ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

എഴുത്തുകാരി: അമൃത അജയൻ


മയി അകത്ത് ചെല്ലുമ്പോൾ അരുൺ ക്യാമറയെടുത്ത് വയ്ക്കുകയായിരുന്നു ..

” നീയാ പെണ്ണുംപിള്ളയോടും മകളോടും ചെന്ന് പറ … രണ്ട് ഡേ കൂടിയേ കിട്ടിയിട്ടുള്ളു … അതിനുള്ളിൽ തീർത്ത് ഇവിടുന്ന് പാക്കപ്പ് ചെയ്യണം .. ഓരോരോ ഏടാകൂടം … ചാനലിന്റെ ഔൺ ആംകേർസിനെ വച്ച് ചെയ്താ മതീന്ന് ഞാനപ്പോഴേ പറഞ്ഞതല്ലേ … ”

” അത് MD ക്ക് കൂടി തോന്നണ്ടേ … ” മയി ടേബിളിലേക്ക് ചാരി അവനെ നോക്കിക്കൊണ്ട് പറഞ്ഞു .. അവന്റെ ദേഷ്യം അവൾക്ക് മനസിലാകുമായിരുന്നു ..

” ഇപ്പോ ടൈം വേസ്റ്റ് .. മണി വേസ്റ്റ് .. ഇനി ജിജോടെ വായിലിരിക്കുന്നത് കൂടി ഞാൻ കേൾക്കണം .. സാറ്റർഡേ ടെലികാസ്റ്റ് ചെയ്യേണ്ടതാ .. എഡിറ്റ് ചെയ്ത് വരുമ്പോ … സൗണ്ട് എഞ്ചിനിയറെ സമയത്ത് കിട്ടിയാൽ ഭാഗ്യം .. റാഫി പോയതോടെ അതും പരിങ്ങലിലാണ് … ”

” നീ ടെൻഷനാക്കണ്ട .. ഞാൻ ഈ സ്റ്റോറിടെ ലാസ്സ് ഒന്ന് മാറ്റിയാലോന്നാ അലോചിക്കുന്നേ .. ഇപ്പോഴുള്ള പ്ലോട്ടാണെങ്കിൽ , ആം നോട്ട് ഷുവർ … ഷൂട്ട് രണ്ട് ദിവസം കൊണ്ട് തീരുവോന്ന് ….”

അരുൺ അവളെ നോക്കി ..

” നോ ദയാ … രണ്ട് ദിവസം .. അതിനപ്പുറം ഒരു സെക്കന്റ് പോലും ഇവിടെ നിക്കാൻ പറ്റില്ല . .. ടൈമില്ല …. ”

” ങും … ഞാനാ പ്ലോട്ടൊന്ന് മാറ്റുവാ … കുറച്ചു കൂടി നല്ലൊരു ഐഡിയ മനസിലുണ്ട് …. ”

അവൻ മൃദുവായി ചിരിച്ചു .. ആ കാര്യം അവൾ ഹണ്ട്രഡ് പേർസന്റ് കൃത്യമായി കൈകാര്യം ചെയ്യുമെന്ന് അവന് ഉറപ്പാണ് …

” എന്നാ ഞാൻ റൂമിലേക്ക് പോട്ടെ .. ഒന്ന് ഫ്രഷായി , ഫുഡും കഴിച്ചിട്ട് വേണം പണി തുടങ്ങാൻ …..”

” ങാ … നീ ചെല്ല് … ഞാൻ ദിവ്യയെ ഒന്ന് വിളിക്കട്ടെ .. മോൾക്ക് ഇന്നലെ ചെറിയൊരു പനിയുണ്ടായിരുന്നു .. ഇന്നിപ്പോ അവൾടെ മൂന്ന് കോൾ കിടപ്പുണ്ട് .. എടുക്കാൻ പറ്റിയില്ല … ”

” അയ്യോ…. ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ ….? ”

