പ്രിയം: ഭാഗം 29

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

തലയ്ക്കേറ്റ അടിയുടെ വേദന.. മുറിവിൽ സ്റ്റിച്ച് ഇട്ടിരുന്നു.. നിശബ്ദമായ ഐ സിയുവിന് മുൻപിൽ രക്തത്തിൽ കുളിച്ചവൻ ഇരിക്കുമ്പോഴും അവന്റെ മനസ്സ് പലതരം ഓര്മകളാൽ കലുഷിതമായിരുന്നു.. ഒടുവിൽ പോലീസ് എത്തി വിലങ്ങു വെച്ചുകൊണ്ട് പോകുമ്പോഴും അവന്റെ ഹൃദയം തകർന്നത് കൂടെ നിന്ന് ചതിച്ചവരെ ഓർത്തുമാത്രമായിരുന്നു..അപ്പോഴും അവന്റെ കയ്യിൽ കൂടെപ്പിറപ്പിന്റെ സ്ഥാനത്ത് കണ്ടവന്റെ രക്തത്തിന്റെ ചൂടുണ്ടായിരുന്നു.. അറിയാതെയെങ്കിലും ചെയ്തുപോയ തെറ്റിന്റെ ആഴം അവനെ കുത്തി നോവിക്കുന്നുണ്ടായിരുന്നു.. ********

അനന്തൻ പറഞ്ഞു തീർന്നതും അവന്റെ കവിളിനെ ചുംമ്പിച്ചൊരു ചൂട് കണ്ണുനീർ തുള്ളി താഴേയ്ക്കൊഴുകി.. മാളു തളർച്ചയോടെ അവനെ നോക്കി.. ഈ നെഞ്ചിൽ ഇത്ര വേദന ഉണ്ടായിരുന്നോ എന്ന ചിന്തയിൽ അവളൊന്ന് നീറി.. അനന്തേട്ടാ.. അവൾ മൃദുവായി വിളിച്ചു.. അവനെ തന്റെ മടിയിലേയ്ക്ക് കിടത്തി.. മുടിയിൽമെല്ലേ തഴുകി.. കരയല്ലേ അനന്തേട്ടാ.. അവളുടെ ശബ്ദം ഇടറി.. ഇത്രേയൊക്കെ ആയിട്ടെന്താ കോടതി അവരെ ശിക്ഷിക്കാഞ്ഞത്.. മാളു ചോദിച്ചു.. അവനൊന്ന് ചിരിച്ചു.. ഒന്നും തുറന്നുപറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ.. കോടതിയിൽ കുറ്റം സമ്മതിച്ചു..

അഞ്ചിത അപകടനില തരണം ചെയ്തതോടെ അവളെ ഉപദ്രവിക്കാൻ ശ്രമിച്ച എന്നെ തടയാൻ ശ്രമിച്ചപ്പോഴാണ് ഞാൻ കിച്ചുവിനെ കുത്തിയത് എന്നവൾ മൊഴി നൽകി.. ഗാർഹിക പീഡനം.. സംശയരോഗം.. അതൊക്കെയായിരുന്നു അവളുടെ പോയിന്റ്.. പത്രങ്ങളിൽ വലിയ തലക്കെട്ടോടെ വാർത്ത വന്നു.. എന്റെ വാക്കുകൾ ഒരു പത്രക്കാരും കേട്ടില്ല.. ഒരു ചാനലുകാരും എന്നെ തേടി വന്നില്ല.. അതിനിടയിൽ അവൾ വീട്ടിൽ വന്ന് അവളുടേതായ എല്ലാം കൊണ്ടുപോയിരുന്നു.. അന്നീ വീട്ടിൽ സർവ്വരുടെയും മുൻപിൽ വെച്ചവൾ ഉറക്കെ വിളിച്ചു പറഞ്ഞു ഞാനൊരു ആണത്തമില്ലാത്തവനാണ് എന്നു...

