പ്രിയം: ഭാഗം 3

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അമ്മ എന്ത് വേണമെങ്കിലും തീരുമാനിച്ചോ.. എനിക്ക് സമ്മതമാണ്.. അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകളെ വകവെയ്ക്കാതെ അനന്തൻ എഴുന്നേറ്റ് തിരിഞ്ഞു നടന്നു.. അവന്റെ പോക്ക് നോക്കി കണ്ണു നിറഞ്ഞു അവർ അവനെ നോക്കി പുഞ്ചിരിച്ചു.. മോനെ തോല്പിച്ചല്ലേ.. ഐ സിയുവിലെ നേഴ്‌സ് ചിരിയോടെ പറഞ്ഞപ്പോഴും ആ അമ്മ ചിരിക്കുകയായിരുന്നു.. അതേ.. അവൻ തോറ്റു.. വീണ്ടുമൊരിക്കൽ കൂടി ഈ അമ്മയ്ക്ക് വേണ്ടി.. അപ്പോഴും ആ നെഞ്ചു പിടയുകയായിരുന്നു.. അവനെയോർത്ത്.. ********** അമ്മേ. റൂമിലേക്ക് മാറ്റി അധികനേരമാകും മുൻപേ ഡോർ തള്ളിതുറന്നകത്തേയ്ക്ക് വന്നു അച്ചുവോടി ചെന്നവരുടെ അരികിലിരുന്നു കരഞ്ഞുകൊണ്ട് വിളിച്ചു.. അനന്തൻ അവളെ കണ്ടതും പുറത്തേയ്ക്ക് നോക്കി.. തൊട്ട് പിന്നാലെ അപ്പേട്ടനും വന്നു.. എന്താമ്മേ..എന്താ പറ്റിയെ എന്റെ അമ്മയ്ക്ക്.. അച്ചു കരച്ചിലാണ്.. ഒന്നൂല്ലടാ.. ഒന്നു തലചുറ്റി..സ്റ്റെപ്പിൽ നിന്ന് വീണു.. പിന്നെ മിനിയും അനന്തനും വീട്ടിൽ ഉണ്ടായിരുന്നത്കൊണ്ട് രക്ഷപെട്ടു.. എന്നിട്ട് ഡോക്ടർ എന്താ അനന്തേട്ടാ പറഞ്ഞേ..

അച്ചു അനന്തനെ നോക്കി. ഈ വെച്ചുകെട്ടെ ഉള്ളു. ബി പി കുറഞ്ഞാൽ വീട്ടിൽ പോകാം എന്ന്.. മറുപടി സുധാമ്മയിൽ നിന്ന് കിട്ടിയപ്പോഴേ മനസ്സിലായി രണ്ടാളും ശീതസമരത്തിലാണെന്ന്.. അച്ചു മെല്ലെ അവരുടെ മുറിവിൽ തഴുകി.. ഒന്നുമില്ലെടാ.. സുധാമ്മ വീണ്ടും പറഞ്ഞു.. മിനിച്ചേച്ചി എന്തിയെ. അവളിത്ര നേരവും ഇവിടെ ഉണ്ടായിരുന്നു.. പാവം.. ദേഹം മൊത്തം ചോരയായിരുന്നു.. ഇപ്പോ ശ്രീകുട്ടൻ വന്നു കൂട്ടിക്കൊണ്ടു പോയി.. എങ്ങനെയുണ്ട് ചേച്ചി.. അപ്പേട്ടനാണ്.. ഒന്നുമില്ലന്നെ.. പിന്നെ തലയടിച്ചു വീണതല്ലേ.. കുറച്ചു ചോരയും ആ വഴിക്ക് പോയി. അതുകൊണ്ട് കിടത്തിയതാ.. നാളെ പോകാം... സാറാകെ വെപ്രാളപ്പെട്ട് ഇതിപ്പോ ആറാമത്തെയോ ഏഴാമത്തെയോ വിളിയാണ്.. അവിടുന്നിങ്ങോട്ട് ഓടി വരികന്ന് വെച്ചാ ഈ രാത്രി നടപ്പുള്ള വല്ല കാര്യവുമാണോ.. അപ്പേട്ടൻ പറഞ്ഞു.. മ്മ്.. ചന്ദ്രേട്ടനെ വിളിച്ചു തന്നേക്കൂ.. ഞാൻ പറഞ്ഞോളാം.... സുധാമ്മ പറഞ്ഞതും അപ്പ്വേട്ടൻ ഫോണിൽ നമ്പർ ഡയൽ ചെയ്തു നൽകി.. സുധാമ്മ ഫോൺ കാതോട് ചേർത്തു. അവർ സംസാരിക്കുന്നത് നോക്കി നിന്നു ശേഷം അനന്തൻ മെല്ലെ പുറത്തേക്കിറങ്ങി..

ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നിൽ ഇരുന്നു . വിജനമായ ആശുപത്രി വരാന്ത... അവനു കണ്ണൊക്കെ വേദനിക്കും പോലെ തോന്നി.. എന്തിനാണ് ഇങ്ങനെയൊരു ജന്മം.. അവന്റെ കണ്ണു നിറഞ്ഞു.. 3 വർഷം മുൻപ് ഇതുപോലെ ഒരു ആശുപത്രി വരാന്തയിൽ വെച്ചു വിലങ്ങണിഞ്ഞു പൊലീസുകർക്കൊപ്പം പോയ അനന്തനെ അവൻ അവിടെ കണ്ടു.. നിശബ്ദമായി.. ആരോടും ഒന്നും പറയാതെ അവൻ നടന്നു നീങ്ങുന്നു.. അന്നും ഐ സി യുവിനുള്ളിൽ അവളുണ്ടായിരുന്നു... തനിക്കത്രമേൽ പ്രിയപ്പെട്ടവൾ.. അഞ്ചു.. തന്നിൽ അന്നെന്തേ വേദന നിറഞ്ഞില്ല.. ദേഹത്തെത്ര മുറിവുകൾ ഉണ്ടായിരുന്നു അന്ന്.. തലയിൽ അന്ന് ഇട്ട സ്റ്റിച്ചിന്റെ പാടിപ്പോഴും മുടിയിഴകൾക്കിടയിൽ അവശേഷിക്കുന്നുണ്ട്.. എന്നിട്ടും വേദനിച്ചില്ലേ.. വേദനിച്ചു.. ഒരുപാട്.. പക്ഷെ അത് തിരിച്ചറിയാൻ അന്ന് മരവിച്ച ആ മനസ്സിന് കഴിഞ്ഞില്ല.. കൂടെപ്പിറപ്പിനെ പോലെ കണ്ടവന്റെ ചോരയായിരുന്നു കൈ നിറയെ.. ദേഹം നിറയെ.. അവന്റെ ചുടു രക്തം.. വയറ്റിൽ ആഴത്തിൽ കുതിയിറക്കിയ കത്തിയിൽ നിന്നും ആദ്യമായി ആ രക്തത്തുള്ളി തന്നിൽ സ്പർശിച്ചപ്പോൾ അതിന് വല്ലാത്ത ചൂടുണ്ടായിരുന്നു..

