പ്രിയം: ഭാഗം 7

priyam

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഏതവനാണ് ഈ പിഴച്ചോളെ കെട്ടാൻ പോകുന്നത്.. അവൻ പുച്ഛത്തോടെ ചോദിച്ചു.. മാളുവും പിടഞ്ഞെഴുന്നേറ്റു.. നീയറിയും.. മേലേപ്പാട്ടെ അനന്തൻ.. സൗദാമിനിയുടെ ശബ്ദം അത്രമേൽ ഉറച്ചതായിരുന്നു.. പക്ഷെ ആ തീരുമാനം മാളുവിന്റെ ഹൃദയത്തിൽ ഒരു വിസ്ഫോടനം സൃഷ്ടിച്ചു.. ഒന്ന് ചലിക്കാൻ പോലും കഴിയാതെ കേട്ടത് ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാതെ അവൾ ഭിത്തിയിലേയ്ക്ക് ചാരി നിന്നുപോയി.. ഒരാശ്രയത്തിനെന്നോണം.. ചേച്ചീ.. അമ്മുവിന്റെ വിളിയാണ് മാളുവിനെ ചിന്തകളിൽ നിന്നുണർത്തിയത്.. എന്തിരിപ്പാ ചേച്ചി.. എണീറ്റെ.. ത്രിസന്ധ്യയായി.. അമ്മു കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു.. മ്മ്.. അവൾ നിലത്തു നിന്നെഴുന്നേറ്റു.. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.. ചെറിയമ്മയും ഇല്ല ദേവനും ഇല്ല.. അവരൊക്കെ പോയോ.. അതോ കണ്ടതെല്ലാം സ്വപ്നമായിരുന്നുവോ.. അങ്ങനെ ആയിരിക്കണേ ഈശ്വരാ..

അവൾ മനസ്സുരുകി പ്രാർത്ഥിച്ചു.. ചേച്ചീ.. ഇവിടെന്തൊക്കെയാ നടക്കുന്നെ.. ചേച്ചിയെ ആ ദുഷ്ടനെക്കൊണ്ട് കെട്ടിക്കാൻ പോവാണോ അമ്മ.. അമ്മു ചോദിച്ചു.. മാളു വെപ്രാളത്തോടെ അവളെ നോക്കി.. അമ്മൂ.. ചെറിയമ്മ എന്തിയെ... അകത്തുണ്ട്.. അച്ഛന്റെ അടുത്ത്.. അവൾ അകത്തേയ്ക്ക് ഓടി.. ചെറിയമ്മേ.. സൗദാമിനി കണ്ണു തുടച്ചുകൊണ്ട് എഴുന്നേറ്റ് അവളെ നോക്കി.. ഒന്ന് വരുമോ.. അവൾ പുറത്തേക്കിറങ്ങി.. പുറകെ സൗദാമിനിയും.. എന്താ ചെറിയമ്മേ ഇതൊക്കെ.. ദേവേട്ടൻ പറഞ്ഞതത്രയും ചെറിയമ്മ വിശ്വസിച്ചോ.. എന്നെ അയാളുടെ കയ്യിൽ ഏൽപ്പിക്കാൻ പോവാണോ.. അവളുടെ ശബ്ദമിടറി.. ആരെയും വിശ്വസിച്ചിട്ടൊ നിന്നെ അവിശ്വസിച്ചിട്ടൊ അല്ല മാളൂ.. സൗദാമിനി അവളെ നോക്കി..

എന്നെക്കാൾ എനിക്ക് വിശ്വാസമാണ് നിന്നെ.. പക്ഷെ നമുക്ക് ചുറ്റുമുള്ള ഈ നാട് അത്ര നല്ലതല്ല മോളെ.. അവർ കണ്ണു തുടച്ചു.. നമ്മൾ പാവപ്പെട്ടവരാണ്.. അഭിമാനമല്ലാതെ നമുക്ക് മറ്റൊരു സമ്പാദ്യവും ഇല്ല.. ആ അഭിമാനമാണ് നമുക്ക് മുൻപിൽ ചോദ്യമായി വന്നത്.. എന്റെ മുന്നിൽ വേറെ വഴിയില്ലായിരുന്നു.. എന്ന് വെച്ചിട്ട്.. ആ കൊലയാളിക്ക് ചേച്ചിയെ പിടിച്ചു കെട്ടിച്ചു കൊടുക്കാൻ പോവാണോ അമ്മ.. ഇപ്പൊ അമ്മയും ദേവേട്ടനും തമ്മിലെന്താ വെത്യാസം.. അമ്മു ചൊടിച്ചു.. ആഹാ..എന്നെ ചോദ്യം ചെയ്യാനൊക്കെ നീ വളർന്നു അല്ലെ.. സൗദാമിനി വേദനയോടെ മകളെ നോക്കി.. ചെറിയമ്മേ.. അയാള്.. പേടിയാ എനിക്കയാളെ.. മാളു തേങ്ങി... എന്റെ മുന്നിൽ ആകെ രണ്ടു വഴിയേ ഉള്ളു മാളൂ.. ഒന്നുകിൽ ഞായറാഴ്ച ഈ കല്യാണം നടക്കണം.. അതല്ലെങ്കിൽ.. മാളു അവരെ നോക്കി.. അശോകേട്ടനും വല്ല വിഷവും കലക്കി കൊടുത്ത് ഇവളേം കൊന്ന് ഞാനും ചാകും.. ചെറിയമ്മേ..