അവൾക്കൊരു കുഞ്ഞിനെ നൽകാനോ ഒപ്പം ജീവിക്കാനോ കഴിയാത്തവനാണ് എന്നു.. പക്ഷെ അതിന് ശേഷം കോടതിയിൽ അവൾ എന്നെ ഒരു കാമഭ്രാന്തനാക്കി.. ഒരു രാത്രി പോലും അവൾക്കൊപ്പം കഴിയാത്ത എന്നെപ്പറ്റി അവൾ ഒരു പെണ്ണും പറയാൻ അറയ്ക്കുന്നതൊക്കെ കോടതിയിൽ വിളിച്ചു പറഞ്ഞു..പകയായിരുന്നു അവൾക്കെന്നോട്.. അവൻ പറഞ്ഞു.. കോടതിയിൽ എനിക്കായി സാക്ഷി പറയാൻ ദേവികയുടെ പപ്പ വന്നു.. ദേവികയും കൂടെ വർക്ക് ചെയ്തിരുന്ന പലരും വന്നു.. കിച്ചുവിന്റെ ഫോൺ തെളിവായിരുന്നു.. അതിൽ കണ്ടെത്തിയ വീഡിയോസും ഫോട്ടോസും അഞ്ചിതയുടെ വാദങ്ങളെ തകർത്തു..

പക്ഷെ അതൊന്നും വാർത്തയായില്ല.. സാഹചര്യ തെളിവുകൾകൊണ്ടും സാക്ഷിമൊഴികൾകൊണ്ടും മനപൂർവ്വം കരുതിക്കൂട്ടി ഞാൻ ചെയ്തതല്ല അതെന്ന് പൂർണ്ണ ബോധ്യമായി.. അതുകൊണ്ട് തന്നെ 2 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.. സത്യങ്ങളൊക്കെ വീട്ടിൽ അറിഞ്ഞപ്പോൾ ഏറ്റവും തകർന്നുപോയത് സിത്തു ആയിരുന്നു.. ആ ആഘാതത്തിൽ 7ആം മാസത്തിൽ ആ കുഞ്ഞിനെ അവർക്ക് നഷ്ടപ്പെട്ടു.. ആര്യന് അതൊരു വലിയ ഷോക്ക് ആയി..കുടുംബം മുഴുവൻ തകർന്നത് പോലെയായി.. ജയിലിൽ നിന്ന് വന്ന ശേഷം ഞാനൊരു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു.. കാണുന്നവർക്കൊക്കെ പുച്ഛമാണ്.. ചിലർക്ക് സഹതാപം.. മറ്റുചിലർക്ക് പേടി..

അന്നും എന്റെ കൂടെ നിന്നത് ദച്ചുവാണ്... ഞങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് ആര്യനാണ് എന്ന തിരിച്ചറിവിൽ ഞാനൊത്തിരി തകർന്നുപോയിരുന്നു... അത് മാത്രമേ ഞാൻ അയാളോട് ചോദിച്ചുള്ളൂ.. എന്തിനായിരുന്നു എന്ന്.. ഇപ്പോഴും ആര്യനോട് പഴയതുപോലെ ഇടപെടാൻ എനിക്ക് സാധിക്കുന്നില്ല.. സിത്തുവും ആര്യനും തമ്മിൽ അതിന്റെ പേരിൽ വല്യ ഇഷ്യൂ ഉണ്ടായി.. അതിനും ഇടയ്ക്ക് നിന്ന് എല്ലാം പരിഹരിച്ചത് അവിനാശും ദച്ചുവും ആയിരുന്നു..അതിന് ശേഷം കുറെ ട്രീറ്റ്‌മെന്റിന് ശേഷം ഉണ്ടായതാണ് അമ്പാടി.. അച്ചു ആ സംഭവത്തിനൊക്കെ ശേഷം ആകെപ്പാടെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..

അവൾ കാരണമാണ് ഒക്കെയും സംഭവിച്ചതെന്ന തോന്നൽ.. ജയിലിൽ നിന്ന് ഞാൻ വന്ന ശേഷമാണ് അവൾ ഇതുപോലെ ഒക്കെ ആയത്.. അവൻ പറഞ്ഞു.. മാളു ഒന്നും മിണ്ടിയില്ല.. അപ്പോഴും അവളുടെ കൈകൾ അവന്റെ മുടിയിഴകളെ തഴുകി.. കോടതിയിൽ സത്യങ്ങളൊക്കെ ബോധ്യപ്പെട്ടിട്ടും പുറംലോകം ഒന്നും അറിഞ്ഞില്ല.. ഇന്നുമീ ലോകത്തിന് മുൻപിൽ ഞാനൊരു വൃത്തികെട്ടവനാണ്.. ആഭാസനാണ്.. സ്വന്തം ഭാര്യയെ കാമഭ്രാന്ത് മൂത്ത് ഉപദ്രവിച്ചവനാണ്.. ആദ്യം വലിയ രീതിയിൽ കേസിനെ വാർത്തയാക്കിയ മാധ്യമ ലോകം സത്യങ്ങൾ തെളിഞ്ഞപ്പോൾ മറ്റേതോ വാർത്തയ്ക്ക് പിന്നാലെ പോയിരുന്നിരിക്കും..

