പ്രിയം: ഭാഗം 30

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

തന്റെ കൈകളാൽ അവളെ ചുറ്റിപ്പിടിച്ചവൻ മയക്കത്തിലേയ്ക്ക് വീഴുമ്പോഴും അവളുടെ നെഞ്ചിൽ അവൻ അനുഭവിച്ച ഓരോ വേദനയും നിറയുകയായിരുന്നു.. ആ ഓർമകൾ അവളെ പൊള്ളിച്ചു.. മെല്ലെ ഉറങ്ങിക്കിടക്കുന്നവന്റെ നെറ്റിയിൽ ചുംബിച്ചു കിടക്കുമ്പോഴും ആരൊക്കെയോ ചേർന്നവന് നഷ്ടമാക്കിയതൊക്കെയും അവനിലേക്ക് മടക്കികൊണ്ടുവരുവാനുള്ള വഴികൾ തിരയുകയായിരുന്നു അവളുടെ മനസ്സ്.. അപ്പോഴും മദ്യാസക്തിയിൽ... ഭ്രാന്തമായി തന്റെ ശരീരത്തിലേക്ക് കുത്തിവെച്ച വീര്യം കൂടിയ മയക്കുമരുന്നിന്റെ ഉന്മാദത്തിൽ.. അവന്റെ ജീവിതം തകർക്കുവാനുള്ള പുതിയ പദ്ധതികൾ തേടുകയായിരുന്നു അവൾ.. അഞ്ചിത രാജശേഖരൻ.. ********

രാവിലെ അനന്തൻ കണ്ണുതുറക്കുമ്പോൾ മാളു അടുത്തുണ്ടായിരുന്നില്ല.. എങ്കിലും അവളുടെ ഗന്ധം തനിക്കരുകിൽ പൊതിഞ്ഞിരിക്കും പോലെ അവനു തോന്നി.. അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അടുത്തു കിടന്ന തലയിണ എടുത്തു വെച്ചു അതിൽ മുഖം അമർത്തിവെച്ചവൻ പുഞ്ചിരിയോടെ കിടന്നു.. അനന്തേട്ടാ.. എണീറ്റോ.. മാളു കുളി കഴിഞ്ഞിറങ്ങി വന്നു.. അവൻ തിരിഞ്ഞവളെ നോക്കി.. ഈറൻ മുടി തോർത്തിനോടൊപ്പം ചുറ്റികെട്ടി വെച്ചിട്ടുണ്ട്... ഒരു സാദാ കോട്ടൺ ചുരിദാറായിരുന്നു വേഷം.. മ്മ്.. അവൾ അവനെ നോക്കി പുരികം ഉയർത്തി ചോദിച്ചു.. അവൻ പുഞ്ചിരിയോടെ എഴുന്നേറ്റു... എന്താ അനന്തേട്ടാ.. ഒന്നൂല്ലടോ..

അവൾ അവനരികിൽ ചെന്നിരുന്നു.. അവനവളുടെ തോളിലേയ്ക്ക് മുഖം അമർത്തി.. ഷോൾഡറിൽ പതിഞ്ഞിരുന്നു നേർത്ത ജലകണങ്ങൾ കണ്ടതും അവൻ മെല്ലെ ചുംബിച്ചു.. അവൾ കണ്ണുകൾ അടച്ചു.. അവനവളെ ചുറ്റിപ്പിടിച്ചു മെല്ലെയിരുന്നു.. ഞാൻ താഴേയ്ക്ക് പോട്ടെ.. അവൾ അല്പനേരം കഴിഞ്ഞതും പറഞ്ഞു.. മടി തോന്നുന്നെടോ എഴുന്നേൽക്കാൻ.. നേരം വെളുക്കേണ്ടായിരുന്നു അല്ലെ.. തുറന്നിട്ട ജനാലയിലൂടെ ഉദയസൂര്യന്റെ രശ്മി അരിച്ചു കയറിവരുന്നുണ്ടായിരുന്നു.. അനന്തേട്ടാ.. എണീറ്റു വാ.. ഞാൻ ചെല്ലട്ടെ.. അവൾ ഒരുവിധം അവനെ ഉന്തിതള്ളി എഴുന്നേൽപ്പിച്ചു ഫ്രഷാകാൻ പറഞ്ഞുവിട്ടു ശേഷം താഴേയ്ക്ക് പോയി..

