വൈമികം : ഭാഗം 10

vaimikam

A story by സുധീ മുട്ടം

അമ്മാ ഞാനൊന്ന് പറഞ്ഞോട്ടേ" "നീയൊന്നും പറയണ്ടാ..എന്റെ കൊച്ചിനെ കൊല്ലാൻ നോക്കിയവനല്ലേ..പെറ്റ വയറിനേ ദണ്ഡം അറിയൂ" കയ്യിലിരുന്ന കഞ്ഞിയും പാത്രവും ടേബിളിൽ വെച്ചിട്ട് അമ്മ നെഞ്ചത്തടിയും നിലവിളിയും തുടങ്ങി... ഞാൻ തെല്ലൊന്ന് അമ്പരന്നു അമ്മയെ മിഴിച്ചു നോക്കി.. "ങേ ഇതിപ്പോൾ എന്താ കഥ.. എനിക്കിട്ട് രണ്ടെണ്ണം കിട്ടുമെന്ന് കരുതിയപ്പോൾ അമ്മ പാട്ടുപാടി തിരുവാതിര ഒറ്റക്ക് കളിക്കുന്നു.. " എന്റെ കൃഷ്ണാ ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്...എന്തായാലും അമ്മയുടെ തിരുവാതിര കളി പൊളിച്ച് അടുക്കി..ഞാൻ നന്നായി ആസ്വദിച്ചു നിന്നു "എന്താടാ കുരുത്തം കെട്ടവനേ ഇളിക്കുന്നത്..

എന്റെ കൊച്ചിന് കഞ്ഞി കോരിക്കൊടുക്കെടാ" അമ്മയുടെ അലർച്ചക്കൊപ്പം ഞാനൊരൊറ്റ ചാട്ടത്തിന് ചൂടുകഞ്ഞിയും പാത്രവും എടുത്തു.. വെപ്രാളത്തിന് അതിന്റെ മേലേക്ക് വീണതും ഞാൻ ചാടിത്തുള്ളി.. "എന്റെ കൊച്ചിനു കൊണ്ടുവന്ന കഞ്ഞി തട്ടി കളഞ്ഞല്ലോടാ കുരുത്തം കെട്ടവനേ" ചൂടു കഞ്ഞി വീണു എന്റെ നെഞ്ച് പൊള്ളിയതിലല്ല അമ്മക്ക് സങ്കടം..കഞ്ഞി നിലത്ത് വീണതിലാ.. "അമ്മാ..." ഞാൻ ദയനീയമായി വിളിച്ചെങ്കിലും എവിടുന്ന മൈൻഡ് ചെയ്യാൻ..കോടതിയുടെ ഉത്തരവ് പോലെ അമ്മയുടെ അടുത്ത ഓർഡർ പുറത്തിറങ്ങി.. "നീ തന്നെയല്ലേ നിലത്ത് ഇട്ടത്..വാരിക്കളെയെടാ" യാതൊരു ദയാദാക്ഷണ്യവും ഇല്ല...

പൊള്ളുന്ന നെഞ്ചിനെ മനസ്സിൽ ആശ്വസിപ്പിച്ചു ഞാൻ നിലത്തേക്ക് കുനിഞ്ഞു.. "സാറ് ഒന്നും ചെയ്യണ്ടാ...ഞാൻ വാരിക്കോളാം" സ്നേഹമുളള സ്വരം കാതിലിമ്പമായി വീണു..താമരയുടെ സ്വരം.. അത്ഭുതത്തോടെ ഞാൻ തല ചരിച്ചു നോക്കി..പുഞ്ചിരി വിടർന്ന മുഖവുമായി അവൾ എന്നെ നോക്കുന്നു...താമര ... താമര സെൽവി.. "ങേ..സാറോ.." അമ്മ അമ്പരന്നു മൂക്കത്ത് വിരൽ വെച്ചു.. "അയ് ശരി കാലം പോയൊരു പോക്കേ.." "സ്വന്തം കെട്ടിയോനേ സാറേന്ന് വിളിക്കാതെ മോളേ..ചേട്ടാന്നൊ ഏട്ടാന്നൊ വിളിച്ചു പഠിക്ക്" ആദ്യമായി എന്റെ അമ്മ എനിക്കൊരു നല്ല ഉപകാരം ചെയ്തു.. മക്കളേ" "സാറല്ല ഏട്ടൻ" താമര പെട്ടെന്ന് തിരുത്തി...