അതല്ലെങ്കിലും താൻ കണ്ടിട്ടുണ്ടോ.. കൊട്ടിഘോഷിച്ചു കുറ്റവാളിയാക്കപ്പെടുന്ന ഒരാളെ അതുപോലെ കൊട്ടിഘോഷിച്ചു നിരപരാധി ആക്കുന്നത്..ഈ സമൂഹത്തിന് ഒരിക്കൽ ഒരു ഇരയെ കിട്ടിയാൽ ഒരു ജന്മം മുഴുവൻ അയാളെ കടിച്ചു കീറാൻ ആ ആളുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാൻ ഉള്ള ലൈസൻസ് കിട്ടിയത്‌ പോലെയാണ്.. എനിക്കറിയാം.. ഇന്നും നമ്മളൊന്നിച്ചു പുറത്തോട്ട് ഇറങ്ങിയാൽ ഈ ലോകം നോക്കുന്നത് നിന്റെ കണ്ണിൽ എന്നോടുള്ള ദേഷ്യമുണ്ടോ എന്നാണ്.. നിനക്കൊരു കുഞ്ഞു മുറിവ് പറ്റിയാലും അത് അനന്തൻ ഉണ്ടാക്കിയതാണോ എന്നേ അന്വേഷിക്കൂ.. അവൻ കണ്ണുതുടച്ചു..

എന്തിനാ അനന്തേട്ടാ ഇങ്ങനൊക്കെ ചിന്തിക്കുന്നത്.. അവൾ ചോദിച്ചു.. ഇങ്ങനൊക്കെ എന്നെ ചിന്തിക്കാൻ പഠിപ്പിച്ചത് ഈ സമൂഹമാണ് മാളൂ.. അവൻ പറഞ്ഞു.. മാളു പിന്നെ ഒന്നും മിണ്ടിയില്ല.. കുറച്ചുനേരം അവൻ കരയുകയാണ് എന്നുതോന്നി.. കരഞ്ഞു തീർക്കട്ടെ എന്നവൾക്കും തോന്നി.. അവൾ അവനെ തഴുകിക്കൊണ്ടേയിരുന്നു..വാത്സല്യത്തോടെ.. എപ്പോഴോ അവനൊന്ന് മയങ്ങിയെന്ന് തോന്നിയതും അവനെ നേരെ കിടത്തി അവൾ താഴേയ്ക്ക് ചെന്നു.. ******** അച്ചൂ.. ഇന്ന് നീ ഫ്രീയാണോ.. ആ എന്താ ഏട്ടത്തി.. എങ്കിൽ നമുക്ക് വൈകീട്ടൊന്ന് അമ്പലത്തിൽ പോയാലോ.. ഇന്നോ.. പോകാല്ലോ..

ഏട്ടൻ വരുന്നുണ്ടോ.. മ്മ്.. നമുക്കെല്ലാർക്കൂടെ പോകാം.. അവൾ പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ് മുറ്റത്ത് കാർ വന്നു നിന്നത്.. അവൾ പുറത്തേയ്ക്ക് നോക്കി.. അമ്പാടി ഓടിവന്ന് അകത്തെ സോഫയിൽ ഇരുന്നു..പുറകെ ആര്യനും സിത്തുവും കയറിവന്നു.. അന്നാദ്യമായി ആര്യൻ മാളുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.. അവൾക്ക് അത്ഭുതം തോന്നി..അവളും തിരിച്ചു പുഞ്ചിരിച്ചു.. എന്തോ അപ്പോഴും അവളുടെ മനസ്സിൽ അനന്തൻ പറഞ്ഞറിഞ്ഞ ആര്യന്റെ മുഖമായിരുന്നു..ആ മനസ്സിലെ സ്വാർത്ഥത.. മാളൂ.. എന്തൊക്കെയുണ്ട് വിശേഷം.. അവൾ ചോദിച്ചു.. സുഖം ചേച്ചി.. വീട്ടിൽ എന്തൊക്കെയുണ്ട് വിശേഷം..