മാളു ചായയുമായി വരുമ്പോൾ അനന്തൻ കുളിച്ചു കഴിഞ്ഞിറങ്ങി വരികയായിരുന്നു..അവനവളെ നോക്കി ചിരിച്ചു.. അനന്തേട്ടാ നാളെ മുതൽ ഞാൻ കടേൽ പോകും കേട്ടോ.. നാളെയോ.. എന്താ പെട്ടെന്ന്.. പെട്ടെന്നൊന്നുമല്ല.. കുറെ ദിവസായില്ലേ ലീവെടുത്തിട്ട്.. അവർക്ക് അത് ബുദ്ധിമുട്ടാകും.. മ്മ്.. അവൻ മൂളി.. അവൾ അളക്കാനുള്ള തുണിയൊക്കെ എടുത്തുകൊണ്ട് പോകുന്നതും നോക്കി അവൻ നിന്നു..ആലോചനയോടെ.. ********* കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനാലാണ് മാളു അടച്ചിട്ട വാതിലിൽ തട്ടിയത്.. വാതിൽ തുറന്നുവന്ന അമ്മു അവൾക്കൊരു പുഞ്ചിരി നൽകി.. എന്താ മോളെ.. ഉറങ്ങുവായിരുന്നോ..

കണ്ണൊക്കെ വല്ലാതെ.. മാളു അകത്തേയ്ക്ക് കയറി.. ആ ചേച്ചി.. നല്ല തലവേദന.. ഇന്നലെ രാത്രി ഒത്തിരി താമസിച്ചാണ് കിടന്നത്.. കുറെ പഠിക്കാൻ ഉണ്ടായിരുന്നു.. മ്മ്.. അവൾ മൂളി.. ചെറിയമ്മ എവിടെ.. തൊഴിലുറപ്പിന് പോയി.. മാളുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.. വയ്യാതെ ഇരിക്കുവല്ലേ മോളെ.. ഞാൻ പറഞ്ഞതാ ചേച്ചി.. പിന്നെ ദേവേട്ടൻ ഒരു രൂപ പോലും കൊണ്ട് തരില്ല.. ഇവിടെ എല്ലാം നടക്കേണ്ടേ.. ഇപ്പൊ തന്നെ അച്ഛനെ ആശുപത്രിയിൽ കൊണ്ടോവേണ്ട സമയായി.. മ്മ്. മാളു മൂളി.. അവൾക്ക് കുറ്റബോധം തോന്നി.. ഞാൻ അച്ഛനെ കണ്ടിട്ട് വരാടാ.. അതും പറഞ്ഞവൾ അകത്തേയ്ക്ക് നടന്നു.. അച്ഛാ.. മാളുവിന്റെ വിളി കേട്ട് അശോകൻ കണ്ണു തുറന്നു..

അവളെ കണ്ടതും ആ കുഴിഞ്ഞ കണ്ണുകൾ വികസിച്ചു.. ആ കണ്ണുകൾ വാതിൽക്കലേയ്ക്ക് പ്രതീക്ഷയോടെ നോക്കി.. ഞാൻ ഒറ്റയ്ക്കാ അച്ഛാ വന്നത്.. അനന്തേട്ടൻ കൂടെ വന്നില്ല.. അവൾ പറഞ്ഞതും അയാൾ ആകാംഷയോടെ അവളെ നോക്കി.. നാളെ മുതൽ ഞാൻ ജോലിക്ക് പോവാ.. അപ്പൊ വന്ന് നിങ്ങളെയൊക്കെ കാണണം എന്ന് തോന്നി.. എനിക്ക് മിസ് ചെയ്യുവാ അച്ഛാ.. അതും പറഞ്ഞവൾ ബാഗ് മേശയിൽ വെച്ച് അച്ഛന്റെ നെഞ്ചിലേക്ക് കിടന്നു.. ആഹാ.. ചേച്ചി ഇവിടെ കിടക്കുവാണോ.. ദാ ചായ... അവൾ ചായ നീട്ടി.. മധുരമില്ലാട്ടോ.. പഞ്ചാര.. അമ്മു തല താഴ്ത്തി.. മാളു അവളെ നോക്കി പുഞ്ചിരിച്ചു.. പിന്നെ എഴുന്നേറ്റ് അച്ഛന്റെ മരുന്നുകളൊക്കെ എടുത്തു നോക്കി..