എന്നിട്ടും താൻ വീണ്ടും.. അനന്തേട്ടാ.. ഞെട്ടിപ്പോയി.. അച്ചുവാണ്..കയ്യിലിരുന്ന ഫോണും താഴെ വീണു.. എന്താ അച്ചൂ.. അവനൽപ്പം ശാന്തമായി ചോദിച്ചുകൊണ്ട് ഫോൺ കുനിഞ്ഞെടുത്തു.. എന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നെ.. വാ റൂമിൽ പോകാം.. അവൾ അവന്റെ കയ്യിൽപിടിച്ചു.. ഇത്തിരി കഴിയട്ടെ.. മോള് പൊയ്ക്കോ.. അവൻ പറഞ്ഞു.. വേണ്ട. ഇവിടിങ്ങനെ ഒറ്റയ്ക്കിരുന്നാൽ വേണ്ടാത്ത ചിന്തകൾ വരും.. അത് വേണ്ട. റൂമിൽ മിണ്ടാതേം പറയാതേം ഇരുന്നാൽ എനിക്കും വട്ടാകും.. ഏട്ടൻ വാ.. വാ ഏട്ടാ.. അവൾ നിർബന്ധപൂർവം അവനെ വലിച്ചു. കൂടെ ചെല്ലാതെ നിവർത്തി ഉണ്ടായിരുന്നില്ല.. അവനെഴുന്നേറ്റ് അച്ചുവിന്റെ കൂടെ നടന്നു.. അപ്പോഴേയ്ക്കും അച്ചുവിന്റെ ഫോണിൽ മെസേജ് വന്നിരുന്നു. അനന്തൻ സംശയത്തോടെ നോക്കി.. ആര്യേട്ടനാ.. അമ്മയ്ക്ക് എങ്ങനെ ഉണ്ടെന്നറിയാൻ.. അവൾ പറഞ്ഞുകൊണ്ട് മറുപടി നൽകി.. ഏട്ടത്തിയ്ക്ക് നൈറ്റ് ഷിഫ്റ്റാ.. ഏട്ടൻ കുഞ്ഞിന്റടുത്താ.. അതാ വിളിക്കാത്തെ.. അവൾ അനന്തനെ നോക്കി പറഞ്ഞു.. അവൻ മറുപടി പറഞ്ഞില്ല..

അവർ മുൻപോട്ട് നടന്നു.. ദേ അനന്തേട്ടാ വിശക്കുന്നുണ്ടെ.. ഞാൻ വീട്ടിൽ വന്നിട്ടൊന്നും കഴിച്ചിട്ടില്ല.. വാങ്ങാടാ.. അവൻ പറഞ്ഞു.. അവളവനെ ചേർന്ന് നടന്നു.. അവനും തന്റെ കൈകളാൽ അവളെ ചേർത്തു പിടിച്ചു.. കരുതലോടെ.. ********** എറങ്ങി വാ തള്ളേ.. എറങ്ങി വര..രാൻ..പ്ഫൂ.. മുറ്റത്തേക്ക് ആഞ്ഞു തുപ്പി ദേവൻ അലറി.. പഠിച്ചു കൊണ്ടിരുന്ന ബുക്ക് അടച്ചു അമ്മു എഴുന്നേറ്റു.. എങ്ങോട്ടാ..ഇരുന്ന് പഠിക്കടി.. അതും പറഞ്ഞു മാളു മടക്കിയ തുണികൾ പഴയ തടിയലമാരയിലേയ്ക്ക് വെച്ചു അത് പൂട്ടി.. അവളൊന്ന് ശ്വാസം എടുത്തു വിട്ടു.. പിന്നെ അമ്മുവിനെ നോക്കി.. ഇവിടുത്തെ ബഹളം കഴിഞ്ഞു പഠിച്ചു മിടുക്കിയാകാനൊന്നും പറ്റില്ല.. അതോണ്ട് ഉള്ള സൗകര്യത്തിൽ പഠിക്കാൻ നോക്ക്.. അറിയാമല്ലോ.. അടുത്ത വട്ടം 10ലാണ്..നല്ല മാർക്ക് ഇല്ലെങ്കിൽ പഠിപ്പ് അവിടെ നിൽക്കും.. വല്യ മോഹങ്ങൾ മാത്രം പോരാ.. അധ്വാനവും വേണം.. എന്നാലേ നീ ഉദ്ദേശിക്കും പോലെ പഠിക്കാൻ പറ്റൂ..അമ്മയ്ക്കും ചേച്ചിക്കുമൊന്നും കൊമ്പത്തെ ജോലിയും വരുമാനവും ഒന്നുമില്ലെന്ന് അറിയാല്ലോ.. അതുകൊണ്ട് കതകടച്ചിരുന്ന് മര്യാദയ്ക്ക് നാലക്ഷരം പഠിക്കാൻ നോക്ക്..

