പ്രിയം: ഭാഗം 6

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അത്ര മാത്രം പറഞ്ഞുകൊണ്ട് അയാൾ പോകവേ ആർത്തലച്ചു കരയുന്ന മാളുവിന്റെ ശബ്ദം അനന്തന്റെ കാതിലെത്തി... ഹൃദയത്തിലേക്ക് ഒരു മുള്ള് തറഞ്ഞ വേദന തന്നിൽ ഉടലെടുക്കുന്നത് അവനറിഞ്ഞു.. സുധാമ്മയുടെ നെഞ്ചിൽ ചാരി കരഞ്ഞുകൊണ്ട് കിടക്കുന്നവളെ അവൻ അലിവോടെ നോക്കി.. അപ്പോഴും ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ കടന്നു പോകുകയായിരുന്നു സൗദാമിനി.. മോളെ.. ഇങ്ങനെ കരയല്ലേ.. അമ്മയ്ക്ക് ഒന്നും വരുത്തില്ല ഈശ്വരൻ.. സുധാമ്മ അവളെ തന്നോട് ചേർത്തിരുത്തി.. ഈ ബിൽ അടയ്ക്കണം.. നേഴ്‌സ് ഇറങ്ങി വന്നു പറഞ്ഞു.. അരുണാണാ ബിൽ വാങ്ങിയത്. 8500 രൂപ.. അവൻ സങ്കടത്തോടെ മാളുവിനെ നോക്കി. കയ്യിൽ ആകെ രാവിലെ ഓട്ടത്തിന്റെ ബാക്കി 10ഓ 350ഓ കാണും.. അവന്റെ നോട്ടം കണ്ടതും അനന്തൻ അവനരികിൽ ചെന്നു.. ക്യാഷ് കയ്യിലുണ്ടോ.. അവൻ നിസ്സഹായമായി അനന്തനെ നോക്കി..

ഇങ്ങു താ.. ഞാൻ പേ ചെയ്യാം.. അനന്തൻ ആ ബിൽ വാങ്ങി കൗണ്ടറിലേയ്ക്ക് നടന്നു.. മാളൂ.. അരുൺ അവൾക്കരികിൽ ചെന്നിരുന്നു.. ഡി.. ഇങ്ങ് വന്നെ.. അരുൺ അവളെയും വിളിച്ചു അൽപ്പം മാറി നിന്നു.. കാശ്.. അരുൺ പതിയെ ചോദിച്ചു.. അവൾ സങ്കടത്തോടെ അവനെ നോക്കി.. ഞാനൊരു കാര്യം ചെയ്യട്ടെ.. വീട്ടിൽ പോയി കാശ് ഒപ്പിച്ചിട്ട് വരട്ടെ.. എവിടുന്ന്.. അവൾ ചോദിച്ചു.. സുധാമ്മ അവളെ നോക്കി ഇരിക്കുകയായിരുന്നു... അത് പിന്നെ.. മിനിഞ്ഞാന്ന് പണയത്തിൽ ഇരുന്ന അമ്മേടെ മാല ഞാൻ എടുത്തായിരുന്നു.. പിന്നെ ഒരു 1000മോ 2000മോ കാണും അമ്മേടെ അരിപാത്രത്തിൽ.. അവൻ പറഞ്ഞു.. അവൾ കണ്ണു തുടച്ചു.. പിന്നെ നേരെയിരുന്നു.. നീ വീട്ടിൽ ചെന്ന് അമ്മുവിനെ കയ്യിൽ നിന്നും എ റ്റി എം കാർഡ് വാങ്ങണം.. പിൻ ഞാൻ മെസേജ് ചെയ്യാം.. ഒരു 5000 അല്ലേൽ 6000 കാണും അകൗണ്ടിൽ. അമ്മുവിന് ഒരു കമ്മൽ വാങ്ങാൻ സ്വരുക്കൂടിയ പൈസയാ..

