ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

എഴുത്തുകാരി: അമൃത അജയൻ


” എന്താ കുട്ടി … എന്തു പറ്റി ….” മയി ഓടി അവളുടെ അടുത്ത് ചെന്നു …

” ഇരുട്ട് ….. പേടി ആവ്ന്നു ……. ” അവളെന്തൊക്കെയോ പുലമ്പി ….

മയി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു … ഉച്ചക്ക് ബാൽക്കണിയിൽ കണ്ട അതേ പെൺകുട്ടി …. അവളാരെയോ തിരയുന്ന പോലെ ചുറ്റിനും നോക്കി …

” കുട്ടിയാരെയാ നോക്കുന്നേ .. ഫ്രണ്ട്സിനെയാണോ …..” മയി ചോദിച്ചു ..

അവളിൽ നിന്ന് മറുപടിയൊന്നും വന്നില്ല … എന്തോ ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവളുടെ അടുത്ത് നിന്നപ്പോൾ തന്നെ മയിക്ക് മനസിലായി …

അപ്പോഴേക്കും ഇടനാഴിയിലൊരു ആരവം കേട്ടു … ആതവൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു …

മയിയുടെ അടുത്ത് ആ പെൺകുട്ടിയെ കണ്ടതും അവർ ഓടി വന്നു …

” എന്താ … എന്താ …….” കൂടെയുണ്ടായിരുന്ന ഒരു പയ്യൻ ചോദിച്ചു …

അവരുടെ സാനിധ്യം അറിഞ്ഞതും ആ പെൺകുട്ടി തലയുയർത്തി നോക്കി , പിന്നെ അവളുടെ കാമുകന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു നിന്നു …

” നിങ്ങളെന്തിനാ ഞങ്ങടെ റൂമിൽ വന്നത് …. ഇവളെയെന്തിനാ പിടിച്ചു വച്ചത് …” അവൻ മയിയുടെ നേർക്ക് തട്ടിക്കയറി ..

മയി അവനെയൊന്നു നോക്കി ..

” ഞാനാരെയും പിടിച്ചോണ്ടു പോകാൻ വന്നതല്ല .. ഈ കുട്ടിയുടെ നിലവിളി കേട്ട് വന്നതാ .. ദേ ഇവിടെ ഇരുന്ന് അലറിക്കരയുവാരുന്നു … ” അവൾ നിലത്തേക്ക് ചൂണ്ടി പറഞ്ഞു …

ആ ചെറുപ്പക്കാർ പരസ്പരം നോക്കി .. പെൺകുട്ടി അപ്പോഴും അവന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് നിൽപ്പായിരുന്നു …

” ഈ കുട്ടി വല്ലാതെ ഷിവർ ചെയ്യുന്നുണ്ട് .. ഡ്രഗ് ഓവർഡോസോ മറ്റോ ആണെന്ന് തോന്നുന്നു .. ഒരു മെഡിക്കൽ അസിസ്റ്റൻസ് കൊടുക്കുന്നതാ നല്ലത് …” മയി പറഞ്ഞു …

” ആവശ്യമില്ലാത്ത കാര്യത്തിൽ നിങ്ങൾ തലയിടണ്ട .. ഞങ്ങളെന്താന്ന് വച്ചാൽ ചെയ്തോളാം …..മേഡം പോയാട്ടെ .. ” അവൻ എടുത്തടിച്ച പോലെ പറഞ്ഞു ..

അവന്റെ വർത്തമാനം കേട്ടിട്ട് മയിക്ക് വിറച്ചു വന്നെങ്കിലും അവൾ സംയമനം പാലിച്ചു .. പിന്നെ ഒന്നും പറയാതെ തിരിച്ചു നടന്നു …

മനസ് വല്ലാതെ മടുത്തു .. എങ്കിലും വർക്കിനെ കുറിച്ച് ഓർത്തപ്പോൾ അറിയാതെ റൈറ്റിംഗ് ബോർഡ് എടുത്തു …

* * * * * * * * * * * *

പിറ്റേന്ന് ഷൂട്ടിംഗ് തിരക്കുകളെല്ലാം കഴിഞ്ഞ് ആറ് മണിക്കാണ് റിസോർട്ടിൽ എത്തിയത് .. ദയാമയിയും ടീമും ഹാപ്പിയായിരുന്നു .. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കവർ ചെയ്യാൻ പറ്റി .. നാളെ ഉച്ചയോടെ തന്നെ പാക്കപ് ചെയ്യാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി ..