അതും പറഞ്ഞു മാളു പുറത്തേയ്ക്ക് പോയി.. അമ്മു രണ്ടുനിമിഷം ആലോചിച്ചിരുന്നു.. പിന്നെ പോയി വാതിലടച്ചു. മെല്ലെ വന്നു ബുക്കിന് മുന്പിലിരുന്നു.. ഇറങ്ങുന്നില്ലേ തള്ളേം മക്കളും.. ഹേ.. മിണ്ടാതിരിക്ക് ദേവേട്ടാ.. അമ്മു പഠിക്യാ.. മാളു പുറത്തേയ്ക്ക് വന്നു ചുറ്റും നോക്കി പറഞ്ഞു. ഓ.. അവളുടെ ഒരു പഠിപ്പ്.. പണ്ട് നീയും കൊറേ നടന്നതല്ലേ.. എന്നിട്ടോ ഇപ്പൊ ആ മീനാക്ഷീടെ കൂടെ തുണിക്കടയിൽ ജോലിക്ക് പോന്നു.. അതൊക്കെയാടി അവടേം തലേലെഴുത്ത്.. ദേവന് കാലു നിലത്തുറയ്ക്കുന്നുണ്ടായില്ല.. അവൻ ആടിയാടി പഴയ കസേരയിലേക്ക് ഇരുന്നു.. മാളു മറുപടിയൊന്നും പറഞ്ഞില്ല.. പക്ഷെ അവൾക്ക് നൊന്തിരുന്നു.. നിനക്ക് കഴിവില്ലാഞ്ഞിട്ടാടാ..അല്ലെങ്കിൽ തൂണൊപ്പം വളർന്ന നീയൊരുത്തൻ ഇങ്ങനെ നിൽക്കുമ്പോ പഠിത്തം കളഞ്ഞിവൾ കുടുംബം നോക്കാൻ ഇറങ്ങേണ്ടി വരില്ലായിരുന്നു.. സൗദമിനിയുടെ ഒച്ച പൊന്തി.. ദേവൻ പകയോടെ അവരെ നോക്കി.. പിന്നേ. എനിക്ക് വല്ലാത്ത തലേലെഴുത്തല്ലേ ഈ നാശത്തെ പഠിപ്പിക്കഞ്ഞിട്ട്.. അതിനിവളെന്റെ ആരാ.. ആരാടി.. എന്റെ തന്തയ്ക്കോ തള്ളയ്ക്കോ ജനിച്ചതൊന്നും അല്ലല്ലോ..

പണ്ട് നിന്റെ തന്ത ആ അകത്ത് കിടക്കുന്ന അയാൾ എന്റെ ഈ നിൽക്കുന്ന തള്ളയെ കെട്ടിയപ്പോ കിട്ടിയതല്ലേ ഇതിനെ.. ആണോ.. അങ്ങനെയാണെങ്കിൽ ആ മനുഷ്യന്റെ ഈ വീട്ടിൽ നിനക്കെന്താ കാര്യം.. നീ അങ്ങേർക്ക് ജനിച്ചതൊന്നും അല്ലല്ലോ.. സൗദാമിനി വിട്ടുകൊടുത്തില്ല.. ചെറിയമ്മേ.. വേണ്ട.. ആളുകൾ ശ്രദ്ധിക്കുന്നു.. മാളു ഓർമിപ്പിച്ചു.. കാണട്ടെ.. എല്ലാവരും കാണട്ടെ.. അല്ല.. ജനിപ്പിച്ചതിന്റെ കണക്ക് പറയുന്നത് കേട്ടല്ലോ.. 10 വയസ്സുള്ളപ്പോ നീയുമായി ഈ പടി കേറി വന്നതാ സൗദാമിനി.. അന്ന് തൊട്ട് കിടപ്പിലാകും വരെ നിന്റെ സർവ ചിലവും നോക്കിയത് ആ മനുഷ്യനാണ്.. നിന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ.. എന്തിനാ നിന്റെയാ മുച്ചക്രവും അങ്ങേര് വാങ്ങി തന്നതല്ലേ. എന്നിട്ട് ആ മനുഷ്യന്റെ ഈ മോൾക്ക് നീ എന്ത് കൊടുത്തു.. ഒന്നും വേണ്ട.. ആ മനുഷ്യന് ഒരു നേരത്തെ മരുന്ന് വാങ്ങാൻ ഉള്ളതെങ്കിലും ഇന്നുവരെ കൊണ്ടുവന്നിട്ടുണ്ടോ നീ. ഇനി അങ്ങേരിൽ എനിക്ക് ജനിച്ച ഒരുത്തി അകത്തുണ്ടല്ലോ.. അവൾക്ക് നീ എന്ത് ചെയ്തു കൊടുത്തു.. ഇതിനൊന്നും നിനക്ക് പറ്റില്ല..