എല്ലാരും സുഖമായിട്ടിരിക്കുന്നു.. നിന്നെ തിരക്കി..അച്ഛനും അമ്മയ്ക്കുമൊക്കെ ഒത്തിരി ഇഷ്ടമായി നിന്റെ സ്വഭാവം.. അവൾ പറഞ്ഞു.. ആ നിങ്ങളായിരുന്നോ. ഏട്ടനും നാത്തൂനും എന്ത് പറയുന്നു മോളെ.. സുധാമ്മ വന്നു ചോദിച്ചു.. സുഖമായി ഇരിക്കുന്നു..പിന്നെ അടുത്തയാഴ്ച്ച കുടുംബക്ഷേത്രത്തിൽ പൂജയാണ്.. എല്ലാരും ചെല്ലണമെന്ന് പറഞ്ഞു.. മ്മ്.. ഞാനും ഓർത്തു.. അനന്തന്റെ കല്യാണം കഴിഞ്ഞാൽ അവിടെ ഒരു താലിയും പട്ടും ഞാൻ നേർന്നിരുന്നതാണ്.. സുധാമ്മ പറഞ്ഞു..മാളു പുഞ്ചിരിച്ചു.. ഇവര് പോകും മുൻപ് അവിടെ ചെന്ന് തൊഴണം.. ഞങ്ങൾ അടുത്ത മാസമേ പോകുന്നുള്ളൂ അമ്മേ.. ആര്യനാണ് പറഞ്ഞത്.. സുധാമ്മ അവനെ നോക്കി.

മറുപടി ഒന്നും പറഞ്ഞില്ല... പലപ്പോഴും മൗനമൊരു ആയുധമാണ്.. കൂടെ നിൽക്കുന്നവർക്ക് നേർക്കത് പ്രയോഗിക്കുമ്പോൾ ചിലപ്പോൾ നീറുന്നതും പിടയുന്നതും മനസ്സാകും.. മാളു ഓർത്തു.. സുധാമ്മയുടെ മൗനവും ആര്യന്റെ വേദനയും ഒക്കെ അവൾ കാണുന്നുണ്ടായിരുന്നു. അറിയുന്നുണ്ടായിരുന്നു.. എന്തോ.. ആദ്യം കണ്ടവരിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തരാണ് ചുറ്റുമുള്ളവർ എന്നവൾക്ക് തോന്നി.. ആദ്യം കണ്ട സുധാമ്മയിൽ ഒരു കുറവുകളും ഉണ്ടായിരുന്നില്ല.. ഇന്നത്തെ സുധാമ്മയ്ക്ക് അന്ധവിശ്വാസത്തിൽ സ്വന്തം മകന്റെ ജീവിതം തകർത്ത ഒരമ്മയുടെ ഭാവമാണ്.. ആദ്യം കണ്ട ആര്യൻ സ്നേഹമുള്ള ഒരേട്ടനായിരുന്നു..

ഇന്നവൻ സ്വാർത്ഥത കൊണ്ട് തനിക്കത്രമേൽ പ്രിയപ്പെട്ടവന്റെ ജീവിതം നശിപ്പിച്ചവനാണ്.. ആദ്യം കണ്ട അച്ഛൻ മകനുവേണ്ടി എന്തും ചെയ്യുന്ന ഒരാളായിരുന്നു.. എന്നാൽ മകന്റെ ജീവിതം കണ്മുന്പിൽ കൈവിട്ട് പോകുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാതെ പോയ ഒരു മനുഷ്യനാണ് ഇന്ന് അയാൾ.. അവൾ ഓർത്തു.. താനോ.. താനും മാറി.. ആദ്യം അനന്തനെന്ന മനുഷ്യന്റെ താലി കഴുത്തിൽ വീഴുമ്പോൾ ഇനിയുള്ള ജീവിതം ഇരുട്ടിലാണെന്ന് ഭയന്ന് അയാളെ എങ്ങനെ ഒഴിവാക്കും എന്നു ചിന്തിച്ചു രാത്രി ഭ്രാന്തെടുത്തു നിലവിളിച്ചവളാണ് താൻ.. ഇന്നോ. മാളുവിന്റെ ചൊടികളിൽ അത്രമേൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.. ഇന്ന് തനിക്കവൻ പ്രിയപ്പെട്ടവനാണ്..