മയി അരുണിന്റെ റൂമിലിരുന്ന് അതുവരെ ഷൂട്ട് ചെയ്തത് എല്ലാം ഒരിക്കൽ കൂടി കണ്ടു … പിറ്റേന്നത്തെ ഷൂട്ടിന്റെ പ്ലാനും കഴിഞ്ഞ് , അവിടെ ഇരുന്ന് തന്നെ ഫുഡ് കഴിക്കാൻ തീരുമാനിച്ചു …

” അരുൺ , ഞാനൊരു എക്സ്ക്ലൂസീവ് ചെയ്യാൻ പോകുന്നു … ”

“ആഹാ.. ഏതാ കേസ് ….”

” അന്വേഷിച്ച് കണ്ടു പിടിക്കണം .. കുറച്ച് പണി എടുക്കേണ്ടി വരും … ” അവളൊരു ഗൂഢസ്മിതത്തോടെ പറഞ്ഞു …

” നീ മനസിലാകുന്ന ഭാഷയിൽ പറ … ”

” സബ് കളക്ടർ നിഷിൻ രാജശേഖർ IAS … ”

” അയാളെ കുറിച്ച് എന്ത് എസ്ക്ലൂസീവ് … നിർഗുണ പരബ്രഹ്മനാണ് … തൊട്ടാൽ പൊള്ളും ….” അവൻ പറഞ്ഞു …

അവൾ ചുണ്ടുകോട്ടി ചിരിച്ചു …

” പരബ്രഹ്മൻ ………… ചഞ്ചലിനെ ആരാ റെക്കമന്റ് ചെയ്തതെന്നറിയോ …”

” ചീഫ്ന്റെ മകൻ …. സുനിൽ കുമാർ …”

” എന്നാൽ നിനക്ക് തെറ്റി … അന്ന് എം ഡി ടെ റൂമിൽ സുനിൽ സാറിനൊപ്പം നിഷിനും ഉണ്ടായിരുന്നു … അതിന് പിന്നാലെയാണ് , ആംകറിംഗിന് ചഞ്ചലിനെ ടീമിലേക്കിട്ടത് .. എനിക്കപ്പോഴെ ഡൗട്ട് ഉണ്ടായിരുന്നു .. ഞാനിന്നലെ വെറുതെ ചഞ്ചലിന്റെയടുത്ത് ഒന്ന് എറിഞ്ഞു നോക്കി … രണ്ടിന്റേം മുഖം നീ കാണണായിരുന്നു … ഷുവറാണ് മോനെ ,ഇത് നിഷിന്റെ ഏർപ്പാടാ .. എനിക്ക് നേരത്തെ ചില സംശയങ്ങളുണ്ട് … ഞാനൊരു കലക്ക് കലക്കും … ”

” അവസാനം നീ തന്നെ കലങ്ങാതിരുന്നാ മതി … ജനങ്ങളുടെ കണ്ണിലുണ്ണിയെയാണ് നീ ഇങ്ങനെ സംശയിക്കുന്നത് … എന്തെങ്കിലും എവിഡൻസുണ്ടോ … അതൂല്ല …. ” അരുൺ അവളെ കളിയാക്കി ..