എല്ലാം കഴിഞ്ഞിരിക്കുന്നു.. വെറുതെയല്ല ചെറിയമ്മ ജോലിക്ക് ഇറങ്ങിയത്.. അവൾ മനസ്സിലോർത്തു.. അമ്മൂ.. ചേച്ചിക്കിത്തിരി വെള്ളം താടാ.. എന്താ ചേച്ചി.. അനന്തേട്ടനുമായി എന്തേലും വഴക്കുണ്ടായോ.. അടുക്കളയിലേക്ക് അമ്മുവിന്റെ പിന്നാലെ ചെന്ന മാളുവിന് വെള്ളം എടുത്തുനൽകി അമ്മു ചോദിച്ചു.. മാളു ചിരിച്ചു.. അനന്തേട്ടനോടോ.. ഹേയ്.. ഒരു പിണക്കവുമില്ല... അല്ലേൽ തന്നെ നിന്റേട്ടനോട് എന്തിന്റെ പേരിൽ പിണങ്ങാനാ ഞാൻ.. അതും സത്യാ.. ആദ്യം അനന്തേട്ടനെപ്പറ്റി ഞാൻ വിചാരിച്ചത് ഇങ്ങനൊന്നുമല്ല... കൊന്നൂന്നൊക്കെ കേട്ടപ്പോ.. പക്ഷെ അങ്ങാനൊന്നുമില്ല.. പാവവാ അനന്തേട്ടൻ..

അവൾ ചിരിയോടെ പറഞ്ഞതും മാളു ചിരിയോടെ വെള്ളം കുടിച്ചു.. ചായ ഞാൻ കുടിച്ചില്ല മോളെ.. ഇപ്പൊ വേണ്ട.. ചെറിയമ്മ വന്നിട്ട് കുടിക്കാം.. ഞാൻ വട വാങ്ങിയാ വന്നേ.. ആണോ.. ആ എന്നാൽ മതി.. മ്മ്.. അവൾ മൂളി.. ചേച്ചി സന്ധ്യയായാൽ എങ്ങനാ പോവാ.. അനന്തേട്ടൻ വരുമോ.. അറിയില്ല മോളെ.. അനന്തേട്ടൻ ഒരു ഫ്രണ്ടിന്റെ കൂടെ എവിടേക്കോ പോയേക്കുവാ.. അതാ ഞാൻ ഒറ്റയ്ക്ക് വന്നത്.. അച്ചു കൂടെ വരുന്നു എന്ന് പറഞ്ഞതാ.. പിന്നെ അവൾക്ക് പെട്ടെന്ന് പ്രോജക്റ്റിന്റെ എന്തോ സബ്മിറ്റ് ചെയ്യാൻ പോകേണ്ടി വന്നു.. അമ്മു ചിരിച്ചു.. ചേച്ചിക്കവിടെ സുഖമല്ലേ.. മ്മ്.. അവിടെന്താ സുഖക്കുറവ്..

ഒരു പാവം അച്ഛനും അമ്മയും അനിയത്തിയും.. പിന്നെ ആര്യേട്ടൻ പുള്ളി മാത്രം അങ്ങനെ സംസാരിക്കില്ല.. അതേ പ്രകൃതമാണ് മോനും.. വീട്ടിൽ ആരോടും ആ കുഞ്ഞ് മിണ്ടൂല്ല.. അവൾ ചിരിയോടെ പറഞ്ഞു.. പിന്നെ സിത്തു ഏട്ടത്തി.. അതും പാവമാണ്.. എല്ലാർക്കും സ്നേഹം.. ഏറ്റവും താഴെ ആ വീട്ടിലുള്ള അപ്പേട്ടനും മിനിച്ചേച്ചിയും വരെ.. അവൾ ഓർത്തുകൊണ്ട് പറഞ്ഞു.. അത് കേട്ടാൽ മതി.. അമ്മയിവിടെ എന്നും പറയും... ഒരു രണ്ടാം കെട്ടുകാരനെകൊണ്ട് അതും ഒരു കൊലയാളിയെ കൊണ്ട് ചേച്ചിയെ കെട്ടിച്ചൂന്നു പറഞ്ഞിട്ട് എന്നും ഓരോരുത്തർ അമ്മയെ കുത്താറുണ്ട്.. അതാരാ.. നമ്മുടെ കാര്യത്തിൽ ഇത്ര ശ്രദ്ധയുള്ളത്..

മാളു അടുക്കളയിലെ പാത്രങ്ങൾ കഴുകിക്കൊണ്ട് പറഞ്ഞു.. അയ്യോ.. അതവിടെ ഇട് ചേച്ചി.. ആ സരിയാകെ മുഷിയും.. അത് സാരമില്ല.. നീ കഴുകാൻ പാത്രങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൊണ്ടുവാ.. ഒന്നും ഇല്ല ചേച്ചി.. ഞാൻ മുൻപേ എല്ലാം കഴുകിയതാ.. പിന്നെ ഇതിപ്പോ ചായ ഇട്ട പാത്രങ്ങളാ.. ചേച്ചിക്ക് ചായ വേണ്ടേൽ ഞാൻ കുടിച്ചോട്ടെ..നല്ല തലവേദന.. എടുത്തോടി.. അവൾ പറഞ്ഞു.. ചേച്ചി... അമ്മ വന്നു.. ചായ കുടിക്കുന്നതിനിടയിൽ അമ്മു വിളിച്ചു പറഞ്ഞതും മാളു സാരിതുമ്പ് എളിയിൽ കുത്തി ചായയ്ക്കുള്ള വെള്ളം വെച്ചു.. മാളു വന്നോ.. മ്മ്.. അമ്മു അവരുടെ കയ്യിൽ നിന്ന് കവർ വാങ്ങി.. എന്നിട്ടെന്താ നീ വിളിക്കാഞ്ഞത്..