അമ്മയുടെ മുഖത്ത് പാതിരാത്രി സൂര്യനുദിച്ച പ്രതീതി... "അമ്മേ ഏട്ടൻ എനിക്ക് ചൂടോണ്ടോന്ന് നെറ്റിയിൽ കൈവെച്ചു നോക്കിയതാ..വഴക്ക് പറയണ്ടാ" "ആണോ മോളേ സത്യമാണോ മോള് പറഞ്ഞത്" സ്വന്തം മകനായ എന്നെ വിശ്വാസമില്ലാതെ അമ്മ ഭാവിമരുമകളോട് ചോദിക്കണത് കണ്ടില്ലേ.. "സത്യാമാ അമ്മേ...ഏട്ടൻ പാവമാണ്" "ഹാവൂ ലവള് തിരുവായ് തുറന്നല്ലോ പാതി ആശ്വാസം" ഞാൻ നെഞ്ചിൽ കൈ വെച്ച് ആശ്വാസം കൊണ്ടു.. "അല്ലേലും ഞാൻ പെറ്റ മകനല്ലേ..എന്റെ സ്വഭാവഗുണം കുറച്ചെങ്കിലും കിട്ടാതിരിക്കോ" അയ് ശരി.. ഇപ്പോഴെങ്കിലും മ്മളെ അംഗീകരിച്ചല്ലോ തൃപ്പ്തിയായി അമ്മാ" ഞാനമ്മയെ താണുവണങ്ങി..

"മോള് കിടന്നോളൂ..അമ്മ വാരിക്കളഞ്ഞോളാം" ലവടെ മുടിയിഴകളിൽ തലോടി നെറ്റിയിലൊരുമ്മയും കൊടുത്തു അമ്മ സ്വാന്തനിപ്പിച്ചു താമരയെ കിടത്തി.. എനിക്കാ നിമിഷം അസൂയ തോന്നി...ലവളോട്..പെണ്ണായി പിറന്നോണ്ടല്ലേ ഇത്രയും പ്രായമായിട്ടും സ്നേഹ വാത്സല്യങ്ങൾ ആസ്വദിക്കുന്നത്..അതിനും വേണമൊരു യോഗം..ഞാൻ നെടുവീർപ്പെട്ടു.. അമ്മ മുറിയിൽ നിന്ന് പോയതും ഞാൻ അവളുടെ അടുത്തെത്തി.. "താങ്ക്സ്" എന്തിനെന്ന ഭാവത്തിൽ പുരികക്കൊടി വില്ലുപോലെ വളച്ചവൾ.. "അല്ല അമ്മയുടെ വഴക്കിൽ നിന്ന് രക്ഷിച്ചില്ലേ അതിന്" "സാറ് എന്നെ വല്യ ആപത്തിൽ നിന്ന് രക്ഷിച്ചു ഇത്രയും വരെ എത്തിച്ചില്ലേ..അത്രത്തോളം ഒന്നുമില്ല'

" മ്മ്മ്ം.. ഞാൻ വെറുതെ മൂളിയട്ട് താമരക്ക് സമീപം വീണ്ടും കസേരയെടുത്തിട്ട് ഇരുന്നു ആ മിഴികളിലേക്ക് ഉറ്റുനോക്കി..എന്റെ നോട്ടം കണ്ട് താമര ദൃഷ്ടി മാറ്റി.. "എന്നെ എന്തിനാണ് അകറ്റി നിർത്തുന്നത്..എന്റെ ഉള്ള് നിറയെ സ്നേഹമാടോ തന്നോട്" അപ്പോഴേക്കും കണ്ണുകൾ പൊത്തി താമരയൊന്ന് ഏങ്ങലടിച്ചു.. ഞാനൊരു മാത്ര ഞെട്ടി.. അമ്മ വന്നാൽ ഇനി അടുത്ത പുകിലായി.. "എന്റെ പൊന്നു താമരേ വെറുതെ സീനാക്കരുത്..അമ്മ വരുന്ന സമയം ആണ്" ഭാഗ്യം ലവൾ കണ്ണുകൾ തുടച്ച അതേ സമയം അമ്മ അടുത്ത പാത്രത്തിൽ ചൂടു കഞ്ഞിയുമായെത്തി... "മോൾക്ക് കൊടുക്കെടാ" അമ്മയുടെ ആഞ്ജാ ഞാൻ ശിരസ്സാ വഹിച്ചു... പാത്രം കയ്യിൽ വാങ്ങിച്ചു..