” അത് നീ എനിക്ക് വിട്ടേക്ക് … വിശ്വാസയോഗ്യമായ തെളിവുകൾ കാട്ടി തന്നാൽ , ഒപ്പിയെടുക്കാൻ നിന്റെ ക്യാമറ റെഡിയാണോ …”

” ഷുവർ … അങ്ങനെയെങ്കിൽ ഞാനുണ്ടാകും .. വെറുതെ എടുത്തു ചാടാൻ നീയെന്നെ വിളിക്കരുത് .. ഒരു കുടുംബമൊള്ളതാ മോളെ … ഇതാണ് ആകെ അറിയാവുന്ന പണി … ” അരുൺ ചിരിച്ചു …

” സോളിഡ് എവിഡൻസുണ്ടെങ്കിലേ ഞാൻ നിന്നെ വിളിക്കൂ ….” അവൾ പറഞ്ഞു …

ഭക്ഷണം കഴിച്ച് കഴിഞ്ഞ് , അവൾ അരുണിനോട് ഗുഡ് നൈറ്റ് പറഞ്ഞിറങ്ങി .. പത്ത് മണി കഴിഞ്ഞിട്ടുണ്ടായിരുന്നു ..

അവളിറങ്ങിയതും , കുറച്ചു മാറി ഫോണിൽ സംസാരിച്ചു നിൽക്കുന്ന പെൺകുട്ടിയെ അവൾ കണ്ടു .. മയി ഡോർ തുറന്നിറങ്ങുന്നത് അവളും കണ്ടു ..

മയിയെ കണ്ടിട്ടും അവൾ ഭാവഭേദമില്ലാതെ ഫോൺ സംഭാഷണം തുടർന്നു ..

” വരാൻ പറ്റിയില്ലമ്മ … എക്സാമാണ് … ”

അവൾ ഫോണിലൂടെ പറയുന്നത് മയിയുടെ കാതിൽ വീണു … ഒന്നും ചോദിക്കേണ്ട എന്നു കരുതിയതാണ് .. എങ്കിലും അത് കൂടി കേട്ടപ്പോൾ മയിക്ക് ഒന്നും മിണ്ടാതെ പോകാൻ തോന്നിയില്ല ..

അപ്പോഴേക്കും ആ പെൺകുട്ടി കാൾ അവസാനിപ്പിച്ചു …

മയി അവൾക്കടുത്തേക്ക് ചെന്നു ..

” മലയാളിയാണല്ലേ .. ” മയി ചോദിച്ചു …

” ആ …..” ആ പെൺകുട്ടി താത്പര്യമില്ലാതെ പറഞ്ഞു …

” എന്താ കുട്ടീടെ പേര് …? ”

” നിങ്ങൾക്കെന്ത് വേണം ….” അവൾ തിരിച്ച് ചോദിച്ചു …

” ഫോണിൽ പറയുന്നത് ഞാൻ കേട്ടു … എക്സാമാണ് .. വരാൻ പറ്റില്ല ..അതും അമ്മയോട് …. അല്ലേ … ”

അവൾ താത്പര്യമില്ലാതെ നിന്നു ..

” ഇത് ശരിയാണോ … മോള് ഉറക്കളച്ചിരുന്ന് പഠിക്കുന്നു എന്ന് അമ്മയെ വിശ്വസിപ്പിച്ചിട്ട് കുട്ടിയെന്താ ഇവിടെ കാട്ടി കൂട്ടുന്നത് .. ആരുടെയോ കൂടെ ഇവിടെ … ”

” നിർത്ത് ……” അവൾ മയിയുടെ നേരെ വിരൽ ചൂണ്ടി ..

” നിങ്ങളാരാ എന്റെ കാര്യങ്ങളിൽ ഇടപെടാൻ .. ഞാനെന്റെ ഇഷ്ടം പോലെ ചെയ്യും .. മലയാളിയാണെന്ന് കണ്ടാ , ഉടനെ കേറിയങ്ങ് ഉപദേശിച്ചോണം .. കൺട്രി ഫെലോസ് .. അന്യന്റെ സ്വകാര്യതയിൽ ഇടപെടുന്നത് ബ്ലഡി മല്ലൂസിന്റെ സ്ഥിരം പണിയാ .. അതൊക്കെയങ്ങ് കേരളത്തിൽ വച്ചാ മതി .. ഇത് സ്ഥലം വേറെയാ .. ഏതോ പട്ടിക്കാട്ടിന്ന് കൊഡൈക്കനാൽ കാണാൻ ഇറങ്ങീരിക്കുന്നു …….” അവളുടെ മുഖത്ത് ദേഷ്യം നുരഞ്ഞു …