ഞാൻ എന്തെങ്കിലും വാങ്ങി വന്നേനെയെല്ലോ.. പഞ്ചസാര പോലും ഇല്ല.. ഒരുത്തരവാദിത്വവും ഇല്ല പെണ്ണിന്.. അവർ ദേഷ്യത്തോടെ പിറുപിറുത്തു.. ചേച്ചി ഇപ്പൊ വന്നേയുള്ളൂ.. ഇത്തിരി നേരമേ ആയുള്ളൂ.. അതുമല്ല വടയൊക്കെ വാങ്ങിയാണ് ചേച്ചി വന്നത്.. ചെറിയമ്മ ചൂടാവേണ്ട.. ഞാൻ ദേ വന്നേയുള്ളൂ.. ചായ കുടിക്ക്.. നീ ചായയിട്ടൊ.. മ്മ്.. കുടിക്ക്.. അമ്മൂ ഞാനിത് അച്ഛന് കൊടുത്തിട്ട് വരാം.. ആ കവറിൽ നിന്ന് വട എടുക്ക്.. അതും പറഞ്ഞവൾ അകത്തേയ്ക്ക് പോയി.. തിരിച്ചുവന്ന് ചായയും കൊണ്ടവരുടെ അടുത്തിരുന്നു..ആ തോളിലേയ്ക്ക് ചാഞ്ഞതും അവർ ചിരിച്ചു.. മൊത്തം വിയർപ്പും പൊടിയുമാ..

അത് കേട്ടതും അവൾ ഒരുകയ്യാൽ അവരെ ചേർത്തുപിടിച്ചു.. ഈ വിയർപ്പിന്റെയും പൊടിയുടെയും മണമല്ലേ എന്നെ വളർത്തി ഇത്രവരെ എത്തിച്ചത്.. അപ്പൊ എനിക്കിത് ദുർഗന്ധമല്ല സുഗന്ധമാണ്.. അവർ പുഞ്ചിരിച്ചു.. അനന്തൻ എന്താ വരാതിരുന്നത്.. ഒരു കൂട്ടുകാരന്റെ കൂടെ ഒരിടം വരെ പോയിരിക്കുകയാണ്.. ചിലപ്പോ എന്നെ വിളിക്കാൻ വരും.. അല്ലേൽ രാത്രി അരുണിന്റെ കൂടെ പോകാം.. ആ ചേച്ചി അറിഞ്ഞില്ലല്ലോ.. മീനുചേച്ചിയുടെയും അരുണേട്ടന്റെയും കല്യാണത്തിന്റെ കാര്യത്തിൽ തീരുമാനമായി.. ഞാൻ അറിഞ്ഞു.. മീനു വിളിച്ചു.. മാളു പറഞ്ഞു.. എന്താ മോളെ ഇന്നിങ്ങോട്ട് ഇറങ്ങിയത്..

നാളെ മുതൽ കടയിൽ പോണം ചെറിയമ്മേ എന്നും ഇങ്ങനെ വീട്ടിൽ ഇരുന്നാൽ ബോറാകില്ലേ... അവൾ ചിരിച്ചു.. നീ കോളേജിൽ ചേരാൻ പോവാണെന്ന് പറഞ്ഞിട്ട്.. കോഴ്സിന് രെജിസ്റ്റർ ചെയ്തു.. ക്ലാസ് തുടങ്ങാറായില്ല.. അവൾ പറഞ്ഞു.. എനിക്ക് മടിയാവാ.. എന്നെക്കാളും എത്രേം ചെറിയ പിള്ളേരാ അവിടെ.. അവരുടെ കൂടെ.. പഠിക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യമാണ്.. കിട്ടിയ അവസരം പ്രയോജനപ്പെടുത്തണം.. കോടികളുടെ ആസ്തി ഉണ്ടായിട്ട് കാര്യമില്ല. അതൊക്കെ കൈവിട്ട് പോകാൻ നിമിഷങ്ങൾ മതി.. പക്ഷെ ജീവിതത്തിൽ ഒരിക്കലും നഷ്ടപെടാത്തത് നമ്മൾ നേടുന്ന അറിവാണ്.. നിനക്ക് നീ ആഗ്രഹിച്ചപോലെ ഒരു ജോലി..