ഏതായാലും നീയത് എടുക്ക്.. പിന്നെ ബാക്കി നോക്കാം.. മ്മ്.. അവൻ മൂളി.. പണയം വെയ്ക്കാൻ ഒന്നും നോക്കേണ്ട. നോക്കട്ടെ.. ഇവിടുത്തെ കാര്യം.. തികഞ്ഞില്ലേൽ ഇത് പണയം വെയ്ക്കാം.. അവൾ പറഞ്ഞു.. ഇതോ.. ഇത് നിന്റെ അമ്മേടെ താലിമാല അല്ലെ.. അതും എന്റെ അമ്മയല്ലേ.. അവൾ കണ്ണു തുടച്ചു.. നീ തൽക്കാലം പൈസ എടുത്തിട്ട് വാ.. ബാക്കി പിന്നെ ആലോചിക്കാം.. അവൻ സുധാമ്മയുടെ അരികിൽ ചെന്നു.. ഞാനെന്നാൽ പോയിട്ട് വരാം മേഡം.. നിങ്ങൾ ഇപ്പോൾ ഇറങ്ങുമോ.. ഇല്ല.. മോൻ പോയിട്ട് വാ.. അവർ പുഞ്ചിരിച്ചു.. മേഡം പോകുവാണെങ്കിൽ നീ വിളിക്ക്.. ഞാൻ അമ്മയെ അല്ലെങ്കിൽ ഇങ്ങോട്ടാക്കട്ടെ.. വേണ്ട.. ഇവിടെ ഗംഗാധരേട്ടന് പാടായിരിക്കും.. നീ പോയിട്ട് വാ.. അവൾ പറഞ്ഞു.. മ്മ്.. അവൻ അവളെ ഒന്നുകൂടി നോക്കിയ ശേഷം പുറത്തേയ്ക്ക് നടന്നു.. അത് മോളുടെ ആരാ.. ആങ്ങള ആണോ.. അങ്ങളയല്ല... പക്ഷെ അതുപോലെ ആണ്.. അവൾ ആലോചനയോടെ പറഞ്ഞു.. സുധാമ്മ പുഞ്ചിരിച്ചു.. ഡോക്ടർ ചെറിയമ്മ.. ഡോക്ടർ പുറത്തേയ്ക്ക് വന്നതും മാളു ചെന്ന് വെപ്രാളത്തോടെ ചോദിച്ചു. സുധാമ്മയും അവൾക്കൊപ്പം ചെന്നു..

അറ്റാക്ക് ആണ്. എങ്കിലും പെട്ടെന്ന് എത്തിച്ചതുകൊണ്ട് രക്ഷയായി.. ഒരു ഇന്ജെകഷൻ എടുത്തിട്ടുണ്ട്.. അതിന്റെ ബിൽ കൂടി പേ ചെയ്യണം.. ഏതായാലും 48 മണിക്കൂർ പേഷ്യന്റിനെ ഒബ്സർവേഷനിൽ കിടത്തണം.. അതിന് ശേഷം റൂമിലേക്ക് മാറ്റാം.. ഡോക്ടർ പറഞ്ഞു.. മാളു ആശ്വാസത്തോടെ നെഞ്ചിൽ കൈ ചേർത്തു.. തൽക്കാലം ആഞ്ചിയോഗ്രാം എടുക്കേണ്ട.. പക്ഷെ ഇതൊക്കെ കഴിഞ്ഞ ശേഷം ഒന്ന് ആഞ്ചിയോഗ്രാം എടുക്കുന്നത് നല്ലതാണ്.. കേട്ടോ.. മ്മ്.. മാളു മൂളി.. അപ്പോഴേയ്ക്കും അനന്തനും വന്നിരുന്നു.. വൈഫ് ആകെ പേടിച്ചു എന്നു തോന്നുന്നു.. ഏതായാലും ഇപ്പോൾ പ്രശ്നമൊന്നുമില്ല കേട്ടോ.. അതും പറഞ്ഞയാൾ നടന്നു പോകുന്നതും നോക്കി ഒന്നും മനസ്സിലാകാതെ അനന്തൻ നിന്നു.. ഇയാൾ എന്താമ്മേ പറയുന്നത്.. അയാൾ മോള് നിന്റെ ഭാര്യയാണെന്നോ മറ്റോ ആണ് കരുതിയത്.. അമ്മയ്ക്കത് മനസ്സിലായെങ്കിൽ അതല്ല എന്നങ്ങ് പറഞ്ഞൂടായിരുന്നോ..