തന്റെ പ്രണയമാണ്.. അത്രമേൽ ഇഷ്ടമാണ് തനിക്ക് അവനെ . അത്രമേൽ പ്രണയമാണ് തനിക്ക് അവനോട് . അവൻ അടുത്തുള്ള ഓരോ നിമിഷവും താൻ ഒരുപാട് സന്തോഷവതിയാണ്.. അവനാണ് തന്റെ വെളിച്ചം.. രാത്രിയിൽ നിലാവെന്നപോലെ തന്റെ ഇരുളടഞ്ഞ ജീവിതത്തിൽ എവിടെയൊക്കെയോ വെളിച്ചം അവൻ കൊണ്ടുവന്നു.. തന്റെ കൂടെപ്പിറപ്പിന് ഒരേട്ടനായി.. അച്ഛനും ചെറിയമ്മയ്ക്കും ഒരു മകനായി.. അവൾ ആലോചനയോടെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടതും അച്ചു അമ്മയെ തോണ്ടി . അവളെ ചൂണ്ടിക്കാട്ടി.. അവരിലും ആ കാഴ്ച വല്ലാത്ത സന്തോഷം നിറച്ചു..

ഒരിക്കൽ തന്റെ മകന്റെ ഭാവിക്ക് എന്ന വിശ്വാസത്തിൽ ചെയ്ത തെറ്റ്.. അതിന്ന് തിരുത്തപ്പെട്ടിരിക്കുന്നു.. അവർക്ക് മാളുവിനോട് വാത്സല്യം തോന്നി... ആ സ്നേഹത്തിൽ വിരിഞ്ഞ ഒരു പുഞ്ചിരി അവരുടെ ചുണ്ടിലും ഉണ്ടായിരുന്നു.. മനോഹരമായി.. ********* ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ഇടയ്ക്കിടെ അച്ചുവിന്റെ കണ്ണുകൾ അനന്തനിലും മാളുവിലും പതിഞ്ഞിരുന്നു... ഒരുമിച്ചു ദേവിക്ക് മുൻപിൽ തൊഴുതു നിൽക്കുന്നവരെ കാണേ അവളുടെ കണ്ണുനിറഞ്ഞു.. ഇനിയൊരിക്കലും തന്റെ ഏട്ടന്റെ കണ്ണു നിറയരുതെ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. തിരുമേനി പ്രസാദം നൽകിയപ്പോൾ മാളുവാണ് അനന്തന്റെ നെറ്റിയിലത് തൊട്ടു കൊടുത്തത്..

ശേഷം അച്ചുവിന്റെ നെറ്റിയിലും.. പ്രസദത്തിലെ കുങ്കുമം തന്റെ സീമന്തരേഖയിൽ ചാർത്തുമ്പോൾ ഒരിക്കലും ഈ സിന്ദൂരം മാഞ്ഞുപോകരുതേ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.. അനന്തേട്ടാ.. എനിക്ക് കുപ്പിവള വാങ്ങി തരുമോ.. മാളുവിന്റെ ചോദ്യം കേട്ട് ഞെട്ടിയത് അച്ചുവും കൂടെയായിരുന്നു.. കുപ്പിവളയോ.. എന്തിനാ ഏട്ടത്തി.. കയ്യിലിടാൻ.. ആ കടയിൽ കിട്ടും.. അവൾ അമ്പലത്തിനു പുറത്തെ കട ചൂണ്ടി പറഞ്ഞു.. ഞാൻ ക്യാഷ് തരാം.. താൻ വാങ്ങിക്കോ.. മ്മ്ഹും.. നിക്ക് അനന്തേട്ടൻ വാങ്ങി തന്നാൽ മതി.. അച്ചു വാ.. അവൾ പറഞ്ഞുകൊണ്ട് അനന്തന്റെ കൈപിടിച്ചു തന്നെ നടന്നു.. അനന്തൻ പെട്ടെന്ന് ചുറ്റും നോക്കി...

ക്ഷേത്രത്തിൽ വന്ന പലരുടെയും കണ്ണ് തങ്ങളിലാണ് എന്നവൻ തിരിച്ചറിഞ്ഞു.. മാളൂ.. നിങ്ങൾ .. നിങ്ങള് നടന്നോ.. അവൻ ചടപ്പോടെ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു.. അവളാ കൈകൾ കുറച്ചുകൂടി മുറുകെ പിടിച്ചു.. ഇതെന്താ അനന്തേട്ടാ.. നമ്മൾ കാമുകീ കാമുകന്മാർ ഒന്നുമല്ലല്ലോ.. ഇങ്ങനെ നാണിക്കാൻ... അവൾ കളിയായി പറഞ്ഞു.. ഡോ.. ആൾക്കാര്.. അവൾ ചുറ്റും നോക്കി.. അച്ചുവും.. അച്ചുവിനും അവന്റെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നു.. മാളുവിനും.. പക്ഷെ അവൾ അപ്പോഴും അവനെ സമൂഹത്തിൽ നിന്നൊളിക്കാൻ വിടാൻ തയാറായിരുന്നില്ല.. ഏട്ടത്തി.. വേണ്ട... വാ. ഞാൻ വാങ്ങിതരാം..