” ഇന്നലെ രാത്രിയാ … ഇന്ന് കൊണ്ടു പോയിട്ടുണ്ടാവും .. അത് പറയാനാവും അവൾ വിളിച്ചത് …”

” ശരി …. നിന്റെ കാര്യങ്ങൾ നടക്കട്ടെ ….” പറഞ്ഞിട്ട് അവൾ ഡോർ തുറന്ന് പുറത്തിറങ്ങി …

അപ്പോഴും അവൾ ബാൽക്കണിയിലേക്ക് നോക്കി … അവിടം ശൂന്യമായിരുന്നു … റൂം നമ്പർ 207 ലേക്ക് നടക്കുമ്പോൾ , മുൻപ് ആ കുട്ടികൾ ഇരുന്ന റൂമിലേക്ക് അവൾ നോക്കി … ആ റൂം അടഞ്ഞു കിടപ്പുണ്ടായിരുന്നു …

അവൾ 207 ൽ ചെന്ന് ഡോർ നോക്ക് ചെയ്ത് കാത്ത് നിന്നു …. അൽപം കഴിഞ്ഞപ്പോൾ ഡോർ തുറക്കപ്പെട്ടു .. വെളുത്ത് , തടിച്ചൊരു സ്ത്രീ അവളെ നോക്കി വെളുക്കെ ചിരിച്ചു …

” വരൂ മാഡം ………” അവർ ക്ഷണിച്ചു …

ക്രോപ്പ് ചെയ്തിട്ട മുടി ചീർപ്പ് കൊണ്ട് ചീകിക്കൊണ്ട് അവർ അകത്തേക്ക് നടന്നു .. പിന്നാലെ ദയാമയിയും ….

അകത്ത് ഒരു ചെയറിൽ , കാലിൻമേൽ കാൽ കയറ്റി വച്ച് , ആപ്പിൾ കട്ട് ചെയ്ത് കഴിച്ചുകൊണ്ട് ഒരു മെലിഞ്ഞ പെൺകുട്ടിയിരിപ്പുണ്ടായിരുന്നു … ദയാമയിയെ കണ്ട് അവൾ എഴുന്നേറ്റു ..

” ഇരിക്ക് …” പറഞ്ഞിട്ട് മയി മറ്റൊരു ചെയർ വലിച്ചിട്ടിരുന്നു ….

” ചഞ്ചൽ ഭക്ഷണം കഴിച്ചോ ….”

” ഇല്ല …. കുരച്ച് കഴിഞ്ഞ് മതീന്ന് മമ്മി പരഞ്ഞു …. ” അവൾ മലയാളം ആങ്കലേയ സ്റ്റൈലിൽ പറഞ്ഞു ….

” ങും ….. ഞാൻ രണ്ട് കാര്യങ്ങൾ പറയാനാ വന്നത് …..” അവൾ ചഞ്ചലിനെയും അവളുടെ മമ്മിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു …

” ഒന്ന് , രണ്ട് ദിവസം കൂടി ഷൂട്ട് നീട്ടി കിട്ടിയിട്ടുണ്ട് … അതിനർത്ഥം എഡിറ്റിംഗ് മുതൽ ബാക്കി എല്ലാറ്റിനുമുള്ള ടൈം വെറും മണിക്കൂറുകളാക്കി ചുരുക്കേണ്ടി വന്നു .. എന്ത് വന്നാലും മറ്റന്നാൾ അഞ്ച് മണിക്ക് ഇവിടുന്ന് പാക്കപ്പ് ചെയ്യണം .. അതിന് മുൻപ് ഷൂട്ട് തീർന്നേ പറ്റു … ”

” ഞാൻ റെഡിയാ ചേച്ചി ….” ചഞ്ചൽ കൊഞ്ചിക്കൊണ്ട് പറഞ്ഞു ..