"അമ്മ പൊയ്ക്കോ" "മോൾക്ക് വയറ് നിറയെ കഴിപ്പിക്കണം" "അത് ഞാനേറ്റമ്മാ" എനിക്ക് അമ്മ എങ്ങനെയെങ്കിലും ഒന്ന് പോയാൽ മതിയായിരുന്നു..ബാക്കിയുള്ളവനൊന്ന് മനസ്സ് തുറന്ന് സംസാരിക്കണം.. "ഞാനായിട്ട് നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലേ" എന്ന് ചിരിയോടെ മൊഴിഞ്ഞ് അമ്മ ഇറങ്ങിപ്പോയി...മുറിയിൽ ഞാനും താമരയും മാത്രം അവശേഷിച്ചു..പരസ്പരം ഒന്നും മിണ്ടുന്നില്ല..രണ്ടു ഹൃദയങ്ങളുടെ ഇടിപ്പ് മാത്രം മുറിയിൽ ഉയർന്നു കേൾക്കാം.. ഞാൻ കുറച്ചു കൂടി താമരക്ക് അരികിലേക്ക് നീങ്ങിയിരുന്നു...സ്പൂണിൽ കഞ്ഞി കോരി അവളുടെ ചുണ്ടോട് അടുപ്പിച്ചതും വേണ്ടെന്ന ഭാവത്തിൽ തലയിളക്കി..

"എഴുന്നേറ്റു ഇരിക്ക്..അമ്മയെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിക്കുന്നതാ ഇഷ്ടമെങ്കിൽ ഞാൻ നിർബന്ധിക്കില്ല" താമര സെൽവി ദയവായി എന്നെയൊന്ന് നോക്കിയ ശേഷം ഭിത്തിയിലേക്ക് ചാരിയിരുന്നു..ഞാൻ കോരിക്കൊടുത്ത കഞ്ഞി ഒരിറക്ക് കുടിക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീരിറ്റ് വീണു.. "എന്തുപറ്റി" "ഒന്നുമില്ല സാർ...അല്ല ഏട്ടാ" "എന്താണെങ്കിലും പറയെടോ ഷെയർ ചെയ്താൽ പകുതി ആശ്വാസമാകും" "ഞാൻ ഇവിടെ വന്ന ശേഷമാ സ്നേഹത്തിന്റെ രുചി അറിയുന്നത്..ഭക്ഷണത്തിന് ഇത്രയും സ്വാദ് ഉണ്ടെന്ന് മനസ്സിലാകുന്നത്" വിമ്മിപ്പൊട്ടി കരയുന്നവളെ ഞാൻ അലിവോടെ നോക്കി..ഞാനറിയാതെ എന്റെ കൈകൾ ചലിച്ചു അവളുടെ മിഴിനീരൊപ്പി..