മാളു അലറി.. വേറെ വഴിയില്ല മാളൂ.. നീ തീരുമാനിച്ചോളൂ.. അതും പറഞ്ഞവർ അകത്തേയ്ക്ക് പോയി. മാളു കണ്ണുനീരോടെ തറഞ്ഞു നിന്നു. ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ജീവിതം മാറ്റി മറിക്കപ്പെട്ടു... അയാൾ ദുഷ്ടനാ മാളൂ.. ഒരു കൊലയാളി.. ആരുടെയൊക്കെയോ വാക്കുകൾ... അതേ രണ്ടു പകലും മൂന്ന് രാത്രിയും കഴിഞ്ഞാൽ ആ കൊലയാളിയുടെ ഭാര്യയാണ് താൻ.. അവൾക്ക് തളരും പോലെ തോന്നി.. അയാളെ ആദ്യം കണ്ട നിമിഷം അവളുടെ ഉള്ളിൽ നിറഞ്ഞു.. എന്തോ ഓർത്തുകൊണ്ട് റോഡ് മുറിച്ചു കടക്കും വഴിയാണ് ആ ജീപ്പ് വന്ന് ഇടിച്ചത്. സ്പീഡ് കുറവായിരുന്നതിനാലും അയാൾ ശ്രദ്ധിച്ചതിനാലും കാര്യമായ കുഴപ്പമൊന്നും ഉണ്ടായില്ല... എങ്കിലും നെറ്റിയിലെ മുറിവും കയ്യിലും കാൽ മുട്ടിലും മറ്റുമുണ്ടായ ഉരച്ചിലും ഭയവും ഒക്കെ കൂടെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു താൻ.. അപ്പോഴാണ് അയാളെ ആദ്യമായി കാണുന്നത്..

സുമുഖനായ ഒരു ചെറുപ്പക്കാരൻ.. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും അയാൾ നിർബന്ധപൂർവം താനുമായി ആശുപത്രിയിലെത്തി.. മരുന്ന് വാങ്ങി തന്നെ വീട്ടിലാക്കി.. അന്നങ്ങനെ ഒന്ന് സംഭവിച്ചിരുന്നില്ലെങ്കിൽ.. അവൾക്ക് കരയാൻ പോലും കഴിഞ്ഞില്ല.. വല്ലാത്ത ഒരു പെരുപ്പ്..ശരീരത്തിലാകെ.. അവൾ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.. ********* ഡോ.. ഇറങ്ങി വാടാ #%@$#@.. ശബ്ദം കേട്ടാണ് കയ്യിലിരുന്ന ബുക്ക് അടച്ചുവെച്ച് അനന്തൻ താഴേയ്ക്കിറങ്ങി വന്നു.. എന്താമ്മേ.. അറിയില്ല അനന്താ.. ഒരു കുടിയൻ വന്ന് ഒച്ച വെയ്‌ക്യാ.. മിനിയാണ് മറുപടി പറഞ്ഞത്.. അവൻ പുറത്തേക്കിറങ്ങി.. പുറകെ സുധാമ്മയും.. എന്താ.. അനന്തൻ ചോദിച്ചു.. ആഹാ.. ഇവിടെ ഉണ്ടായിരുന്നോ മേലേപ്പാട്ടെ അനന്തൻ തമ്പുരാൻ.. അനന്തൻ മുണ്ടിന്റെ ഒരു തുമ്പ് കയ്യെത്തിച്ചു പിടിച്ചുകൊണ്ട് സംശയത്തോടെ അമ്മയെ നോക്കി.. അവർക്കും ഒന്നും മനസ്സിലായില്ല എന്നത് വ്യക്തം..