എല്ലാരും ശ്രദ്ധിക്കുന്നോണ്ടാ ഏട്ടന് മടി.. മറ്റുള്ളവർ എന്ത് കരുതും എന്നുകരുതി ജീവിക്കാൻ പറ്റുമോ അച്ചൂ.. ഇതിപ്പോ കൊല്ലം ഒന്നൊന്നരയായില്ലേ ആ വീടും അനന്തേട്ടനെ മനസ്സിലാക്കുന്ന വളരെ ചുരുക്കം ആളുകളും മാത്രമായി അനന്തേട്ടൻ ഒതുങ്ങിയിട്ട്... ഇനിയത് മതി.. എനിക്ക് പഴയ അനന്തേട്ടനെ തിരിച്ചു വേണം.. നിനക്ക് വേണ്ടേ.. അച്ചുവിനെ നോക്കി അവൾ ചോദിച്ചു.. അച്ചു യാന്ത്രികമായി തലയാട്ടി. വാ അനന്തേട്ടാ.. അവൾ നിർബന്ധപൂർവ്വം അവനെയും കൊണ്ട് കടയിലേക്ക് നടന്നു.. കടയിലുള്ളയാൾ അനന്തനെ കണ്ടതും തെല്ല് ഭയത്തോടെ നോക്കി. എ..എന്താ വേണ്ടത്.. കുപ്പിവള.. അനന്തൻ പറഞ്ഞു.. ഡാ..

ആ കുപ്പിവള ഇങ്ങെടുക്ക്.. അയാൾ അകത്തു നിന്ന പയ്യനോട് പറഞ്ഞു.. ആർക്കാ സാറേ വള.. അവൻ അതും ചോദിച്ചു രണ്ടുപെട്ടി കുപ്പിവള കൊണ്ടു മുൻപിൽ വെച്ചു.. ഏത് കളറാ വേണ്ടത്.. അനന്തൻ ചോദിച്ചു.. കറുപ്പ്.. പിന്നെ ചുവപ്പ്.. മാളു പറഞ്ഞു.. നിനക്ക് വേണോ അച്ചൂ.. മ്മ്.. എനിക്ക് പച്ച മതി ഏട്ടത്തി.. അവൾ പറഞ്ഞു.. എങ്ങനുണ്ട് അനന്തേട്ടാ.. രണ്ടു കയ്യിലും നിറയെ കുപ്പിവള ഇട്ട് അവൾ അനന്തന് നേരെ ഉയർത്തിക്കാട്ടി ചോദിച്ചതും അനന്തൻ ചിരിച്ചു.. നല്ല രസമുണ്ട്.. അച്ചുവും പറഞ്ഞതോടെ മാളു അത് പാക്ക് ചെയ്യാൻ പറഞ്ഞു.. എത്രയായി.. അയ്യോ.. അതൊന്നും വേണ്ട.. കടയുടമ പറഞ്ഞു.. അതെന്താ.. മാളുവാണ് ചോദിച്ചത്..

അത്... സർ.. ചേട്ടൻ ഇത് ചുമ്മാ കൊടുക്കാൻ വെച്ചിരിക്കുവാണോ.. അതല്ല.. എങ്കിൽ ഇതിന്റെ വില പറയ് ചേട്ടാ..ഞങ്ങൾക്ക് പോയിട്ട് തിരക്കുണ്ട്.. മാളു പറഞ്ഞതും അയാൾ ഒരു പേപ്പറെടുത്തു വിറയലോടെ എഴുതി കൊടുത്തു.. പണവും നൽകി രണ്ടാൾക്കും വളയും വാങ്ങി ഇറങ്ങിയപ്പോഴും അനന്തന്റെ കൈകളിൽ മാളുവിന്റെ കൈകൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.. ഇനിയൊരിക്കലും വിട്ടുപോകില്ല എന്നു പറയാതെ പറയും പോലെ.. ******** അനന്തേട്ടൻ കിടക്കുന്നില്ലേ.. രാത്രി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന അനന്തനോട് മാളു ചോദിച്ചു.. അവനൊന്ന് ചിരിച്ചു.. കിടക്കണം.. എന്നാൽ വാ..