പകരം അവള് നേരം പുലരുമ്പോ മുതൽ ഇരുട്ടും വരെ കാലൊന്നുഴിയാതെ നിന്ന് ഉണ്ടാക്കിക്കൊണ്ട് വരുന്നതും കൂടി മോട്ടിച്ച് കുടിക്കുവല്ലേ നീ.. ദേ തള്ളേ.. സൗദാമിനിക്ക് നേരെ അവൻ എഴുന്നേറ്റ് നിന്ന് കയ്യോങ്ങി.. ദേവേട്ടാ.. മാളു ഉറക്കെ വിളിച്ചു.. ആഹാ.. അത്രയ്ക്ക് വളർന്നോ നീ. എങ്കിൽ എനിക്ക് നിന്റെ ആ വളർച്ച ഒന്നറിയണമല്ലോ. തല്ലെടാ.. ടാ തല്ലാൻ.. നിന്നെ പ്രസവിച്ച എന്നെ നീ തല്ലുമെങ്കിൽ എനിക്കതൊന്ന് അറിയണം.. സൗദാമിനി മുൻപോട്ട് വന്നു. ദേവൻ സ്വയമറിയാതെ ആ കൈകൾ താഴ്ന്നു പോയി.. പക്ഷെ അടുത്ത നിമിഷം അവരുടെ കൈകൾ ഉയർന്നു. അവന്റെ കവിളിലേയ്ക്ക് പതിച്ചു. നിലത്തേയ്ക്ക് വീണു പോയിരുന്നു അവൻ.. ഇനി മേലാൽ ജനിപ്പിച്ച തള്ളയെന്നല്ല ലോകത്തൊരു പെണ്ണിന്റേം നേർക്ക് നിന്റെയീ കൈ ഉയരരുത്.. അതിനാ ഇത്.. അവർ കൈ കുടഞ്ഞു.. അവൻ പിടഞ്ഞെഴുന്നേറ്റു.. ആണാണെന്നും പറഞ്ഞു മീശയും വെച്ചു നടന്നാൽ പോരെടാ.. അതിനേ അവനവന്റെ കുടുംബം കൂടി നോക്കണം. അതുപോലെ മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം.. അതിനൊന്നും പറ്റില്ലെങ്കിൽ പോയി ചാകെടാ..