അപ്പോഴേയ്ക്കും മിനിയും ഇറങ്ങി വന്നു.. ഔട്ട് ഹൗസിൽ നിന്ന് അപ്പെട്ടനും.. ദേവനല്ലേ.. ഇവനെന്താ ഇവിടെ.. അപ്പേട്ടൻ ചോദിച്ചു.. ഇയാളെന്താ ഇവിടെ.. അനന്തൻ ചോദിച്ചു.. സുധാമ്മേ മാളൂന്റെ.. അവർ ഞെട്ടലോടെ അനന്തനെ നോക്കി.. അവനപ്പോഴും സംശയത്തിലാണ്.. അവർ ദേവനെ വെപ്രാളത്തോടെ നോക്കി.. താനെന്താ ഇവിടെ... അനന്തൻ പടികെട്ടിലേയ്ക്ക് ഇറങ്ങികൊണ്ട് ചോദിച്ചു.. അയ്യോ.. മേലേപ്പാട്ടെ തമ്പുരാന് അറിയത്തില്യോ.. താൻ നാട് നീളെ കൂടെ കൊണ്ട് നടക്കുന്ന ഒരുത്തിയില്ലേ അവളെ താൻ കെട്ടാൻ പോവാന്ന് കേട്ടല്ലോ.. അവൻ സംശയത്തോടെ നോക്കി.. എന്താ.. എന്താ തനിക്ക് അവളെ കെട്ടാൻ പ്ലാനില്ലേ.. അല്ല അതുണ്ടാകില്ല എന്നെനിക്ക് അറിയാല്ലോ...തന്റെ ആവശ്യത്തിന് അവളെ കെട്ടണമെന്നൊന്നും ഇല്ലല്ലോ..വല്ല ഹോട്ടലിലും മുറിയെടുത്താലും കാര്യം നടക്കുമല്ലോ.. തനെന്തൊക്കെ അനാവശ്യമാണ് വീട്ടിൽ കേറി വന്ന് പറയുന്നത്.

.ആരുടെ കാര്യമാണ് താൻ പറയുന്നത്.. അനന്തന് ദേഷ്യം വന്നു.. അയ്യോ.. തമ്പുരാന് മനസ്സിലായില്ലേ.. എന്റെ അമ്മേടെ രണ്ടാംകെട്ടിൽ ഫ്രീ കിട്ടിയ ഒരുത്തിയുണ്ട് എന്റെ വീട്ടിൽ..അവളുടെ കാര്യം.. അനാവശ്യം പറയരുത്..എനിക്കും ആ കുട്ടിക്കും തമ്മിൽ ഒരു ബന്ധവുമില്ല.. അനന്തൻ പറഞ്ഞു.. ആഹാ.. ഒരു ബന്ധവും ഇല്ലാതെയായിരുന്നോ നീ അവളെ മറ്റന്നാൾ കല്യാണം കഴിക്കാമെന്ന് പറഞ്ഞത്.. അനന്തൻ ഞെട്ടി സുധാമ്മയെ നോക്കി.. ആര് ആരെ കല്യാണം കഴിക്കുമെന്നാ.. അനന്തൻ പുച്ഛത്തോടെ ചിരിച്ചു.. ആഹാ.. അപ്പോ മേലേപ്പാട്ടെ തമ്പുരാൻ അറിയാതെയാണോ എന്റെ തള്ള ഞായറാഴ്ച താനുമായി അവളുടെ കല്യാണം നടത്താൻ പോകുന്നത്.. അനന്തൻ നിശബ്ദനായി.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. നീയവളെ കെട്ടുന്നത് എനിക്കിഷ്ടമല്ല.. അവളുടെ കല്യാണം എന്റെ കൂട്ടുകാരനുമായി നടക്കും. ഇനി ആ കല്യാണം മുടക്കാൻ ആണ് പ്ലാനെങ്കിൽ..

നിന്നെ ഞാൻ അങ്ങു തീർക്കും. കത്തി പിടിച്ചു നിന്റത്ര ശീലമില്ലെന്നേയുള്ളൂ.. ഞാൻ വിചാരിച്ചാലും നിന്റെ കുടല് പുറത്തെടുക്കും.. അവൻ പറഞ്ഞു പറഞ്ഞു നിലത്തേയ്ക്ക് വീണു . അപ്പ്വേട്ടൻ പുറത്തേയ്ക്ക് വന്നു.. ദേവാ.. നീയിറങ്ങി പോ.. അപ്പ്വേട്ടൻ പറഞ്ഞു.. അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു.. നടന്നില്ല.. ഒന്നു രണ്ടു വട്ടമായപ്പോൾ എഴുന്നേറ്റു.. അപ്പോഴേയ്ക്കും മുണ്ട് അഴിഞ്ഞു വീണു.. അമ്മ വാ.. മിനി ചേച്ചി.. വാ.. അവൻ അവരെയും വിളിച്ച് അകത്തേയ്ക്ക് പോയി.. നീയെവിടെ പോവാ അനന്താ.. ഞാന്നൊന്ന് ആ വീട് വരെ പോയി വരാം.. ഞാനറിയാതെ എന്റെ കല്യാണം വരെ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതെനിക്കറിയണം.. അവൻ വണ്ടിയുടെ കീയുമെടുത്ത് പുറത്തേക്കിറങ്ങി.. അനന്താ വേണ്ട.. സുധാമ്മ അവനെ വിളിച്ചു.. എന്താമ്മേ.. നിന്റെ കല്യാണം നിശ്ചയിച്ചത് അവരല്ല ഞാനാ.. അനന്തൻ ഞെട്ടി അവരെ നോക്കി.. അമ്മയിത് എന്ത് ഭാവിച്ചാ..

