വൈമികം : ഭാഗം 02

vaimikam

A story by സുധീ മുട്ടം

"എന്തോന്ന് ഓർത്ത് നിൽക്കുവാടാ..വന്ന കാലിൽ കുത്തി നിൽക്കാതെ അകത്തോട്ട് കയറാൻ നോക്കെടാ..ഒരുത്തിയെ കൂടെ കൂട്ടിയിട്ട് വായും പൊളിച്ച് നിൽക്കിന്നത് കണ്ടില്ലേ" അകത്ത് നിന്ന് വീണ്ടും വെളിയിലേക്ക് ഇറങ്ങി വന്ന അമ്മ എന്റെ നിൽപ്പ് കണ്ടതും വീണ്ടും ഗർജ്ജിച്ചു. സ്വപ്നത്തിൽ പോലും കാണാത്തതാണെന്റെ പെറ്റതളള വിളിച്ചു കൂവുന്നത് പിന്നെ ഞാൻ എങ്ങനെ സഹിക്കും..നിങ്ങൾ തന്നെ പറയ്. ഒന്നുകിൽ ഞാൻ പറയുന്നത് കേൾക്കാനുളള മനസ്സ് അമ്മ കാണിക്കണം..അല്ലെങ്കിൽ കൂടെ വന്നവൾ ആരാണെന്ന് അമ്മ ചോദിക്കണം..ഇതൊന്നും ഇല്ലെങ്കിൽ പറഞ്ഞിട്ടെന്താ കാര്യം. എന്തായാലും അമ്മ വിചാരിക്കണം..

തറഞ്ഞ് നിന്ന ഞാൻ തളർന്ന ശരീരവും ഉലയുന്ന മനസ്സുമായി പതിയെ അകത്തേക്ക് കയറി.. എന്റെ മുറിയിൽ ചെന്ന് ബാഗ് എടുത്തു വെച്ചിട്ട് ഹാളിലേക്കെത്തി.എന്റെ കണ്ണുകൾ അവിടെമാകെ ചുറ്റിക്കറങ്ങി..നമ്മുടെ താമരയെയാണ് തിരഞ്ഞത്. "പൊടി പോലുമില്ല കണ്ടുപിടിക്കാൻ" എന്ന പഴയ അമുൽ പാൽപ്പൊടിയുടെ പരസ്യമാണ് ഓർമ്മയിലെത്തിയത്. "ശ്ശെട..ക്ഷണമാത്രയിൽ അവൾ അപ്രത്യക്ഷമായോ" അങ്ങനെ ചിന്തിച്ചു കൂട്ടുമ്പോഴുണ്ട് നമ്മുടെ കഥാനായിക കറന്റടിച്ച കാക്കയെ പോലെ വിളറി വെളുത്ത മുഖവുമായി വരുന്നു.

കയ്യിലൊരു ടംബ്ലറും ഉണ്ട്.എനിക്ക് എടുത്ത് എത്തിയതും അതെനിക്ക് നേരെ നീട്ടിപ്പിടിച്ചു. "ഇന്നാങ്കോ അമ്മാ തന്ത് വിട്ടതാ" ഞാനത് വാങ്ങാതെ അവളെയങ്ങ് തൊഴുതശേഷം മൊഴിഞ്ഞു. "എന്റെ പൊന്നു താമരേ ഇവിടെ നിന്ന് ഒന്ന് പോയി തരാവോ..അമ്മയാകെ തെറ്റിദ്ധരിച്ചിരിക്കുവാ" ഉടനെയവളുടെ കണ്ണ് നിറഞ്ഞ് തൂവണത് കണ്ടപ്പോൾ നെഞ്ചിലൊരു പിടച്ചിലുയർന്നു.. "വർഷങ്ങൾക്ക് ശേഷമാണ് സാർ വയറ് നിറയെ ആഹാരം കഴിക്കുന്നത്" താമരയുടെ വാക്കുകൾ ഒരിക്കൽ കൂടി ചെവിയിലൂടെ കരിവണ്ട് പോലെ മൂളിപ്പറന്നു..ഒപ്പം ആർത്തിയോടെ കഴിക്കുന്ന അവളുടെ ദയനീയമായ മിഴികളും.