നിന്നെ പോലെ ഉള്ളതൊക്കെ ജീവിച്ചിട്ടിപ്പൊ ആർക്കാ ലാഭം.. സൗദാമിനി പറഞ്ഞു.. നിങ്ങൾ ഇതിന് അനുഭവിക്കും തള്ളേ.. നോക്കിക്കോ.. നിങ്ങളിപ്പോ പൊക്കിക്കൊണ്ട് നടക്കുന്ന ഇവള് കാരണം തന്നെ നിങ്ങൾ അനുഭവിക്കും.. പ്ഭൂ.. അതും പറഞ്ഞവൻ വേച്ചു വേച്ച് പുറത്തേയ്ക്ക് പോയി.. ഓട്ടോയിൽ കയറി അവൻ പോകവേ മാളു നിറഞ്ഞു വന്ന കണ്ണു തുടച്ചു.. വേണ്ടായിരുന്നു ചെറിയമ്മേ.. ഇത്രയ്ക്ക്.. അവൾ പറഞ്ഞു.. പോട്ടെ.. എങ്ങോട്ടേലും പോയി തുലയട്ടെ.. അല്ലേലും അവനെ കൊണ്ട് ഇന്നുവരെ ഈ കുടുംബത്തിനോ അല്ലേൽ ആർക്കെങ്കിലുമോ എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ. അതും പറഞ്ഞവർ അവളെ നോക്കി. അവൻ പറഞ്ഞ ആ മനുഷ്യന്റെ വിയർപ്പാ അവന്റെ ശരീരം.. മോനെ എന്നല്ലാതെ ഒരു വാക്ക് അങ്ങേര് ഇതുവരെ അവനെ വിളിച്ചിട്ടില്ല.. എന്നിട്ട് അങ്ങേര് ആശുപത്രിയിൽ കിടന്നപ്പോൾ അവനെന്താ ചെയ്തത്..എന്റെ കെട്ടുതാലി വരെ പണയം വെച്ചവൻ കുടിച്ചു..

അവന്റെ ഒടുക്കത്തെ കുടി.. . അവർ കണ്ണു തുടച്ചു. അതൊക്കെ കഴിഞ്ഞു പോയില്ലേ ചെറിയമ്മേ.. കഴിഞ്ഞു പോയി.. എല്ലാം പൊറുത്ത് നിന്റെ വാക്കും കേട്ടാ അവനെ ഞാൻ വീണ്ടുമീ വീട്ടിൽ കേറ്റിയത്.. എന്നിട്ടവൻ പറഞ്ഞത് കേട്ടില്ലേ.. ആരുമല്ലത്രേ.. അവന് 10 വയസ്സുള്ളപ്പോഴാ അവനുമായി ഞാനിങ്ങോട്ട് വരുന്നത്. അന്ന് നിനക്ക് വയസ്സ് 5 ആയിട്ടില്ല.. അന്ന് മുതൽ ഞങ്ങൾ രണ്ടാളും നിങ്ങളെ ഞങ്ങളുടെ മക്കളായിട്ടെ കണ്ടിട്ടുള്ളു.. അമ്മു ജനിച്ചിട്ടും നിങ്ങളുടെ ആരുടെയേലും കാര്യം മുടക്കിയിട്ടുണ്ടോ ആ മനുഷ്യൻ.. എന്നിട്ടവന്റെ.. അവർ പല്ല് ഞെരിച്ചു.. അവനോർമ്മ കാണില്ല.. അവന്റെ അച്ഛൻ.. തലയ്ക്ക് മീതെ കടവും ഉണ്ടാക്കി വെച്ച് അങ്ങേര് ഒരു മുഴം കയറിൽ ജീവിതം തീർക്കുമ്പോൾ അവനാകെ 4 വയസ്സേ ഉള്ളു.. അവിടുന്ന് 6 വർഷം ചെയ്യാത്ത ജോലിയൊന്നുമില്ല ഈ സൗദാമിനി.. പലരും വന്നിട്ടുണ്ട് സൗദാമിനിയെ സ്നേഹിക്കാൻ..അന്നൊക്കെ ആട്ടി പായിച്ചിട്ടുമുണ്ട്. പലയിടത്തും ജോലി ചെയ്യുമ്പോൾ എനിക്ക് നേരെ വരുന്ന പല നോട്ടങ്ങളും പേടിച്ച് ആ 6 വർഷം സ്വസ്ഥമായി ഉറങ്ങിയിട്ടില്ല ഞാൻ.. അത് കഴിഞ്ഞ് ഞാനൊന്ന് സ്വസ്ഥമായി ഉറങ്ങിയത് നിന്റെ അച്ഛന്റെ കയ്യും പിടിച്ചീ വീട്ടിൽ വന്നിട്ടാ.. ആരോഗ്യമുള്ള കാലത്തോളം ഒരു അല്ലലും ആ മനുഷ്യൻ അറിയിച്ചിട്ടുമില്ല..