ഞാൻ ഷീറ്റ് വിരിച്ചു.. എല്ലാരും കിടന്നു.. മ്മ്.. ദർശേച്ചി വിളിച്ചില്ലേ.. അവൾ ചോദിച്ചു.. മ്മ്.. കുറെ മുൻപേ വിളിച്ചിരുന്നു.. താൻ താഴെ ആയിരുന്നപ്പോ.. പിന്നെന്താ ഒരാലോചന.. അവൾ അപ്പോഴും ചിരിയോടെ നിൽക്കുകയായിരുന്നു.. എന്തിനാ മാളൂ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. ഇഷ്ടായോണ്ട്.. ഒട്ടും ആലോചിക്കാതെയുള്ള മറുപടി കേട്ടവൻ ചിരിച്ചു.. ആണോ.. മ്മ്..അങ്ങനെ തോന്നിയില്ലേ.. പെട്ടെന്നവൻ അവളെ ചേർത്തു പിടിച്ചു.. ഈറനായ ഒരു കാറ്റ് അവരെ തഴുകി കടന്നുപോയി... മാളു ഞെട്ടി അവനെ നോക്കി.. അനന്തന്റെ ചുണ്ടിൽ പതിവില്ലാത്ത ഒരു കുസൃതി ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.. അവനവളെ നോക്കി..

വൈകുന്നേരം കുളിച്ചതിന്റെ ഈറൻ പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും ചുറ്റികെട്ടി വെച്ചിരിക്കുകയാണ് മുടി.. അലസമായി കിടക്കുന്ന ചില മുടിയിഴകൾ അവളുടെ മുഖത്തേയ്ക്ക് വീണു കിടപ്പുമുണ്ട്.. അവനാ മുടിയിഴകളെ മെല്ലെ കാതിന് പിന്നിലേയ്ക്ക് ഒതുക്കി വെച്ചു.. വൈകുന്നേരം തൊട്ട ചന്ദനക്കുറി കുറച്ചൊക്കെ മാഞ്ഞു പോയിട്ടുണ്ട്.. ഒരു കുഞ്ഞു കറുത്ത പൊട്ട്.. വലതുകണ്ണിലെ കൃഷ്ണമണിയുടെ അരികിലായി ഒരു കൊച്ചു മറുകുമുണ്ട്.. ആ കണ്ണിലെ കൃഷ്ണമണികൾ ദ്രുതഗതിയിൽ തന്റെ പ്രവർത്തികൾ നോക്കികാണുന്നുണ്ട്.. ആ കണ്ണിലെ പിടച്ചിലും നാണവും അനന്തന്റെ മനസ്സിൽ പ്രണയം നിറച്ചു..

അവൻ മെല്ലെ അവളുടെ കെട്ടിവെച്ച മുടിയിഴകളെ സ്വതന്ത്രമാക്കി.. അ..ന..ന്തേട്ടാ.. മാളുവിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ഒന്ന് ചിരിച്ചു. ശേഷം മെല്ലെ മുഖം താഴ്ത്തി.. അവളുടെ നെറ്റിയിൽ നിന്നൊരു വിയർപ്പുകണം ഒഴുകി കാതോട് ചേർന്ന് കവിളിനെ തഴുകി ഒഴുകി പോകുന്നത് അനന്തൻ കണ്ടിരുന്നു.. അവൻ കൈകളാൽ അവളുടെ മുഖം കോരിയെടുത്തു.. മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചതും ആ ചുംബനം മനസ്സ് നിറഞ്ഞു സ്വീകരിച്ചെന്നോണം അവൾ ഇരുകണ്ണുകളും ഇറുക്കി പൂട്ടിയിരുന്നു.. മെല്ലെയവന്റെ ചുണ്ടുകൾ താഴേയ്ക്ക് സഞ്ചരിച്ചു.. അപ്പോഴും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞിരുന്നു..