"എന്തോന്നാടാ ചായ വാങ്ങി കുടിക്കാതെ കിന്നാരം ചൊല്ലി നിൽക്കുന്നത്..പിന്നീട് ആയിക്കൂടെ" "ഈശ്വരാ ദേ പിന്നെയും അമ്മ എനിക്കിട്ട് തന്നെ താങ്ങുകയാണല്ലോ" ഇനിയും എല്ലാം സത്യങ്ങളും തുറന്ന് പറഞ്ഞില്ലെങ്കിൽ തമിഴത്തിപ്പെണ്ണ് എന്റെ തലയിലിരിക്കുമെന്ന് ഉറപ്പായതും ഞാൻ വായ് പൊളിച്ചു. "അമ്മാ..അമ്മ കരുതുന്നത് പോലെയല്ല ഒന്നും" "അമ്മ ഒന്നും കരുതില്ല മോനേ നിന്റെ ഇഷ്ടമാ അമ്മയുടെ ഇഷ്ടം ‌‌.ഇതാണല്ലേ നീ വിവാക്കാര്യം സംസാരിക്കുമ്പോൾ ഒഴിഞ്ഞ് മാറുന്നത്..എന്തായാലും മോളെ എനിക്കിഷ്ടമായി‌.ആകെയൊരു കുഴപ്പമേയുള്ളൂ ഇവള് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. അത്രയേയുള്ളൂ"

അമ്മ അവളെ അരുമയോടെ തലോടുന്നത് കണ്ടു..താമരയാണെങ്കിൽ നഷ്ടപ്പെട്ട തളളപ്പക്ഷിയുടെ ചിറകിൻ കീഴിൽ അഭയം കണ്ടെത്തിയ ആശ്വാസത്തിലാണ്. "എനിക്ക് ഇവൾ മരുമകളല്ല സ്വന്തം മോളാണ്...ആകെ ഒരാണിനെയെ ദൈവം തന്നുള്ളൂ..ഇപ്പോൾ ഒരു മോളെക്കൂടി കിട്ടി" നനഞ്ഞ കണ്ണുനീർ അമ്മ സാരിത്തലപ്പാൽ ഒപ്പിയതും വിങ്ങിപ്പൊട്ടി ലവൾ അമ്മയിലേക്ക് ചാരി.. "ശ്ശെടാ ഇതെന്ത് കൂത്ത്..അമ്മക്ക് ഇവളുടെ നാറ്റമൊന്നും പ്രശ്നമല്ലേ..അതോ അമ്മയുടെ മൂക്ക് അടഞ്ഞിരിക്കുവാണോ" ഓരോന്നും ചിന്തിക്കുന്നതിനിടയിൽ അമ്മയോട് സത്യാവസ്ഥ വെളിപ്പെടുത്താൻ കഴിയാതെ ഞാൻ ശ്വാസം മുട്ടി പിടഞ്ഞു.. "അമ്മേ .."

"മിണ്ടരുത് നീ...നിന്റെ ഇഷ്ടം മറച്ച് പിടിക്കാതെ തുറന്ന് പറഞ്ഞിരുന്നെങ്കിൽ സന്തോഷത്തോടെ ഞാൻ കൈ പിടിച്ചു തരുമായിരുന്നില്ലേ" ആഹാ നല്ല ബെസ്റ്റ് അമ്മ..ഏതോ ഒരു തമിഴത്തിയെ കണ്ടപ്പോൾ ആ വയറ്റിൽ പിറന്ന എന്നെ മറന്നത് പോലെയാണല്ലോ സംസാരിക്കുന്നത്. "ഡാ ചായ കുടിച്ചിട്ട് ഫ്രഷായി വാ ഒരുമിച്ച് കഴിക്കാം..പിന്നെ വെളിയിലേക്ക് ഇറങ്ങുമ്പോഴേ മോൾക്ക് മാറിയിടാൻ കുറച്ചു തുണിയും എനിക്ക് മൂക്കടപ്പിനുള്ള മരുന്നുകൂടി വാങ്ങിക്കോളൂ" അമ്മയുടെ ഉത്തരവ് വന്നതും ഞാൻ മെല്ലെ തലയാട്ടിക്കൊണ്ട് അമ്മയെ സൂക്ഷിച്ചു നോക്കി... അമ്മയുടെ മുഖമിപ്പോൾ പാതിരാത്രി സൂര്യനുദിച്ച പ്രതീതിയാണ്..