അവൻ അതും പറഞ്ഞു മാളുവിനെ നോക്കി.. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ... അവൾ അവനെ നോക്കി തലയാട്ടി.. അപ്പോഴും അവളുടെ കണ്ണിൽ തന്നോടുള്ള ഭയമാണ് ഉള്ളതെന്ന് അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.. പോകാം വാ.. അത്.. മോളൊറ്റയ്ക്കല്ലേ.. സുധാമ്മ ചോദിച്ചു.. സാരമില്ല.. നിങ്ങൾ പൊയ്ക്കോളൂ.. ചെയ്ത് തന്നത് വലിയ സഹായമാണ്.. പിന്നെ കാശ്.. അത് നാളെ തന്നെ തന്നേക്കാം.. അതോർത്ത് മോള് വിഷമിക്കേണ്ട... പിന്നെ ആ പയ്യൻ ഇപ്പൊ വരില്ലേ.. മ്മ്.. അവൾ വെറുതെ മൂളി.. പോകാം.. അനന്തൻ അതും പറഞ്ഞു പുറത്തേയ്ക്ക് നടന്നു.. അവർ മാളുവിനെ തഴുകി.. പിന്നെ പേഴ്‌സ് തുറന്ന് 2000ന്റെ കുറച്ചു നോട്ടുകൾ എടുത്ത് അവളെ ഏൽപ്പിച്ചു.. തൽക്കാലം മോളിത്‌ വെച്ചോ.. ആവശ്യം വന്നാലോ.. വേണ്ട.. ഇവിടുത്തെ കാര്യത്തിന് കയ്യിൽ ഉണ്ട്.. അവൾ മടിച്ചു.. മോളുടെ അമ്മ തരുന്നതാണ് എന്നു കരുതിയാൽ മതി. പിന്നെ എപ്പോഴേള്ക് തിരിച്ചു തന്നോ..

അമ്മ വാങ്ങിക്കോളാം.. അവർ സ്നേഹത്തോടെ അവളെ തഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞു.. ഈ അമ്മയുടെ മകനാണോ അയാൾ.. എങ്കിൽ അയാൾക്കെങ്ങനെ ഇത്ര ക്രൂരനാകാൻ കഴിഞ്ഞു.. അവർ ആ നീളൻ വരാന്തയിലൂടെ ഒത്തി ഒത്തി നടന്നു പോകുന്നത് നോക്കി നിൽക്കുമ്പോഴും അവളോർക്കുകയായിരുന്നു.. ഓർമകൾക്ക് വിരാമമിട്ടവൾ പ്രാർത്ഥനയോടെ ആ വരാന്തയിലെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു.. അത്രമേൽ പ്രിയപ്പെട്ട ആ പോറ്റമ്മയ്ക്ക് വേണ്ടി അവൾ പ്രാർത്ഥിക്കുകയായിരുന്നു അപ്പോഴും.... ********** നല്ല കുട്ടി.. അല്ലെ അനന്താ... അവൻ മൗനമായിരുന്നു... ആ കുട്ടിയുടെ അമ്മയല്ല അത്.. ചെറിയമ്മ എന്നാ വിളിച്ചത്.. മ്മ്.. ആ അവർക്ക് വേണ്ടി ആ കുട്ടി ഒഴുകുന്ന കണ്ണുനീർ.. ഭാഗ്യം ചെയ്ത സ്ത്രീയാണ് അവർ.. സുധാമ്മ ആലോചനയോടെ പറഞ്ഞു.. അവരാ പെണ്ണിന് അത്രയും നന്മ ചെയ്തിട്ടുണ്ടാകും...മക്കളോട് സ്നേഹം മാത്രേ അവർ നല്കിയിട്ടുണ്ടാകൂ..

അവർ കാരണം ആ പെണ്ണ് ഒരിക്കൽ പോലും വേദനിച്ചിട്ടുണ്ടാകില്ല..അതാകും അവളെത്ര വേദനിച്ചത്.. പറഞ്ഞു തിരിഞ്ഞപ്പോഴാണ് കണ്ണു തുടക്കുന്ന അമ്മയെ കണ്ടത്.. എന്താമ്മേ.. ഞാൻ മരിച്ചാൽ നിനക്കിത്ര വേദനിക്കുമോ അനന്താ.. അമ്മേ.. അവൻ ശാസനയോടെ വിളിച്ചു.. ഈ ഞാൻ കാരണം നീയെത്ര വേദനിച്ചു.. നിന്റെ ജീവിതം ഇങ്ങനെ ആകാൻ എന്റെ വാശിയും കാരണമാകില്ലേ.. അമ്മേ പ്ലീസ് വേണ്ട.. അതെങ്ങനെ എന്റെ ജീവിതം ഇങ്ങനെ ആകാൻ അമ്മ കാരണമാകുന്നത്.. അതൊക്കെ വിധിയാണ്.. വിധി മാത്രം. അവൻ ആലോചനയോടെ കാർ മുൻപോട്ട് കൊണ്ടുപോയി. അപ്പോഴും നീറുന്ന മനസ്സോടെ ആ അമ്മ മകന് വേണ്ടി പ്രാര്ഥിക്കുകയായിരുന്നു.. **********