"കഴിഞ്ഞതൊക്കെ വിട്ടുകളയെടോ..തന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ട്" എനിക്ക് മറുപടിയായി മിഴിനീരിലും താമര പുഞ്ചിരിച്ചു.. "മതി ഏട്ടാ വയറ് നിറഞ്ഞു" പാത്രത്തിലെ മുക്കാൽ ഭാഗവും കഞ്ഞി തീർന്നു..പിന്നെ നിർബന്ധിക്കാൻ പോയില്ല.. "താൻ കുറച്ചു സമയം തനിച്ച് കിടക്ക്" അങ്ങനെ പറഞ്ഞു ഞാൻ പാത്രമെടുത്ത് അടുക്കളയിലേക്ക് ചെന്നു.. "മോൾക്ക് എങ്ങനെയുണ്ടെടാ" എന്നെ കണ്ടതും അമ്മയുടെ ചോദ്യം ഉയർന്നു.. "കുഴപ്പമില്ല അമ്മേ...അവൾ തനിച്ചു കുറച്ചു നേരം കിടക്കട്ടെ" ഞാൻ പറഞ്ഞത് ശരിയാണെന്ന് അമ്മക്ക് തോന്നിക്കാണും..പിന്നീടൊരു ചോദ്യവും ഉയർന്നില്ല.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വൈകുന്നേരം വരെ താമര കിടന്ന മുറിയിലേക്ക് പോയില്ല..അമ്മയാണ് അവളെ പരിചരിച്ചത്.. വൈകുന്നേരം ഞാൻ പറമ്പിലെ കുളിപ്പുര കടവിൽ ചെന്നിരുന്നു.. കുറച്ചു കുഞ്ഞു വെള്ളാരം കല്ലുകൾ പെറുക്കി എടുത്തിരുന്നു... ഓരോന്നും നിശ്ചലമായ കുളത്തിലെ വെളപ്പരപ്പിൽ വന്ന് വീഴുന്നതിന് അനുസരിച്ച് കുഞ്ഞോളങ്ങൾ തിരതല്ലി.. ലീവിന് നാട്ടിലെത്തിയാൽ വൈകുന്നേരങ്ങളിൽ കുളിപ്പുരക്കടവിൽ വന്നിരിക്കും..നേരം ഇരുട്ടിയ ശേഷമാകും വീട്ടിലേക്ക് കയറുക..ചിലപ്പോൾ ഏതെങ്കിലും ഫ്രണ്ട്സ് കൂടെയുണ്ടാകും‌‌..അവരോടൊപ്പം സൊറ പറഞ്ഞിരിക്കും...കൂടെ കൊണ്ടുവന്ന കുപ്പിയിലൊരണ്ണവും ഉണ്ടാകും.. എനിക്ക് സമീപം ആരോ വന്നിരിക്കുന്നത് പോലെ തോന്നൊയതും തല മെല്ലെ ചരിച്ചു നോക്കി.. താമര സെൽവി... എന്റെ കണ്ണുകൾ വിടർന്ന് അവളിൽ തങ്ങി..

"എങ്ങനെ ഉണ്ട്...അസ്വസ്ഥത മാറിയോ.. അതോ ഹോസ്പിറ്റലിൽ പോകണോ?" "നല്ല കുറവുണ്ട്" നനുത്ത ഒരു പുഞ്ചിരിയോടെ മറുപടി ലഭിച്ചു.. "ഏട്ടൻ എപ്പോഴും ഇവിടെ വന്നിരിക്കുമോ?" കൗതുകത്തോടെയുളള ചോദ്യം.. ഞാനൊന്ന് പുഞ്ചിരിച്ചു.. "വല്ലപ്പോഴുമൊക്കെ..അല്ലാ ഞാനിവിടെയുണ്ടെന്ന് എങ്ങനെ അറിഞ്ഞു" "ഏട്ടനെ ചോദിച്ചപ്പോൾ അമ്മയാ പറഞ്ഞത് കുളത്തിൽ വായി നോക്കി ഇരിക്കുകയാണെന്ന്" വിടർന്നയൊരു ചിരി..അസ്തമയ സൂര്യന്റെ ചുവപ്പ് നിറം കൂടി ഇട കലർന്നതോടെ മനോഹരമായിരുന്നാ ചിരി... "ഇനി ഇവിടെ അത്ര ഇരിക്കുന്നത് നന്നല്ല..സന്ധ്യയാകാറായി..ഇരുട്ടും മുമ്പ് ചെന്നില്ലെങ്കിൽ അമ്മയുടെ സരസ്വതി കേൾക്കേണ്ടി വരും"