ഒടുവിലവന്റെ ചുണ്ടുകൾ ലക്ഷ്യസ്ഥാനത്തെത്തിയതും മാളുവിന്റെ കൈകൾ അവന്റെ കൈകളിൽ അമർന്നിരുന്നു..അതിശക്തമായി.. പിന്നെയാ കൈകൾ അവനെ ചുറ്റിപ്പിടിച്ചു.. ദീർഘമായ ചുംബനത്തിന് ശേഷം അവളിൽ നിന്നവൻ വേർപ്പെടുമ്പോൾ മാളുവിന്റെ കണ്ണുകൾ രക്തവർണ്ണമായിരുന്നു.. അവളുടെ ചുണ്ടിൽ അവനായി മാത്രം വിരിഞ്ഞ വശ്യമായ ഒരു പുഞ്ചിരിയും.. മെല്ലെയാ പുഞ്ചിരിയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. മാളൂ.. മ്മ്.. കിടക്കാം.. മ്മ്.. അനന്തൻ അവളെ കോരിയെടുത്തു മുറിയിലേയ്ക്ക് നടക്കുമ്പോഴും മാളുവിന്റെ കണ്ണുകൾ അവനിലായിരുന്നു..അത്രമേൽ പ്രണയത്തോടെ..

മണ്ണിനെ ഈറനാക്കി പുറത്തു പെയ്തൊരു ചെറു മഴയിൽ ഭൂമി തന്റെ ദാഹം തീർക്കുമ്പോൾ അനന്തൻ ഒരു പേമാരിയായി മാളുവിലും പെയ്യുകയായിരുന്നു.. പൂർണ്ണമനസ്സോടെ തന്നെ തന്നെ അവനായി സമർപ്പിച്ചവൾ അവനോട് ചേർന്നു കിടക്കുമ്പോഴും തന്നെ നോക്കി കിടക്കുന്ന അവന്റെ നിറഞ്ഞ കണ്ണുകൾ അവളോട് വാചാലമാകുകയായിരുന്നു.. അവളാ കണ്ണുകൾ മെല്ലെ തുടച്ചവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിൽ അവൻ പ്രണയത്തോടെ തഴുകി.. താങ്ക്സ്.. അവൻ മൃദുവായി അവളുടെ കാതോരം പറഞ്ഞതും അവളവന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു..

ഇനിയീ കണ്ണുകൾ നിറയരുത്.. ഒന്നിന് വേണ്ടിയും..നിക്കത് സഹിക്കില്ല അനന്തേട്ടാ.. അവൾ പറയുമ്പോൾ അവളുടെ കണ്ണുനീരിന്റെ ചൂട് അവന്റെ നെഞ്ചിൽ അറിയുന്നുണ്ടായിരുന്നു.. മ്മ്.. ഇല്ല.. ആ വാക്ക് മതിയായിരുന്നു അവളിലെ പെണ്ണിന് സന്തോഷിക്കാൻ.. കാരണം അപ്പോഴവൻ അവളിൽ അത്രമേൽ ഭ്രാന്തമായി നിറഞ്ഞിരുന്നു.. തന്റെ കൈകളാൽ അവളെ ചുറ്റിപ്പിടിച്ചവൻ മയക്കത്തിലേയ്ക്ക് വീഴുമ്പോഴും അവളുടെ നെഞ്ചിൽ അവൻ അനുഭവിച്ച ഓരോ വേദനയും നിറയുകയായിരുന്നു.. ആ ഓർമകൾ അവളെ പൊള്ളിച്ചു..

മെല്ലെ ഉറങ്ങിക്കിടക്കുന്നവന്റെ നെറ്റിയിൽ ചുംബിച്ചു കിടക്കുമ്പോഴും ആരൊക്കെയോ ചേർന്നവന് നഷ്ടമാക്കിയതൊക്കെയും അവനിലേക്ക് മടക്കികൊണ്ടുവരുവാനുള്ള വഴികൾ തിരയുകയായിരുന്നു അവളുടെ മനസ്സ്.. അപ്പോഴും മദ്യാസക്തിയിൽ... ഭ്രാന്തമായി തന്റെ ശരീരത്തിലേക്ക് കുത്തിവെച്ച വീര്യം കൂടിയ മയക്കുമരുന്നിന്റെ ഉന്മാദത്തിൽ.. അവന്റെ ജീവിതം തകർക്കുവാനുള്ള പുതിയ പദ്ധതികൾ തേടുകയായിരുന്നു അവൾ.. അഞ്ചിത രാജശേഖരൻ...............തുടരും………

പ്രിയം : ഭാഗം 28

Share this story