ്പോൾ ഹൃദയം പൊട്ടിയവൾ വീണുപോയേക്കാം.. അവിനാശ് താലി കിട്ടിയാലും എന്റെ ദച്ചുവിൽ ഒരു കളങ്കവും വരില്ല.. അവൾ അവനൊപ്പം ജീവിക്കും...സന്തോഷമായി തന്നെ. അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കും..അപ്പോഴും അനന്തന്റെ മനസ്സിൽ അവൾ നിറഞ്ഞുനിൽക്കും.. ഒരു കളങ്കവും ഇല്ലാതെ.. കാരണമെന്തെന്നോ.. അനന്തനും ദച്ചുവും സ്നേഹിച്ചത് ഈ ലോകത്തിൽ നിന്നല്ല.. എന്റെയും അവളുടെയും ആ ലോകത്തിൽ ഇന്നും ദച്ചുവുണ്ട്..

അനന്തനും.. ആ ലോകത്തിൽ നിന്നവളെ പറിച്ചെടുക്കാൻ ഈശ്വരന് പോലും കഴിയില്ല.. ഓഹോ. അവൾക്ക് വിവാഹം കഴിക്കാമെങ്കിൽ നിനക്കും ആകാം.. ആ കുട്ടിക്കെന്താ കുറവ്.. ഇനി കുറവുണ്ടെങ്കിൽ തന്നെ അതൊക്കെ തനിയെ മാറിക്കോളും..കുറവുകളില്ലാത്ത മനുഷ്യരില്ല.. ആര്യാ.. നീ അവരെ വിളിച്ചു പറഞ്ഞോളൂ.. ജാതകം നോക്കണം.. ചേരുമെങ്കിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വിവാഹം.. അമ്മേ.. അനന്തൻ ശാസനയോടെ വിളിച്ചു.. ഇനിയത് നടന്നില്ലെങ്കിൽ ആ മുഹൂർത്തത്തിൽ മേലേപ്പാട്ടെ സുധർമ്മയുടെ ശവമടക്ക്.. അത്രയും പറഞ്ഞവർ കാറ്റുപോലെ പോകുമ്പോൾ നെഞ്ചുപൊട്ടി നീറുന്ന തന്റെ മകന്റെ മനസ്സവർ കാണുന്നുണ്ടായിരുന്നു..

പക്ഷെ അവനെ മറ്റൊരു ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ ഇനിയൊരിക്കലും അതിന് സാധിക്കില്ലെന്ന തോന്നൽ ആര്യനിൽ നിന്നവരിൽ ശക്തിപ്രാപിച്ചിരുന്നു.. അതുകൊണ്ടുതന്നെ അവന്റെ മനസ്സിന്റെ വേദനകളെ അവർ അവന്റെ നന്മയ്ക്കുള്ള ബലിയായി കണക്കാക്കി.. വിധി തന്റെ പൊന്നു മകനായൊരുക്കിയ കെണിയാണ് ആ സുന്ദരമായ വലയെന്നറിയാതെ ആ 'അമ്മ അവനെ അതിലേയ്ക്ക് ക്രൂരമായി തള്ളിയിട്ടു.. ******* അവിനാശിനൊപ്പം മണ്ഡപത്തിൽ ഒരു പ്രതിമകണക്കെ ഇരിക്കുന്ന ദച്ചുവിനെ അനന്തൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.. അധികം ആരുമില്ലാത്ത വിവാഹം.. അവിനാശിന്റെ 'അമ്മ മാത്രം..

അതും വീൽചെയറിൽ.. ദച്ചുവിന്റെ അടുത്ത കുറച്ചു ബന്ധുക്കളും.. അവിനാശ് ദച്ചുവിന്റെ കഴുത്തിലേയ്ക്ക് താലി വെച്ചതും അനന്തനും ദച്ചുവും കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞിരുന്നു. ആ നാലു മിഴികളിൽ നിന്നും തിളച്ചു മറിയുന്ന കണ്ണുനീർ ഒഴുകി ഇറങ്ങി.. പ്രണയം തീവ്രമെങ്കിൽ വിരഹം തീരാ വേദനയാണ്.. പുറത്ത് മഴ ആരോടോ ഉള്ള വാശിയിൽ തിമിർത്തു പെയ്തു.. അനന്തൻ കണ്ണു തുറക്കുമ്പോൾ ദച്ചു അവിനാശിൽ നിന്ന് പുടവ വാങ്ങുകയായിരുന്നു.. ദച്ചുവിന്റെ അച്ഛൻ അവളുടെ കൈപിടിച്ച് അവിനാശിന് നൽകുന്നത് കണ്ടതും അനന്തൻ യാന്ത്രികമായി മണ്ഡപതിന് അരികിലേക്ക് നടന്നു..