ഞാൻ എഴുന്നേറ്റതും താമര എനിക്ക് പിന്നാലെ നടന്നു വന്നു... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രാത്രി വളർന്നു....മുറ്റത്ത് നിലാവ് തെളിമയോടെ പുഞ്ചിരി പൊഴിച്ച് നിൽപ്പുണ്ട്...തെളിഞ്ഞ നീലാകാശത്ത് കുഞ്ഞ് നക്ഷത്രങ്ങൾ ഇമ ചിമ്മി തുറക്കുന്നുണ്ട്.. "മതി കൂട്ടിൽ കയറ് പിളളാരേ നല്ല തണുത്ത കാറ്റുണ്ട്" അമ്മ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതു കേട്ട് ഞങ്ങൾ ചിരിച്ചു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 രാത്രിലെ ഭക്ഷണം കഴിഞ്ഞു കട്ടിലിന്റെ ഇരുധുവ്രങ്ങളിലും ഞങ്ങൾ കിടന്നു...കണ്ണുകളടച്ചിട്ടും ഉറക്കം വരുന്നതേയില്ല.. "താമര ഉറങ്ങിയോ" "ഇല്ല ഏട്ടാ..ഏട്ടനോ" "ഞാൻ ഉറങ്ങിയെങ്കിൽ പിന്നെ ചോദിക്കോ"

പകരമൊരു ചിരിയാണ് കേട്ടത്... "താമരേ തന്നെ ഞാൻ സ്നേഹിച്ചോട്ടെ" പെട്ടെന്ന് ആയിരുന്നു എന്റെ ചോദ്യം..ഒരു നിമിഷം കഴിഞ്ഞു ..അവളൊന്ന് തിരിഞ്ഞ് കിടന്നു എന്നെ നോക്കി.. അവളുടെ കണ്ണുകളിലെ കാന്തിക ശക്തി എന്നെ ആകർഷിക്കുന്നുണ്ടായിരുന്നു...അനുവാദത്തിനായി ഞാൻ വീണ്ടും മിഴികൾ ഉയർത്തി.. "അത് വേണ്ടാ ഏട്ടാ...അർഹിക്കുന്നതേ ആഗ്രഹിക്കാവൂ...എനിക്ക് കൂടുതൽ ആഗ്രഹങ്ങളില്ല" പക്ഷേ ഈ പ്രാവശ്യം അവൾ കരഞ്ഞില്ല..വാക്കുകൾക്കൊരു വല്ലാത്ത ഉറപ്പ്... പുഞ്ചിരി പൊഴിക്കുന്ന താമരയുടെ മിഴികൾ നോക്കി ഞാൻ കിടക്കവേ പതിയെയത് നനവാർന്ന് വരുന്നത് കണ്ടു..

പിന്നെ മറ്റൊന്നും നോക്കിയില്ല ഒന്ന് തിരിഞ്ഞ് മറിഞ്ഞ് അരികിലെത്തി താമരയെ ചുംബനങ്ങളാൽ മൂടി... പെട്ടെന്ന് അവളെന്നെ ആഞ്ഞ് തെള്ളിയതും ഞാൻ നിലത്തേക്ക് തെറിച്ചു വീണു.. "അയ്യോ അമ്മേ ഓടി വരണേ ഞാൻ കൊക്കയിൽ വീണേ" എന്റെ അലർച്ച മുറിക്കുള്ളിൽ മുഴങ്ങി...മുതുകത്ത് ഒരു ചവിട്ടും ഒരു ചിന്നം വിളിയും മാത്രമേ കേട്ടുള്ളൂ..കാതടഞ്ഞു പോ യി.. "പ് ഫാ എഴുന്നേറ്റു കട്ടിലിൽ കിടക്കടാ..ഇപ്പോഴും കുഞ്ഞാണെന്നാ വിചാരം.. സ്വപ്നം കണ്ട് നാണം ഇല്ലല്ലോടാ കാറിക്കൂവാൻ‌‌..നാണം ഇല്ലാത്തവൻ"....................തുടരും………

വൈമികം : ഭാഗം  9

Share this story