അത് എനിക്ക് നേടിത്തരാൻ പറ്റിയില്ല.. അവരത് ചെയ്യുമ്പോ എന്റെ മോള് നന്നായി പേടിച്ച് ലക്ഷ്യത്തിൽ എത്തുകയാണ് വേണ്ടത്.. നീ കല്യാണം കഴിച്ചിരുന്നത് ഒരു വിധം നല്ല നിലയിലുള്ള ആസ്തിയുള്ള ഒരാളെയാണ്.. പക്ഷെ സ്വന്തമായി ഒരു ജോലി എന്നത് എപ്പോഴും ഒരു ബലമാണ് മോളെ.. സൗദാമിനി പറഞ്ഞു.. ഇന്നത്തെ കാലത്ത് ആണായാലും പെണ്ണായാലും ഒരു ജോലി ഉള്ളതാണ് ഏറ്റവും നല്ലത്.. മനുഷ്യന്റെ കാര്യമാണ്.. നാളെ ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധി വന്നാലും ഒരു ജോലിയും വിദ്യാഭ്യാസവും ഒക്കെ പ്രയോജനം ചെയ്യും...കേട്ടോ. മ്മ്.. അവൾ മൂളി.. അമ്മൂ.. നീ മുറ്റം അടിക്കുന്നില്ലേ..

ഞാൻ ചെയ്തോളാം ചെറിയമ്മേ.. വേണ്ട ചേച്ചി.. ഞാൻ ചെയ്തോളാം.. അമ്മു അതും പറഞ്ഞിറങ്ങി.. വിളക്ക് വെച്ച ശേഷമാണ് അനന്തൻ വന്നത്..അനന്തനൊപ്പം അച്ചുവും വന്നു.. എല്ലാവർക്കുമുള്ള ഭക്ഷണവും വാങ്ങിയാണ് അവനും അച്ചുവും വന്നത്.. ഇന്ന് നമുക്ക് ഇവിടെ കൂടാം ഏട്ടാ..വീട്ടിൽ ആര്യേട്ടൻ ഉണ്ടല്ലോ..കാലത്ത് പോകാം.. അച്ചു പറഞ്ഞു.. ഇവിടെ വല്യ സൗകര്യമൊന്നുമില്ല മോളെ.. സൗദാമിനി പറഞ്ഞു.. അതിനെന്താ.. ഞങ്ങളെല്ലാരും കൂടെ ഇവിടെ പാ വിരിച്ചു കിടന്നോളാം.. അല്ലെ ഏട്ടത്തി.. ഞാനും.. അമ്മു പറഞ്ഞു.. അനന്തനും മാളുവും ചിരിച്ചതെയുള്ളൂ..

സൗദാമിനി പാത്രം ഒക്കെ കഴുകിവെച്ചു കഴിഞ്ഞു വന്നതും മാളു ഹാളിൽ നിലത്ത് പായ വിരിച്ചു കഴിഞ്ഞിരുന്നു.. പുറത്ത് അനന്തനും അച്ചുവും മാളുവും തമ്മിലുള്ള വർത്തമാനവും ചിരിയും ഒക്കെ കേൾക്കാമായിരുന്നു.. അനന്തനും അച്ചുമോളും വേണമെങ്കിൽ അവിടെ മുറിയിൽ കിടന്നോട്ടെ മോളെ.. നമുക്കിവിടെ കിടക്കാം.. അതൊന്നും വേണ്ട ചെറിയമ്മേ.. ചെറിയമ്മ കിടന്നോളൂ... അച്ചൂന് ഇതൊക്കെ വല്യ ഇഷ്ടമാണ്.. അവളെ നമ്മുടെ കൂട്ടത്തിൽ ഒന്നായി കണ്ടാൽ മതി.. മാളു പറഞ്ഞു.. അച്ഛനെ ചെന്ന് നേരെ കിടത്തി അവൾ ആ നെറ്റിയിൽ മുത്തുമ്പോൾ ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരിക്കുന്നത് മാളു കണ്ടിരുന്നു..