മണ്ഡപതിന് പ്രദക്ഷിണം വെച്ചു വന്നു നിന്നതും ദച്ചുവിന്റെ കണ്ണുകളിൽ ഇരുട്ടു കയറി.. ഒരു നിമിഷം അവളുടെ ഉള്ളിൽ ഒരായിരം ചിത്രങ്ങൾ നിറഞ്ഞു.. ഞെട്ടറ്റു വീണ ആലില പോലെയവൾ പിന്നിലേയ്ക്ക് വീണതും അനന്തനും അവിനാശും ചേർന്നവളെ പിടിച്ചു.. അവർ ഒന്നിച്ചു തന്നെ അവളെ ഡ്രസിങ് റൂമിൽ ആക്കി.. അവിനാശ് വെള്ളം തളിച്ചപ്പോൾ അവളൊന്ന് കണ്ണുചിമ്മി തുറന്നു.. അവനെ കണ്ടതും നേർമ്മയായൊന്ന് പിടഞ്ഞു.. ദര്ശനയ്ക്ക് പ്രശ്നമൊന്നുമില്ല . എല്ലാവരും പൊയ്ക്കോളൂ.. ഇത്തിരി നേരം അയാൾ കിടന്നോട്ടെ.. അവിനാശ് കൂടി നിൽക്കുന്ന എല്ലാവരോടുമായി പറഞ്ഞു..

ഓരോന്ന് പിറുപിറുത്ത് എല്ലാവരും തിരിഞ്ഞു നടക്കുന്നതിന് പിന്നാലെ ഇറങ്ങിയ അനന്തന്റെ കൈകളിൽ അവൻ പിടിമുറുക്കി.. അനന്തൻ അവിനാശിനെ ചോദ്യഭാവേന നോക്കി.. എങ്ങോട്ടാ.. ആ കിടക്കുന്നവളുടെ അസുഖം താനാണ്.. ഒത്തിരി നീറുന്നുണ്ട് ആ മനസ്സ്.. അനന്തൻ തല താഴ്ത്തി.. ഇത്തിരി നേരം അവൾക്കൊപ്പം ഇരിക്കടോ.. ഉള്ളിലുള്ളത് പറഞ്ഞു രണ്ടാളും ഒന്ന് ഫ്രീ ആക്.. അവിനാശിന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാനാകാതെ അനന്തൻ അവനെ നോക്കി.. അനന്തനെയും ദര്ശനയെയും എനിക്കറിയാം.. നിങ്ങളുടെ ബന്ധവും.. ഇന്ന് അവളെന്റെ ഭാര്യയാണ്.. പക്ഷെ ഈ നിമിഷം ഞാൻ തനിക്ക് ഉറപ്പ് നൽകുകയാണ്.

ഇന്നുവരെ നിങ്ങൾക്കിടയിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആ ഭംഗിയുള്ള നൂല് ഒരിക്കലും അവിനാശ് നശിപ്പിക്കില്ല.. എനിക്കറിയാം നിങ്ങളെ.. ഒന്നിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചു.. അത് നടന്നില്ല.. വിധിയായിരുന്നു.. എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.. പക്ഷെ നിങ്ങൾക്കിടയിലുള്ള സൗഹൃദം.. അത് നിലനിർത്താൻ എനിക്ക് കഴിയും..അതെന്നും നിലനിൽക്കും.. അനന്തൻ അവിനാശിനെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു..അവൻ അനന്തനെ തഴുകി.. ഇനി എന്തിനും ദച്ചുവിനൊപ്പം തന്റെ കൂടെ ഞാനും ഉണ്ടാകും..എന്തിനും.. അവിനാശിന്റെ ആ വാക്ക് അനന്തനിലും ദച്ചുവിലും വല്ലാത്ത ആശ്വാസമാണ് നിറച്ചത്..