ഒട്ടൊരു നിശ്ശബ്ദതയ്ക്ക് ശേഷം അവൻ ചോദിച്ചു.. എന്ത് ഭാവിക്കാൻ.. ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു.. നല്ല കുട്ടി. നല്ല പെരുമാറ്റം.. ഞാനവരോട് കല്യാണകാര്യം സംസാരിച്ചു.. ആലോചിച്ചു പറയാം എന്നവർ പറഞ്ഞു.. പിന്നെ അവരിന്നലെ വന്നു.. അവർക്ക് കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു..നമ്മുടെ പണിക്കർക്ക് നാലും ഗ്രഹനിലയും അയയ്ച്ചു കൊടുത്തു. ഒറ്റനോട്ടത്തിൽ 10ഇൽ 9 പൊരുത്തവും ഉണ്ടെന്നാണ് പണിക്കര് പറഞ്ഞത്.. പിന്നെ കല്യാണത്തിന് ഏറ്റവും നല്ല മുഹൂർത്തം ഞായറാഴ്ചയാണെന്ന് പറഞ്ഞു.. അതുകൊണ്ട് അന്ന് തന്നെ ആയിക്കോട്ടെ എന്നു വെച്ചു.. അമ്മയെന്താ ഇതൊന്നും എന്നോട് ചോദിക്കാഞ്ഞത്.. അവൻ അവരെ നോക്കി.. നീയല്ലേ പറഞ്ഞത് ആരെ ചൂണ്ടിക്കാട്ടി കെട്ടാൻ പറഞ്ഞാലും നീ കെട്ടുമെന്ന്. അതുകൊണ്ട് ഞാൻ അവർക്ക് വാക്ക് കൊടുത്തു.. അനന്തന് മറുപടി ഉണ്ടായിരുന്നില്ല...അവൻ അവരെ രൂക്ഷമായി നോക്കി.. ശേഷം താക്കോൽ സോഫയിലേയ്ക്ക് വലിച്ചെറിഞ്ഞ് അവൻ മുകളിലേക്ക് പോയി.. സുധാമ്മേ അനന്തൻ കുഞ്ഞ്..കുഞ്ഞ് സമ്മതിച്ചില്ലേൽ.. അവൻ സമ്മതിക്കും..ഞാൻ സമ്മതിപ്പിക്കും..

മിനിയെ നോക്കി അവർ പറഞ്ഞു.. അപ്പു.. എനിക്ക് പുറത്ത് പോണം.. കല്യാണത്തിന് വേണ്ട സ്വർണ്ണവും ഡ്രെസും ഒക്കെ എടുക്കണം.. ഒന്നൂടെ പണിക്കരെ കാണണം.. ദക്ഷിണ കൊടുക്കണം.. പിന്നെ കരയോഗത്തിൽ ചന്ദ്രേട്ടൻ വന്നിട്ട് പോയി പറയും.. അമ്പലത്തിൽ വൈകീട്ട് പോയി കണ്ട് കല്യാണത്തിന് രസീത് എടുക്കണം.. നൂറു കൂട്ടം പണിയുണ്ട്.. ഇന്ന് ഒരു പകലും നാളെ ഒരു ദിവസവുമുണ്ട്.. അത് കഴിഞ്ഞാൽ കല്യാണമാണ്.. അവർ അതും പറഞ്ഞകത്തേയ്ക്ക് പോയി.. അപ്പേട്ടാ.. അനന്തൻ.. സാരമില്ല.. ഒന്ന് തണുക്കുമ്പോൾ ഇങ്ങു വരും.. പാവമാണ് അത്.. ഇങ്ങനെ ഒരു കല്യാണം വേണ്ടായിരുന്നു.. മിനി സങ്കടത്തോടെ പറഞ്ഞു.. അനന്തൻ കുഞ്ഞ് ഇതല്ലാതെ സമ്മതിക്കുമോ.. ആ കുഞ്ഞിനെ എനിക്കറിയാം.. നല്ല തങ്കപ്പെട്ട സ്വഭാവം.. ആ കൊച്ചാ ആ കുടുംബം നോക്കുന്നത്.. ഇന്ന് വന്നവനെ കണ്ടില്ലേ.. നാലു കാലിൽ ഇഴഞ്ഞാ ജീവിക്കുന്നത്.. അശോകനെയും എനിക്കറിയാം..