ഹൈ വോൾട്ടേജ് ലൈറ്റിന്റെ പ്രകാശം നിറഞ്ഞങ്ങനെ നിൽക്കുകയല്ലേ.. ചെറുപ്പത്തിലേ വിധവയായ അമ്മ വല്ലപ്പോഴും മാത്രമേ ചിരിച്ചു ഞാൻ കണ്ടിട്ടുള്ളൂ..ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ അമ്മ ചിരിക്കാൻ മറന്നു പോയിരുന്നു..എന്നെ വളർത്തി വലുതാക്കി എനിക്കൊരു ജോലി ലഭിച്ചപ്പോഴാണു വർഷങ്ങൾക്ക് ശേഷം ആ മൂഖത്ത് ചിരി നിറഞ്ഞത്.പിന്നീടത് ജോലിയുടെ ഇടവേളകളിൽ നാട്ടിൽ വരുമ്പോൾ മാത്രമായി മാറി.തിരികെ മടങ്ങാനായി യാത്ര പറയുമ്പോൾ എന്റെയും അമ്മയുടെയും മുഖം വാടിയിരിക്കും..ഉള്ള് പിടയുന്ന സങ്കടത്തോടെയാകും പിന്നീടൊരു മടക്കം..

അമ്മയുടെ മുഖം കാണുമ്പോളാ മുഖത്തെ സന്തോഷം തല്ലിക്കെടുത്താൻ മനസ്സ് വന്നില്ല..അങ്ങനെ നിൽക്കട്ടെയാ തെളിച്ചം.പോകും മുമ്പേ എപ്പോഴെങ്കിലും സത്യാവസ്ഥ വെളിപ്പെടുത്താം എന്ന് കരുതി കയ്യിൽ കിട്ടിയ ചായയും കുടിച്ച് ഞാൻ മുറിയിലേക്ക് കയറി.. "സർ..ഞാൻ കാരണം സാറിനു ബുദ്ധിമുട്ടായല്ലേ" "എന്റെ പൊന്ന് താമരേ അമ്മ തെറ്റിദ്ധരിച്ചതാ..തൽക്കാലം അതങ്ങനെ ഇരിക്കട്ടെ..എന്നു കരുതി നീ കൂടുതൽ സ്വപ്നം കാണുകയൊന്നും വേണ്ടാ കേട്ടല്ലോ " സ്വരം അൽപ്പം കനത്തിലാക്കിയാണ് പറഞ്ഞത്..അരുതാത്ത മോഹങ്ങളൊന്നും അവളിൽ ചേക്കേറാൻ പാടില്ല. "മോഹങ്ങൾക്കും സ്വപ്നങ്ങൾക്കുമെല്ലാം എന്നേ നിറം നഷ്ടപ്പെട്ടതാണ്..

കൂടുതലൊന്നും ആഗ്രഹിക്കില്ല" നിറഞ്ഞയാ മിഴികൾ കണ്ടപ്പോൾ ഉള്ളിലൊരു നോവുണർന്നു...നിസ്സഹായയായൊരു പെൺകുട്ടി.. വെളിയിലേക്ക് തള്ളി വിട്ടാൽ എല്ല് കക്ഷണം കിട്ടിയ നായ്ക്കളെ പോലെ കാമം വെറിപൂണ്ടവർ കടിച്ചു കുടയുമെന്ന് എനിക്ക് ഉറപ്പാണ്.. "അഴാതെ പെണ്ണേ " അറിയാവുന്ന മുറിത്തമിഴിൽ ആശ്വസിപ്പിച്ചിട്ട് തലയിലെണ്ണ തിരുമ്മി തോർത്തും സോപ്പും എടുത്തു.. "നീ ഇവിടത്തെ കുളിമുറിയിൽ കുളിച്ചോളൂ..തൽക്കാലം അമ്മയുടെ സാരി വല്ലതും മാറ്റിധരിക്ക്" ഞാൻ നേരെ പറമ്പിലെ കുളപ്പടവിലേക്ക് നടന്നു....