ആ ദിവസം അവൻ അവർക്കൊപ്പമിരുന്നു.. ഒന്നും സംസാരിക്കാതെ.. പക്ഷെ അവന്റെ ഒരു കയ്യിൽ ദർശിയുടെ കൈയുണ്ടായിരുന്നു.. മറുകയ്യിൽ അനന്തന്റെയും.. ഒരിക്കൽ വിധിയായി പൊട്ടിച്ച ആ കണ്ണിയ്ക്കിടയിൽ ഒരു തിളക്കമുള്ള മുത്തിന്റെ കണ്ണിയായി അവൻ നിറഞ്ഞപ്പോൾ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നുറപ്പിച്ച തന്റെയും ദച്ചുവിന്റെയും സൗഹൃദം തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു അനന്തൻ..ഒപ്പം തന്റെ പ്രിയപ്പെട്ടവൾക്ക് അത്ര നല്ലൊരു ജീവിതം കിട്ടിയ നിർവൃതിയിലും.. ******* ഇത് വേണ്ടിയിരുന്നില്ലെടോ.. തനിക്ക് മറ്റൊരു നല്ല ഓപ്ഷൻ നോക്കാമായിരുന്നു..

കല്യാണ മണ്ഡപത്തിലേയ്ക്ക് നടക്കും വഴിയും അവിനാശ് പറഞ്ഞു.. അനന്തൻ വേദനയോടെ പുഞ്ചിരിച്ചു.. ദച്ചു ആ വേദനയെ ഉൾക്കൊണ്ടെന്നപോലെ കണ്ണുകൾ ഇറുക്കിയടച്ചു.. കിച്ചു അനന്തന്റെ കാലു കഴുകി ബൊക്കെ നൽകി ഹാരമണിയിച്ചു സ്വീകരിച്ചു.. പൊന്നുകൊണ്ടു സാരി പോലും മറയത്തക്ക രീതിയിൽ അണിഞ്ഞൊരുങ്ങിയാണ് അഞ്ചിത വന്നത്.. വാദ്യമേളങ്ങൾ മുഴങ്ങി.. ഓഡിറ്റോറിയത്തിൽ കൂടിയിരിക്കുന്ന ആയിരങ്ങൾക്ക് മുൻപിൽ അനന്തൻ ചന്ദ്രശേഖരൻ അഞ്ചിത രാജശേഖരന്റെ കഴുത്തിൽ താലി ചാർത്തി.. ആ നിമിഷം ദച്ചുവിന്റെ മനസ്സിൽ അവനു വേണ്ടിയുള്ള പ്രാർത്ഥന മാത്രമായിരുന്നു.. തന്റെ മകന്റെ മുറിവേറ്റ മനസ്സിന് അവളൊരു ആശ്വാസമാകും എന്ന പ്രതീക്ഷയിൽ ചന്ദ്രശേഖറും സുധയും പുഞ്ചിരിക്കുമ്പോൾ..

ഏട്ടന്റെ ആര്ഭാടപൂര്ണമായ വിവാഹത്തിന്റെ ത്രില്ലിൽ അച്ചു അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ.. അനിയന്റെ സ്ഥാനത്ത് കണ്ടവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച സന്തോഷത്തിൽ സിത്താര നിൽക്കുമ്പോൾ ആര്യന്റെ ഹൃദയം മാത്രം ചുട്ടുപൊള്ളുകയായിരുന്നു... തെറ്റാണ് താൻ ചെയ്യുന്നത് എന്നവന്റെ ഹൃദയം അലറി വിളിച്ചു പറഞ്ഞു.. അപ്പോഴും അവൻ സ്വാർത്ഥനായി.. തന്റെ കുഞ്ഞിനായി.. തന്റെ സിത്തുവിനായി.. തനിക്കായി... കതിർമണ്ഡപത്തിൽ അനന്തന്റെ പുടവയേറ്റുവാങ്ങി അവന്റെ ജീവിതത്തിന്റെ പാതി അവകാശത്തെ തട്ടിപ്പറിച്ചു നേടിയ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും അഞ്ചിതയുടെ കണ്ണിൽ മിന്നിയത് പകയായിരുന്നു.. പെണ്ണിന്റെ പക...............തുടരും………

പ്രിയം : ഭാഗം 25

Share this story