അയാളൊരു പാവമാണ്.. ആ സ്വഭാവമാണ് അതിനും . പാവം.. നമ്മുടെ അനന്തന് ആ കുഞ്ഞൊരു ഭാഗ്യമായിരിക്കും.. അപ്പേട്ടൻ അതും പറഞ്ഞു പുറത്തേയ്ക്ക് പോയി.. ഈശ്വരാ.. എല്ലാം നല്ലതിനാകണേ.. അത് മാത്രമേ മിനിക്കും പ്രാര്ത്ഥിക്കുവാനുണ്ടായിരുന്നുള്ളൂ.. ********* വേണ്ടിയിരുന്നില്ല സൗദാമിനി.. അശോകന്റെ അമ്മായിയുടെ മകൻ വേണു അവരെ നോക്കി.. അവർ അയാളെ നോക്കി.. ആ കൊലയാളി.. അതേ കിട്ടിയുള്ളൂ മാളൂന്.. സൗദാമിനി മൗനമായിരുന്നു.. നമുക്കീ വിവാഹം വേണ്ടാന്ന് വെച്ചൂടെ സൗദാമിനി.. വേണുവിന്റെ ഭാര്യ സരളയുടെയായിരുന്നു ചോദ്യം.. അത് പറ്റില്ല സരളെ.. കല്യാണം ഉറപ്പിച്ചു.. അതിപ്പോ ഈ എടുത്തടിച്ചത്പോലെ കല്യാണം ഒക്കെ നടത്താൻ നമ്മുടെ കയ്യിൽ എന്താ ഉള്ളത്.. വേണു അവരെ നോക്കി.. കുടുംബശ്രീയിൽ നിന്ന് ലോൺ കിട്ടിയിട്ടുണ്ട്.. ചിട്ടിയും പിടിച്ചതുണ്ട്.. കല്യാണത്തിന്റെ ആവശ്യത്തിനു ഒത്തിരി കാശിന്റെ ആവശ്യമൊന്നുമില്ല..

ആർഭാടം ഒന്നും വേണ്ടാന്നാ അവിടുത്തെ ആവശ്യം.. പിന്നെ കഴിഞ്ഞ ദിവസം ഞാൻ ആശുപത്രിയിൽ ആയപ്പോ കൊച്ചിന്റെ കഴുത്തിൽ കിടന്ന മാല പണയം വെച്ചു. അതെടുക്കണം. കയ്യിലൊരു വളയും വാങ്ങി ഇടണം.. കുറച്ചു നല്ല ഡ്രസ് എടുക്കണം.. ആകെയുള്ളത് പഴകിയ 4ഓ 5ഓ ചുരിദാറാ.. വീട്ടിലിടാനും ഒന്നുമില്ല.. ഒക്കെ വാങ്ങണം..അമ്മൂനും രണ്ട് ചുരിദാർ എടുക്കണം.. എല്ലാം കൂടെ ഇതിൽ നടക്കത്തില്ല.. നോക്കണം.. സൗദാമിനി പറഞ്ഞു.. കാശ് കയ്യിൽ കിട്ടിയാൽ പേടിയാ.. പത്തോ മുപ്പതിനായിരമോ ഇന്നിപ്പോ ആർക്കും വലിയ കാശൊന്നുമല്ല.. എന്നാലും നമുക്ക് അതൊക്കെ വല്യ കാശല്ലേ.. കയ്യിലിരിക്കുമ്പോ ഉള്ളിൽ തീയാ.. സൗദാമിനി പറഞ്ഞു..

അവർ കല്യാണക്കാര്യം തീരുമാനിച്ചു കഴിഞ്ഞു എന്ന് സരളയ്ക്കും വേണുവിനും മനസ്സിലായിക്കഴിഞ്ഞിരുന്നു.. ഹാ.. നിങ്ങൾ ഇനി കല്യാണം കഴിഞ്ഞല്ലേ പോകുന്നുള്ളൂ.. ഇല്ല.. ഇവിടെ രാത്രി എവിടെ കിടക്കനാ..അതുമല്ല ദേവൻ വന്നാൽ പിന്നെ പൂരമായിരിക്കും.. ഞങ്ങൾ മാളൂനെ കണ്ടിട്ട് പോകും..കല്യാണത്തിന് വരാം.. മ്മ്. അല്ല.. മാളു എപ്പോ വരും.. ജോലി തൽക്കാലം കളയേണ്ട ലീവെടുക്കാൻ പറഞ്ഞിട്ടുണ്ട് ഞാൻ.. നോക്കട്ടെ.. അവൾ സാറിനെ കണ്ടിട്ടേ വരൂ.. സൗദാമിനി അതും പറഞ്ഞ് അകത്തേയ്ക്ക് പോയി.. കഷ്ടം.. ആ കൊച്ചിന്റെ കഷ്ടകാലം അല്ലാണ്ടെന്താ.. അവർ പറയുന്നത് കേട്ട് വേണു ആലോചനയോടെ നിന്നു.. ********* നീയെന്താ മാളൂ ഈ പറയുന്നത്.. ബോധമില്ലാണ്ടായോ നിന്റെ ചെറിയമ്മയ്ക്ക്..