കുളപ്പുരയിലെ പടവുകൾ ഇറങ്ങി ചെന്നപ്പോഴെ എന്റെ വരവും പ്രതീക്ഷിച്ചു കാത്തിരുന്ന പോലെ ചെറു കുഞ്ഞോളങ്ങൾ സന്തോഷം പ്രകടിപ്പിച്ചു.. ഉടുത്തിരുന്ന ലുങ്കി അഴിച്ചു മാറ്റി തോർത്തുടുത്ത് ഒരു ചാട്ടമായിരുന്നു കുളത്തിലേക്ക്..എന്റെ വിഴ്ചക്കൊപ്പം കുളത്തിലെ വെള്ളം ഉയർന്ന് പൊങ്ങി..ഞാൻ അക്കരെ ഇക്കരെ തിമിർത്ത് നീന്തി തുടിച്ചു.കൈകാലുകൾ തളർന്നു തുടങ്ങിയപ്പോൾ നീന്തൽ മതിയാക്കി കുളിച്ചു കയറി നേരെ വീട്ടിലേക്ക് നടന്നു.. റൂമിലെത്തിയതും ഞാനൊന്ന് ഞെട്ടിപ്പോയി...അലമാരിയുടെ കണ്ണാടിക്കു മുമ്പിൽ ഷർട്ടും ലുങ്കിയും ഉടുത്തൊരു പെൺകുട്ടി നീണ്ടമുടി വിടർത്തി വലത് വശത്തേക്കിട്ട് കൈകളാൽ മുടി കുടയുന്നു..

"ഡീ നിനക്ക് എന്റെ ഡ്രസേ കണ്ടുള്ളോ ഇടാൻ" ഉറക്കെ അലറിയതും അവളൊരു നിമിഷം പിന്തിരിഞ്ഞ് എന്നെ നോക്കി..അമ്മച്ചിയാണേ സത്യം എന്റെ മിഴികൾ രണ്ടും പുറത്തേക്ക് തള്ളിപ്പോയി.. എന്റെ കൂടെ വന്ന താമരയല്ല..തക്കാളിപ്പഴം പോലെ ചുവന്ന് തുടുത്തൊരു സുന്ദരിപ്പെണ്ണ്.. "ഈശ്വരാ ഇവൾക്ക് ഇത്രയും മുടിഞ്ഞ ഗ്ലാമറായിരുന്നോ..ഒരുക്കം കൂടി കഴിഞ്ഞാൽ എന്റെ പൊന്നോ പറയുകയും വേണ്ടാ...നമ്മൾ കേട്ടിട്ടുളള കെട്ടുകഥകളിലെ അതേ അപ്സരസ്സ് മുന്നിൽ വന്ന് നിന്നപോലെ.."

എന്റെ കണ്ണുതള്ളിയുള്ള നോട്ടം കണ്ടാകും താമര മിഴികൾ താഴ്ത്തിയത്‌‌..അവൾ കരുതിക്കാണും ഞാൻ ആർത്തി പിടിച്ചു നോക്കുവാണെന്ന്.. "ഛെ..മ്ലേച്ഛം‌‌‌‌.." ഞാൻ സ്വയം എന്നെ കുറ്റപ്പെടുത്തി അകത്തേക്ക് കയറി.. "സാറ് അതമ്മാ ചൊല്ലീട്ടെ സാറിന്റെ ഡ്രസ് എടുത്തുക്കോന്ന്‌‌..അതാ വന്ത് ഞാൻ" "സാരമില്ല നീയേ പോട്ടുക്കോ" "റൊമ്പ താങ്ക്സ്" "ഓ..വരവ് വെച്ചു" എന്റെ സംസാരം കേട്ടാകാം അവൾ കുലുങ്ങി ചിരിച്ചു... ചിരിക്കുമ്പോൾ ഇരുവശത്തെ കവിളിലും തെളിഞ്ഞ നുണക്കുഴി അവളുടെ സൗന്ദര്യം പതിന്മടങ്ങായി വർദ്ധിപ്പിച്ചു.. "പിന്നെ ഇവിടത്തെ ജോലിയൊക്കെ മര്യാദക്ക് കണ്ടും കേട്ട് നിന്ന് ചെയ്തോണം...ആഹാരം മാത്രമല്ല മാന്യമായ ശമ്പളവും തരും"