” വെറുതെ റെഡിന്ന് പറഞ്ഞാൽ പോരാ .. ഡേ ലൈറ്റിൽ തീർക്കേണ്ട ഷൂട്ട് ആണ് .. ആ സമയത്ത് നിങ്ങൾക്ക് തോന്നുന്ന പോലെ ഹോർസ് റൈഡിനോ , ഗാർഡനിലോ ഒന്നും പോകാൻ പറ്റില്ല .. ചാനലിന്റെ പണം മുടക്കി നിങ്ങളെ കൊണ്ട് വന്നത് ടൂറിനല്ല… ഷൂട്ടിംഗിനാണ് … അത് ചെയ്യുക .. നിങ്ങൾ കാരണം ചാനലിന് എത്ര രൂപയാ നഷ്ടമെന്നറിയോ ? ഞങ്ങളുടെ ഔൺ സ്റ്റാഫ് ആണെങ്കിൽ , കേരളത്തിൽ വച്ച് ഇതിന്റെ പകുതി ചിലവിൽ ഒറ്റ ദിവസം കൊണ്ട് തീർക്കേണ്ടതാ .. … ”

” എങ്കി പിന്നെന്തിനാ എന്റെ കൊച്ചിനെ വിളിച്ചത് … നിങ്ങൾക്ക് തന്നങ്ങ് ചെയ്താൽ പോരാരുന്നോ ……” സുനന്ദ തന്റെ ക്രോപ്പ് ചെയിതിട്ട മുടി വെട്ടിച്ചു കൊണ്ട് പറഞ്ഞു … മയിയുടെ ഇടപെടൽ സുനന്ദക്ക് ഒട്ടും പിടിച്ചില്ല …

” ചാനൽ ചീഫിന്റെ മകന്റെ ഫ്രണ്ട് സബ് കളക്ടർ നിഷിൻ രാജശേഖർ IAS ന്റെ റെക്കമന്റേഷനാണ് ചഞ്ചൽ എന്ന് ഞങ്ങൾക്കറിയാം …… ” മയി സുനന്ദയെ ഒന്നിരുത്തി നോക്കി കൊണ്ട് പറഞ്ഞു …

സുനന്ദയുടേയും ചഞ്ചലിന്റെയും മുഖം കടലാസ് പോലെ വിളറി …

” വെറുതെ പല്ലിട കുത്തി നാറ്റിക്കേണ്ട .. നാളെ ഏഴ് മണിക്ക് ഷൂട്ടിന് റെഡിയായിരിക്കണം … ”

ചഞ്ചൽ തല കുലുക്കി …

” രണ്ടാമത്തെ കാര്യം … ചഞ്ചൽ മലയാളം ക്ലിയറായി പറയണം … ഒറ്റപ്പാലത്ത് ജനിച്ച് സാധാ സ്കൂളിൽ പഠിച്ചു വളർന്ന ചഞ്ചലിന്റെ മലയാളത്തിന് ഒടിവുണ്ടെന്ന് എനിക്ക് തോന്നുന്നില്ല .. ഡബ്ബിഗിന് വേറെ ആളെ വയ്ക്കാൻ പറ്റില്ല .. ചെയ്യുന്നത് ആംകറിംഗ് ആണെന്ന് ഓർമ വേണം … ”

ചഞ്ചൽ അതിനും തലയാട്ടി …

സുനന്ദ എന്തോ പറയാൻ വന്നെങ്കിലും , ചഞ്ചൽ അരുതെന്ന് കണ്ണ് കാണിച്ചു ..

” എങ്കിൽ ശരി … നിങ്ങൾ ഫുഡ് കഴിച്ച് റെസ്റ്റ് എടുക്കു .. നാളെ 7 മണിക്ക് റെഡിയായിരിക്കണം …. ” പറഞ്ഞിട്ട് മയി എഴുന്നേറ്റു …

അവൾ പോയിക്കഴിഞ്ഞപ്പോൾ , സുനന്ദ തന്റെ തടിച്ച ശരീരം ഇളക്കി കൊഞ്ഞനം കുത്തി …

” നാലെ ഏയ് മണിക്ക് റെഡിയായിരിക്കണം .. അവൾടൊരു ഉപദേശം ….” സുനന്ദ പുച്ഛിച്ചു ..