അമ്മേ.. പതിയെ.. ഓട്ടോയിൽ നിന്നിറങ്ങവേ മാളു സൗദാമിനിയെ താങ്ങി പിടിച്ചു.. എനിക്കൊന്നുമില്ല മോളെ.. അപ്പോഴേയ്ക്കും അമ്മു ഓടിവന്നവരെ ചേർത്തുപിടിച്ചു.. ഒന്നുമില്ല.. വാ.. അവരിരുവരും ചേർന്ന് സൗദാമിനിയെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.. എന്താമ്മൂ ഇത്.. വീടൊക്കെ ഒന്ന് തൂത്തു തുടച്ചിട്ടൂടെ നിനക്ക്.. ഞാനും മാളുവും നാലഞ്ച് ദിവസം ഇല്ലാണ്ടായപ്പോ വീടിന്റെ പരിവം കണ്ടില്ലേ.. സൗദാമിനി അകത്തേയ്ക്ക് കയറിയതും പറഞ്ഞു.. ഞാനെല്ലാം വൃത്തിയാക്കിയിട്ടതാ അമ്മേ.. ഇന്ന് കാലത്തേ ദേവേട്ടൻ വന്ന് ഒക്കേം വലിച്ചെറിഞ്ഞു.. ഞാൻ ഒതുക്കി വെച്ചോണ്ടിരിക്കുവായിരുന്നു.. അവൾ സങ്കടത്തോടെ പറഞ്ഞു.. സൗദാമിനി നേരെ പോയത് അശോകന്റെ മുറിയിലേയ്ക്കായിരുന്നു.. അവർ അയാളെ വേദനയോടെ നോക്കി.. തന്നെ കണ്ടതും ആ അവശതയേറിയ കണ്ണുകൾ ഒന്ന് വിടരുന്നതും കണ്ണു നിറയുന്നതും അവർ കണ്ടു.

അവർ അയാൾക്കരികിൽ ചെന്നിരുന്നു.. മരിച്ചില്ല.. അങ്ങനെ ഒന്ന് പേടിച്ചു.. അയാൾ അരുതെന്ന് തലയാട്ടി.. പോകുമ്പോഴും പേടിയായിരുന്നു.. പറക്കമുറ്റാത്ത രണ്ടു പെണ്പിള്ളേരും അശോകേട്ടനും എന്ത് ചെയ്യുമെന്ന്.. ഞാനൂടെ ഇല്ലാണ്ടായാൽ ആ ദുഷ്ടൻ.. അവർ കണ്ണ് തുടച്ചു.. പാമ്പിനായിരുന്നു നമ്മൾ പാല് കൊടുത്തത് അശോകേട്ടാ.. അവർ കരഞ്ഞുകൊണ്ട് ഇരിക്കുന്നത് കാണേ അയാളുടെ ഹൃദയവും വിങ്ങി.. എന്റെ പിള്ളേർക്ക് ഒരു തണലായി അവനുണ്ടാകും എന്നു ഞാൻ എപ്പോഴൊക്കെയോ പ്രതീക്ഷിച്ചു.. തോറ്റുപോയി ഞാൻ..നശിച്ചു പോകേയുള്ളൂ അവൻ.. വേ.. സ.. വേണം.. ചാകാൻ കിടന്നിട്ട് പോലും അവനൊന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ അശോകേട്ടാ.. ഒന്നൂല്ലേലും ഞാൻ പെറ്റതല്ലേ അവനെ.. അങ്ങനെ നോക്കിയാൽ മാളു എന്നെ തിരിഞ്ഞു നോക്കേണ്ടതാണോ.. ആ.. അവളേ സ്നേഹവും കരുണയും ഉള്ളവളാ.. അവർ കണ്ണു തുടച്ചു..