മാളു കണ്ണു തുടച്ചു മീനാക്ഷിയെ നോക്കി.. അരുണും അവളെ നോക്കി മൗനമായി നിൽക്കുകയായിരുന്നു.. അയാളെകൊണ്ട് നിന്നെ കെട്ടിക്കാൻ അവർക്ക് പ്രാന്തായോ.. മീനാക്ഷി വിടാൻ പ്ലാനില്ല.. എനിക്കറിയില്ല മീനൂ.. ഒന്നുമറിയില്ല.. മാളു കണ്ണു തുടച്ചു.. മീനു അരുണിനെ നോക്കി... അവന്റെ കണ്ണുകളിലുള്ള ദുഃഖം.. പെങ്ങളെ പോലെ എന്നല്ല പെങ്ങൾ തന്നെയാണ് അവനവൾ.. നീ കരയാതെ.. നിനക്ക് പറ്റില്ലെന്ന് മുഖത്ത് നോക്കി പറയ്..അല്ല ഇതിപ്പോ അവരുടെ സ്വന്തം മോളായിരുന്നേൽ ഇതുപോലെ ഒരുത്തന്റെ കൂടെ അവർ പറഞ്ഞുവിടുമോ.. മീനു ചൂടായി.. ലീവ് കിട്ടിയോ..അരുൺ അവളെ നോക്കി.. മ്മ്.. എന്നാൽ പോകാം.. വാ.. അവൻ അവളെ പിടിച്ചു വണ്ടിയിൽ കയറ്റി.. എന്ത് പറഞ്ഞാ ഭീഷണി..

പോകും വഴി അരുൺ ചോദിച്ചു.. മാളു ഒന്നേങ്ങി.. മാളൂട്ടി.. അവൻ വാത്സല്യത്തോടെ വിളിച്ചു.. അവൾ കണ്ണ് തുടച്ചു.. പറ.. അവൾ അവനെ നോക്കി.. ദേവേട്ടൻ കാരണാ. അയാളെ കെട്ടിയില്ലേൽ ആ ടോണിയെ കൊണ്ടെന്നെ കെട്ടിക്കും.. എന്നെ രക്ഷപെടുത്താനാകും ചെറിയമ്മ..എനിക്കറിയാം.. പാവമാ ചെറിയമ്മ.. അവൾ ഏങ്ങി.. കരയേണ്ട.. നീ പേടിക്കേം വേണ്ട. ആന്റി ചിലപ്പോ എന്തേലും മനസ്സിൽ കണ്ട് കാണും..അല്ലാണ്ട് ആന്റി നിന്നെ ദ്രോഹിക്കുമെന്ന് ഞാൻ വിശ്വസിക്കില്ല.. അരുൺ പറഞ്ഞു.. മ്മ്.. മാളു ഒന്ന് മൂളി പുറത്തേയ്ക്ക് നോക്കിയിരുന്നു.. ഇടയ്ക്കിടെ കണ്ണു തുടച്ചുകൊണ്ടവൾ പുറത്തേയ്ക്ക് നോക്കി ഇരിക്കുന്നതും നോക്കി അരുൺ ആലോചനയോടെ ഡ്രൈവ് ചെയ്തു.. ******** പെണ്ണ് ഒരുങ്ങിയില്ലേ.. ആരുടെയോ ചോദ്യം കേട്ടാണ് മാളു ആലോചനകളിൽ നിന്ന് ഞെട്ടി ഉണർന്നത്..

കല്യാണ സാരി ധരിച്ച് വധുവായി ഒരുങ്ങിയിരിക്കുകയാണ് താൻ. സ്റ്റീൽ അലമാരയുടെ ഗ്ലാസ്സിനു മുൻപിൽ പ്ലാസ്റ്റിക്ക് കസേരയിൽ ഇരിക്കുകയാണ് അവൾ.. കണ്ണ് വൃത്തിയായി എഴുതിയിട്ടുണ്ട്.. അമ്മുവാണ്‌ കണ്ണെഴുതിയത്.. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട്.. മേക്കപ്പ് എന്ന് പറഞ്ഞാൻ ഒന്നുമില്ല.. വാശി മാളുവിന്റെയായിരുന്നു.. പൗഡറിട്ട് കണ്ണെഴുതി പൊട്ടും തൊട്ടു.. കാതിൽ ഒരു ജിമിക്കി ഇട്ടിട്ടുണ്ട്.. അമ്മു ഏതോ ലേഡീസ് ഷോപ്പിൽ നിന്ന് വാങ്ങിയതാണ്.. അതിന്റെ ഒരു മാലയും.. അതിത്തിരി വലുതാണ്. പിന്നെ മാളുവിന്റെ അമ്മയുടെ മാലയും കയ്യിൽ സൗദാമിനി നിർബന്ധിച്ചിടുവിച്ച വളയും.. കൂടെ അമ്മു തിരഞ്ഞെടുത്ത സാരിയുടെ നിറത്തിലുള്ള സെറ്റ് വളകളും.. അത്രയുമെ ഉണ്ടായിരുന്നുള്ളു അവളുടെ ഒരുക്കം.. കഴിഞ്ഞില്ലേ ഒരുക്കം.. സരള ചോദിച്ചു. മ്മ്.. അമ്മു മൂളി.. ദക്ഷിണ കൊടുക്കണം വാ.. അവർ അതും പറഞ്ഞിറങ്ങി..