അവർ കണ്ണു തുടച്ചു.. അപ്പോഴേയ്ക്കും അമ്മു ഡോർ തുറന്നു വന്നിരുന്നു. അമ്മ കരയുന്നത് കണ്ടതും അവളും കരഞ്ഞു. മതി മതി.. പഴംപുരാണം പറഞ്ഞു കരഞ്ഞത്.. വാ.. നമുക്ക് കഞ്ഞി കുടിക്കാം.. മാളു പറഞ്ഞു.. എനിക്കിപ്പോ വേണ്ട.. സൗദാമിനി പറഞ്ഞു.. അതൊന്നും പറ്റില്ല.. വാ.. ഞാൻ പോയി അച്ഛന് കഞ്ഞി കൊടുത്തിട്ട് വരാം.. അവൾ അതും പറഞ്ഞു അകത്തേയ്ക്ക് പോയി.. അവർ അവളുടെ പോക്ക് നോക്കിയിരുന്നു.. അവർക്കറിയാം ആ പോക്കിന്റെ അർത്ഥം..ആരും കാണാതെ കരഞ്ഞു തീർക്കാൻ.. പാവം.. അവർക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. എങ്കിലും സ്വയം ആശ്വസിച്ചവർ അമ്മുവിനെ തന്റെ അരികിൽ ഇരുത്തി അവളെ ആശ്വസിപ്പിച്ചു.. സാരമില്ല.. അമ്മേടെ മോള് പഠിച്ചു മിടുക്കയാകണം.. അമ്മയെയും ചേച്ചിയെയും എന്റെ മോള് നോക്കണം..അവൾ ഇങ്ങനെ ഒറ്റയ്ക്ക് ഭാരം ചുമക്കുന്നത് നീ കാണുന്നുണ്ടല്ലോ.. നീ ഒരു നിലയിൽ എത്തിയിട്ട് വേണം എനിക്ക് ഒന്ന് ആശ്വസിക്കാൻ..

അവളെയും നിന്നെയും സുരക്ഷിതമായി രണ്ടു കയ്യിൽ ഏല്പിച്ചിട്ട് വേണം എനിക്കും നിന്റെ അച്ഛനും ഒന്ന് സമാധാനമായി ഉറങ്ങാൻ.. അവർ ആലോചനയോടെ പറഞ്ഞു.. അമ്മു തലയാട്ടി അവരുടെ തോളിൽ കിടന്നു.. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആരും കാണാതെയിരിക്കാൻ മാളു മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുകയായിരുന്നു അപ്പോൾ.. കഞ്ഞിയുമായി തിരിച്ചു വരുമ്പോൾ കണ്ടു അമ്മുവിനെ ചേർത്ത് പിടിച്ച് ആലോചനയുമായി ഇരിക്കുന്ന സൗദാമിനോയെ.. അവരെ കുറച്ചു നിമിഷം അവൾ നോക്കി നിന്നു.. പിന്നെ അകത്തേയ്ക്ക് പോയി.. പാടില്ല.. താനാണ് ഈ വീടിന്റെ ധൈര്യം.. തളരാൻ പാടില്ല... അച്ഛന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കഞ്ഞി കോരി നൽകുമ്പോൾ അവൾ വീണ്ടും ആ വാക്കുകൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു. കൂടുതൽ ശക്തമായി.. *********** ആ ആരാ.. മാളുവോ..കേറി ഇരിക്ക് മോളെ.. ഇരിക്കുന്നില്ല ഗംഗാധരേട്ടാ..