ചഞ്ചലത് കണ്ട് പൊട്ടിച്ചിരിച്ചു …

മയി ചഞ്ചലിന്റെ റൂമിൽ നിന്ന് നേരെ 209 ലേക്ക് പോയി .. അവിടെ ലൈറ്റ് ബോയ്സും മറ്റുള്ളവരും ഉണ്ട് … അവർക്കും നിർദ്ദേശങ്ങൾ കൊടുത്തിട്ട് അവൾ 210 ലേക്ക് നടന്നു .. ജീൻസിന്റെ പോക്കറ്റിൽ നിന്ന് കീയെടുത്ത് തുറന്ന് അകത്ത് കയറി ..

ഫ്രഷായ ശേഷം ഫുഡ് വരുത്തി കഴിച്ചു … പിന്നെ ഷൂട്ടിന്റെ സ്ക്രിപ്റ്റ് എടുത്തു അവസാനത്തെ ചില പേജുകൾ കട്ട് ചെയ്തു …

റൈറ്റിംഗ് ബോർഡ് എടുത്ത് എഴുതാനിരുന്നു .. റൂമിനുള്ളിലിരുന്നുള്ള എഴുത്ത് വല്ലാതെ ബോറടിച്ചപ്പോൾ അവൾ ഡോർ തുറന്നു പുറത്തിറങ്ങി .. ഇടനാഴി വിചനമായിരുന്നു ..

ബാൽക്കണിയുടെ ചുമരിലേക്ക് ലേസർ ലൈറ്റുകൾ മിന്നി മായുന്നത് അവൾ ശ്രദ്ധിച്ചു … മയി അങ്ങോട്ടു നടന്നു .. ബാൽക്കണിയിലേക്കിറങ്ങി അവൾ താഴേക്ക് നോക്കി …

താഴെ വാട്ടർഡാൻസുണ്ടായിരുന്നു … അതിനു ചുറ്റും കുറച്ച് പേരുണ്ട് …

ബാൽക്കണിയിൽ നിന്നാൽ കാണുന്ന നീണ്ട പാതയിലൂടെയാണ് കുതിര സവാരി … ഇപ്പോൾ ആകെ മഞ്ഞു മൂടി കിടക്കുന്നു … മരം കോച്ചുന്ന തണുപ്പ് … അവൾ കൈകൾ കൂട്ടിപ്പിടിച്ച് മാറിൽ ചുറ്റി നിന്നു …

ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ മറ്റൊരു കോണിലേക്കിടറി വീണു … ഇരുട്ടിന്റെ മറപറ്റി നാലഞ്ച് പേർ കൂടിയിരിക്കുന്നു .. അതിലൊന്ന് ഉച്ചക്ക് റൂമിൽ കണ്ട മറ്റേ പെൺകുട്ടിയാണെന്ന് അവൾ തിരിച്ചറിഞ്ഞു .. അവൾക്കൊപ്പം മറ്റൊരു പെൺകുട്ടിയുമുണ്ട് .. ബാക്കി മൂന്നു പേർ പുരുഷന്മാരാണ് . . ഒന്ന് ഉച്ചക്ക് മൊബൈലുമായി നിന്ന പയ്യനാണ് .. ബാൽക്കണിയിൽ നിന്ന പെൺകുട്ടിയും പയ്യനും കൂട്ടത്തിലില്ല ..

അവൾ അറിയാതെ തിരിഞ്ഞു നോക്കി .. ആ റൂം അടഞ്ഞു കിടക്കുകയാണ് … അവൾക്ക് എന്തെന്നില്ലാത്തൊരു അസ്വസ്തത തോന്നി ..