മയി അഷോഭ്യയായി അവളെ നോക്കി നിന്നു …

” ഇന്നലെ ഡ്രഗ് തലയ്ക്ക് പിടിച്ച് ദേ ആ മൂലക്കിരുന്ന് അലറി വിളിച്ചപ്പോ ഞാനാ ഓടി വന്നത് …. അത് കൊണ്ടാ , ഇത്രേം പറയാംന്ന് വച്ചത് … തന്റെ ഇഷ്ടം പോലെ ചെയ്യ് … എന്ത് സംഭവിച്ചാലും ഫെയ്സ് ചെയ്യാനുള്ള കോൺഫിഡൻസുണ്ടായാൽ മതി ….”

അപ്പോഴേക്കും അരുൺ ഒരു സിഗരറ്റുമായി അങ്ങോട്ടു വന്നു …

” എന്താ … ” അവൻ ഇരുവരെയും മാറി മാറി നോക്കി..

” ഏയ് … നതിംഗ് അരുൺ … ” മയി പറഞ്ഞു …

അവൻ നേരെ ബാൽക്കണിയിലേക്ക് പോയി ..

ആ പെൺകുട്ടി പുച്ഛത്തോടെ അവളെ നോക്കി …

” നിങ്ങൾ ഈ റൂമിലേക്ക് പോകാൻ വന്ന സ്ഥിതിക്ക് ,അത് നിങ്ങടെ ഹസ്ബന്റ് അല്ല .. ഈ ലേറ്റ് നൈറ്റ് വരെ നിങ്ങൾ അയാളുടെ റൂമിലാരുന്നു .. ഈ കൊടൈക്കനാലിൽ റിസോർട്ട് മുറിയിൽ , നിങ്ങൾ മന്ത്രം ജപിക്കാൻ വന്നതായിരുന്നോ .. ഉപദേശിക്കാൻ വന്നിരിക്കുന്നു .. ആദ്യം കണ്ണാടിയിൽ നോക്കി ഉപദേശിക്ക് .. ” പറഞ്ഞിട്ട് അവൾ ചവിട്ടിക്കുലുക്കി നടന്നു പോയി ..

മയിയുടെ മുഖം ചുവന്നു ..

വടി കൊടുത്ത് അടി വാങ്ങിയെന്ന് അവൾ സ്വയം പഴിച്ചു .. . അല്ലെങ്കിൽ തന്നെ തനിക്കിത് എന്തിന്റെ കേടായിരുന്നു ..

” ഛെ ….” അവൾ തല കുടഞ്ഞു കൊണ്ട് , റൂം തുറന്ന് അകത്തേക്ക് കയറിപ്പോയി …

പിറ്റേന്ന് ഉച്ചയോടെ തന്നെ ഷൂട്ട് കംപ്ലീറ്റ് ചെയ്ത് അവർ കേരളത്തിലേക്ക് തിരിച്ചു …

* * * * * * *

മയി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു … ബാഗ് പാക്ക് ചെയ്ത് വച്ചിട്ട് അവൾ മെസിൽ പോയി ഭക്ഷണം കഴിച്ചു വന്നു …

അമ്മയെ വിളിച്ച് താൻ വരികയാണെന്ന് അറിയിച്ചു … ട്രെയിൻ ലേറ്റായതിനാൽ , തമ്പാനൂർ നിന്ന് ബസിൽ അവൾ ചെങ്ങന്നൂരിന് തിരിച്ചു .. സന്ധ്യയോടെ ചെങ്ങന്നൂരെത്തി … അവിടുന്ന് പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പോയി , മാന്നാർ ബസിൽ പേരിശ്ശേരിയിലിറങ്ങി …

സ്വന്തം നാട് …

പരിചയക്കാരോടെല്ലാം കുശലം പറഞ്ഞ് അവൾ വീട്ടിലെത്തി …

ഗേറ്റിങ്കൽ തന്നെ യമുനാ ദേവി അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു …

കുളിച്ച് , മുടിത്തുമ്പ് കെട്ടിയിട്ട് , നേര്യതുടുത്ത് നിൽക്കുന്ന യമുനാ ദേവിയെ കണ്ടാൽ ഈ നാൽപ്പത്തഞ്ചാം വയസിലും മുപ്പത്തഞ്ച് മതിക്കില്ല ..

അവളോടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു …
അവർ അവളുടെ തലമുടിയിൽ തഴുകി , കവിളിൽ ഉമ്മ വച്ചു …

അമ്മയുടെ കൈപിടിച്ച് അവൾ വീടിനുള്ളിലേക്ക് കയറി ..

വന്നപാടെ കിച്ചണിൽ കയറി അടച്ചു വച്ച ഡിഷുകൾ ഒരോന്നായി അവൾ തുറന്നു നോക്കി …

അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിക്കൻ പൊരിച്ചതും , പഴം പൊരിയുമെല്ലാം ഉണ്ടായിരുന്നു …

” ഇതെല്ലാം കൂടി ഞാനെപ്പോ തിന്നു തീർക്കുമമ്മാ … ”

” കഴിപ്പൊക്കെ പിന്നെ .. ആദ്യം പോയി ഫ്രഷായി വാ .. ഇതെന്തൊരു കോലമാ… ”

അവൾ മൂക്കു ചുളിച്ചു …

” കിച്ച എവിടെയമ്മേ …..” കിച്ചണിൽ നിന്ന് ചാടി തുള്ളി അവൾ അമ്മയുടെ അടുത്തു വന്നു …

” അവൾ ക്ഷേത്രത്തിൽ പോയിരിക്യാ … നിന്റെ പേരിൽ ഒരു പുഷ്പാഞ്ജലി കഴിപ്പിക്കാൻ … ”

” ങ്ഹും …….. ” അവൾ പുരികം വളച്ചു …

” അതൊക്കെ പോട്ടെ .. ആരാമ്മേ നാളെ എന്നെ കാണാൻ വരുന്ന കോന്തൻ … ”

” മയീ…… ” യമുന താക്കീതോടെ വിളിച്ചു …

” ശരി … ആരാ ഈ ദയാമയിയെ കാണാൻ വരുന്ന ദേവേന്ദ്രൻ … ” അവളുടെ ആക്ഷൻ കണ്ട് യമുനക്ക് ചിരി വന്നു … എങ്കിലും അവരത് കടിച്ചമർത്തി …

” വരുമ്പോ കണ്ടോ .. ഇത് നടക്കണേന്ന് മാത്രാ എന്റെ പ്രാർത്ഥന ….”

അവൾ കൂടുതൽ നിർബന്ധിക്കാതെ മുകളിൽ തന്റെയും കിച്ചയുടേയും റൂമിലേക്ക് പോയി …..

* * * * * * * * * *

പിറ്റേന്ന് ഞായറാഴ്ച …

രാവിലെ തന്നെ യമുനയുടെ സഹോദരൻ ഹരീന്ദ്രനും ഭാര്യ മനീഷയും മക്കൾ സ്വാതിയും സ്വരാജും വന്നു ..

സ്വാതി എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് .. സ്വരാജ് ടെൻന്തിലും …

” മയിയേച്ചീം കിച്ചേച്ചീം എവിടെ അപ്പച്ചി … ” വന്ന പാടേ സ്വാതി ചോദിച്ചു ..

” മോളിലുണ്ട് … മോളങ്ങോട്ട് ചെല്ല് …..”

അവൾ ധാവണി ഉയർത്തിപ്പിടിച്ച് സ്റ്റെപ്പ് കയറി മുകളിലേക്ക് ചെന്നു ..

ബാൽക്കണിയിൽ നിന്ന് മുടിയുണക്കുകയായിരുന്നു മയി …

സ്വാതി പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു …

അപ്പോഴേക്കും കിച്ചയും അങ്ങോട്ട് വന്നു … കാണാതിരുന്നു കണ്ടതിന്റെ ആഹ്ലാദവും അടിയും ബഹളവും , ഒരുക്കലും ഒരുങ്ങലുമായി സമയം കടന്നു പോയി …

അതിനിടയിൽ മയിയുടെ അച്ഛന്റെ അനുജനും ഭാര്യയും കൂടി എത്തിയിരുന്നു ..