അരുണെന്തിയെ... അവൾ ചോദിച്ചു.. അവനാണ്ട് ആ രമണിയേയും കൊണ്ട് അമ്പലത്തിൽ പോയി.. എന്താ മോളെ.. ഇന്ന് ചിലപ്പോൾ കുറച്ചു കാശ് കിട്ടും.. അച്ഛനെ ആശുപത്രിയിൽ കാണിക്കേണ്ട സമയമായി.. അവൻ ഇന്നെങ്ങാനും ഫ്രീ ആണെങ്കിൽ അച്ഛനുമായി ഒന്ന് അത്രേടം പോകാൻ പറയാനായിരുന്നു.. ആണോ.. അവൻ കുറച്ചു മുന്നേയാ പോയെ.. വരുമ്പോ ഞാൻ വിളിക്കാൻ പറയാം മോളെ.. ആ ശെരി ഗംഗാധരേട്ടാ.. പിന്നെ അവനോട് കടയിലോട്ട് വരാൻ പറയണേ.. കാശ് അവന്റെ കയ്യിൽ കൊടുക്കാനാ.. വീട്ടിൽ കൊടുത്താൽ ദേവേട്ടൻ കണ്ടാൽ ബാക്കി ഒന്നും കാണില്ല.. അവൾ പറഞ്ഞു.. മ്മ്.. ഇന്നലെ അപ്പുറത്തെ ശോഭേടെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.. കണ്ടപ്പോ എന്റെ അബദ്ധതിന് ഞാനൊന്ന് ഉപദേശിച്ചു.. അതിന്റെ ദേഷ്യത്തിൽ എന്നെ പിടിച്ചു തള്ളി ഇട്ടിട്ടാ പോയത്.. അയ്യോ.. എന്നിട്ടെന്തെങ്കിലും പറ്റിയോ.. മാളു ചോദിച്ചു.. ഹേയ്..പ്രശ്നമൊന്നുമില്ല..

കൈ മുട്ടൊന്നുരഞ്ഞു.. അത്ര തന്നെ.. ഈ കൊച്ചനെന്താ ഇങ്ങനെ.. എങ്ങനെ നടന്നിരുന്നതാ.. കഷ്ടകാലം.. അല്ലാണ്ടെന്താ.. ആ പറഞ്ഞു നിന്നാൽ നേരം പോകും.. 7.50ന്റെ കല്യാണി പോയാൽ പിന്നെ സമയത്ത് പഞ്ച് ചെയ്യാനും പറ്റില്ല.. ശമ്പളം പിടിക്കും അവർ.. അവൾ പറഞ്ഞു.. മ്മ്.. ശെരി മോളെ.. അവൾ അയാളോട് യാത്ര പറഞ്ഞു വരമ്പത്തുകൂടി ഓടി.. നന്നേ തിരക്കുള്ള ബസിൽ തപ്പിതടഞ്ഞു കണ്ടെത്തിയ സീറ്റിൽ അവളിരുന്നു.. ഇനിയൊന്നിരിക്കണമെങ്കിൽ 6 ആകണം.. ആ ഓർമയിൽ പുറത്തേയ്ക്ക് നോക്കിയിരിക്കവേ ഇടയ്ക്കെപ്പോഴോ കടന്നു പോയ കോളേജ് ബസ് നോക്കിയവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.. വെറുതെയെങ്കിലും അവളുടെ കണ്ണൊന്ന് പിടഞ്ഞു.. നിറഞ്ഞു.. പിന്നെ ആ ഓർമകൾക്ക് മുകളിൽ തീർക്കുവാനുള്ള ബാധ്യതകൾ നിറഞ്ഞതും അവയുടെ ഓർമയിൽ വീണ്ടും അവൾ ചുറ്റും നോക്കി.. അതേ..ഈ ദിവസവും തുടങ്ങുന്നു.. നെട്ടോട്ടത്തിൽ തന്നെ.. അവളൊന്ന് ചിരിച്ചു...ശേഷം വീണ്ടും വഴിയോര കാഴ്ചകളിലേക്ക് മിഴി നട്ടു....................തുടരും…………

പ്രിയം : ഭാഗം 2

Share this story