അവൾ ചിരിയോടെ തിരിഞ്ഞതും പഞ്ഞികെട്ട് പോലെയുള്ള ആ കൈകളാൽ അയാൾ അവളെ തൊട്ടു.. അവൾ തിരിഞ്ഞു.. എന്താ അച്ഛാ.. അയാൾ കണ്ണുകളാൽ അവളോട് അടുത്തിരിക്കാൻ കാണിച്ചു.. എന്താ അച്ഛാ.. കു..ഞ്ഞ്.. കാ..ണം.. കുഞ്ഞോ.. ഏത് കുഞ്ഞ്.. അയാൾ അവളുടേത് എന്നു കണ്ണു കാണിച്ചു.. അവളൊന്ന് ചിരിച്ചു.. അതിനെന്താ.. എന്റച്ഛൻ എന്റെ കുഞ്ഞിനെയും അമ്മൂന്റെ കല്യാണവും ദേവേട്ടന്റെ കല്യാണവും പിന്നെ അവരുടെ കുഞ്ഞിനെയും ഒക്കെ കാണും.. മാളു പറഞ്ഞു.. അയാൾ ഒന്ന് ചിരിച്ചു കാട്ടി.. അച്ഛൻ ഉറങ്ങിക്കോ.. അവൾ അയാളെ പുതപ്പിച്ചു കിടത്തി പറഞ്ഞു..

തിരിച്ചു ഹാളിൽ ചെന്നപ്പോൾ ഭിത്തിയ്ക്ക് അരികിലായി അമ്മുവും അവൾക്ക് അടുത്തായി അച്ചുവും കിടന്നു കഴിഞ്ഞിരുന്നു.. അച്ചുവിനെ കെട്ടിപ്പിടിച്ചു കഥയൊക്കെ പറഞ്ഞു കിടക്കുന്ന അമ്മുവിനെ അവളൊന്ന് പുഞ്ചിരിയോടെ നോക്കി.. ശേഷം പുറത്തേക്കിറങ്ങി.. പുറത്തേയ്ക്ക് കണ്ണുനട്ടിരിക്കുന്ന അനന്തനെ കണ്ടതും.അവൾ പുഞ്ചിരിയോടെ അവനരികിൽ പോയി ഇരുന്നു.. അവന്റെ തോളിലേയ്ക്ക് തല ചായ്ച്ചതും അവനവളെ ചേർത്തുപിടിച്ചു.. ഞാനൊരു കാര്യം ചോദിച്ചോട്ടെ.. മാളു അവനെ നോക്കി... മ്മ്.. അവൻ മൂളി.. ഞാൻ ജോലിക്ക് പോകുന്നതിൽ എന്തെങ്കിലും താത്പര്യക്കുറവുണ്ടോ.. ഇല്ലെടോ.. അവൻ പറഞ്ഞു..

പിന്നെന്താ മുഖം വല്ലാതെ.. താൻ പോകുമ്പോൾ ഞാൻ പിന്നെയും ഒറ്റയ്ക്കാകും.. അതിന് ഞാൻ പോയിട്ട് വൈകുന്നേരം വരില്ലേ.. മ്മ്.. എന്നാലും.. ഒരെന്നാലും ഇല്ല.. കാലത്തെ എന്നെയൊന്ന് കൊണ്ടുവിടണം.. വൈകുന്നേരം കല്യാണി കാണും.. ഇല്ലെങ്കിലും ഇപ്പൊ ധൈര്യമാണ്.. അനന്തേട്ടൻ വരുമല്ലോ.. ഞാൻ കൊണ്ടാക്കണോ.. എല്ലാരും ചിരിക്കും.. അനന്തേട്ടനും ചിരിച്ചു കാണിക്കണം.. അല്ലേലും നമ്മളെ നോക്കി ഒരാൾ ചിരിച്ചാൽ തിരിച്ചു ചിരിച്ചു കാണിച്ചില്ലേൽ മോശമല്ലേ.. അനന്തന് ചിരി വന്നു.. ദേ കണ്ടോ.. എന്ത് ഭംഗിയാണെന്നോ എന്റെ അനന്തേട്ടൻ ചിരിക്കുന്നത് കാണാൻ.. എന്ത് ചേലാ.. ഈ പെണ്ണ്.. അവൻ പറഞ്ഞു..

അവളവന്റെ മടിയിലേയ്ക്ക് കിടന്നു.. ഇങ്ങനെ ചിരിച്ചാൽ മതി.. അപ്പൊ ഓകെ ആകും.. മ്മ് ശെരി.. അവൻ പറഞ്ഞു.. കിടക്കാം.. മാളു ചോദിച്ചു.. വാ.. അവൻ അവളെയും വിളിച്ചു അകത്തേയ്ക്ക് പോയി.. വാതിൽ ഭദ്രമായി അടച്ചു അച്ചുവിന്റെയും മാളുവിന്റെയും ഇടയിലായി കിടന്നു.. അവന്റെ തണലിൽ നാളുകൾ കൂടിയൊരമ്മ ആ രാത്രി സമാധാനമായി ഉറങ്ങി.. സുരക്ഷിതമായി.. ********* ഗുഡ് മോർണിംഗ് മാളവിക.. സുഖമായിരിക്കുന്നോ.. രാവിലെ കടയിൽ വന്നതും കടയുടമ ജോർജേട്ടൻ ചോദിച്ചു.. സുഖം ജോർജേട്ടാ.. ഇത്രേം ദിവസം ലീവ് എടുത്തിന് സോറി കേട്ടോ.. തന്റെ കല്യാണം അല്ലായിരുന്നോ.. എന്നിട്ടും താൻ വന്നല്ലോ.. അത് മതി..