രണ്ടാളും കൂടെ ഓരോന്ന് പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കാതെ ചെറിയമ്മ വന്നെ.. ഞാൻ കഞ്ഞി വിളമ്പി.. അൽപ്പം കഴിച്ചു മരുന്നും കഴിച്ചിട്ട് കിടക്ക്.. മാളു വന്ന് പറഞ്ഞു.. ഇത്തിരി കഴിയട്ടെ മാളൂ.. എനിക്കൊന്ന് കുളിക്കണം.. അവർ പറഞ്ഞു.. മ്മ്.. ശെരി.. അവൾ അകത്തേയ്ക്ക് പോയി.. സൗദാമിനി ഇറങ്ങി വരുമ്പോൾ മാളുവും അമ്മുവും ചേർന്ന് വീടൊക്കെ വൃത്തിയാക്കുകയായിരുന്നു.. അവർ മാളുവിനെ നോക്കി.. ആകെ മെലിഞ്ഞു.. പാവം.. അവർ അകത്തേയ്ക്ക് പോയി.. ********** ചെറിയമ്മ എവിടെ അമ്മൂ.. പിറ്റേന്ന് കടയിൽ നിന്ന് വന്ന ശേഷം മാളു ചോദിച്ചു. പുറത്തേയ്ക്ക് പോയതാ ചേച്ചി.. എങ്ങോട്ട്.. അറിഞ്ഞൂട.. ഈ വയ്യാണ്ട് ഇരിക്കുമ്പോ എങ്ങോട്ട് പോയതാ സന്ധ്യാ നേരത്ത്.. ഇപ്പൊ പോയതല്ല ചേച്ചി.. ഉച്ചയ്ക്ക് പോയതാ.. ഈശ്വരാ.. എങ്ങനാ പോയെ.. ഒറ്റയ്ക്കാണോ.. മ്മ്.. നിനക്കെന്താ അമ്മൂ.. നിനക്കൊന്ന് ചോദിച്ചൂടെ... ഒന്നാമത് വയ്യാതെ ഇരിക്യാ..

ഈ നടക്കുമ്പോ വയ്യാണ്ടായാലോ.. ഈശ്വരാ.. അവൾ നെഞ്ചിൽ കൈ ചേർത്തു.. ഞാൻ ചോദിച്ചതാ മാളുവേച്ചി..അപ്പൊ ചൂടായി.. ആ കാലത്ത് ദേവേട്ടൻ വന്നിരുന്നു.. ഞാൻ സേതൂന്റെ വീട്ടിൽ പോയി.. വന്നപ്പോ വലിയ വഴക്ക് കഴിഞ്ഞ് ഇറങ്ങി പോവായിരുന്നു. അത് കഴിഞ്ഞാ അമ്മ ഇറങ്ങിയത്.. മാളു തളർച്ചയോടെ കസേരയിൽ ഇരുന്നു.. നീയാ ബാഗീന്ന് ഫോണിങ്ങെടുക്ക്.. ഞാനാ അരുണിനെ വിളിക്കട്ടെ.. അമ്മു ബാഗിൽ നിന്ന് ഫോണെടുത്തു.. ചേച്ചി അമ്മ വന്നു.. മാളു അരുണിനെ കോൾ ചെയ്തു ചെവിയിലേയ്ക്ക് ഫോൺ വെച്ചതും അമ്മു വിളിച്ചു പറഞ്ഞു..ഫോണും കട്ടാക്കി മാളു പുറത്തേക്കിറങ്ങി.. എവിടെ പോയതാ ചെറിയമ്മേ.. ഞാനാകെ ആധിയെടുത്തു പോയി.. ഹാ.. അമ്മൂ.. നീയിത്തിരി വെള്ളം എടുക്ക്.. വല്ലാണ്ട് ദാഹിക്കുന്നു.. സൗദാമിനി പറഞ്ഞു.. അമ്മു അകത്തേയ്ക്കോടി.. നീ കുളിച്ചില്ലേ.. ഇല്ല.. ഞാൻ വന്നപ്പോഴാ അവള് പറഞ്ഞത് ചെറിയമ്മ പുറത്ത് പോയീന്ന്...