മോളെ.. അരുണിന്റെ അമ്മയാണ്.. മാളു നിറകണ്ണുകളോടെ അവരെ നോക്കി.. അവർ കയ്യിലിരുന്ന ബോക്‌സ് തുറന്ന് ഒരു വളയെടുത്തവളുടെ കയ്യിലിട്ടു.. ശോഭേച്ചി ഇത്.. ശോഭേച്ചീന്ന് നീ വിളിച്ചാലും നിന്നെ ഞങ്ങളുടെ മകളായിട്ടെ കണ്ടിട്ടുള്ളു.. ഇതല്ല കുറച്ചുകൂടി വലുതൊന്ന് തരണം എന്നൊരു ആശയുണ്ടായിരുന്നു..പക്ഷേ.. ഇതിത്തിരി പെട്ടെന്നായിപ്പോയി.. അവൾ അവരെ പെട്ടെന്ന് കെട്ടിപ്പിടിച്ചു.. അവർ പുഞ്ചിരിയോടെ അവളെ തഴുകി.. മുല്ലപ്പൂ കുറഞ്ഞുപോയി.. ഇത്തിരി കൂടി ആവാമായിരുന്നു.. ഇത് തന്നെ ഗുസ്തിപിടിച്ചു വെയ്പ്പിച്ചതാ.. മ്മ്.. അവർ മൂളി.. അവളുമായി പുറത്തേക്കിറങ്ങി.. എല്ലാവർക്കും ദക്ഷിണ നൽകി മാളു അശോകന്റെ അടുത്തേയ്ക്ക് പോയി.. സൗദമിനിയ്ക്ക് ദക്ഷിണ കൊടുത്തില്ല.. ആരോ പറഞ്ഞു.. ഓ.. അതിപ്പോ അത്യാവിശ്യം ഒന്നുമില്ല. അമ്മയൊന്നും അല്ലല്ലോ.. ആരുടെയോ വാക്കുകൾ..

എന്തിനൊക്കെയോ ഓടിനടന്ന് കിതപ്പോടെ അകത്തേയ്ക്ക് കയറി വന്ന സൗദാമിനിയുടെ കാലുകൾ തറഞ്ഞു പോയി.. കണ്ണൊന്ന് കലങ്ങി.. മാളു അച്ഛന്റെ അടുത്തിരുന്നു. നിറഞ്ഞ കണ്ണോടെ.. പോവാ അച്ഛാ.. അവളുടെ ഒച്ചയിടറി.. ശബ്ദം നേർത്തു.. കണ്ണുനിറഞ്ഞൊഴുകി.. അവളാ ദക്ഷിണ ആ കൈകളിൽ നൽകി.. നിലത്തിരുന്നാ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു.. ന..ന.. യ്.. രും.. അവളാ വാക്കുകൾ പൂർണ്ണാർത്ഥത്തിൽ ഗ്രഹിച്ചു.. അവൾ എഴുന്നേറ്റ് പോയി അയാളെ കെട്ടിപ്പിടിച്ചു ചുംബിച്ചു.. ആ നെഞ്ചിൽ ചേർന്നിരുന്നു.. അൽപ്പനേരം.. അച്ഛന്റെ ചൂട്. അച്ഛന്റെ കരുതൽ.. അതൊരു വല്ലാത്ത താങ്ങാണ്.. വാ മോളെ. ആരോ വിളിച്ചു.. ഒരിക്കൽ കൂടി അദ്ദേഹത്തെ ചുംബിച്ചവൾ ഇറങ്ങി.. അച്ഛനും കൊടുത്തില്ലേ.. എന്നാൽ ഇറങ്ങാം.. സരള പറഞ്ഞു.. എല്ലാവരും ഇറങ്ങി.. അമ്മുവും മാളുവും സൗദാമിനിയും ഒരു കാറിലാണ് കയറിയത്.. ബാക്കിയുള്ളവർ പിന്നാലെ വേറൊരു വണ്ടിയിലും. അശോകന് കൂട്ടായി ഗംഗാധരൻ നിന്നു..