അയാൾ പുഞ്ചിരിയോടെ പറഞ്ഞു..അവളും ഹൃദ്യമായ ഒരു പുഞ്ചിരി അയാൾക്ക് നൽകി.. എന്തോ തിരക്കാ ഈശ്വരാ.. ഈ ആളുകളൊക്കെ ഇതിനുവേണ്ടി തുണിയെടുത്ത് എങ്ങോട്ട് പോവാണോ.. ഉച്ചയ്ക്ക് കഴിക്കാൻ നേരം അകത്തിട്ടിരിക്കുന്ന സ്റ്റൂളിൽ അത്രനേരം കൂടിയൊന്ന് ഇരുന്നതും മീനാക്ഷി പറഞ്ഞു.. കാലിന് നല്ല വലിച്ചിൽ.. മാളു പറഞ്ഞു.. നീ കുറെ ദിവസം കൂടിയുള്ള നിൽപ്പല്ലേ.. അതാണ്.. മ്മ്.. മീനു പറഞ്ഞതിന് മാളു മൂളി.. എങ്ങനുണ്ട് മാളവിക ഭർത്താവ്.. ലിസിയാണ്.. ഏതായാലും മേലേപ്പാട്ടെ ആ ചെക്കനെയും തന്നെയും കുറിച്ച് നാട്ടുകാര് പറഞ്ഞപ്പോ ഇത്രേം വിചാരിച്ചില്ല.. അല്ല അവൻ കെട്ടിയതും നന്നായി..

അല്ലേൽ തന്നെ അവന്റെ രീതി അനുസരിച്ച് കെട്ടുന്ന പതിവില്ലല്ലോ.. കൂടെ കൊണ്ടുനടന്നു മടുക്കുമ്പോ കളയുന്ന പതിവല്ലേ. ലിസ്സി പറഞ്ഞതും മാളു ഒന്നു ചിരിച്ചു.. എന്നാരാ ചേച്ചി പറഞ്ഞത്.. ഞാൻ ആദ്യമായി കേൾക്കുവാ.. ഇനി ചേച്ചീടെ വീട്ടിൽ ആരെയെങ്കിലും അങ്ങനെ അനന്തേട്ടൻ കളഞ്ഞിട്ടുണ്ടോ.. അതോ..ചേച്ചിയെ എങ്ങാനും.. ഡി.. ലിസ്സി ദേഷ്യത്തോടെ കയ്യോങ്ങി.. വേണ്ട ചേച്ചി.. ഇപ്പൊ ഈ വന്ന ദേഷ്യം പോലെ തന്നെയാണ് എനിക്കും തോന്നിയത്.. വായിൽ തോന്നിയതൊക്കെ നിങ്ങളാ മനുഷ്യനെപ്പറ്റി പറഞ്ഞാൽ ഞാൻ കേട്ടു നിൽക്കില്ല.. എനിക്കത് ഇഷ്ടവുമല്ല.. മാളു ദേഷ്യത്തോടെ തുറന്നുവച്ച പാത്രം അടച്ചുവെച്ച് എഴുന്നേറ്റു പോയി..

ചേച്ചിക്ക് എന്നാ. മീനാക്ഷി ചോദിച്ചു.. നീ പോ പെണ്ണേ.. ഈ ഇളക്കമൊക്കെ എത്രനാളെന്ന് കണ്ടറിയണം.. പുതുമോഡി അല്ലെ.. അത് കഴിയുമ്പോ അറിയാം.. ഒരു പെണ്ണിനെ പിച്ചിക്കീറി അതിന്റെ ആങ്ങളെയെയും കൊന്നവനാണ്.. അവന്റെയൊക്കെ ആവശ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും.. നീ നോക്കിക്കോ പെണ്ണേ.. അനുഭവിക്കാൻ പോകുന്നേയുള്ളൂ അവൾ.. അതും പറഞ്ഞു ലിസ്സി പോയി.. മീനാക്ഷി വേദനയോടെ സെയ്ൽസിലേയ്ക്ക് വീണ്ടും ഇറങ്ങിയവളെ നോക്കി നിന്നു.. അവളുടെ ജീവിതം ഒരിക്കലും ഇരുട്ടിലാകരുതെ എന്ന പ്രാർത്ഥനയോടെ.. ******** ഇന്ന് അനന്തേട്ടൻ വരില്ലേ മോളെ.. വേണി ചോദിച്ചു.. ഇല്ല..