എവിടെ പോയതാ.. അതൊക്കെ പറയാം.. നീ പോയി കുളിച്ചിട്ട് വാ.. അവർ എഴുന്നേറ്റ് വേച്ചു വേച്ചു അകത്തേയ്ക്ക് പോയി.. മാളു ഒന്നും മിണ്ടാതെ മൗനമായി ആ പോക്ക് നോക്കി നിന്നു.. ************ എനിക്കൊന്നും പറയാനില്ല.. മാളു കുളി കഴിഞ്ഞ് അകത്തേയ്ക്ക് കയറിയതും മുൻവശത്തുനിന്ന് ഉറക്കെയുള്ള സംസാരം കേട്ടു.. മാളു നനഞ്ഞ തുണി അയയിലേയ്ക്ക് ഇട്ട് മുൻ വശത്തേയ്ക്ക് നടന്നു.. എനിക്ക് പറയാനുണ്ട്.. അതുകൊണ്ടാണ് പറഞ്ഞത്.. ദേവന്റെ ശബ്ദം.. മാളു ഉമ്മറത്തേയ്ക്ക് ചെന്നു.. അമ്മു കരയുകയാണ്.. എന്താ ചെറിയമ്മേ.. അവൾ ചോദിച്ചു.. ഞാൻ പറയാം.. അവൾ ദേവൻ നോക്കി.. ഞാൻ നിന്റെ കല്യാണം ഉറപ്പിച്ചു.. മാളു ഞെട്ടലോടെ അവനെ നോക്കി.. എന്റെ കൂട്ടുകാരൻ ടോണിയുമായി.. ആരോട് ചോദിച്ചിട്ട്.. മാളു ദേഷ്യത്തോടെ ചോദിച്ചു.. ആരോട് ചോദിക്കണം.. അവൻ അവൾക്ക് നേരെ തിരിഞ്ഞു..

എന്നോട്.. മാളുവിന്റെ ശബ്ദം ഉറച്ചതായിരുന്നു.. പിന്നെന്റെ ചെറിയമ്മയോട്. അച്ഛനോട്.. ഇവരോടൊക്കെയും ചോദിക്കണം.. അതൊക്കെ നോക്കുമായിരുന്നു... മാനം മര്യാദയ്ക്ക് നീ നടന്നിരുന്നെങ്കിൽ.. ഇതിപ്പോ നാട് നീളെ ആ മേലേപ്പാട്ടെ അനന്തന്റെ വെപ്പാട്ടിയാണ് നീയെന്ന് എല്ലാർക്കും അറിയാം.. ദേവേട്ടാ.. ഹൃദയം പൊട്ടി മാളു വിളിച്ചു.. അലറേണ്ട.. നിന്റെയീ നേഗളിപ്പും കൊച്ചമ്മ ചമയലും ഈ ദേവന്റെ അടുത്ത് വേണ്ട.. ദേവേട്ടൻ എന്ത് പറഞ്ഞാലും ആ വൃത്തികെട്ടവന് മുൻപിൽ മാളു തലകുനിച്ചു കൊടുക്കില്ല.. കഴിഞ്ഞ മാസവും ടൗണിലെ കടയിൽ നിൽക്കുന്ന ഒരു പെണ്കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ് കേസും വഴക്കും ഉണ്ടായതാണ്.. എന്റടുത്തും അയാൾ മോശമായി പെരുമാറിയിട്ടുണ്ട്.. ആ അയാൾക്കൊപ്പം ഞാൻ പോകില്ല.. അങ്ങനെ പോകുന്നെങ്കിൽ മാളു മരിക്കണം..

മാളു കണ്ണു തുടച്ചു.. നീ മരിക്കേണ്ട.. കൊല്ലും ഞാൻ നിന്നെ.. ഈ കുടുംബത്തിന് മൊത്തം ചീത്തപ്പേര് ഉണ്ടാക്കിയവളാണ് നീ.. ദേവേട്ടാ.. ദൈവം സത്യമായും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. മാളു കരഞ്ഞു.. അതിനി എന്തായാലും നാട്ടിൽ നിനക്കിപ്പോ നല്ല ചീത്തപ്പേരാണ്.. ആ മേലേപ്പാട്ടെ അനന്തനെ കുറിച്ച് എന്തറിയാം നിനക്ക്.. അവന്റെ ദൃഷ്ടി പതിഞ്ഞാലെ പെണ്ണ് പിഴച്ചു എന്നാ.. ആ അവന്റെ കൂടെ നിന്നെ പലയിടത്തും ആളുകൾ കണ്ടു. ഈ വീട്ടിൽ വെച്ചിട്ട് പോലും ഞാൻ കണ്ടല്ലോ.. ദേവേട്ടാ.. അനാവശ്യം പറയരുത്.. മാളു കരഞ്ഞു. അമ്മുവും... സൗദാമിനി മാത്രം മൗനം പാലിച്ചു.. ടോണി മോശക്കാരനാകാം.. പക്ഷെ അതിലും വലിയ ചീത്തപ്പേരാണിപ്പോ നിനക്കുള്ളത്.. ആണുങ്ങൾ പെണ്ണിനെ പലതും പറയും.. പലതും ചെയ്യും. അവനു നഷ്ടപ്പെടാൻ ഒന്നുമില്ല.. അതുപോലെയല്ല നീ.. ഒരു പെണ്ണാ.. അവനുണ്ടായ പോലീസ് കേസൊക്കെ മാറിക്കോളും..