അതോടെ താമരയുടെ മിഴികൾ വീണ്ടും വിടർന്നു നന്ദിയോടെ എന്നെ നോക്കി. "ഡാ രണ്ടും കൂടി നിന്നു കൊഞ്ചാതെ വല്ലതും വന്ന് കഴിക്കാൻ നോക്ക്" വാതിക്കൽ അമ്മ നിറഞ്ഞ് നിൽക്കുന്നത് കണ്ടു പിന്തിരിഞ്ഞ് നോക്കിയപ്പോൾ..അമ്മയുടെ കണ്ണ് താമരിയിൽ ആയിരുന്നു.. അമ്മ അകത്തേക്ക് കയറി അവളെ ആലിംഗനം ചെയ്തു നിറുകയിൽ മുത്തി.. "എന്റെ മോന്റെ സിലക്ഷൻ ഒട്ടും മോശമല്ല..ശരിക്കും രാജകുമാരിയാ ഇവൾ..ഏതോ നല്ല കുടുംബത്തിൽ പിറന്നവളാ" ഇവൾ ശരിക്കും അമ്മയുടെ മനസ്സ് കീഴടക്കിയെന്ന് എനിക്ക് ഉറപ്പായി..അമ്മക്ക് അത്രയേറെ ഇഷ്ടമായാലേ ഇത്രയേറെ അടുപ്പം കാണിക്കൂ..

അമ്മ താമരയേയും ചേർത്ത് പിടിച്ചു നടത്തി ഡൈനിംഗ് ടേബിളിൽ ആനയിച്ച് ഇരുത്തി അപ്പവും കിഴങ്ങു കറിയും പ്ലേറ്റിലേക്ക് വിളമ്പിക്കൊടുത്തു..ഞാനൊരുത്തൻ ഇവിടെ നിൽപ്പുണ്ടെന്ന് യാതൊരു കൂസലുമില്ല.. വിശപ്പ് സഹിക്കാൻ വയ്യാത്തോണ്ട് താമരക്ക് എതിരായി ഞാനും ഇരുന്നു.. "അമ്മേ എനിക്ക് കൂടി വിളമ്പ്" "വേണമെങ്കിൽ എടുത്ത് കഴിക്കെടാ..ഞാനെന്റെ മോളേ ഊട്ടുകയാ" "ങേ..." എന്റെ കണ്ണ് മിഴിഞ്ഞു...ഇതെന്തൊരു കൂത്ത്..ലീവിനു വരുമ്പോഴൊക്കെ അമ്മയാകും വിളമ്പി തരികാ.ഇപ്പോൾ ഒരു തമിഴത്തിയെ കിട്ടിയതും എന്നെ മറന്ന പോലെ..ഒന്നും മിണ്ടാതെ അപ്പവും കിഴങ്ങുകറിയും വിളമ്പി ഞാൻ കഴിച്ചു തുടങ്ങി..

"കുറച്ചു കൂടി കഴിക്ക് മോളേ" അമ്മ പിന്നെയും വേണ്ടാത്തവളെ നിർബന്ധിപ്പിച്ചു കഴിപ്പിക്കുന്നു..എനിക്കൊരു കാര്യം വ്യക്തമായി പെൺകുട്ടികൾ ഇല്ലാത്തിന്റെ സങ്കടം അമ്മ എപ്പോഴും പറയുമായിരുന്നു ഇപ്പോൾ താമരയെ കിട്ടിയപ്പോൾ ആ സ്നേഹം മുഴുവനായും കൊടുക്കാൻ ശ്രമിക്കുന്നു.. "പോതും അമ്മാ.. " കഴിക്കെടീ" അമ്മ അലറിയതും പേടിച്ച താമരയുടെ കണ്ണുകൾ എന്നെ തേടിയെത്തിയതും സാരമില്ലെന്ന് ഞാൻ കണ്ണടച്ചു കാണിച്ചു.. കുറച്ചു കൂടി എങ്ങനെയോ കഴിച്ചെന്ന് വരുത്തി അവളെഴുന്നേറ്റു പോയി.. ഞാനും മതിയാക്കി എഴുന്നേറ്റു കൈകൾ കഴുകി വന്നപ്പോൾ കണ്ടു സന്തോഷത്താൽ നിറഞ്ഞ മിഴികളൊപ്പുന്ന താമരയെ.. "ഒത്തിരി ഒത്തിരി നന്ദി സാർ..എന്നെ കൂടെ കൂട്ടിയതിന്" പകരമൊരു ചിരി സമ്മാനിച്ചു ഞാൻ മുറിയിലെത്തുമ്പോൾ മനസ്സ് നിറയെ താമരയുടെ മുഖമായിരുന്നു...ആരോരുമില്ലാതായാൽ ഗതികേടിനാൽ ശ്വാസം മുട്ടി ജീവിക്കുന്നൊരു പെൺകുട്ടിയുടെ ചിത്രം..............തുടരും………

വൈമികം : ഭാഗം 1

Share this story