അനന്തേട്ടൻ ദർശേച്ചിയെ കൊണ്ടുവിടാൻ അവിനാശേട്ടന്റെ കൂടെ പോയതാണ്..വരുമ്പോ വൈകും.. അവൾ പറഞ്ഞു.. നിങ്ങൾ കല്യാണം കഴിച്ചപ്പോ എനിക്കൊരു പേടി ഉണ്ടായിരുന്നു.. ആ അഞ്ചിത പറഞ്ഞതൊക്കെ കേട്ട് നീ അനന്തനെ വേണ്ടാന്ന് വെയ്ക്കുമോന്ന്.. അതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്.. അന്ന് ആകെ തകർന്നു നിന്ന സമയത്ത് ചേച്ചി നൽകിയ ധൈര്യമാണ് എന്നെ താങ്ങി നിർത്തിയത്.. ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് മാസം 2 കഴിഞ്ഞില്ലേ.. ഇതുവരെ നിങ്ങൾ ജീവിച്ചിട്ട് അവൾ പറഞ്ഞതുപോലെ ഒരാളാണ് അനന്തനെന്ന് നിനക്ക് തോന്നിയോ.. ഹേയ്.. അനന്തേട്ടൻ ചേച്ചി അന്ന് പറഞ്ഞപോലെ ഒരു പാവമാണ്..

ഇപ്പൊ തന്നെ ഞാനീ ജോലിക്ക് വന്നിട്ട് ഒരു രൂപ പോലും അനന്തേട്ടനോ വീട്ടുകാരോ വാങ്ങില്ല.. എന്തിനെടുത്തു എന്നുപോലും ചോദിക്കാറില്ല.. അവൾ പുഞ്ചിരിച്ചു.. മ്മ്.. ഇനിയിപ്പോ നിങ്ങൾക്ക് ഒരു കുഞ്ഞും ഒക്കെയാകും.. ഉത്തരവാദിത്വം കൂടും.. മാളു ഒന്നു ചിരിച്ചു.. അല്ല.. അങ്ങനെ വല്ലതും ആയോ.. ഇല്ല.. അവൾ ചിരിച്ചു.. അടുത്ത മാസം മുതൽ കോളേജിൽ പൊയ്ക്കോണമെന്നാ അനന്തേട്ടന്റെ ഓർഡർ.. അതോർക്കുമ്പോഴാ ഒരു മടി.. പഠിച്ചു വല്ല ജോലിയും വാങ്ങ് കുട്ടി.. ഇത്രേം കഴിവുള്ള നിങ്ങളൊക്കെ ഇവിടെ കിടന്നിങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോ ഒരു സങ്കടം.. എല്ലാ ജോലിക്കും അതിന്റെതായ പാടില്ലേ ചേച്ചി.. ഉണ്ട്.. എന്നാലും..

മാളു ചിരിച്ചതും അവർക്ക് മുന്പിലൊരു കാർ വന്നു നിന്നു.. ആരെന്നറിയാൻ വേണിയും മാളുവും നോക്കിയതും കാറിന്റെ ഡോർ തുറന്നു.. അതിൽ നിന്നിറങ്ങിയ ആളെ കണ്ട് സംശയത്തോടെ മാളു നോക്കി.. ഹായ് മാളവിക.. ആ പെണ്കുട്ടി അവൾക്കായി കൈനീട്ടി.. അവളവരെ നോക്കി.. സാരിയാണ് വേഷം.. ആഢ്യത്വമുള്ള മുഖം.. കൂടിയാൽ 27ഓ 28ഓ വയസ്സ് വരും.. ആരാ മാളൂ.. ആവോ.. അവൾ പറഞ്ഞു.. തനിക്ക് എന്നെ മനസ്സിലായോ.. ഇല്ലെന്ന് മാളു തലയനക്കി... ഞാൻ അഞ്ചിത... അഞ്ചിതാ രാജശേഖരൻ.. അതും പറഞ്ഞവൾ കൈനീട്ടിയതും മാളു ഞെട്ടലോടെ അവളെ നോക്കി..അപ്പോഴേയ്ക്കും അവളുടെ കൈകളെ അഞ്ചിത കവർന്നിരുന്നു.. അവളുടെ വരവിന്റെ ഉദ്ദേശമറിയാതെ സംശയത്തോടെ അവളെ നോക്കി മാളു നിന്നു................തുടരും………

പ്രിയം : ഭാഗം 29

Share this story