അല്ലേൽ തന്നെ അവന്റെ കൂടെ കിടന്ന നിന്നെ കെട്ടാൻ ഇനി ആരാ വരുന്നത്.. ദേവൻ പുച്ഛത്തോടെ പറഞ്ഞതും കരഞ്ഞുകൊണ്ട് മാളു ഭിത്തിയിലേയ്ക്ക് ചാരി.. നിങ്ങളുടെ നാവെന്താ തോണ്ടക്കുഴീന്ന് ഇറങ്ങിപോയോ.. അവൻ സൗദാമിനിയെ നോക്കി.. ഈ പിഴച്ചവളെ ഇനിയും താങ്ങി നിൽക്ക്.. അല്ല നിങ്ങൾക്ക് വരുമാനം ഇതാണല്ലോ അല്ലെ.. സൗദാമിനിയുടെ കൈകൾ ഒന്നുയർന്ന് താഴ്ന്നു.. ദേവന്റെ ചുണ്ട് പൊട്ടി.. ദേ തള്ളേ.. ഇറങ്ങി പോടാ നായെ എന്റെ വീട്ടീന്ന്.. അവർ പുറത്തേയ്ക്ക് ചൂണ്ടി.. നിങ്ങൾ ആരെ കണ്ടിട്ടാ ഈ തുള്ളുന്നത്.. ഈ പിഴച്ചവളെയോ.. ഒന്നോർത്തോ. ചീത്തപ്പേര് ഉണ്ടാക്കിയ ഇവളെ കെട്ടാൻ ആറു വരുമെന്നാ.. അവൻ തന്നെ വന്നതിവളുടെ ഭാഗ്യം.. ദേവൻ ചുണ്ട് കോട്ടി.. അതറിഞ്ഞാൽ നീയിറങ്ങുമോ ഇവിടുന്ന്.. സൗദാമിനി അവനെ നോക്കി.. എന്നാൽ കേട്ടോ.. വരുന്ന ഞായറാഴ്ച ദേവീടെ അമ്പലത്തിൽ വെച്ചിട്ട് മാളുവിന്റെ കല്യാണമാണ്..

മാളുവും അമ്മുവും ഞെട്ടലോടെ പരസ്പരം നോക്കി.. ദേവൻ വിളറി പോയി.. കല്യാണമോ.. അവൻ കേട്ടതിലെന്തോപിഴവ് പറ്റിയത് പോലെ വീണ്ടും ചോദിച്ചു.. അതേ.. കല്യാണം.. ഇന്നേക്ക് മൂന്നാം നാൾ എന്റെ മകൾ മാളവികയുടെ കല്യാണമാണ്.. ഏതവനാണ് ഈ പിഴച്ചോളെ കെട്ടാൻ പോകുന്നത്.. അവൻ പുച്ഛത്തോടെ ചോദിച്ചു.. മാളുവും പിടഞ്ഞെഴുന്നേറ്റു.. നീയറിയും.. മേലേപ്പാട്ടെ അനന്തൻ.. സൗദാമിനിയുടെ ശബ്ദം അത്രമേൽ ഉറച്ചതായിരുന്നു.. പക്ഷെ ആ തീരുമാനം മാളുവിന്റെ ഹൃദയത്തിൽ ഒരു വിസ്ഫോടനം സൃഷ്ടിച്ചു.. ഒന്ന് ചലിക്കാൻ പോലും കഴിയാതെ കേട്ടത് ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാതെ അവൾ ഭിത്തിയിലേയ്ക്ക് ചാരി നിന്നുപോയി.. ഒരാശ്രയത്തിനെന്നോണം.................തുടരും………

പ്രിയം : ഭാഗം 5

Share this story