” ബാലേട്ടന്റെ സ്ഥാനത്ത് ദേവേട്ടൻ വേണം നിൽക്കാൻ …..” യമുന കണ്ണ് നിറഞ്ഞു പറഞ്ഞു …

” നീ പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനത് ചെയ്യില്ലല്ലോ … എന്റെ കൊച്ചിന്റെ കാര്യം നോക്കാൻ എനിക്കറിയാം .. നിങ്ങൾ മോളെ ഒരുക്കി നിർത്തു … അവര് എത്താറായെന്ന് വിളിച്ചു പറഞ്ഞു … ”

യമുന നിറഞ്ഞു ചിരിച്ചു …

അപ്പോഴേക്കും ഗേറ്റിൽ കാറിന്റെ ഹോൺ കേട്ടു …

” ദേ അവരെത്തി … മോളെ വിളിക്ക് ….” ഹരീന്ദ്രൻ തിടുക്കപ്പെട്ടു …

മനീഷ വേഗം മുകളിലേക്കോടി …

മയിയുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു …. മനീഷ ചെന്ന് മുട്ടി വിളിച്ചു …

അൽപ്പം കഴിഞ്ഞാണ് സ്വാതി ഡോർ തുറന്നത് …

” എന്തെടുക്കുവാ പിള്ളേരെ … കുറേ നേരമായി വിളിക്കുന്നു .. ” മനീഷ സ്വാതിയോട് തട്ടിക്കയറി ..

” എന്റമ്മേ ഈ ചേച്ചിയെ സാരിയുടുപ്പിക്കാൻ പെട്ട പാട് .. ആദ്യം ഉടുത്തത് നടക്കാൻ പറ്റുന്നില്ലാന്ന് പറഞ്ഞ് അഴിച്ചു കൈയിൽ പിടിച്ചു നിൽക്കുവാരുന്നു …. ”

” ദൈവമേ … അവൾ സാരി പോലും ഉടുത്തില്ലേ … ”

” ഉടുപ്പിച്ചമ്മേ………. ”

മനീഷ അകത്തേക്ക് കയറിച്ചെന്നു …

” പെട്ടന്ന് താഴേക്ക് വാ …. ദേ അവരെത്തി … ”

” അമ്മ പൊയ്ക്കോ … ഞങ്ങൾ ദാ എത്തി …..”

മനീഷ അവരെ ഒന്ന് കൂടി നോക്കിയിട്ട് താഴേക്ക് പോയി ..

കിച്ച ജനാലയിലൂടെ മുറ്റത്തേക്ക് നോക്കി …

” ദേ ഇങ്ങോട്ടൊന്ന് വന്നേ … മയിയേച്ചി … ഓടി വാ … ചായേം കൊണ്ട് പോയി കാണുന്നേനു മുന്നേ വേണങ്കിൽ ആളെ ഒന്ന് കണ്ടോ…..” അവൾ ചിരിച്ചു ..

കേട്ട പാടെ സ്വാതി ഇടിച്ചു കയറി പോയി നോക്കി …

കാറിൽ നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു ചെറിയ പെൺകുട്ടിയുമാണ് ഇറങ്ങിയത് ..

” ദേ ആ മുണ്ടും ബ്ലൂ ഷർട്ടുമാണ് കക്ഷി … കൂടെയുള്ളത് കിളവനാ .. അപ്പോ അതല്ല എന്തായാലും … ” സ്വാതി വിളിച്ചു പറഞ്ഞു ..

” ഇതിന്റൊരു നാവ് ….” മയി അവളുടെ തോളത്തൊരു കുത്ത് കൊടുത്തു … എന്നിട്ട് കിച്ചക്കും സ്വാതിക്കും ഇടയിലൂടെ ഞെരുങ്ങി എത്തികുത്തി മുറ്റത്തേക്ക് നോക്കി …..

അവിടെ നിൽക്കുന്ന ആളെ കണ്ടതും മയിയുടെ ശ്വാസം നിലച്ചു ….

നിഷിൻ രാജശേഖർ IAS ..

മയിയുടെ തൊണ്ട വരണ്ടു …. (തുടരും)

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

Share this story