പിന്നെയോർത്തു .. താനെന്തിനാണ് ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യം ചിന്തിക്കുന്നത് .. അവരായി അവരുടെ പാടായി …

അങ്ങനെ ചിന്തിച്ചെങ്കിലും ആ പെൺകുട്ടികൾക്കൊപ്പമുള്ള പുരുഷന്മാർ അവരുടെ സഹപാഠികൾ അല്ല എന്ന് അവൾ മനസിലുറപ്പിച്ചു …

പിന്നെയും പല കാഴ്ചകൾ … മധുവിധുവിന് വന്നവർ അവരുടെ ലോകത്ത് വിഹരിക്കുന്ന കാഴ്ച … ഒരു വേള അവളുടെ മനസ് തുടിച്ചു …

പതിനെട്ടാം തീയതി വീട്ടിലെത്തണമെന്ന് കടും പിടിത്തം പിടിക്കുന്ന അമ്മ .. ഇത്തവണ ഒരൊഴിവാക്കൽ സാധ്യമല്ല …

അറിയാതെ മറ്റൊരു മുഖം അവളുടെയുള്ളിൽ തെളിഞ്ഞു .. കണ്ണൊന്നു തുളുമ്പിയോ ….

അരുത് ….! അവൾ സ്വയം ശാസിച്ചു …

അൽപ്പസമയം കൂടി ആ മഞ്ഞുമൂടിയ രാത്രിയെ നോക്കി നിന്നിട്ട് അവൾ റൂമിലേക്ക് വന്നു … ഡോറടയ്ക്കാതെ പേനയെടുത്ത് എഴുതാനിരുന്നു .. ഇടയ്ക്ക് ഫോണെടുത്ത് കോൺടാക്ട് ലിസ്റ്റ് നോക്കി … അതിലൊരു പേര് സെലക്ട് ചെയ്ത് അവൾ സ്ക്രീനിലേക്ക് നോക്കിയിരുന്നു … കാൾ ബട്ടണമർത്തിയാൽ , മറുവശത്ത് ആ ശബ്ദം കേട്ടേക്കും …… അവൾ അറിയാതെ കണ്ണുകളടച്ചു … പിന്നെ അതവഗണിച്ച് ഫെയ്സ് ബുക്ക് തുറന്ന് ന്യൂസ് ഫീഡിലൂടെ വിരലോടിച്ചു .. അതിലൊരു വാർത്തയ്ക്കൊപ്പമുള്ള മുഖം ഒരു നിമിഷം അവളുടെ ശ്രദ്ധ പിടിച്ചു പറ്റി …

സബ് കളക്ടർ നിഷിൻ രാജശേഖർ …

ആക്സിഡൻറ് പറ്റി വഴിയിൽ കിടന്ന വൃദ്ധയെ , ആശുപത്രിയിലെത്തിച്ച് , ബ്ലഡ് കൊടുത്ത് മാതൃകയായ സബ് കളക്ടർ..

ഒരു നിമിഷം അവളുടെ മനസിലേക്ക് ചഞ്ചലിന്റെ മുഖം തെളിഞ്ഞു ..

കുറേ ആലോചിച്ച ശേഷം അവൾ മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി … പിന്നെയും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു …

രാവും രാമഞ്ഞും കനത്തു തുടങ്ങിയ എതോ നിമിഷത്തിൽ ഇടനാഴിയിലേക്ക് വെളിച്ചം ചിതറി വീഴുന്നതിനൊപ്പം ഒരു നിലവിളിയും അവൾ കേട്ടു ….

അവൾ നെറ്റി ചുളിച്ചു … ഒരു പെൺകുട്ടിയുടെ നിലവിളി … അവൾ വേഗമെഴുന്നേറ്റ് പുറത്തിറങ്ങി …

മറ്റെല്ലാ വാതിലുകളും അപ്പോഴും അടഞ്ഞ് കിടക്കുകയായിരുന്നു … ഒന്നൊഴികെ …

അവൾ ഇടനാഴിയിലേക്ക് നോക്കി … ഒരു പെൺകുട്ടി തറയിൽ പടിഞ്ഞിരുന്ന് അലറിക്കരയുന്നു …

മറ്റൊന്നുമാലോചിക്കാതെ ദയാമയി അവൾക്കടുത്തേക്ക് ഓടി … (തുടരും)

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

Share this story