കാർ ഓടുന്നതിനൊപ്പം പിന്നിലേയ്ക്ക് പോകുന്ന തന്റെ വീടും അതിനുള്ളിലെ തന്റെ അച്ഛനെയും അവൾ നോക്കിയിരുന്നു.. ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ ഹൃദയഭേദകമായ മുഹൂർത്തം.. ഇന്നലെ വരെ തന്റെ സാമ്രാജ്യമായിരുന്നിടം.. ഇന്ന് മുതൽ വെറും വിരുന്ന് വീടായി മാറുന്നു.. അച്ഛന്റെയും അമ്മയുടെയും കൂടിപ്പിറപ്പുകളുടെയും കളിച്ചിരികളും അവരോടൊപ്പമുള്ള കുഞ്ഞു വഴക്കും ഒച്ചയും ബഹളവും.. ഒന്നുമിനി ബാക്കിയില്ല.. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം കഴിയുന്നു.. പെട്ടെന്ന് മുതിർന്നു പോകും.. മറ്റൊരു വീട്ടിൽ.. അവൾ ഏങ്ങലോടെ സൗദമിനിയുടെ നെഞ്ചിൽ വീണു.. വാ.. മുഹൂർത്തമാകാറായി... ക്ഷേത്രത്തിൽ കണ്ണടച്ചു പ്രാർത്ഥിച്ചു നിന്ന മാളു കണ്ണു തുറന്നു.. പുറത്തേയ്ക്ക് വന്നു.. എല്ലാവരും എത്തിയിരിക്കുന്നു.. വാ.. സൗദാമിനി അവളുമായി നടന്നു.. ചെറിയമ്മേ.. അവൾ അവരുടെ കൈപിടിച്ചു..

അവരവളെ നോക്കി.. കയ്യിൽ ചുരുട്ടിപിടിച്ച വെറ്റിലയും അടയ്ക്കയും ഒരു രൂപയും അവൾ അവർക്ക് നേരെ നീട്ടി.. നിറഞ്ഞ കണ്ണുകളോടെ അവരവളെ നോക്കി.. അവരത് വാങ്ങി.. അവളാ കാലിൽ തൊട്ട് തൊഴുതു.. അവരവളെ ചേർത്തുപിടിച്ചു നെഞ്ചോട് ചേർത്ത് ചുംബിച്ചു.. ഏറ്റവും ഒടുവിൽ അമ്മയ്ക്കാ ദക്ഷിണ കൊടുക്കേണ്ടതെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. അമ്മയുടെ അനുഗ്രഹം കിട്ടിയാൽ പിന്നെ വേറെ ആരുടെയും അനുഗ്രഹം വേണ്ടാത്രേ.. എല്ലാം തികയുമെന്ന്.. അതാ അവിടെവെച്ചു തരാഞ്ഞത്.. അവൾ അവരെ ചുംബിച്ചുകൊണ്ട് പറഞ്ഞു.. മുഹൂർത്തം ആകുമ്പോൾ അവിടേയ്ക്ക് പോകാം.. നമുക്കാ ഡ്രസിങ് റൂമിൽ ഇരിക്കാം.. അതും പറഞ്ഞു മാളുവുമായി അവർ അകത്തേയ്ക്ക് പോയി..

അധികം ആളുകളൊന്നുമില്ലെങ്കിലും ആ നിൽപ്പ് അനന്തന് വല്ലാതെ ഈർഷ്യയാകുന്നുണ്ടായിരുന്നു.. അച്ചു മാത്രം അവന്റെ മനസ്സറിഞ്ഞു കൂടെ നിന്നു.. മോളിവിടെ ഇരിക്ക്.. പുറത്തെല്ലാം ഓകെ ആയോന്ന് നോക്കിയിട്ട് വരാം.. അതും പറഞ്ഞു സൗദാമിനി ഇറങ്ങി.. മാളു കണ്ണാടി നോക്കി വെറുതെ ഇരുന്നു.. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം.. പക്ഷെ.. അവൾ കണ്ണു തുടച്ചു... ആലോചനയോടെ ഇരിക്കുമ്പോഴാണ് മാളുവിന്റെ ഫോൺ ബെല്ലടിച്ചത്.. അവൾ ഫോണിലേക്ക് നോക്കി.. പരിചയമില്ലാത്ത ഒരു നമ്പർ.. എടുക്കണോ.. മാളു ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഫോണെടുത്തു കാതോട് ചേർത്തു.. ആ കോൾ തന്റെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളതാണെന്ന് അറിയാതെ.. തുടരും.. സോറി..സോറി.. തലവേദന വീണ്ടും പ്രശ്നമായി അതാണ് ഇന്ന് വൈകിയത്.. അപ്പൊ അഭിപ്രായങ്ങൾ പോരട്ടെ..സസ്നേഹം ഗൗരി..................തുടരും………

പ്രിയം : ഭാഗം 6

Share this story